Monday, September 4, 2017

ലണ്ടൻ ഡ്രീംസ്


1


അച്ഛനു കുവൈറ്റിൽ ആയിരുന്നു ജോലി എങ്കിലും, സാമ്പത്തിക ഭദ്രത യുള്ള വീടായിരുന്നില്ലാ ഞങ്ങളുടേത്. ഞാനും രണ്ടു ചേച്ചിമാരും അമ്മയും ആയിരുന്നു, എന്റെ വീട്ടിലെ സ്ഥിരം അംഗങ്ങൾ. അച്ഛൻ സേവ്യർ, രണ്ടോ മൂന്നോ വർഷത്തിന് ശേഷം കിട്ടുന്ന അവധിയിലെ വിരുന്നുകാരൻ മാത്രം ആയിരുന്നു. മണലാരണ്യത്തിലെ കഷ്ടപാടുകളോ കുബൂസ് തിന്നു വിശപ്പടക്കുന്ന സൂര്യതാപ ദിവസങ്ങളോ ഒന്നും എന്റെ കേട്ടറിവുകളിലോ ഓര്മകളിലോ പോലും ഇല്ലായിരുന്നു, ആരും പറഞ്ഞു തന്നിട്ടും ഇല്ലായിരുന്നു.

ബന്ധുവീട്ടുകളിലും സുഹൃത്തുക്കളുടെ ഇടയിലും ഒരു ഗൾഫുകാരന്റെ മകൻ എന്ന പേരെച്ചം, അരുൺ സേവ്യർ എന്ന എന്റെ പേരിനൊപ്പം ചേർന്ന് നിന്നിരുന്നു. എല്ലാ മാസവും സ്ഥിരമായി മണി ഓർഡറുകൾ ഒന്നും അമ്മയുടെ പേരിൽ വന്നിരുന്നില്ലെങ്കിലും രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിൽ 'അമ്മ വിജയിച്ചിരുന്നു.

സ്‌കൂളിൽ ക്‌ളാസ്സുകളിലെ മിടുക്കനായ വിദ്യാർത്ഥിയും ആയിരുന്നില്ല ഞാൻ. ക്രിക്കറ്റ് കളിക്കാനും സിനിമ കാണാനും കൂട്ടുകാരുമൊത്ത് സൊറ പറഞ്ഞിരിക്കാനും ആയിരുന്നു എനിക്ക് ഏറെ ഇഷ്ടം. പത്താം ക്‌ളാസ് കഴിഞ്ഞുകൂടിയത്, ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ  അത്ഭുതമായി തോന്നുന്നു. പത്താം ക്‌ളാസ് പരീക്ഷ ഫലം വന്നപ്പോൾ തന്നെ, അച്ഛന്റെ നിർദേശവും അമ്മയുടെ നിര്ബന്ധവും പാസ്സ്‌പോർട്ട് എടുക്കണം എന്നായിരുന്നു. എന്നെ എത്രയും വേഗം അച്ഛൻ ജോലി ചെയ്യുന്ന ലിഫ്റ്റ് ഓപ്പറേറ്റിംഗ് കമ്പനിയിലേക്ക് എത്തിക്കണം എന്നുള്ളതായിരുന്നു, രണ്ടുപേരുടെയും ആഗ്രഹം.

സ്‌കൂൾ കഴിഞ്ഞിട്ട് തുടർന്ന് പഠിക്കാനൊന്നും ഞാൻ പോയില്ല. 
ആഴ്ച്ച വറുതിയിൽ എത്തുന്ന അച്ഛന്റെ ട്രങ്ക് ഫോൺ കോളിൽ, വിസാ ഉടനെ ശരിയാക്കാം, ശരിയാവും എന്നുള്ള പല്ലവികൾ ആവർത്തിച്ചുകൊണ്ടിരുന്നു. ആ സമയത്തൊക്കെ അമ്മയുടെ മനസ്സിലെ കത്തുന്ന തീ ഞാൻ  കണ്ടില്ലെന്നു നടിച്ചു. അമ്മയുടെ ആധിയും ആശങ്കയും എന്നെകുറിച്ചായിരുന്നു.
മിക്ക ദിവസങ്ങളിലും ഞാൻ വീട്ടിലൊന്നും ഉണ്ടാവാറില്ലാ. വല്ലപ്പോഴും ഊണുകഴിക്കാൻ എത്തിയാലായി.
ഇടവഴികളിലും മൂന്നു കൂടുന്ന വഴിവക്കിലും വയലിടങ്ങളിലും മറ്റും പാടത്തെ പറവ പോലെ കറങ്ങി നടന്നു. കള്ളുഷാപ്പുകളും കടത്തിണ്ണകളും ഒന്നും എനിക്ക് അന്യമായിരുന്നില്ല.
ലക്ഷ്യമില്ലാത്ത ജീവിതമായിരുന്നു അപ്പോഴെക്കെ. ഉത്തരവാദിത്വങ്ങളോ പ്രത്യേകിച്ച് ചോദ്യങ്ങളോ ഇല്ലാത്ത ജീവിതം!

മിമിക്രിയോട് അഭിനിവേശം കൂടുന്നത് ആ കാലത്താണ്. സ്‌കൂളിലും സൗഹ്രദ സദസ്സുകളിലും ഒക്കെ സിനിമ നടന്മാരെയും പക്ഷി മൃഗാദികളെയും തീവണ്ടിയുടെയും  ശബ്ദവും ലക്ഷണവും അനുകരിക്കുമായിരുന്നുവെങ്കിലും അതൊന്നും ഒരു ജീവനോപാധി ആയി കണ്ടിരുന്നില്ല. നാട്ടിലെ അമ്പലത്തിലെ ഉത്സവ പറമ്പുകളിൽ, നാടക ഇടവേളകളിലെ അഞ്ചു നിമിഷങ്ങളിൽ എന്റെ കലാപ്രകടനങ്ങളുടെ കൊടിയേറ്റം ആയിരുന്നു.

ജീവിതം വഴിതെറ്റുന്നു എന്ന പരിഭവം ആദ്യം കേൾക്കുന്നതും അതൊരു സ്ഥിരം പഴിപറച്ചിലായി മാറുന്നതും, വല്ലപ്പോഴും ഒരു അഥിതിയെപോലെ വീട്ടിൽ എത്തുമ്പോൾ അമ്മയുടെ ശകാരങ്ങളിൽ നിന്നും ആണ്. പാസ്പോര്ട്ട് അപേക്ഷ അപ്പോഴും നടന്നുകൊണ്ടിരിക്കുന്നതെ ഉള്ളു. പതിനെട്ടു വയസ്സ് കഴിഞ്ഞാൽ വിസയുമായി എങ്ങോട്ടെങ്കിലും പറഞ്ഞുവിടാമായിരുന്നു. വല്ല അറബി നാട്ടിലും പോയി ഉപ്പുവെള്ളം കുടിച്ചു കിടക്കുമ്പോൾ അറിയുമല്ലോ ജീവിത പ്രാരാബ്ധങ്ങൾ എന്തൊക്കെ ആണെന്ന്. അമ്മയുടെ ദേഷ്യവും നിരാശയും എനിക്കുമേൽ എപ്പോഴും പെയ്തുകൊണ്ടെ ഇരുന്നു.

ആയിടക്കാണ് അച്ഛന്റെ നാട്ടിലേക്കുള്ള വരവ് ഉണ്ടായത്.
ആലോചിക്കുമ്പോൾ ദൗർഭാഗ്യമാണോ ഭാഗ്യമാണോ എന്നറിയില്ല,  അപ്പോഴേക്കും എന്റെ പാസ്പോര്ട്ട് കിട്ടിയിരുന്നു.
അച്ഛനുമായി ഫോണിലൂടെ പോലും അതികം സംസാരിച്ചിരുന്നില്ല. 'അമ്മ വഴി കിട്ടുന്ന ശകാരങ്ങളിൽ ആയിരുന്നു അച്ഛന്റെ സാന്നിദ്യം അറിഞ്ഞിരുന്നത്.
അന്ന്, അച്ഛൻ എന്നെ അടുത്ത് വിളിച്ചു പറഞ്ഞു... ഉടനെ കുവൈറ്റിലേക്ക് പോകുവാനുള്ള വിസാ ശരിയാവും. യാത്രക്കുള്ള തയാറെടുപ്പുകൾ ഉണ്ടാവണം. 

അച്ഛൻ, തിരികെ കുവൈറ്റിലേക്ക് പോകുമ്പോൾ, ഒപ്പം എന്നെയും കൂട്ടിയിരുന്നു.
ബ്രിട്ടീഷ് മുതലാളിമാരുടെ ഉടമസ്ഥതയിലുള്ള, ഒരു ലിഫ്റ്റ് ഓപ്പറേറ്റിംഗ് കമ്പനിയിൽ ആയിരുന്നു ജോലി.

അപരിചിതരായ ആൾക്കാർ, ലോകം, ഭാഷ!
കെട്ടിപൊക്കിയിരിക്കുന്ന മണിമാളികൾക്കുവേണ്ടിയുള്ള ഇലവേറ്റർ സംബന്ധമായ ജോലികൾ ആയിരുന്നു. നാട്ടിൽ നിന്നും വന്ന ഉടയാത്ത ശരീരം,അത്തരം ജോലികൾക്ക് ആവിശ്യം ആയിരുന്നുവെങ്കിലും, ഞാൻ വല്ലാതെ അസ്വസ്ഥനായിരുന്നു.

ആറു മാസം കഴിഞ്ഞപ്പോഴേക്കും അച്ഛൻ ജോലിയിൽ നിന്നും രാജിവെച്ചു, നാട്ടിലേക്ക് പോയി.
അച്ഛൻ തിരികെ പോകുമ്പോൾ മാത്രമാണ്, ഇത്രയും നാളും അച്ഛൻ ഈ മണലാരണ്യത്തിൽ അനുഭവിച്ച കഷ്ടപ്പാടുകളും വിഷമങ്ങളും മനസ്സിലായത്.
എന്റെ ഓർമയിൽ അവധിക്കു എത്തുന്ന അച്ഛന്, നല്ല അത്തറ് മണക്കുന്ന ഗന്ധം ആയിരുന്നു. കൈയ്യിലെ എരിയുന്ന വിലകൂടിയ ആറാമത്തെ വിരൽ എപ്പോഴും പുക വമിച്ചുകൊണ്ടിരുന്നു. പള്ളി പെരുന്നാളിനും ബന്ധുക്കളുടെ കല്യാണത്തിനും മറ്റും കൈഅയച്ചു സഹായിക്കുന്ന അച്ഛന്റെ മനസ്സിനെ ഏവരും ആദരിച്ചിരുന്നു.

നാട്ടിലേക്ക് തിരിച്ചുപോകുമ്പോൾ, ശൂന്യമായ കീശയും ചൂടുകൊണ്ട് പൊള്ളിയ നെറ്റിത്തടങ്ങളും കാലും വിറയ്ക്കുന്ന ശരീരവും മാത്രം ആയിരുന്നു അച്ഛന്റെ സമ്പാദ്യം.
അച്ഛൻ നാട്ടിലെത്തി, ഏറെ നാളും കഴിയും മുൻപേ എത്തിയ ഫോൺ കോളിന്റെ പശ്ചാത്തലം,നിർത്താതെ അലറിവിളിക്കുന്ന അമ്മയുടെയും ചേച്ചിമാരുടെയും ശബ്‌ദാരവങ്ങൾ ആയിരുന്നു. ആ ബഹളങ്ങൾക്കിടയിൽ നിന്നും ഊഹിച്ചിരുന്നു അച്ഛൻ നാട്ടിലേക്ക് പോകുമ്പോൾ കരുതിയ നിരാശയുടെയും സങ്കടത്തിന്റെയും പൂർത്തീകരണം. അന്തരീക്ഷത്തെ കലുഷിതമാക്കിയ കരച്ചിൽ, ജീവിതത്തിൽ നിന്നും ഒളിച്ചോടുകയോ രക്ഷപെട്ടോ പോയ അച്ഛനെക്കുറിച്ചുള്ള വേദന ആയിരുന്നു. കിടപ്പുമുറിയിലെ ഫാനിൽ അച്ഛൻ ജീവനൊടുക്കുമ്പോൾ, പറക്കാൻ തുടങ്ങിയ എന്റെ ചിറകുകൾ തളർന്നു പോയിരുന്നു.

നാളെ എന്ത് എന്നുള്ള ചിന്തക്കപ്പുറം, രണ്ടു സഹോദരിമാരുടെ ജീവിതവും അമ്മയുടെ കണ്ണീരും എന്റെ മുന്നിൽ വലിയൊരു ചോദ്യമായി നിലകൊണ്ടു.

ഏത് കവലയിൽ വെച്ചാണ്, വീണ്ടും ജീവിതം തിരിഞ്ഞു പോകുന്നത് അറിയില്ലായിരുന്നു.
തോറ്റുകൊടുക്കാൻ സമ്മതമല്ലാത്ത ഒരു മനസ്സും ഉറച്ച ശരീരവും ധൈര്യവും എന്റെ മുന്നോട്ടുള്ള യാത്രക്ക് കരുത്തും കൂട്ടും ആയിരുന്നു.  ഒരു പത്താംക്‌ളാസ്സുകാരന്റെ പഠനനിലവാരവും ഭാഷ നിപുണതയും എന്റെ മുന്നോട്ടുള്ള സഞ്ചാരത്തിന് തടസ്സമാകരുത് എന്ന് വാശി ഉണ്ടായിരുന്നു. ഞാൻ എന്റെ ജോലിയെ സ്നേഹിച്ചു തുടങ്ങി, എന്റെ ജീവിതം ഇനി തുടങ്ങണമെന്നും അതിനു കയറിപോകുവാനുള്ള മാർഗമാണ് എന്റെ മുന്നിൽ  ഇവിടെ കാണുന്ന മണിമാളികകൾ എന്നും എനിക്ക് ബോധ്യമായി തുടങ്ങി.

ജോലിയിലെ തുടക്കം വളരെ ആശങ്കകളോടെ ആയിരുന്നുവെങ്കിലും, അതിന്റെ തുടർച്ചയുടെ വേഗതക്കു തടസ്സങ്ങളെ ഇല്ലായിരുന്നു.
പതുക്കെ കാലം മുന്നേറുമ്പോൾ, സഹോദരിമാരുടെ വിവാഹവും എന്റെ വിവാഹ ആലോചനകളും നടക്കുന്നുണ്ടായിരുന്നു.
ആയിടക്കാണ്, ജീവിതം മറ്റൊരു ലോകത്തേക്ക് പറിച്ചു നേടുവാനുള്ള ഭാഗ്യവും ഉണ്ടാകുന്നത്. 
ഞങ്ങളുടെ സ്ഥാപനത്തിന്റെ പ്രധാന ഓഫീസ് സ്ഥിതിചെയ്യുന്നത് ലണ്ടനിൽ ആണ്. 
അവരുമായുള്ള നിരന്തര സമ്പർക്കത്തിലാണ്, തെരേസ സ്റ്റീഫനെ പരിചയപ്പെടുന്നത്. ലണ്ടൻ ഓഫീസിലെ ഹ്യൂമൻ റിസോർട്സ് വകുപ്പിലായിരുന്നു അവരുടെ ജോലി.
തെരേസയാണ് എനിക്ക് ലണ്ടനിലേക്കുള്ള വഴി തുറന്നു തന്നത്.

അപ്പോഴേക്കും എന്റെ രണ്ടു സഹോദരിമാരുടെ വിവാഹവും എന്റെ വീടിന്റെ വെഞ്ചരിക്കൊലും കഴിഞ്ഞിരുന്നു.

**********************************************************

2

തെരേസ സ്റ്റീഫൻ തെളിച്ചുതന്ന വഴിയിലൂടെ പതുക്കെ നടന്നു തുടങ്ങി.
കാലിടറാതെ കാലൊച്ചകൾ കേൾപ്പിക്കാതെ ഞാൻ ലണ്ടനിൽ എത്തി.
ജോലിയിലോ ജോലി ചെയ്യുന്ന കമ്പനിയിലോ വ്യെതിസം ഒന്നും ഇല്ലായിരുന്നു. എങ്കിലും ഭാഷ തുടക്കത്തിൽ വളരെ ഏറെ ബുദ്ധിമുട്ടിച്ചു. അതൊന്നും എന്റെ സ്വപ്നങ്ങളിലേക്ക് എത്തിപ്പെടാനുള്ള തടസങ്ങൾ ആയിരുന്നില്ല. അത്തരം സാഹചര്യങ്ങളെ ഞാൻ പുതിയ അവസരങ്ങളാക്കി മാറ്റികൊണ്ടിരുന്നു.
പതിയെ ഭാഷ ഒരു കീറാമുട്ടി അല്ലാതെ ആയി.

അമ്പല പറമ്പുകളിൽ ഉപേക്ഷിച്ച അനുകരണ കലയും സ്റ്റേജ് പ്രകടങ്ങളും പുനരാരംഭിക്കാനുള്ള ഏറ്റവും നല്ല അവസരവും കിട്ടിയതും ലണ്ടനിൽ നിന്നുമാണ്.
മലയാളി അസ്സോസിയേഷനുകളിലെ പ്രകടനങ്ങളിലൂടെ മിമിക്രിയും നാടകവും ഗായകനും ഒക്കെ ആയി അരങ്ങു തകർത്തുകൊണ്ടിരുന്നു.

ജീവിതം തണൽ വിരിച്ചു തുടങ്ങിയെന്നു തോന്നിയ സമയം തന്നെ ആണ്, അമ്മ നാട്ടിൽ എനിക്ക് വേണ്ടി പെൺകുട്ടിയെ അന്നെഷിച്ചു തുടങ്ങിയത്.

ലണ്ടനിലേക്ക് കൊണ്ടുവരുവാൻ പറ്റിയ ഒരു പെൺകുട്ടി ആയിരുന്നുവെങ്കിൽ നന്നായേനെ...
അതിപ്പോൾ...ഏവരും തേടുന്നത് നഴ്സുമാരെ ആണല്ലോ....
എന്റെ പ്രകൃതത്തിനും വിദ്യാഭ്യാസത്തിനും അനുസരിച്ചു, ഒരു നേഴ്സ് എന്റൊപ്പം വരുമോ....
ഒരു ജോലി ഉണ്ടെങ്കിലും ഭാഷ നൈപുണ്യവും വിദ്യാഭാസവും ഒക്കെ പെൺകുട്ടികൾ പരിഗണിക്കില്ലെ...

അമ്മയുടെ അന്നെഷണത്തിനു ഒടുവിലാണ്, നഴ്സിംഗ് ഡിഗ്രി ഉള്ള രേഷ്മ മേരി വർഗീസിനെ വധുവായി സ്വീകരിക്കുന്നത്. നാട്ടുസമ്പ്രദായം തെറ്റിക്കാതെയുള്ള കല്യാണത്തിന് ഒടുവിൽ, ഞങ്ങൾ ഇരുവരും ലണ്ടനിലേക്ക് തിരിച്ചു.

അഞ്ചു വര്ഷം തുടർച്ചയായി നിന്നാലേ പൗരത്വം കിട്ടൂ.
രണ്ടു പേർക്കും ജോലി ഉണ്ടായിരുന്നുവെങ്കിൽ അല്ലലില്ലാതെ കഴിയുമായിരുന്നു. രേഷ്മക്കു ജോലി ശരിയാവാതെ ആയിരുന്നുവല്ലോ, ലണ്ടനിലേക്ക് കൊണ്ടുവന്നത്.

എന്നെ പിന്തുടരുന്ന ഭാഗ്യമാവാം, ഏറെ അന്നെഷണത്തിനും ശ്രമത്തിനും ശേഷം രേഷ്മക്കു അവൾ പഠിച്ച മേഖലയിൽ തന്നെ ജോലി ലഭിച്ചു. അതൊരു വലിയ അനുഗ്രഹമായിരുന്നു, അപ്പോഴേക്കും എന്റെ ജോലിയിലെ സമ്മർദ്ദം കൂടിവരുകയും, ആഭ്യന്തര രാഷ്ട്രിയവും മറ്റും എന്റെ ജോലിയെയും നിലനിൽപ്പിനെ തന്നെ ബാധിക്കുകയും ചെയ്തു തുടങ്ങിയ സമയമായിരുന്നു. മാത്രവുമല്ല പൗരത്വത്തിലേക്ക് എത്തുവാൻ വളരെ ഏറെ ദൂരവുമുണ്ടായിരുന്നു. ഒരാളുടെ ശമ്പളം കൊണ്ട്, ജീവിതം മുന്നോട്ടു നീങ്ങുവാൻ ബുദ്ധിമുട്ടായി തുടങ്ങിയ സമയത്തു തന്നെ രേഷ്മക്കു ജോലി ലഭിച്ചത് ആ അർത്ഥത്തിൽ വലിയൊരു അനുഗ്രഹം തന്നെ ആയിരുന്നു.

ജീവിതം പതുക്കെ പച്ചപ്പ്‌ കണ്ടു, കരകയറി തുടങ്ങി.
പൗരത്വം ശരിയായതൊടപ്പം രണ്ടു പെൺകുട്ടികളുടെ അച്ഛനുമായി.
അതിനിടയിൽ തന്നെ മറ്റു ഇന്ത്യൻ സുഹൃത്തുക്കളുമായി ചേർന്ന്, ഒരു കലാവേദി സംഘടിപ്പിച്ചു. ജീവിതത്തിന്റെ ദർശനം മുഴുവൻ അതിൽ ഉണ്ടായിരുന്നു, അതിനാൽ അതിനെ ദർശനാ കലാവേദി എന്നും വിളിച്ചു.

രേഷ്മയുടെ  ആഗ്രഹപ്രകാരം, അവളുടെ മാതാപിതാക്കളെയും ലണ്ടനിൽ കൊണ്ടുവരുവാനും കുറെ നാൾ കൂടെ താമസിപ്പിക്കാനും കഴിഞ്ഞു.

അപ്പോഴും ഞാൻ കരുതിയിരുന്നില്ല, എന്റെ ജീവിതം കൈവിടാൻ പോകുകയാണെന്ന്, എന്റെ സന്തോഷങ്ങൾ നഷ്ടപ്പെടുവാൻ തുടങ്ങുകയാണെന്ന്!



**********************************************************

3


രേഷ്മയുടെ എന്നോടുള്ള പെരുമാറ്റത്തിൽ അകൽച്ച ശ്രദ്ധിച്ചു തുടങ്ങിയത് എപ്പോഴാണ് എന്നറിയില്ല.
എന്നിൽ നിന്നും ഒഴിവായി പോകുന്നതുപോലെ.
സംസാരത്തിൽ, സമീപനത്തിൽ എല്ലാം ഒഴിവാക്കലാണോ പിശുക്കലാണോ?
എന്റെ മുഖത്ത് നോക്കുന്നത് തന്നെ അപൂർവമായി തുടങ്ങി.
എവിടേയോ എന്തോ....നഷ്ടപെടുന്നതുപോലെ.
അവൾ എന്നോട് സംസാരിക്കുന്നത് കുറഞ്ഞു. അഥവാ സംസാരം കുട്ടികളിലൂടെ ആയി.
ഭാര്യ ഭർത്വാ ബന്ധം തന്നെ അന്യമായി തുടങ്ങി.

എവിടെ ആണ് പിഴച്ചത്.
എന്താണ് കുടുംബ ജീവിതത്തിൽ സംഭവിക്കുന്നത്.
ഞങ്ങൾക്കിടയിലേക്ക് ആരാണ് കടന്നു കയറിയിരിക്കുന്നത്.
എനിക്ക് എന്നെ തന്നെ നഷ്ടപെടുന്നതുപോലെ തോന്നി.

സുരേഷ് ഗോപി  ചിത്രത്തിലെ പ്രസിദ്ധമായ സംഭാഷണം പോലെ തന്നെ ചോദിക്കട്ടെ,ഓർമിക്കിന്നുണ്ടോ രേഷ്മാ മേരി, നിന്നെ ആദ്യമായി കേൾപ്പിച്ച കാസറ്റ് പാട്ട്. അതൊരു ഓണപാട്ടായിരുന്നു.
നീ മുൻപൊരിക്കലും കേട്ടിട്ടില്ലാത്ത ആ പാട്ട്, എന്റെ മൊബൈലിൽ നിന്നും കേൾപ്പിക്കുമ്പോൾ, അന്ന് കുറെയേറെ തവണ നീ ആവർത്തിച്ച് കേട്ടിരുന്നു.
"മുടിപ്പൂക്കൾ വാടിയാലും, ഓമലെ, നിന്റെ ചിരിപ്പൂക്കൾ വാടരുതെ. " ഓർക്കുന്നുണ്ടോ നീ ?

എന്തുകൊണ്ടാണ് നിനക്ക് ഞാനൊരു അന്യനായി തോന്നുന്നത്, മാറിയത് ?
എന്താണ് എന്റെ ഭാഗത്തു നിന്നും ഉണ്ടായ തെറ്റ്?
നീ ഇങ്ങനെ നിശബ്ദമായി എന്നെ ഒഴിവാക്കി തുടങ്ങിയാൽ, എനിക്കെങ്ങനെ എന്റെ തെറ്റുകൾ മനസ്സിലാക്കുവാൻ കഴിയും.
നിനക്ക് ഇഷ്ടമില്ലാത്തത് എന്തെങ്കിലും ഞാൻ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ, പറഞ്ഞിട്ടുണ്ടെങ്കിൽ, തുറന്നു പറയ്. നീ പറയാതെ എനിക്കെങ്ങനെ അറിയുവാൻ കഴിയും?

രേഷ്മാ, നിന്റെ നിശബ്ദത എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു!
നിന്റെ ചിരി മാത്രമല്ലാ രേഷ്മാ, മനവും വാടിയിരിക്കുന്നു!

അവളുടെ ഈ കഴിഞ്ഞ കുറെ നാളുകളായുള്ള സംഭാഷണങ്ങൾ ഒക്കെ വീണ്ടും മനസ്സിലിട്ടു ആലോചിച്ചു തുടങ്ങി.
ഞാൻ അവളോട് എന്തെങ്കിലും അനാവശ്യമായി പറഞ്ഞുവോ?
എന്തെങ്കിലും തെറ്റ് ചെയ്തുവോ?

അവൾക്കു ജോലി കിട്ടിയതിനു ശേഷമാണോ, ഇത്തരം സമീപനം എന്നോട് കാണിച്ചു തുടങ്ങിയത്?
എന്നെക്കാട്ടിലും കൂടുതൽ യോഗ്യതകൾ ഉള്ള അവൾക്കു, വെറും ഒരു പത്താം ക്ലാസ്സ്കാരനെ വിവാഹം ചെയ്തു, ലണ്ടനിൽ വരേണ്ടി വന്നു, ഒരു ജോലി കിട്ടാൻ!. അങ്ങനയോ മറ്റോ അവൾ ചിന്തിക്കുന്നുവോ?
ഭാഷ ശുദ്ധിയില്ലാത്ത എന്നോടപ്പം കൂടുമ്പോൾ, മറ്റു ആളുകളെ പരിചയപ്പെടുന്ന വേളയിൽ, അവളുടെ ദേഹം ഉരുകുന്നുണ്ടോ, അവൾ ചെറുതായി പോകുന്നുണ്ടെന്നു സ്വയം തോന്നുന്നുണ്ടോ?

രേഷ്മയുടെ അച്ഛനും അമ്മയും ലണ്ടനിൽ വന്നിട്ട് പോയതിനു ശേഷമാണോ, അവൾക്കു എന്നോടൊരു വെറുപ്പ് തോന്നി തുടങ്ങിയത്?
നാട്ടിൻപുറ കാഴ്ച്ചയിൽ, വർഗ്ഗ കള്ളിയിൽ താഴെ നിൽക്കുന്ന,  ഒരു ജോലിക്കാരന്റെ ഭാര്യയായി കഴിയുക!. അയാളെക്കാളും കൂടുതൽ വിദ്യാഭ്യാസം ഉണ്ടായിട്ടും, അയാളുടെ ചെലവിലും ശ്രമത്താലും ജോലി നേടുക. മാത്രമല്ലാ, അയാളുടെ ചിലവിൽ, സ്വന്തം അച്ഛനെയും അമ്മയെയും ജോലി സ്ഥലത്തേക്ക് കൊണ്ടുവരുക!
രേഷ്മ, നിനക്ക് നിന്നെ നഷ്ടപെടുന്നുണ്ടോ?
നിന്റെ ഉള്ളിൽ, നീ വളരെ ചെറുതായി ചിന്തിച്ചു തുടങ്ങുന്നുവോ?

രേഷ്മാ, നിന്നെ എനിക്ക് ഉപേക്ഷിക്കുവാൻ കഴിയുന്നില്ല. 
ദിശതെറ്റി നിൽക്കുന്ന നിന്നെ എനിക്ക് തിരിച്ചുപിടിക്കണം.
അതിനുവേണ്ടി, ഡോക്ടർ സണ്ണിയെപ്പോലെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചെന്നിരിക്കും.
സാറ്റലൈറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചെന്നിരിക്കും.
ആ ചിന്ത എന്നെ കീഴടക്കി കഴിഞ്ഞ അവസരത്തിലാണ് പുതിയൊരു മാർഗത്തിലൂടെ അവളുമായി സംസാരിച്ചു തുടങ്ങിയത്.
രേഷ്മക്കു എന്നോട് നേരിട്ട് സംസാരിക്കുന്നതിലെ ഉള്ളു  വൈമനസ്യം. എനിക്കവളുമായി സംസാരിക്കാൻ ബുദ്ധിമുട്ടില്ലാത്തടത്തോളം, എനിക്ക് മറ്റു മാർഗങ്ങളും അവലംബിക്കാമല്ലോ.

അപരനാമത്തിൽ ചാറ്റ് അഡ്രസ് ഉണ്ടാക്കി,ഫെയ്സ്ബൂക് മെസ്സഞ്ചർ വഴി രേഷ്മയുമായി സംസാരിച്ചു തുടങ്ങി!
വെയിൻ സ്റ്റോൺ എന്ന പാശ്ചാത്യ പേരിനുള്ളിലേക്ക് അരുൺ സേവ്യറിന്റെ അസ്തിത്വം ഒളിപ്പിച്ചുവെച്ചു.
രേഷ്മയുമായി ചങ്ങാത്തത്തിൽ ആകുവാൻ വെയിൻ സ്റ്റോണിനു കുറെയേറെ പരിശ്രമം വേണ്ടിവന്നു.
ഓരോ ദിവസവും ആവർത്തിക്കുന്ന സുപ്രഭാത ശുഭരാത്രി സന്ദേശങ്ങൾക്ക് പ്രതീക്ഷ നിർഭരമായ മറുപടികൾ ആയിരുന്നു കിട്ടികൊണ്ടിരുന്നത്.
വ്യെക്തിപരമായ സംഭാഷണങ്ങളിലേക്ക് കടക്കുമ്പോഴൊക്കെ രേഷ്മ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. അവൾ വളരെ ഉപരിപ്ലവമായി സംസാരിക്കുന്നുവെങ്കിലും, കുടുംബ ജീവിതത്തെക്കുറിച്ചോ ഭർത്താവിനെകുറിച്ചോ ഒക്കെയുള്ള സംഭാഷണങ്ങളിൽ കൃത്യമായ അകലം പാലിച്ചിരുന്നു.
വളരെ കുറഞ്ഞ ആഴ്ചകൾക്കുളിൽ തന്നെ ശക്തമായ ഒരു സൗഹ്രദം ഫെയ്സ്ബൂക് മെസ്സഞ്ചറിലൂടെ ഉണ്ടാക്കി എടുക്കുവാൻ കഴിഞ്ഞു.

അവളുമായി സംസാരിക്കുമ്പോഴൊക്കെ, എന്റെ ഭാഷയും സംവേദനവും ചടുലവും ശക്തവുമായിരുന്നു. അവളുടെ ആ ഉയർന്ന നിലവാരത്തിൽ തന്നെ എനിക്കും മറുപടി കൊടുക്കുവാൻ കഴിഞ്ഞിരുന്നു.ഒരുവേള, ഞാൻ തന്നെ അതിശയിച്ചു, ഈ ഭാഷ എന്റേത് തന്നെ ആണോ?

നേരിട്ട് കാണണം എന്ന് പറഞ്ഞത് അവളായിരുന്നു.
'വെയിൻ,നമുക്കൊരു കോഫി കുടിക്കാൻ പോയാലോ?'
" പോകാം, രേഷ്മ തന്നെ സമയവും സ്ഥലവും കുറിച്ചുവെച്ചോളു"

" ലണ്ടൻ ബ്രിഡ്ജിനു അരികിലുള്ള സ്റ്റാർ ബക്സസിൽ പോയാലോ?, രേഷ്മയുടെ വീടും അവിടെ ആ ഭാഗത്താണല്ലോ, അല്ലെ ?"

സമയവും സ്ഥലവും രേഷ്മ തന്നെ സമ്മതിച്ചുവെങ്കിലും ജോലിത്തിരക്കുകളുടെയും യാത്രകളുടെയും പേരിൽ കണ്ടുമുട്ടൽ പരമാവധി നീട്ടിവെച്ചുകൊണ്ടിരുന്നു.

വഴിതെറ്റി പോയ ജീവിതത്തിന്റെ മൂലകാരണം തേടിയാണ്, ഞാനിങ്ങനെ അവളുമായി സംസാരിച്ചു തുടങ്ങിയത്.
വെയിനിനോട് സംസാരിക്കുമ്പോൾ ഒരിക്കലും രേഷ്മ, അവളുടെ ഭർത്താവിനെ കുറ്റം പറയുകയോ അവൾ കൊടിയ നിരാശയിലോ അസ്വസ്ഥതയിലോ ആണെന്ന് പറയുകയോ ചെയ്തില്ല.
പക്ഷേങ്കിലും ചിലതു മനസ്സിലാക്കിയിരുന്നു, അവൾക്കു ഒരു കൂട്ട് വേണമെന്നുള്ളത്, സ്വാന്തനവും സഹായവും സ്നേഹവും ആഗ്രഹിക്കുന്നുവെന്ന്.
അവളുടെ ഭർത്താവുമായുള്ള സംസാര രസതന്ത്രം നഷ്ടപെട്ടിരിക്കുന്നുവെങ്കിലും, അവൾക്കു അയാളോട് വെറുപ്പൊന്നും ഇല്ലാ.
അവൾ അയാളെ സംസാരത്തിൽ നിന്നും മാത്രമേ ഒഴിവാക്കുന്നുള്ളു, ജീവിതത്തിൽ നിന്നും ഒഴിവാക്കണം എന്നുള്ള ചിന്തകൾ ഇതുവരെ വന്നിട്ടില്ല.


എവിടേയോ എപ്പോഴോ സംഭവിച്ചൊരു സൗന്ദര്യ പിണക്കം.
ഒരുപക്ഷെ, ഒരു നീണ്ട യാത്രയുടെ അവസാനമോ, ഒരു തുറന്നു പറച്ചിലിന്റെ അന്ത്യത്തിലോ, പരസ്പരം കെട്ടിപ്പുണർന്ന്,നെറ്റിയിൽ ചുംബിച്ചു തീർക്കാവുന്ന പ്രശ്നങ്ങളെ  ഉള്ളൊന്നു തോന്നുന്നു.
അതിനൊക്കെ ഞാൻ തയ്യാറാണെങ്കിലും,എവിടെയാണ് ആ തുടക്കം വേണ്ടത്? ആരായിരിക്കും അതിനു മുൻകൈ എടുക്കുക?

വെയിനിന്റെ സാന്നിധ്യവും സൗഹ്രദവും നിലനിൽക്കണമെന്ന് രേഷ്മ ആഗ്രഹിച്ചു തുടങ്ങുന്നുവെന്ന് മനസ്സിലായി.
അയാൾ അവൾക്കൊരു ആശ്വാസമായി മാറിയിരിക്കുന്നു. അവൾ ഒരു തുരുത്തായിരുന്നു. ഒറ്റപ്പെട്ടുപോയ തുരുത്ത്. അവിടേക്കു പറന്നടുത്തൊരു ദേശാടനപക്ഷിയാണ് വെയിൻ.
അടക്കി വെച്ചിരിക്കുന്ന മനസ്സിന്റെ മൂടി അവൾ തുറക്കുന്നില്ല, എങ്കിലും, അയാളുമായിട്ടുള്ള സംസാരം അവളെ ഊഷ്മളയാക്കുന്നുണ്ട്, സന്തോഷവതിയാക്കുന്നുണ്ട്.

വീടിനു പുറത്തുവെച്ചും, ഓഫീസിൽ നിന്നുകൊണ്ടും വെയിനായി രേഷ്മയായി സംസാരിച്ചു, വീട്ടിൽ എത്തുമ്പോൾ, ഒരു കട്ടിലിന്റെ രണ്ടറ്റത്തേക്ക് അപരിചിതരായി ഉറങ്ങേണ്ടിവരുന്ന
വിധിവൈപരീത്യം എന്നെ ഏറെ വിഷമിപ്പിക്കാതെയും ഇരുന്നില്ല. 
കിടക്കയിലും വീട്ടിലും ഞങ്ങൾ അപരിചതരായി തുടർന്നു.

വെയിന്റെ സംഭാഷണ ഓർമ്മകൾ പോലും അവളെ പുഞ്ചിരിപ്പിക്കുന്നു എന്ന് തോന്നി.
ജീവിതം പ്രതീക്ഷയാണല്ലോ രേഷ്മ.
നാളെ എപ്പോഴെങ്കിലും നമുക്ക് കണ്ടുമുട്ടേണ്ടിവരും.
ഞാനാ പ്രതീക്ഷയിലാണ് ജീവിക്കുന്നത്.

വെറും ചില ഭ്രമങ്ങളിൽ ആയിരുന്നു ഞാനെന്റെ ജീവിതം തുടങ്ങിയത്.
പക്ഷെ, അത് മുന്നോട്ടു പോകുംതോറും മനസ്സിലായി, ആ ഭ്രമത്തിനപ്പുറം ചില യാഥാർഥ്യങ്ങൾ ഉണ്ടെന്നു.
ഞാൻ എന്റെ ഭാര്യയെ സ്നേഹിക്കുന്നതിനേക്കാളും, രേഷ്മ, നീ നിന്റെ ഭർത്താവിനെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നു.
അയാളെന്തോ കടപ്പാടുകൾ ചെയ്തു എന്നുള്ള ചെറിയ ചിന്തകളാണ് നിന്നിലുള്ള നിരാശ.
അയാൾ ചെയ്തത് അയാളുടെ ഉത്തരവാദിത്വങ്ങൾ ആയിരുന്നു. അത് നിന്നോടുള്ള കടപ്പാടായിരുന്നില്ല, നിന്നോടുള്ള സ്നേഹം ആയിരുന്നു. നീ തന്നെ ആയിരുന്നു, അയാൾക്ക്‌ ജീവിതം സ്വപ്നവും ഭാവിയും.
നിന്നിലേക്ക് അയാൾ നീട്ടിയ സ്നേഹം മുൻവിധികളോടെ ആയിരുന്നില്ല.
നിന്നിലാണ് അയാളുടെ അഭയം.
അയാൾ ജീവിക്കുന്നത് .നിനക്ക് വേണ്ടിയാണ്.
രേഷ്മ, നീ ആ സ്നേഹത്തെ റദ്ദ് ചെയ്യരുത്.

രേഷ്മ, നമ്മൾ പറഞ്ഞുറപ്പിച്ചതുപോലെ, എനിക്ക് നിന്നെ കാണുവാൻ കഴിയുമോ എന്നറിയില്ല.
ഞാൻ വെയിനെന്ന വെയിൽ(veil) നീക്കുകയാണ് എന്ന് പറഞ്ഞുകൊണ്ട് സംഭാഷണം അവസാനിപ്പിക്കാൻ ശ്രമിച്ചു.

എന്റെ മെസ്സേജുകൾക്കൊന്നും മറുപടി ഇല്ലാതെ നിന്നു.
സംസാര മദ്ധ്യേ അവൾ എവിടെ പോയിട്ടുണ്ടാവും?
രേഷ്മാക്കിന്നു രാത്രി ഡ്യൂട്ടിയാണ്. കുട്ടികൾ സ്‌കൂളിൽ നിന്നും വന്നിട്ടും ഉണ്ടാവില്ല.
വീട്ടു ജോലികൾ എല്ലാം കഴിഞ്ഞു എന്നാണ് കുറച്ചു മുൻപേ പറഞ്ഞത്.
അപ്പോൾ അവൾ എന്തെടുക്കുക ആവും?
തുടർന്നുള്ള സന്ദേശങ്ങളും ഉത്തരം ഇല്ലാതെ ചാറ്റ്ബോക്സിൽ അനാഥമായി കിടന്നു.

ഉള്ളിൽ ഉണ്ടായ,ആകാംഷയാണ്, എത്രയും പെട്ടെന്നു വീട്ടിലേക്ക് പോകണമെന്ന് തീരുമാനിച്ചത്.

വാഹനം പാർക്ക് ചെയ്തു, പ്രധാന കതകിനു അടുത്തേക്ക് എത്തുമ്പോഴും അകത്തു ആളനക്കത്തിന്റെ ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല.
അടുക്കള ഭാഗത്തെ പുകക്കുഴലിൽ നിന്നും ഘനരൂപത്തിൽ പുക മുകളിലേക്ക് പോയ്കൊണ്ടിരുന്നു.
പുറത്തുവെച്ചിരിക്കുന്ന അക്വറിയത്തിൽ, ഇന്നലെ കൊടുത്ത ആഹാരത്തിന്റെ അവശിഷ്ടങ്ങൾ കിടക്കുന്നു.
കോളിങ് ബെൽ അടിക്കാതെ തന്നെ കതകു തുറന്നു അകത്തേക്ക് കയറി.

രേഷ്മയുടെ സാന്നിദ്യം അവിടെങ്ങും കണ്ടില്ല.
പുറത്തുപോയി വരുമ്പോൾ, കതകു തുറന്നു, രേഷ്മാ എന്ന് വിളിച്ചു കയറുന്ന പതിവ് നഷ്ടപെട്ടിട്ടു മാസങ്ങളാവുന്നു.
എങ്കിലും ഉത്കണ്ഠാ കാരണം, ഉറക്കെ വിളിക്കാതിരിക്കാൻ കഴിഞ്ഞില്ല.
അവൾ പതിവായി ഇരിക്കാറുള്ള കുട്ടികളുടെ ലൈബ്രറിയിൽ നോക്കി, വായിച്ചു മടക്കിവെച്ചിരിക്കുന്ന ലൂക്കോയുടെ സുവിശേഷം ആറാം അധ്യായം!
ഒഴിഞ്ഞു കിടക്കുന്ന കസേര!
പുകഞ്ഞുകൊണ്ടിരുന്ന അടുക്കളയിലേക്ക് നോക്കി.
ഇല്ലാ, അവിടെയും ഇല്ലാ. 
രേഷ്‌മ ....രേഷ്‌മാ .....എന്റെ അലർച്ച ഉയർന്നുകൊണ്ടിരുന്നു.....
വെള്ളം ഇറ്റിറ്റു വീഴുന്ന ശബ്ദം കേൾക്കാം...
കുളിമുറിയിൽ നിന്നും ആണോ....?
ബെഡ്‌റൂമിൽ കുളിമുറിയിൽ നിന്നും ആണല്ലോ....!

കരഞ്ഞു കലങ്ങിയ കണ്ണുകളിൽ നിന്നും കണ്ണുനീര് അപ്പോഴും ഒഴുകുന്നുണ്ടായിരുന്നു.
പടർന്നു കിടക്കുന്ന മുടികൾ മുഖത്തേക്ക് വീഴുന്നു...
രേഷ്മാ എന്ന എന്റെ അലർച്ചയിൽ, അവളെന്നെ കെട്ടിപിടിച്ചു.
എന്റെ നെഞ്ചിലേക്ക് അവൾ തലകൊണ്ട് ഇടിച്ചു....കരഞ്ഞു.
ഞാനവളുടെ നനഞ്ഞ കവിളുകൾ കവർന്നെടുത്തു.
മുടിയൊതുക്കി, നെറ്റിയിൽ ചുംബിച്ചു...
ചുണ്ടുകളിൽ കഴിഞ്ഞ കുറെ നാളത്തെ നിരാശയും സങ്കടവും ആശങ്കകളും പിണച്ചുവെച്ചു....
അവളെന്നെ, അവളുടെ ശരീരത്തിലേക്ക് അമർത്തിവെച്ചുകൊണ്ടിരുന്നു....

" ക്ഷമിക്കണം...ഞാൻ നിന്നെ വിഷമിപ്പിച്ചിട്ടുണ്ടോ...ഞാൻ നിന്നോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ....പറയ് രേഷ്മേ...പറയ്...എല്ലാത്തിനും മാപ്പ്! എനിക്കെന്റെ പഴയ രേഷ്മേ വേണം. മുടിച്ചുരുളുകളിൽ തലോടി കഥകൾ പറയുന്ന...കുശുമ്പി....പിശുക്കി രേഷ്മേയെ.....ഞാൻ നിന്നോട് അറിഞ്ഞോ അറിയാതയോ എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ...പറഞ്ഞിട്ടുണ്ടെങ്കിൽ പൊറുക്കണം! മറക്കണം! " 
" നീ എന്നെ സ്നേഹിക്കില്ലേ....നീ എന്റേതായി തന്നെ തുടരില്ലേ "

എന്റെ ശരീരത്തെ വീണ്ടും  അവളിലേക്ക് അമർത്തിക്കൊണ്ടായിരുന്നു അവളുടെ മറുപടിയും. " ഞാനല്ലേ അരുണിനോട് മാപ്പ് പറയേണ്ടത്. ഞാൻ എന്തോ....എനിക്കറിയില്ല....എനിക്കെന്താണ് സംഭവിച്ചത് എന്ന്....ഞാൻ വളരെ അങ്ങ് നിരാശയിലാണ്ടു....എങ്ങോട്ടെങ്കിലും ഒന്ന് ഓടിപോയാലോ എന്നാലോചിച്ചു....അപ്പോൾ ...അരുൺ ........തടസം....കുട്ടികൾ....കുട്ടികളുടെ മുഖം എന്നെ പിന്തിരിപ്പിച്ചു....എനിക്കറിയില്ല അരുൺ, എനിക്ക് എന്ത് പറ്റിയെന്നുള്ളത്. നിന്നിൽ നിന്നും ഞാൻ അകലാൻ ശ്രമിച്ചത് എന്തുകൊണ്ടാണ്...എനിക്കറിയില്ല. നിന്നെ ഞാൻ വെറുക്കാൻ ശ്രമിച്ചിട്ടും...അകലാൻ ശ്രമിച്ചിട്ടും ...നീ എന്നോട് കാണിച്ച സഹനതയാണ് പിന്നെയും എന്നെ അതിശയിപ്പിച്ചത്....നീ ആരാണെന്നും ...നീ എനിക്ക് ആരാണെന്നും പറഞ്ഞു തരുവാൻ വെയിനായി നീ വരേണ്ടി വന്നുവല്ലോ...."

" എന്റെ വാശി ആയിരുന്നു രേഷ്മ, നിന്നെ ഞാൻ ഉപേക്ഷിക്കില്ല എന്നുള്ളത്. നിന്നെ എനിക്ക് ഉപേക്ഷിക്കാൻ കഴിയില്ലായിരുന്നു എന്ന് പറയുന്നതാവും ശരി. കുരുങ്ങിക്കിടക്കുന്ന ജന്മാന്തര ബന്ധങ്ങളോ വിധിയോ ആവും. ഒരു നിഷേധത്തിനും നിരാസത്തിനും വിട്ടുകൊടുക്കുവാൻ കഴിയുന്നതായിരുന്നില്ല എനിക്ക് നിന്നോടുള്ള സ്നേഹം. അത് നിനക്ക് പറഞ്ഞു തരുവാൻ, എനിക്ക് വെയിൻ സ്റ്റോൺ ആകേണ്ടി വന്നു."
" മാപ്പ് ...എല്ലാത്തിനും മാപ്പ്...! വീണ്ടും ഞാൻ പറയുന്നു, നിന്നെ എപ്പോഴെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ്."

രേഷ്മ വലതു കരം കൊണ്ട് അരുണിന്റെ ചുണ്ടുകളിൽ അമർത്തി അരുതെന്നു വിലക്കി, അപ്പോഴും മരം പെയ്യുന്നതുപോലെ അവളുടെ കണ്ണുകൾ നിറഞ്ഞു കിടന്നു.
ക്ഷണനേരംകൊണ്ടു അവന്റെ ചുണ്ടുകൾ, അവളുടെ ചുണ്ടുകളെ പിണച്ചുകഴിഞ്ഞിരുന്നു.
രേഷ്മ, അരുണിനെ കിടക്കയിലേക്ക് തള്ളിയിട്ടു.



**********************************************************

Saturday, September 2, 2017

അപ്പുപ്പൻക്കാവ്

"പ്രദീപിന്റെ അച്ഛന്റെ നിരന്തരമായ നിര്ബന്ധമാണ് രാവിലെ പോകണം എന്നുള്ളത്.  വിളപ്പറമ്പത്ത് കളരിയിൽ പൂജക്ക്‌ പോകണം. അതിരാവിലെ തന്നെ പോകണം. അദ്ദേഹത്തിന് അവിടെ ഒരു നേർച്ച എന്തോ മുടങ്ങി കിടക്കുന്നുണ്ട്. എനിക്കാണെങ്കിൽ കളരിയിൽ പോയി പരിചയമുണ്ടല്ലോ, അതുകൊണ്ടാണ് അദ്ദേഹം എന്നെ നിർബന്ധിക്കുന്നത്"

 കറുപ്പ് സൈക്കിളിലാണ് അദ്ദേഹം എന്നെ ക്ഷണിക്കാൻ വന്നത്. ഞങ്ങൾ ഇരുവരും കൂടി കളരിയിലേക്ക് പോയി. പോകുന്ന വഴിയിലും കളരിയിൽ വെച്ചും കുറെ ഏറെ വിശേഷങ്ങളും കഥകളും പറയുന്നുണ്ടായിരുന്നു അദ്ദേഹം.

കൈതമുൾ ചെടികൾ വീണുകിടക്കുന്ന ഇടവഴിയിലൂടെ ആണ് കളരിയിലേക്ക് ചെന്ന് കയറിയത്. പ്രായമേറിയ എലിഞ്ഞിമര ചുവട്ടിൽ ആളുകൾ കൂട്ടം കൂടി നില്കുന്നു.
കുരുത്തോലയും അടക്കാമരത്തിന്റെ പൂങ്കുലയും ആലിലയും കൊണ്ട് അലങ്കരിച്ച പന്തലിൽ പൂവും മറ്റും സൂക്ഷിച്ചിരിക്കുന്നു.
മഞ്ഞക്കളം വരച്ച മുറ്റത്ത് പൂജ തുടങ്ങിയിട്ടില്ല.

എന്റെ കുറ്റിത്താടി കണ്ടിട്ടാവണം, ഉടനെ ചോദിച്ചത്, എന്താ താടി വളർത്തുന്നത്. അപ്പോഴാണെന്നു തോന്നുന്നു അദ്ദേഹം എന്റെ മുഖത്തേക്ക് ശ്രദ്ധിക്കുന്നത്.
"അത് താടിരോമങ്ങൾക്കിടയിൽ ചെറിയ കുരുക്കൾ കാണുന്നു....ബ്ലേഡ് അലർജി ആണെന്ന് തോന്നുന്നു. അതുകൊണ്ടാണ്..."

അപ്പോഴേക്കും പൂജ തുടങ്ങിയിരുന്നു."

ഉറക്കം ഉണരുമ്പോൾ, ആകെ സംശയം , ഉറക്കത്തിൽ കണ്ടത് പ്രദീപിനെ ആണോ അതോ പ്രദീപിന്റെ അച്ഛനെയോ?
സംഭ്രമത്തിൽ ആയല്ലോ!
അല്ലാ, പ്രദീപിനെ അല്ലാ. പ്രദീപിന്റെ അച്ഛനെ തന്നെ ആയിരുന്നു!

കളികൂട്ടുകാരനും ഒപ്പം അയൽക്കാരനും ആണ് പ്രദീപ്. നാടുമായി സൂക്ഷിക്കുന്ന ടെലഫോൺ ബന്ധങ്ങളിലെയും സൗഹ്രദങ്ങളിലെയും ഒളിമങ്ങാത്ത കണികയും ആണ് അദ്ദേഹം. പണ്ട് പല വേളകളിലും വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതും യാത്ര ചെയ്യുന്നതും ഒക്കെ ഞങ്ങൾ ഒരുമിച്ചായിരുന്നു. തലേന്ന് പദ്ധതിയിട്ട്, ഞായറാഴ്ച പുലർച്ചെ നടത്തിയിരുന്ന പല യാത്രകളും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളാണ്. ഓരോ അവധിക്കും നാട്ടിൽ പോകുമ്പോഴും അത്തരം യാത്രകൾ പുനർസൃഷ്ടിക്കണമെന്ന് ആഗ്രഹിക്കാറുണ്ട്, പക്ഷെ സമയമോ സന്ദർഭമോ ഒന്നും അതിനു അനുയോജ്യമായിട്ടില്ല.

പ്രദീപിന്റെ അച്ഛൻ മരിച്ചിട്ട് വർഷങ്ങൾ പലത് കഴിഞ്ഞിരിക്കുന്നു. മരണം, ഒരു വൈകുന്നേരം നിശബ്ദമായി വന്നു വിളിച്ചുകൊണ്ടു പോവുക ആയിരുന്നു. ഞാൻ നാട്ടിൽ ഇല്ലാതിരുന്ന സമയത്തെ ആ വിടവാങ്ങൽ കഴിഞ്ഞിട്ട് നാളുകൾ ഏറെ ആയിരിക്കുന്ന ഈ വേളയിലെ എന്റെ പുലർകാല സ്വപ്നത്തിലെ അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ അർത്ഥനിരൂപണം എന്തായിരിക്കുമെന്നുള്ളത് ജിജ്ഞാസയുണ്ടാക്കി. 

എനിക്ക് തിരിയാത്തത് വേദാന്തമെന്നു എഴുതിതള്ളിയേക്കാം.

വിളപ്പറമ്പത്ത് കളരി, അച്ഛന്റെ കുടുംബ കാവാണ്.
പഴയമുണ്ടും ഉടുത്തു ബാടിക്കുമേൽ പുതച്ച നേര്യതും അണിഞ്ഞു കഥപറയാൻ ഇരിക്കുന്ന കുഞ്ഞിപ്പിള്ള അമ്മുമ്മയുടെ ഓർമകളിൽ ഒക്കെ പലപ്പോഴായി കാവും അപ്പൂപ്പനും കടന്നുവരുമായിരുന്നു.
അപ്പുപ്പൻ, അതായത് അച്ഛന്റെ അച്ഛൻ ആയിരുന്നു കാവിലെ വെളിച്ചപ്പാട്. ബ്രഹ്മരക്ഷസ്സാണ് കാവിലെ ദേവതാ സങ്കല്പം. മരണശേഷം അപ്പുപ്പൻ രക്ഷസ്സിൽ വിലയം പ്രാപിച്ചുവെന്നാണ് അമ്മുമ്മയുടെ വിശ്വാസം. 
അച്ഛന്റെ കുടുംബവീടായ കോറ്റച്ചിനെഴുത്ത് വീട്ടുപടിക്കലിൽ നടത്തിയിരുന്ന ചായക്കട ആയിരുന്നു അപ്പൂപ്പന്റെ തൊഴിലിടം.
അപ്പുപ്പന്റെ ചായക്കടയിലേക്ക് വേണ്ടി മാവ് അരക്കുന്നതും പൊടിക്കുന്നതുമൊക്കെ അമ്മുമ്മ ആയിരുന്നു. എങ്കിലും ചായക്കടയിൽ കയറുകയോ ആളുകയുമായി സംസാരിക്കാൻ പോകുകയോ ചെയ്യുന്ന പ്രകൃതം ആയിരുന്നില്ലത്രേ അമ്മുമ്മക്ക്. അപ്പുപ്പൻ ചായ തയാറാക്കി, അമ്മുമ്മ എവിടെ ഇരിക്കുന്നുവോ അവിടെ കൊണ്ട് ചെന്ന് കൊടുത്തിരുന്നതും അമ്മുമ്മയെ ഭയഭക്തി ബഹുമാനത്തോടെ കണ്ടിരുന്നതും ആയ കഥകൾ പലപ്പോഴായി കേട്ടിട്ടുണ്ട്. പണ്ടത്തെ നായർ കുടുംബങ്ങളിലെ സ്ത്രീകളുടെ സ്വാതന്ത്ര്യവും അധികാരവും ഗർവും ഒക്കെ അമ്മുമ്മയുടെ കഥകളിൽ നിന്നും, ചിലപ്പോൾ കാണിക്കുന്ന നിശബ്ദതയിൽ നിന്നും ഒക്കെ വായിച്ചെടുക്കാമായിരുന്നു.

ആണധികാരം എന്നുള്ള ഈ കാലത്തെ സ്ത്രീ സമത്വ വാദികളുടെ ആരോപണങ്ങളെ കുഞ്ഞിപ്പിള്ള അമ്മുമ്മയെ പോലെയുള്ള എന്റെ അമ്മുമ്മ തലമുറകൾ കേട്ടാൽ പുച്ഛിച്ചു തള്ളിയേക്കും.
നാല് ആൺമക്കൾ ആയിരുന്നു, അമ്മുമ്മക്ക്!
അമ്മുമ്മയുടെ പല കഥകളിൽ നിന്നും മനസ്സിലായിട്ടുള്ളത്, ഗോപാലപിള്ള അപ്പുപ്പൻ ഒരു സാധു ആയിരുന്നു. ഈ പറയപ്പെടുന്ന ആണധികാരം പ്രയോഗിക്കാത്ത ഒരാൾ. അമ്മുമ്മ, കുടുംബ ജീവിതത്തിൽ മേധാവിത്വം പുലർത്തിയിരുന്നു എന്ന് തോന്നുന്നു. എന്ന് മാത്രമല്ല, അമ്മുമ്മക്ക് അപ്പുപ്പനോട് അത്രക്കങ്ങട് സ്നേഹമോ പ്രതിപത്തിയോ ഉണ്ടായിരുന്നതായി പറഞിട്ടും ഇല്ലാ. എന്നാൽ, അപ്പൂപ്പനെ, പേടിയുള്ള ഒരു വാല്യക്കാരനാക്കി ചില വരച്ചുകാട്ടലുകൾ അമ്മുമ്മ നടത്തിയിട്ടുമുണ്ട്.

വസൂരി വന്ന അപ്പൂപ്പന്റെ ശരീരത്തിലെ വടുക്കൾ അമ്മുമ്മയെ അലോസരപ്പെടുത്തിയിരുന്നു എന്നും, വസൂരി മാറിയത് വിളപ്പറമ്പത്ത് കളരിയിലെ പ്രാർത്ഥനയിൽ ആണെന്നും പറയാറുണ്ട്.
വിളപ്പറമ്പത്ത് കളരിയുമായി ഞങ്ങളുടെ കുടുംബത്തിന് അത്തരം ഇഴപൊഴിക്കാനാവാത്ത ഒരു ബന്ധം ഉണ്ടെന്നു അറിയുന്നത് കാവിലെ ആണ്ടുപൂജക്കാണ്. അല്പം അകലെ ഉള്ള കുളത്തിന്റെകിഴക്കെ സർപ്പക്കാവിൽ നിന്നും ദീപാരാധനക്ക് ശേഷം, കളരിയിലേക്ക് ഇറങ്ങുന്ന താലപ്പൊലിയും കുരുതി നേർച്ചയുമാണ് ആണ്ടുപൂജയിലെ പ്രധാന ചടങ്ങ്.

ഒരിക്കൽ, ഒരു ആണ്ടുപൂജക്കു, വിളപ്പറമ്പത്തെ ശ്രീകുമാറണ്ണൻ വെളിച്ചപ്പാട് കണക്കെ തുള്ളി തുടങ്ങിയത് അവിചാരിതമായിട്ടായിരുന്നു. ചെണ്ടമേളത്തിന്റെ താളത്തിൽ, കത്തിച്ചുപിടിച്ചിരിക്കുന്ന തെങ്ങോല ചൂട്ടിന്റെ വെളിച്ചത്തിൽ കുടുംബത്തിലെ കന്യകാരായ പെൺകുട്ടികൾ ഒരുക്കിയ താലപ്പൊലിയുടെ അകമ്പടിയോടെ ആണ് വെളിച്ചപ്പാട് തുള്ളിയുറഞ്ഞു പോകുന്നത്.
വഴിവക്കിലെ കത്തിച്ചുവെച്ച നിലവിളക്കുകൾക്ക് മുന്നിലെ പ്രാർത്ഥനാ നിരതരായി ആളുകൾക്കുമേൽ  അനുഗ്രഹം ചൊരിഞ്ഞു, വിളപ്പറമ്പത്തെ കാവിലേക്ക് പോകുമ്പോൾ കയറിയത് നമ്മുടെ വീട്ടിലേക്ക് ആയിരുന്നു.

രണ്ടു തിരിയിട്ടു കത്തിച്ചുവെച്ച നിലവിളക്ക് തട്ടിവീഴുമോ എന്ന് തോന്നുന്ന വിധമാണ് കൈകൾ രണ്ടും കൂട്ടിപ്പിടിച്ചു ഞെരിച്ചുകൊണ്ടു വെളിച്ചപ്പാടായ ശ്രീകുമാറണ്ണൻ കയറിവന്നത്. മുറ്റത്തു വെച്ചിരുന്ന ബക്കറ്റിലെ നിറഞ്ഞ വെള്ളം അദ്ദേഹത്തിന്റെ തലവഴിയെ ഒഴിച്ചുകൊടുത്തുകൊണ്ടിരുന്നു. നനഞ്ഞ ഒട്ടിയ ശരീരവുമായി തുള്ളുമ്പോൾ കണ്ണുകൾ ചുമന്നു തുടുത്ത്, കൃഷ്ണമണികൾ മുകളിലേക്ക് കയറുന്നതായി തോന്നി. തെക്കു കിഴക്ക് കണ്ട ഇലഞ്ഞി മരത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട്  അദ്ദേഹം പറഞ്ഞു 'ഇനിമുതൽ ഇലഞ്ഞി മൂട്ടിൽ വിളക്ക് തെളിക്കണം"

ഈ അടുത്ത സമയം വരെയും അത് പരിപാലിച്ചിരുന്നു എന്നാണ് അറിവ്.

നാട്ടിൽ ഉള്ള വേളകകളിലൊക്കെ പൂജാദ്രവ്യങ്ങൾ   വിളപ്രമ്പത്ത് കാവിൽ കൊടുക്കാൻ മറക്കാറില്ലായിരുന്നു.
പ്രേതെയ്കിച്ചു മാലിയിലേക്ക് വന്നതിനു ശേഷമുള്ള അവധി സന്ദർശനങ്ങളിൽ. ഒരു തവണ എങ്കിലും അവിടെ പോകാറുമുണ്ടായിരുന്നു. പല അവസരങ്ങളിൽ ജ്യോത്സരെ കാണുമ്പോഴും അവരും നിർദേശിച്ചിരുന്നു ഒരു കാര്യം ആയിരുന്നു, കാവിന്റെ പുനരുദ്ധാരണവും സന്ദർശനവും, നമ്മുടെയും ശ്രദ്ധ അവിടെ ഉണ്ടാവണം എന്നുള്ളതും.

ഈ അടുത്ത സമയത്താണ്, അച്ഛൻ പറഞ്ഞത്, കാവ് പുനർനിമ്മിക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ട്. നമ്മൾക്കും ഒരു പിരിവ് ഉണ്ടാവും. കാവുമായി ബന്ധപ്പെട്ട പലരും അതിനായി സമീപിച്ചിരുന്നു എന്നും മറ്റും.

പക്ഷെ ഞാൻ അതിനായി ഒന്നും ചെയ്തിരുന്നില്ല എന്നാണ് എന്റെ ഓർമ്മ.
ഉച്ചാര എന്ന ആണ്ടു പൂജക്ക്‌ ചെറിയ സംഭാവന നൽകിയെന്ന് ഒഴിച്ചാൽ, മറ്റൊന്നും ചെയ്തിരുന്നില്ല.

ഒരു പക്ഷെ, ഈ സ്വപ്നത്തിലൂടെ അതാവുമോ കാണിച്ചു തന്നത്?
നാട്ടിൻപുറത്തെ ആളുകളെയും വീടുകളെയും കാവുകളെയും, പ്രദീപിന്റെ അച്ഛന് ഞാൻ പരിചയപ്പെടുത്തി കൊടുക്കേണ്ടതില്ല.
അത്തരം വാക്യം തന്നെ അലക്ഷണമാണ്. എന്നെക്കാളും എത്രയോ അനുഭവജ്ഞാനമുള്ളവരായിരുന്നു അവരൊക്കെ.
എന്നാൽ, ആ സ്വപ്നത്തിൽ ഞാൻ ആ കാവിൽ പോകാറുണ്ടെന്നും, എനിക്ക് ആ കാവ് അറിയാമെന്നും, അദ്ദേഹത്തിന് അറിയില്ലാ എന്നും പറഞ്ഞുകൊണ്ടാണ് എന്നെ പ്രദീപിന്റെ അച്ഛൻ നിർബന്ധിപ്പിക്കുന്നത്.

വിളപ്പറമ്പത്ത് കളരി, ആരും എനിക്ക് പരിചയപ്പെടുത്തേണ്ടതില്ല എന്നും, ആ സ്ഥലവും ആളുകളെയും എനിക്കറിയാമെന്നും എന്നാൽ ഇപ്പോൾ ഞാനതൊക്കെ മറന്ന മട്ടാണെന്നും, ഈ ഓണ പുലരിയിൽ വെറ്റിലയിൽ പാക്കും നാണയവും പുടവയും പിന്നെ വിളക്കിത്തിരിയും വിളക്കെണ്ണയും ചന്ദനത്തിരിയും ഒപ്പം സമരിപ്പിക്കണം എന്നുള്ള ഓർമപ്പെടുത്തൽ ആയിരുന്നുവോ?
അപ്പുപ്പൻ ആയിരുന്നുവോ, പ്രദീപിന്റെ അച്ഛനായി വേഷപ്രച്ഛന്നനായി വന്നത് ?

രാവിലെതന്നെ അമ്മയെ വിളിച്ചു.
വെളുപ്പിനെ കണ്ട സ്വപ്ന വിവരം പങ്കുവെച്ചു, വഴിപാടും കാണിക്കയും സമർപ്പിക്കാമെന്ന് അമ്മയും പറഞ്ഞു.

Saturday, August 26, 2017

അശ്വതിനു അയച്ച കത്തുകൾ- ദോൻ ഹെയ്‌ലയും അലി ഫുളുവും


ആമുഖം 

നിലാവ് പൊഴിഞ്ഞു പടർന്ന ഇടവഴിയിലൂടെ നടക്കുമ്പോൾ കളഞ്ഞുകിട്ടിയതാണൊരു ഡയറി. മഞ്ഞ ജമന്തിപ്പൂവിന്റെ ചിത്രം ആലേഖനം ചെയ്ത ആ ഡയറി ഭാഗ്യവശാലാവും എന്റെ പക്കൽ തന്നെ കിട്ടിയത്. ഒന്നൊഴിയാതെ ഓരോ ദിവസവും കുറിച്ചുവെച്ചിട്ടുള്ള ഒരുവന്റെ ചേതോവികാരങ്ങൾ, അന്ത:സങ്കർഷങ്ങൾ, കുടുംബം, ദിവാസ്വപ്‌നങ്ങൾ, ആഗ്രഹങ്ങൾ, വേദനകൾ, ഔദോധിക ജീവിതത്തിലെ ആകുലതകൾ, ജീവിത ഭൂമിക ഒക്കെയും പല അവസരങ്ങളിലായി പറഞ്ഞു പോകുന്നുണ്ട് ആ ഡയറിയിൽ.

നിരഞ്ജൻ!
നിരഞ്ജൻ, എന്നാണ് അയാളുടെ പേര്!
ഇന്ത്യയുടെ അയൽ രാജ്യമായ മാലിദ്വീപിൽ പ്രവാസ ജീവിതമാണ് നിരഞ്ജന്റെത്. ഒരു കമ്പനിയിലെ കണക്കപിള്ളയുടെ ജോലിയാണ് അയാളുടേത് എന്നാണ് ആ ഡയറിയിലെ ചെറുവിവരണങ്ങളിൽ നിന്നും മനസ്സിലാക്കുവാൻ കഴിഞ്ഞത്. സുഹൃത്തിനു കത്തെഴുതുക എന്നതാണ് അയാളുടെ ഒഴിവു സമയ വിനോദം എന്ന് തോന്നുന്നു. നിരഞ്ജൻ, അയാളുടെ ആത്മസുഹൃത്ത് അശ്വതിനു അയച്ചിരിക്കുന്നതെന്ന് കരുതുന്ന കത്തുകളാണ് ഓരോ കുറിപ്പുകളും.

എല്ലാദിവസത്തേയും കുറിപ്പുകൾ പ്രസിദ്ധീകരണ യോഗ്യമാണോ എന്നതിൽ സംശയമുണ്ട്. പലതിലും വളരെ വ്യെക്തിപരമായ കാര്യങ്ങളും ചിലതിൽ മൂന്നാമത് ഒരാൾക്ക് അപ്രസക്തമെന്നു തോന്നുന്ന കാര്യങ്ങളുമാണ് എഴുതിയിട്ടുള്ളത്. പക്ഷേങ്കിലും ചില കുറിപ്പുകൾ, അത് ഒരാളുടെ സ്വകാര്യത ആണെന്നുവരികിലും, വായനയിൽ കൗതുകമുള്ളതായി തോന്നി. അതിവിടെ പങ്കുവെക്കട്ടെ!

 DIARY എന്നുള്ളത് Darling I Always Remembering You, എന്നാണെങ്കിൽ, ഓർമകൾക്ക് കൂട്ടായി ചിലതൊക്കെ പങ്കുവെക്കട്ടെ.


സസ്നേഹം 

സുനിൽ കെ എം 

***************************


ഏപ്രിൽ പതിനാറ്  

മാലിദ്വീപ് 


സിമന്റ് കല്ലുകൾ പാകിയ, ഇടുങ്ങിയതും തിരക്കേറിയതുമായ മാലെയിലെ അമീർ അഹമ്മദ് മാഗു എന്ന വഴിയിലൂടെ നടന്നു. വരിവരിയായി തീർത്ത വീടുകളും ചെറിയ കടകളാലും നിറഞ്ഞതാണ് ഓരോ മാഗുവും. വീടുകളുടെയും കടകളുടെയും മുൻവാതിലുകൾ തുറക്കുന്നത് നേരെ മാഗുവിലെക്കാണ്. മാഗുവെന്നാൽ വഴിയെന്ന് അർത്ഥം. തിരക്കേറിയ വഴികളിലെല്ലാം ഇരുചക്ര മോട്ടോർ വാഹനങ്ങളുടെ ആരവവും പുകയും തന്നെ.

വളവു തിരിഞ്ഞു വലത്തേക്ക് നോക്കുമ്പോൾ രാഷ്ട്രപതിയുടെ കൊട്ടാരം കാണാം. കേട്ടുപരിചയമുള്ള കഥകളിലെ, കണ്ടുപരിചയമുള്ള ചിത്രങ്ങളിലെ, രാജകൊട്ടാരം പോലെയോ സുൽത്താന്റെ ഗൃഹം പോലെയോ വലിപ്പമോ വ്യാപ്തിയോ ഇല്ലെങ്കിലും നൂറ്റാണ്ടുകളിലൂടെ കൈമാറിവന്ന രാജകുടുംബങ്ങളുടെയും സുൽത്താൻമാരുടെയും കഥകളും ഗന്ധവും നിറഞ്ഞു നിൽക്കുന്ന കൽമേടകൾ. പുണ്യപുരാണ സംസ്‌കൃതികളുടെ തിരുശേഷിപ്പുകൾ ആയി നിലകൊള്ളുന്ന അത്തരം മേടകളുടെ മുന്നിലൂടെ നടപ്പു തുടർന്നു. ഇവിടെയൊക്കെ ഇപ്പോൾ വിദേശ വിനോദ സഞ്ചാരികളുടെയും, പ്രവാസി തൊഴിലാളികളുടെയും സെൽഫി സ്പോട്ടായി ശ്രദ്ധയാകർഷിക്കുന്നു.

പട്ടാളകാര്യാലയത്തിന്റെ പുറകിലാണ് ചൈനീസ് നിർമ്മിത ഉദ്ധ്യാനവും, മണ്മറഞ്ഞ കാലഘട്ടത്തിലെ സുൽത്താന്മാരുടെ അവശേഷിപ്പുകളും നിലനിർത്തിയിരിക്കുന്ന പാർക്കും ഉള്ളത്. സുൽത്താൻ പാർക്കിനു അഭിമുഖമായാണ് മാലിദ്വീപിലെ ഏറ്റവും വലിയ നിസ്‌കാര പള്ളി, ഹുക്കുറു മിസ്ക്കി എന്ന വെള്ളിയാഴ്ച്ച പ്രാർത്ഥനാലയം സ്ഥിതിചെയ്യുന്നത്. ദ്വീപിലെ ശില്പകലയിലെ ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന നിർമ്മിതിയാണത്. ആ പരിശുദ്ധാലയത്തിനു മുന്നിൽ ഒരു നിമിഷം ധ്യാന നിമഗ്നനായി നിന്നു.

അശ്വത്, നീ അന്ന് സൂചിപ്പിച്ചകാര്യത്തെക്കുറിച്ചു അന്ന്വേഷിച്ചിരുന്നു!


ചരിത്രവും ഭാഷയും വ്യാകരണവും ജൈവ വൈവിധ്യങ്ങളും പ്രകൃതിയാകെയും സാഹിത്യാ ഭൂമികയിലേക്ക് പറിച്ചുനട്ട ദൃക്ഷ്ടാന്തമായിരുന്നുവല്ലോ മഹാമുനി വിരചിതമായ രാമായണവും തുടർന്നുവന്ന പാട്ടുപ്രസ്ഥാനങ്ങളും. അത്തരം തനതു സംസ്‌കൃതികളുടെയും നാടോടി രചനകളുടെയും വിളനിലവും വ്യാപനവും നീ പറഞ്ഞതുപോലെ ഭാരതദേശം മാത്രമായി ഒതുങ്ങി നിന്നിരുന്നില്ല. ഇന്ത്യാ ഉപഭൂഖണ്ഡത്തിനപ്പുറത്തേക്ക് വളർന്നു ദക്ഷിണയേഷ്യ ആകെ പടർന്നു പന്തലിച്ച സാഹിത്യ വകഭേദങ്ങൾ പലയിടങ്ങളിലായി നിലനിന്നിരുന്നു.


രാമായണം സൃഷ്‌ടിച്ച ആ മാതൃകകൾ, കാലവും ദേശവും കടന്നു വിവിധ രൂപങ്ങളിൽ പല ദിക്കുകളിൽ കാണുവാൻ കഴിയും. അത് ബർമ്മ മുതൽ, ഫിലിപൈൻസും തായ്‌ലാൻഡും ഇന്തോനേഷ്യയും കംബോഡിയും ലാവോസും മലേഷ്യയും കടന്നു ഏഷ്യയാകെ വ്യാപിച്ചു കിടക്കുന്നു.

അശ്വത്, അതുകൊണ്ടാണോ  മാലിദ്വീപിൽ, വാൽമീകി രാമായണത്തിന്, അത്തരം എന്തെങ്കിലും സ്വാധീനം ചൊലുത്തുവാൻ  കഴിഞ്ഞുവോ എന്ന് നീ അന്ന്വേഷിച്ചത്‌?

നീ ആവിശ്യപെട്ടതുപോലെ, അത്ര വലിയൊരു സാഹിത്യസമ്പാദനം ഒന്നും കണ്ടെത്തുവാൻ എന്റെ പരിമിതികൾക്കു കഴിഞ്ഞില്ല. കേട്ടറിഞ്ഞതും പിന്നെ ഇന്റർനെറ്റും മാത്രം ആയിരുന്നു നിന്റെ ചോദ്യങ്ങളിലേക്കു എത്തുവാനുള്ള എന്റെ അവലംബങ്ങൾ. അതൊക്കെ എത്രമാത്രം ആധികാരികമാണ് എന്നത് നിന്റെ വിവേചന ബുദ്ധിക്ക് വിട്ടു തരുന്നു.

എങ്കിലും, അശ്വത്, നിന്റെ ചോദ്യവും സംശയവും വെറുതെ ആയിരുന്നില്ല എന്ന് പറയുന്നത് തെല്ല് അതിശയത്തോടെയാണ്. ഇൻറർനെറ്റിൽ അതിനെക്കുറിച്ചു കാര്യമായി പരതുമ്പോഴാണ് 'സീതാദേവിയും ശ്രീരാമനും' 'ദോൻഹെലയും അലിഫുളുവും'  ആയി ദ്വീപിൽ അക്ഷരജന്മം എടുത്തിട്ടുണ്ടെന്നുള്ളത് അറിയുന്നത്.  വർത്തമാനകാല ജനസഞ്ചയത്തിനു അത്രയ്ക്ക് പരിചയമൊന്നുമില്ല അവരെ ഇരുവരെയും, എങ്കിലും, പണ്ട് എപ്പോഴോ കേട്ട മുത്തശ്ശി കഥപോലെ പലർക്കും ഓർമ്മയുണ്ട് അലിഫുളുവിനെയും ദോൻഹെയ്‌ലയെയും.

അപ്പോഴും എന്റെ സംശയവും ആകാംഷയും കൂടുക മാത്രമേ ചെയ്തുള്ളു. നൂറു ശതമാനം സുന്നി മുസ്ലിം ചര്യയിൽ ജീവിക്കുന്ന സമൂഹത്തിൽ എങ്ങനെയാണ് രാമായണം കണ്ടെത്തുവാൻ കഴിയുക!

മധ്യകാലഘട്ടത്തിലെ ഇസ്ലാമിക് സാംസ്കാരിക പരിണാമത്തിലൂടെ കടന്നുപോകുന്ന രാഷ്‌ട്ര സമൂഹമാണ് 'രാജ്ജെ ജനങ്ങൾ ' എന്നു അഭിമാന പൂരിതരാകുന്ന മാൽദിവ്സ്. 1153 ഇൽ ആണ് ദോവമി കലമീഞ്ച എന്ന ബുദ്ധരാജാവ് തന്റെ രാജ്യത്തെ മുഴുവനായി ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തത്. സനാതന ജീവിതരീതിയുമായി ഏറ്റവും സ്വാധീനമുള്ള വജ്രായണ ബുദ്ധമതത്തിന്റെ അനുഭാവികളും ആരാധകരും ആയിരുന്നു പന്ത്രണ്ടാം നൂറ്റാണ്ടു വരെയുള്ള,  മഹാ രാധുൻ എന്നോ റസ് കലിഗെയെന്നോ വിളിപ്പേരിൽ ഉണ്ടായിരുന്ന മാലിദ്വീപിലെ രാജഭരണം.  ആയിരത്തി നാണൂറു വർഷം പഴക്കമുള്ളതും, എണ്ണൂറു വർഷങ്ങൾക്കു മുൻപുണ്ടായിരുന്നതുമായ വജ്രായണ ബുദ്ധകാലത്തിന്റെ ശേഷിപ്പുകൾ തലസ്ഥാനമായ മാലെയിലും മറ്റു ദ്വീപുകളിലും ഇപ്പോഴും കാണുവാൻ കഴിയും.

എട്ടും ഒൻപതും നൂറ്റാണ്ടുകളിലെ ശിലാഫലകങ്ങളിൽ നിന്നും ഇന്ത്യൻ ആരാധനാ മൂർത്തികളായ ശിവന്റെയും ലക്ഷ്മിയുടെയും വസിഷ്ഠ മുനിയുടെയും മറ്റും പ്രതിഷ്ഠകൾ കിട്ടിയതായി രേഖകകളും സൂചിപ്പിക്കുന്നു. ഇവിടെ നിലനിൽക്കുന്ന നാടോടി കഥകളിൽ മന്ത്രവാദിയും ആഭിചാരക്രിയകളിൽ അഗ്രഗണ്യനുമായ ഒടിതൻ കലെഗെക്കുറിച്ചും അദ്ദേഹത്തിന്റെ സുന്ദരിയും മിടുക്കിയുമായ ഭാര്യ ദോഹി ഐഹയെക്കുറിച്ചും പരാമർശങ്ങളുണ്ട്. ഭർത്താവിനെ പോലെ തന്നെ ദോഹിയും ആഭിചാരക്രീയകളിൽ സമർത്ഥയും വിവേകമതിയും ആയിരുന്നുവെന്നു പാടിപുകഴ്ത്തുന്നു. നമ്മുടെ ഭാഷയിൽ കേട്ടുപരിചയമുള്ള 'ഒടിയൻ' തന്നെയാണോ ഈ 'ഒടിതൻ' എന്നും സംശയമുണ്ട്!

എനിക്ക് തോന്നുന്നു, പ്രേതഭൂത വിശ്വാസങ്ങൾക്ക് മേലുള്ള തനതു ജനതയുടെ ആഭിമുഖ്യം, വെറും കഥകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ഓഫീസിലെ സരസ സംഭാഷണങ്ങളിലും, പൊതുസമൂഹത്തിലെ ചർച്ചകളിലും രാഷ്ട്രീയ സംഭവങ്ങളിലും ഒക്കെ ഒടിതൻ പല പേരുകളിൽ പല രൂപങ്ങളിൽ പ്രേതഭൂത ഭാവങ്ങളിൽ മന്ത്രമായും ആഭിചാരമായും അഭിരമിക്കുന്നു, രൂഢമായ വിശ്വാസമായും നിലനിൽക്കുന്നു.

മാലിദ്വീപിലെ പുരാണ കൃതികളിലും നാടോടി കഥകളിലും ഭൂതപ്രേതങ്ങളും മന്ത്രവാദ കഥകളും അന്യമല്ലെങ്കിലും 'ദോൻ ഹെയ്‌ലയുടെയും അലി ഫുളുവിന്റെയും കഥ വ്യെത്യസ്തമാകുന്നത് അവർക്കു രാമായണ കഥാഖ്യാനത്തിന്റെ സ്വാധീനം ഉണ്ടോ എന്ന സംശയത്തിലാണ്. സുന്ദരിയും സുന്ദരനുമായിരുന്ന ഈ കാമുകരുടെ പ്രണയകഥ രാമായണത്തിന്റെ വേറിട്ടൊരു ആഖ്യാനം ആണോ എന്നൊരു സംശയം, കഥാതന്തു കേൾക്കുമ്പോൾ ഉണ്ടായി. കാഴ്ച്ചയിൽ പെട്ടെന്നൊരു സാമ്യം തോന്നുക ഇല്ലെങ്കിലും, വരികൾക്കിടയിലൂടെ പരതുമ്പോൾ, ചിലതൊക്കെ കൂട്ടിവായിക്കുമ്പോൾ ചെന്നത്തുന്നത് രാമായണത്തിലേക്കാവില്ലേ?

അസാധാരണ സൗന്ദര്യമുള്ള യുവതിയായ ദോൻ ഹെയ്‌ലയും, അവരുടെ സുന്ദരനായ ഭർത്താവ് അലി ഫുളൂവും! അയാളിൽ  നിന്നും ക്രൂരനും വില്ലനുമായ ഒരു രാജാവ്, ദോൻ ഹെയ്‌ലയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിക്കുന്നതാണ് കഥാസാരം. കഥാവസാനം, നായകനും നായികയും ഒത്തുചേരുന്നുവെങ്കിലും വില്ലനായ രാജാവിന്റെ അനുചരന്മാരുടെ ആവർത്തിച്ചുള്ള പിന്തുടരൽ, ആവരുടെ ശിഷ്ടജീവിതത്തെ ദുർബലപ്പെടുത്തുന്നു. 
വീണ്ടും ആ രാജാവിന്റെ തടവിലേക്കു പോകുവാൻ ഇഷ്ടപെടാതിരുന്ന ദോൻ ഹെയ്‌ല ആത്മഹത്യാ ചെയ്യുന്നു. അതിനെത്തുടർന്ന് അലിഫുളുവും മറുത്തൊന്നല്ല ചിന്തിച്ചത്. ദുഃഖപര്യവസായിയായ ആ പ്രണയകഥ അവസാനിക്കുന്നത് അലി ഫുളൂവിന്റേയും ദോൻ ഹെയ്‌ലയുടെയും ആത്മഹത്യകളിലാണ്.

ത്രേതായുഗത്തിലെ കോസല രാജാവ്, പുരുഷോത്തമൻ സാക്ഷാൽ ശ്രീരാമചന്ദ്ര മഹാപ്രഭു, അനന്തശേഷനെ പിന്തുടർന്ന് സരയു നദിയിൽ അനന്തദേവതകളുടെ സാന്നിദ്ധ്യത്തിൽ, മഹാചൈതന്യത്തിൽ വിലയം പ്രാപിച്ചത്, ഏതെല്ലാം കഥകൾ ബാക്കിവെച്ചിട്ടാണ്!

*******************************


ഏപ്രിൽ ഇരുപത്

മാലിദ്വീപ് 



മാലിദ്വീപിൽ നിന്നും ഇന്ത്യയുടെ ഏറ്റവും അടുത്ത മുനമ്പിൽ എത്തുവാൻ നാൽപ്പത് മിനുട്ട് ആകാശയാത്ര മതിയാവും. നമ്മുടെ രാജ്യവുമായി അത്രയും അടുത്ത് കിടക്കുന്ന മാലെക്ക് അയൽരാജ്യം എന്നുള്ള കാര്യത്തിൽ മാത്രമല്ല പ്രാധാന്യവും സമാനതയും അടുപ്പവും ഉള്ളത്. ഭാഷയിൽ, വേഷത്തിൽ, ഭക്ഷണത്തിൽ സംഗീതത്തിൽ എന്നിങ്ങനെ പല സമാനതകളും കാണുവാൻ കഴിയും.

ഇന്ത്യയുടെ തെക്കു പടിഞ്ഞാറായി ആയിരത്തി ഇരുനൂറോളം ദ്വീപുകൾ അറ്റോളുകളായി കോർത്തിണക്കി മാലപോലെ ശയിക്കുന്ന രാജ്യം. മാലിദ്വീപിനെ കുറിച്ച് വായിച്ച പുസ്തകങ്ങളിലെ  ലഘു ഗ്രാമകാവ്യമാണ് അതിന്റെ ഭൂമിശാസ്ത്ര മനോഹാരിത! വെള്ളമണൽ പരവതാനി വിരിയിച്ച തീരങ്ങളും, ഹരിത നീലിമയാർന്ന കടലിലും, ഭാഗികമായി മുങ്ങികിടക്കുന്നു എന്ന് തോന്നിപ്പിക്കുന്ന പവിഴപുറ്റുകളുടെ നീണ്ടനിരയും, തീരത്ത് നിന്നു നോക്കിയാൽ കടലിന്റെ അടിത്തട്ടു കാണുന്നവിധം തെളിർമയുള്ള ജലവും,. ഏകാന്തവാസത്തിനു യോജിച്ച സന്ദർശക കേന്ദ്രങ്ങളും നിറഞ്ഞതാണ് മാലിദ്വീപിലെ ഭൂപ്രകൃതി.

മാല്‍ഡീവ്‌സ്ലെ മാതൃഭാഷ ദിവേഹി ആണ്!
അതെ, മാല്‍ഡീവ്‌സ്!
ഇവിടുത്തുകാർക്ക്, നമ്മൾ ഈ പറയുന്ന മാലിദ്വീപ് അറിയില്ല. അവരുടെ രാജ്യത്തിന്റെ പേര് മൽദീവസ് എന്നാണ്, മാതൃഭാഷയിൽ 'ദിവേഹി രാജെജ ' എന്നും വിളിക്കും. മലയാളത്തിൽ ഉപയോഗിക്കുന്ന 'രാജ്യം' എന്ന പദമല്ല, ഇവിടുത്തെ സംസാര ഭാഷയിൽ ഉപയോഗിക്കുന്ന 'രാജെജ'. അതുപോലെ മാലിയും ഇവർക്കറിയില്ല, അറിയാവുന്നതു 'മാലെ' ആണ്.
ഇന്ത്യൻ ഭാഷകളിൽ നിന്നും ഏറെ വാക്കുകൾ കടമെടുത്തിട്ടുണ്ട് ദിവേഹിയിൽ. ഹിന്ദി,തമിൾ, മലയാളം ഭാഷകളിലെ പല വാക്കുകളോടും സാമ്യമുള്ള ദിവേഹി വാക്കുകൾ കാണാൻ കഴിയും. ആര്യ ദ്രാവിഡ ഭാഷ ഗോത്രം തന്നെയാണ് ദിവേഹിയും. ദക്ഷിണ ഏഷ്യയിലെ എല്ലാ രാജ്യങ്ങളിലും നിലനിൽക്കുന്ന ഭാഷകൾക്ക് സംസ്‌കൃതം വഴികാട്ടിയായിട്ടുണ്ട് എന്നു തോന്നുന്നു. മണിപ്രവാളം തന്നെയല്ലെ ശ്രീലങ്കയിലെ സിംഹള ഭാഷ എന്നും തോന്നും.

എനിക്ക് തോന്നുന്നു നല്ലൊരു ശതമാനം മാലെ ജനതക്കും ഹിന്ദിഭാഷാ മനസ്സിലാകുമെന്ന്. സാറ്റലൈറ്റ് ടിവികളുടെ വരവോടെ വടക്കേ ഇന്ത്യ ആസ്ഥാനമായിട്ടുള്ള ചാനലുകളുടെ പരിപാടികൾക്ക്, പ്രേത്യേകിച്ചു സോപ്പ് ഓപ്പറകൾക്ക് പ്രേക്ഷകർ ഏറെയാണിവിടെ. മുൻപ് ആൾ ഇന്ത്യ റേഡിയോ പ്രേക്ഷേപണം ചെയ്തിരുന്ന പരിപാടികൾക്ക് മൽദീവസിൽ നിന്നും ശ്രോതാക്കൾ ഉണ്ടായിരുന്നു. മുഹമ്മദ് റാഫിയും മുകേഷും ലതാ മങ്കേഷ്‌കറും പങ്കജ് ഉദാസും ബർമെനുമൊക്കെ മാൽദിവസിലെ തലമുറയുടെ ആവേശമായിരുന്നു. ഈ കാലങ്ങളിൽ ഇറക്കിയിരുന്ന ദിവേഹി പാട്ടുകൾ ഹിന്ദി സിനിമ ഗാനങ്ങളോട് കടപ്പെട്ടിരിക്കുന്നു. എന്തിനേറെ പറയുന്നു ചില മലയാള സിനിമ ഗാനങ്ങളുടെ സംഗീതവും തരംപോലെ ഉപയോഗിച്ചിരിക്കുന്നു.

മാലിദ്വീപിലെ ചരിത്ര സംഹിതയുടെ ഇടവഴികളിലൂടെ നടന്നുപോകുമ്പോൾ, വാങ്‌മയയും ഭാഷാശാസ്ത്രപരവും സാംസ്‌കാരിക പ്രബുദ്ധവുമായ പാരമ്പര്യ പകർച്ചകളിൽ തെളിഞ്ഞു നിൽക്കുന്നതും കാലിൽ കുരുങ്ങുന്നതും, സംഘകാലഘട്ടത്തിലെ തമിൾ വംശജരുടെ കുടിയേറ്റത്തിന്റെ അടയാളങ്ങളാണ്. ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ തെക്കുപടിഞ്ഞാറ് നിന്നും വന്ന വർത്തകപ്രമാണികളോ മുക്കുവ സമൂഹങ്ങളോ ആവാം അതിന്റെ പ്രയോജികർ. ദ്രാവിഡ സംസ്കാരത്തിന്റെ ശക്തമായ ശേഷിപ്പിക്കുകൾ ഭാഷയിലും വേഷത്തിലും സംസ്കാരത്തിലും കാണുവാൻ കഴിയും.

മാലിദ്വീപിലെ കുടിയേറ്റ ചരിത്രം പറയുന്നത്, ജനങ്ങൾ ആദ്യമായി, വന്നു താവളമാക്കിയത് ഗിരാവറു എന്ന ദ്വീപിലാണ്. പഴയ മലബാർ തീരത്തുനിന്നുമുള്ള മുക്കുവർ ആയിരുന്നു ആ ദ്വീപിൽ എത്തിയ മനുഷ്യവംശം. യാദുർശ്ചികം എന്ന് പറയട്ടെ, ഞാൻ മാലിദ്വീപിൽ താമസം ആക്കിയശേഷം, ആദ്യമായി മാലിക്ക് പുറത്തുപോയി തങ്ങുന്നത്, ഗിരാവറു ദ്വീപിലാണ്. അപ്പോഴേക്കും പഴയ ഗിരാവറു എന്ന മുക്കുവ ഗ്രാമം, ഗിരാവറു ഐലൻഡ് റിസോർട്ടായി രൂപാന്തരം പ്രാപിച്ചിരുന്നു. തിരിഞ്ഞു നോക്കുമ്പോൾ ആശ്ചര്യകരവും അത്ഭുതവുമായി തോന്നുന്ന പലകാര്യങ്ങളിൽ ഒന്നാണല്ലോ, മാലെയും, മാലെയിൽ കണ്ടെത്തിയ ജീവിതവും!

ചരിത്രപുസ്‌തകങ്ങൾ മടക്കിവെച്ചു അലസമായി കിടന്നു. അർദ്ധമയക്കത്തിൽ എപ്പോഴോ ആണ് ആ സ്വപ്നം കാണുന്നത്.

തനിച്ചിരിക്കുന്ന ഒരു യുവാവ്!  ഒട്ടിയ കവിളുകളും, കൂർത്ത കണ്ണുകളും, അലഞ്ഞു കിടക്കുന്ന മുടിയും. യവ്വനത്തിന്റെ പ്രസരിപ്പ് അകന്നു നിൽക്കുന്നതുപോലൊരു രൂപം. ആശങ്കകൾ പടർന്ന ആ മുഖത്തു ആത്മവിശ്വാസത്തിന്റെ നേരിയ തിളക്കം കാണാം. അത് മാത്രമായിരുന്നു അയാളുടെ പക്കൽ അവകാശപ്പെടാനുള്ള സ്വത്തെന്ന് തോന്നി.

"ശ്രീഹരി ഗംഗാ വെങ്കടാചല പ്രസാദ റാവു".

ദേശത്തിലെ രാജപ്രമുഖന്റെ കണക്കപ്പിള്ള ആയിരുന്നു. അംശമധികാരി!
നാട്ടിലെ നാണ്യവിളകളിൽ നിന്നുള്ള വരുമാനം കണക്കുകൂട്ടുക, വസ്തുവകകൾ അളന്നു തിട്ടപ്പെടുത്തി റിക്കോർഡ് സൂക്ഷിക്കുക എന്നിവയൊക്കെ ആയിരുന്നു അയാളുടെ പ്രധാന ജോലി. ധർമ്മരാജാവ്, എട്ടുവീട്ടിൽ പിള്ളമാരെ കൊലചെയ്തു, ശേഷിക്കുന്നവരെ കഴുവേറ്റി, സ്ത്രീകളെയും കുട്ടികളെയും മുക്കുവ കുടിലുകൾക്ക് അടിമകളായി നൽകി ഭരണം ഉറപ്പിച്ച കാലം. അങ്ങനെ ഉള്ളൊരു മുക്കുവ തായ്വഴിയിൽ നിന്നും ജോലിക്കായി മാലെയിലേക്കു വന്നതാണത്രേ ശ്രീഹരി.

ശ്രീഹരി മാലിയിൽ എത്തിയപ്പോൾ കണ്ടുമുട്ടിയതാണ് ആ പെൺകുട്ടിയെ!. 'ദോൻഹെയ്‌ല' എന്നായിരുന്നു അവളുടെ പേര്. കോഴിക്കോട് സാമൂതിരിയുടെ മാലൈ അധിനിവേശത്തിന്റെ അംശബിന്ദുവാണ്‌, കൊലുന്നനെ ഉള്ള, ഹിജാബ് ധരിച്ച ദോൻഹെയ്‌ല!

ദോൻഹെയ്‌ല ഉച്ചത്തിൽ ശ്രീഹരി എന്ന് നീട്ടി വിളിച്ചു. 

അവിടെ ആരും വിളികേൾക്കുന്നുണ്ടായിരുന്നില്ലാ!.  ശ്രീഹരി എവിടെയാണ്?. ഇല്ലാ, അയാളെയും കാണുന്നില്ല!. അതോ തിരിച്ചറിയാൻ കഴിയാഞ്ഞതോ?

കിടക്കയുടെ വലതുവശം, ആ വലിയ നിലകണ്ണാടിക്കു സമീപം ആരോ നിൽക്കുന്നതായി തോന്നുന്നുണ്ട്.
നല്ല ഇറക്കമുള്ള കുർത്തയും പാൻസും ആയിരുന്നു വേഷം.
ഒരു ഷാളും ഉണ്ടായിരുന്നോ ?...കൃത്യമായി ഓർക്കാൻ കഴിയുന്നില്ല.

അയാളുടെ നോട്ടം എന്നിലേക്കാണ്.
ചിരിച്ചോ ? ഉവ്വ്. ചിരിക്കുന്നു.
ആ ചിരി തുടരുമ്പോഴാണ്, ഞാൻ ഉറക്കം ഉണരുന്നത്.

പക്ഷെ ഇപ്പോൾ കൃത്യമായി ഓർത്തെടുക്കാൻ കഴിയുന്നു, ശ്രീഹരിയുടെ മുഖം!
പ്രിയപ്പെട്ട അശ്വത്, ആ മുഖം എന്റേതുപോലെ തോന്നിയിരുന്നു.
ശ്രീഹരി ഞാൻ തന്നെ ആയിരുന്നുവോ?

**************************


ഏപ്രിൽ ഇരുപത്തിയൊന്ന്

മാലിദ്വീപ് 


ഉറക്കം വിട്ടു ഉണർന്നപ്പോഴും വെള്ള കുർത്ത ധരിച്ച പ്രസാദ റാവു എന്നെ തുറിച്ചു നോക്കി നിന്നു. വായന പൂർത്തിയായ നാടോടിക്കഥയിലെ നായികയാണ് ദോൻഹെയ്‌ലാ, എന്നാൽ ആരാണീ പ്രസാദ റാവു? അയാളുടെ മുഖമെന്താണ് എന്റേത് പോലെ തോന്നിയത്? ഞാനും പ്രസാദ റാവും തമ്മിൽ ഏത് ജന്മശേഷത്തിന്റെ ബന്ധമാണുള്ളത്? സ്വപ്നങ്ങളെ പുനരാഖ്യാനം ചെയ്യാനുള്ള ആറാമിന്ദ്രയമോ കഴിവോ ഉണ്ടായിരുന്നുവെങ്കിൽ എന്നാശിച്ചു പോയി.

ചോദ്യങ്ങൾ ശരം പോലെ മനസ്സിൽ നിന്നും എയ്തു കൊണ്ടിരിക്കുമ്പോഴും സംതൃത്തികരമായ ഉത്തരങ്ങൾ ഒന്നും ഇല്ലാതെ അവ ചോദ്യമായി നിലനിന്നു. കുളിമുറിയിൽ കയറി ശുചി ആവുമ്പോഴും ചിന്തകൾ ആ സ്വപ്നത്തിന്റെ പിറകെ ആയിരിന്നു. പലപ്പോഴും തോന്നാറുണ്ട് കുളിമുറിയാണ് എന്റെ പ്രിയപ്പെട്ട ആലോചന മുറിയെന്ന്. അത് വെറും തോന്നലായിരുന്നില്ലാ, സത്യം തന്നെ ആയിരുന്നു. ഞാൻ മാത്രം പങ്കെടുക്കാറുള്ള സംഗീതമേളകളുടെയും ആലോചനാ ശില്പശാലകളുടെയും വേദികൂടി ആയിരുന്നു എന്റെ കുളിമുറി. അനേകായിരം പാപജന്മങ്ങളുടെ സമാധിസ്ഥലവും. അവിടുത്തെ ഗായകനും സംഗീത വിദഗ്ദ്ധനും കേൾവിക്കാരനും ഞാൻ തന്നെ. മിക്ക പ്രശ്നങ്ങളുടെയും പരിഹാരവും പുതിയ ചിന്തകളുടെ നാമ്പുകൾ തളിർക്കുന്നതും കുളിമുറിയിൽ നിന്നും ആയിരുന്നു. പക്ഷെ ഈ പ്രഭാതം എന്നെ നിരാശപെടുത്തിയിരിക്കുന്നു.

ഓഫീസിലേക്ക് നടക്കുമ്പോഴും മറ്റൊന്നായിരുന്നില്ലാ മനസ്സിൽ. ദോൻഹെയലയെ കണ്ടെത്തുക തന്നെ. 'ദോൻ' എന്ന ദിവേഹി വാക്ക് കേട്ടേറെ പരിചയമുള്ളതാണ്. വെളുപ്പ് നിറമെന്നോ, സുന്ദരം എന്നൊക്കെയോ ആണ് വാച്യാർത്ഥം. പേര് സൂചിപ്പിക്കും പോലെ ദോൻഹെയല വെളുത്ത സുന്ദരി ആയിരുന്നിരിക്കണം!

അശ്വത്, നിനക്കീ കത്ത് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് എന്റെ ബോസ്സിന്റെ രണ്ടാമത്തെ മകൾ റൗഷം, ഓഫീസിലെ പ്രധാന വാതിൽ തുറന്നു കോറിഡോറിലൂടെ നടന്നു പോകുന്നത് കണ്ടത്. മിനുസമേറിയ ഫ്ലോർ ടൈലിങ് മേലുള്ള ചെരുപ്പിന്റെ ശബ്ദമാണ്, അത് റൗഷം ആണെന്ന് തിരിച്ചറിയാൻ കാരണം. ഡിഗ്രി പഠനം കഴിഞ്ഞു നിൽക്കുന്ന റൗഷം, ഒരു തൊഴിൽ പരിശീലനം എന്ന നിലക്കാണ് പിതാവിന്റെ ഓഫീസിൽ എത്തുന്നത്.

റൗഷം തന്ന ശുഭദിന ആശംസയ്ക്കു, നിറഞ്ഞൊരു പുഞ്ചിരി നല്കാൻ മറന്നില്ല.

********************************

ഏപ്രിൽ ഇരുപത്തിയഞ്ച് 

മാലിദ്വീപ് 


എത്ര ദിവസമായി തുടങ്ങിയതാണീ ഈ അലോസരം, ഉണർവ്വില്ലായ്മ.
എന്ത് ചെയ്യാനാ?
എന്ത് ചെയ്താൽ  ഒരു പരിഹാരമാവും?
ആകെ ഒരു വശപ്പിശക് !!!

കഴിഞ്ഞ ദിവസങ്ങളായി ചിന്തകൾ ഒരു പ്രേത്യേക ബിന്ദുവിലാണ്. അത് മറ്റൊന്നുമല്ലാ, ആരെയെങ്കിലും ഒന്ന് പ്രേമിക്കണം!
ഇത് വായിക്കുന്ന നിനക്ക്,  അരക്കിറുക്കന്റെ തുടക്കം എന്ന് തോന്നിയേക്കാമെങ്കിലും, എന്തുകൊണ്ട് ഇപ്പോൾ ഇങ്ങനെ ഒരു ആലോചന വന്നു?
ജീവിതം  ദ്വീപിലാണ്.
ജീവിതം തന്നെ ദ്വീപായി മാറിയിരിക്കുന്നു.
വിളിക്കാനും വിളിച്ചുണർത്താനും വിരഹവേദനയുടെ വേപഥു പൂണ്ടു കാത്തിരിക്കാനും കാണുവാനും വല്ലാതെ ആശിച്ചു പോകുന്നു.

അശ്വത് അഴിച്ചുവെച്ച രാമായണ തീപ്പൊരിയിൽ ഞാനങ്ങു ദോൻഹെയ്‌ലയിലേക്ക് എത്തിയിരുന്നുവല്ലോ. തദ്ദേശീയ സഹപ്രവർത്തകർക്ക് പോലും തെളിർമയില്ലാത്ത ആ കഥ തേടിപിച്ചു നിനക്ക് ചെറുവിവരണം തരുമ്പോൾ എന്റെ മനസിലേക്ക് ഇശൽതേൻകണം പൊഴിച്ചു, കൽക്കണ്ട കനിവോടെ, കടകണ്ണു ഇറുക്കി ഹിജാബിനുള്ളിൽ ആരോ ഒരാൾ ഒളിച്ചിരിക്കുന്നതായി തോന്നൽ.

അത് ദോൻ ഹെയ്‌ല അല്ലെ എന്ന ചിന്തയിൽ അഭിരമിക്കുമ്പോഴാണ് ഏതോ ഒരു ശ്രീഹരി സ്വപ്നത്തിൽ വന്നത്. നീ കളിയാക്കാറുള്ളതുപോലെ ചിറക്കൽ ശ്രീഹരിയുടെ പ്രേതംകൂടിയ മനസ്സാണല്ലോ എനിക്ക്.
എങ്കിലും, അയാൾ ആരാണ്?
അയാളെ എന്തിനാണ് ദോൻഹെയ്‌ല തേടുന്നത് ?
ശേഷം, ആയാൾക്കു എന്തെ എന്റെ മുഖം പോലെ തോന്നിയത്?

വെളുത്ത സുന്ദരിയും, നന്നെ കനംകുറഞ്ഞ റൗഷത്തെ ദോൻ ഹെയ്‌ല എന്ന് വിളിച്ചു തുടങ്ങിയത്, ആ നാടോടിക്കഥയുടെ വായനക്ക് ശേഷമാണു. ദൗർഭാഗ്യമെന്നു പറയട്ടെ, ഓഫീസിലെ സുഹൃത്തുക്കളിൽ പലരും ദോൻ ഹെയ്‌ലയുടെയും അലി ഫുളുവിന്റെയും കഥകൾ കേട്ടിട്ടുണ്ടുവെങ്കിലും നരച്ച ഓർമകളുടെ ഓലകീറുകൾക്കു ഉള്ളിൽ നിന്നും മാത്രമേ അവർക്കു എന്തെങ്കിലും പറയുവാൻ കഴിയുന്നുള്ളു. എങ്കിലും റൗഷത്തെ ദോൻ ഹെയല എന്ന് വിളിച്ചുതുടങ്ങിയപ്പോൾ, കവിളിലെ ചുഴികളും മൂക്കിന്നു ചുവട്ടിലെ നനുത്ത രോമരാജികളും തെളിഞ്ഞു, അവളുടെ മുഖം കൂടുതൽ പ്രസന്നമാവുകയും ലിപ്സ്റ്റിക്കിന്റെ തെളിർമക്കപ്പുറം ചുണ്ടുകൾ കൂടുതൽ ചുമക്കുകയും ചെയ്തു.

ജോലിക്കായി വന്ന അന്നുമുതൽ, റൗഷം ഓഫീസിലെ ഓരോ കാര്യങ്ങളും എന്നോട് വന്നു അന്നെഷിക്കുകയും സമയാസമയം സംശയ നിവാരണം നടത്തുകയും ചെയ്തിരുന്നു. പഠിക്കാനുള്ള ആ പെൺകുട്ടിയുടെ അഭിവാഞ്ചയെ കഴിവതും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. എന്റെ ക്യാബിനു അരികിൽ ഇരിക്കുവാനും സംസാരിക്കുവാനും കഥകൾ പറയുവാൻ ആഗ്രഹിക്കുന്നുവെന്നും, നിരഞ്‌ജൻ, നിങ്ങൾ നല്ലൊരു സുഹൃത്താണെന്നും അവൾ തുറന്നു പറഞ്ഞു. പാരിസ് ആയിരുന്നു റൗഷത്തിന്റെ പ്രിയപ്പെട്ട സ്ഥലം. അവിടേക്ക് യാത്രപോകുവാനുള്ള പണസമ്പാദനമാണ് അവളുടെ ലക്ഷ്യമെന്ന് പറഞ്ഞു. വിവാഹം സ്വപ്നം കാണുന്ന ആ പെൺകുട്ടിയുടെ മധുവിധു ആഘോഷം പാരിസിൽ ആയിരിക്കണമെന്നാണ് അവൾ പ്രാർത്ഥിക്കാറത്രെ. റൗഷത്തിനു, അവളുടെ അച്ഛനിൽ നിന്നും സാമ്പത്തിക ആവിശ്യങ്ങൾ നിവർത്തിച്ചെടുക്കാനുള്ള പാലമായിരുന്നു ഞാനെന്ന തോന്നലാണ് എനിക്കുണ്ടായിരുന്നത്.

റൗഷത്തെ ദോൻ ഹെയ്‌ലാ എന്ന് ഞാൻ നീട്ടിവിളിക്കുമ്പോൾ, പലപ്പോഴും അവളുടെ മറുപടി, അവൾ ഇപ്പോഴും ഒരു അലി ഫുളുവിനെ തേടുകയാണ് എന്നായിരുന്നു. ശാന്തതയും കുലീനത്വവും പെരുമാറ്റത്തിലും സ്വഭാവത്തിലും സൂക്ഷിക്കുന്നുണ്ട്, എന്നാണ് റൗഷത്തെക്കുറിച്ചുള്ള ആദ്യ വിലയിരുത്തൽ. അതിനെ സാധുകരിക്കുന്ന രീതിയിലായിരുന്നു അവളുടെ മറുപടിയും. അകാലത്തിൽ പൊലിഞ്ഞ പ്രണയത്തിന്റെ, ഇച്ഛാഭംഗത്തിന്റെ മാറാപ്പുകൾ ഒന്നും അവളുടെ മുഖത്തു ശേഷിക്കുന്നുണ്ടായിരുന്നില്ല.

പക്ഷെ, പിന്നീട്  വളരെ പെട്ടെന്നാണ്, റൗഷത്തിന്റെ  നിരാശകലർന്ന മറുപടികൾ നിലച്ചുപോയതായി തോന്നിയത്.

*************************

മെയ് പത്ത് 

മാലിദ്വീപ് 



ഒരു ചെറിയ സംശയം മനസ്സിൽ കടന്നുകൂടിയിട്ടു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി.
മോശമാണ്, അങ്ങനെ ചിന്തിക്കുന്നത്!
അല്ലെങ്കിൽ എന്റെ മനസ്സിന്റെ ചെറുപ്പമോ വിവേകമില്ലായ്മയോ ആവാം, അങ്ങനെ ചിന്തിക്കുന്നത്.

എന്തുകൊണ്ട് അങ്ങനെ ചിന്തിച്ചു, അല്ലെങ്കിൽ തോന്നിയൊന്നൊക്കെ, നീ തിരിച്ചു  ചോദിച്ചാൽ..... 'ആ... അറിയില്ല' എന്നാണ് മറുപടി.
ഒരു നാട്ടുമ്പുറത്തുകാരന്റെ ചിന്താമണ്ഡലങ്ങൾക്ക് അത്രയുമൊക്കെയല്ലേ വളർച്ച കാണു. അല്ലെങ്കിൽ പിന്നെ എന്താ...പറയ്കാ...?

പറഞ്ഞു വരുന്നത്, ബോസ്സിന്റെ മകൾ റൗഷത്തെക്കുറിച്ച്‌ തന്നെയാണ്.  ഈ അടുത്ത സമയംവരെയും അവളുടെ പുരുഷ സുഹൃത്ത്, നമ്മുടെ കമ്പനിയുടെ ഉടമസ്ഥതയിൽ ഉള്ള ഷോപ്പിലെ ജോലിക്കാരനായിരുന്നു. എന്നാൽ എന്തോ, ഇപ്പോൾ ആ ബന്ധം ഉപേക്ഷിച്ച മട്ടാണ്.

ഇപ്പോഴത്തെ എന്റെ സംശയം, അവൾ വീണ്ടും അച്ഛന്റെ സ്ഥാപനത്തിലെ മറ്റൊരു ജോലിക്കാരനുമായി സൗഹ്രദത്തിലായോ എന്നാണ്. അതെ, നമ്മുടെ ഓഫീസിലെ മാനേജർ ഹസ്സൻ വഹീദുമായി!

ഞാൻ രാവിലെ ഓഫീസിൽ എത്തി കുറച്ചു കഴിയുമ്പോഴാണ് അവര് ഇരുവരും ഓഫീസിൽ വരുന്നത്. രണ്ടാളും ഒരുമിച്ചൊന്നുമല്ല വരവ്,  എങ്കിലും...തൊട്ടടുത്ത മുറിയിൽ ഇരുന്ന്, സംസാരിക്കുന്നത് കാണാറുണ്ട്. ചില ദിവസങ്ങളിൽ ഹസ്സനാണ് ആ പെൺകുട്ടിയെ വീട്ടിൽ നിന്നും ഓഫീസിലേക്ക് കൂട്ടികൊണ്ടു വരുന്നത്. കഴിഞ്ഞ ദിവസം, ഓഫീസിലെ എല്ലാ സുഹൃത്തുകൾക്കും ഒപ്പം, പുറത്തു ആഹാരം കഴിക്കാൻ പോയപ്പോൾ ശ്രദ്ധിച്ച അവരുടെ ഇഴുകിച്ചേരലാണ്, ഈ സംശയത്തിന് തിരികൊളുത്തിയ ഹേതു. തദ്ദേശീയരായ സഹപ്രവർത്തകർ പരസ്പരം ഇടപഴകുന്നതും ഇഴുകിച്ചേരുന്നതും പുതുമയൊന്നുമല്ല, മിക്കപ്പോഴും അതിൽ ഗൂഢമായ എന്തെങ്കിലും അർത്ഥങ്ങളും ഉണ്ടാവാറില്ല. എന്നാൽ റൗഷത്തിന്റെ ചേച്ചിയുടെ സംസാരത്തിൽ നിന്നും പുറത്തുവന്ന ഒരു വാക്കാണ്, ഇപ്പോൾ ഈ സംശയം ഇത്രബലമായി തോന്നുവാൻ കാരണം.

"അളിയൻ, അളിയൻ ഇല്ലേ അവിടെ "

പ്രായം തികഞ്ഞ രണ്ടുപേർ ഇഷ്ടപ്പെടുന്നതും സ്നേഹിക്കുന്നതും വിവാഹം കഴിക്കുന്നതും പാപം ഒന്നും അല്ലാ. അത്തരം ഒരു ബന്ധം ഉണ്ടെങ്കിൽ അതൊരു ക്രിമിനൽ കുറ്റവും അല്ലാ. അവരുടെ സൗഹ്രദത്തെ ഒളിച്ചുവെച്ച കപട സദാചാര കണ്ണുകളോട് നോക്കുന്നതിൽ കുറ്റബോധം തോന്നി.

മാതാപിതാക്കൾ നിശ്ചയിക്കുന്ന മുൻകൂട്ടി ചർച്ച ചെയ്തു നടത്തുന്ന ഇന്ത്യൻ വിവാഹരീതികളുടെയും കീഴ്വഴക്കങ്ങളുടെയും മാറാപ്പും പേറിയാണ്, മാലെജനതയുടെ സ്വകാര്യതകൾ വീക്ഷിക്കുന്നത് എങ്കിൽ, അത് വലിയൊരു അബദ്ധവും അപാകതയും തന്നെ ആവും.
ഇവിടെ, ഈ ദേശത്തു പുരുഷൻ അവന്റെ വനിതാ സുഹൃത്തിനെയും ഭാര്യയെയും അവനാൽ തന്നെയാണ് കണ്ടെത്തുന്നത്! അതേപോലെ, സ്ത്രീ അവന്റെ പുരുഷനെ കണ്ടെത്തുന്നതും മറ്റാരുടെയെങ്കിലും സഹായത്താലും അല്ലാ. സ്‌കൂൾ വിദ്യാഭ്യാസ കാലത്തിലോ, അല്ലെങ്കിൽ തുടർന്നോ, ജോലിസമയത്തോ ഒക്കെ ആവും സൗഹ്രദങ്ങൾ സ്വാഭാവികമായി കടന്നുവരുന്നത്. അത്തരം സൗഹ്രദങ്ങൾക്കു വിലങ്ങു തടിയായി ഗ്രഹ ദോഷങ്ങളോ കുലമോ ജാതിയോ സ്ത്രീധന വ്യാപാര വാഗ്ദങ്ങളോ ഒന്നും മാനദണ്ഡമോ പ്രെഹേളികയായോ നിൽക്കാറില്ല. രണ്ടു വ്യെക്തികളുടെ ഇഷ്ടങ്ങൾക്കപ്പുറം, അവരുടെ മാനസിക ഐക്യത്തിനും അഭിപ്രായ സ്വരൂപണത്തിനും അപ്പുറം, ജീവിതത്തിലെ ഏറ്റവും വലുതും വിധിനിർണായകവുമായ തീരുമാനത്തിൽ ബാഹ്യ ഇടപെടലുകൾ തുലോം തുച്ഛമാണ്.

പുരുഷനും സ്ത്രീയും പൂർണ സ്വാതന്ത്ര്യത്തോടെ അവരുടെ ഭാവിയെ തിരഞ്ഞെടുക്കുമ്പോൾ, പുറത്തുനിന്നുമുള്ള എനിക്ക് അതിൽ എന്ത് കാര്യം എന്ന നീ ചോദിച്ചേക്കാവുന്ന ചോദ്യം എന്നെ അലട്ടാതിരുന്നില്ല.

**************************
മെയ് പന്ത്രണ്ട്
മാലിദ്വീപ് 

ഓഫീസിൽ നിന്നും എല്ലാവരും കൂടി ഇന്നൊരു യാത്രപോയി. 
മാലെയിൽ നിന്നും സ്‌പീഡ്‌ ബോട്ടിൽ പത്ത് മിനുട്ട് കൊണ്ട് എത്തിച്ചേരാവുന്ന ഫെയ്‌ദ്‌ ഫിനോളു ദ്വീപിൽ. കമ്പനിയിലെ എല്ലാവരും ചേർന്ന് ഏതാണ്ട് ഇരുപത്തഞ്ചോളം ആളുകൾ ഉണ്ടായിരുന്നു. ഞാനൊഴിച്ചു ബാക്കി എല്ലാവരും മാലെവാസികൾ തന്നെ ആയിരുന്നു.

പോലീസിന്റെ ഉടമസ്ഥതയിൽ ഉള്ള, ദ്വീപാണത്. സ്‌കൂൾ കുട്ടികൾക്ക് എൻ.സി.സി ക്യാമ്പും മറ്റും നടത്താനായിട്ടാണ് ആ ദ്വീപ് ഇത്രയും നാളും ഉപയോഗിച്ചുകൊണ്ടിരുന്നത്. എന്നാൽ സർക്കാരിന്റെ പുതിയ നയം പ്രകാരം, ഈ ദ്വീപ് ഒരു റിസോർട്ടായി മാറ്റുന്നതിലേക്കായി താൽപര്യപത്രം ക്ഷണിച്ചുകൊണ്ട് സ്വകാര്യ വ്യെക്തികളെ സമീപിച്ചു. അങ്ങനെ അത് ലഭിച്ചിരിക്കുന്നത്, മാലെയിലെ ഒരു പ്രമുഖ മൊത്തൊവിതരണ വ്യാപാരിക്കാണ്. അവർ ഒരു ചൈനീസ് കമ്പനിയുമായി ചേർന്നാണ് റിസോർട്ട് നിർമ്മാണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ഈ സ്വകാര്യ കമ്പനിയുടെ മുതലാളിയുടെ മകനായ ശ്രി.അഹമ്മദ്, നമ്മുടെ കമ്പനിയിലെ ജോലിക്കാരനായ സുലൈമാൻ യാസിറിന്റെ ഉറ്റസുഹൃതാണ്. അങ്ങനെയാണ്, ഇപ്പോൾ ആൾതാമസമില്ലാത്ത ആ ദ്വീപിലേക്ക് പോകുവാൻ ഞങ്ങൾക്ക് അവസരം ലഭിക്കുന്നത്. ശ്രീ. അഹമ്മദും ഞങ്ങളോടപ്പമുള്ള യാത്രയിൽ ഉണ്ടായിരുന്നു.

അവിടെ എത്തി ഉടൻ പ്രഭാത ഭക്ഷണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. അതിനുവേണ്ടിയുള്ള സൗകര്യങ്ങൾ മാലിയിൽ നിന്നും തന്നെ സംഘടിപ്പിച്ചിരുന്നു. ചപ്പാത്തിപോലെ ഉണ്ടാക്കുന്ന, വളരെ കട്ടികുറഞ്ഞ റോഷിയെന്ന പലഹാരവും,കൂട്ടുകറിയായി കുളി മസും ആയിരുന്നു. ചൂര മീൻ വളരെ ചെറുതായി കഷ്ണങ്ങളാക്കി എരിവോടെ ഖരരൂപത്തിൽ തയ്യാറാക്കുന്ന വളരെ രുചിയേറിയ മീൻവിഭവമാണത്.റോഷിയും കുളിമസും കഴിച്ചു ഏവരും ഫുട്ബാൾ കളിയ്ക്കാൻ തയാറായി.
രണ്ടു ടീമായി തിരിഞ്ഞു ഫുട്ബാൾ കളിച്ചു. ഓഫീസിലെ പെൺകുട്ടികൾ കാഴ്ച്ചക്കാരായി നിന്നു കൈകൊട്ടി.
പിന്നീട്, ആ ദ്വീപിൽ കറങ്ങി നടന്നു. ചെറിയൊരു ദ്വീപാണ് ഫെയ്ഡ് ഫിനോളു. ദ്വീപ് മുഴുവൻ നടന്നു കണ്ടു.
വിദേശത്തു നിന്നും എത്തുന്ന ക്രൂയിസുകളിൽ ടൂറിസ്റ്റുകൾ ഈ ദീപും സന്ദർശിക്കുന്നുണ്ട്.

പിന്നീട് ഏവരും ഉച്ചക്കാലത്തേക്ക് വേണ്ടിയുള്ള പാചകത്തിലേക്കു തിരിഞ്ഞു. ബാബിക്യു ഫിഷും ചിക്കനും ഒക്ടോപാസ്സും ഒക്കെ ആയി, വെള്ളിയാഴ്ച്ച അവധിയെ ആഘോഷമാക്കി.
രണ്ടാം സെക്ഷൻ ഫുട്ട്ബോൾ കളിയും കഴിഞ്ഞു, കടലിൽ ഇറങ്ങി. അവരെല്ലാം നീന്തലും കളികളുമായി കൂടി. എനിക്ക് നീന്തൽ അറിയില്ലെങ്കിലും ഞാനും, ആഴം കുറഞ്ഞ ഭാഗത്തേക്ക് ഇറങ്ങി. ചില സുഹൃത്തുക്കൾ നീന്തൽ പഠിപ്പിക്കാൻ ശ്രമിച്ചു.
കടലിൽ അങ്ങനെ കുറെ നേരം കിടന്നപ്പോൾ നല്ല സുഖമായിരുന്നു. ആ വെള്ള പൂഴിമണ്ണുകൊണ്ടു പല്ലു തേച്ചു, കാലും കൈയും ഉരച്ചു കഴുകി 

ചാഞ്ഞുകിടക്കുന്ന തെങ്ങുകൾക്കും പൂവരശകൾക്കും ഇടയിൽ ചിലരെ, ചില ഇണക്കുരുവികളെ കണ്ടു. ചിലരുടെ നോട്ടങ്ങൾ ശ്രദ്ധിച്ചു. പ്രണയത്തിൽ ചാലിച്ച ആവശ്യങ്ങൾ, അന്നെഷണങ്ങൾ, കുസൃതികൾ. ഇല്ലാ, ഞാനൊന്നും കണ്ടിട്ടില്ല.എനിക്കൊന്നും അറിയില്ല.

അപ്പോഴേക്കും സന്ധ്യയായി തുടങ്ങിയിരുന്നു.
നല്ലൊരു വെള്ളിയാഴ്ചയുടെ സുഖമുള്ള ഓർമകളുമായി മാലെയിലേക്ക് തിരിച്ചു.

***************************

മെയ്  പതിനാല് 

മാലിദ്വീപ് 



ചാമ്പിമയങ്ങിയ കണ്ണുകൾ രക്തവർണമായ മുഖത്തെ പകുതിമറച്ചുകൊണ്ടു പടർന്നുവീണ ഹിജാബിന്റെ ഉള്ളിൽ നിന്നും അഴിഞ്ഞുവീണ മുടിച്ചുരുളുകൾ വിരിഞ്ഞു നിൽക്കുന്ന ചുണ്ടിലെ പുഞ്ചിരിയെ മനോഹരമാക്കുന്നുണ്ട്. ലാസ്യത, വശ്യതക്ക് കൂട്ടുകൂടുന്നു. പ്രാവുകൾ കുറുകുന്ന സന്ധ്യയിൽ ചെറുതണുപ്പിൽ അരികിൽ ആരെങ്കിലും ഉണ്ടാകണമെന്ന് വെറുതെ എങ്കിലും ആഗ്രഹിച്ചുപോകുന്നു. അതെ, ആഗ്രഹങ്ങൾ വെറുതെയാണെന്ന് അറിയാമെന്ന് പാടിയത് ദേശത്തെ കവിയാണെങ്കിലും, വെറുതെ മോഹിക്കുവാൻ, നീ അകലെയാണെങ്കിലും ഉള്ളത്,  പ്രചോദനം ആണല്ലോ. ജീവിക്കുവാനുള്ള....സ്വപ്നം കാണുവാനുള്ള....പ്രചോദനം!


അവളുടെ കണ്ണുകളിൽ  ഊർന്നു ഇറങ്ങുന്ന ഗാഢ പ്രണയം ഞാൻ കണ്ടു. ചരിഞ്ഞിരുന്നു ഒളിഞ്ഞുനോക്കുമ്പോൾ, മുഖബിംബത്തിൽ വിരിയുന്ന കുസൃതിയും ഞാൻ കണ്ടു. കവിളുകളിലെ ക്ഷീരവർണം ചുവന്ന് ചെറിപ്പഴമാകുന്നതും, ചുണ്ടുകളിൽ തേനൊലിക്കുന്നതും ചുരത്തുന്നതും ഞാൻ കണ്ടുകൊണ്ടു നിന്നു.


പറഞ്ഞുവരുന്നത് ദോൻഹെയ്‌ല എന്ന റൗഷത്തെ കുറിച്ചാണ്!
രാവിലെ ഓഫീസിൽ എത്തി, അടുത്ത മുറിയിലേക്ക് കടന്നപ്പോഴാണ്, മുഖം തിരിച്ചിരിക്കുന്ന ഹസ്സൻ വഹീദിനെ ചരിഞ്ഞു നോക്കിയിരിക്കുന്ന റൗഷത്തെ കാണുന്നത്. പ്രണയാതുരമായ അവരുടെ നിമിഷങ്ങളിൽ ഒരു കട്ടുറുമ്പ് ആകാതെ ഞാൻ ആ മുറിയിൽ നിന്നും പിൻവാങ്ങി. അവരായി അവരുടെ ലോകമായി!. എങ്കിലും, അവനുമേലുള്ള അവളുടെ നോട്ടവും ചിരിയും കണ്ടുകൊണ്ടു നിൽക്കാൻ ഒരു രസം. എന്റെ ഉള്ളിൽ ചെറുതായി അസൂയപൂക്കൾ വിരിയുന്നോ എന്നൊരു സംശയം.


മേയ് പതിനഞ്ച് 

മാലിദ്വീപ് 


എന്റെ ചില തെറ്റിദ്ധാരണകളോ മുൻവിധികളോ ഒക്കെ ആവും. അല്ലെങ്കിൽ  പ്രാദേശിക ഭാഷ മനസ്സിലാക്കുന്നതിലുള്ള പരാജയമാവും. അതുമല്ലെങ്കിൽ അനാവശ്യമായ കാര്യങ്ങളിൽ തലയിട്ടും ഒളിഞ്ഞും നോക്കുന്ന മനസ്സിന്റെ വലിപ്പക്കുറവായിരിക്കാം. ബോസ്സിന്റെ മകളുടെ രഹസ്യത്തെക്കുറിച്ചു ആലോചിച്ചുള്ള കുറ്റബോധം എന്റെ മനസ്സിനെ കാർന്നു തിന്നുന്നു.

ഓഫീസിൽ കൂടെ ഉള്ളവരെല്ലാം തദ്ദേശീയരാണ്. അവരുഏവരുമായും വളരെ നല്ല സൗഹ്രദവും ബന്ധവും ആണ് ഉള്ളത്. എന്നാൽ, എന്തും തുറന്നു സംസാരിക്കാനും പങ്കുവെക്കാനും ഒരല്പം അടുപ്പം കൂടുതൽ ഉള്ളത് ബോസ്സിന്റെ ബന്ധുകൂടിയായ ഷീസയുമായിട്ടാണ്.

ഷീസയുടെയും മറ്റും പതിഞ്ഞ ശബ്ദത്തിലുള്ള സംസാരത്തിൽ നിന്നും രഹസ്യ ചർച്ചകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്, എന്നിൽ നിന്നും മറച്ചുവെക്കപ്പെട്ട എന്തോ ഒന്ന് ഓഫീസിൽ സംഭവിച്ചെന്നും, ആ വിഷയത്തിൽ അവർക്ക് ഏവർക്കും ആശങ്ക ഉണ്ടെന്നും ആണ്. പ്രാദേശിക ഭാഷയിലെ എനിക്ക് മനസ്സിലായ അപൂർവം വാക്കുകളിൽ നിന്നും ചികഞ്ഞെടുത്തത്, റൗഷത്തിന്റെ അമ്മക്ക് അതിൽ ഇഷ്ടക്കേട് ഉണ്ടെന്നും എന്നാൽ ആ പെൺകുട്ടിക്ക് അതിയായ താല്പര്യം ഉണ്ടെന്നും ആണ്.
നമ്മുടെ സുഹൃത്ത് ഷീസക്കും  ഇഷ്ടമായിട്ടില്ല സംഭവവികാസങ്ങൾ എന്ന് അവളുടെ ശരീര ഭാഷയും പറഞ്ഞുവെക്കുന്നു.

*************************

മെയ്  പതിനാറ് 

മാലിദ്വീപ് 


അല്ലപ്പാ എല്ലാം കൈവിട്ടു പോയോ?
ആരോടാപ്പാ ഇതൊന്ന് ചോദിക്കുന്നത്?
ആരും ഒന്നും പറയുന്നുമില്ലല്ലോ!
എല്ലാം അറിയാവുന്ന ഷീസാ, എന്നിൽ നിന്നുമാത്രം മറച്ചും വെച്ചിരിക്കുന്നു.

കഴിഞ്ഞ മൂന്നു ദിവസമായി റൗഷം ഓഫീസിൽ എത്തിയിട്ട്.
കാരണം എന്താണ്? അമ്മക്ക് സുഖമില്ലാത്തതുകൊണ്ട് എന്ന് പുറത്തു പറയപ്പെട്ട കാരണം തന്നെയാണോ?
ഈയിടെയായി ഹസ്സനെയും ഓഫീസിൽ അങ്ങനെ കാണാറില്ല. രാവിലെ എന്നും കൃത്യ സമയത്ത് വന്നുകൊണ്ടിരുന്ന ആളാണ്, ഇപ്പോൾ ഉച്ചയോടു കൂടിയാണ് വരുന്നത്.

ഇന്ന് രാവിലെ ആഴ്ചകൾക്കു ശേഷം ബോസ് ഓഫീസിൽ എത്തി.
ആദ്യം വിളിച്ചത് ഹസ്സനെ ആയിരുന്നു.
ഹസ്സനുമായി ബോസ് അദ്ദേഹത്തിന്റെ മുറിക്കുള്ളിൽ കയറിയതാണ്, മണിക്കൂറുകൾക്കു ശേഷമാണു ഹസ്സൻ പുറത്തേക്ക് ഇറങ്ങിയത്.
എന്താണ് നടക്കുന്നതെന്നൊ പറയുന്നതെന്നോ ഒരു എത്തുംപിടിയും കിട്ടുന്നില്ല.
അവര് തമ്മിൽ പ്രേമം തന്നെ ആവുമോ? തന്റെ മകളെ പ്രേമിക്കുന്നതിൽ നിന്നും ജോലിക്കാരനെ വിലക്കാൻ ആയിരിക്കുമോ ബോസ് ഹസ്സനെ വിളിച്ചിട്ടുണ്ടാവുക.
മനസ്സ് തുറക്കുന്നതിൽ നന്നേ പിശുക്കനാണ് ഹസ്സനും, അതുകൊണ്ടു അയാൾ പറഞ്ഞു എന്തെങ്കിലും കാര്യങ്ങൾ അറിയാമെന്ന വിശ്വാസമൊന്നുമില്ല.

മറ്റുള്ളവരുടെ സ്വകാര്യതകളും രഹസ്യങ്ങളും അറിയാൻ കഴിയാതെ വിഷണ്ണനാവുന്ന മനുഷ്യമനസ്സ്, പുച്ഛമാണ് തോന്നുക. പുച്ഛം!


മെയ്  ഇരുപത്തിയൊന്ന് 

മാലിദ്വീപ് 


അവളുടെ  മുഖത്ത് വിരിഞ്ഞ കാമുകീ ഭാവവും പുഞ്ചിരിയും, കാണാൻ എന്ത് മനോഹരമായിരുന്നു. നീണ്ടു നിന്ന പുഞ്ചിരി!  സുന്ദരിയാണവൾ!  ഇത്രയും മനോഹാരി ആയിരുന്നോ എന്ന് ഇതുവരെയും തോന്നിയിരുന്നില്ല. അല്ലെങ്കിലും, പെണ്കുക്കുട്ടികൾ പ്രേമിക്കുമ്പോൾ സൗന്ദര്യം കൂടുമെന്നു പറഞ്ഞത് അശ്വത്, നീ തന്നെയാണ്.

ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷമാണു, റൗഷം ഇന്ന് ഓഫീസിൽ എത്തിയത്. റൗഷം, ഹസ്സൻ വഹീദിനെ എങ്ങനെയാവും അഭിമുഖീകരിക്കുക എന്നായിരുന്നു എന്റെ ആലോചന വിഷയം.

ആ സമയം ഹസ്സൻ എന്റെ മുറിയുടെ വാതിലിൽ ഞാനുമായി സംസാരിച്ചു നിൽക്കുക ആയിരുന്നു. അവിടെ നിന്നും അയാൾ പുറത്തേക്ക് ഇറങ്ങാനായി തുനിഞ്ഞപ്പോഴാണ്, ഹസ്സനു അഭിമുഖമായി എന്റെ ക്യാബിൻ മുറിയിലേക്ക് റൗഷം കയറിവന്നത്.

'ഹായ് ...' എന്ന ഉപചാരത്തിനപ്പുറം പരസ്പരം കൈമാറിയ പുഞ്ചിരി. നീണ്ടു നിറഞ്ഞ നിന്ന പുഞ്ചിരി!

അതൊരു സംതൃത്തയായ, സന്തോഷവതിയായ കാമുകിയുടെത് അല്ലെന്ന് ആർക്ക് പറയാൻ കഴിയും?

******************


ജൂൺ  ഒൻപത് 

മാലിദ്വീപ് 



ഈ പെൺകുട്ടികളുടെ കാര്യം!
സത്യം പറഞ്ഞാൽ, എനിക്ക് മനസ്സിലാവുന്നില്ല. ഇവരെ എങ്ങനെ വിലയിരുത്തുകയും പഠിക്കുകയും ചെയ്യണമെന്ന്.

കാഴ്ചയിൽ ഏകദേശം മുപ്പത്തഞ്ച് വയസ്സുള്ള ഹസ്സൻ വഹീദ്മാതൃദ്വീപായ മഡിഫുഷിയിലെ സ്‌കൂളിൽ അധ്യാപകനായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് അദ്ദേഹം. ദൃഢഹാത്രനും ഫൂട്ട്ബോൾ കമ്പക്കാരനുംകൂടിയാണ് അയാൾ. നന്നെ കറുപ്പ് നിറമാർന്ന ശരീരത്തിൽ, മുഖത്തെ നീണ്ട താടിരോമങ്ങൾ, അയാളിലെ ദീനിന്റെ സ്വാധീനം കാണിക്കുന്നതായിരുന്നു. തികഞ്ഞ വിശ്വാസിയും ദയാലുവും മറ്റുള്ളവരെ എളുപ്പത്തിൽ വിശ്വസിക്കുന്ന ഒരാളായിട്ടാണ്, ഹസ്സനെ വിലയിരുത്തുക. ഒരു കച്ചവട സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ, മറ്റുള്ളവരെ ഇത്ര തുറന്നു വിശ്വസിക്കുന്നത് നന്നല്ലാ എന്ന് പലപ്രാവശ്യം അയാളോട് പറഞ്ഞിട്ടുണ്ട്. എന്നാൽ പലപ്പോഴും പല ഉപഭോക്താക്കളിൽ നിന്നും ദുഖകരമായ അനുഭവങ്ങളും തട്ടിപ്പുകളും ഉണ്ടായിട്ടും, ആരെയും തുറന്ന ചെക്കിൽ വിശ്വസിക്കുന്ന സ്വഭാവം മാറ്റാൻ അയാൾ തയാറായിട്ടില്ല.

ആളൊരു അഭിമാനിയാണ്.
ഒരിക്കൽ വളരെ സാമ്പത്തിക ബുദ്ധിമുട്ടേറിയ ഒരു ഓഫീസ് ദിവസം, അത്യാവശ്യമായി കുറെയേറെ ഇടപാടുകൾ ബാങ്കിൽ നടത്തേണ്ടിയിരുന്ന സന്ദർഭത്തിലാണ്, ഒരു ഉപഭോക്താവിന്റെ പക്കൽ, ഞങ്ങളുടെ കമ്പനിക്കു തരുവാനുള്ള ചെക്ക് ശരിയായിരിക്കുന്ന വിവരം അറിയുന്നത്. അത്തരം ജോലികൾ ചെയ്യാൻ ഉത്തരവാദിത്വപ്പെട്ടവർ ആരും ആ സമയം ഓഫീസിൽ ഉണ്ടായിരുന്നില്ല, ഹസ്സൻ, അയാളുടെ ജോലികളിൽ നിന്നും വിടുതലായി ഇരിക്കുന്നത് ശ്രദ്ധയിൽപെട്ടതുകൊണ്ടാണ്, ആ ചെക്ക് വാങ്ങിവരുവാനായി ഹസ്സനെ ഏർപ്പെടുത്തിയത്.

ബാങ്കിന്റെ പ്രവർത്തന സമയവും കഴിഞ്ഞിട്ടും, ഹസ്സൻ ചെക്കുമായി ഓഫീസിൽ എത്തിയില്ലാ.
തുടർച്ചായി വിളിക്കുമ്പോഴെല്ലാം 'ഇപ്പോൾ പോകാം...ഇപ്പോൾ പോകാം...വേറെ എങ്ങോ നിൽക്കുകയാണ്...ഇപ്പോൾ പോകാം' എന്നൊക്കെയുള്ള മറുപടികളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അവസാനം അയാൾ ചെക്കുമായി വന്നത് ബാങ്കിങ് സമയവും കഴിഞ്ഞു രണ്ടു മണിക്കൂറിനു ശേഷമാണ്.

എനിക്കെന്റെ നിയന്ത്രണങ്ങൾ നഷ്ടപ്പെട്ടിരുന്നു. ഞാൻ എന്തൊക്കയോ പുലഭ്യങ്ങൾ അയാളെ പറഞ്ഞു. ഓഫീസിലെ മറ്റു വനിതാ ജോലിക്കാരുടെ സാന്നിധ്യത്തിൽ ആയിരുന്നു എന്റെ ആ പൊട്ടിത്തെറി. ഹസ്സൻ മറുപടി ഒന്നും പറയാതെ, പ്രതികരിക്കാതെ, നിശബ്ദം തലകുനിച്ചു ഇറങ്ങിപോയി.

അൽപം സമയത്തിനു ശേഷം അയാൾ, ബോസ്സിന്റെ ഭാര്യക്ക് സന്ദേശം അയച്ചു. 'ഞാൻ ഇങ്ങനെ അയാളെ പുലഭ്യം പറഞ്ഞുവെന്നും, അത് സ്ത്രീകളുടെ മുന്നിൽവെച്ചായിരുന്നുവെന്നും, അപമാനിതനായി എന്നും, അതുകൊണ്ടു നാളെ മുതൽ ഓഫീസിൽ വരുന്നില്ലാ' എന്നും ആയിരുന്നു സന്ദേശത്തിന്റെ രത്‌നച്ചുരുക്കം.
ആ വാർത്ത അറിഞ്ഞിട്ടാണ് ബോസ് എന്നെ വിളിച്ചത്. ഹസ്സൻ വളരെ വിഷമത്തിൽ ആണെന്നും, ഇനിമുതൽ ഓഫീസിലേക്ക് വരുന്നില്ല എന്ന തീരുമാനം എടുത്തു നിൽക്കുക ആണെന്നും മറ്റും ബോസാണ് എന്നോട് പറഞ്ഞത്. ചെക്ക് എടുക്കുവാനായി പോയ ഹസ്സനെ മറ്റൊരു ആവശ്യത്തിനായി വഴിതിരിച്ചു വിട്ടത് ബോസാണെന്നും, അതുകൊണ്ടാണ് നിരഞ്ജൻ ഏൽപ്പിച്ച കാര്യം സമയത്തു ചെയ്യാതെ പോയതെന്നും, ഇതവണത്തേക്ക് അവനോടു ക്ഷമിക്കണമെന്നും മറ്റും ബോസ് പറഞ്ഞു തുടങ്ങി. ഹസ്സൻ നല്ല പയ്യനാണ്, അവൻ കൊഴപ്പങ്ങൾ ഒന്നും ഉണ്ടാക്കില്ല. അതുകൊണ്ടു അവനോടു കുറച്ചുംകൂടി ഭേദമായി ഇടപെടാനും പറഞ്ഞുവെച്ചു.

'ഓക്കേ ശരി...' ആ വിഷയം അങ്ങനെ തുടർ ചർച്ചകൾക്കൊന്നും അവസരം കൊടുക്കാതെ അവസാനിപ്പിച്ചു. 
അതിനു ശേഷം ഹസ്സനെ കാര്യമായിട്ട് തന്നെയാണ്  കൈകാര്യം ചെയ്യാറ്. അത് ഹസ്സനെ മാത്രമല്ലാ, ഓഫീസിലെ മറ്റു എല്ലാവരോടും അങ്ങനെ തന്നെ തുടർന്നു. ഞാനായിട്ട് ഒരു അപരാധവും ചെയ്യാനായി തുനിഞ്ഞില്ലാ. അതെ, ആ തീരുമാനത്തിൽ എന്റെ നിരാശ തന്നെ ആയിരുന്നു പ്രതിഫലിച്ചത്.

ബോസ് നിർബന്ധിച്ചിട്ടാണ് ഹസ്സൻ വഹീദ്, ദ്വീപിലെ അധ്യാപക ജോലി ഉപേക്ഷിച്ചു മാലെയിലേക്ക് വന്നത്. ബോസ്സിന്റെ രാഷ്ട്രീയ സ്വാധീനത്താൽ ഒരു സർക്കാർ ജോലി തരപ്പെടുത്തി കൊടുക്കാമെന്നുള്ള പ്രലോഭനത്താലാണ് അയാൾ വരുന്നതും. എന്നാൽ ഹസ്സന്റെ ഇടപെടീലുകളിലെ സത്യസന്ധതയും പെരുമാറ്റവും കാരണം, ബോസ് ഹസ്സനെ സ്വന്തം സ്ഥാപനത്തിൽ നിയമിച്ചു. അലക്കിതേച്ചി വേഷത്തിൽ കുലീനമായി ഓഫീസിൽ വന്നിരുന്ന ഹസ്സൻ മറ്റുള്ള തദ്ദേശീയർക്ക് ഒരു അപവാദം ആയിരുന്നു.

എന്നും ഏവർക്കും മുൻപേ ഓഫീസിൽ എത്തുകയും അത്യാവശ്യം ജോലിക്കാര്യങ്ങൾ നോക്കുകയും, തികഞ്ഞ വിശ്വാസിയും, മുടങ്ങാതെ പ്രാർത്ഥനകളിൽ പങ്കുകൊള്ളുകയും ഒക്കെ ചെയ്യുന്ന ഹസ്സൻ മറ്റുള്ള മാലി സ്വദേശികൾക്കു അനുകരണീയനും ആയിരുന്നു. കൂടെ ജോലി ചെയ്യുന്നവരോടെക്കെ വളരെ മാന്യമായും സരസമായും സംസാരിക്കുന്നതും ക്ഷമയും, അയാളോടുള്ള കുടുംബത്തോടുള്ള കൂറും വാത്സല്യവും ഒക്കെ മറ്റുള്ളവർ ശ്രദ്ധിക്കുകയും അതിൽ ഹസ്സനെ ഏവരും അഭിനന്ദിക്കുയും ചെയ്യുമായിരുന്നു.

നിറത്തിലെ സൗന്ദര്യത്തേക്കാളും ഹൃദയ നൈർമ്യല്യത്തിന് ഹസ്സന് മാർക്ക് കൂടുതൽ കിട്ടിക്കൊണ്ടിരുന്ന ആ വേളയിലാണ്, കോളേജ് പഠനം കഴിഞ്ഞു ബോസിന്റെ മകൾ ഓഫീസ് കാര്യങ്ങൾ പഠിക്കാനായി എത്തിച്ചേരുന്നത്.

മാലെ ഓഫീസ് ജീവിതവും തൊഴിൽ സാഹചര്യങ്ങളും നന്നേ വിഭിന്നമാണ്‌. പലരും കൃത്യമായ സമയത്തൊന്നും അല്ല ഓഫീസിൽ എത്തുന്നത്, പോകുന്നതും അങ്ങനെ തന്നെ. അക്കാര്യങ്ങളിൽ എന്തെല്ലാം തീരുമാനങ്ങൾ എടുത്താലും ഒന്നോ രണ്ടോ ദിവസത്തിനപ്പുറത്തേക്ക് ആ തീരുമാനങ്ങൾ ആത്മാവ് നഷ്ടപ്പെട്ട് അലയാൻ തുടങ്ങും.
സ്വഗൃഹങ്ങളിൽ നിന്നു ആരും പതിവായോ തീർച്ചയായോ പ്രാതലോ പാലത്തേക്കോ കഴിക്കാറില്ല. പുറത്തെ ഹോട്ടലുകളിൽ നിന്നും ഓഫീസിലേക്ക് ആഹാരം വരുത്തുന്നതിലോ പുറത്തുപോയി കഴിക്കുന്നതിലോ ആണ് ആളുകളുടെ ആനന്ദം. 

എന്നാൽ, പുതിയതായി വന്ന ബോസ്സിന്റെ മകൾ, മറ്റുള്ള സ്ത്രീ ഉദ്യോഗസ്ഥർക്ക് ഒരു മാതൃക ആയിരുന്നു. എന്നും കൃത്യമായ സമയത്താണ് അവർ ഓഫീസിൽ എത്തികൊണ്ടിരുന്നത്.
ആ സമയങ്ങളിൽ ഒക്കെ മറ്റു വനിതാ ജോലിക്കാരോ ഹസ്സൻ ഒഴികെയുള്ള സ്വദേശി ഉദ്യോഗസ്ഥരോ ഓഫീസിൽ ഉണ്ടാകാറില്ല അങ്ങനെ ഉള്ള ഒരു ദിവസം ആണ്, ഓഫീസിന്റെ ഇരുളടഞ്ഞ മൂലയിൽ, ഒരു പ്രേമം പൂക്കുന്നതായി തോന്നിയത്.


*****************


ജൂൺ പതിനഞ്ച് 

മാലിദ്വീപ് 


രാവിലെ തുടങ്ങിയതാണ് മഴ.
കുളിരോടെ പെയ്തിറങ്ങുന്ന മഴ 

ജനലരികിൽ  ചൂടുകോഫിയും ചുണ്ടോടു അമർത്തി അവളുടെ അരികിൽ നിൽക്കണമെന്ന ആഗ്രഹം മഴപോലെ തന്നെ മനസ്സിനെ കൊതിപ്പിക്കുന്നു, ഒപ്പം തണുപ്പിക്കുന്നു. ഇടുപ്പിൽ കൈപിടിച്ച്, അരികു ചേർത്തു നിർത്തി, മുടിവീണുകിടക്കുന്ന നെറ്റിത്തടം, പതുക്കെ കൈയ്യാൽ ഒതുക്കി, നെറുകയിൽ ചുംബിക്കണമെന്നും കൊതിച്ചുപോകുന്നു. എന്റെ തോളിലേക്ക് അവൾ ചായുമ്പോൾ, ചേർത്തുപിടിച്ചു മയിൽപ്പീലികൊണ്ടു അവളുടെ കവിളിടുക്കുകളെ തഴുകണമെന്നും കൊതിച്ചുപോകുന്നു.
മഴയുടെ ശൃങ്കാരതാളത്തിൽ ഞെരിഞ്ഞമർന്നു ആദ്യചുംബനത്തിൽ നിന്നും തഴുകി ഒഴുക്കി, ചുളിഞ്ഞു ഒടഞ്ഞു കിടക്കുന്ന മണിയറയിലേക്ക് വീണ്ടും ക്ഷണിക്കാനും കൊതിയാവുന്നു.

ആത്മരാഗത്തിന്റെ പ്രണയമധുര വീണയിൽ താളമീട്ടുന്ന സ്വരതംബുരുവിൽ നാദമായി അലിഞ്ഞു ഇല്ലാതാവണം. പ്രണയപ്പനി പിടിച്ചു, അവളുടെ സ്നേഹവായ്പ്പിലും ചെറുചൂടിലും ചേർന്നിരിക്കണം 

പുറത്തു, മഴ അപ്പോഴും പെയ്തു ഒഴിയാതെ നിൽക്കുകയാണ്.

************
ജൂൺ  ഇരുപത്തിയൊൻപത് 
മാലിദ്വീപ് 



അവസാനം, അങ്ങനെ ഷീസാ മനസ്സ് തുറന്നു.
ഞാൻ ചോദിക്കാതെ തന്നെ റൗഷം - ഹസ്സൻ ബന്ധത്തിന്റെ കഥ പറഞ്ഞു തുടങ്ങി. ആ ബന്ധത്തെ  വിമർശിക്കാനോ റൗശത്തെ ഉപദേശിക്കാനോ ഷീസക്കു അർഹതയില്ലാ എന്ന മുഖവുരയോടെയാണ് അവൾ പറഞ്ഞു തുടങ്ങിയത്. വിവാഹ മോചിതയായ ഷീസയും ഇപ്പോൾ പ്രണയിക്കുന്നത് രണ്ടുകുട്ടികളുള്ള ഒരു സ്ത്രീയുടെ ഭർത്താവിനെ ആണല്ലോ എന്നുള്ള കുറ്റബോധമാവാം, അവളെക്കൊണ്ട് അങ്ങനെ തോന്നിപ്പിച്ചത്. 

റൗഷം എങ്ങനെ ഹസ്സനിൽ ആകർഷിക്കപ്പെട്ടതെന്നോ, അവരുടെ ബന്ധത്തിന്റെ തുടക്കം എങ്ങനെ ആയിരുന്നോ എന്നോ ഒന്നും അവൾ പറഞ്ഞില്ല. എങ്കിലും റൗഷത്തിന്റെ അമ്മയും സഹോദരിയും ബോസും അറിഞ്ഞു കഴിഞ്ഞിരിക്കുന്ന ഈ ബന്ധം, ഇനി എങ്ങനെ മുന്നോട്ടു പോകും എന്നുള്ളതായിരുന്നു അവളുടെ ആശങ്ക.
റൗഷത്തിന്റെ 'അമ്മ ഷാത്തിറ മേഡവും മറ്റും എതിർക്കുന്ന ഈ ബന്ധം എങ്ങനെ ആയി തീരും?  ഷീസാ സ്വയം ചോദിച്ചുകൊണ്ടിരുന്നു.

രണ്ടു കുട്ടികളുടെ പിതാവും ഭാര്യാ സമേതനും ആണല്ലോ ഹസ്സൻ! അതുകൊണ്ടു തന്നെ ഹസ്സന്റെ ഭാര്യയുടെ മാനസികചിന്തകളെക്കുറിച്ചും ആകുലതകളെക്കുറിച്ചും ഷാത്തിറ മേഡം പൂർണബോധവതിയാവും.
അല്ലെങ്കിൽ ഹസ്സന്റെ ഭാര്യ അനുഭവിച്ചേക്കാവുന്ന മാനസികവും ശാരീരികവും ആയ പ്രശ്നങ്ങളെക്കുറിച്ചു, വ്യഥകളെക്കുറിച്ചു മറ്റു ഏവരെയുംക്കാളും ഷാത്തിറ മേഡത്തിന് ഉൾക്കൊള്ളുവാനും മനസ്സിലാകുവാനും കഴിയും.

ഒരു തവണ അല്ലാ, രണ്ട് പ്രാവിശ്യമാണ് ബോസ്, ഷാത്തിറ മേഡത്തെ തനിച്ചാക്കി മറ്റു സ്ത്രീകളുടെ പുറകെ പോയത്!
ഏതൊരാളും ആഗ്രഹിക്കുന്ന ഭർത്താവിന്റെ സ്നേഹവും കരുണയും തലോടലും സാമീപ്യവും ശ്രദ്ധയും പരിഗണയും ഇല്ലാതെ പോയത്.
അവർ സഹിച്ചത് മുഴുവൻ കുട്ടികൾക്ക് വേണ്ടിയായിരുന്നു. റൗഷം ഉൾപ്പടെ ഉള്ള നാല് കുട്ടികൾക്ക് വേണ്ടി ആയിരുന്നു.
ഷാത്തിറ മേഡത്തെ നിലനിർത്തിക്കൊണ്ടു തന്നെ, ബോസ് മറ്റു രണ്ടുപേരുടെയും കൂടി ഭർത്താവായി.

അതുപോലെ ഒരു സാഹചര്യത്തിലൂടെ മറ്റൊരു പെൺകുട്ടിയും കടന്നു പോകരുത് എന്നൊരു നിർബന്ധ ബുദ്ധി മേഡം കരുതുന്നുവെങ്കിൽ, അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്.
തന്റെ മകൾ, അത്തരം ഒരു വിഷമത്തിനു കാരണഹേതു ആകുന്നുവെന്നത്, അതെ സാഹചര്യങ്ങളിൽക്കൂടി കടന്നുപോയ ഏതു അമ്മയെയാണ് വിഷമിപ്പിക്കാതെ ഇരിക്കുക.
ഒരു മകൾ എന്ന നിലയിൽ, റൗത്തിനു തന്റെ അമ്മക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സ്നേഹവും, മേഡത്തിന്റെ തീരുമാനത്തെ മനസ്സിലാക്കുകയും ആദരിക്കുകയും ചെയ്യുക എന്നതാവും.

ഇരുപത്തിരണ്ടു വയസ്സോളമുള്ള റൗഷം സുന്ദരിയാണ്, മിടുക്കിയും.
ആ പെൺകുട്ടി എന്തുകൊണ്ടാണ്, ഇത്തരം ഒരു ബന്ധത്തിൽ അനുരക്തയായി എന്ന് എനിക്കൊട്ടും മനസ്സിലാവുന്നില്ല.
ഹസ്സൻ, ആളൊരു ശുദ്ധനും സത്യസന്ധനും കച്ചവട മനസ്സില്ലാത്ത ആളും ആണ്.
സൗഹൃദയൻ ആണ്, സ്നേഹമുള്ള ആളാണ്, ഒപ്പം തികഞ്ഞ വിശ്വാസിയും. പക്ഷെ അതൊന്നും റൗഷത്തിന്റെ ചാപല്യത്തെ ന്യായികരിക്കുന്ന കാര്യങ്ങൾ ആണോ എന്നറിയില്ല.
റൗത്തിനു ഇതിലും നല്ലൊരു ബന്ധവും ഭാവിയും ഉണ്ടാവുകയില്ലേ?

ഓഫീസിനു ഉള്ളിലെ സീരിസ് പ്രണയം കാണുന്നത് ആദ്യമായല്ല!
എന്റെ സഹപ്രവർത്തക റൂണയും, മുൻപ് ഓഫീസിൽ ജോലി ചെയ്തിരുന്ന മുഹമ്മദും തമ്മിലുള്ള ബന്ധവും കണ്ടിട്ടുള്ളതാണ്.
എന്നാൽ അവരുടേത് ഒരു പ്രണയബന്ധം ആയിരുന്നില്ല എന്നാണ് എന്റെ ബോദ്യം. നൈരാശ്യം പൂണ്ട കുടുംബ ബന്ധത്തിൽ നിന്നുമുള്ള മോചനത്തിന് മുഹമ്മദ് കണ്ടെത്തിയ ശാരീരിക ആശ്രയം മാത്രം ആയിരുന്നു റൂണ. അവരുടെ പല ശാരീരിക  ചേഷ്ടകൾക്കും  അബദ്ധവശാൽ നമ്മൾ ദൃക്‌സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്.

എന്നാൽ ഓഫീസിനുള്ളിലെ കാര്യാ ഗൗരവമുള്ള ആദ്യ പ്രണയകഥയിലെ നായിക റീഷം ആയിരുന്നു. അതും ബോസ്സിന്റെ മകൾ തന്നെ ആയിരുന്നു എന്നുള്ളത് എടുത്തുപറയേണ്ട കാര്യം ആണ്. ബോസ്സിന്റെ മൂത്ത മകളായ, റീഷം ഓഫീസിലെ ഇസ്‌മെയിൽ ഹാമിയുമായി രൂപപ്പെട്ട പ്രണയം,ബോസ്സിന്റെ വീടും അംഗീകരിച്ചത് ആയിരുന്നുവെങ്കിലും, വിവാഹത്തിലേക്ക് നയിക്കാതെ പരാജയപ്പെടുക ആയിരുന്നു. 

അതിനു ശേഷം, വെളിപ്പെട്ട ഈ പ്രണയകഥയിലും ബോസ്സിന്റെ തന്നെ മകൾ ആയിരുന്നുവെന്നത്, വല്ലത്തൊരു നിരാശക്കു വകതരുന്നു.ഈ സൂചിപ്പിച്ച മൂന്നു പുരുഷൻമാരുടെയും ജോലിസ്ഥാനവും ജോലിസ്വഭാവും ഒന്ന് തന്നെ ആയിരുന്നുവെന്നത് മറ്റൊരു യാദുർശ്ചികത ആവാം. മുഹമ്മദിന് പകരം വന്നതാണ്, ഹാമി. ഹാമിക്ക് പകരം വന്നതാണ് ഹസ്സൻ. 

രണ്ടോ മൂന്നോ മാസത്തിലേറെ ആയി നടക്കുന്ന അടക്കിപറച്ചിലുകളും മൗനങ്ങളും കാൽചുവട്ടിലേക്കു നീളുന്ന നോട്ടവും ഒക്കെയാണ്, ഷീസാ പങ്കുവെച്ചത്.
എന്റെ വിശ്വാസം, ഷീസാ ഈ ബന്ധം അറിയുന്നതിന് മുൻപ് തന്നെ എനിക്ക് അതിന്റെ സംശയങ്ങൾ  തോന്നിത്തുടങ്ങിയിരുന്നു.

ലിപ്സ്റ്റിക് പടർന്ന ചുണ്ടിനു മുകളിലെ ചെമ്പിച്ച നനുത്ത രോമരാജികളിൽ പടർന്നിരിക്കുന്ന വിയർപ്പുകണങ്ങൾ. അവളുടെ കണ്ണിലൂടെ ഒഴുകിയെത്തുന്ന പ്രകാശം, അവന്റെ മുഖത്തേക്ക് പടർത്തുന്ന ഊർജ്ജകണികകളിൽ പ്രണയം മാത്രം ആയിരുന്നുവെന്ന്, വെറുതെ ഊഹിച്ചതാണ്.
ഒന്നോ രണ്ടോ പ്രാവിശ്യം പുറത്തെ റെസ്റ്റോറന്റുകളിൽ ആഹാരം കഴിക്കാനായി പോയപ്പോഴാണ്, പിന്നെയും ശ്രദ്ധിച്ചത്. അവന്റെ കൈകളിലേക്ക് പടർന്നു കയറുന്ന സ്വർണ്ണ വളയിട്ട തണുത്ത കോലുമ്പിച്ച കൈകൾ ചേർന്ന് ഇഴുകി ഒഴുകുന്ന പുഴപോലെ, ദേഹങ്ങൾ ഒന്നാകുന്നത് കാണാതെ കണ്ടിരിക്കുന്നു.

കടലു തേടുന്ന പുഴപോലെ, സ്നേഹം തേടുന്ന ഹൃദയമാണ് റൗഷത്തിന്റേതു എന്ന് നേരത്തെ തന്നെ മനസ്സിലാക്കിയിട്ടുള്ളതാണ്. അവളുടെ കൊഞ്ചലിലും സാമിപ്യത്തിലും നോട്ടത്തിലും ഒക്കെ അപൂണ്ണമായി പോയ പ്രേമത്തിന്റെ, പ്രണയ നഷ്ടത്തിന്റെ ബാക്കിപത്രങ്ങൾ നിഴലിച്ചു കാണാമായിരുന്നു.
ഇത് ആദ്യമായി ഒന്നുമല്ല, റൗഷം റിയാസ്, അവളുടെ അച്ഛന്റെ ജോലിക്കാരെ സ്നേഹിക്കുന്നത്.
അച്ഛന്റെ മറ്റൊരു സ്ഥാപനത്തിലെ സെയിൽസ്മാൻ ആയിരുന്നു, എന്റെ അറിവിൽ അവളുടെ ആദ്യ കാമുകൻ, പഠനകാല ആൺസൗഹ്രദം. അതിന്റെ പരാജയത്തിന് ശേഷവുംകൂടിയാണ് അവൾ ഓഫീസിൽ ജോലിക്കായി എത്തുന്നത്.

എന്തുകൊണ്ടാണ് എന്ന് എനിക്കും അറിയില്ല, ഒരിക്കൽ അവൾ എന്നോടും പറഞ്ഞിരുന്നു, എനിക്ക് നിങ്ങളെ ഇഷ്ടമാണെന്ന്. വളരെ തമാശയായിട്ടു അവളതു പറയുമ്പോൾ, ഒരു പ്രണയ വാഗ്‌ദാനമായിട്ടൊന്നുമല്ല കേട്ടതും ഉൾക്കൊണ്ടതും.
പക്ഷെ, അവളുടെ ഉള്ളിൽ അടിഞ്ഞുകൂടുന്ന നൈര്യാശ്യവും എന്നാൽ നിഷ്‌കളങ്കതയും അന്നെ എന്നെ ആശങ്കപ്പെടുത്തിയിരുന്നു.
ഒരു പക്ഷെ, മറ്റൊരു പുരുഷനോടാണ് അവളതു, അന്ന് പറഞ്ഞിരുന്നതെങ്കിൽ, ഹസ്സൻ അവളുടെ ജീവിതത്തിലേക്ക് വരുക ഇല്ലായിരുന്നു.

അങ്ങനെ കാണുന്ന ഏവരെയും പ്രേമിക്കാൻ വെമ്പിനിൽക്കുന്ന ഒരു പെൺകുട്ടിയാണ് റൗഷം എന്നൊന്നും ഞാൻ പറയില്ല, എങ്കിലും അവളും തീവ്ര ആഗ്രഹത്തിൽ തന്നെ ആയിരുന്നു എന്നുള്ളത് എന്റെ പൂർണബോധ്യം തന്നെയാണ്.

ഓഫീസിനു ഉള്ളിലും പിന്നീട് പുറത്തുപോകുമ്പോഴും ഒക്കെ ഹസ്സനോപ്പം റൗഷം എടുക്കുന്ന ഫോട്ടോഷൂട്ടുകളിലേക്ക് എത്തിനോക്കിയതും വലിഞ്ഞുകയറിയതും എന്റെ സംശയം തീർക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ആയിരുന്നു. ശേഷം എപ്പോഴും, അവരെ ഇരുവരെയും ശ്രദ്ധിക്കാൻ തുടങ്ങി. മോശമാണ്, അത്ര മഹത്തരമൊന്നും അല്ല എന്നറിയാമെങ്കിലും, ഉള്ളിലെ അന്ന്വേഷണകുതകിയായ മനസ്സ്, അവരുടെ പുറകെ പിന്തുടർന്നുകൊണ്ടിരുന്നു.

പറയാതെ പറഞ്ഞു പോകുന്ന വാക്യങ്ങളിൽ...
ഒളികണ്ണിട്ടു നോക്കുന്ന വേളകളിൽ...
ഓരോ ഇമയനക്കങ്ങളിൽ ഒക്കെയും പ്രേമ വല്ലരികൾ പൂക്കുകയും ഇണപ്രാവുകൾ കുറുകയും അരയന്നങ്ങൾ നീന്തുകയും പ്രണയതന്തുണികൾ മീട്ടുകയും ആണെന്ന്, അന്തരീക്ഷത്തിലെ ഗതികോർജ്ജത്തിനെ ഗതിവിഗതികൾ പറഞ്ഞു തന്നിരുന്നു, പാടി നടന്നിരുന്നു.
അത്തരം വികിരണങ്ങൾ മനസ്സിലാക്കുവാൻ, കടുന്തുടി താളത്തിലെ പ്രേമസല്ലാപങ്ങൾ കേൾക്കുവാൻ, പ്രേമാഗ്നി ഊഷ്മാവിൽ പടർന്ന് ഹൃദയത്തെ കീഴടക്കുന്നത് കാണുവാൻ, ഷെർലക് ഹോംസ് സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസം പോലും വേണ്ടിയിരുന്നില്ല.

കൂടെ ഉള്ളവർും എന്നിൽനിന്നും മറച്ചുവെച്ചുവെങ്കിലും, എന്റെ ഊഹങ്ങൾ ശരിയെന്നു അറിഞ്ഞപ്പോൾ ഉള്ളിൽ സന്തോഷം തോന്നി.
അവരുടെ ബന്ധത്തിലെ ശരി തെറ്റുകൾ എന്റെ വിഷയം ആയിരുന്നില്ല.
അവരുടെ തീരുമാനങ്ങളും ഭാവിയും എന്നെ ബാധിക്കുന്ന കാര്യവും ആയിരുന്നില്ല.
അത് റൗഷത്തിന്റെയും ഹസ്സന്റെയും വ്യെക്തിപരമായ തിരഞ്ഞെടുപ്പുകൾ എന്നതിലപ്പുറം, ഞാൻ എന്തിനു അവരുടെ കാര്യങ്ങളിൽ ഇടപെടണം.
ഷീസാ, അവളുടെ വിഷമവും നിരാശയും അല്പം വേദനയോടെ നനഞ്ഞ ശബ്ദത്തിൽ പറയുമ്പോൾ, ഷാത്തിറാ മേഡത്തിന്റെ അഭിപ്രായത്തോട് പൂർണ യോജിപ്പും, ആ അമ്മയുടെ ആശങ്കയിൽ അനുതാപവും ഉണ്ടെങ്കിലും  ഞാൻ ഒരു കേള്വിക്കാരനായി നിന്നു.

ഒരു സ്ത്രീ പുരുഷനെ തിരഞ്ഞെടുക്കുന്നതും, പുരുഷൻ അവന്റെ സ്ത്രീയെ തിരഞ്ഞെടുക്കുന്നതും വളരെ വിചിത്രവും വിഭിന്നവുമായ രീതികളിൽ ആണെന്ന്, ഒരു റൗഷം മാത്രം അല്ല പറഞ്ഞുതരുന്നത്. കൺമുന്നിൽ, ജീവിക്കുന്ന തെളിവുകൾ ധാരാളമാണ്.

പ്രണയത്തിന്റെ പടർച്ചയുടെ അതിലോല ഭാവങ്ങൾ, കാരണങ്ങൾ, നിമിത്തങ്ങൾ അത്രമാത്രം സങ്കീർണവും വിവേചന രഹിതവും ആണെന്ന് പിന്നെയും പിന്നെയും പറഞ്ഞു തരുന്നു.

******************************


ജൂലൈ പന്ത്രണ്ട് 
മാലിദ്വീപ് 


അഹമ്മദ് ലത്തീഫ്!
ആ പേര് അത്ര പരിചയമൊന്നും ഉള്ളതായിരുന്നില്ല, അടുത്ത സമയം വരെയും.
ഓഫീസിലെ സുലൈമാൻ യാസിർ എന്ന യാസിർ ഭായിയുടെ ഏറ്റവും അടുത്ത സുഹൃത്തെന്ന നിലയിൽ കേട്ടറിവുണ്ട് എന്നതാണ്, ആ പേരുമായുള്ള ഏറ്റവും വലിയ പരിചയം. അപൂർവമായി അദ്ദേഹത്തെ  ഓഫീസിലെ ചില ടീപാർട്ടികളിലും മറ്റും കണ്ടിട്ടുമുണ്ട്. കാഴ്ച്ചയിലും, പെരുമാറ്റത്തിലും വളരെ അഹന്തയും ശാട്യവും അകലവും പ്രകടിപ്പിക്കുന്നുവെന്നു തോന്നുന്ന, പുഞ്ചിരി നഷ്ടപെട്ട മുഖവും കണിശക്കാരനും ആർക്കും മെരുങ്ങാത്തവൻ എന്ന ശരീര ഭാഷയും ആയാണ് അഹമ്മദിനെ വിലയിരിത്തിയിട്ടുള്ളത്.

എന്നെയും പരിചയം ഉണ്ടെങ്കിലും, തെരുവോരങ്ങളിൽ യാദ്ര്ശ്ചികമായി കണ്ടുമുട്ടിയേക്കാവുന്ന വേളകളിൽ ഒരിക്കൽപോലും മുഖത്തേക്ക് നോക്കുകയോ ഒരു പുഞ്ചിരിപോലും കൈമാറാറു പതിവില്ല. നാട്ടുഭാഷയിൽ ചോദിക്കുന്നതുപോലെ ഇത്രയും വലിയൊരു ജാഡക്കാരൻ ആണോ അഹമ്മദ്, എന്നായിരുന്നു മനസ്സിലെപ്പോഴും ഉയർന്ന സംശയം.

സുലൈന്മാൻ യാസിർ പങ്കുവെക്കുന്ന ആഡംബര ആർഭാട കഥകളിൽ ഒക്കെയും, ഭയഭക്തി ബഹുമാനത്തോടെയും ആദരവോടെയും ആണ് അഹമ്മദ് ലത്തീഫിനെ പരിചയപ്പെടുത്തി തരാറ്. മാൽദിവസിലെ ഏറ്റവും പഴക്കം ചെന്ന വർത്തക പ്രമാണിമാരിൽ ഒരാളാണ് അഹമ്മദ് ലത്തീഫിന്റെ പിതാവ്. പിതാവ് നേതൃത്വം നൽകുന്ന വലിയൊരു കച്ചവട സ്ഥാപനത്തിലെ ഡയറക്ടർമാരിൽ ഒരാളാണ് അഹമ്മദ്. രാജ്യത്തെ മറ്റൊരു ദ്വീപിൽ നിന്നും തലസ്ഥാന ദ്വീപിൽ എത്തി, തന്റേതായ വ്യെക്തിമുദ്രയും അതുവഴി സാമ്പത്തിക സുസ്ഥിരതയും സൃഷ്‌ടിച്ച വ്യെക്തിയാണ് ശ്രീ.അഹമ്മദിന്റെ പിതാവ്. ആ പ്രമാണിത്വം പിന്തുടരുകയും ഇളക്കം തട്ടാതെ പരിപാലിക്കുകയും ചെയ്യേണ്ടത് മാത്രമായിരുന്നു അഹ്മദ് ഉൾപ്പടെയുള്ള മക്കളുടെ കടമയും ഉത്തരവാദിത്വവും.

സുലൈന്മാൻ യാസിറിന്റെ വിദേശയാത്രകളിൽ ഒക്കെ അഹമ്മദിന്റെ പേര് പൊന്തിവരുമായിരുന്നു. ബാങ്കോക്കും ബാലിയും ദുബായിയും ഒക്കെ അവർക്ക് ഭാര്യവീടുപോലെ എപ്പോഴും ചെന്ന് കയറാവുന്ന ഏതു കാര്യത്തിനും ആശ്രയിക്കാവുന്ന സ്ഥലങ്ങൾ ആണെന്ന് പറയാറുണ്ട്. ആ യാത്രകളുടെ വിശേഷങ്ങളും മറ്റും പറയുമ്പോൾ എല്ലാത്തിനും ചിലവാക്കുന്നതും ആഘോഷിക്കുന്നതും അഹമ്മദ് തന്നെ മുന്നിട്ടായിരുന്നു. മദ്ധ്യാഹ്ന ജീവിതത്തെ ഇത്രയും ആഘോഷമാക്കുന്നതിൽ അഹമ്മദിനോട് എനിക്ക് അസൂയ തോന്നിയിരുന്നു.

കേട്ടറിഞ്ഞടുത്തോളം, വിവാഹബന്ധം വേർപെടുത്തി ഒട്ടപെട്ടാണ് അഹമ്മദ് ജീവിക്കുന്നത്. 
ഏകദേശം നാല്പത്തഞ്ചു വയസ്സ് കഴിഞ്ഞിട്ടുണ്ടാവണം അഹമ്മദിന്.
മീശയും താടിരോമങ്ങളും പൂർണമായും വൃത്തിയാക്കി, തേച്ചുമിനുക്കിയ വേഷത്തിലാണ് അഹമ്മദിനെ എപ്പോഴും കാണാറ്.

അഹമ്മദ് ലത്തീഫുമായി സംസാരിക്കുന്നതും കൂടുതൽ പരിചയപ്പെടുന്നതും, അദ്ദേഹം പുതിയതായി പാട്ടത്തിനെടുത്ത ഫിനോളു ദ്വീപിൽ ഓഫീസിൽ നിന്നും എല്ലാവരുമൊത്തു പോയ പിക്‌നിക് ദിവസമാണ്.
നിനക്ക് അറിയാവുന്നതുപോലെ ഞങ്ങളുടെ ഓഫീസ് സ്ത്രീകൾ ഭൂരിപക്ഷമുള്ള ജോലി സ്ഥലം ആണല്ലോ. ഞങ്ങളെ എല്ലാവരെയും സ്പീഡ് ബോട്ടിൽ എല്ലാവിധ ചിലവും വഹിച്ചു അദ്ദേഹവും യാസിർ ഭായിയും ചേർന്നാണ് കൊണ്ടുപോയത്. എന്ന് മാത്രമല്ല, വിദേശ യാത്രകൾ കഴിഞ്ഞു വരുന്ന അഹമ്മദും യാസിർഭായിയും ഞങ്ങളുടെ ഓഫീസിലേക്ക് ചോക്ലറ്റും മറ്റും സമ്മാനമായി തരുവാൻ മത്സരമായിരുന്നു.
അപ്പോഴും ഞാൻ ആലോചിക്കുമായിരുന്നു അദ്ദേഹം ഞങ്ങളോട് കാണിക്കുന്ന ഈ സ്നേഹത്തിനു പിന്നിലുള്ള കാരണം എന്തായിരിക്കും, സ്വാധീനം എന്തായിരിക്കും.


ഫിനോളു ദ്വീപിലേക്കുള്ള സന്ദർശനങ്ങൾ ഒരു യാത്രകൊണ്ട് അവസാനിച്ചില്ല.
വീണ്ടും പോയി.
പിന്നെയും പോയി...

ആദ്യ യാത്രയിലാണ്, അദ്ദേഹത്തിന്റെ പുതിയ റിസോർട്ട് പദ്ധതിയെ കുറിച്ച് വിശദീകരിക്കുന്നത്. ആ പദ്ധതിയെക്കുറിച്ചു എന്നോട് പങ്കുവെക്കേണ്ടതായ ബന്ധം ഒന്നും ഞങ്ങൾ തമ്മിൽ ഇല്ലായിരുന്നുവെങ്കിലും വളരെ ആവേശത്തോടെ അഹമ്മദ് എന്നോട് സംസാരിച്ചപ്പോൾ ശ്രദ്ധാപൂർവവും ആദരവോടെയും അദ്ദേഹത്തെ ശ്രവിച്ചിരുന്നു. ഒരു വിദേശ കമ്പനിയുമായി ചേർന്ന് ഈ ദ്വീപിൽ ഒരു വൻകിട റിസോർട്ടാണ് നിർമ്മിക്കുവാൻ പോകുന്നതെന്നും പണികൾ വളരെ പെട്ടെന്ന് തന്നെ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 

അഹമ്മദ് അദ്ദേഹത്തിന്റെ നിർത്താതെയുള്ള സംഭാഷണത്തിൽ സ്വജീവിത കഥകൾക്ക് ഒപ്പം ഭാവി പരിപാടികൾ പറഞ്ഞു, ഒപ്പം എനിക്കൊരു ജോലിയും വാഗ്ദാനം ചെയ്തിരുന്നു.
സംഭാഷണത്തിൽ, ഇത്രയും നിഷ്കളങ്കനും വിനീതനുമായ ഒരാളിനെ ആണോ ഞാൻ തെറ്റിദ്ധരിച്ചതെന്ന് ഓർത്തു കുണ്ഠിതപ്പെട്ടു. അന്ന് ഫിനോളുവിൽ നിന്നും പിരിയുമ്പോൾ അഹമ്മദ് ലത്തീഫ് കാണിച്ച സ്നേഹത്തിനും പരിചരണത്തിനും വളരെ അധികം നന്ദിയും പറഞ്ഞാണ് പിരിഞ്ഞത്.

ശ്രി. അഹമ്മദിന്റെ സ്നേഹം പിന്നീട് അറിയുന്നത്, റംസാൻ മാസത്തിലെ നോമ്പുതുറ വേളയിലാണ്. ഞങ്ങളെ ഏവരെയും അദ്ദേഹം നോമ്പ് തുറക്കുന്നതിനായി ക്ഷണിച്ചത് ഒരു റിസോർട്ടിലേക്കായിരുന്നു.ബിയാദു ഐലൻഡ് റിസോർട്ടിലെ നോമ്പുതുറയും യാത്രാച്ചിലവുകളും പൂർണമായും വഹിച്ചത് അഹമ്മദ് തന്നെ ആയിരുന്നു  ഓഫീസിലെ പെൺകുട്ടികൾ ഉൾപ്പടെ ഉള്ളവർ ചേർന്ന് പോയ ആ യാത്ര ഏറ്റവും മനോഹരവും സന്തോഷകരവും ആയ ഒരു അനുഭവം ആയിരുന്നു.

ആ സായന്തനത്തിലാണ് ഒരാൾ ആദ്യമായി എന്നോട് ദോൻഹെയ്‌ല അലിഫുളൂ പ്രണയത്തെക്കുറിച്ചു ചോദിക്കുന്നത്!
നോമ്പുതുറക്കു ശേഷം കത്തിച്ചുവെച്ച മെഴുകുതിരിയുടെ ഇത്തിരിവെട്ടത്തിൽ സംസാരിച്ചിരിക്കുമ്പോഴാണ്, അഹമ്മദ് ചോദിക്കുന്നത്, ഹസ്സനും റൗഷവും തമ്മിൽ സ്നേഹത്തിൽ ആണോ? 
അത് അറിഞ്ഞു ബോസ് ഹസ്സനോട് തർക്കിക്കുയും എതിർക്കുകയും ചെയ്തോ ? 
എന്താണ് ഇപ്പോൾ ഓഫീസിൽ നടക്കുന്നത്?
എങ്ങനെയാണ് ഹസ്സന്റെ സ്വഭാവം?
എന്താണ് ഹസ്സന്റെ സ്വഭാവത്തെക്കുറിച്ചുള്ള അഭിപ്രായം?

എന്നിങ്ങനെ പോയി അദ്ദേഹത്തിന്റ പതം പറച്ചിലും അന്നെഷണവും.
സത്യം പറഞ്ഞാൽ എനിക്ക് അദ്ഭുതമായിരുന്നു, അവിശ്വസനീയമായിരുന്നു.
അഹമ്മദ് എങ്ങനെ അറിഞ്ഞു, ഈ പ്രേമബന്ധം ? അവർ തമ്മിൽ സ്നേഹത്തിൽ ആണോയെന്ന് എത്ര ആധികാരികമായിട്ടാണ് അഹമ്മദ് ചോദിക്കുന്നത്?

എന്റെ ചോദ്യങ്ങൾ ഉള്ളിൽകിടന്നു തികട്ടുമ്പോഴും, ഉത്തരങ്ങൾ ഒന്നും കിട്ടിയിരുന്നില്ല.
എങ്കിലും ഒരു കാര്യം പൂർണമായും ബോധ്യപ്പെട്ടിരുന്നു, റൗഷം -ഹസ്സൻ ബന്ധത്തിൽ, ബോസ്സിനെക്കാളോ ഷാത്തിറ മേഡത്തെക്കാളോ ആശങ്കയും വിഷമവും ഉള്ളത് അഹമ്മദിനാണ്.

ഫെയ്‌ദ്‌ ഫിനോളു ദ്വീപിൽ നിന്നും വെള്ളിയാഴ്ച അവധി ആഘോഷങ്ങൾ കഴിഞ്ഞു വരുമ്പോഴെക്കെ, അഹമ്മദ് റൗഷത്തിനു മൊബൈൽ ഫോണിൽ സന്ദേശങ്ങൾ അയക്കാറുണ്ടെന്നു പറഞ്ഞത്, റൗഷം തന്നെയാണ്.
"അയാളൊരു ശല്യമായല്ലോ, എങ്ങനെയാണ് അയാളെ കൈകാര്യം ചെയ്യേണ്ടത്. എനിക്ക് ഒരു ഉപായം പറഞ്ഞു തരാമോ നിരഞ്ജൻ?"

റൗഷത്തിന്റെ പരാതികൾ ഇങ്ങനെ നിരന്തരം കേൾക്കുമ്പോൾ 'എന്തെ അയാൾക്ക്‌ ആ കൊച്ചു പെൺകുട്ടിയിൽ ഗൂഢ താല്പര്യങ്ങൾ വല്ലതുമുണ്ടോ'? അതാണോ ഈ യാത്രകൾവേണ്ടി മുടക്കുന്ന സമയത്തിനും ധനത്തിനും പിന്നിലുള്ള പ്രചോദനം?

ഒരു ദശകം കഴിയുന്ന മാലൈയിലെ പ്രവാസ ജീവിതത്തിനിടയിൽ ഒരിക്കൽ പോലും, നമ്മുടെ നാട്ടിലേതുപോലുള്ള പരമ്പരാഗത വിവാഹരീതികളോ നടപ്പു രീതികളോ ചടങ്ങുകളോ കാണുകയോ അറിയുകയോ ഉണ്ടായിട്ടില്ല. ഇവിടെ മാലിദ്വീപിൽ ആരും അത്തരത്തിലുള്ള ഒരു വിവാഹത്തെ പ്രോത്സാഹിപ്പിക്കുകയോ ഏർപെടുകയോ ചെയ്യുന്നില്ല എന്ന് പറയുന്നതാവും കൂടുതൽ ശരി. ഇന്നലെ വരെയും അന്യമായിരുന്ന ഒരു പെൺകുട്ടിയുടെ കൂടെ അല്ലെങ്കിൽ പുരുഷന്റെ കൂടെ കിടക്കുക, ജീവിതം തുടങ്ങുക. അത്തരം ഒരു വിവാഹബന്ധവും ബലാത്സംഗവും തമ്മിൽ എന്ത് വ്യെത്യസ്തമാണ് ഉള്ളതെന്നാണ് പലരുടെയും കാഴ്ചപ്പാടും അഭിപ്രായവും.

ഇന്നലെ സുഹൃത്ത് ഷീസയാണ്, അത്ഭുതകരമായ ആ വാർത്ത എന്നോട് പങ്കുവെക്കുന്നത് അഹമ്മദ് ലത്തീഫ് ബോസ്സിന്റെ വീട്ടിലേക്ക് മൂന്നാമനെ അയച്ചിരിക്കുന്നു, റൗഷത്തെ വിവാഹമാലോചിക്കാൻ!
ഞാൻ സ്തബ്ധനായി കേട്ടുകൊണ്ടിരുന്നു.
ഒരു നിമിഷം, ചിരിക്കണോ കരയണോ എന്നറിയാതെ നിശബ്ദനായിപ്പോയി.

അലി ഫുളുവിൽ നിന്നും ദോൻ ഹെയ്‌ലയെ തട്ടിക്കൊണ്ടുപോകുവാൻ ആ പഴയ രാജാവ് വന്നുവോ?


*************************

8

ജൂലൈ പതിമൂന്ന് 

മാലിദ്വീപ് 

അഹമ്മദ്  മുന്നോട്ടു വെച്ച കല്യാണ ആലോചന, ബോസ്സിന്റെ വീട്ടിലും ഓഫീസിലും കോളിളക്കം തന്നെയാണ് സൃഷ്ടിച്ചത്.
എന്നാലും ...
അത് വളരെ മോശമായി പോയില്ലേ...
അഹമ്മദിന്റെ മകളുടെ പ്രായമല്ലേ ഉള്ളു, റൗഷത്തിനു?
പുരുഷന്റെ വർഗ്ഗലക്ഷണമായ മനസ്സാണോ ആ ആലോചനയിൽ നിന്നും വെളിവാക്കുന്നത്.
കൊതിതീരാത്ത, നിർജ്ജീവമാകാത്ത കാമാവശ്യമാണ് അയാളുടെ ഉള്ളിൽ ഉള്ളത്.

ഇതുവരെയും കല്യാണം കഴിച്ചിട്ടില്ലാത്ത, 22 വയസ്സുകാരിയാണ് റൗഷം.
നടപ്പു ശീലങ്ങൾ വെച്ച്, മുൻപ് പുരുഷ സുഹൃത്ത് ഉണ്ടായിരുന്ന ഒരാളായിരുന്നു ആ പെൺകുട്ടി എങ്കിലും, അവളുടെ കന്യകാത്വം നഷ്ടപെട്ടിട്ടുണ്ടാവില്ല എന്ന വിശ്വാസത്തിൽ തന്നെയാവും അയാൾ അവളെ പ്രാപിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചത്.

കാമാവേശവും കാമപരവേശവും ആണ് അഹമ്മദിനെയും യാസിർഭായിയെയും  പോലുള്ളവരെ നയിക്കുന്നത്. അവരുടെ ദുബായി ബാലി കഥകളിലെ രക്തവർണ്ണമായ ചിത്രങ്ങളൊക്കയും മസാലകൾ നിറഞ്ഞതായിരുന്നു. ആഭാസത്തിന്റെ വർണ്ണമേഘങ്ങൾ നിറഞ്ഞു മധ്യവയസ്സിന്റെ ഇനിയും ശമിക്കാത്ത വികാരങ്ങളുടെ പൂർത്തീകരണം ആയിരുന്നു ഓരോ കഥകളും.

ഇരുവരും എന്നും വൈകിട്ട്  എക്‌വേണി ഗ്രൗണ്ടിലെ ട്രാക്കിൽ നടക്കാനായി പോകാറുണ്ട്.
വളരെ ആത്മാർഥമായി വ്യായാമം ചെയ്യുന്നത് കാണുമ്പോൾ, അവരുടെ ആവിശ്യം വെറും ആരോഗ്യ സംരക്ഷണം മാത്രമല്ലാ, കട്ടിലിലെ പ്രകടനത്തിന് ശരീരത്തെ പുഷ്ടിപ്പെടുത്തുകയാണ് എന്ന് സംശയിച്ചു പോകും.

ഒരിക്കൽ, റൗഷത്തെക്കാളും പ്രായം കുറഞ്ഞ ഒരു പെൺകുട്ടി ഓഫീസിൽ എന്തോ ആവിശ്യത്തിനായി വന്നവേളയിൽ, യാദ്ര്ശ്ചികമായി ആ സമയം യാസിർഭായിയും ഓഫീസിൽ ഉണ്ടായിരുന്നു. അന്ന് അയാളുടെ നോട്ടവും ഭാവ പ്രകടനങ്ങളും, കണ്ടു നിന്ന എന്റെ തൊലിയുരിപ്പിക്കുന്നത് ആയിരുന്നു. അന്ന് മുതൽ ശ്രദ്ധിച്ചു തുടങ്ങിയതാണ്, ഇവരുടെ ചാപല്യങ്ങൾ.
മധ്യവസ്കരായ...
ഈ മുതുക്കന്മാരുടെ...
കാമ ആവിശ്യങ്ങൾക്കു ഒരു നിയന്ത്രണമോ പരിധിയോ ഇല്ലെന്ന് ,അന്നേ കണക്കു കൂട്ടിയിരുന്നു.

ഇവർക്ക് വേണ്ടത് കൊച്ചുപിള്ളാരെ ആണ്...
സുഹൃത്തുക്കൾ പറയാറുള്ളത് പോലെ.. കന്യകാത്വം നഷ്ടപ്പെടാത്ത പെൺകുട്ടികൾ. തനതാകൃതി നഷ്ടപെട്ട സ്ത്രീകൾ, ഇത്തരക്കാർക്കൊരു അശ്‌ളീല വസ്തുവാണ്.

ഈ കല്യാണ ആലോച വിവരം ഷീസാ പങ്കിട്ടത് മുതൽ, വല്ലാത്തൊരു വിഷമവും കുറ്റബോധവും തോന്നുന്നു.
അത് മറ്റൊന്നും കൊണ്ടല്ലാ...
അഹമ്മദിന്റെ പാട്ടത്തിനെടുത്ത ദ്വീപായ ഫിനോളുവിൽ ആദ്യമായിട്ട് പോയി വന്നതുമുതൽ, ഷീസാക്കും, പിന്നീട് റൗഷത്തിനും അഹ്മദ് വൈബർ സന്ദേശങ്ങൾ അയക്കാറുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നുവല്ലോ. ഇരുവരും അഹമ്മദിനെ കുറിച്ച് എന്നോട് ചോദിക്കാറും ഉണ്ടായിരുന്നു.
എനിക്ക് അഹമ്മദിനെ കുറിച്ച് ഒന്നും അറിയില്ല എങ്കിലും, ആ യാത്രയിൽ വളരെയേറെ നേരം  ഗഹനമായി ആദ്യമായി അഹമ്മദ് വിശേഷങ്ങൾ പറയുന്നത് ഈ പെൺകുട്ടികൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നുവല്ലോ.

ഭവ്യതയാർന്ന സ്വഭാവമായി തോന്നിയ അഹമ്മദിന്റെ സമീപനങ്ങളെക്കുറിച്ചു എനിക്ക് നല്ലതു മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളു. അങ്ങനെ പറയുമ്പോഴും അന്നും അയാളുടെ സ്ത്രീ താല്പര്യങ്ങളെ കുറിച്ച് സൂചിപ്പിക്കാനും മറന്നിരുന്നില്ല.

അന്ന് മുതൽ ഇന്നേക്ക് മിക്ക അവസരങ്ങളിലും റൗഷത്തെ അഹമ്മദിന്റെ പേര് പറഞ്ഞു കളിയാക്കാറുണ്ടായിരുന്നു.
റൗഷത്തിനു അഹ്മദിനെ കെട്ടിക്കൂടെ...
അയാള് പണക്കാരനല്ലേ...
റൗഷത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായ പാരിസ് സന്ദർശിക്കണം എന്നുള്ളത് അഹമ്മദ് സാധിച്ചു തരില്ലേ...
സുന്ദരനല്ലേ...
സ്നേഹമയനല്ലേ ...
കാരുണ്യവാനല്ലേ...
സഹായി അല്ലെ...

എന്നിങ്ങനെ പോകുമായിരുന്നു എന്റെ ചോദ്യങ്ങൾ...

ഒരിക്കൽ പോലും മുഖം തിരിച്ചല്ലാതെ റൗഷം, അഹമ്മദിനെ പ്രതിചേർത്തുള്ള എന്റെ ചോദ്യങ്ങളെ അഭിമുഖീകരിച്ചിട്ടില്ല.

സത്യത്തിൽ, എന്റെ ചോദ്യങ്ങളൊക്കെ വെറുതെ ആ ദോൻ ഹെയ്‌ലയെ ശുണ്ഠി പിടിപ്പിക്കാൻ പറഞ്ഞു വെയ്ക്കുന്ന കാര്യങ്ങൾ മാത്രം ആയിരുന്നു.
ഞാനൊരിക്കലും അവർ ഒരുമിച്ചു ജീവിക്കുന്നതിനെ കുറിച്ച് ആലോചിട്ടില്ല.

പക്ഷെ, അപ്രതീക്ഷിതമായി, കാര്യം കല്യാണ ആലോചനയിലേക്ക് എത്തിയപ്പോൾ എനിക്ക് കുറ്റബോധം തോന്നുന്നുണ്ട്. 
പ്രേത്യേകിച്ചു ഇപ്പോൾ, ഹസ്സൻ ഫുളൂ ദോൻ ഹെയ്‌ല പ്രണയം അതിന്റെ പ്രാരംഭ ഘട്ടം കടന്നു, മൂർച്ഛിക്കുമ്പോൾ...

*******************


ജൂലൈ പതിനാറു 

മാലിദ്വീപ് 



ഹേയ് അശ്വത്, ഞാൻ പറഞ്ഞത് ശരിയായിരുന്നു, എന്റെ കണ്ടെത്തലുകൾ ശരിയായിരുന്നുവെന്നും ദോൻഹെയലാ, നമ്മുടെ മുൻപിൽ തന്നെ അലിഫുളുവിനെ കണ്ടെത്തിയിരിക്കുന്നുവെന്നും നിന്നോട് ഉറക്കെ വിളിച്ചുപറയണമെന്നുണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി വന്ന ഈ കല്യാണ ആലോചന, അവരുടെ പ്രണയപർവ്വത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല എങ്കിലും, പറയാനുള്ള ആ പഴയ ആവേശം നഷ്ടപ്പെട്ടിരിക്കുന്നു.

അഹമ്മദ് മുന്നോട്ടു വെച്ച കല്യാണ ആലോചന, അവിടംകൊണ്ടും തീർന്നില്ല.
അദ്ദേഹത്തിന്റെ ഈ കഴിഞ്ഞ പല വിദേശ യാത്രകളുടെയും വിശേഷങ്ങളുമായി സമ്മാനങ്ങൾ റൗഷത്തെ ലക്ഷ്യമാക്കി ഓഫീസിലേക്ക് എത്തിക്കൊണ്ടിരുന്നു.

റൗഷത്തിന്റെ ഹസ്സനുമായുള്ള പ്രണയത്തിന്റെ ആഘാതത്തിൽ നിന്നും ബോസ് മോചിതനായിട്ടില്ല എന്നും തോന്നുന്നു. എനിക്ക് തോന്നുന്നു അത് ഏറ്റവും കൂടുതൽ മനസ്സിലാക്കിയത് റൗഷം തന്നെ ആണ്. അവൾക്കു ബോസ്സിന്റെ കൺവെട്ടത്തു നിന്നും ഓടിയൊളിക്കണമെന്നുണ്ട്. സ്വതന്ത്രമായി ജോലി ചെയ്യണമെന്നും പുതിയൊരു ജോലി കണ്ടെത്തണമെന്നും തീവ്ര ആഗ്രഹമുണ്ട്. അവളുടെ ആ ആഗ്രഹത്തോടും ബോസിന് എതിർപ്പുണ്ടെങ്കിലും, റൗഷം പുതിയ ജോലിക്കായുള്ള അന്നെഷണം ആരംഭിച്ചു കഴിഞ്ഞു.

ഹസ്സന് ബോസ്സുമായുള്ള രസതന്ത്രം നഷ്ടപ്പെട്ടിരിക്കുന്നു.
പുതിയ സാമ്പത്തിക സംരംഭത്തിലേക്ക് ആയാളും ഇറങ്ങിയിരിക്കുന്നു.
കമ്പനിയിൽ നിന്നും ബോസ്സിൽ നിന്നുമുള്ള വിടുതലാണ് ഹസ്സന്റെയും താല്പര്യം.

ബോസ്സിന്റെ വെറുമൊരു ജോലിക്കാരനായ ഹസ്സനുമായി താരതമ്യം ചെയ്യുമ്പോൾ, ലങ്കേശ്വരനായ രാവണനെപ്പോലെ ദോൻഹെയ്‌ലയെ തട്ടികൊണ്ടുപോയ പുരാതന രാജാവിനെപ്പോലെ, വർത്തക പ്രമാണി അഹമ്മദിന് പഠിപ്പും വിവരവും കൂടും. സാമ്പത്തികവും അഹമ്മദിന് തന്നെ കൂടുതൽ. അഹമ്മദിനെ പരാജയപെടുത്തണമെന്നുള്ളത് രാവണൻകോട്ട തകർക്കുന്നതുപോലെ പ്രയാസമേറിയതാണ്.

ദോൻ ഹെയ്‌ലയെ പിന്തുടർന്ന ആ പഴയ രാജാവിനെപ്പോലെ, അഹമ്മദും റൗഷത്തെ പിന്തുടരും എന്നുറപ്പാണ്. അതിനെ ജയിക്കണമെങ്കിൽ സാമ്പത്തികമായി സുരക്ഷിതനാവണം. അത് ഹസ്സൻ മാത്രം വിചാരിച്ചാൽ ഉടനെ എത്തിപ്പിടിക്കാൻ പറ്റുന്ന ലക്ഷ്യമല്ല. അതുകൊണ്ടാവും റൗഷവും ഇതുവരെ  പ്രകടിപ്പിച്ചിട്ടില്ലാത്ത ഇച്ഛാശക്തിയോടെ പുതിയ ജോലിക്കായും വീടിനെയും മുന്നിട്ടു ഇറങ്ങിയിരിക്കുന്നത്.

ഒരുകാര്യം ഉറപ്പാണ്, ഭൂമി പിളർന്ന് അമ്മയുടെ മാർതട്ടിലേക്ക് അഭയം തേടിയ ദേവിയെ പോലെ രക്ഷാസ്ഥാനം തേടി സ്വമാതാവിന്റെ അടുക്കലേക്കു പോകുന്നവളല്ല റൗഷം.
സരയു നദിയിലേക്ക് അനന്തശേഷനെ പിന്തുടർന്ന മര്യാദാപുരുഷോത്തമനെ പോലെ, നാലുവശവും കടലാൽ ചുറ്റപ്പെട്ട മാലെയിൽ നിന്നും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആഴങ്ങളിലേക്ക്‌ ഒളിക്കുവാൻ ഹസ്സനും തയാറാവില്ലാ തന്നെ.


                                                                 *******************

നീഹാരം

"അമ്മയുമായി വീടിന്റെ പുറകിലെ പറമ്പിൽ നിൽക്കുക ആയിരുന്നു. തൊട്ടാവാടിയും വേലിപ്പരുത്തിയും വളർന്നു കിടക്കുന്ന പച്ചപ്പ് അവിടെവിടെയായി ക...