Sunday, December 10, 2017

അഗസ്ത്യ വിധിപ്രസ്താവം

നിമിത്തങ്ങൾ പിന്തുടരുകയാണ് കഴിഞ്ഞ കുറെ ദിവസങ്ങളും നാളുകളുമായി.
 
അതിനിടയിലാണ് അപ്രതീക്ഷിതമായി ഫോൺ കോൾ എത്തിയത്. അങ്ങേത്തലക്കൽ കരഞ്ഞുകലങ്ങിയ അറുപത് പിന്നിട്ടൊരു പുരുഷ ശബ്ദം. നേർത്തു മുറിഞ്ഞു വരുന്ന ശബ്ദം ദയനീയമായിരുന്നു, വേദന തളംകെട്ടി നിൽക്കുന്ന ശബ്ദം.
" ഈ നമ്പർ കുറിച്ചുവെച്ചോളു അശ്വത്, ഇദ്ദേഹത്തെ നീ ഒന്ന് വിളിക്കണം. വിളിച്ചു സംസാരിക്കണം"

ആരുടെ നമ്പരാണിത്‌ എന്ന എന്റെ ചോദ്യത്തിന് പരുങ്ങലോടെയാണ് തെല്ലു പരുങ്ങലോടെയാണ് അദ്ദേഹം മറുപടി പറഞ്ഞത്.
"വക്കീൽ "
വക്കീൽ ? വക്കീൽ എന്ന് തന്നെ ആണോ പറഞ്ഞത്. ഒരു നിമിഷം ഞാൻ സ്തബ്ധനായിപോയി. വക്കീലിന്റെ പക്കലായിരിക്കുന്നോ എന്റെ ദാമ്പത്യം? വിശ്വസിക്കാൻ പറ്റുന്നില്ല. ഞാൻ ...ഞാൻ തന്നെ ആണോ ഇതിലെ കഥാപാത്രം. എന്റെ ജീവിതം തന്നെ ആണോ ഇങ്ങനെ ലക്‌ഷ്യം തെറ്റി പോയത്.
വിശ്വസിക്കാൻ പറ്റുന്നില്ല.
ഇങ്ങനെ ഒന്നും ആയിരുന്നില്ല സ്വപ്നം കണ്ടത്. കോടതി വ്യവഹാരങ്ങളിൽ കയറി ഇറങ്ങുവാനായിരുന്നില്ലാ വിവാഹം കഴിച്ചത്.
കുടുംബ ജീവിതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ തള്ളിയകറ്റി, പകുതിവഴിയിൽ ഉപേക്ഷിച്ചു ആലംബമറ്റു, ഗതിവിഗതികളിൽ അലഞ്ഞു നടക്കുവാൻ ആയിരുന്നില്ല, ഊട്ടിവലുതാക്കിയ, പഠിപ്പിച്ചു പതം വരുത്തിയ മാതുല പുത്രിയെ വധുവാക്കിയത്.

ഒരു തീരുമാനം എടുക്കുവാൻ കഴിയാതെ കുഴഞ്ഞു.
എന്താണ് അദ്ദേഹത്തോട് പറയേണ്ടത്.
എനിക്കും പൂർണ സമ്മതമാണെന്നോ.
അദ്ദേഹം അത് സഹിക്കുമോ.
ഒരു കാലത്തു കരപ്രമാണിയും പ്രതാപിയും ആയിരുന്ന മനഷ്യൻ, സ്വന്തം മകളുടെ തീരുമാങ്ങൾക്കു മുന്നിൽ ആടി ഉലയുന്നത് അവിശ്വസനീയമായി തോന്നി.

" ശരി, ഞാൻ വക്കീലിനെ വിളിക്കുന്നുണ്ട്"
 അങ്ങനെ പറഞ്ഞാണ് ഫോൺ വെച്ചത്. 
വക്കീലിനെ വിളിക്കണം.
എന്തിനാണ്?
ആരാണ് ആ വക്കീൽ?
ഞാൻ ആരായിട്ടാണ് സംസാരിക്കേണ്ടത്? എതിർകക്ഷിയായിട്ടോ ?
അതോ പ്രതി ആയിട്ടോ? അതോ കോടതിവ്യെവഹാരത്തിനു മുൻപുള്ള ഒത്തുതീർപ്പെന്ന ചർച്ചാമുറിയോ ?

വക്കീലിനെ വിളിച്ചാൽ, എന്താണ് ഞാൻ പറയേണ്ടത്?
എങ്ങനെ ആണ് സംസാരിക്കേണ്ടത്?
അറിയില്ല. ഒന്നും അറിയില്ല. ആകെ മൂടൽമഞ്ഞു പാകി തെളിർമയില്ലാതെ കിടക്കുന്ന ആകാശം കണക്കെ ഞാനിരുന്നു.
ആരോടാണ് ഒരു അഭിപ്രായം ചോദിക്കുക?
എന്താണ് ചെയ്യേണ്ടത്?

എല്ലാ തീരുമാനങ്ങൾക്കും മുൻപ്, ഒന്ന് പതംവരുത്തണമല്ലോ.
അൽപ നേരം ശാന്തനായി ഇരുന്നു.
മേൽക്കൂരയില്ലാതെ വസിക്കുന്ന ദേവിയോട് കേണപേക്ഷിച്ചു, അല്പം സമാധാനത്തിനു വേണ്ടി. എന്നെ ഒരു ഭ്രാന്തനാക്കരുതെ എന്ന്.

പെട്ടെന്നാണ് രണ്ടു മാസങ്ങൾക്കു മുൻപ് പരിചയപ്പെട്ട നാഡി ജ്യോതിഷിയെ ഓർത്തത്.
അദ്ദേഹത്തെ അറിഞ്ഞതിനു ശേഷം പോയി കണ്ടിരുന്നു. ദൗർഭാഗ്യവശാൽ, അന്ന് വിധിപ്രസ്താവം അറിയുവാൻ കഴിഞ്ഞില്ല.
പിന്നീടൊരിക്കൽ ആവാം, സന്ദർശനം എന്ന് തീരുമാനിച്ചാണ്,അന്ന് അവിട നിന്നും ഇറങ്ങിയത്.
ശേഷം, പലയാവർത്തി ശ്രമിച്ചിരുന്നു എങ്കിലും, ഒരിക്കലും തരപ്പെട്ടിരുന്നില്ല.
എന്നാൽ ഇപ്പോൾ, ഈ സന്നിഗ്ദ്ധഘട്ടത്തിൽ പെട്ടെന്ന് ഓര്മ വന്നത്, അദ്ദേഹത്തെ ആണ്, ആ നാഡി ജ്യോതിഷാലയം ആണ്.
 
 
*******************************

രാവിലെ ആറു മണിക്ക് വീട്ടിൽ നിന്നും ലക്ഷ്യസ്ഥാനമായ തിരുവനതപുരം പൂജപ്പുരയിലെ അഗസ്ത്യ പെരുന്നൂൾ നാഡി ജ്യോതിഷാലയത്തിലേക്ക് ഇറങ്ങി.

തലേന്ന് പെയ്തു തുടങ്ങിയ മഴ ശമിച്ചിട്ടില്ലാ. ഓഖി കൊടുങ്കാറ്റിന്റെ ഭീകരത സമീപത്തു എവിടെയും കാണാം.
വീട്ടിൽ നിന്നും ഓട്ടോയിൽ കയറി ചവറയിൽ ഇറങ്ങി, ബസ്സിൽ കൊല്ലത്തും,അവിടെ നിന്നും  ബസ്സിൽ ബേക്കറി ജങ്ക്ഷനിലും ഇറങ്ങി.
പൂജപ്പുരയിലേക്ക് മറ്റൊരു ബസ്സിൽ  കയറി.

ഉദ്ദേശിച്ചതിനെക്കാളും നേരത്തെയാണ് പൂജപ്പുരയിൽ എത്തിയത്.
വയറു ഉരുണ്ടു കയറുന്നതുപോലെ തോന്നി.
സംശയിക്കേണ്ടാ, വിശപ്പിന്റെ അസ്കിത തന്നെ.
ജങ്ഷനിലെ തട്ടുകടയിൽ നിന്നും ദോശയും ഓംലെറ്റും കഴിച്ചു.
കഴിച്ചു കഴിഞ്ഞപ്പോഴാണ് കുറ്റബോധം തോന്നിയത്, നാഡിയെ കാണുവാൻ പോകുമ്പോൾ മുട്ട കഴിക്കേണ്ടിയിരുന്നില്ല.

കുറച്ചു നേരം ഉത്രാടം തിരുനാൾ സ്റ്റേഡിയത്തിലും, സമീപത്തെ ഭഗത് സിങ് പാർക്കിലും ചിലവഴിച്ചു.
പാർക്കിനു അരികിലാണ് സരസ്വതി ക്ഷേത്രം.
പുറത്തു നിന്നും അകത്തേക്ക് നോക്കി തൊഴുതു മടങ്ങി.
പത്തു മണി ആകാറായപ്പോഴേക്കും നാഡിയുടെ വീട്ടിലേക്ക് നടന്നു തുടങ്ങി.

മഴച്ചാറ്റലുകൾ നിലച്ചിട്ടുണ്ടായിരുന്നില്ല..
എന്റെ വിഷമങ്ങൾ...വിഷാദങ്ങൾ .....
പ്രകൃതിപോലും കണ്ണീർപൂകുന്നു.
താണ്ഡവമാടുന്ന 'കണ്ണി'ല്ലാത്ത ഓഖിയുടെ മർദ്ദനം ഏറെ സമ്മർദ്ദവുമുണ്ടാക്കുന്നു.

മുൻപ് സൂചിപ്പിച്ചതുപോലെ നിഗൂഢതകൾ ഏറെ ഉറങ്ങിക്കിടക്കുന്ന ഒരു ഭവനമാണ് നാഡി ജ്യോതിഷിയുടേത്. കോടാനുകോടി ജീവിതകഥകൾ ഒളിച്ചിരിക്കുന്നൊരു പുസ്തകം പോലെ ആ വീട് തോന്നിച്ചു.

കുറെയേറെ ജന്മങ്ങൾ ആർക്കൊക്കെയോ വേണ്ടി കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരിക്കുന്നതുപോലെ.
അഴിച്ചുവെച്ച കർമ്മബന്ധങ്ങളുടെ പൂർത്തീകരണവും, അറിഞ്ഞോ അറിയാതയോ ചെയ്തുകൂട്ടിയ പാപങ്ങളുടെ കറകൾ കളയാനോ മറ്റോ വന്നുപോകുന്നവർ. മുറിഞ്ഞുപോയ ജന്മാന്തര ബന്ധങ്ങളുടെ ഇഴകൾ തേടി വരുന്നവർ.

ആൾക്കൂട്ടത്തിൽ തനിച്ചായതുപോലെ, മൂകമായ ആ വീട്ടിലെ വരാന്തയിൽ ഇരുന്നു.

ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷമാണു നാഡി റീഡർ ശ്രി രവി എത്തിയത്.
വലതു തള്ളവിരലിൽ മഷിപുരട്ടി വെള്ള പേപ്പറിൽ പതിച്ചു എടുത്തശേഷം മുറിക്കുള്ളിലേക്ക് കയറിപ്പോയി.

അകത്തെ മുറിയിൽ എന്റെ ജീവിതം തേടുകയാണ് ജികെ രവി എന്ന നാഡി റീഡർ. വല്ലാത്തൊരു ആകാംഷയുണ്ട്‌. കഴിഞ്ഞ പ്രവിശ്യത്തെപോലെ നിരാശപ്പെടേണ്ടി വരുമോ. ഇത്തവണ താളിയോല കണ്ടെത്തുവാൻ കഴിയുമോ?
സ്വയം ചോദിച്ചുകൊണ്ടിരുന്നു.

പക്ഷെ ഇതിപ്പോൾ കുറെ സമയം ആയിരിക്കുന്നു.
എന്താവും?
ആവോ അറിയില്ല.
രാവിലെ തുടങ്ങിയ വയറ്റിലെ ഉരുണ്ടുകയറ്റം, ചിത്രശലഭ നൃത്തം കണക്കെ ശരീരമാകെ പടരുന്നു.

സ്വീകരണ മുറിയിലെ ടെലിവിഷൻ ചാനലിൽ 'കൊച്ചിരാജാവ്' തകർക്കുന്നു. ദിലീപിന്റെയും കാവ്യാ മാധവന്റെയും പ്രേമ സല്ലാപങ്ങൾ കണ്ടുകൊണ്ടിരിക്കെ കാലം പത്തു പന്ത്രണ്ടു വര്ഷം പിറകിലേക്ക് പോയി. ജീവിതം ഇപ്പോഴും ആ കാലഘട്ടത്തിൽ എവിടെയെങ്കിലും ആയിരുന്നു എങ്കിലെന്ന് തീവ്രമായ ആഗ്രഹിച്ചു പോകുന്നു, എങ്കിലും  യാഥാർഥ്യം എന്നെ നോക്കി പല്ലുളിച്ചു ഗോഷ്ടികാട്ടി ചിരിച്ചു. നഷ്ടപ്രണയത്തെക്കുറിച്ചു നെടുവീർപ്പെടേണ്ട സമയമല്ലിത്.അല്ലെങ്കിൽത്തന്നെ, നഷ്ടപെട്ടതിനെക്കുറിച്ചു ഓർത്തു സങ്കടപ്പെട്ടിട്ടു എന്തുനേട്ടം. തിരിച്ചുവരാതെ, തിരികെ വരാതെ, പടിയിറങ്ങി പോയതാണ് പ്രണയവും കാമുകിയും. ഇപ്പോൾ കാവ്യാമാധവന്റെ വലിയകണ്ണുകളും പ്രണയാതുര ചുണ്ടുകളും കാണുമ്പോൾ, ഒരുപക്ഷെ ഗൃഹാതുരസ്മരണകൾ ഉയർന്നേക്കാം. അത് തന്നെയാണ് ഇവിടെ സംഭവിച്ചത് എങ്കിലും, ഇപ്പോൾ നഷ്ടപ്പെടാൻ നിൽക്കുന്നത് വെറും കാമുകി അല്ല,താലികെട്ടിയ പെൺകുട്ടിയെയാണ്.

ഒരു മണിക്കൂറോളം കാത്തിരിന്നു എന്ന് തോന്നുന്നു. രവിയുടെ സഹപ്രവർത്തകൻ ഒരു ഓലകെട്ടുമായി വന്നു. 
കുറെ നേരത്തിനു ശേഷം അവർ എന്നെ മറ്റൊരു മുറിയിലേക്ക് ക്ഷണിച്ചു. അവിടെയാണ് ഓല വായന തുടങ്ങുന്നത്.
ഒരു കെട്ടിൽ ഇരുപതിൽ കൂടുതൽ ഓലകൾ ഉണ്ട്.

അദ്ദേഹം കൊണ്ടുവന്ന കെട്ടിൽ നിന്നും താളികൾ ഓരോന്നായി എടുക്കുവാൻ തുടങ്ങി.
ചോദ്യങ്ങൾക്കു യെസ് അല്ലെങ്കിൽ നോ , അതിൽ ഏതെങ്കിലും ഒന്ന് പറഞ്ഞാൽ മതിയാവും.
ഓരോ ചോദ്യങ്ങളും ഓരോ സൂചനകൾ ആണ്.

പേരിന്റെ ആദ്യത്തെ അക്ഷരം അല്ലെങ്കിൽ അവസാന അക്ഷരം, അച്ഛന്റെ പേര്, അമ്മയുടെ പേര്, ഭാര്യയുടെ പേര്.
ജോലി.
വിദ്യാഭ്യാസം.
വാഹനം.
സന്താനങ്ങൾ.
ജന്മ നക്ഷത്രം.
ഇങ്ങനെ പല സൂചനകൾ വന്നുപോയി കൊണ്ടിരുന്നു.പണ്ട് വായിച്ച ഷെർലക് ഹോംസ് കഥകൾ മനസ്സിൽ ഓടിയെത്തി.
എന്നാൽ ഒന്നിലും സംതൃപ്തികരമായ ഉത്തരങ്ങളുള്ള ഓലകൾ ഒന്നും കിട്ടിയില്ല, ശേഷം നിരാശയോടെ അദ്ദേഹം പറഞ്ഞു 'തപ്പു'.
ആ ഓലകൾ ഒന്നും എന്റേതായിരുന്നില്ല.

കൊടും തമിഴ് ഭാഷയിൽ ഉരുവിട്ട താളിയോലയിലെ രേഖകൾ,  അല്പം മിനുസപ്പെടുത്തി തമിഴിൽതന്നെയാണ് ചോദ്യക്കുന്നത്.

ആ ഓലകെട്ട് മടക്കിവെച്ചിട്ടു, എന്നോട് കാത്തിരിക്കുവാൻ പറഞ്ഞു.
കുറെ നേരത്തിനു ശേഷം മറ്റൊരു ഓലയുമായി അദ്ദേഹം വന്നു.

ചോദ്യങ്ങൾ തുടർന്നു, ഉത്തരങ്ങളും.
ഏതാണ്ട് ഒക്കെ ശരിയായി തോന്നിയ ഉത്തരങ്ങൾ.
എനിക്ക് തോന്നി തുടങ്ങി, നൂറ്റാണ്ടുകൾക്കു മുൻപ് അഗസ്ത്യ സ്പര്ശനം കിട്ടിയ എന്റെ ജീവിതം ദാ ഈ മുന്നിലിരിക്കുന്ന ഓലയിൽ എവിടെയോ ഒളിഞ്ഞിരിക്കുന്നുവെന്ന്.

ആദ്യ അക്ഷരം 'ര '!, എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം, ആശ്ചര്യത്തോടെ ഇരിക്കുന്ന എന്റെ മുഖത്തേക്ക് നോക്കി. 'ര' , രേണുകയിലേക്ക് എത്തുവാൻ ചോദ്യകർത്താവിനു അധിക സമയം വേണ്ടിവന്നില്ല.
ശ്രേഷ്ഠ ഭാഷയുടെ സൗന്ദര്യത്തിൽ നിന്നും 'ഗീത' എന്ന അമ്മയുടെ പേര് 'ഗാഥ'യിലൂടെ കടഞ്ഞെടുത്തു.
ചെറിയ ഒരു പരുങ്ങൽ അച്ഛന്റെ പേരിൽ ഉണ്ടായെങ്കിലും ശങ്ക ഒന്നും കൂടാതെ വേണുനാഥിൽ എത്തിച്ചേർന്നു.
ഒരു സഹോദരി ഉണ്ട്, അവർ കുട്ടികൾക്കും ഭർത്താവിനും ഒപ്പം, സുഖ ജീവിതം.
ഒരു സഹോദരൻ ഉണ്ടായിരുന്നു, മരണപെട്ടു.
നിങ്ങള്ക്ക് ഒരു ഡിഗ്രിയാണ് ഉള്ളത്, അത് കോമേഴ്സിൽ ആണ്!
നിങ്ങൾ ജനിച്ചത് ചിങ്ങ മാസം ആണ്!
അശ്വതി ആണ് നക്ഷത്രം!
സെപ്റ്റംബർ 16 ആണ് ജനന സമയം!
1981 ആണ് ജനന വർഷം!
നിങ്ങളിപ്പോൾ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ജീവിതം, അവർ വിശ്രമ ജീവിതം നയിക്കുന്നു.
മാത്രമല്ലാ അവർ ആരോഗ്യ സുഖം കുറഞ്ഞവരും ആണ്!

നിങ്ങളും ഭാര്യയും തമ്മിൽ കഴിഞ്ഞ ഒരു വർഷത്തിൽ കൂടുതലായി അസ്വാരസ്യത്തിലാണ്‌!
നിങ്ങളുടെ ഭാര്യക്ക് ഒരു ഡിഗ്രി ആണ് ഉള്ളത്!

ആ ചോദ്യങ്ങൾക്കെല്ലാം ഉത്തരം 'അതെ' എന്ന് മാത്രം ആയിരുന്നു.

അദ്ദേഹം ഓല മടക്കിവെച്ചു. ഇതാണ് നിങ്ങളുടെ ഓല.
ഇനി അത് ബുക്കിലേക്ക് പകർത്തണം.
ശേഷം ദ്വിഭാഷിയുടെ സഹായത്തോടെ പരിഭാഷപ്പെടുത്തിത്തരും.

ഊണ് കഴിഞ്ഞിട്ട് വരം, അരമണിക്കൂർ എടുത്തേക്കും ഓല ബുക്കിലാക്കുവാൻ.
 
 
*****************************

എനിക്ക് അറിയേണ്ടത് രണ്ട് കാര്യങ്ങൾ ആയിരുന്നുവല്ലോ.
1.എന്റെ പൂർവ്വജന്മം.
2. ദാമ്പത്യ ജീവിതത്തിന്റെ ഭാവി.

ഊണ് കഴിഞ്ഞു വന്നപ്പോഴേക്കും ബുക്കും എഴുതിക്കഴിഞ്ഞിരുന്നു.

മേല്പറഞ്ഞ സൂചനകൾ ഒക്കെ ചേർത്താണ് ബുക്ക് തയാറാക്കിയത്. നാഡി റീഡർ രവിയുടെ അനുയായി,അദ്ദേഹത്തിന്റെ തർജ്ജിമക്കാരനൊപ്പം ഓല വായിക്കാൻ തുടങ്ങി.
ശ്രീ പാർവ്വതി ദേവിയെയും ശിവപെരുമാളെയും സാക്ഷിനിർത്തി അദ്ദേഹം വായന തുടർന്നു. ശംഖുവരി കീട്രു രേഖ എന്ന വിഷ്ണുഭഗവാന്റെ അനുഗ്രഹമുള്ള ഓല, ഏറെ പുണ്യാത്മാക്കളുടെ അനുഗ്രഹമുള്ളതാണെന്നു സൂചിപ്പിച്ചു.
കുറെയേറെ മേന്മകൾ അവകാശപ്പെടാവുന്ന ജാതകമാണ് എന്റേതെന്നും ഈ മുപ്പത്തിയേഴാമത്തെ വയസ്സിൽ ഓല തേടി ഞാൻ എത്തുമെന്നും പ്രാചീനകാലത്തെപ്പോഴോ അഗസ്ത്യ മുനി എഴുതിവെച്ചിട്ടുണ്ടത്രെ!
അഗസ്ത്യർക്കു പ്രണാമം.
ഗുരുപരമ്പരകൾക്കു വന്ദനം.

തമിൾ പഞ്ചാംഗ വർഷം പ്രകാരം ദുർമ്മതി വർഷത്തിൽ  ആണ് ജനനം. അതായത്, സിങ്ങമാസത്തിൽ, 31, ബുധനാഴ്ച, അസ്വതി നക്ഷത്രം, മേഖ രാശിയിൽ, ഇടവ ലഗ്നത്തിൽ ആണ് ജനനം. രാശിയുടെ അധിപനായ ചൊവ്വാ, നീചസ്ഥാനത്താണ് നിൽക്കുന്നത്, മാത്രവുമല്ല, രാഹുവുമായി ചേർന്നാണ് നിൽപ്പ്. അതുകൊണ്ടു തന്നെ, ജീവിതം കൂടുതൽ കാലവും അച്ഛനമ്മയുമായി ചേർന്ന് നിൽക്കുകയും, ഭാര്യയുമായി അകന്നു നിൽക്കേണ്ടിയും വരുന്നു. ഈ കാലയളവിൽ മാനസിക പ്രയാസങ്ങളും ശരിയായ തീരുമാനങ്ങൾ എടുക്കുവാൻ വിഷമങ്ങളും ഉണ്ടാവും.

ചന്ദ്രൻ, നാലാം ഭാവത്തിൽ ചൊവ്വയും രാഹുവും ഉണ്ട്.
ചന്ദ്രന്റെ അഞ്ചാം ഭാവത്തിൽ സൂര്യനുണ്ട്.
ആറാം ഭാവത്തിൽ,ബുധൻ വ്യാഴവും ശനിയുമുണ്ട്.
ചന്ദ്രന്റെ ഏഴാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു.
ചന്ദ്രന്റെ പത്താം ഭാവത്തിൽ കേതുവും.
ഇങ്ങനെ ഒൻപത് ഗ്രഹങ്ങൾ സഞ്ചരിക്കുന്ന കാലത്താണ് ജനനം എന്നുള്ളതുകൊണ്ട്, ശാരീരിക വൈകല്യങ്ങൾ ഇല്ലാതെയാണ് പിറന്നത്. 

നിങ്ങളുടെ അച്ഛനും അമ്മയും വിശ്രമജീവിതത്തിൽ ആണ്. അവർ അനാരോഗ്യരും, മാനസികമായി ഏറെ ചിന്താവിവശരും ആണ്. അവരുടെ ചിന്തകളും വിഷമങ്ങളും ഒക്കെയും നിങ്ങളെക്കുറിച്ചുള്ളതാണ്. നിങ്ങളുടെ ഇപ്പോഴത്തെ യോഗം, മാതാപിതാക്കളോട് ഒപ്പം കഴിയുക എന്നുള്ളതാണ്.
നിങ്ങള്ക്ക് ഒരു സഹോദരി മാത്രമാണ് ഇപ്പോൾ ജീവനോടെ ഉള്ളത്.

നിങ്ങൾ വിവാഹിതനാണ്, ഭാര്യയും ബിരുദധാരി ആണ്. ഇവിടെ ഇത് അന്നെഷിക്കുവാൻ വന്ന സമയം, നിങ്ങളും നിങ്ങളുടെ ഭാര്യയുമായി പിണക്കത്തിലാണ്.
താങ്കളിൽ നിന്നും അകന്നു കഴിയുന്ന ഭാര്യ, അവർക്കു നിങ്ങളോടു ഒട്ടും വ്യുൽപ്രർത്തി ഇല്ല.
പക്ഷെ താങ്കൾ അവരിലേക്ക്‌ ചായുവാൻ ഇപ്പോഴും തയ്യാറാണ്. 

നിങ്ങൾക്ക് രണ്ടു വിവാഹ യോഗമാണ്, അതായത് നിങ്ങൾ രണ്ടു വിവാഹങ്ങൾ കഴിച്ചേക്കാം.
മുപ്പത്തിയെട്ടാമത്തെ വയസ്സുകഴിയുമ്പോഴേ നിങ്ങൾക്ക് സന്താനഭാഗ്യം ഉണ്ടാകു, സ്ത്രീസുഖം ഉണ്ടാകു.

നിങ്ങൾ ഇപ്പോൾ സ്വന്തമായി ബിസിനെസ്സ് ആണ് ചെയ്യുന്നത്. ഇപ്പോൾ ചെയ്യുന്ന ബിസിനെസ്സ്, ട്രാവെൽസുമായി ബന്ധപ്പെട്ടതാണ്. ഈ ബിസിനെസ്സ് കൂടാതെ മറ്റു പല ബിസിനെസ്സുകളിലും ഏർപെടുവാനായി നിങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. സാമ്പത്തികമായും സാമൂഹികബന്ധങ്ങളാലും നിങ്ങൾ അനുഗ്രഹീതൻ ആയിരിക്കും.
അറുപത്തിയെട്ടു വയസ്സിൽ കൂടുതൽ ശാരീരിക സുഖത്തോടെ ജീവിക്കും.

"സ്വാമി, എന്റെ വിവാഹ ബന്ധം വേർപെടുമോ?" 
അദ്ദേഹം മുന്നേ പറഞ്ഞുപോയ കാര്യങ്ങൾ വ്യെക്തമായി ശ്രവിക്കുവാൻ എനിക്ക് കഴിഞ്ഞില്ല. എന്റെ ചോദ്യം നിലവിലെ ദാമ്പത്യ ജീവിതത്തെക്കുറിച്ചു മാത്രമായിരുന്നു.
ചോദ്യക്കുമ്പോൾ സ്വരം ഇടറിയിരുന്നു. 
വാക്കുകൾ തിരഞ്ഞെടുക്കുന്നതിലും പരുങ്ങൽ അനുഭവപെട്ടു.
നെടുവീർപ്പിനൊടുവിലാണ് ആ ചോദ്യം അദ്ദേഹത്തിലേക്കു എത്തുന്നത്.

"99 ശതമാനവും വിവാഹമോചനത്തിനാണ് സാധ്യത. ഒരു ശതമാനം മാത്രം നിലനിൽക്കാനും."

അദ്ദേഹം തീർത്തുപറഞ്ഞു.
എന്റെ ചോദ്യം അവസാനിച്ചിരുന്നില്ല.
വീണ്ടും അതെ ചോദ്യത്തിന്റെ തുടർച്ച ആയിരുന്നു.

"ഈ ബന്ധം തുടരുവാൻ ഒരു സാധ്യതയും ഇല്ലേ?"

' മോചനം എന്ന് തന്നെ ആണ് പറയുന്നത്. എന്ന് മാത്രമല്ല, നിങ്ങൾക്ക് രണ്ടു വിവാഹ യോഗവും ഉണ്ട്. അതായതു നിങ്ങൾ രണ്ടു വിവാഹങ്ങൾ കഴിച്ചേക്കാം. അത് ഒരുപക്ഷെ, ഇതേ പെൺകുട്ടിയെ തന്നെയും ആവാം. അതായതു, ഇപ്പോൾ വിവാഹമോചനം നേടിയ ശേഷമോ, അല്ലെങ്കിൽ മോചനത്തിന്റെ വക്കിൽ നിന്നും പിന്മാറിയോ മറ്റോ, ഇതേ പെൺകുട്ടിയെ തന്നെ രണ്ടാമതും വിവാഹം കഴിച്ചേക്കാം, ശേഷം ഒരുമിച്ചു ജീവിച്ചേക്കാം."

നാഡി വായനയുടെ അനുബന്ധമായി, മുൻജന്മ പാപങ്ങളുടെ പരിഹാരമായി വിവിധങ്ങളായ നിവർത്തികളും സൂചിപ്പിക്കുന്നുണ്ടായിരുന്നു.
"ആദിത്യായ ച സോമായ മംഗളായ ബുധായ ച |
ഗുരു ശുക്ര ശനിഭ്യശ്ച രാഹവേ കേതവേ നമഃ ||"

ശത്രു ഷഡാക്ഷര മന്ത്രം എഴുതിയ ചെമ്പ്തകിടു അഗ്നിയിൽ ഹോമിച്ചു ജീവൻ നൽകി, നവകലശങ്ങളും സാക്ഷിയാക്കി രണ്ടുമണ്ഡലക്കാലമായ തൊണ്ണൂറ്റാറു ദിവസം ബ്രാഹ്മമുഹൂർത്തത്തിൽ സമർപ്പിക്കണം. അത് ചെയ്യാൻ തുടങ്ങുന്ന സമയത്തു  മലമുകളിൽ വാഴും സുബ്രഹ്മണ്യന് മാലവാങ്ങി കൊടുത്ത് അർച്ചന കഴിപ്പിക്കണം. ഒപ്പം ദീപം തെളിയിച്ചു വണങ്ങണം. 48 തിങ്കളാഴ്ച ശിവപാർവതി ദേവാലയത്തിൽ ഒൻപത് വിളക്ക് വെച്ച് വണങ്ങണം.ബുധനാഴ്ചകളിൽ ഹനുമാൻ സ്വാമിക്ക് വഴിപാട് നടത്തണം. ഇത് മുടങ്ങാതെ ചെയ്യുക ആണെങ്കിൽ, ഇപ്പോൾ നടക്കുന്നതും ഭാവിയിൽ ഉണ്ടാകേണ്ടതുമായ തൊന്തരവുകൾക്കു അറുതിയുണ്ടാവും.

പരിഹാരനിർദേശങ്ങളോടെ നാഡീവായന പൂർത്തീകരിച്ചു.

 
*************************************
 

എന്റെ പ്രതീക്ഷകൾ ഏറെ ആയിരുന്നു.
അതുകൊണ്ടു ആവാം, പുറത്തിറങ്ങിയത് നിരാശയോടെ ആയിപോയത്.
എന്ത് കൊണ്ടാണ് നിരാശ തോന്നിയത് എന്ന് ചോദിച്ചാൽ  വ്യെക്തമായ ഉത്തരമുണ്ടോ എന്നും നിശ്ചയമില്ല. ആവർത്തിച്ചു കണ്ട സിനിമ കഥയിലെ ജ്യോതിഷി ആയിരുന്നു എന്റെ മനസ്സിലെ നാഡിവായനക്കാരൻ. സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച ഭൂതകാല വർണ്ണന തന്നെ ആയിരുന്നു എന്നെ നാഡിയിലേക്കു ആകര്ഷിച്ചതും, എന്നാൽ എന്റെ ആവർത്തിച്ചുള്ള ചോദ്യങ്ങളും ഓര്മപെടുത്തലുകളും അദ്ദേഹം അവഗണിക്കുക തന്നെ ചെയ്തു. എനിക്ക് അറിയേണ്ടത് എന്റെ ഭൂതകാലം കൂടി ആയിരുന്നുവല്ലോ. കഴിഞ്ഞ ജന്മത്തിൽ...അങ്ങനെ ഒന്നുണ്ടെങ്കിൽ, അന്ന് ഞാൻ ആരായിരുന്നു, എവിടെ ആയിരുന്നു ഞാൻ ജീവിച്ചത്?

എന്തുകൊണ്ട് അത്തരം ഒരു ചോദ്യം, അല്ലെങ്കിൽ മുൻജന്മ വിശ്വാസം കൂടെ കൂടിയെന്ന് ചോദിച്ചാൽ... ചിലപ്പോൾ , ചില കാര്യങ്ങൾ ഒന്നും വിശദീകരിക്കാൻ കഴിയില്ല എന്നുള്ള ഒഴിവുകഴിവു ഉത്തരം ആയിരിക്കും എനിക്കും പറയാനുള്ളത്. എങ്കിലും മുൻപ് എപ്പോഴോ സൂചിപ്പിച്ചിട്ടുള്ളതുപോലെ, ചില പുസ്തകങ്ങളുടെ സ്വാധീനം!. ചില സിനിമകൾ സൃഷ്‌ടിച്ച ഭ്രമാത്മക ലോകം!.
അവിടെ നിന്നും ഉയിർത്തെടുത്തതാണ് എന്റെയീ മുൻജന്മ വിശ്വാസം.
ആ വിശ്വാസത്തെ ഞാനൊരു മുസ്ലിം പശ്ചാത്തലത്തിലേക്ക് വളർത്തിയെടുക്കുകയും ചെയ്തു, അപസർപ്പക കഥകളെ പോലെ.

ചില സംഭവങ്ങൾ, യാദ്ര്ശ്ചികമായി സംഭവിച്ചതാവാം.
ബാഹ്യ ഇടപെടലുകൾ ഒന്നും കാണുവാൻ കഴിയാത്ത അത്തരം സംഭവങ്ങൾ ജീവിതത്തിലെ ചില നിമിത്തങ്ങളും വിധിനിര്ണയ തീരുമാനങ്ങളും ആയിരുന്നു.
ജീവിത ഗതിയെ സ്വാധീനിച്ച അത്തരം തീരുമാങ്ങൾക്കു പിറകിൽ ചില മുസ്ലിംമത വിശ്വാസികൾ ഉണ്ടായിരുന്നു.
സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്ന ഒരു ജോലി കണ്ടെത്തുന്നതിൽ മുതൽ എന്നെ സഹായിച്ചത്, മുത്തുറസൂലിന്റെ പ്രബോധനങ്ങളിൽ വിശ്വസിക്കുന്നവർ ആയിരുന്നു. ജോലി ചെയ്ത സ്ഥാപനവും ചുറ്റുപാടുകളും സഹപ്രവർത്തകരും ഒക്കെ അത്തരം വിശ്വാസ പ്രമാണങ്ങളുടെ പ്രയോക്താക്കളും പിന്തുടർച്ചക്കാരും ആയിരുന്നു.
എല്ലാം ഉപേക്ഷിച്ചു, സ്വഗൃഹത്തിലേക്ക് മടങ്ങിയപ്പോഴും ജീവനോപാധിയ്ക്കായി അവലംബം ആയത്,മുഗൾ സാമ്രാജ്യത്തിന്റെ സാംസ്‌കാരിക പെരുമ പേറുന്ന ഒരു പേരുള്ള സ്ഥാപനത്തിൽ ആണ്.
അപരിചിതർ പലരും ചോദിക്കുന്നുണ്ട്, താങ്കൾ മുസ്ലിം ഉമ്മയിൽ വിശ്വസിക്കുന്ന ആളാണോ? അവർ ഒരുപക്ഷെ, അത്തരം ചോദ്യം ചോദിക്കുന്ന അവസാനത്തെ ആളും ആയിരിക്കില്ല.

ശ്രീ എമ്മിന്റെ പുസ്തക സ്വാധീനത്തിൽ ഉയിർകൊണ്ട എന്റെ പൂർവ്വജന്മം എന്ന പ്രഹേളികയായിമാറിയ ചോദ്യം ഉത്തരം തരാതെ താളിയോലയിൽ ഉറങ്ങി.

അറിയാൻ ആഗ്രഹിച്ച രണ്ടാമത്തെ വിഷയമായ ദാമ്പത്യം, ആ ചോദ്യോത്തരങ്ങളും മറ്റും, സുഹൃത്തും ജ്യോത്സരുമായ രാജേന്ദ്രൻ പറഞ്ഞു നിർത്തിയടത്തു നിന്നും തുടങ്ങി, അദ്ദേഹം അവസാനിപ്പിച്ചടത്തു തന്നെ നിർത്തുകയും ആയിരുന്നു. ഏറ്റവും ആശ്ചര്യകരമായി തോന്നിയത് രാജേന്ദ്രൻ ജ്യോത്സരുടെ വാക്കുകളുടെ തനിയാവർത്തനം ആയിരുന്നു.
വിവാഹ ബന്ധത്തിൽ 99 ശതമാനം സാധ്യതയും വേർപെടുത്തലിനു ആണെന്നും, മറ്റൊരു സാധ്യത നിലവിലെ ഭാര്യയെ തന്നെ പുനർവിവാഹം ചെയ്യേണ്ടി വന്നേക്കാമെന്നും ആദ്യമായി കേൾക്കുന്ന കാര്യം ആയിരുന്നില്ലാ. ആ രണ്ടു സാധ്യതകളും നമ്മുടെ ജ്യോത്സരും പറഞ്ഞിരുന്നു.

രാജേന്ദ്രൻ ജ്യോത്സർ പറഞ്ഞ സാധ്യതകൾക്ക് അപ്പുറം മറ്റൊന്നും ദാമ്പത്യ വിഷയത്തിൽ ചേർത്തുവെക്കാൻ നാഡി വായനക്ക് കഴിഞ്ഞില്ല എന്നുള്ളത് എന്റെ സന്തോഷത്തെ കെടുത്തിയ കാര്യം ആയിരുന്നു. നാളത്തെ സാധ്യതകൾ തേടി ആയിരുന്നില്ല ഞാൻ പോയത്. അതിനു രജേന്ദ്രൻ ജ്യോത്സർ മതിയാവോളം ഉണ്ടായിരുന്നു. നാഡിയെ സംബന്ധിച്ച് എന്റെ പ്രതീക്ഷകൾ സാധ്യതകളുടേത് ആയിരുന്നില്ല. അതിനും അപ്പുറം ഉറപ്പായിരുന്നു വേണ്ടത്. ദൗർഭാഗ്യമെന്നു പറയട്ടെ, അവിടെ എന്റെ വർത്തമാനകാല സ്വപ്നത്തിന്റെ നിറവും മങ്ങി.
നിരാശ ഉരുണ്ടു കൂടി.
ഉത്തരങ്ങൾ പൂർണമാകാതെ ചില ചോദ്യങ്ങൾ, ആ ഭവനത്തിൽ ഉറങ്ങി.
നിർവികാരതയോടെ ആ നാഡി ഗൃഹത്തിൽ നിന്നും ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടന്നു.

തിരികെ വരുന്നവഴിക്ക്, ബസ്സിൽ ഇരിക്കുമ്പോഴാണ്,സേവ് ചെയ്യാത്ത നമ്പരിൽ നിന്നും ഒരു ഫോൺകോൾ.
ആരാണത്? ട്രൂകോളറിൽ നമ്പർ പരിശോധിക്കുമ്പോൾ,പത്തു പതിനൊന്നു വര്ഷം മുൻപ് ഉപേക്ഷിക്കപ്പെട്ട ഒരു പേര്.
രാവിലെ കണ്ട 'കൊച്ചിരാജാവ്' സിനിമ ഉണർത്തിയ ഓർമകൾക്ക് ശബ്ദരൂപം.
അവൾ എന്തിനായിരിക്കും, ഈ നീണ്ട ഇടവേളയ്ക്കു ശേഷം എന്നെ വിളിക്കുന്നത്. 
എന്തിനാവും അവളെന്നെ ഈ നിമിഷം തേടി വന്നത്.
തിരിച്ചു വിളിക്കണോ? വേണ്ടാ!

നിമിത്തങ്ങൾ എന്നെ വിടാതെ പിന്തുടരുക ആണല്ലോ!

Monday, September 4, 2017

ലണ്ടൻ ഡ്രീംസ്


1


അച്ഛനു കുവൈറ്റിൽ ആയിരുന്നു ജോലി എങ്കിലും, സാമ്പത്തിക ഭദ്രത യുള്ള വീടായിരുന്നില്ലാ ഞങ്ങളുടേത്. ഞാനും രണ്ടു ചേച്ചിമാരും അമ്മയും ആയിരുന്നു, എന്റെ വീട്ടിലെ സ്ഥിരം അംഗങ്ങൾ. അച്ഛൻ സേവ്യർ, രണ്ടോ മൂന്നോ വർഷത്തിന് ശേഷം കിട്ടുന്ന അവധിയിലെ വിരുന്നുകാരൻ മാത്രം ആയിരുന്നു. മണലാരണ്യത്തിലെ കഷ്ടപാടുകളോ കുബൂസ് തിന്നു വിശപ്പടക്കുന്ന സൂര്യതാപ ദിവസങ്ങളോ ഒന്നും എന്റെ കേട്ടറിവുകളിലോ ഓര്മകളിലോ പോലും ഇല്ലായിരുന്നു, ആരും പറഞ്ഞു തന്നിട്ടും ഇല്ലായിരുന്നു.

ബന്ധുവീട്ടുകളിലും സുഹൃത്തുക്കളുടെ ഇടയിലും ഒരു ഗൾഫുകാരന്റെ മകൻ എന്ന പേരെച്ചം, അരുൺ സേവ്യർ എന്ന എന്റെ പേരിനൊപ്പം ചേർന്ന് നിന്നിരുന്നു. എല്ലാ മാസവും സ്ഥിരമായി മണി ഓർഡറുകൾ ഒന്നും അമ്മയുടെ പേരിൽ വന്നിരുന്നില്ലെങ്കിലും രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിൽ 'അമ്മ വിജയിച്ചിരുന്നു.

സ്‌കൂളിൽ ക്‌ളാസ്സുകളിലെ മിടുക്കനായ വിദ്യാർത്ഥിയും ആയിരുന്നില്ല ഞാൻ. ക്രിക്കറ്റ് കളിക്കാനും സിനിമ കാണാനും കൂട്ടുകാരുമൊത്ത് സൊറ പറഞ്ഞിരിക്കാനും ആയിരുന്നു എനിക്ക് ഏറെ ഇഷ്ടം. പത്താം ക്‌ളാസ് കഴിഞ്ഞുകൂടിയത്, ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ  അത്ഭുതമായി തോന്നുന്നു. പത്താം ക്‌ളാസ് പരീക്ഷ ഫലം വന്നപ്പോൾ തന്നെ, അച്ഛന്റെ നിർദേശവും അമ്മയുടെ നിര്ബന്ധവും പാസ്സ്‌പോർട്ട് എടുക്കണം എന്നായിരുന്നു. എന്നെ എത്രയും വേഗം അച്ഛൻ ജോലി ചെയ്യുന്ന ലിഫ്റ്റ് ഓപ്പറേറ്റിംഗ് കമ്പനിയിലേക്ക് എത്തിക്കണം എന്നുള്ളതായിരുന്നു, രണ്ടുപേരുടെയും ആഗ്രഹം.

സ്‌കൂൾ കഴിഞ്ഞിട്ട് തുടർന്ന് പഠിക്കാനൊന്നും ഞാൻ പോയില്ല. 
ആഴ്ച്ച വറുതിയിൽ എത്തുന്ന അച്ഛന്റെ ട്രങ്ക് ഫോൺ കോളിൽ, വിസാ ഉടനെ ശരിയാക്കാം, ശരിയാവും എന്നുള്ള പല്ലവികൾ ആവർത്തിച്ചുകൊണ്ടിരുന്നു. ആ സമയത്തൊക്കെ അമ്മയുടെ മനസ്സിലെ കത്തുന്ന തീ ഞാൻ  കണ്ടില്ലെന്നു നടിച്ചു. അമ്മയുടെ ആധിയും ആശങ്കയും എന്നെകുറിച്ചായിരുന്നു.
മിക്ക ദിവസങ്ങളിലും ഞാൻ വീട്ടിലൊന്നും ഉണ്ടാവാറില്ലാ. വല്ലപ്പോഴും ഊണുകഴിക്കാൻ എത്തിയാലായി.
ഇടവഴികളിലും മൂന്നു കൂടുന്ന വഴിവക്കിലും വയലിടങ്ങളിലും മറ്റും പാടത്തെ പറവ പോലെ കറങ്ങി നടന്നു. കള്ളുഷാപ്പുകളും കടത്തിണ്ണകളും ഒന്നും എനിക്ക് അന്യമായിരുന്നില്ല.
ലക്ഷ്യമില്ലാത്ത ജീവിതമായിരുന്നു അപ്പോഴെക്കെ. ഉത്തരവാദിത്വങ്ങളോ പ്രത്യേകിച്ച് ചോദ്യങ്ങളോ ഇല്ലാത്ത ജീവിതം!

മിമിക്രിയോട് അഭിനിവേശം കൂടുന്നത് ആ കാലത്താണ്. സ്‌കൂളിലും സൗഹ്രദ സദസ്സുകളിലും ഒക്കെ സിനിമ നടന്മാരെയും പക്ഷി മൃഗാദികളെയും തീവണ്ടിയുടെയും  ശബ്ദവും ലക്ഷണവും അനുകരിക്കുമായിരുന്നുവെങ്കിലും അതൊന്നും ഒരു ജീവനോപാധി ആയി കണ്ടിരുന്നില്ല. നാട്ടിലെ അമ്പലത്തിലെ ഉത്സവ പറമ്പുകളിൽ, നാടക ഇടവേളകളിലെ അഞ്ചു നിമിഷങ്ങളിൽ എന്റെ കലാപ്രകടനങ്ങളുടെ കൊടിയേറ്റം ആയിരുന്നു.

ജീവിതം വഴിതെറ്റുന്നു എന്ന പരിഭവം ആദ്യം കേൾക്കുന്നതും അതൊരു സ്ഥിരം പഴിപറച്ചിലായി മാറുന്നതും, വല്ലപ്പോഴും ഒരു അഥിതിയെപോലെ വീട്ടിൽ എത്തുമ്പോൾ അമ്മയുടെ ശകാരങ്ങളിൽ നിന്നും ആണ്. പാസ്പോര്ട്ട് അപേക്ഷ അപ്പോഴും നടന്നുകൊണ്ടിരിക്കുന്നതെ ഉള്ളു. പതിനെട്ടു വയസ്സ് കഴിഞ്ഞാൽ വിസയുമായി എങ്ങോട്ടെങ്കിലും പറഞ്ഞുവിടാമായിരുന്നു. വല്ല അറബി നാട്ടിലും പോയി ഉപ്പുവെള്ളം കുടിച്ചു കിടക്കുമ്പോൾ അറിയുമല്ലോ ജീവിത പ്രാരാബ്ധങ്ങൾ എന്തൊക്കെ ആണെന്ന്. അമ്മയുടെ ദേഷ്യവും നിരാശയും എനിക്കുമേൽ എപ്പോഴും പെയ്തുകൊണ്ടെ ഇരുന്നു.

ആയിടക്കാണ് അച്ഛന്റെ നാട്ടിലേക്കുള്ള വരവ് ഉണ്ടായത്.
ആലോചിക്കുമ്പോൾ ദൗർഭാഗ്യമാണോ ഭാഗ്യമാണോ എന്നറിയില്ല,  അപ്പോഴേക്കും എന്റെ പാസ്പോര്ട്ട് കിട്ടിയിരുന്നു.
അച്ഛനുമായി ഫോണിലൂടെ പോലും അതികം സംസാരിച്ചിരുന്നില്ല. 'അമ്മ വഴി കിട്ടുന്ന ശകാരങ്ങളിൽ ആയിരുന്നു അച്ഛന്റെ സാന്നിദ്യം അറിഞ്ഞിരുന്നത്.
അന്ന്, അച്ഛൻ എന്നെ അടുത്ത് വിളിച്ചു പറഞ്ഞു... ഉടനെ കുവൈറ്റിലേക്ക് പോകുവാനുള്ള വിസാ ശരിയാവും. യാത്രക്കുള്ള തയാറെടുപ്പുകൾ ഉണ്ടാവണം. 

അച്ഛൻ, തിരികെ കുവൈറ്റിലേക്ക് പോകുമ്പോൾ, ഒപ്പം എന്നെയും കൂട്ടിയിരുന്നു.
ബ്രിട്ടീഷ് മുതലാളിമാരുടെ ഉടമസ്ഥതയിലുള്ള, ഒരു ലിഫ്റ്റ് ഓപ്പറേറ്റിംഗ് കമ്പനിയിൽ ആയിരുന്നു ജോലി.

അപരിചിതരായ ആൾക്കാർ, ലോകം, ഭാഷ!
കെട്ടിപൊക്കിയിരിക്കുന്ന മണിമാളികൾക്കുവേണ്ടിയുള്ള ഇലവേറ്റർ സംബന്ധമായ ജോലികൾ ആയിരുന്നു. നാട്ടിൽ നിന്നും വന്ന ഉടയാത്ത ശരീരം,അത്തരം ജോലികൾക്ക് ആവിശ്യം ആയിരുന്നുവെങ്കിലും, ഞാൻ വല്ലാതെ അസ്വസ്ഥനായിരുന്നു.

ആറു മാസം കഴിഞ്ഞപ്പോഴേക്കും അച്ഛൻ ജോലിയിൽ നിന്നും രാജിവെച്ചു, നാട്ടിലേക്ക് പോയി.
അച്ഛൻ തിരികെ പോകുമ്പോൾ മാത്രമാണ്, ഇത്രയും നാളും അച്ഛൻ ഈ മണലാരണ്യത്തിൽ അനുഭവിച്ച കഷ്ടപ്പാടുകളും വിഷമങ്ങളും മനസ്സിലായത്.
എന്റെ ഓർമയിൽ അവധിക്കു എത്തുന്ന അച്ഛന്, നല്ല അത്തറ് മണക്കുന്ന ഗന്ധം ആയിരുന്നു. കൈയ്യിലെ എരിയുന്ന വിലകൂടിയ ആറാമത്തെ വിരൽ എപ്പോഴും പുക വമിച്ചുകൊണ്ടിരുന്നു. പള്ളി പെരുന്നാളിനും ബന്ധുക്കളുടെ കല്യാണത്തിനും മറ്റും കൈഅയച്ചു സഹായിക്കുന്ന അച്ഛന്റെ മനസ്സിനെ ഏവരും ആദരിച്ചിരുന്നു.

നാട്ടിലേക്ക് തിരിച്ചുപോകുമ്പോൾ, ശൂന്യമായ കീശയും ചൂടുകൊണ്ട് പൊള്ളിയ നെറ്റിത്തടങ്ങളും കാലും വിറയ്ക്കുന്ന ശരീരവും മാത്രം ആയിരുന്നു അച്ഛന്റെ സമ്പാദ്യം.
അച്ഛൻ നാട്ടിലെത്തി, ഏറെ നാളും കഴിയും മുൻപേ എത്തിയ ഫോൺ കോളിന്റെ പശ്ചാത്തലം,നിർത്താതെ അലറിവിളിക്കുന്ന അമ്മയുടെയും ചേച്ചിമാരുടെയും ശബ്‌ദാരവങ്ങൾ ആയിരുന്നു. ആ ബഹളങ്ങൾക്കിടയിൽ നിന്നും ഊഹിച്ചിരുന്നു അച്ഛൻ നാട്ടിലേക്ക് പോകുമ്പോൾ കരുതിയ നിരാശയുടെയും സങ്കടത്തിന്റെയും പൂർത്തീകരണം. അന്തരീക്ഷത്തെ കലുഷിതമാക്കിയ കരച്ചിൽ, ജീവിതത്തിൽ നിന്നും ഒളിച്ചോടുകയോ രക്ഷപെട്ടോ പോയ അച്ഛനെക്കുറിച്ചുള്ള വേദന ആയിരുന്നു. കിടപ്പുമുറിയിലെ ഫാനിൽ അച്ഛൻ ജീവനൊടുക്കുമ്പോൾ, പറക്കാൻ തുടങ്ങിയ എന്റെ ചിറകുകൾ തളർന്നു പോയിരുന്നു.

നാളെ എന്ത് എന്നുള്ള ചിന്തക്കപ്പുറം, രണ്ടു സഹോദരിമാരുടെ ജീവിതവും അമ്മയുടെ കണ്ണീരും എന്റെ മുന്നിൽ വലിയൊരു ചോദ്യമായി നിലകൊണ്ടു.

ഏത് കവലയിൽ വെച്ചാണ്, വീണ്ടും ജീവിതം തിരിഞ്ഞു പോകുന്നത് അറിയില്ലായിരുന്നു.
തോറ്റുകൊടുക്കാൻ സമ്മതമല്ലാത്ത ഒരു മനസ്സും ഉറച്ച ശരീരവും ധൈര്യവും എന്റെ മുന്നോട്ടുള്ള യാത്രക്ക് കരുത്തും കൂട്ടും ആയിരുന്നു.  ഒരു പത്താംക്‌ളാസ്സുകാരന്റെ പഠനനിലവാരവും ഭാഷ നിപുണതയും എന്റെ മുന്നോട്ടുള്ള സഞ്ചാരത്തിന് തടസ്സമാകരുത് എന്ന് വാശി ഉണ്ടായിരുന്നു. ഞാൻ എന്റെ ജോലിയെ സ്നേഹിച്ചു തുടങ്ങി, എന്റെ ജീവിതം ഇനി തുടങ്ങണമെന്നും അതിനു കയറിപോകുവാനുള്ള മാർഗമാണ് എന്റെ മുന്നിൽ  ഇവിടെ കാണുന്ന മണിമാളികകൾ എന്നും എനിക്ക് ബോധ്യമായി തുടങ്ങി.

ജോലിയിലെ തുടക്കം വളരെ ആശങ്കകളോടെ ആയിരുന്നുവെങ്കിലും, അതിന്റെ തുടർച്ചയുടെ വേഗതക്കു തടസ്സങ്ങളെ ഇല്ലായിരുന്നു.
പതുക്കെ കാലം മുന്നേറുമ്പോൾ, സഹോദരിമാരുടെ വിവാഹവും എന്റെ വിവാഹ ആലോചനകളും നടക്കുന്നുണ്ടായിരുന്നു.
ആയിടക്കാണ്, ജീവിതം മറ്റൊരു ലോകത്തേക്ക് പറിച്ചു നേടുവാനുള്ള ഭാഗ്യവും ഉണ്ടാകുന്നത്. 
ഞങ്ങളുടെ സ്ഥാപനത്തിന്റെ പ്രധാന ഓഫീസ് സ്ഥിതിചെയ്യുന്നത് ലണ്ടനിൽ ആണ്. 
അവരുമായുള്ള നിരന്തര സമ്പർക്കത്തിലാണ്, തെരേസ സ്റ്റീഫനെ പരിചയപ്പെടുന്നത്. ലണ്ടൻ ഓഫീസിലെ ഹ്യൂമൻ റിസോർട്സ് വകുപ്പിലായിരുന്നു അവരുടെ ജോലി.
തെരേസയാണ് എനിക്ക് ലണ്ടനിലേക്കുള്ള വഴി തുറന്നു തന്നത്.

അപ്പോഴേക്കും എന്റെ രണ്ടു സഹോദരിമാരുടെ വിവാഹവും എന്റെ വീടിന്റെ വെഞ്ചരിക്കൊലും കഴിഞ്ഞിരുന്നു.

**********************************************************

2

തെരേസ സ്റ്റീഫൻ തെളിച്ചുതന്ന വഴിയിലൂടെ പതുക്കെ നടന്നു തുടങ്ങി.
കാലിടറാതെ കാലൊച്ചകൾ കേൾപ്പിക്കാതെ ഞാൻ ലണ്ടനിൽ എത്തി.
ജോലിയിലോ ജോലി ചെയ്യുന്ന കമ്പനിയിലോ വ്യെതിസം ഒന്നും ഇല്ലായിരുന്നു. എങ്കിലും ഭാഷ തുടക്കത്തിൽ വളരെ ഏറെ ബുദ്ധിമുട്ടിച്ചു. അതൊന്നും എന്റെ സ്വപ്നങ്ങളിലേക്ക് എത്തിപ്പെടാനുള്ള തടസങ്ങൾ ആയിരുന്നില്ല. അത്തരം സാഹചര്യങ്ങളെ ഞാൻ പുതിയ അവസരങ്ങളാക്കി മാറ്റികൊണ്ടിരുന്നു.
പതിയെ ഭാഷ ഒരു കീറാമുട്ടി അല്ലാതെ ആയി.

അമ്പല പറമ്പുകളിൽ ഉപേക്ഷിച്ച അനുകരണ കലയും സ്റ്റേജ് പ്രകടങ്ങളും പുനരാരംഭിക്കാനുള്ള ഏറ്റവും നല്ല അവസരവും കിട്ടിയതും ലണ്ടനിൽ നിന്നുമാണ്.
മലയാളി അസ്സോസിയേഷനുകളിലെ പ്രകടനങ്ങളിലൂടെ മിമിക്രിയും നാടകവും ഗായകനും ഒക്കെ ആയി അരങ്ങു തകർത്തുകൊണ്ടിരുന്നു.

ജീവിതം തണൽ വിരിച്ചു തുടങ്ങിയെന്നു തോന്നിയ സമയം തന്നെ ആണ്, അമ്മ നാട്ടിൽ എനിക്ക് വേണ്ടി പെൺകുട്ടിയെ അന്നെഷിച്ചു തുടങ്ങിയത്.

ലണ്ടനിലേക്ക് കൊണ്ടുവരുവാൻ പറ്റിയ ഒരു പെൺകുട്ടി ആയിരുന്നുവെങ്കിൽ നന്നായേനെ...
അതിപ്പോൾ...ഏവരും തേടുന്നത് നഴ്സുമാരെ ആണല്ലോ....
എന്റെ പ്രകൃതത്തിനും വിദ്യാഭ്യാസത്തിനും അനുസരിച്ചു, ഒരു നേഴ്സ് എന്റൊപ്പം വരുമോ....
ഒരു ജോലി ഉണ്ടെങ്കിലും ഭാഷ നൈപുണ്യവും വിദ്യാഭാസവും ഒക്കെ പെൺകുട്ടികൾ പരിഗണിക്കില്ലെ...

അമ്മയുടെ അന്നെഷണത്തിനു ഒടുവിലാണ്, നഴ്സിംഗ് ഡിഗ്രി ഉള്ള രേഷ്മ മേരി വർഗീസിനെ വധുവായി സ്വീകരിക്കുന്നത്. നാട്ടുസമ്പ്രദായം തെറ്റിക്കാതെയുള്ള കല്യാണത്തിന് ഒടുവിൽ, ഞങ്ങൾ ഇരുവരും ലണ്ടനിലേക്ക് തിരിച്ചു.

അഞ്ചു വര്ഷം തുടർച്ചയായി നിന്നാലേ പൗരത്വം കിട്ടൂ.
രണ്ടു പേർക്കും ജോലി ഉണ്ടായിരുന്നുവെങ്കിൽ അല്ലലില്ലാതെ കഴിയുമായിരുന്നു. രേഷ്മക്കു ജോലി ശരിയാവാതെ ആയിരുന്നുവല്ലോ, ലണ്ടനിലേക്ക് കൊണ്ടുവന്നത്.

എന്നെ പിന്തുടരുന്ന ഭാഗ്യമാവാം, ഏറെ അന്നെഷണത്തിനും ശ്രമത്തിനും ശേഷം രേഷ്മക്കു അവൾ പഠിച്ച മേഖലയിൽ തന്നെ ജോലി ലഭിച്ചു. അതൊരു വലിയ അനുഗ്രഹമായിരുന്നു, അപ്പോഴേക്കും എന്റെ ജോലിയിലെ സമ്മർദ്ദം കൂടിവരുകയും, ആഭ്യന്തര രാഷ്ട്രിയവും മറ്റും എന്റെ ജോലിയെയും നിലനിൽപ്പിനെ തന്നെ ബാധിക്കുകയും ചെയ്തു തുടങ്ങിയ സമയമായിരുന്നു. മാത്രവുമല്ല പൗരത്വത്തിലേക്ക് എത്തുവാൻ വളരെ ഏറെ ദൂരവുമുണ്ടായിരുന്നു. ഒരാളുടെ ശമ്പളം കൊണ്ട്, ജീവിതം മുന്നോട്ടു നീങ്ങുവാൻ ബുദ്ധിമുട്ടായി തുടങ്ങിയ സമയത്തു തന്നെ രേഷ്മക്കു ജോലി ലഭിച്ചത് ആ അർത്ഥത്തിൽ വലിയൊരു അനുഗ്രഹം തന്നെ ആയിരുന്നു.

ജീവിതം പതുക്കെ പച്ചപ്പ്‌ കണ്ടു, കരകയറി തുടങ്ങി.
പൗരത്വം ശരിയായതൊടപ്പം രണ്ടു പെൺകുട്ടികളുടെ അച്ഛനുമായി.
അതിനിടയിൽ തന്നെ മറ്റു ഇന്ത്യൻ സുഹൃത്തുക്കളുമായി ചേർന്ന്, ഒരു കലാവേദി സംഘടിപ്പിച്ചു. ജീവിതത്തിന്റെ ദർശനം മുഴുവൻ അതിൽ ഉണ്ടായിരുന്നു, അതിനാൽ അതിനെ ദർശനാ കലാവേദി എന്നും വിളിച്ചു.

രേഷ്മയുടെ  ആഗ്രഹപ്രകാരം, അവളുടെ മാതാപിതാക്കളെയും ലണ്ടനിൽ കൊണ്ടുവരുവാനും കുറെ നാൾ കൂടെ താമസിപ്പിക്കാനും കഴിഞ്ഞു.

അപ്പോഴും ഞാൻ കരുതിയിരുന്നില്ല, എന്റെ ജീവിതം കൈവിടാൻ പോകുകയാണെന്ന്, എന്റെ സന്തോഷങ്ങൾ നഷ്ടപ്പെടുവാൻ തുടങ്ങുകയാണെന്ന്!



**********************************************************

3


രേഷ്മയുടെ എന്നോടുള്ള പെരുമാറ്റത്തിൽ അകൽച്ച ശ്രദ്ധിച്ചു തുടങ്ങിയത് എപ്പോഴാണ് എന്നറിയില്ല.
എന്നിൽ നിന്നും ഒഴിവായി പോകുന്നതുപോലെ.
സംസാരത്തിൽ, സമീപനത്തിൽ എല്ലാം ഒഴിവാക്കലാണോ പിശുക്കലാണോ?
എന്റെ മുഖത്ത് നോക്കുന്നത് തന്നെ അപൂർവമായി തുടങ്ങി.
എവിടേയോ എന്തോ....നഷ്ടപെടുന്നതുപോലെ.
അവൾ എന്നോട് സംസാരിക്കുന്നത് കുറഞ്ഞു. അഥവാ സംസാരം കുട്ടികളിലൂടെ ആയി.
ഭാര്യ ഭർത്വാ ബന്ധം തന്നെ അന്യമായി തുടങ്ങി.

എവിടെ ആണ് പിഴച്ചത്.
എന്താണ് കുടുംബ ജീവിതത്തിൽ സംഭവിക്കുന്നത്.
ഞങ്ങൾക്കിടയിലേക്ക് ആരാണ് കടന്നു കയറിയിരിക്കുന്നത്.
എനിക്ക് എന്നെ തന്നെ നഷ്ടപെടുന്നതുപോലെ തോന്നി.

സുരേഷ് ഗോപി  ചിത്രത്തിലെ പ്രസിദ്ധമായ സംഭാഷണം പോലെ തന്നെ ചോദിക്കട്ടെ,ഓർമിക്കിന്നുണ്ടോ രേഷ്മാ മേരി, നിന്നെ ആദ്യമായി കേൾപ്പിച്ച കാസറ്റ് പാട്ട്. അതൊരു ഓണപാട്ടായിരുന്നു.
നീ മുൻപൊരിക്കലും കേട്ടിട്ടില്ലാത്ത ആ പാട്ട്, എന്റെ മൊബൈലിൽ നിന്നും കേൾപ്പിക്കുമ്പോൾ, അന്ന് കുറെയേറെ തവണ നീ ആവർത്തിച്ച് കേട്ടിരുന്നു.
"മുടിപ്പൂക്കൾ വാടിയാലും, ഓമലെ, നിന്റെ ചിരിപ്പൂക്കൾ വാടരുതെ. " ഓർക്കുന്നുണ്ടോ നീ ?

എന്തുകൊണ്ടാണ് നിനക്ക് ഞാനൊരു അന്യനായി തോന്നുന്നത്, മാറിയത് ?
എന്താണ് എന്റെ ഭാഗത്തു നിന്നും ഉണ്ടായ തെറ്റ്?
നീ ഇങ്ങനെ നിശബ്ദമായി എന്നെ ഒഴിവാക്കി തുടങ്ങിയാൽ, എനിക്കെങ്ങനെ എന്റെ തെറ്റുകൾ മനസ്സിലാക്കുവാൻ കഴിയും.
നിനക്ക് ഇഷ്ടമില്ലാത്തത് എന്തെങ്കിലും ഞാൻ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ, പറഞ്ഞിട്ടുണ്ടെങ്കിൽ, തുറന്നു പറയ്. നീ പറയാതെ എനിക്കെങ്ങനെ അറിയുവാൻ കഴിയും?

രേഷ്മാ, നിന്റെ നിശബ്ദത എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു!
നിന്റെ ചിരി മാത്രമല്ലാ രേഷ്മാ, മനവും വാടിയിരിക്കുന്നു!

അവളുടെ ഈ കഴിഞ്ഞ കുറെ നാളുകളായുള്ള സംഭാഷണങ്ങൾ ഒക്കെ വീണ്ടും മനസ്സിലിട്ടു ആലോചിച്ചു തുടങ്ങി.
ഞാൻ അവളോട് എന്തെങ്കിലും അനാവശ്യമായി പറഞ്ഞുവോ?
എന്തെങ്കിലും തെറ്റ് ചെയ്തുവോ?

അവൾക്കു ജോലി കിട്ടിയതിനു ശേഷമാണോ, ഇത്തരം സമീപനം എന്നോട് കാണിച്ചു തുടങ്ങിയത്?
എന്നെക്കാട്ടിലും കൂടുതൽ യോഗ്യതകൾ ഉള്ള അവൾക്കു, വെറും ഒരു പത്താം ക്ലാസ്സ്കാരനെ വിവാഹം ചെയ്തു, ലണ്ടനിൽ വരേണ്ടി വന്നു, ഒരു ജോലി കിട്ടാൻ!. അങ്ങനയോ മറ്റോ അവൾ ചിന്തിക്കുന്നുവോ?
ഭാഷ ശുദ്ധിയില്ലാത്ത എന്നോടപ്പം കൂടുമ്പോൾ, മറ്റു ആളുകളെ പരിചയപ്പെടുന്ന വേളയിൽ, അവളുടെ ദേഹം ഉരുകുന്നുണ്ടോ, അവൾ ചെറുതായി പോകുന്നുണ്ടെന്നു സ്വയം തോന്നുന്നുണ്ടോ?

രേഷ്മയുടെ അച്ഛനും അമ്മയും ലണ്ടനിൽ വന്നിട്ട് പോയതിനു ശേഷമാണോ, അവൾക്കു എന്നോടൊരു വെറുപ്പ് തോന്നി തുടങ്ങിയത്?
നാട്ടിൻപുറ കാഴ്ച്ചയിൽ, വർഗ്ഗ കള്ളിയിൽ താഴെ നിൽക്കുന്ന,  ഒരു ജോലിക്കാരന്റെ ഭാര്യയായി കഴിയുക!. അയാളെക്കാളും കൂടുതൽ വിദ്യാഭ്യാസം ഉണ്ടായിട്ടും, അയാളുടെ ചെലവിലും ശ്രമത്താലും ജോലി നേടുക. മാത്രമല്ലാ, അയാളുടെ ചിലവിൽ, സ്വന്തം അച്ഛനെയും അമ്മയെയും ജോലി സ്ഥലത്തേക്ക് കൊണ്ടുവരുക!
രേഷ്മ, നിനക്ക് നിന്നെ നഷ്ടപെടുന്നുണ്ടോ?
നിന്റെ ഉള്ളിൽ, നീ വളരെ ചെറുതായി ചിന്തിച്ചു തുടങ്ങുന്നുവോ?

രേഷ്മാ, നിന്നെ എനിക്ക് ഉപേക്ഷിക്കുവാൻ കഴിയുന്നില്ല. 
ദിശതെറ്റി നിൽക്കുന്ന നിന്നെ എനിക്ക് തിരിച്ചുപിടിക്കണം.
അതിനുവേണ്ടി, ഡോക്ടർ സണ്ണിയെപ്പോലെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചെന്നിരിക്കും.
സാറ്റലൈറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചെന്നിരിക്കും.
ആ ചിന്ത എന്നെ കീഴടക്കി കഴിഞ്ഞ അവസരത്തിലാണ് പുതിയൊരു മാർഗത്തിലൂടെ അവളുമായി സംസാരിച്ചു തുടങ്ങിയത്.
രേഷ്മക്കു എന്നോട് നേരിട്ട് സംസാരിക്കുന്നതിലെ ഉള്ളു  വൈമനസ്യം. എനിക്കവളുമായി സംസാരിക്കാൻ ബുദ്ധിമുട്ടില്ലാത്തടത്തോളം, എനിക്ക് മറ്റു മാർഗങ്ങളും അവലംബിക്കാമല്ലോ.

അപരനാമത്തിൽ ചാറ്റ് അഡ്രസ് ഉണ്ടാക്കി,ഫെയ്സ്ബൂക് മെസ്സഞ്ചർ വഴി രേഷ്മയുമായി സംസാരിച്ചു തുടങ്ങി!
വെയിൻ സ്റ്റോൺ എന്ന പാശ്ചാത്യ പേരിനുള്ളിലേക്ക് അരുൺ സേവ്യറിന്റെ അസ്തിത്വം ഒളിപ്പിച്ചുവെച്ചു.
രേഷ്മയുമായി ചങ്ങാത്തത്തിൽ ആകുവാൻ വെയിൻ സ്റ്റോണിനു കുറെയേറെ പരിശ്രമം വേണ്ടിവന്നു.
ഓരോ ദിവസവും ആവർത്തിക്കുന്ന സുപ്രഭാത ശുഭരാത്രി സന്ദേശങ്ങൾക്ക് പ്രതീക്ഷ നിർഭരമായ മറുപടികൾ ആയിരുന്നു കിട്ടികൊണ്ടിരുന്നത്.
വ്യെക്തിപരമായ സംഭാഷണങ്ങളിലേക്ക് കടക്കുമ്പോഴൊക്കെ രേഷ്മ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. അവൾ വളരെ ഉപരിപ്ലവമായി സംസാരിക്കുന്നുവെങ്കിലും, കുടുംബ ജീവിതത്തെക്കുറിച്ചോ ഭർത്താവിനെകുറിച്ചോ ഒക്കെയുള്ള സംഭാഷണങ്ങളിൽ കൃത്യമായ അകലം പാലിച്ചിരുന്നു.
വളരെ കുറഞ്ഞ ആഴ്ചകൾക്കുളിൽ തന്നെ ശക്തമായ ഒരു സൗഹ്രദം ഫെയ്സ്ബൂക് മെസ്സഞ്ചറിലൂടെ ഉണ്ടാക്കി എടുക്കുവാൻ കഴിഞ്ഞു.

അവളുമായി സംസാരിക്കുമ്പോഴൊക്കെ, എന്റെ ഭാഷയും സംവേദനവും ചടുലവും ശക്തവുമായിരുന്നു. അവളുടെ ആ ഉയർന്ന നിലവാരത്തിൽ തന്നെ എനിക്കും മറുപടി കൊടുക്കുവാൻ കഴിഞ്ഞിരുന്നു.ഒരുവേള, ഞാൻ തന്നെ അതിശയിച്ചു, ഈ ഭാഷ എന്റേത് തന്നെ ആണോ?

നേരിട്ട് കാണണം എന്ന് പറഞ്ഞത് അവളായിരുന്നു.
'വെയിൻ,നമുക്കൊരു കോഫി കുടിക്കാൻ പോയാലോ?'
" പോകാം, രേഷ്മ തന്നെ സമയവും സ്ഥലവും കുറിച്ചുവെച്ചോളു"

" ലണ്ടൻ ബ്രിഡ്ജിനു അരികിലുള്ള സ്റ്റാർ ബക്സസിൽ പോയാലോ?, രേഷ്മയുടെ വീടും അവിടെ ആ ഭാഗത്താണല്ലോ, അല്ലെ ?"

സമയവും സ്ഥലവും രേഷ്മ തന്നെ സമ്മതിച്ചുവെങ്കിലും ജോലിത്തിരക്കുകളുടെയും യാത്രകളുടെയും പേരിൽ കണ്ടുമുട്ടൽ പരമാവധി നീട്ടിവെച്ചുകൊണ്ടിരുന്നു.

വഴിതെറ്റി പോയ ജീവിതത്തിന്റെ മൂലകാരണം തേടിയാണ്, ഞാനിങ്ങനെ അവളുമായി സംസാരിച്ചു തുടങ്ങിയത്.
വെയിനിനോട് സംസാരിക്കുമ്പോൾ ഒരിക്കലും രേഷ്മ, അവളുടെ ഭർത്താവിനെ കുറ്റം പറയുകയോ അവൾ കൊടിയ നിരാശയിലോ അസ്വസ്ഥതയിലോ ആണെന്ന് പറയുകയോ ചെയ്തില്ല.
പക്ഷേങ്കിലും ചിലതു മനസ്സിലാക്കിയിരുന്നു, അവൾക്കു ഒരു കൂട്ട് വേണമെന്നുള്ളത്, സ്വാന്തനവും സഹായവും സ്നേഹവും ആഗ്രഹിക്കുന്നുവെന്ന്.
അവളുടെ ഭർത്താവുമായുള്ള സംസാര രസതന്ത്രം നഷ്ടപെട്ടിരിക്കുന്നുവെങ്കിലും, അവൾക്കു അയാളോട് വെറുപ്പൊന്നും ഇല്ലാ.
അവൾ അയാളെ സംസാരത്തിൽ നിന്നും മാത്രമേ ഒഴിവാക്കുന്നുള്ളു, ജീവിതത്തിൽ നിന്നും ഒഴിവാക്കണം എന്നുള്ള ചിന്തകൾ ഇതുവരെ വന്നിട്ടില്ല.


എവിടേയോ എപ്പോഴോ സംഭവിച്ചൊരു സൗന്ദര്യ പിണക്കം.
ഒരുപക്ഷെ, ഒരു നീണ്ട യാത്രയുടെ അവസാനമോ, ഒരു തുറന്നു പറച്ചിലിന്റെ അന്ത്യത്തിലോ, പരസ്പരം കെട്ടിപ്പുണർന്ന്,നെറ്റിയിൽ ചുംബിച്ചു തീർക്കാവുന്ന പ്രശ്നങ്ങളെ  ഉള്ളൊന്നു തോന്നുന്നു.
അതിനൊക്കെ ഞാൻ തയ്യാറാണെങ്കിലും,എവിടെയാണ് ആ തുടക്കം വേണ്ടത്? ആരായിരിക്കും അതിനു മുൻകൈ എടുക്കുക?

വെയിനിന്റെ സാന്നിധ്യവും സൗഹ്രദവും നിലനിൽക്കണമെന്ന് രേഷ്മ ആഗ്രഹിച്ചു തുടങ്ങുന്നുവെന്ന് മനസ്സിലായി.
അയാൾ അവൾക്കൊരു ആശ്വാസമായി മാറിയിരിക്കുന്നു. അവൾ ഒരു തുരുത്തായിരുന്നു. ഒറ്റപ്പെട്ടുപോയ തുരുത്ത്. അവിടേക്കു പറന്നടുത്തൊരു ദേശാടനപക്ഷിയാണ് വെയിൻ.
അടക്കി വെച്ചിരിക്കുന്ന മനസ്സിന്റെ മൂടി അവൾ തുറക്കുന്നില്ല, എങ്കിലും, അയാളുമായിട്ടുള്ള സംസാരം അവളെ ഊഷ്മളയാക്കുന്നുണ്ട്, സന്തോഷവതിയാക്കുന്നുണ്ട്.

വീടിനു പുറത്തുവെച്ചും, ഓഫീസിൽ നിന്നുകൊണ്ടും വെയിനായി രേഷ്മയായി സംസാരിച്ചു, വീട്ടിൽ എത്തുമ്പോൾ, ഒരു കട്ടിലിന്റെ രണ്ടറ്റത്തേക്ക് അപരിചിതരായി ഉറങ്ങേണ്ടിവരുന്ന
വിധിവൈപരീത്യം എന്നെ ഏറെ വിഷമിപ്പിക്കാതെയും ഇരുന്നില്ല. 
കിടക്കയിലും വീട്ടിലും ഞങ്ങൾ അപരിചതരായി തുടർന്നു.

വെയിന്റെ സംഭാഷണ ഓർമ്മകൾ പോലും അവളെ പുഞ്ചിരിപ്പിക്കുന്നു എന്ന് തോന്നി.
ജീവിതം പ്രതീക്ഷയാണല്ലോ രേഷ്മ.
നാളെ എപ്പോഴെങ്കിലും നമുക്ക് കണ്ടുമുട്ടേണ്ടിവരും.
ഞാനാ പ്രതീക്ഷയിലാണ് ജീവിക്കുന്നത്.

വെറും ചില ഭ്രമങ്ങളിൽ ആയിരുന്നു ഞാനെന്റെ ജീവിതം തുടങ്ങിയത്.
പക്ഷെ, അത് മുന്നോട്ടു പോകുംതോറും മനസ്സിലായി, ആ ഭ്രമത്തിനപ്പുറം ചില യാഥാർഥ്യങ്ങൾ ഉണ്ടെന്നു.
ഞാൻ എന്റെ ഭാര്യയെ സ്നേഹിക്കുന്നതിനേക്കാളും, രേഷ്മ, നീ നിന്റെ ഭർത്താവിനെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നു.
അയാളെന്തോ കടപ്പാടുകൾ ചെയ്തു എന്നുള്ള ചെറിയ ചിന്തകളാണ് നിന്നിലുള്ള നിരാശ.
അയാൾ ചെയ്തത് അയാളുടെ ഉത്തരവാദിത്വങ്ങൾ ആയിരുന്നു. അത് നിന്നോടുള്ള കടപ്പാടായിരുന്നില്ല, നിന്നോടുള്ള സ്നേഹം ആയിരുന്നു. നീ തന്നെ ആയിരുന്നു, അയാൾക്ക്‌ ജീവിതം സ്വപ്നവും ഭാവിയും.
നിന്നിലേക്ക് അയാൾ നീട്ടിയ സ്നേഹം മുൻവിധികളോടെ ആയിരുന്നില്ല.
നിന്നിലാണ് അയാളുടെ അഭയം.
അയാൾ ജീവിക്കുന്നത് .നിനക്ക് വേണ്ടിയാണ്.
രേഷ്മ, നീ ആ സ്നേഹത്തെ റദ്ദ് ചെയ്യരുത്.

രേഷ്മ, നമ്മൾ പറഞ്ഞുറപ്പിച്ചതുപോലെ, എനിക്ക് നിന്നെ കാണുവാൻ കഴിയുമോ എന്നറിയില്ല.
ഞാൻ വെയിനെന്ന വെയിൽ(veil) നീക്കുകയാണ് എന്ന് പറഞ്ഞുകൊണ്ട് സംഭാഷണം അവസാനിപ്പിക്കാൻ ശ്രമിച്ചു.

എന്റെ മെസ്സേജുകൾക്കൊന്നും മറുപടി ഇല്ലാതെ നിന്നു.
സംസാര മദ്ധ്യേ അവൾ എവിടെ പോയിട്ടുണ്ടാവും?
രേഷ്മാക്കിന്നു രാത്രി ഡ്യൂട്ടിയാണ്. കുട്ടികൾ സ്‌കൂളിൽ നിന്നും വന്നിട്ടും ഉണ്ടാവില്ല.
വീട്ടു ജോലികൾ എല്ലാം കഴിഞ്ഞു എന്നാണ് കുറച്ചു മുൻപേ പറഞ്ഞത്.
അപ്പോൾ അവൾ എന്തെടുക്കുക ആവും?
തുടർന്നുള്ള സന്ദേശങ്ങളും ഉത്തരം ഇല്ലാതെ ചാറ്റ്ബോക്സിൽ അനാഥമായി കിടന്നു.

ഉള്ളിൽ ഉണ്ടായ,ആകാംഷയാണ്, എത്രയും പെട്ടെന്നു വീട്ടിലേക്ക് പോകണമെന്ന് തീരുമാനിച്ചത്.

വാഹനം പാർക്ക് ചെയ്തു, പ്രധാന കതകിനു അടുത്തേക്ക് എത്തുമ്പോഴും അകത്തു ആളനക്കത്തിന്റെ ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല.
അടുക്കള ഭാഗത്തെ പുകക്കുഴലിൽ നിന്നും ഘനരൂപത്തിൽ പുക മുകളിലേക്ക് പോയ്കൊണ്ടിരുന്നു.
പുറത്തുവെച്ചിരിക്കുന്ന അക്വറിയത്തിൽ, ഇന്നലെ കൊടുത്ത ആഹാരത്തിന്റെ അവശിഷ്ടങ്ങൾ കിടക്കുന്നു.
കോളിങ് ബെൽ അടിക്കാതെ തന്നെ കതകു തുറന്നു അകത്തേക്ക് കയറി.

രേഷ്മയുടെ സാന്നിദ്യം അവിടെങ്ങും കണ്ടില്ല.
പുറത്തുപോയി വരുമ്പോൾ, കതകു തുറന്നു, രേഷ്മാ എന്ന് വിളിച്ചു കയറുന്ന പതിവ് നഷ്ടപെട്ടിട്ടു മാസങ്ങളാവുന്നു.
എങ്കിലും ഉത്കണ്ഠാ കാരണം, ഉറക്കെ വിളിക്കാതിരിക്കാൻ കഴിഞ്ഞില്ല.
അവൾ പതിവായി ഇരിക്കാറുള്ള കുട്ടികളുടെ ലൈബ്രറിയിൽ നോക്കി, വായിച്ചു മടക്കിവെച്ചിരിക്കുന്ന ലൂക്കോയുടെ സുവിശേഷം ആറാം അധ്യായം!
ഒഴിഞ്ഞു കിടക്കുന്ന കസേര!
പുകഞ്ഞുകൊണ്ടിരുന്ന അടുക്കളയിലേക്ക് നോക്കി.
ഇല്ലാ, അവിടെയും ഇല്ലാ. 
രേഷ്‌മ ....രേഷ്‌മാ .....എന്റെ അലർച്ച ഉയർന്നുകൊണ്ടിരുന്നു.....
വെള്ളം ഇറ്റിറ്റു വീഴുന്ന ശബ്ദം കേൾക്കാം...
കുളിമുറിയിൽ നിന്നും ആണോ....?
ബെഡ്‌റൂമിൽ കുളിമുറിയിൽ നിന്നും ആണല്ലോ....!

കരഞ്ഞു കലങ്ങിയ കണ്ണുകളിൽ നിന്നും കണ്ണുനീര് അപ്പോഴും ഒഴുകുന്നുണ്ടായിരുന്നു.
പടർന്നു കിടക്കുന്ന മുടികൾ മുഖത്തേക്ക് വീഴുന്നു...
രേഷ്മാ എന്ന എന്റെ അലർച്ചയിൽ, അവളെന്നെ കെട്ടിപിടിച്ചു.
എന്റെ നെഞ്ചിലേക്ക് അവൾ തലകൊണ്ട് ഇടിച്ചു....കരഞ്ഞു.
ഞാനവളുടെ നനഞ്ഞ കവിളുകൾ കവർന്നെടുത്തു.
മുടിയൊതുക്കി, നെറ്റിയിൽ ചുംബിച്ചു...
ചുണ്ടുകളിൽ കഴിഞ്ഞ കുറെ നാളത്തെ നിരാശയും സങ്കടവും ആശങ്കകളും പിണച്ചുവെച്ചു....
അവളെന്നെ, അവളുടെ ശരീരത്തിലേക്ക് അമർത്തിവെച്ചുകൊണ്ടിരുന്നു....

" ക്ഷമിക്കണം...ഞാൻ നിന്നെ വിഷമിപ്പിച്ചിട്ടുണ്ടോ...ഞാൻ നിന്നോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ....പറയ് രേഷ്മേ...പറയ്...എല്ലാത്തിനും മാപ്പ്! എനിക്കെന്റെ പഴയ രേഷ്മേ വേണം. മുടിച്ചുരുളുകളിൽ തലോടി കഥകൾ പറയുന്ന...കുശുമ്പി....പിശുക്കി രേഷ്മേയെ.....ഞാൻ നിന്നോട് അറിഞ്ഞോ അറിയാതയോ എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ...പറഞ്ഞിട്ടുണ്ടെങ്കിൽ പൊറുക്കണം! മറക്കണം! " 
" നീ എന്നെ സ്നേഹിക്കില്ലേ....നീ എന്റേതായി തന്നെ തുടരില്ലേ "

എന്റെ ശരീരത്തെ വീണ്ടും  അവളിലേക്ക് അമർത്തിക്കൊണ്ടായിരുന്നു അവളുടെ മറുപടിയും. " ഞാനല്ലേ അരുണിനോട് മാപ്പ് പറയേണ്ടത്. ഞാൻ എന്തോ....എനിക്കറിയില്ല....എനിക്കെന്താണ് സംഭവിച്ചത് എന്ന്....ഞാൻ വളരെ അങ്ങ് നിരാശയിലാണ്ടു....എങ്ങോട്ടെങ്കിലും ഒന്ന് ഓടിപോയാലോ എന്നാലോചിച്ചു....അപ്പോൾ ...അരുൺ ........തടസം....കുട്ടികൾ....കുട്ടികളുടെ മുഖം എന്നെ പിന്തിരിപ്പിച്ചു....എനിക്കറിയില്ല അരുൺ, എനിക്ക് എന്ത് പറ്റിയെന്നുള്ളത്. നിന്നിൽ നിന്നും ഞാൻ അകലാൻ ശ്രമിച്ചത് എന്തുകൊണ്ടാണ്...എനിക്കറിയില്ല. നിന്നെ ഞാൻ വെറുക്കാൻ ശ്രമിച്ചിട്ടും...അകലാൻ ശ്രമിച്ചിട്ടും ...നീ എന്നോട് കാണിച്ച സഹനതയാണ് പിന്നെയും എന്നെ അതിശയിപ്പിച്ചത്....നീ ആരാണെന്നും ...നീ എനിക്ക് ആരാണെന്നും പറഞ്ഞു തരുവാൻ വെയിനായി നീ വരേണ്ടി വന്നുവല്ലോ...."

" എന്റെ വാശി ആയിരുന്നു രേഷ്മ, നിന്നെ ഞാൻ ഉപേക്ഷിക്കില്ല എന്നുള്ളത്. നിന്നെ എനിക്ക് ഉപേക്ഷിക്കാൻ കഴിയില്ലായിരുന്നു എന്ന് പറയുന്നതാവും ശരി. കുരുങ്ങിക്കിടക്കുന്ന ജന്മാന്തര ബന്ധങ്ങളോ വിധിയോ ആവും. ഒരു നിഷേധത്തിനും നിരാസത്തിനും വിട്ടുകൊടുക്കുവാൻ കഴിയുന്നതായിരുന്നില്ല എനിക്ക് നിന്നോടുള്ള സ്നേഹം. അത് നിനക്ക് പറഞ്ഞു തരുവാൻ, എനിക്ക് വെയിൻ സ്റ്റോൺ ആകേണ്ടി വന്നു."
" മാപ്പ് ...എല്ലാത്തിനും മാപ്പ്...! വീണ്ടും ഞാൻ പറയുന്നു, നിന്നെ എപ്പോഴെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ്."

രേഷ്മ വലതു കരം കൊണ്ട് അരുണിന്റെ ചുണ്ടുകളിൽ അമർത്തി അരുതെന്നു വിലക്കി, അപ്പോഴും മരം പെയ്യുന്നതുപോലെ അവളുടെ കണ്ണുകൾ നിറഞ്ഞു കിടന്നു.
ക്ഷണനേരംകൊണ്ടു അവന്റെ ചുണ്ടുകൾ, അവളുടെ ചുണ്ടുകളെ പിണച്ചുകഴിഞ്ഞിരുന്നു.
രേഷ്മ, അരുണിനെ കിടക്കയിലേക്ക് തള്ളിയിട്ടു.



**********************************************************

Saturday, September 2, 2017

അപ്പുപ്പൻക്കാവ്

"പ്രദീപിന്റെ അച്ഛന്റെ നിരന്തരമായ നിര്ബന്ധമാണ് രാവിലെ പോകണം എന്നുള്ളത്.  വിളപ്പറമ്പത്ത് കളരിയിൽ പൂജക്ക്‌ പോകണം. അതിരാവിലെ തന്നെ പോകണം. അദ്ദേഹത്തിന് അവിടെ ഒരു നേർച്ച എന്തോ മുടങ്ങി കിടക്കുന്നുണ്ട്. എനിക്കാണെങ്കിൽ കളരിയിൽ പോയി പരിചയമുണ്ടല്ലോ, അതുകൊണ്ടാണ് അദ്ദേഹം എന്നെ നിർബന്ധിക്കുന്നത്"

 കറുപ്പ് സൈക്കിളിലാണ് അദ്ദേഹം എന്നെ ക്ഷണിക്കാൻ വന്നത്. ഞങ്ങൾ ഇരുവരും കൂടി കളരിയിലേക്ക് പോയി. പോകുന്ന വഴിയിലും കളരിയിൽ വെച്ചും കുറെ ഏറെ വിശേഷങ്ങളും കഥകളും പറയുന്നുണ്ടായിരുന്നു അദ്ദേഹം.

കൈതമുൾ ചെടികൾ വീണുകിടക്കുന്ന ഇടവഴിയിലൂടെ ആണ് കളരിയിലേക്ക് ചെന്ന് കയറിയത്. പ്രായമേറിയ എലിഞ്ഞിമര ചുവട്ടിൽ ആളുകൾ കൂട്ടം കൂടി നില്കുന്നു.
കുരുത്തോലയും അടക്കാമരത്തിന്റെ പൂങ്കുലയും ആലിലയും കൊണ്ട് അലങ്കരിച്ച പന്തലിൽ പൂവും മറ്റും സൂക്ഷിച്ചിരിക്കുന്നു.
മഞ്ഞക്കളം വരച്ച മുറ്റത്ത് പൂജ തുടങ്ങിയിട്ടില്ല.

എന്റെ കുറ്റിത്താടി കണ്ടിട്ടാവണം, ഉടനെ ചോദിച്ചത്, എന്താ താടി വളർത്തുന്നത്. അപ്പോഴാണെന്നു തോന്നുന്നു അദ്ദേഹം എന്റെ മുഖത്തേക്ക് ശ്രദ്ധിക്കുന്നത്.
"അത് താടിരോമങ്ങൾക്കിടയിൽ ചെറിയ കുരുക്കൾ കാണുന്നു....ബ്ലേഡ് അലർജി ആണെന്ന് തോന്നുന്നു. അതുകൊണ്ടാണ്..."

അപ്പോഴേക്കും പൂജ തുടങ്ങിയിരുന്നു."

ഉറക്കം ഉണരുമ്പോൾ, ആകെ സംശയം , ഉറക്കത്തിൽ കണ്ടത് പ്രദീപിനെ ആണോ അതോ പ്രദീപിന്റെ അച്ഛനെയോ?
സംഭ്രമത്തിൽ ആയല്ലോ!
അല്ലാ, പ്രദീപിനെ അല്ലാ. പ്രദീപിന്റെ അച്ഛനെ തന്നെ ആയിരുന്നു!

കളികൂട്ടുകാരനും ഒപ്പം അയൽക്കാരനും ആണ് പ്രദീപ്. നാടുമായി സൂക്ഷിക്കുന്ന ടെലഫോൺ ബന്ധങ്ങളിലെയും സൗഹ്രദങ്ങളിലെയും ഒളിമങ്ങാത്ത കണികയും ആണ് അദ്ദേഹം. പണ്ട് പല വേളകളിലും വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതും യാത്ര ചെയ്യുന്നതും ഒക്കെ ഞങ്ങൾ ഒരുമിച്ചായിരുന്നു. തലേന്ന് പദ്ധതിയിട്ട്, ഞായറാഴ്ച പുലർച്ചെ നടത്തിയിരുന്ന പല യാത്രകളും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളാണ്. ഓരോ അവധിക്കും നാട്ടിൽ പോകുമ്പോഴും അത്തരം യാത്രകൾ പുനർസൃഷ്ടിക്കണമെന്ന് ആഗ്രഹിക്കാറുണ്ട്, പക്ഷെ സമയമോ സന്ദർഭമോ ഒന്നും അതിനു അനുയോജ്യമായിട്ടില്ല.

പ്രദീപിന്റെ അച്ഛൻ മരിച്ചിട്ട് വർഷങ്ങൾ പലത് കഴിഞ്ഞിരിക്കുന്നു. മരണം, ഒരു വൈകുന്നേരം നിശബ്ദമായി വന്നു വിളിച്ചുകൊണ്ടു പോവുക ആയിരുന്നു. ഞാൻ നാട്ടിൽ ഇല്ലാതിരുന്ന സമയത്തെ ആ വിടവാങ്ങൽ കഴിഞ്ഞിട്ട് നാളുകൾ ഏറെ ആയിരിക്കുന്ന ഈ വേളയിലെ എന്റെ പുലർകാല സ്വപ്നത്തിലെ അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ അർത്ഥനിരൂപണം എന്തായിരിക്കുമെന്നുള്ളത് ജിജ്ഞാസയുണ്ടാക്കി. 

എനിക്ക് തിരിയാത്തത് വേദാന്തമെന്നു എഴുതിതള്ളിയേക്കാം.

വിളപ്പറമ്പത്ത് കളരി, അച്ഛന്റെ കുടുംബ കാവാണ്.
പഴയമുണ്ടും ഉടുത്തു ബാടിക്കുമേൽ പുതച്ച നേര്യതും അണിഞ്ഞു കഥപറയാൻ ഇരിക്കുന്ന കുഞ്ഞിപ്പിള്ള അമ്മുമ്മയുടെ ഓർമകളിൽ ഒക്കെ പലപ്പോഴായി കാവും അപ്പൂപ്പനും കടന്നുവരുമായിരുന്നു.
അപ്പുപ്പൻ, അതായത് അച്ഛന്റെ അച്ഛൻ ആയിരുന്നു കാവിലെ വെളിച്ചപ്പാട്. ബ്രഹ്മരക്ഷസ്സാണ് കാവിലെ ദേവതാ സങ്കല്പം. മരണശേഷം അപ്പുപ്പൻ രക്ഷസ്സിൽ വിലയം പ്രാപിച്ചുവെന്നാണ് അമ്മുമ്മയുടെ വിശ്വാസം. 
അച്ഛന്റെ കുടുംബവീടായ കോറ്റച്ചിനെഴുത്ത് വീട്ടുപടിക്കലിൽ നടത്തിയിരുന്ന ചായക്കട ആയിരുന്നു അപ്പൂപ്പന്റെ തൊഴിലിടം.
അപ്പുപ്പന്റെ ചായക്കടയിലേക്ക് വേണ്ടി മാവ് അരക്കുന്നതും പൊടിക്കുന്നതുമൊക്കെ അമ്മുമ്മ ആയിരുന്നു. എങ്കിലും ചായക്കടയിൽ കയറുകയോ ആളുകയുമായി സംസാരിക്കാൻ പോകുകയോ ചെയ്യുന്ന പ്രകൃതം ആയിരുന്നില്ലത്രേ അമ്മുമ്മക്ക്. അപ്പുപ്പൻ ചായ തയാറാക്കി, അമ്മുമ്മ എവിടെ ഇരിക്കുന്നുവോ അവിടെ കൊണ്ട് ചെന്ന് കൊടുത്തിരുന്നതും അമ്മുമ്മയെ ഭയഭക്തി ബഹുമാനത്തോടെ കണ്ടിരുന്നതും ആയ കഥകൾ പലപ്പോഴായി കേട്ടിട്ടുണ്ട്. പണ്ടത്തെ നായർ കുടുംബങ്ങളിലെ സ്ത്രീകളുടെ സ്വാതന്ത്ര്യവും അധികാരവും ഗർവും ഒക്കെ അമ്മുമ്മയുടെ കഥകളിൽ നിന്നും, ചിലപ്പോൾ കാണിക്കുന്ന നിശബ്ദതയിൽ നിന്നും ഒക്കെ വായിച്ചെടുക്കാമായിരുന്നു.

ആണധികാരം എന്നുള്ള ഈ കാലത്തെ സ്ത്രീ സമത്വ വാദികളുടെ ആരോപണങ്ങളെ കുഞ്ഞിപ്പിള്ള അമ്മുമ്മയെ പോലെയുള്ള എന്റെ അമ്മുമ്മ തലമുറകൾ കേട്ടാൽ പുച്ഛിച്ചു തള്ളിയേക്കും.
നാല് ആൺമക്കൾ ആയിരുന്നു, അമ്മുമ്മക്ക്!
അമ്മുമ്മയുടെ പല കഥകളിൽ നിന്നും മനസ്സിലായിട്ടുള്ളത്, ഗോപാലപിള്ള അപ്പുപ്പൻ ഒരു സാധു ആയിരുന്നു. ഈ പറയപ്പെടുന്ന ആണധികാരം പ്രയോഗിക്കാത്ത ഒരാൾ. അമ്മുമ്മ, കുടുംബ ജീവിതത്തിൽ മേധാവിത്വം പുലർത്തിയിരുന്നു എന്ന് തോന്നുന്നു. എന്ന് മാത്രമല്ല, അമ്മുമ്മക്ക് അപ്പുപ്പനോട് അത്രക്കങ്ങട് സ്നേഹമോ പ്രതിപത്തിയോ ഉണ്ടായിരുന്നതായി പറഞിട്ടും ഇല്ലാ. എന്നാൽ, അപ്പൂപ്പനെ, പേടിയുള്ള ഒരു വാല്യക്കാരനാക്കി ചില വരച്ചുകാട്ടലുകൾ അമ്മുമ്മ നടത്തിയിട്ടുമുണ്ട്.

വസൂരി വന്ന അപ്പൂപ്പന്റെ ശരീരത്തിലെ വടുക്കൾ അമ്മുമ്മയെ അലോസരപ്പെടുത്തിയിരുന്നു എന്നും, വസൂരി മാറിയത് വിളപ്പറമ്പത്ത് കളരിയിലെ പ്രാർത്ഥനയിൽ ആണെന്നും പറയാറുണ്ട്.
വിളപ്പറമ്പത്ത് കളരിയുമായി ഞങ്ങളുടെ കുടുംബത്തിന് അത്തരം ഇഴപൊഴിക്കാനാവാത്ത ഒരു ബന്ധം ഉണ്ടെന്നു അറിയുന്നത് കാവിലെ ആണ്ടുപൂജക്കാണ്. അല്പം അകലെ ഉള്ള കുളത്തിന്റെകിഴക്കെ സർപ്പക്കാവിൽ നിന്നും ദീപാരാധനക്ക് ശേഷം, കളരിയിലേക്ക് ഇറങ്ങുന്ന താലപ്പൊലിയും കുരുതി നേർച്ചയുമാണ് ആണ്ടുപൂജയിലെ പ്രധാന ചടങ്ങ്.

ഒരിക്കൽ, ഒരു ആണ്ടുപൂജക്കു, വിളപ്പറമ്പത്തെ ശ്രീകുമാറണ്ണൻ വെളിച്ചപ്പാട് കണക്കെ തുള്ളി തുടങ്ങിയത് അവിചാരിതമായിട്ടായിരുന്നു. ചെണ്ടമേളത്തിന്റെ താളത്തിൽ, കത്തിച്ചുപിടിച്ചിരിക്കുന്ന തെങ്ങോല ചൂട്ടിന്റെ വെളിച്ചത്തിൽ കുടുംബത്തിലെ കന്യകാരായ പെൺകുട്ടികൾ ഒരുക്കിയ താലപ്പൊലിയുടെ അകമ്പടിയോടെ ആണ് വെളിച്ചപ്പാട് തുള്ളിയുറഞ്ഞു പോകുന്നത്.
വഴിവക്കിലെ കത്തിച്ചുവെച്ച നിലവിളക്കുകൾക്ക് മുന്നിലെ പ്രാർത്ഥനാ നിരതരായി ആളുകൾക്കുമേൽ  അനുഗ്രഹം ചൊരിഞ്ഞു, വിളപ്പറമ്പത്തെ കാവിലേക്ക് പോകുമ്പോൾ കയറിയത് നമ്മുടെ വീട്ടിലേക്ക് ആയിരുന്നു.

രണ്ടു തിരിയിട്ടു കത്തിച്ചുവെച്ച നിലവിളക്ക് തട്ടിവീഴുമോ എന്ന് തോന്നുന്ന വിധമാണ് കൈകൾ രണ്ടും കൂട്ടിപ്പിടിച്ചു ഞെരിച്ചുകൊണ്ടു വെളിച്ചപ്പാടായ ശ്രീകുമാറണ്ണൻ കയറിവന്നത്. മുറ്റത്തു വെച്ചിരുന്ന ബക്കറ്റിലെ നിറഞ്ഞ വെള്ളം അദ്ദേഹത്തിന്റെ തലവഴിയെ ഒഴിച്ചുകൊടുത്തുകൊണ്ടിരുന്നു. നനഞ്ഞ ഒട്ടിയ ശരീരവുമായി തുള്ളുമ്പോൾ കണ്ണുകൾ ചുമന്നു തുടുത്ത്, കൃഷ്ണമണികൾ മുകളിലേക്ക് കയറുന്നതായി തോന്നി. തെക്കു കിഴക്ക് കണ്ട ഇലഞ്ഞി മരത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട്  അദ്ദേഹം പറഞ്ഞു 'ഇനിമുതൽ ഇലഞ്ഞി മൂട്ടിൽ വിളക്ക് തെളിക്കണം"

ഈ അടുത്ത സമയം വരെയും അത് പരിപാലിച്ചിരുന്നു എന്നാണ് അറിവ്.

നാട്ടിൽ ഉള്ള വേളകകളിലൊക്കെ പൂജാദ്രവ്യങ്ങൾ   വിളപ്രമ്പത്ത് കാവിൽ കൊടുക്കാൻ മറക്കാറില്ലായിരുന്നു.
പ്രേതെയ്കിച്ചു മാലിയിലേക്ക് വന്നതിനു ശേഷമുള്ള അവധി സന്ദർശനങ്ങളിൽ. ഒരു തവണ എങ്കിലും അവിടെ പോകാറുമുണ്ടായിരുന്നു. പല അവസരങ്ങളിൽ ജ്യോത്സരെ കാണുമ്പോഴും അവരും നിർദേശിച്ചിരുന്നു ഒരു കാര്യം ആയിരുന്നു, കാവിന്റെ പുനരുദ്ധാരണവും സന്ദർശനവും, നമ്മുടെയും ശ്രദ്ധ അവിടെ ഉണ്ടാവണം എന്നുള്ളതും.

ഈ അടുത്ത സമയത്താണ്, അച്ഛൻ പറഞ്ഞത്, കാവ് പുനർനിമ്മിക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ട്. നമ്മൾക്കും ഒരു പിരിവ് ഉണ്ടാവും. കാവുമായി ബന്ധപ്പെട്ട പലരും അതിനായി സമീപിച്ചിരുന്നു എന്നും മറ്റും.

പക്ഷെ ഞാൻ അതിനായി ഒന്നും ചെയ്തിരുന്നില്ല എന്നാണ് എന്റെ ഓർമ്മ.
ഉച്ചാര എന്ന ആണ്ടു പൂജക്ക്‌ ചെറിയ സംഭാവന നൽകിയെന്ന് ഒഴിച്ചാൽ, മറ്റൊന്നും ചെയ്തിരുന്നില്ല.

ഒരു പക്ഷെ, ഈ സ്വപ്നത്തിലൂടെ അതാവുമോ കാണിച്ചു തന്നത്?
നാട്ടിൻപുറത്തെ ആളുകളെയും വീടുകളെയും കാവുകളെയും, പ്രദീപിന്റെ അച്ഛന് ഞാൻ പരിചയപ്പെടുത്തി കൊടുക്കേണ്ടതില്ല.
അത്തരം വാക്യം തന്നെ അലക്ഷണമാണ്. എന്നെക്കാളും എത്രയോ അനുഭവജ്ഞാനമുള്ളവരായിരുന്നു അവരൊക്കെ.
എന്നാൽ, ആ സ്വപ്നത്തിൽ ഞാൻ ആ കാവിൽ പോകാറുണ്ടെന്നും, എനിക്ക് ആ കാവ് അറിയാമെന്നും, അദ്ദേഹത്തിന് അറിയില്ലാ എന്നും പറഞ്ഞുകൊണ്ടാണ് എന്നെ പ്രദീപിന്റെ അച്ഛൻ നിർബന്ധിപ്പിക്കുന്നത്.

വിളപ്പറമ്പത്ത് കളരി, ആരും എനിക്ക് പരിചയപ്പെടുത്തേണ്ടതില്ല എന്നും, ആ സ്ഥലവും ആളുകളെയും എനിക്കറിയാമെന്നും എന്നാൽ ഇപ്പോൾ ഞാനതൊക്കെ മറന്ന മട്ടാണെന്നും, ഈ ഓണ പുലരിയിൽ വെറ്റിലയിൽ പാക്കും നാണയവും പുടവയും പിന്നെ വിളക്കിത്തിരിയും വിളക്കെണ്ണയും ചന്ദനത്തിരിയും ഒപ്പം സമരിപ്പിക്കണം എന്നുള്ള ഓർമപ്പെടുത്തൽ ആയിരുന്നുവോ?
അപ്പുപ്പൻ ആയിരുന്നുവോ, പ്രദീപിന്റെ അച്ഛനായി വേഷപ്രച്ഛന്നനായി വന്നത് ?

രാവിലെതന്നെ അമ്മയെ വിളിച്ചു.
വെളുപ്പിനെ കണ്ട സ്വപ്ന വിവരം പങ്കുവെച്ചു, വഴിപാടും കാണിക്കയും സമർപ്പിക്കാമെന്ന് അമ്മയും പറഞ്ഞു.

നീഹാരം

"അമ്മയുമായി വീടിന്റെ പുറകിലെ പറമ്പിൽ നിൽക്കുക ആയിരുന്നു. തൊട്ടാവാടിയും വേലിപ്പരുത്തിയും വളർന്നു കിടക്കുന്ന പച്ചപ്പ് അവിടെവിടെയായി ക...