Saturday, February 16, 2019

ആലപ്പുഴയിലേക്കൊരു കായൽ സവാരി

കൊല്ലം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്നും ഇറങ്ങി ചുമന്ന മേൽക്കൂട്‌ പാകിയ കെട്ടിടങ്ങളുടെ ഇടയിലേക്ക് റോഡ് മുറിച്ചു നടന്നു. 
അവിടെ,ആലപ്പുഴയിലേക്കുള്ള ഫെറി അഷ്ടമുടി കായലിൽ യാത്രക്ക് തയ്യാറായി കിടപ്പുണ്ടായിരുന്നു. 
ബോട്ട് ജെട്ടിയിൽ നിന്ന അതിലെ ക്രൂവിനോട്, നമുക്ക് പോകുവാനുള്ള ബോട്ട് ആണെന്ന് ഉറപ്പുവരുത്തി. ആ ജോലിക്കാരുടെ ഹാർദ്ധവമായ സ്വീകരണത്തോടെയും കുശല അന്നെഷണത്തോടെയും ബോട്ടിലേക്ക് കയറി. കേരളം സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ള ജലഗതാഗത വകുപ്പിന്റെ ഫെറിയാണ് കശുവണ്ടിയുടെയും കരിമണലിന്റെയും നാടായ ദേശിങ്ങനാട് നിന്നും കിഴക്കിന്റെ വെനീസിലേക്ക് പോകാനായി ഒരുങ്ങുന്നത്.

പത്രത്താളുകളിൽ നിന്നുമാണ് ആദ്യമായി ഇത്തരം ഒരു യാത്ര സാഹചര്യത്തെക്കുറിച്ചു അറിയുന്നത്. തുടങ്ങിയ സമയത്ത് ആഴ്ചയിൽ ഒരു യാത്രയും പിന്നീട് അതിന്റെ എണ്ണം കൂടുകയും ഇപ്പോൾ ദിവസേനയുള്ള യാത്രയായി തുടരുകയും ചെയ്യുന്നു.

പടിഞ്ഞാറൻ തീരക്കനാൽ ആണ് 168 KM ദൂരത്തിൽ ദേശിയ ജലപാത 3 ആയി കൊല്ലത്തു നിന്നും കോട്ടപ്പുറം വരെ നീളുന്നത്. തിരുവന്തപുരത്തേക്കുള്ള പാതയുടെ വികസനം പൂര്ണമാകുക ആണെങ്കിൽ  കേരളത്തിലെ ഉൾനാടൻ ജലഗതാഗത്തിനും അതോടപ്പം വിനോദ സഞ്ചാര വികസനത്തിനും മുതൽകൂട്ടാകുമെന്നുള്ള കാര്യത്തിൽ സംശയമില്ല. നമ്മുടെ നാട്ടിലെ വീതികുറഞ്ഞതും തിരക്കേറിയതുമായ കരമാർഗങ്ങളെ ആശ്രയിക്കാതെ ഈ പാത എന്തുകൊണ്ട് വാണ്യജ്യാ  ആവിശ്യങ്ങൾക് കൂടുതലായി ഉപയോഗിക്കുന്നില്ല?. കേരളത്തിലെ വിനോദ സഞ്ചാര പുരോഗതിക്ക് ഇനിയും ഏറെ ഉപയോഗിക്കാനും സർഗ്ഗശക്തിയോടെ ഉല്പാദനപരമായ മേഖലകൾ ഇനിയും സൃഷ്ടിക്കാനും നവകേരള നിർമ്മാണ വേളയിൽ ഈ പാതക്ക് കഴിയും എന്ന കാര്യത്തിൽ സംശയമില്ല.

രണ്ടു തട്ടായി രൂപകൽപന ചെയ്തതാണ് ഈ ബോട്ട്. മുകളിലത്തെ നിലയിൽ രണ്ടു പേർക്ക് ഇരിക്കാവുന്ന രീതിയിൽ നിർമ്മിച്ച നീളൻ ബെഞ്ചുകൾ ആണ്. മേൽത്തട്ടിൽ ആണല്ലോ ഗ്രാമ്യകാഴ്ചകൾ ആസ്വദിക്കാനും ആഘോഷിക്കാനും കൂടുതൽ കഴിയു. താഴെയുള്ള ഇരിപ്പടങ്ങൾ മൂന്നുവീതം സീറ്റുകൾ ഉള്ള രണ്ടു വരി ആയിട്ടാണ്.താഴെ ഇരിക്കുക ആണെങ്കിൽ മുന്നിൽ ഇരിക്കുന്നതാവും സൗകര്യം, അല്ലെങ്കിൽ എൻജിൻ പുറപ്പെടുവിക്കുന്ന ശബ്ദം നിങ്ങളെ അസ്വസ്ഥമാക്കിയേക്കാം. ക്യാപ്റ്റന്റെ ക്യാബിൻ താഴെ മുന്നിൽ ആണ്. അദ്ദേഹത്തെ സഹായിക്കാൻ മറ്റൊരാളും കൂടി ഉണ്ട്. ഒപ്പം രണ്ടു ക്രൂവും. അവരെ നാലുപേരെയും കൂടാതെ ടിക്കറ്റു വിതരണത്തിനായി കണ്ടക്ടറും ബോട്ടിൽ തന്നെ ഉണ്ട്. നമ്മൾ ടിക്കറ്റു എടുക്കേണ്ടത് ബോട്ടിൽ നിന്നും തന്നെ ആണ്. കൊല്ലത്തു നിന്നും 400 രൂപയാണ് ആലപ്പുഴയിലേക്ക്. കൊല്ലം ആലപ്പുഴ ബസ് ചാർജുമായുള്ള താരതമ്യം ഇവിടെ അപ്രസക്തമെങ്കിലും, ആ ഫെയറിന്റെ 400 ശതമാനമാണ് ഫെറി ഫെയർ. 400 രൂപയുടെ പേരിൽ നിങ്ങൾ ഒഴിവാകാൻ ശ്രമിക്കുകയാണെങ്കിൽ നിങ്ങൾക്ക് നഷ്ടമാകുന്നത്, ഇപ്പോഴും അത്രമേൽ മലിനമാകാതെ ഗ്രാമീണ ആശയങ്ങളാൽ സമ്പുഷ്ടമായ സ്വച്ഛ സുന്ദരമായ ഗ്രാമ കേരളത്തിന്റെ അഴകുവിരിയും ഉൾക്കാഴ്ചകൾ ആവും.

അഷ്ടമുടി കായലിൽ പത പരത്തികൊണ്ടു ഫെറി കൃത്യം 10 :32 നു പതുക്കെ നീങ്ങി തുടങ്ങി. 
ആകെ 23 യാത്രക്കാരാണ് ഉള്ളത്. അതിൽ അഞ്ചോളം ആളുകൾ ഒഴിച്ച് ബാക്കി ഏവരും ബോട്ടിലെ മുകൾ തട്ടിലെ  കസേരകളിൽ  സ്ഥാനം പിടിച്ചിരുന്നു.
പത്തുപടികൾ കയറി മുകൾ നിലയിലേക്ക് നോക്കിയെങ്കിലും, ഇരിക്കാൻ ഇരിപ്പടം ഇല്ലാതെ നിരാശനായി താഴേക്ക് തന്നെ മടങ്ങി. ക്രൂവും കണ്ടക്ടറും ആശ്വസിപ്പിക്കാൻ മുന്നിൽ ഉണ്ടായിരുന്നു . എല്ലാവരും മാറിയും തിരിഞ്ഞും ഒക്കെ ആണ് ഇരിക്കുന്നത്. ആരും സ്ഥിരമായി ഒരു സീറ്റിൽ ഇരിക്കാറില്ല. പ്രേത്യേകിച്ചു യുറോപ്യൻകാർ, കണ്ടക്ടർ പറഞ്ഞു നിർത്തി.
ഞാനുൾപ്പെടെ മൂന്നു പേരെ മലയാളികളായി  ഉള്ളു.അവരിരുവരും സംബന്ധം വഴി ബന്ധുക്കളായ പെൻഷൻകാർ ആണ്. ഒരാൾ പോലീസിൽ നിന്നും മറ്റൊരാൾ സ്‌കൂൾ അധ്യാപകൻ ആയും. തിരുവന്തപുരത്തുകാരായ രണ്ടു പേരുടെയും വിനോദം ചിലവ് ചുരുക്കിയുള്ള യാത്രകൾ തന്നെ. മുകൾ തട്ടിൽ രണ്ടു ചെറുപ്പക്കാർ ഉണ്ടായിരുന്നു. ബാംഗ്ലൂരിൽ നിന്നും വന്നതാണ്. പ്രശസ്ത ഭക്തവത്സല മേരി സ്വീറ്റി പറഞ്ഞതുപോലെ ഭക്തരാണ്, മലകയറണം, അയ്യപ്പനെ കാണണം, തിരികെ പോകുന്ന വഴിയിൽ കേരളത്തിന്റെ ഭംഗിയും ആസ്വദിക്കണം. ആ ചെറുപ്പക്കാരന് കേരളത്തെക്കുറിച്ചു സാമാന്യ ബോധം ഉണ്ട്, മഹാകവി കുമാരനാശാനെയും വായിച്ച പരിചയമുണ്ട്. ബാക്കി ഉള്ളവർ എല്ലാം വിദേശികൾ ആണ്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാർ.
എന്റെ തൊട്ടടുത്തിരുന്ന മിഥുനങ്ങൾ ഏവരെയും ആകര്ഷിക്കുമാറ് പ്രണയ ബദ്ധരായി സംസാരത്തിൽ മുഴുകി. ആ പഴയ റോസിനെ ഓർമിപ്പിക്കുന്ന ആ സുന്ദരി സ്ത്രീയുടെ കഴുത്തിൽ നീളത്തിൽ ഒരു മുല്ലമാല. ആ മാല അവരെ കൂടുതൽ സുന്ദരിയാക്കി. നീളൻ പാന്റും ടിഷർട്ടും ഫെഡോറ തൊപ്പിയും ആയിരുന്നു റോസിന്റെ വേഷം. മുട്ടുവരെ നിൽക്കുന്ന ട്രൗസറും ടിഷർട്ടും ധരിച്ചു ഫ്രഞ്ച് താടിയും സൺ ഗ്ലാസും ധരിച്ചിരിക്കുന്ന അവരുടെ പങ്കാളിയും നല്ല ചേർച്ചയിൽ തന്നെ ആയിരുന്നു. മുല്ലപ്പൂവിലേക്ക് പതിക്കുന്ന സൂര്യകിരണങ്ങൾ, ഒരു വട്ടം കൂടി ഒളികണ്ണിട്ടു നോക്കി.

SWTD S26, കൊല്ലത്തു നിന്നും അതിന്റെ ശരാശരി വേഗം ആർജ്ജിച്ചു തുടങ്ങി.
ഇതേ സമയത്തു തന്നെ മറ്റൊരു ഫെറി ആലപ്പുഴയിൽ നിന്നും കൊല്ലത്തേക്കും വരുന്നുണ്ട്.

കൊല്ലത്തിന്റെ കേളീഭവനം ആണ് നഗരഹൃദയത്തിൽ തന്നെ ഉള്ള അഡ്വെഞ്ചർ പാർക്ക്.
കായലിലേക്ക് ഇറക്കി കെട്ടിയ ഇരിപ്പടങ്ങളും  തിങ്ങി നിൽക്കുന്ന മരങ്ങളും കളിക്കോപ്പുകളും നിറഞ്ഞൊരു ഉദ്യാനം.
പാർക്കിനു അരികിലൂടെ, പടിഞ്ഞാറേ കൊല്ലത്തേക്ക് പുതിയതായി നിർമ്മിക്കുന്ന കായൽപ്പാലത്തിനു സമീപത്തുകൂടി ബോട്ടി നീങ്ങി തുടങ്ങി.

ബോട്ട്, ആദ്യത്തെ പാലത്തെ മുറിച്ചു കടക്കുകയാണ്. കൊല്ലം നഗരത്തിൽ നിന്നും കടവൂരിലേക്ക് പോകാനുള്ള  തേവള്ളി പാലം.
കാഴ്ചയെ സുന്ദരമാക്കികൊണ്ടു കായലിലേക്ക് ചാഞ്ഞു കിടക്കുന്ന കേരവൃക്ഷങ്ങൾ, വെള്ളത്തിലേക്ക് നിഴൽ വീശി ചീലാന്തി മരങ്ങൾ.

ഒഴുകിപ്പോകുന്ന തെങ്ങോലകളെയും ചീലാന്തി  പൊഴിച്ച മഞ്ഞ ഇലകളെയും പുറകിലാക്കികൊണ്ടു ബോട്ട് മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കെ, അങ്ങകലെ, ചെങ്കല്ലുകൊണ്ടു അരികുകെട്ടിയ തീരത്ത് പൂർണ നഗ്നയായ സ്ത്രീ രൂപം പന്തം ഉയർത്തി നിൽക്കുന്ന കാഴ്ച, വിളക്കമ്മ (God of Light). വലിയവിള ഫാമിലി എസ്റ്റേറ്റ് ഗസ്റ്റ് ഹൌസിനു മുന്നിലാണ് ഈ മനോഹരം ശിൽപം ഉള്ളത്. സോളമൻ കടവൂർ എന്ന ശില്പിയുടെ ഏറ്റവും വലിയ സൃഷ്ടിയാണ് 55 അടി ഉയരത്തിലുള്ള വിളക്കമ്മ എന്ന പ്രതിമ. സിമന്റിൽ നിർമ്മിച്ച, വെളുത്ത നിറം പൂശിയ ശില്പത്തിലേക്ക് സൂര്യരശ്മികൾ പതിച്ചപ്പോൾ വിളക്ക് കത്തിച്ചതുപോലെ തീഷ്ണതയോടെ വിളക്കമ്മ തിളങ്ങി നിന്നു.

മുന്നോട്ടു പോകുംതോറും അഷ്ടമുടി കായലിന്റെ നിറം പച്ചയാകുന്നതുപോലെ. അതോ കായലിന്റെ നിറം പച്ചയാണോ?
ചാടി കുതിച്ചോടി പോകുന്ന ചൂണ്ട മീനുകൾ.
ശാന്തമായി ഒഴുകുന്ന അഷ്ടമുടി, അഴകുവിരിച്ചു കൈവരികളിലേക്ക് പടർന്നു കയറുന്നു.
സൂര്യപ്രകാശത്തിൽ തിളങ്ങി ഓളവും വെള്ളവും.
ശിശിരം അതിന്റെ സർവ്വപ്രതാപത്തോടെ വന്നണഞ്ഞിരിക്കുന്നു.
ഇല പൊഴിഞ്ഞു നിൽക്കുന്ന മരക്കാലുകളിൽ കാക്കകളും കൊക്കും പുതിയ ഇരകളെ തേടി ഇരിക്കുന്നു.
കരയോട് ചേർന്ന് വിശ്രമിക്കുന്ന മത്സബന്ധന യാനങ്ങൾ.

അഷ്ടമുടിയിൽ ആലപ്പുഴ ഫെറി വലത്തേക്ക് തിരിഞ്ഞു നീന്തുകയാണ്.
അവിടെ ആണ് കൊല്ലം ബൈപ്പാസിന്റെ തുടക്കത്തിലേ പാലമായ കാവനാട് കടവൂർ പാലം കാണുവാൻ കഴിയുന്നത്.
ആ പാലത്തിനു ചുവട്ടിൽ ചീനവലകളുടെ നിരകൾ കാണാം പാലത്തിനു മുകളിൽ യാത്രികർ, വാഹനം നിർത്തി കായൽ സൗന്ദര്യവും പുതിയ റോഡിൻറെ ഭംഗിയും ആസ്വദിക്കുന്നു.
47 വർഷത്തിന്റെ കാത്തിരിപ്പിന്റെ സ്മാരകമാണത്. ആസ്വദിക്കാവുന്നൊരു കരയാത്രയാണ്, കൊല്ലം ബൈപാസിലൂടെ ഉള്ളത്.

നമ്മുടെ ഫെറി സാമ്പ്രാണിക്കടവിനു അകലെക്കൂടി ദളവാപുരം പാലത്തിനു കീഴെകടന്നു മുന്നോട്ട് കടന്നു ഇടത്തോട്ട് നീങ്ങി. വലത്തേക്ക് പോകുന്ന കൈവഴി അഴകത്തു വഴി കല്ലടയിലേക്കാണ്. മലയാളത്തിലെ മഹാകാവ്യലക്ഷണമുള്ള ആദ്യ കാവ്യമായ രാമചന്ദ്രവിലാസം എഴുതിയ അഴകത്തു പദ്മനാഭ കുറിപ്പിന്റെ കുടുംബ ഭവനം ഉള്ളത് ആ ദിശയിലാണു. നമ്മൾ ഇപ്പോൾ കണ്ട ദളവാപുരം പാലത്തിൽ നിന്നും  കൊച്ചിയിലേക്ക് 140 km എന്നുള്ള ദിശാ എഴുത്ത് കാണാം. നീണ്ടകര പഞ്ചായത്തിനെ ചവറ തെക്കുംഭാഗം പഞ്ചായത്തുമായി ബന്ധപ്പിക്കുന്ന ഏക മാർഗം ആണ് ദളവാപുരം പള്ളിക്കോടി പാലം. ത്യാഗോജ്വലമായ സമരമുഖങ്ങൾക്ക് ശേഷമാണു ഏറ്റവും അനിവാര്യമായ ഈ പാലം 2007 ഇൽ പണി പൂർത്തീകരിച്ചത്. 
ആ പാലത്തിനു എതിർവശവും ഒരു റിസോർട്ടുണ്ട്. ആ റിസോർട്ടിന് അരികിലൂടെ ആണ് ഇപ്പോൾ ബോട്ട് നീങ്ങുന്നത്.

SWTD S26 ഫെറി ഇപ്പോൾ നീന്തിയടുക്കുന്നത് എന്റെ ഗ്രാമത്തിലേക്കാണ്.
"ചവറ പന്മന തേവലക്കര കയറുകൊണ്ട് പിഴക്കണം". കുഞ്ഞുന്നാൾ മുതലേ കേട്ടുശീലിച്ചൊരു ഈരടി.
കരിമണ്ണും കയറും കശുവണ്ടിയും കട്ടകമ്പിനിയും തീപ്പെട്ടി കമ്പനികളും കായലും നിറഞ്ഞ എന്റെ നാട്.
ഫെറി ചവറ പാലം പിന്നിടുന്നു. ആ കുഞ്ഞു പാലത്തിനു മുകളിൽ പനവേൽ കന്യാകുമാരി NH 66, താഴെ NW 3 !
ആ ഭാഗങ്ങളിൽ ജലപാതയുടെ  ആഴം കൂട്ടുന്ന ജോലികൾ നടക്കുകയാണ്, അതിനാൽ ഫെറി വളരെ പതുക്കെയാണ് നീങ്ങുന്നത്.
പാതയുടെ ഇടതുവശങ്ങളിൽ ഇന്ത്യൻ റെയർ എർത്ത് (IRE) എന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനം കരഭൂമി ഡ്രഡ്ജ് ചെയ്യുന്നതിന്റെ അടയാളങ്ങൾ കാണാം.
കൂറ്റൻ വെള്ള മണൽ കൂമ്പാരങ്ങൾ!
കമ്പനി കുഴിച്ചെടുക്കുന്ന കരിമണലിൽ നിന്നും ധാതു മണലുകൾ തരം തിരിച്ച ശേഷം പാഴ് മണ്ണ് വീണ്ടും ആ കുഴികളിൽ തന്നെ നിക്ഷേപിക്കും.
അങ്ങനെ ഉള്ള മൺകൂമ്പാരങ്ങളാണ് പാതയുടെ ഇടതുവശങ്ങളിൽ. ജലപാതയുടെ സമാന്തരമായി പഞ്ചായത്ത് റോഡുണ്ട്. അതിനപ്പുറം അറബിക്കടലാണ്.
ഫെറിയിൽ നിന്നും നോക്കുമ്പോൾ പുതുക്കി പണിത ചവറ വേളാങ്കണ്ണിമാതാ പള്ളി കാഴ്ചയെ മനോരഹരമാക്കി നിൽക്കുന്നു. ആ പള്ളിയുടെ അരികിലെ റോഡിലൂടെ, ദേശീയപാതയിലേക്ക് ചെന്ന് കയറുമ്പോൾ, പ്രസിദ്ധമായ കൊറ്റൻകുളങ്ങര ക്ഷേത്രം കാണാം. പുരുഷന്മാർ സ്ത്രീവേഷം കെട്ടി വിളക്കെടുക്കുന്നതിലൂടെ സുപ്രസിദ്ധമായ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം.

NW 3, NH 66 ന് സമാന്തരമായി  ഒഴുകുകയാണ്.
ചവറ കോവിൽത്തോട്ടം പാലം പിന്നിടുമ്പോൾ വീണ്ടും ഇടതുവശത്തുവലിയ മണൽ കൂമ്പാരങ്ങൾ കാണാം.
പ്രശസ്തമായ കാട്ടിൽ മേക്കതിൽ ക്ഷേത്ര പരിസരമാണത്.
മണി കെട്ടമ്പലം എന്ന് പ്രശസ്തമായ ഈ ക്ഷേത്രം, കൊല്ലം ജില്ലയിലെ ഏറ്റവും തിരക്കുള്ള തീർത്ഥാടന കേന്ദ്രമായി ഉയർന്നിരിക്കുന്നു. അറബിക്കടലിനു അഭിമുഖമായി ദേശിയ ജലപാതക്കു അരികുപറ്റി നിൽക്കുന്ന ക്ഷേത്രത്തിലേക്ക് എത്തുവാൻ ജലപാത മുറിച്ചുകടക്കേണ്ടിയിരിക്കുന്നു.
കുറെ വര്ഷങ്ങള്ക്കു മുൻപ് ഒരു പ്രേതഗ്രാമമായി മാറിപ്പോയ സ്ഥലമാണ് കാട്ടിൽ മേക്കതിൽ.
ക്ഷേത്ര സമീപത്തെ വസ്തുവകകൾ ഒക്കെ തന്നെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ, കേരളം മിനറൽസ് ആൻഡ് മെറ്റൽസ് (KMML) ഏറ്റടുത്തിരുന്നു. കരഭൂമി കുഴിച്ചു, അതിലെ ധാതുക്കൾ ശേഖരിച്ചു മൂല്യവർധിത വസ്തുക്കൾക്കുള്ള അസംസ്‌കൃത ഉത്പന്നങ്ങളാക്കുന്ന സ്ഥാപനം ആണ്, ലാഭത്തിൽ പ്രവർത്തിക്കുന്ന കെഎംഎംൽ. 
ക്ഷേത്രം ഉപേക്ഷിച്ചു കുടിയൊഴിഞ്ഞു പോയ ജനതയെ ആ ക്ഷേത്രം തന്നെ തിരികെ വിളിച്ചു എന്നുള്ളതാണ് വർത്തമാനകാല യാഥാർഥ്യം.
ഇപ്പോൾ ക്ഷേത്രം നിൽക്കുന്ന സ്ഥലം ഒഴിച്ച് ബാക്കിയെല്ലാം കെഎംഎംൽ വകയാണ്.
ഉപഭോഗം കഴിഞ്ഞ വെളുത്ത മണൽ വിരിച്ചു നീണ്ടു നിവർന്നു കിടക്കുകയാണ് ആ കടലോരം.
കടൽഭിത്തിയായി തീർന്നിരിക്കുന്ന പാറകൂമ്പാരങ്ങളിലേക്ക് തിരകൾ വന്നു തല്ലുകൂടുന്നത് കേൾക്കാം, ചെവിയോർത്താൽ.

ഇരു കരകളിലെയും ജെട്ടികളിൽ ധാരാളം ആൾക്കാർ ദേശിയ ജലപാത മുറിച്ചു കടക്കാനായി, കാട്ടിലമ്മയുടെ പേരിലുള്ള ചെങ്ങാടത്തിനായി കാത്ത് നിൽക്കുന്നു. നമ്മുടെ ബോട്ടിലെ വിദേശീയർ, അവർക്ക് നേരെ കൈകൾ വീശി അഭിവാദ്യം ചെയ്യുന്നുണ്ട്. ആൾകൂട്ടത്തിൽ നിൽക്കുന്ന സ്ത്രീകൾ നാണത്തോടെ സാരിത്തലപ്പുകൊണ്ട് മുഖം മറയ്ക്കുന്നു, ചിലർ ചെറു നാണചിരിയോടെ പ്രത്യഭിവാദം ചെയ്യുന്നു. സഹയാത്രികരായിരുന്ന രണ്ടു പെൻഷൻകാർക്കും എനിക്കറിയാവുന്ന ചവറയെക്കുറിച്ചു പരിചയപെടുത്തികൊടുത്തു. 
ഇല്മനൈറ്റും മോണോസൈറ്റും പിന്നെ അവിടെ നിന്നും കാട്ടിലമ്മയുടെ തിരുസന്നിധിയിലേക്കും.

കാട്ടിൽ പരിസരത്തുകണ്ട പാഴ് സ്ഥലങ്ങൾ ഏറെ ഉപയോഗപ്പെടുത്തുവാൻ കഴിയില്ലേ? ബോട്ട് മുന്നോട്ടു നീങ്ങുമ്പോൾ എന്റെ ചിന്ത കാടുകയറി.
ആയിരക്കണക്കിന്, ഭക്തർ, ആളുകൾ ആണ് ദിവസവും കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിലേക്ക് വരുന്നത്.
തീർത്ഥാടന ടൂറിസത്തെ കുറച്ചുംകൂടി വികസിപ്പിക്കുക ആണെങ്കിൽ, ആ പരിസരത്തെ വെറും പുരയിടങ്ങളെ സർഗമനോഭാവത്തോടെ ഉപയോഗപ്പെടുത്തുക ആണെങ്കിൽ, പന്മന ഗ്രാമ പഞ്ചായത്തിന് ഒരു അധിക വിഭവ സമാഹരണമാകും എന്ന കാര്യത്തിൽ സംശയമില്ല. കെഎംഎംൽ ന്റെയും ഐ ആർ ഈ യുടെയും സി ആർ ഫണ്ട് ഉപയോഗിക്കാമല്ലോ. അല്ലെങ്കിൽ സ്വകാര്യ വ്യെക്തികൾക്ക് പാട്ടത്തിനു കൊടുക്കാമല്ലോ.

നല്ല കോഫീ ഷോപ്പുകൾ!
കുട്ടികൾക്കായുള്ള കളിയന്തരീക്ഷങ്ങൾ!
ജലകേളിക്കുള്ള മാർഗങ്ങൾ!
നല്ലൊരു പൂന്തോട്ടം!
യോഗയ്ക്കും ധ്യാനത്തിനും ഉതകുന്ന സാഹചര്യങ്ങൾ!
അതിനൊക്കെയോ അതിനേക്കാൾ ഉപരിയായോ ചെയ്യുവാൻ കഴിയുന്ന ഭൗതിക പശ്ചാത്തല സൗകര്യങ്ങൾ കാട്ടിൽ മേക്കതിൽ ഉണ്ട്.
ഭംഗിയായി പരിപാലിച്ചാൽ ഗംഭീരമാക്കാവുന്ന ബീച്ചും അവിടെ ഉണ്ട്.
കാട്ടിലമ്മേ കാത്തുകൊള്ളണമേ!

ഫെറി ഇപ്പോൾ , സോഷ്യൽ മീഡിയയിൽ ഏറെ സങ്കര്ഷമുണ്ടാക്കുന്ന ആലപ്പാടിന്റെ തീരത്തൂടെയും ഗ്രാമത്തിലൂടെയും ആണ് നീങ്ങുന്നത്.
ആലപ്പാട് വിഷയം, ആലപ്പാടിന്റേതു മാത്രമല്ല!
പശ്ചിമ തീരത്തു കൊല്ലം ജില്ലയിലെ  ചവറ മുതൽ കായംകുളം വരെ നീളുന്ന പ്രകൃതി വിഭവമാണ് വിഷയം.
ജനസഞ്ചയങ്ങൾക്ക് ഇടയിലെ ധാതു സമ്പത്തിനെ തദ്ദേശീയ ജനതയെ സംരക്ഷിച്ചുകൊണ്ട് എങ്ങനെ രാജ്യത്തിൻറെ ആവശ്യത്തിനും ഒപ്പം ജനങ്ങളുടെ പൊതു നന്മക്കും വേണ്ടി ഉപയോഗിക്കാമെന്നും, അവിടെ തനതു ജനതയെ എങ്ങനെ ആണ് വിശ്വാസത്തിൽ എടുക്കേണ്ടത് എന്നും അവരെ ഉൾപ്പെടുത്തേണ്ടത് എന്നും തമ്മിലുള്ള തർക്കവും സംഘർഷവുമാണ്.

ചവറക്കാർ തോട് എന്ന് വിളിക്കുന്ന ദേശിയ ജലപാത കുറേക്കൂടി വിശാലമായി, വട്ടക്കായലിലേക്ക് കടക്കുകയാണ്.
ചവറയിൽ നിന്നും ആലുംകടവിലേക്ക് എത്തുമ്പോൾ പാതയുടെ വീതികൂടി.
ഫെറി, വലതുവശത്തു കാണുന്ന, ഓട് പാകിയ കെട്ടിടത്തിന് അരികിലെ ജെട്ടിയിലേക്ക് അടുപ്പിക്കുകയാണ്. 
വള്ളത്തിന്റെ ആകൃതിയിൽ ഉള്ള നടപ്പാതയിലൂടെ ആണ് ആ കെട്ടിടത്തിലേക്ക് കയറേണ്ടത്.

വാട്ടർസൈഡ് അമിനിറ്റി സെന്റര്, ആലുംകടവ്!
അവിടെയാണ് ഉച്ചയൂണ്.
സമയം അപ്പോൾ പന്ത്രണ്ട്  മുപ്പത് ആയിരിക്കുന്നു.
കേരളം സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുള്ളതാണ് ആ സെന്റര്.കായലിലേക്ക് ഇറക്കി നിർമ്മിച്ചിരിക്കുന്ന മലയാളിത്വമുള്ളൊരു കെട്ടിടം. 
ആളുകൾക്ക് വേഷം മാറാനും ശരീരശുദ്ധിക്കുമുള്ള സൗകര്യങ്ങൾ അവിടെ ഉണ്ട്.
ഞാൻ സ്ഥലം ചുറ്റിക്കാണാനും ഫോട്ടോ എടുക്കുന്നതിനുമായി  നടക്കാനായി ശ്രമിച്ചു.
മുല്ലപ്പൂ മാലയണിഞ്ഞ നമ്മുടെ റോസ് അതിലൂടെ നടന്നു, കായലിലേക്ക് കെട്ടിയിറക്കിയ കെട്ടിടത്തിന്റെ മൂലയിലേക്ക് വന്നു. നല്ലൊരു ഫോട്ടോഗ്രാഫർ ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത ഭാവപ്രകടനത്തോടെ അവർ കായൽ വീക്ഷിച്ചു ദൂരേക്ക് നോക്കി നിന്നു.

ജീവനക്കാർ ധൃതി കൂട്ടികൊണ്ടിരുന്നു, അധിക സമയം ചിലവാക്കാനില്ല. പോകണം.  ഇനിയും വളരെ ദൂരം യാത്ര ചെയ്യാനുണ്ട്.

ഒരു വട്ടമേശക്ക് ചുറ്റും ആഹാരം നിരത്തിവെച്ചിട്ടുണ്ട്.
തനിയെ പകർന്നു എടുക്കണം.
ബുഫേ എന്നുള്ള പേര് അതിനു ചേരുമോ എന്നറിയില്ല. 
ചോറും ചീനിയും മീൻകറിയും അവിയലും സാമ്പാറും പരിപ്പും പപ്പടവും തോരനും അച്ചാറും ഫിഷ് ഫ്രൈയും ആയിരുന്നു അവിടുത്തെ വിഭവങ്ങൾ.
ഊണിനു 100 രൂപയും, കേര മീനിന്റെ ഫ്രയ്ക്ക് 120 രൂപയുമാണ് വില.
വിദേശിയരായ യാത്രികരും ആ കേരളം ആഹാരത്തെ ആസ്വദിക്കുന്നതായി തോന്നി. ചിലർ സ്പൂൺ ഉപയോഗിക്കുന്നുണ്ട്, മറ്റുചിലർ കൈകൊണ്ടു തന്നെ കഴിച്ചു.
അവിയലിലെ മുരിങ്ങാക്കോല് ഈമ്പി കടിക്കാനും ചീനിയിൽ പുളിശ്ശേരി ഒഴിച്ച് മീൻചാറും കൂട്ടി രുചി നോക്കാനും സ്വന്തം കൈ തന്നെയാണ് ഏറ്റവും അഭികാമ്യം.
അത്ര ഗംഭീര സദ്യ ഒന്നുമല്ലെങ്കിലും കായലിനു അരികിലെ ആ ആഹാരസവിധത്തെ കുറ്റംപറയാനില്ല. എന്നാൽ ഇനിയും അവർക്ക് ഏറെ ,വളരെ ഏറെ മെച്ചപ്പെടുത്തുവാൻ കഴിയും. അതിനു ഒരുപക്ഷെ സഞ്ചാരികളുടെ എണ്ണവും കൂടേണ്ടിവരും.

2001 ഇൽ തുടങ്ങിയതാണ് വാട്ടർസൈഡ് അമിനിറ്റി സെന്റര്.
മരത്തിൽ നിർമിച്ച ഒരു ചെറു കപ്പലിന്റെ ശിൽപം ആണ് നമ്മളെ സ്വീകരിക്കുന്നത്.
20 മിനിറ്റ് ആണ് ഉച്ചയൂണിനു ഇടവേള പറഞ്ഞിരിക്കുന്നത് എങ്കിലും അര മണിക്കൂർ കഴിഞ്ഞാണ് ബോട്ട് നീങ്ങി തുടങ്ങിയത്.

ഉച്ചയൂണിന്റെ ആലസ്യത്തിൽ ഫെറി മുന്നോട്ട് നീങ്ങിയപ്പോൾ, അകലെ ഇടതു വശത്തു കാഷായ വർണമാർന്ന വലിയ കെട്ടിടങ്ങൾ കാണാം.
അടുക്കും തോറും അവിടുത്തെ പാലത്തിനും കാവി കലർന്ന മഞ്ഞ കലർന്ന ഓറഞ്ച് നിറം.
അമൃത സേതു.
പറയക്കടവ് എന്ന തീരദേശ ഗ്രാമത്തെയും വള്ളിക്കാവിനെയും ബന്ധിപ്പിക്കുന്ന പാലം.
ആ പാലം ഇറങ്ങിച്ചെല്ലുന്നത് മാതാ അമൃതാനന്ദമയി മഠത്തിലേക്കാണ്. മഠം നിർമ്മിച്ച് നിൽകിയ പാലം ഉൽഘാടനം ചെയ്തതു അന്നത്തെ രാഷ്‌ട്രപതി ആയിരുന്ന ആദരണീയനായ എപിജെ അബ്‌ദുൾ കലാം ആയിരുന്നു.
ജലകാഴ്ചയെ ആകർഷിക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ, ആ പരിസരത്തൊന്നും അതുപോലെയുള്ള വലിയ കെട്ടിടങ്ങൾ കണ്ടില്ല.
അമൃതപുരിയിൽ ഫെറിയ്ക്ക് സ്റ്റോപ്പ് ഉണ്ടായിരുന്നു. ബോട്ട് നിർത്താനുള്ള ബെല്ലടിച്ചു. നമ്മളോടപ്പം ഉണ്ടായിരുന്ന ഒരു വിദേശിയായ യാത്രികൻ ഇറങ്ങി, ഒപ്പം അവിടെ നിന്നും മറ്റൊരാൾ കയറുകയും ചെയ്തു.
ഇറങ്ങിയ ആൾ എല്ലാ യാത്രക്കാരെയും നോക്കി അഭിവാദ്യം ചെയ്തുകൊണ്ട്, സഞ്ചികളുമായി നടന്നു നീങ്ങുന്നതും നോക്കി ഞാനിരുന്നു. അദ്ദേഹം പോകുന്നത് ആശ്രമത്തിലേക്കാണ്. ഇപ്പോൾ കയറിയ യാത്രികൻ വന്നതും ആശ്രമത്തിൽ നിന്നും തന്നെ.

ഫെറി ഇപ്പോൾ പടിഞ്ഞാറേ ദിശയെ അഭിമുഖീകരിച്ചാണ് നീങ്ങുന്നത്.
അമൃതപുരി പിന്നിടുമ്പോൾ, ഇരുവശങ്ങളിലും ചീനവലകൾ.
ചീനവലകളിൽ ചെറിയ വെള്ളനിറമുള്ള കുരുവികൾ വരിവരിയായി ഇരിക്കുന്നു.
യൂണിഫോം അണിഞ്ഞ കുട്ടികൾ സ്‌കൂൾ അസംബ്ളിയിൽ നിൽക്കുന്നതായിട്ടേ തോന്നു.
ചീനവലകൾക്കപ്പുറം ഒരു ക്ഷേത്രം കാണാം, അഴീക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആയിരുന്നോ എന്നതിൽ സംശയമുണ്ട്.
അഴീക്കൽ പാലത്തിനു അടിയിലൂടെ വീണ്ടും മുന്നോട്ടു.
എതിരെ വരുന്ന മൽസ്യബന്ധന ബോട്ടുകളിൽ എഴുതിവെച്ചിരിക്കുന്ന മുദ്രാവാക്യത്തിന് ആലപ്പാടൻ ജനതയോടുള്ള ഐക്യദാർഢ്യമാണ്.
അവിടെ നിന്നും മുന്നോട്ട് പോയപ്പോൾ, അപകടത്തിലാണ്ടു ചരിഞ്ഞു, പകുതി മുങ്ങിയ ഒരു ബോട്ടിനെ കാണാം.
മൽസ്യബന്ധന യാനങ്ങൾ ഒന്നിന് പുറകെ ഒന്നായി എതിരെ വന്നുകൊണ്ടിരുന്നു.
ആർപ്പുവിളികളോടെ, ഉച്ചത്തിലുള്ള കളിചിരികളോടെ, സംസാരങ്ങളിലൂടെ ആണ് ഓരോ ബോട്ടും കടന്നു പോകുന്നത്.
അവരെല്ലാം യാത്രികരെ നോക്കി കൈ വീശുകയോ ചിരിക്കുകയോ ചെയ്യുന്നുണ്ട്.

നമ്മുടെ ഫെറി കായംകുളം കായലിലേക്ക് കടക്കുകയാണ്.
കായംകുളം കായൽ സ്വാഗതം ചെയ്യുന്നത് വളരെ ഉയരമുള്ളൊരു വിളക്ക്മരമാണ്.
അതിന്റെ ചുവട്ടിൽ വൃത്തത്തിൽ സംരക്ഷണ ഭിത്തി കെട്ടിയിട്ടുണ്ട്. അതിലെ കുറ്റികൾക്കു മേൽ കൊറ്റികൾ ഇരിക്കുന്നു.
വിളക്ക് തെളിയുന്ന മുഖത്തു ഏതോ പക്ഷി കൂടു കൂട്ടിയിരിക്കുന്നു.
ഈ അടുത്ത സമയത്തൊന്നും ആരും വിളക്ക് തെളിയിച്ചിട്ടില്ല എന്ന് തോന്നുന്നു.
അതോ രാജഭരണകാലത്തെ യാത്രയുടെ അവശിഷ്ടങ്ങൾ ആണോ ? ആവൊ, അറിയില്ല!

ബോട്ടിന്റെ മുകളിലത്തെ നിലയിൽ, സഹോദരങ്ങളായ മൂന്നു കുട്ടികൾ ഉണ്ടായിരുന്നു.
ഒരു ആൺകുട്ടിയും രണ്ടു പെൺകുട്ടികളും.
അവർ കുട്ടികൾക്കുള്ള ഏതോ ബുക്ക് വായനയിലും കളിയിലും മുഴുകി.

ഞാൻ പരിചയപ്പെട്ട പെൻഷൻകാർ, അല്പം ആശങ്കയിൽ ആയിരുന്നു.
ഇത്ഒ രു ദിവസം നീണ്ടു നിൽക്കുന്ന യാത്ര ആയിരിക്കും എന്നവർ കണക്കു കൂട്ടിയിരുന്നില്ലല്ലോ.
ആലപ്പുഴയിൽ എത്തിയിട്ട്, അവിടെ നിന്നും ബസ്സിൽ തിരുവന്തപുരത്തേക്ക് തിരിച്ചാൽ, പാതിരാത്രി അടുക്കുമ്പോൾ മാത്രമേ വീട്ടിൽ എത്തുകയുള്ളൂ എന്ന തിരിച്ചറിവ് അവരെ അല്പം ആശങ്കയിലാഴ്ത്തി.
ആ ആശങ്ക അവരുടെ യാത്രയുടെ അനുഭവബോധ്യത്തെ ബാധിച്ചുവോ എന്ന് തോന്നി.

കേരവൃഷകങ്ങൾക്കു നടുവിലൂടെ ആണ് ഫെറിയുടെ യാത്ര.
വീണ്ടും വിളക്ക് കാലുകൾ കാണാം.
ഫെറിയുടെ പുറകിലേക്ക് നോക്കുമ്പോൾ, മുൻപേ കണ്ട ആ വെള്ളക്കുരുവികളുടെ കൂട്ടം, താഴ്ന്നു പറന്നടുക്കുന്നു.
ബോട്ട് പോകുമ്പോൾ ഇളകുന്ന ജലത്തിൽ, പൊങ്ങുന്ന പൊടിമീനുകളെ പിടിക്കുക എന്നതാണ് അവരുടെ ലക്‌ഷ്യം എന്ന് തോന്നുന്നു.
ആ കുരുവിക്കൂട്ടം ഏതാണ്ട് അരമണിക്കൂറോളം നമ്മുടെ ബോട്ടിന്റെ പുറകെ കൂടി.

ഉയരത്തിൽ നിൽക്കുന്ന വലിയ വ്യാസമുള്ള  നാലു പൈപ്പുകൾ ദൂര കാഴ്ച്ചയിൽ കാണാം.
കായംകുളം താപനിലയിലത്തിലെ കാഴ്ചയാണോ? ഉറപ്പു വരുത്തുവാൻ ആരുമില്ലാത്തതുകൊണ്ടു, അതൊരു സംശയമായി തന്നെ നിന്നു.
കായൽ വളരെ സുന്ദരി ആയി മാറുന്നു.
കൊല്ലത്തു കണ്ട ശിശിരകാല അടയാളങ്ങൾ കായംകുളം പരിസരത്തു ഇല്ലെന്നു തോന്നുന്നു.
ഇവിടെ പ്രകൃതിക്ക് നല്ല പച്ചപ്പ്.
കായലിനു പോലും പച്ച നിറം.
അരികിൽ പായലുകൾ പടർന്നു കിടക്കുന്നു.
ഇരുവശത്തും ഇടതൂർന്നു കല്പവൃക്ഷങ്ങൾ.
കേരളീയ ദൃശ്യഭംഗി ആവിഷ്കരിക്കുന്ന കലണ്ടറുകളിൽ കണ്ടിട്ടുള്ള ഫോട്ടോകളുടെ അതെ ശേഖരം തന്നെ ആണ് ഇരുകരകളും എന്ന് തോന്നും.



ഫെറി മുന്നോട്ടു നീങ്ങുകയാണ്.
കായലിനു അരികിലൂടെ, ചെറുവള്ളത്തിൽ മണൽ വഹിച്ചുകൊണ്ട്, മുള ഊന്നി പോകുന്നത് ആ കൊച്ചുപെൺകുട്ടി, ബൈനോകുഴലിലൂടെ വീക്ഷിക്കുന്നു.
പച്ചപ്പണിഞ്ഞ പ്രകൃതി, കായംകുളം പിന്നിട്ടു, തൃക്കുന്നപുഴയിലേക്ക് കടന്നു.
ഒരു വളവു തിരിയുന്നതായി തോന്നി.
അവിടെ അതാ, സ്‌കൂൾ മുറ്റത്ത് എന്നതുപോലെ കായലിനെ ദർശിച്ചുകൊണ്ടു  ബോട്ടിന്റെ ആകൃതിയിൽ വെള്ള നിറമുള്ള  സ്മാരകം.
മഹാകവി കുമാരനാശാന്റെ ഓർമ്മക്കായുള്ള നിർമ്മിതി. റെഫെറൻസ് ലൈബ്രറിയും ഓഡിയോ വിഷൽ സംവിധാനങ്ങളും സെമിനാര് ഹാളും ഒക്കെ ചേർന്നതാണ് ആ സ്മാരകം.
1924 ഇൽ കൊല്ലത്തു നിന്നും ആലപ്പുഴയിലേക്ക് യാത്ര തിരിച്ച മഹാവി ബോട്ടിമറിഞ്ഞു അപകടത്തിൽ പെട്ടത് പല്ലന കുമാരകോടി എന്ന സ്ഥലത്തായിരുന്നല്ലോ.

കെട്ടുവള്ളങ്ങളും ചെറു വള്ളങ്ങളും വിശ്രമിക്കുന്ന കായലിലൂടെ ഫെറി ചെന്ന് എത്തിയത്, തൊട്ടപ്പള്ളിയിലാണ്.
തോട്ടപ്പള്ളി സ്പിൽവേ ഒരു ദൂരകാഴ്ചയായി കാണാം.
തൊട്ടപ്പള്ളിയിൽ യാത്രക്ക് പത്ത് മിനിട്ടു ഇടവേളയുണ്ട്.
ബോട്ട് ഒരു വീടിനു അരികിലായി നിർത്തി.
ചായയും ചെറുകടികളും കഴിച്ചിട്ടാവാം യാത്ര എന്ന് ക്രൂ വന്നു പറഞ്ഞു.
എല്ലാവരും അവിടെ ഇറങ്ങി.
ഏത്തക്കായപ്പം ,ബോണ്ട,പരിപ്പുവട എന്നിവയൊക്കെ ഒരു പാത്രത്തിൽ നിരത്തിയിട്ടുണ്ട്.
ഏതെടുത്താലും പത്ത് രൂപ.
വിദേശികളും കടലാസ് ഗ്ലാസിൽ പകർന്ന ചായയും ചെറുകടികളും രുചിക്കുന്നു.
എണ്ണയിൽ വറുത്ത പലഹാരങ്ങൾ വിതരണം ചെയ്യുന്നത് വർത്തമാന പത്രത്തിന്റെ പകുതി മുറിച്ച കഷണത്തിലാണ്.
ആ കാര്യം  ഈർഷ്യയോടെ ഒരു വിദേശ യാത്രികൻ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
അത് ശരി തന്നെ അല്ലെ ?
കുറേക്കൂടി ഉത്തരവാദിത്വം നമ്മൾ കാണിക്കേണ്ടിയിരിക്കുന്നു.

ചായ കുടിച്ചതിനു ശേഷം, ബോട്ട് വീണ്ടും മുന്നോട്ടു നീങ്ങി.
ആ ജെട്ടിയിൽ നിന്നും രണ്ടു യാത്രികരും കൂടി ആലപ്പുഴക്ക് പോകാനായി കയറി.
അതിൽ ഒരു സ്ത്രീ ആയിരുന്നു, അവർ മുകളിലെ ഞാനിരുന്ന മുൻ നിരയിലെ ബെഞ്ചിൽ, ഞാൻ കയറുന്നതിനു മുന്നേ സ്ഥാനം പിടിച്ചു.
അവരുടെ ആ പെരുമാറ്റത്തിൽ എനിക്കത്ര മതിപ്പ് തോന്നിയില്ല.




ഫെറി ഇപ്പോൾ കുട്ടനാട്ടിലേക്ക് കടക്കുകയാണ്.
കേരളീയ കായൽ സൗന്ദര്യത്തിന്റെ ദൃശ്യ ഭംഗി ഏറ്റവും ഗംഭീരമായതു കുട്ടനാട്ടിലേക്ക് വന്നപ്പോൾ ആണെന്ന് തോന്നി.
അരികിലായി നോക്കെത്താദൂരത്തോളം നിവർന്നു കിടക്കുന്ന നെൽപ്പാടങ്ങൾ.
വീതിയേറിയ കായൽ.
സമീപത്തായി അവിടവിടെയായി ചെറിയ വീടുകൾ.
നെല്പാടങ്ങൾക്കു അരികിൽ ഒറ്റക്കും കൂട്ടായും തെങ്ങുകൾ.
ഓരോ വീടിനു മുന്നിലും ചെറു തോണികൾ.
വീടിനെയും കായലിനെയും വേർതിരിച്ചുകൊണ്ടു ചെറിയ റോഡ്‌.
റോഡിൽ നിന്നും കായലിലേക്ക് ഇറങ്ങുവാൻ കൽപ്പടവുകൾ.
ആ കല്പടവുകൾക്ക് മേൽ ഒരു കാൽ കുന്തിച്ചു വെച്ച്, ഉടയാട അരയിലേക്ക് ഒതുക്കിവെച്ചു, വസ്ത്രങ്ങൾ അലക്കുന്ന യുവതികൾ, സ്ത്രീകൾ, വൃദ്ധർ, കുട്ടികൾ.
അലക്കു കല്ലിലേക്ക് ആഞ്ഞു വീശുന്ന, വെള്ളം ചിതറുന്ന വസ്ത്രങ്ങൾ ഉണ്ടാക്കുന്ന ശബ്‌ദം സഹയാത്രക്കാർ ആസ്വദിച്ചു നോക്കികൊണ്ടിരുന്നു.
പലരുടെയും ക്യാമറ കണ്ണുകൾ, പലപ്രാവശ്യം ആ അലക്കു കല്ലുകൾക്ക് മേൽ പതിഞ്ഞു. ജനജീവിതത്തെ അറിയുക തന്നെ ആയിരുന്നു അവർ.
രണ്ടോ മൂന്നോ സ്ഥലങ്ങളിൽ സ്ത്രീകൾ കൂട്ടത്തോടെ പറമ്പിൽ കൂടിയിരിക്കുന്നതും കഥ പറയുന്നതും കണ്ടു.
ദേശിയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾ ആണവർ. പക്ഷെ, ആ കൂടിയിരിക്കുന്നവരെ വളരെ അത്ഭുതത്തോടെ ആണ് വിദേശ ക്യാമറയിലേക്ക് ആവാഹിച്ചതു.
ഞാൻ അപ്പോൾ ശ്രദ്ധിക്കുക ആയിരുന്നു, ഓരോ അലക്കു കല്ലുകൾ എത്തുമ്പോഴും, എന്റെ സഹയാത്രികരായ സ്ത്രീകൾ ഉൾപ്പടെ ഉള്ളവരുടെ ക്യാമറകൾ, ആ ദൃശ്യങ്ങൾ പകർത്തുവാൻ ശ്രമിക്കുന്നുണ്ട്.കേരളീയ ജീവിതത്തെ ആണ് പകർത്തുന്നത്. ആ അലക്കു പ്രവർത്തിയെ എങ്ങനെ, കാവ്യാത്മകമാക്കം എന്നും അതിനെ എങ്ങനെ വിപണന സാധ്യത ഉള്ള ഒരു ഉല്പന്നമാക്കാം എന്നും അതിലൂടെ ആ ഗ്രാമീണ ജനതയുടെ കൈത്താങ്ങാവാമെന്നും എന്നുള്ള ചിന്തയിൽ ആയിരുന്നു.
സ്‌കൂൾ കഴിഞ്ഞു വരുന്ന കുട്ടികൾ ചെറുവള്ളങ്ങളിൽ വീടുകളിലേക്ക് പോകുന്നു.
വലിയ കന്നാസുകളിൽ പാലുമായി കർഷകരും വിപണനകേന്ദ്രങ്ങളിലേക്ക് വള്ളത്തിൽ പോകുന്നു.
താറാവിന്റെ വലിയ  കൂട്ടത്തെ മേയിച്ചുകൊണ്ടു മറ്റൊരു കർഷകൻ വള്ളത്തിൽ അവരോടപ്പം തുഴയുന്നു.
ഒരു ജനതയുടെ ജീവിതം വെള്ളത്തിലും വള്ളത്തിലും ആയിട്ടാണ്.



SWTD S26,തുഴഞ്ഞു നീങ്ങുന്നത് പമ്പാനദിയിലൂടെ കരുമാടിലേക്കാണ്.
വലതുവശത്തായി, ഇടതുകരം നഷ്ടപെട്ട കരുമാടികുട്ടന്റെ പ്രതിമ.
കരിങ്കല്ലിൽ  നിർമ്മിച്ചിരിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആ ബുദ്ധ പ്രതിമ ഇപ്പോൾ സംരക്ഷിത സ്മാരകത്തിലാണ്.

പമ്പാ നദിയിലേക്ക് ഇറങ്ങിയപ്പോഴേക്കും ബോട്ടിന്റെ വേഗം കുറഞ്ഞു, വേലിയിറക്ക സമയം ആയതുകൊണ്ട് വെള്ളം കുറവാണു.
എതിരെ വരുന്ന കൂറ്റൻ ഹൌസ് ബോട്ടുകളും വളരെ പതുക്കെ ആണ് നീങ്ങുന്നത്.
ജലപാതയിലേക്ക് ചാഞ്ഞു വീണു കിടക്കുന്ന മരച്ചിലകൾക്കു ഇടയിലൂടെ, കൂട്ടമായി നീരാടുന്ന താറാവ് കൂട്ടങ്ങളുടെ ഇടയിലൂടെ ബോട്ട് മുന്നോട്ട് നീങ്ങി.
കരയിൽ റിസോർട്ടുകൾ കാണാം.
കേരളീയ ഗൃഹനിർമ്മാണ രീതിയിലാണ് അവയുടെ നിൽപ്പ്.
വളരെ വിശാലമായ നദി.
ഓണപ്പാട്ടും കുരവകളും മത്സര വള്ളംകളിയും നടക്കുന്ന തീരം.
പ്രകൃതി രമണിയം തന്നെ.
സുന്ദരവും സുരഭിലവും വശ്യതാപൂരിതവും.

ചില ജീവിത ദൃശ്യങ്ങൾ നമ്മളെ അത്ഭുതപെടുത്തുക മാത്രമല്ല, അവ തിരിച്ചറിയുവാൻ സമയം എടുക്കുകയും ചെയ്യും.
സ്വന്തം മക്കൾ, സ്‌കൂൾ വിട്ടു, സൈക്കളിലോ കൂട്ടുകാരുടെ ഒപ്പമോ അതുമല്ലെങ്കിൽ സ്‌കൂൾ ബസ്സിലെ വാനിലൊ വീട്ടുമുറ്റത്തു എത്തുന്ന ഈ കാലത്തു, സ്വന്തം കുട്ടികളെ ചെറു വള്ളം തുഴഞ്ഞു അക്കരയിൽ നിന്നും ഇക്കരയിലേക്ക്.
ഒരു കരയിൽ സ്വന്തം വാഹനം നിർത്തിവെച്ചിട്ടു, സ്വന്തമായി വള്ളം തുഴഞ്ഞു മറുകരയിലേക്ക് പോകുന്ന ജോലി കഴിഞ്ഞു വരുന്ന യുവാവ്.
കരയിൽ നിന്നും കായലിലേക്ക് എത്തുമ്പോൾ ജീവിതം കുറച്ചുംകൂടി പരുക്കനായ മാറുന്നു.



നമ്മുടെ ഫെറി പമ്പാ നദിയിലൂടെ ആലപ്പുഴയിലേക്ക് പോകുകയാണ്.
തൊട്ടടുത്തുള്ള പ്രധാന സ്ഥലം അമ്പലപ്പുഴയാണ്.
ഫെറി മുന്നോട്ടു പോകുംതോറും കാഴ്ചകളുടെ രീതിയും മാറുന്നു.
മുന്നിൽ നിറയെ ഉയർന്ന കെട്ടുവള്ളങ്ങൾ, ഹൌസ് ബോട്ടുകൾ.
തലയെടുപ്പുള്ള ആനകൾ നിരന്നു പോകുമ്പോൾ അതിനിടയിലെ ചെറിയ ആനയായി നമ്മളുടെ ഫെറിയും മാറിയിരിക്കുന്നു.
അത്രയും വൈവിധ്യമാർന്ന ബോട്ടുകൾ ആണ് ആ കായൽ നിറയെ.
നിറയെ സഞ്ചാരികളുമായി ഒന്നിന് പുറകെ ഒന്നായി യാത്രയിലാണവയൊക്കെ.
ഒരു ബസ് സ്റ്റേഷനിൽ ബസ്സുകൾ എങ്ങനെ ആണാവോ പാർക്ക് ചെയ്തിരിക്കുന്നത് അതുപോലെ, കായലിന്റെ ഇരുവശത്തും ബോട്ടുകൾ പാർക്ക് ചെയ്തിരിക്കുന്ന കാഴ്ച മനോഹരം എന്നല്ലാതെ എന്ത് പറയാൻ.
ദൃശ്യഭംഗികളുടെ പൂരമാണ് ദേശിയ ജലപാത നിറയെ.
പമ്പാ നദി അതിനെ കമനീയമാക്കുന്നു.
കെട്ടുവള്ളങ്ങളുടെയും ഹൌസ് ബോട്ടുകളുടെയും ദൃശ്യഭംഗി ഏതു സാധാരണക്കാരനെയും കവിയാക്കിയേക്കാം, ഏതു വൈരാഗിയിലും പ്രേമം അങ്കുരിപ്പിച്ചേക്കാം.
വർണകുടകൾ നിവർത്തിവെച്ചിരിക്കുന്ന പോലെ.
മഴമേഘ ആകാശത്തു വിടർന്ന മഴവില്ലുപോലെ, മനോഹരം, ചേതോഹരം.

പമ്പാനദിയിൽ നിന്നും ബോട്ട് തിരിഞ്ഞു, ആലപ്പുഴയുടെ ഹൃദയഭാഗത്തേക്ക് നീങ്ങി തുടങ്ങി.
പടിഞ്ഞാറു പീതവർണം പൂശിയ സ്വർണ തിടമ്പോടെ ചക്രവാളം തുടുത്തു നിൽക്കുന്നു.
ആ മഞ്ഞ സ്വർണ സൂര്യകിരണങ്ങൾ ഓളപ്പരപ്പുകളെ ആടയാഭരണങ്ങൾ അണിയിച്ചു.
ഗംഭീരം.
ചാഞ്ഞു വീഴുന്നു സൂര്യബിംബ നിഴലുകൾ ഫെറിയിലേക്ക് പതിഞ്ഞു.
അരികിൽ ജേക്കബ് ഐലൻഡ് കാണാം 
നഗരഹൃദയത്തിൽ മിനാരങ്ങൾ കാണാം 
പ്രധാന ജലപാതയിൽ നിന്നും തോടിലേക്ക് ഒഴുകുന്ന ചെറുവഞ്ചികൾ കാണാം 

ഈ ഫെബ്രുവരി പതിനാലു, വാലന്റൈൻസ് ദിവസം ഓർത്തിരിക്കാൻ ഈ പകലറുതി ധാരാളം.
രാവിലെ 10: 32 നു തുടങ്ങിയ കായൽ യാത്ര, വൈകിട്ട് 6 :12 കര തൊട്ടിരിക്കുന്നു.

SWTD S26  കൊല്ലം ആലപ്പുഴ ഫെറി, ആലപ്പുഴ KSRTC സ്റ്റാൻഡിനു സമീപത്തെ പെട്രോൾ പമ്പിന് അരികിലായി നങ്കൂരമിട്ടു.
ഓരോ യാത്രികരും പരസ്പരം അഭിവാദ്യം ചെയ്തു വെളിയിലേക്ക് ഇറങ്ങി.
കേരളീയ ഗ്രാമജീവിതം
കായൽ സൗന്ദര്യം 
ഉൾനാടൻ ആവാസം ഒക്കെ കണ്ടറിഞ്ഞു, നൗകകളുടെ നാട്ടിൽ, കിഴക്കിന്റെ വെനീസിൽ.

കാവ്യകല്പനകളാൽ നിറഞ്ഞാഘോഷിക്കുന്ന കേരളീയ പ്രകൃതി സൗന്ദര്യം അതിന്റെ ഏഴഴകും തെളിയിച്ചു തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പോലെയോ മംഗലാംകുന്ന് കർണ്ണനെ പോലെയോ വെഞ്ചാമരവും വീശി മസ്തകം ഉയർത്തി നിൽക്കുന്ന കാഴ്ചയാണ് അഷ്ടമുടി കായൽ മുതൽ വേമ്പനാട്ടു കായൽ വരെ കാണുന്നത്. ഒരു വട്ടം നിങ്ങളീ പാതയിലൂടെ യാത്ര ചെയ്തില്ലെങ്കിൽ ജീവിതത്തിൽ ആസ്വദിക്കേണ്ട തനതു സൗഭാഗ്യങ്ങളുടെ മുഗ്ധ സൗന്ദര്യത്തിന്റെ തെളിനീർ കാഴ്ചകളാവും നഷ്ടമാവുക, തീർച്ച.  



കാറ്റേറ്റ്
ചൂടുകൊണ്ട് 
തളർന്നു 
ഉണങ്ങി 
കരിഞ്ഞു, റോസിന്റെ മുല്ലപ്പൂമാല അപ്പോഴും അവരുടെ കഴുത്തിൽ നിന്നും മാറ്റാതെ കിടപ്പുണ്ടായിരുന്നു.

Monday, April 30, 2018

ഇനി ഞാൻ ഉറങ്ങട്ടെ

വാൻ പാർക്ക് ചെയ്തിരുന്നത്, സ്വസഹോദരി ലക്ഷ്മി വാടകക്ക് താമസിച്ചിരുന്ന വീടിന്റെ കിഴക്ക് വശത്തെ ഇടവഴിയിലാണ്. ആ ഇടവഴി ചെന്ന് ചേരുന്നിടത്താണ് റോഡ് അവസാനിക്കുന്നത്.
വിജനമാണവിടം.
ആ ഇടവഴിക്ക് ഇടതുവശം തേക്കുമരങ്ങൾ ഇടതൂർന്നു വളരുന്ന പുരയിടം ആണ്. അവിടെ ഇപ്പോൾ ഒരു റിസോർട് നിർമ്മിക്കാനുള്ള പണികൾ പുരോഗമിക്കുകയാണ്. കറുത്ത പെയിന്റ് പൊട്ടിച്ചു തുരുമ്പ് വെളിയിലേക്ക് വന്നിരിക്കുന്ന ഗേറ്റിന്റെ കമ്പികൾക്ക് ഇടയിലൂടെ അകത്തേക്ക് നോക്കിയാൽ ശബ്ദം പോലും നിലച്ച പുരയിടവും തേക്ക് മരങ്ങളും മാത്രമാണ് കാണാനാകുക.
അതിനും അപ്പുറം കായലാണ്.
അഷ്ടമുടിക്കായലിന്റെ കൈവഴിയാണത്, അവൾ ശബ്ദം നിലച്ചു മയങ്ങുകയാണ്.
അതിനു ഇടതുവശമാണ് അന്തോണിയാസ് പുണ്യാളന്റെ പള്ളി ഉള്ളത്. അപ്പുപ്പനോളം പ്രായമുള്ളൊരു പുളിമാവിന്റെ മുന്നിലെ ടാറിട്ട റോഡിൽ നിന്നും ഇറങ്ങിച്ചെല്ലുന്നതു പള്ളിയിലേക്കാണ്. കൂറ്റൻ മണി ഉയർത്തിയ പള്ളി മേടയുടെ അരികിലെ പുണ്യാത്മാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന ഇടങ്ങളെ വലംവെച്ചു പുറകിലേക്ക് ഇറങ്ങാം.
അന്തോണിയസ് പുണ്യാളന്റെ പള്ളിയിൽ നിന്നും മുന്നിലെ പടിക്കെട്ടുകൾ ഇറങ്ങി ചെല്ലുന്നതു ചെറു ദ്വീപുപോലെ തോന്നിക്കുന്ന തെങ്ങിൻകൂനകളിലേക്കാണ്. ചെറു അരുവികൾ നിറഞ്ഞൊരു പ്രദേശം.
കണ്ടൽക്കാടുകൾ തിങ്ങി നിറഞ്ഞു അരുവിളികളിലേക്ക് ചാഞ്ഞു വീണു കിടക്കുന്നു.
ആ അരുവികൾ ചെന്ന് ചേരുന്നത് കായലിലേക്കാണ്.
ലക്ഷ്മിയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുകളും സൽക്കാരവും കഴിഞ്ഞു, വീട്ടിലേക്ക് പോകുവാൻ ഇറങ്ങുമ്പോൾ വെള്ളിയാഴ്ച രാത്രി ഏതാണ്ട് അവസാനിക്കാറായിരുന്നു.
വാൻ പാർക്ക് ചെയ്തിരിക്കുന്ന ഇടവഴിയിലേക്ക് നടന്നു.
കുറ്റാകൂരിരുട്ട്!
നിശാപക്ഷികൾ പറന്നു നടക്കുന്നു!
മുന്നോട്ടു നടക്കുംതോറും വെളിച്ചം ഇല്ലാണ്ടായിരിക്കുന്നു.
ചീവീടുകളുടെ ശബ്ദം മൂർദ്ധന്യവസ്ഥയിലാകുന്നുണ്ട്.
വേലിപടർപ്പുകളുടെ മുകളിലേക്ക് ചാഞ്ഞു കിടക്കുന്ന കൈതമുൾ ചെടികളിൽ സ്പർശിക്കാതെ വാനിനുള്ളിലേക്ക് കയറി.
വാൻ സ്റ്റാർട്ടാക്കാൻ തുടങ്ങുമ്പോൾ ആരോ അരികിൽ നിൽക്കുന്നതുപോലെ.
വേലിക്കപ്പുറത്തു നിന്നും ആരോ ശ്വാസം വേഗത്തിൽ ഉള്ളിലേക്ക് എടുക്കുന്നതുപോലെ.
അതിന്റെ വേഗത കൂടിക്കൊണ്ടിരുന്നു.
ആരോ അപ്പുറത്ത് കിടന്നു അണക്കുന്നതുപോലെ തോന്നിയോ?
മിന്നാമിനുങ്ങിന്റെ വെട്ടംപോലും അവിടെ ഇല്ല.
വാനിന്റെ വെട്ടത്തിൽ അങ്ങ് ദൂരെ ഒരു കരിമ്പൂച്ചയുടെ തിളങ്ങുന്ന കണ്ണുകൾ കാണാറായി.
പുറമെ നിന്നും കേൾക്കുന്ന ശ്വാസമിടിപ്പിന്റെ വേഗത കൂടുന്നുണ്ട്.
എന്റെയും !
വണ്ടി റിവേഴ്‌സ് ഗിയറിലൂടെ വരുമ്പോൾ, വേലിക്കകത്തുള്ള ജലനിധിയുടെ തറനിരപ്പിലുള്ള ടാപ്പ് ഊർദ്ധ്വം വലിക്കുന്ന പോലെ ശബ്ദം ഉണ്ടാക്കിക്കൊണ്ടിരുന്നു.
അതിൽ അധികം ശ്രദ്ധ കൊടുക്കാതെ വണ്ടിയുടെ വേഗത കൂട്ടി.
പന്ത്രണ്ടു മണി അടുക്കുന്നതുകൊണ്ടാകും റോഡ് വിജനമാണ്.
മുകുന്ദപുരം കയറ്റം ഇറങ്ങി കയറുന്നത് മാടൻനടക്കു മുന്നിലൂടെയാണ്.
അവിടെ എത്തിയപ്പോഴാണ്, കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിൽ എഴുന്നള്ളത് എടുക്കുന്ന ശരവണൻ സ്വാമി പറഞ്ഞ, മാടൻസ്വാമിയുടെ കഥകളെക്കുറിച്ചു ഓർത്തത്.
അല്ലെങ്കിലും, അങ്ങനെ ആണല്ലോ, ഭയവും ഭീതിയും ഒക്കെ ക്ഷണിക്കാതെ വരുന്ന അതിഥികൾ ആണല്ലോ.
കത്തിജ്വലിക്കുന്ന ഭൂഗോളം താഴെ വീണു ഉടയുകയും അതിൽ നിന്നും ഭൂതഗണങ്ങൾ കണക്കെ ചിലത് ചിതറി ഓടുന്നതും, ഭീമാകാരനായ ഒരു സ്വത്വം, കൈകളിൽ തിളങ്ങുന്ന ഉടവാളും ഭീമൻഗദയും കാൽച്ചിലമ്പും അണിഞ്ഞു അമ്പലത്തിനു മുന്നിലൂടെ കിഴക്കോട്ടു നടക്കാറുള്ളതും, ശരവണൻ സ്വാമി അതിനു ദൃക്‌സാക്ഷി ആയിട്ടുണ്ടെന്നും, പുലർച്ചെ അഗ്നിഗോളം വീണ സ്ഥലം പരിശോധിക്കുമ്പോൾ, തലേരാത്രിയിലെ സംഭവങ്ങളുടെ അവശിഷ്ടങ്ങൾ ഒന്നും തന്നെ അവിടെ ഉണ്ടാകാറില്ല എന്നും പറഞ്ഞു നിർത്തിയത്, ഓർമയിലേക്ക് വന്നത്,  ക്ഷണിക്കാതെയും ആഗ്രഹിക്കാത്ത സമയത്തും ആണ്.
വാനിലെ ഇടത്തെ സീറ്റിലേക്ക് ഒന്ന് പാളി നോക്കി, ആരെങ്കിലും ഉണ്ടോ ? ഇല്ലാ ! ആരും ഇല്ലാ !
പുറകിലേക്ക് നോക്കുവാൻ മനോബലം അനുവദിച്ചില്ല. എങ്കിലും, പുറകിൽ ആരെങ്കിലും ഉണ്ടാവുമോ ?
വലതു വശത്തുകൂടി പരതി.
തൂങ്ങിക്കിടക്കുന്ന കറുത്ത സീറ്റ് ബെൽറ്റിന്റെ ഇടയിലൂടെ നോക്കുമ്പോൾ,.... ഇല്ലാ ...ആരും ഇല്ല!
മാടൻസ്വാമി, അടിയനെ കാത്തുരക്ഷിക്കണെ ....
 ടിപ്പിക്കൽ പ്രേതസിനിമകളെ സാക്ഷ്യപെടുത്തുമാറ്,  എന്റെ മുന്നിൽ ഇപ്പോൾ വെള്ള സാരി അണിഞ്ഞൊരു രൂപം, എന്റെ പേലും അനുമതി വാങ്ങാതെ വാനിനുള്ളിലേക്ക് കയറുമോ?
അതോ വാനിന്റെ മുന്നിൽ പ്രത്യക്ഷപെടുമോ?
തളിർവെറ്റിലയും ചുണ്ണാമ്പും ചോദിക്കുമോ?
ഇടത്തെ സീറ്റിലേക്ക് ഇടംകണ്ണിട്ടു നോക്കി, ഇല്ലാ, അങ്ങനെ ഒരു രൂപം അവിടെ ഇല്ലായെന്നു ഉറപ്പുവരുത്തി.
കൊട്ടുകാട് ജമാഅത്ത് പള്ളിയുടെ മുന്നിലൂടെ വണ്ടി മുന്നോട്ടു പോയി.
കബറിടങ്ങളിൽ, ജുമാ നിസ്കാരം കഴിഞ്ഞു ഇറങ്ങിയവരുടെ അടയാളങ്ങൾ.
ഉച്ചയൂണും കഴിഞ്ഞു, വാനിലിങ്ങനെ പതുക്കെ വീട്ടിലേക്ക് പോകുമ്പോയായിരുന്നു, വീട്ടുവേഷം ധരിച്ചൊരു സ്ത്രീ, അഴിച്ചിട്ട മുടിയും സിന്ദൂര രേഖയിലെ ചിതറിയ കുംകുമ പടർപ്പുകളുമായി അലമുറയിട്ടു കരഞ്ഞുകൊണ്ടു കരാറ്റാ കടവിലേക്ക് ഓടിപോകുന്നത് കണ്ടത്.
വാഹനം നിർത്തി, കാര്യം അന്നെഷിച്ചപ്പോളാണ്, അവരുടെ മൂത്ത ജ്യേഷ്ഠൻ,കടവിൻ വക്കത്തെ പുളിമരക്കൊമ്പിൽ തൂങ്ങി നിൽക്കുന്ന വാർത്തയുടെ യാഥാർഥ്യം തേടിയാണ് ആ സ്ത്രീ ഓടുന്നത് എന്ന്.
തൂങ്ങിമരിച്ചയാൾ ആരാണെന്നറിയില്ല, ഇറങ്ങിനോക്കുവാനും നിന്നില്ല, അല്പം കഴിയുമ്പോൾ, നടപ്പാതകളിലെ വൈദ്യുതി പോസ്റ്റുകളിൽ ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ മുഖം പ്രത്യക്ഷപെടാതിരിക്കില്ലല്ലോ.

പേരറിയാത്ത അയാൾ തൂങ്ങി നിന്ന സ്ഥലത്തെ വളവിലെ കമ്മ്യൂണിസ്റ് ചെടിയുടെ മുകളിലൂടെ വണ്ടിയും ഓടിച്ചു, തെക്കിനി കാവിനു മുന്നിലൂടെ അറക്കൽ അമ്പലത്തിനു മുന്നിൽ എത്തി. 

അമ്പലവും പരിസരവും ഉത്സവക്ഷീണത്തിൽ ഉറങ്ങുകയാണ്.
കൊടുങ്ങല്ലൂർ വാഴുന്ന പൊന്നുതമ്പുരാട്ടി,അറക്കലമ്മ, കണ്ടങ്കാളി 'അമ്മ മാതാവ്,ലോകം വാഴുന്ന പൊന്നുതമ്പുരാട്ടി, തോറ്റവും കേട്ട് പള്ളിവാളും കാൽച്ചിലമ്പുകളും അണിഞ്ഞു ദാരിക നിഗ്രഹവും കഴിഞ്ഞു, ഉത്സവ രാവുകളുടെ ആഘോഷ തിമിർപ്പുകൾ കഴിഞ്ഞു പള്ളിയുറക്കത്തിലാവും.
ശരവണൻ സ്വാമി പറഞ്ഞത്, പിന്നെയും ഓർത്തു.
കൊറ്റൻകുളങ്ങര കൊച്ചുഭദ്രകാളി ഭഗവതി, മീനമാസം പത്തും പതിനൊന്നിലെയും ചമയവിളക്ക് ഉത്സവനന്തരം, 16 ദിവസത്തെ പുലവാലായ്മയും കഴിഞ്ഞേ ക്ഷേത്രത്തിൽ കയറുവത്രെ.
ആ 16 ദിവസവും രാത്രിയാമങ്ങളിൽ ദേവി,ക്ഷേത്ര പരിസരത്തെ വീടുകളിൽ ചെന്നുകയറുകയും, അന്നേദിവസങ്ങളിൽ എല്ലാ വീട്ടിലെയും വരാന്തകളിലും കിണർചുവട്ടിലും മൊന്തയിലും കിണ്ടിയിലും മറ്റും വെള്ളം കരുതാറുണ്ടെന്നും പറഞ്ഞു. ദേവിക്ക് ശരീരശുചിക്കായി വെക്കുന്ന വെള്ളമാണ് അതെന്നും അത്തരത്തിൽ വെള്ളം കരുതാത്ത വീടുകളെ ശപിക്കുമെന്നും പറഞ്ഞുവെച്ചു ശരവണൻ സ്വാമി.
അറക്കൽ അമ്പലത്തിനു മുന്നിലൂടെ വരുമ്പോൾ ആലോചിക്കുക ആയിരുന്നു, അറക്കലമ്മയും അതുപോലെ 16 ദിവസവും ക്ഷേത്രത്തിനു പുറത്തായിരിക്കുമോ?
അറക്കൽ ദേവിയും അയൽ വീടുകൾ സന്ദർശിക്കുമോ?
വെള്ളത്തിനായി പരതുമോ?
വെള്ളം കിട്ടിയില്ലെങ്കിൽ ശപിക്കുമോ?
പെട്ടെന്നാണ് തോറ്റംപാട്ടിലെ ഓരോ പദം പാട്ടും ഓർമ വന്നത്.
"അറക്കൽ വാഴും പൊന്നു തമ്പുരാട്ടിയെ മറന്നെന്നാൽ, തോറ്റംപാട്ട് അങ്ങാടിപ്പാട്ടായി പാടിയെന്നാൽ, ഈ ഈഴവനാട് മുടിയും, ദേവി ശപിച്ചീടും, വസൂരിക്കല വന്നു നരകിക്കും"
കൃഷ്ണകുമാറിനെ കുറിച്ച് ഓർത്തത് പെട്ടെന്നാണ്.
അറക്കൽ അമ്പലത്തിനു പുറകുവശമാണ്, സുഹൃത്തായ കൃഷ്ണകുമാറിന്റെ വീട്.
അദ്ദേഹത്തിന്റെ മകന് വസൂരി ആയിരിക്കുന്നു.
ഉത്സവം കഴിഞ്ഞു രണ്ടു ദിവസമായപ്പോഴാണ് ആ കുഞ്ഞിന്റെ ശരീരം തീപൊള്ളൽ പോലെ ഉരുണ്ടു കയറിയത്.
ആകെ അവശനും ക്ഷീണിതനുമായ അവൻ, ഇപ്പോൾ വേപ്പിൻ ഇല ഉടയടക്കിയാണ് കിടക്കുന്നത്.
ഇത്തരത്തിൽ വല്ല ശാപദോഷവും ആണോ, കൃഷ്ണകുമാറിന്റെ മകന് പെട്ടെന്നുണ്ടായ വസൂരിക്ക് കാരണം?
ദേവി എന്നെയും ഭയപെടുത്താനായി വാനിന്റെ മുന്നിലേക്ക് വരുമോ?
അയലത്തുവീട്ടിൽ അമ്പറപ്പൊലി നടക്കെ, ഉറഞ്ഞു വീശിയാടുന്ന മുടിയുടെ രൂപം മൊബൈൽഫോൺ ക്യാമറയിൽ പകർത്തുമ്പോൾ, ക്രുദ്ധയായി നോക്കി, പകർത്തുന്നത് നിർത്താൻ ആവശ്യപ്പെട്ടത് ഇപ്പോഴും ഓർക്കുന്നു. അന്നത്തെ ആ സംഭവത്തിനു ശേഷം, ഒരിക്കലും ഉറഞ്ഞ തുള്ളുന്ന മുടിയുടെ മുന്നിലേക്ക് പോകാറില്ല.
ഇന്ന് മേടത്തിലെ രണ്ടാം വെള്ളിയാഴ്ച ആണ്.
രാത്രിയുടെ അന്ത്യയാമങ്ങളാണ് നടക്കുന്നത്.
ഈ അസമയത്ത് യാത്ര ചെയ്യുന്നത് അപകടകരമാണ്.
വാനിന്റെ വേഗത കൂടി.
വീടിന്റെ മുന്നിൽ എത്തിയിട്ട്, പുറംതിരിഞ്ഞു നോക്കുമ്പോൾ, ഇലക്ട്രിക് പോസ്റ്റിലെ എൽഇഡിയുടെ വെട്ടം വാനിന്റെ കണ്ണാടിയിൽ അരിച്ചിറങ്ങി, ചിരിച്ചു നിൽക്കുന്നു.
എൽഇഡിയുടെ ആ പുഞ്ചിരി വാട്സാപ്പിലെ സ്മൈലിയെ 😝 ഓർമ്മിപ്പിച്ചു.
ഇനി ഞാൻ ഉറങ്ങട്ടെ.....

Thursday, February 8, 2018

ഇനി ഞാൻ ഉണരട്ടെ

വെളുപ്പിനെ മുതൽ ജാൻകി നായർ ആയിരുന്നു ചിന്താവിഷയം
ആ ചിന്ത മനഃപൂർവം ഉണ്ടായതോ, ഉണ്ടാക്കിയതോ അല്ലാ.

കഴിഞ്ഞയീ രാത്രിയിലെ ഉറക്കം എന്നിൽ നിന്നും മറഞ്ഞിരിക്കുന്നു, അല്ലെങ്കിൽ മുറിഞ്ഞു പോയിരിക്കുന്നു.
പലയാവർത്തി ഉണർന്നു എണീറ്റു.

ഇന്നലെ ജാൻകിയുടെ നിശ്ചയം ആയിരുന്നു.
ചുമന്ന സാരിയുടുത്ത് അവൾ മണ്ഡപത്തിലിരിക്കുന്നു.
തൊട്ടരികിൽ പ്രതിശ്രുത വരനുമുണ്ട്.
എന്നാൽ, ആളുകളുടെ ശ്രദ്ധ സദസ്സിൽ ഇരിക്കുന്ന എന്റെ മുഖത്തെക്ക് ആണെന്ന് തോന്നുന്നു.

ചടങ്ങുകൾ ആരംഭിച്ചു.
മേളം തുടങ്ങി  ...
കുരവുകൾ ഉയർന്നു....
മൊബൈൽ ക്യാമറയിൽ ഞാൻ ചടങ്ങുകൾ പകർത്തികൊണ്ടിരുന്നു.
ക്യാമറാ ഫോക്കസ് ചെയ്തത് ജാനകിയിലേക്കായിരുന്നു.
മോതിരം ഇടീൽ ചടങ്ങിന്റെ പരിസമാപ്തിയിൽ ഏവരും എണീറ്റ് അനുഗ്രഹങ്ങൾ ചൊരിഞ്ഞു. ആ എണീറ്റ് നിൽക്കുന്ന ആൾക്കൂട്ടത്തിന്റെ ഇടയിലൂടെ ഞാൻ പുറത്തേക്ക് ഇറങ്ങി.

പുറത്തേക്ക് ഇറങ്ങുമ്പോൾ എന്തായിരുന്നു മനസ്സിൽ?
സന്തോഷമോ,... അതോ സങ്കടമോ ?
അറിയില്ലാ ....,എങ്കിലും ഉള്ളിലെവിടയോ ഒരു ചിത എരിയുന്നുണ്ടായിരുന്നു.
മനഃസങ്കര്ഷത്തിന്റെ പുഴ ഒഴുകാതെ കെട്ടിക്കിടന്നു.
ഉള്ളാന്തലിന്റെ നീറ്റൽ പുറത്തേക്കു വമിക്കാതെയും ഉറഞ്ഞു.
പത്തുവർഷം പഴക്കമുള്ള ചിങ്ങമാസത്തിലെ ഒരു ഞാറാഴ്ച.
ഏഴുതിരിയിട്ടു തെളിയിച്ച വിളക്കൊരുക്കിയ നിശ്ചയമണ്ഡപത്തിലെ ഇരിപ്പിടത്തിന്റെ മറുതലക്കൽ, ജാനകിക്ക് അരുകിൽ ഞാനായിരുന്നല്ലോ ഇരുന്നത് എന്ന് ഓർത്തുപോയി.
അന്ന് അവളുടെ കൈയിൽ വളയണിയിക്കുമ്പോൾ, ഒഴുകിയെത്തിയ അവളുടെ ആനന്ദക്കണ്ണീര് ഇപ്പോഴും ഓർക്കുന്നു. "ഇത് ശിവപെരുമാളുടെ അനുഗ്രഹമാണ്, ആനന്ദവല്ലീശ്വരി മാതാ പാർവതി ദേവിയുടെ ആശിർവാദമാണ്. "എന്റെ നെഞ്ചകത്തേക്ക് ചാഞ്ഞു കിടന്നു അന്ന് അങ്ങനെ ജാൻകി ഇത് പറയുമ്പോൾ, അവളുടെ കണ്ണിൽ നിന്നും പൊഴിഞ്ഞുവീണത് എന്റെ ദേഹത്തെയും നനയിപ്പിച്ചിരുന്നുവല്ലോ!
അതെ, ജാൻകി തന്നെയാണ് ഇപ്പോൾ മറ്റൊരുവന്റെ വധുവായി തലകുനിക്കുന്നതും.
ഇവിടെ ഇപ്പോൾ എന്റെ കണ്ണുകളാണല്ലോ ഈറനണിയുന്നത്!
ചടങ്ങു നടക്കുന്ന സ്ഥലത്തു നിന്നും പുറത്തേക്ക് കടന്നത് ഞാൻ ഉറക്കമുണരുന്നതിനൊപ്പം ആയിരുന്നു.

ഇന്നലത്തെ ദിവസം ചരിത്രമാണ്.
കഥയില്ലായ്മകളുടെ അവസാനം കുറിക്കുന്ന ദിവസം.
ഇന്നലെയാണ് വക്കീലിനെ കണ്ടു വിവാഹ സർട്ടിഫിക്കറ്റ് കൈമാറിയത്.
അവൾ, ജാൻകി നായർ വക്കീലിനെ നിരന്തരം പിന്തുടർന്നു, എത്രയും വേഗം പെറ്റീഷൻ ഫയൽ ചെയ്യണമെന്ന് അപേക്ഷിക്കുക ആയിരുന്നത്രേ.

വക്കീലിനെ കാണുവാൻ നിൽക്കുമ്പോൾ മറ്റൊരാളുടെ സാന്നിധ്യം.
അത് ഒരു നിമിത്തം ആയിരുന്നോ ..., എന്നുമാത്രമല്ല, അതൊരു അദ്ഭുതകരമായ സാന്നിധ്യം തന്നെ ആയിരുന്നു.

2009 ലെ ഒക്ടോബറിൽ കല്യാണ രജിസ്റ്റർ ചെയ്യാനായി പഞ്ചായത്ത് ഓഫീസിൽ  സാക്ഷിയായി ഒപ്പിട്ടത്, ജാൻകിയുടെ പിതൃ സഹോദര പുത്രന്റെ  അധ്യാപകനായ സുഹൃത്ത് അജയൻ സാർ ആയിരുന്നു.
എട്ടു വര്ഷങ്ങള്ക്കു ശേഷം ഇന്നേക്ക് വൈകിട്ട് അതെ കല്യാണ സർട്ടിഫിക്കറ്റ് വക്കീലിന് കൈമാറുമ്പോൾ യാദ്ര്ശ്ചികമായി എന്നോണം അതെ അജയൻ സാർ വക്കീലിനൊപ്പം ഉണ്ടായിരുന്നു.
രണ്ടു അവസരങ്ങളിലും ഞാൻ വിളിച്ചിട്ടു വന്നതായിരുന്നില്ല,അജയൻ സാർ

ഒത്തുപോകാൻ പറ്റുന്ന എല്ലാ സാധ്യതകളും പരിശോധിച്ചു.
ഒന്നിനും അവൾ തയാറായില്ല. അവൾക്കീ ജീവിതത്തോട് വാശി ആയിരുന്നോ അതോ എന്നോടുള്ള തീർത്താൽ ഒടുങ്ങാത്ത വെറുപ്പോ?
അവസാനം വക്കീൽ തന്നെ പറഞ്ഞു,"നിങ്ങൾ ഈ കാണിക്കുന്ന വിട്ടുവീഴ്ചകൾ നാളെ വലിയൊരു ബാധ്യത ആവും.പേടിയോടെ ജീവിക്കേണ്ടി വരും. ആ പെൺകുട്ടിക്ക് നല്ലൊരു ജീവിതം വേണമെങ്കിൽ പ്രായോഗികമായ ചില കടമ്പകൾ കടക്കേണ്ടതുണ്ട്.എന്നാൽ പോലും അവിടെയും ചില പ്രശ്നങ്ങൾ ബാക്കിയാകുന്നു. നിങ്ങള്ക്ക് സമാധാനത്തോടെ ജീവിക്കണമെങ്കിൽ, ഇതിൽ നിന്നും ഒഴിയുന്നതാവും നല്ലത്."
ഒറ്റപെട്ടു പോയ ഈ രാത്രിയിൽ എന്ത് ചെയ്യണം എന്നറിയില്ല.
ആരുമില്ലായ്മ എന്റെ കൂടെപ്പിറപ്പാണ് എന്ന് തോന്നുന്നു.
ശൂന്യത!
ഈ രാത്രി പുലരാതിരുന്നുവെങ്കിൽ, എന്ന് ആലോചിച്ചാണ് ഇന്നലെ കിടന്നത്.
പിന്നെയും അർദ്ധമയക്കത്തിലേക്ക് മടങ്ങിയപ്പോൾ, ഞങ്ങൾ ഇരുവരും തെരുവിലൂടെ നടക്കുക ആയിരുന്നു.
എന്തിനായിരുന്നു അവളുടെ കൂടെ തെരുവിലൂടെ നടന്നത്?
ഇല്ലാ..ഓർമ്മയില്ല, എങ്കിലും.
അവധി ദിനങ്ങളിലെ, ഒഴിവാക്കിയിട്ടില്ലാത്ത യാത്രകൾ തന്നെ ആയിരുന്നു, കൊല്ലത്തേക്കുള്ളത്.
കൊല്ലം നഗരത്തിലൂടെ ചിന്നക്കടയിൽ ഇറങ്ങുന്നതും, ഷാർജാ ജ്യൂസും കുടിച്ചു പബ്ലിക് ലൈബ്രററിയിൽ പോകുന്നതും, വരുന്ന വഴിയിൽ മാസികകളും ബുക്കും വാങ്ങി ബീച്ചിലേക്ക്  നടക്കുന്നതും പതിവായിരുന്നു. അവിടെ എത്തി തിരമാലകളെയും കണ്ടു, പട്ടം പറത്തുന്ന കൊച്ചുകൂട്ടരോട് കുശലം പറഞ്ഞു, പൂഴിമണ്ണിൽ കപ്പലണ്ടിയും കൊറിച്ചു സായന്തനം ചിലവഴിച്ചിരുന്നത്. തിരികെ വരുമ്പോൾ, നടപ്പാതകളിലൂടെ നടന്നു, സലിം ഹോട്ടലിൽ നിന്നും അരിപ്പത്തിരിയും മട്ടൻകറിയും കഴിച്ചിരുന്നതും, ചരിത്രമായി മാറിയ ദാമ്പത്യ ജീവിതത്തിന്റെ ഓർമകളാണ്.
തിരക്കേറിയ തെരുവിലെ നടപ്പാതയിലൂടെ,ഡ്രൈനേജ് കുഴികൾക്കു മുകളിലെ കോൺക്രീറ്റ് സ്ലാബുകൾക്ക് മീതെ വേഗതയിൽ നടന്നു.
മുന്നിലും പിന്നിലുമായി നടന്നുപോകുമ്പോൾ, ഞങ്ങൾ തമ്മിൽ എന്തെങ്കിലും സംസാരിക്കുന്നുണ്ടായിരുന്നോ?
നീളത്തിൽ പടികളുള്ള ഷോപ്പിംഗ് സെന്ററിലെ കോഫീ ഷോപ്പിലേക്ക് ആണെന്ന് തോന്നുന്നു, ഞങ്ങൾ പടി നടന്നു കയറിയത്.
ഞങ്ങൾ ഇരുവരും കോഫീ ഷോപ്പിൽ എത്തിയപ്പോഴേക്കും, ഞാൻ ഉറക്കം ഉണർന്നിരുന്നു.
അതിനുശേഷമുള്ള മയക്കത്തിലാണ്,സ്വപ്നം ആരുടേയോ വീട്ടുമുറ്റത്തേക്ക് നടന്നു ചെന്നത്.
 
മുറ്റത്തെ കസേരകളിൽ ആണ് ഏവരും ഇരിക്കുന്നത്.
കല്യാണ തിരക്കൊഴിഞ്ഞ ആ മുറ്റത്ത്, ജാൻകിയും, ജാൻകിയുടെ മാതാപിതാക്കളായ എന്റെ മാമനും മാമിയും, അവർക്കൊപ്പം ഞാനുമുണ്ടായിരുന്നു.
പത്രം വായിക്കുന്ന, വിശേഷങ്ങൾ പറയുന്ന മാമന്റെയും മാമിയുടെയും മുഖങ്ങളിൽ ഇപ്പോൾ ആശ്വാസത്തിന്റെ വർണപ്പാടുകളാണ്.
നെടുവീർപ്പുമുണ്ട്!
ശാന്തമായ കടൽ പോലെ നിശ്ചലവും ആശങ്കാരഹിതവും ആണ് ആ പൂമുഖ മുറ്റവും അവരുടെ ഏവരുടെയും മുഖങ്ങളും.

ജനക്കൂട്ട അഭിപ്രായമോ, വിഡ്ഢിത്വമെന്നു തോന്നാവുന്ന ഇമോഷണലോ സെന്റിമെന്റലോ ആയ തീരുമാനങ്ങൾ ആയിരുന്നില്ലാ വേണ്ടിയിരുന്നത്. യുക്തിഭദ്രവും യാഥാർഥ്യങ്ങളെ ഉൾകൊള്ളുന്നതുമായ ഒരു തീരുമാനം ആയിരിക്കണമായിരുന്നു എടുക്കേണ്ടിയിരുന്നത്. 
നിരഞ്ജാ, നിനക്ക് വർത്തമാനകാലത്തെ ഗൗനിക്കാതെ, ഭാവിയിലേക്ക് നോക്കുവാൻ കഴിയില്ല.
യാഥാർഥ്യം കയ്‌പ്പേറിയതും ഇരുണ്ടതും ഇടുങ്ങിയതുമാണ്, ജാൻകിക്ക് നിന്നിൽ നിന്നും വിടുതൽ വേണമെന്നുള്ളത് യാഥാർഥ്യമാണ്. ആ സത്യത്തെ നീയെത്ര നിരസിച്ചാലും നിഷേധിച്ചാലും,സത്യം അല്ലാതെ ആകുന്നുമില്ല.
നിന്റെ മുന്നിൽ പല്ലിളിച്ചു വികൃതമായി നിൽക്കുന്ന ജീവിത സമസ്യയിലെ ഒരു അധ്യായമാണ് വിവാഹ മോചനം. മുന്ജന്മ കർമ്മദോഷമെന്നോ, വാഗ്ദാനമെന്നോ പറഞ്ഞു യാഥാർഥ്യത്തെ പഴിക്കുന്പോഴും, അനിവാര്യമായതിനെ ഒഴിവാക്കുവാൻ കഴിയുകയില്ല. ജാൻകിക്കു നിന്നെ വേണ്ടാ എന്നാണെങ്കിൽ, നീ പിന്നെയും ഈ ബന്ധത്തിൽ കടിച്ചുതൂങ്ങുന്നതിൽ എന്തർത്ഥം?
ജാൻകി ഏൽപ്പിച്ച രണ്ടാമത്തെ വക്കീലും, വിവാഹമോചനം എന്നിൽ നിന്നും പിടിച്ചുവാങ്ങുന്നതായി തോന്നി.
അനിവാര്യമായതിനെ തടുക്കുവാൻ, ഇനി ഞാനും ശ്രമിക്കേണ്ടതില്ലാ, എന്നൊരു തോന്നൽ എന്നിലും ഉൾത്തിരിഞ്ഞു വന്നിരുന്നു.
നിരഞ്ജൻ പരാജയപ്പെടുന്നത് ആദ്യമായിട്ടല്ല. ഒരു അനുഭവവും കൂടി ജീവിതത്തിലായി എന്നുമാത്രം ആശ്വസിക്കുക.

മാമൻ എന്നെ വിശ്വസിച്ചു അവളെ ഏൽപ്പിക്കുമ്പോൾ, അദ്ദേഹത്തിന് ഒത്തിരി പ്രതീക്ഷകൾ ഉണ്ടായിരുന്നിരിക്കണം.
എന്നാൽ അതിപ്പോൾ, അവസാനം ഏറ്റവും വലിയൊരു കുടുംബദുഖമായി മാറിക്കഴിഞ്ഞിരിക്കുന്നു.

ക്ഷമിക്കണം എന്നോട്.
മാപ്പ് തരണം.
അറിഞ്ഞുകൊണ്ട്, ബോധപൂർവം മാമന്റെ മകളെ വിഷമിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല.
തള്ളിക്കളയാനോ...
തള്ളിപറയാനോ...
ഉപേക്ഷിക്കാനോ ശ്രമിച്ചിട്ടില്ലാ, മുതിർന്നിട്ടില്ലാ...
കഴിഞ്ഞ പത്തുവർഷങ്ങൾക്കിടയിൽ അഭിപ്രായ വ്യെതിസങ്ങൾ.... സൗന്ദര്യപിണക്കങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്. ശരിയാണ്. പക്ഷെ അതൊന്നും ഇങ്ങനെ കുടുംബം ഉപേക്ഷിക്കുന്നതിലേക്കോ ബന്ധം വേർപെടുത്തുന്നതിലേക്കോ നയിക്കേണ്ട കാര്യങ്ങൾ ആണെന്ന് വിശ്വസിക്കുന്നില്ല. അല്ലെങ്കിൽ അത്രയും രൂക്ഷമായ പ്രശ്നങ്ങൾ ആണെന്ന് കരുതുന്നുമില്ല.

ഒരു നീണ്ട ആലിംഗനത്തിനൊടുവിലോ....
പുറത്തേക്കുള്ള യാത്രക്കുശേഷമോ .....
അമ്പല ദർശനങ്ങൾക്കകമോ....
ബീച്ചിലും പോയി സലിം ഹോട്ടലിൽ കയറി അരിപ്പത്തിരിയും മട്ടനും കഴിച്ചു കഴിയുമ്പോഴോ ....
ഒരുമിച്ചുള്ള ഒരു കുളിയിലോ.... 
മടിയിൽ തല ചായ്ച്ചു കഥ പറഞ്ഞുള്ള കിടത്തത്തിൻ ഒടുവിലോ....
നല്ലോണം ആസ്വദിച്ചുള്ള ഒരു ബന്ധപെടലിന്റെ അവസാനമോ തീർന്നു അലിഞ്ഞു ഇല്ലാതാവേണ്ട പ്രശ്നങ്ങളെ ഉള്ളു, ഉണ്ടായിരുന്നുള്ളു.
ദൗർഭാഗ്യവശാൽ .....ഞാൻ അവിടെ പരാജയപെടുക ആയിരുന്നു. 
ലോകത്തിലെ സർവ്വപാപങ്ങളും നിരഞ്ജനിൽ ഏൽപിച്ചിട്ടു, ജാൻകി നീ എങ്ങോട്ടാണ് ഓടിമറയുന്നത്?

മുന്നോട്ടു നോക്കുമ്പോൾ, അവളുടെ തീരുമാനം ആയിരുന്നു ശരി!
ഉറക്കം ഉണർന്ന് സമയം നോക്കുവാനായി മൊബൈൽ എടുക്കുമ്പോൾ, ഗുഡ് മോർണിംഗ് സന്ദേശങ്ങളുടെ ബീപ്പ് ശബ്ദം.
വിളിച്ചുണർത്തി, ചൂടുചായയോടു കൂടി ചുംബനം തന്നു, നെറുകയിൽ തലോടി അടുത്തിരിക്കുവാൻ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ!
വലതുകരം കൊണ്ട് വയറിൽ തലോടി, മുടിച്ചുരുളുകളിലൂടെ വിരലോടിച്ചു, നെഞ്ചത്തേക്ക് വലിച്ചിടുവാൻ, ശരീരത്തെ ചൂടാക്കുവാൻ ആരെങ്കിലും അരികിൽ ഉണ്ടായിരുന്നുവെങ്കിൽ!

നിരാശയുടെ,ശൂന്യതയുടെ കരിമ്പടം മൂടിയ ചിന്തകളെ രാവിലെ തന്നെ തോൽപ്പിക്കേണ്ടതുണ്ട്.
അതിരാവിലെത്തെ രക്തചംക്രമണ അഭിനിവേശങ്ങളെ, അന്തർഗ്രന്ഥി സ്രവങ്ങളുടെ പെരുമാറ്റങ്ങളെ കടിഞ്ഞാൺ ഇടേണ്ടതുണ്ട്.
അപരിചിതമായ നമ്പരിൽ നിന്നും എത്തിയ ശുഭദിന സന്ദേശത്തിൽ, മനസ്സുടക്കി ഉണർന്നു.
ഇനി ഞാൻ ഉണരട്ടെ.

Wednesday, January 24, 2018

ദേവി!

 
 
 
 
 
 
നാട്ടുവഴികളിലൂടെയും നടവരമ്പിലൂടെയും നടന്നു നീങ്ങി.
കടലിന്റെയും കരിമണലിന്റെയും കയറിന്റെയും നാട്ടിലെ പുണ്യകഥകൾ ഉറങ്ങുന്ന,ക്ഷേത്രമൈതാനത്തിനരികിൽ, പച്ചസാരിയുടുത്തൊരു നാരി രൂപം.
ദേവി!

ജീവിതത്തിലെ ഇല്ലായ്മകളിലേക്ക്,
ശൂന്യതകളിലേക്ക്,
നഷ്ടങ്ങളിലേക്ക്,
ഏകാന്തതയുടെ വിരസതയിലേക്ക്,
ലക്ഷദ്വീപം ചൊരിഞ്ഞവൾ, ദേവി!
ധനുമാസ നിലാവിലെ ഉത്രട്ടാതി നക്ഷത്രം
മേൽക്കൂരയില്ലാത്ത ചുറ്റമ്പലത്തിനുള്ളിലെ,പുരുഷാന്ഗനമാരുടെ ദേവി!
ചന്ദനം പൂശിയ നെറ്റിത്തടവും ചെമ്പൊടി നിറമാർന്ന ചുണ്ടുകളും
തുളസിക്കതിരും
തുമ്പപ്പൂ നാസികയും!
ദേവിയാണവൾ...
അല്ലാ, ദേവിതന്നെയാണവൾ.
തുടരുന്ന നിർവികാരത,പ്രണയത്തിനു വഴിമാറുമ്പോൾ
തിരിച്ചുവരുന്നത്, നഷ്ടപ്പെട്ടുവെന്ന് കരുതിയ മനസ്സും പ്രതീക്ഷകളുമാണ്.

ദേവിയാണ് തുണ!
ദേവി മാത്രമാണ് തുണ.
                                                     ******************

Photo courtesy:htttps://www.dipuharidasphotography.com


Sunday, December 10, 2017

അഗസ്ത്യ വിധിപ്രസ്താവം

നിമിത്തങ്ങൾ പിന്തുടരുകയാണ് കഴിഞ്ഞ കുറെ ദിവസങ്ങളും നാളുകളുമായി.
 
അതിനിടയിലാണ് അപ്രതീക്ഷിതമായി ഫോൺ കോൾ എത്തിയത്. അങ്ങേത്തലക്കൽ കരഞ്ഞുകലങ്ങിയ അറുപത് പിന്നിട്ടൊരു പുരുഷ ശബ്ദം. നേർത്തു മുറിഞ്ഞു വരുന്ന ശബ്ദം ദയനീയമായിരുന്നു, വേദന തളംകെട്ടി നിൽക്കുന്ന ശബ്ദം.
" ഈ നമ്പർ കുറിച്ചുവെച്ചോളു അശ്വത്, ഇദ്ദേഹത്തെ നീ ഒന്ന് വിളിക്കണം. വിളിച്ചു സംസാരിക്കണം"

ആരുടെ നമ്പരാണിത്‌ എന്ന എന്റെ ചോദ്യത്തിന് പരുങ്ങലോടെയാണ് തെല്ലു പരുങ്ങലോടെയാണ് അദ്ദേഹം മറുപടി പറഞ്ഞത്.
"വക്കീൽ "
വക്കീൽ ? വക്കീൽ എന്ന് തന്നെ ആണോ പറഞ്ഞത്. ഒരു നിമിഷം ഞാൻ സ്തബ്ധനായിപോയി. വക്കീലിന്റെ പക്കലായിരിക്കുന്നോ എന്റെ ദാമ്പത്യം? വിശ്വസിക്കാൻ പറ്റുന്നില്ല. ഞാൻ ...ഞാൻ തന്നെ ആണോ ഇതിലെ കഥാപാത്രം. എന്റെ ജീവിതം തന്നെ ആണോ ഇങ്ങനെ ലക്‌ഷ്യം തെറ്റി പോയത്.
വിശ്വസിക്കാൻ പറ്റുന്നില്ല.
ഇങ്ങനെ ഒന്നും ആയിരുന്നില്ല സ്വപ്നം കണ്ടത്. കോടതി വ്യവഹാരങ്ങളിൽ കയറി ഇറങ്ങുവാനായിരുന്നില്ലാ വിവാഹം കഴിച്ചത്.
കുടുംബ ജീവിതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ തള്ളിയകറ്റി, പകുതിവഴിയിൽ ഉപേക്ഷിച്ചു ആലംബമറ്റു, ഗതിവിഗതികളിൽ അലഞ്ഞു നടക്കുവാൻ ആയിരുന്നില്ല, ഊട്ടിവലുതാക്കിയ, പഠിപ്പിച്ചു പതം വരുത്തിയ മാതുല പുത്രിയെ വധുവാക്കിയത്.

ഒരു തീരുമാനം എടുക്കുവാൻ കഴിയാതെ കുഴഞ്ഞു.
എന്താണ് അദ്ദേഹത്തോട് പറയേണ്ടത്.
എനിക്കും പൂർണ സമ്മതമാണെന്നോ.
അദ്ദേഹം അത് സഹിക്കുമോ.
ഒരു കാലത്തു കരപ്രമാണിയും പ്രതാപിയും ആയിരുന്ന മനഷ്യൻ, സ്വന്തം മകളുടെ തീരുമാങ്ങൾക്കു മുന്നിൽ ആടി ഉലയുന്നത് അവിശ്വസനീയമായി തോന്നി.

" ശരി, ഞാൻ വക്കീലിനെ വിളിക്കുന്നുണ്ട്"
 അങ്ങനെ പറഞ്ഞാണ് ഫോൺ വെച്ചത്. 
വക്കീലിനെ വിളിക്കണം.
എന്തിനാണ്?
ആരാണ് ആ വക്കീൽ?
ഞാൻ ആരായിട്ടാണ് സംസാരിക്കേണ്ടത്? എതിർകക്ഷിയായിട്ടോ ?
അതോ പ്രതി ആയിട്ടോ? അതോ കോടതിവ്യെവഹാരത്തിനു മുൻപുള്ള ഒത്തുതീർപ്പെന്ന ചർച്ചാമുറിയോ ?

വക്കീലിനെ വിളിച്ചാൽ, എന്താണ് ഞാൻ പറയേണ്ടത്?
എങ്ങനെ ആണ് സംസാരിക്കേണ്ടത്?
അറിയില്ല. ഒന്നും അറിയില്ല. ആകെ മൂടൽമഞ്ഞു പാകി തെളിർമയില്ലാതെ കിടക്കുന്ന ആകാശം കണക്കെ ഞാനിരുന്നു.
ആരോടാണ് ഒരു അഭിപ്രായം ചോദിക്കുക?
എന്താണ് ചെയ്യേണ്ടത്?

എല്ലാ തീരുമാനങ്ങൾക്കും മുൻപ്, ഒന്ന് പതംവരുത്തണമല്ലോ.
അൽപ നേരം ശാന്തനായി ഇരുന്നു.
മേൽക്കൂരയില്ലാതെ വസിക്കുന്ന ദേവിയോട് കേണപേക്ഷിച്ചു, അല്പം സമാധാനത്തിനു വേണ്ടി. എന്നെ ഒരു ഭ്രാന്തനാക്കരുതെ എന്ന്.

പെട്ടെന്നാണ് രണ്ടു മാസങ്ങൾക്കു മുൻപ് പരിചയപ്പെട്ട നാഡി ജ്യോതിഷിയെ ഓർത്തത്.
അദ്ദേഹത്തെ അറിഞ്ഞതിനു ശേഷം പോയി കണ്ടിരുന്നു. ദൗർഭാഗ്യവശാൽ, അന്ന് വിധിപ്രസ്താവം അറിയുവാൻ കഴിഞ്ഞില്ല.
പിന്നീടൊരിക്കൽ ആവാം, സന്ദർശനം എന്ന് തീരുമാനിച്ചാണ്,അന്ന് അവിട നിന്നും ഇറങ്ങിയത്.
ശേഷം, പലയാവർത്തി ശ്രമിച്ചിരുന്നു എങ്കിലും, ഒരിക്കലും തരപ്പെട്ടിരുന്നില്ല.
എന്നാൽ ഇപ്പോൾ, ഈ സന്നിഗ്ദ്ധഘട്ടത്തിൽ പെട്ടെന്ന് ഓര്മ വന്നത്, അദ്ദേഹത്തെ ആണ്, ആ നാഡി ജ്യോതിഷാലയം ആണ്.
 
 
*******************************

രാവിലെ ആറു മണിക്ക് വീട്ടിൽ നിന്നും ലക്ഷ്യസ്ഥാനമായ തിരുവനതപുരം പൂജപ്പുരയിലെ അഗസ്ത്യ പെരുന്നൂൾ നാഡി ജ്യോതിഷാലയത്തിലേക്ക് ഇറങ്ങി.

തലേന്ന് പെയ്തു തുടങ്ങിയ മഴ ശമിച്ചിട്ടില്ലാ. ഓഖി കൊടുങ്കാറ്റിന്റെ ഭീകരത സമീപത്തു എവിടെയും കാണാം.
വീട്ടിൽ നിന്നും ഓട്ടോയിൽ കയറി ചവറയിൽ ഇറങ്ങി, ബസ്സിൽ കൊല്ലത്തും,അവിടെ നിന്നും  ബസ്സിൽ ബേക്കറി ജങ്ക്ഷനിലും ഇറങ്ങി.
പൂജപ്പുരയിലേക്ക് മറ്റൊരു ബസ്സിൽ  കയറി.

ഉദ്ദേശിച്ചതിനെക്കാളും നേരത്തെയാണ് പൂജപ്പുരയിൽ എത്തിയത്.
വയറു ഉരുണ്ടു കയറുന്നതുപോലെ തോന്നി.
സംശയിക്കേണ്ടാ, വിശപ്പിന്റെ അസ്കിത തന്നെ.
ജങ്ഷനിലെ തട്ടുകടയിൽ നിന്നും ദോശയും ഓംലെറ്റും കഴിച്ചു.
കഴിച്ചു കഴിഞ്ഞപ്പോഴാണ് കുറ്റബോധം തോന്നിയത്, നാഡിയെ കാണുവാൻ പോകുമ്പോൾ മുട്ട കഴിക്കേണ്ടിയിരുന്നില്ല.

കുറച്ചു നേരം ഉത്രാടം തിരുനാൾ സ്റ്റേഡിയത്തിലും, സമീപത്തെ ഭഗത് സിങ് പാർക്കിലും ചിലവഴിച്ചു.
പാർക്കിനു അരികിലാണ് സരസ്വതി ക്ഷേത്രം.
പുറത്തു നിന്നും അകത്തേക്ക് നോക്കി തൊഴുതു മടങ്ങി.
പത്തു മണി ആകാറായപ്പോഴേക്കും നാഡിയുടെ വീട്ടിലേക്ക് നടന്നു തുടങ്ങി.

മഴച്ചാറ്റലുകൾ നിലച്ചിട്ടുണ്ടായിരുന്നില്ല..
എന്റെ വിഷമങ്ങൾ...വിഷാദങ്ങൾ .....
പ്രകൃതിപോലും കണ്ണീർപൂകുന്നു.
താണ്ഡവമാടുന്ന 'കണ്ണി'ല്ലാത്ത ഓഖിയുടെ മർദ്ദനം ഏറെ സമ്മർദ്ദവുമുണ്ടാക്കുന്നു.

മുൻപ് സൂചിപ്പിച്ചതുപോലെ നിഗൂഢതകൾ ഏറെ ഉറങ്ങിക്കിടക്കുന്ന ഒരു ഭവനമാണ് നാഡി ജ്യോതിഷിയുടേത്. കോടാനുകോടി ജീവിതകഥകൾ ഒളിച്ചിരിക്കുന്നൊരു പുസ്തകം പോലെ ആ വീട് തോന്നിച്ചു.

കുറെയേറെ ജന്മങ്ങൾ ആർക്കൊക്കെയോ വേണ്ടി കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരിക്കുന്നതുപോലെ.
അഴിച്ചുവെച്ച കർമ്മബന്ധങ്ങളുടെ പൂർത്തീകരണവും, അറിഞ്ഞോ അറിയാതയോ ചെയ്തുകൂട്ടിയ പാപങ്ങളുടെ കറകൾ കളയാനോ മറ്റോ വന്നുപോകുന്നവർ. മുറിഞ്ഞുപോയ ജന്മാന്തര ബന്ധങ്ങളുടെ ഇഴകൾ തേടി വരുന്നവർ.

ആൾക്കൂട്ടത്തിൽ തനിച്ചായതുപോലെ, മൂകമായ ആ വീട്ടിലെ വരാന്തയിൽ ഇരുന്നു.

ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷമാണു നാഡി റീഡർ ശ്രി രവി എത്തിയത്.
വലതു തള്ളവിരലിൽ മഷിപുരട്ടി വെള്ള പേപ്പറിൽ പതിച്ചു എടുത്തശേഷം മുറിക്കുള്ളിലേക്ക് കയറിപ്പോയി.

അകത്തെ മുറിയിൽ എന്റെ ജീവിതം തേടുകയാണ് ജികെ രവി എന്ന നാഡി റീഡർ. വല്ലാത്തൊരു ആകാംഷയുണ്ട്‌. കഴിഞ്ഞ പ്രവിശ്യത്തെപോലെ നിരാശപ്പെടേണ്ടി വരുമോ. ഇത്തവണ താളിയോല കണ്ടെത്തുവാൻ കഴിയുമോ?
സ്വയം ചോദിച്ചുകൊണ്ടിരുന്നു.

പക്ഷെ ഇതിപ്പോൾ കുറെ സമയം ആയിരിക്കുന്നു.
എന്താവും?
ആവോ അറിയില്ല.
രാവിലെ തുടങ്ങിയ വയറ്റിലെ ഉരുണ്ടുകയറ്റം, ചിത്രശലഭ നൃത്തം കണക്കെ ശരീരമാകെ പടരുന്നു.

സ്വീകരണ മുറിയിലെ ടെലിവിഷൻ ചാനലിൽ 'കൊച്ചിരാജാവ്' തകർക്കുന്നു. ദിലീപിന്റെയും കാവ്യാ മാധവന്റെയും പ്രേമ സല്ലാപങ്ങൾ കണ്ടുകൊണ്ടിരിക്കെ കാലം പത്തു പന്ത്രണ്ടു വര്ഷം പിറകിലേക്ക് പോയി. ജീവിതം ഇപ്പോഴും ആ കാലഘട്ടത്തിൽ എവിടെയെങ്കിലും ആയിരുന്നു എങ്കിലെന്ന് തീവ്രമായ ആഗ്രഹിച്ചു പോകുന്നു, എങ്കിലും  യാഥാർഥ്യം എന്നെ നോക്കി പല്ലുളിച്ചു ഗോഷ്ടികാട്ടി ചിരിച്ചു. നഷ്ടപ്രണയത്തെക്കുറിച്ചു നെടുവീർപ്പെടേണ്ട സമയമല്ലിത്.അല്ലെങ്കിൽത്തന്നെ, നഷ്ടപെട്ടതിനെക്കുറിച്ചു ഓർത്തു സങ്കടപ്പെട്ടിട്ടു എന്തുനേട്ടം. തിരിച്ചുവരാതെ, തിരികെ വരാതെ, പടിയിറങ്ങി പോയതാണ് പ്രണയവും കാമുകിയും. ഇപ്പോൾ കാവ്യാമാധവന്റെ വലിയകണ്ണുകളും പ്രണയാതുര ചുണ്ടുകളും കാണുമ്പോൾ, ഒരുപക്ഷെ ഗൃഹാതുരസ്മരണകൾ ഉയർന്നേക്കാം. അത് തന്നെയാണ് ഇവിടെ സംഭവിച്ചത് എങ്കിലും, ഇപ്പോൾ നഷ്ടപ്പെടാൻ നിൽക്കുന്നത് വെറും കാമുകി അല്ല,താലികെട്ടിയ പെൺകുട്ടിയെയാണ്.

ഒരു മണിക്കൂറോളം കാത്തിരിന്നു എന്ന് തോന്നുന്നു. രവിയുടെ സഹപ്രവർത്തകൻ ഒരു ഓലകെട്ടുമായി വന്നു. 
കുറെ നേരത്തിനു ശേഷം അവർ എന്നെ മറ്റൊരു മുറിയിലേക്ക് ക്ഷണിച്ചു. അവിടെയാണ് ഓല വായന തുടങ്ങുന്നത്.
ഒരു കെട്ടിൽ ഇരുപതിൽ കൂടുതൽ ഓലകൾ ഉണ്ട്.

അദ്ദേഹം കൊണ്ടുവന്ന കെട്ടിൽ നിന്നും താളികൾ ഓരോന്നായി എടുക്കുവാൻ തുടങ്ങി.
ചോദ്യങ്ങൾക്കു യെസ് അല്ലെങ്കിൽ നോ , അതിൽ ഏതെങ്കിലും ഒന്ന് പറഞ്ഞാൽ മതിയാവും.
ഓരോ ചോദ്യങ്ങളും ഓരോ സൂചനകൾ ആണ്.

പേരിന്റെ ആദ്യത്തെ അക്ഷരം അല്ലെങ്കിൽ അവസാന അക്ഷരം, അച്ഛന്റെ പേര്, അമ്മയുടെ പേര്, ഭാര്യയുടെ പേര്.
ജോലി.
വിദ്യാഭ്യാസം.
വാഹനം.
സന്താനങ്ങൾ.
ജന്മ നക്ഷത്രം.
ഇങ്ങനെ പല സൂചനകൾ വന്നുപോയി കൊണ്ടിരുന്നു.പണ്ട് വായിച്ച ഷെർലക് ഹോംസ് കഥകൾ മനസ്സിൽ ഓടിയെത്തി.
എന്നാൽ ഒന്നിലും സംതൃപ്തികരമായ ഉത്തരങ്ങളുള്ള ഓലകൾ ഒന്നും കിട്ടിയില്ല, ശേഷം നിരാശയോടെ അദ്ദേഹം പറഞ്ഞു 'തപ്പു'.
ആ ഓലകൾ ഒന്നും എന്റേതായിരുന്നില്ല.

കൊടും തമിഴ് ഭാഷയിൽ ഉരുവിട്ട താളിയോലയിലെ രേഖകൾ,  അല്പം മിനുസപ്പെടുത്തി തമിഴിൽതന്നെയാണ് ചോദ്യക്കുന്നത്.

ആ ഓലകെട്ട് മടക്കിവെച്ചിട്ടു, എന്നോട് കാത്തിരിക്കുവാൻ പറഞ്ഞു.
കുറെ നേരത്തിനു ശേഷം മറ്റൊരു ഓലയുമായി അദ്ദേഹം വന്നു.

ചോദ്യങ്ങൾ തുടർന്നു, ഉത്തരങ്ങളും.
ഏതാണ്ട് ഒക്കെ ശരിയായി തോന്നിയ ഉത്തരങ്ങൾ.
എനിക്ക് തോന്നി തുടങ്ങി, നൂറ്റാണ്ടുകൾക്കു മുൻപ് അഗസ്ത്യ സ്പര്ശനം കിട്ടിയ എന്റെ ജീവിതം ദാ ഈ മുന്നിലിരിക്കുന്ന ഓലയിൽ എവിടെയോ ഒളിഞ്ഞിരിക്കുന്നുവെന്ന്.

ആദ്യ അക്ഷരം 'ര '!, എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം, ആശ്ചര്യത്തോടെ ഇരിക്കുന്ന എന്റെ മുഖത്തേക്ക് നോക്കി. 'ര' , രേണുകയിലേക്ക് എത്തുവാൻ ചോദ്യകർത്താവിനു അധിക സമയം വേണ്ടിവന്നില്ല.
ശ്രേഷ്ഠ ഭാഷയുടെ സൗന്ദര്യത്തിൽ നിന്നും 'ഗീത' എന്ന അമ്മയുടെ പേര് 'ഗാഥ'യിലൂടെ കടഞ്ഞെടുത്തു.
ചെറിയ ഒരു പരുങ്ങൽ അച്ഛന്റെ പേരിൽ ഉണ്ടായെങ്കിലും ശങ്ക ഒന്നും കൂടാതെ വേണുനാഥിൽ എത്തിച്ചേർന്നു.
ഒരു സഹോദരി ഉണ്ട്, അവർ കുട്ടികൾക്കും ഭർത്താവിനും ഒപ്പം, സുഖ ജീവിതം.
ഒരു സഹോദരൻ ഉണ്ടായിരുന്നു, മരണപെട്ടു.
നിങ്ങള്ക്ക് ഒരു ഡിഗ്രിയാണ് ഉള്ളത്, അത് കോമേഴ്സിൽ ആണ്!
നിങ്ങൾ ജനിച്ചത് ചിങ്ങ മാസം ആണ്!
അശ്വതി ആണ് നക്ഷത്രം!
സെപ്റ്റംബർ 16 ആണ് ജനന സമയം!
1981 ആണ് ജനന വർഷം!
നിങ്ങളിപ്പോൾ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ജീവിതം, അവർ വിശ്രമ ജീവിതം നയിക്കുന്നു.
മാത്രമല്ലാ അവർ ആരോഗ്യ സുഖം കുറഞ്ഞവരും ആണ്!

നിങ്ങളും ഭാര്യയും തമ്മിൽ കഴിഞ്ഞ ഒരു വർഷത്തിൽ കൂടുതലായി അസ്വാരസ്യത്തിലാണ്‌!
നിങ്ങളുടെ ഭാര്യക്ക് ഒരു ഡിഗ്രി ആണ് ഉള്ളത്!

ആ ചോദ്യങ്ങൾക്കെല്ലാം ഉത്തരം 'അതെ' എന്ന് മാത്രം ആയിരുന്നു.

അദ്ദേഹം ഓല മടക്കിവെച്ചു. ഇതാണ് നിങ്ങളുടെ ഓല.
ഇനി അത് ബുക്കിലേക്ക് പകർത്തണം.
ശേഷം ദ്വിഭാഷിയുടെ സഹായത്തോടെ പരിഭാഷപ്പെടുത്തിത്തരും.

ഊണ് കഴിഞ്ഞിട്ട് വരം, അരമണിക്കൂർ എടുത്തേക്കും ഓല ബുക്കിലാക്കുവാൻ.
 
 
*****************************

എനിക്ക് അറിയേണ്ടത് രണ്ട് കാര്യങ്ങൾ ആയിരുന്നുവല്ലോ.
1.എന്റെ പൂർവ്വജന്മം.
2. ദാമ്പത്യ ജീവിതത്തിന്റെ ഭാവി.

ഊണ് കഴിഞ്ഞു വന്നപ്പോഴേക്കും ബുക്കും എഴുതിക്കഴിഞ്ഞിരുന്നു.

മേല്പറഞ്ഞ സൂചനകൾ ഒക്കെ ചേർത്താണ് ബുക്ക് തയാറാക്കിയത്. നാഡി റീഡർ രവിയുടെ അനുയായി,അദ്ദേഹത്തിന്റെ തർജ്ജിമക്കാരനൊപ്പം ഓല വായിക്കാൻ തുടങ്ങി.
ശ്രീ പാർവ്വതി ദേവിയെയും ശിവപെരുമാളെയും സാക്ഷിനിർത്തി അദ്ദേഹം വായന തുടർന്നു. ശംഖുവരി കീട്രു രേഖ എന്ന വിഷ്ണുഭഗവാന്റെ അനുഗ്രഹമുള്ള ഓല, ഏറെ പുണ്യാത്മാക്കളുടെ അനുഗ്രഹമുള്ളതാണെന്നു സൂചിപ്പിച്ചു.
കുറെയേറെ മേന്മകൾ അവകാശപ്പെടാവുന്ന ജാതകമാണ് എന്റേതെന്നും ഈ മുപ്പത്തിയേഴാമത്തെ വയസ്സിൽ ഓല തേടി ഞാൻ എത്തുമെന്നും പ്രാചീനകാലത്തെപ്പോഴോ അഗസ്ത്യ മുനി എഴുതിവെച്ചിട്ടുണ്ടത്രെ!
അഗസ്ത്യർക്കു പ്രണാമം.
ഗുരുപരമ്പരകൾക്കു വന്ദനം.

തമിൾ പഞ്ചാംഗ വർഷം പ്രകാരം ദുർമ്മതി വർഷത്തിൽ  ആണ് ജനനം. അതായത്, സിങ്ങമാസത്തിൽ, 31, ബുധനാഴ്ച, അസ്വതി നക്ഷത്രം, മേഖ രാശിയിൽ, ഇടവ ലഗ്നത്തിൽ ആണ് ജനനം. രാശിയുടെ അധിപനായ ചൊവ്വാ, നീചസ്ഥാനത്താണ് നിൽക്കുന്നത്, മാത്രവുമല്ല, രാഹുവുമായി ചേർന്നാണ് നിൽപ്പ്. അതുകൊണ്ടു തന്നെ, ജീവിതം കൂടുതൽ കാലവും അച്ഛനമ്മയുമായി ചേർന്ന് നിൽക്കുകയും, ഭാര്യയുമായി അകന്നു നിൽക്കേണ്ടിയും വരുന്നു. ഈ കാലയളവിൽ മാനസിക പ്രയാസങ്ങളും ശരിയായ തീരുമാനങ്ങൾ എടുക്കുവാൻ വിഷമങ്ങളും ഉണ്ടാവും.

ചന്ദ്രൻ, നാലാം ഭാവത്തിൽ ചൊവ്വയും രാഹുവും ഉണ്ട്.
ചന്ദ്രന്റെ അഞ്ചാം ഭാവത്തിൽ സൂര്യനുണ്ട്.
ആറാം ഭാവത്തിൽ,ബുധൻ വ്യാഴവും ശനിയുമുണ്ട്.
ചന്ദ്രന്റെ ഏഴാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു.
ചന്ദ്രന്റെ പത്താം ഭാവത്തിൽ കേതുവും.
ഇങ്ങനെ ഒൻപത് ഗ്രഹങ്ങൾ സഞ്ചരിക്കുന്ന കാലത്താണ് ജനനം എന്നുള്ളതുകൊണ്ട്, ശാരീരിക വൈകല്യങ്ങൾ ഇല്ലാതെയാണ് പിറന്നത്. 

നിങ്ങളുടെ അച്ഛനും അമ്മയും വിശ്രമജീവിതത്തിൽ ആണ്. അവർ അനാരോഗ്യരും, മാനസികമായി ഏറെ ചിന്താവിവശരും ആണ്. അവരുടെ ചിന്തകളും വിഷമങ്ങളും ഒക്കെയും നിങ്ങളെക്കുറിച്ചുള്ളതാണ്. നിങ്ങളുടെ ഇപ്പോഴത്തെ യോഗം, മാതാപിതാക്കളോട് ഒപ്പം കഴിയുക എന്നുള്ളതാണ്.
നിങ്ങള്ക്ക് ഒരു സഹോദരി മാത്രമാണ് ഇപ്പോൾ ജീവനോടെ ഉള്ളത്.

നിങ്ങൾ വിവാഹിതനാണ്, ഭാര്യയും ബിരുദധാരി ആണ്. ഇവിടെ ഇത് അന്നെഷിക്കുവാൻ വന്ന സമയം, നിങ്ങളും നിങ്ങളുടെ ഭാര്യയുമായി പിണക്കത്തിലാണ്.
താങ്കളിൽ നിന്നും അകന്നു കഴിയുന്ന ഭാര്യ, അവർക്കു നിങ്ങളോടു ഒട്ടും വ്യുൽപ്രർത്തി ഇല്ല.
പക്ഷെ താങ്കൾ അവരിലേക്ക്‌ ചായുവാൻ ഇപ്പോഴും തയ്യാറാണ്. 

നിങ്ങൾക്ക് രണ്ടു വിവാഹ യോഗമാണ്, അതായത് നിങ്ങൾ രണ്ടു വിവാഹങ്ങൾ കഴിച്ചേക്കാം.
മുപ്പത്തിയെട്ടാമത്തെ വയസ്സുകഴിയുമ്പോഴേ നിങ്ങൾക്ക് സന്താനഭാഗ്യം ഉണ്ടാകു, സ്ത്രീസുഖം ഉണ്ടാകു.

നിങ്ങൾ ഇപ്പോൾ സ്വന്തമായി ബിസിനെസ്സ് ആണ് ചെയ്യുന്നത്. ഇപ്പോൾ ചെയ്യുന്ന ബിസിനെസ്സ്, ട്രാവെൽസുമായി ബന്ധപ്പെട്ടതാണ്. ഈ ബിസിനെസ്സ് കൂടാതെ മറ്റു പല ബിസിനെസ്സുകളിലും ഏർപെടുവാനായി നിങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. സാമ്പത്തികമായും സാമൂഹികബന്ധങ്ങളാലും നിങ്ങൾ അനുഗ്രഹീതൻ ആയിരിക്കും.
അറുപത്തിയെട്ടു വയസ്സിൽ കൂടുതൽ ശാരീരിക സുഖത്തോടെ ജീവിക്കും.

"സ്വാമി, എന്റെ വിവാഹ ബന്ധം വേർപെടുമോ?" 
അദ്ദേഹം മുന്നേ പറഞ്ഞുപോയ കാര്യങ്ങൾ വ്യെക്തമായി ശ്രവിക്കുവാൻ എനിക്ക് കഴിഞ്ഞില്ല. എന്റെ ചോദ്യം നിലവിലെ ദാമ്പത്യ ജീവിതത്തെക്കുറിച്ചു മാത്രമായിരുന്നു.
ചോദ്യക്കുമ്പോൾ സ്വരം ഇടറിയിരുന്നു. 
വാക്കുകൾ തിരഞ്ഞെടുക്കുന്നതിലും പരുങ്ങൽ അനുഭവപെട്ടു.
നെടുവീർപ്പിനൊടുവിലാണ് ആ ചോദ്യം അദ്ദേഹത്തിലേക്കു എത്തുന്നത്.

"99 ശതമാനവും വിവാഹമോചനത്തിനാണ് സാധ്യത. ഒരു ശതമാനം മാത്രം നിലനിൽക്കാനും."

അദ്ദേഹം തീർത്തുപറഞ്ഞു.
എന്റെ ചോദ്യം അവസാനിച്ചിരുന്നില്ല.
വീണ്ടും അതെ ചോദ്യത്തിന്റെ തുടർച്ച ആയിരുന്നു.

"ഈ ബന്ധം തുടരുവാൻ ഒരു സാധ്യതയും ഇല്ലേ?"

' മോചനം എന്ന് തന്നെ ആണ് പറയുന്നത്. എന്ന് മാത്രമല്ല, നിങ്ങൾക്ക് രണ്ടു വിവാഹ യോഗവും ഉണ്ട്. അതായതു നിങ്ങൾ രണ്ടു വിവാഹങ്ങൾ കഴിച്ചേക്കാം. അത് ഒരുപക്ഷെ, ഇതേ പെൺകുട്ടിയെ തന്നെയും ആവാം. അതായതു, ഇപ്പോൾ വിവാഹമോചനം നേടിയ ശേഷമോ, അല്ലെങ്കിൽ മോചനത്തിന്റെ വക്കിൽ നിന്നും പിന്മാറിയോ മറ്റോ, ഇതേ പെൺകുട്ടിയെ തന്നെ രണ്ടാമതും വിവാഹം കഴിച്ചേക്കാം, ശേഷം ഒരുമിച്ചു ജീവിച്ചേക്കാം."

നാഡി വായനയുടെ അനുബന്ധമായി, മുൻജന്മ പാപങ്ങളുടെ പരിഹാരമായി വിവിധങ്ങളായ നിവർത്തികളും സൂചിപ്പിക്കുന്നുണ്ടായിരുന്നു.
"ആദിത്യായ ച സോമായ മംഗളായ ബുധായ ച |
ഗുരു ശുക്ര ശനിഭ്യശ്ച രാഹവേ കേതവേ നമഃ ||"

ശത്രു ഷഡാക്ഷര മന്ത്രം എഴുതിയ ചെമ്പ്തകിടു അഗ്നിയിൽ ഹോമിച്ചു ജീവൻ നൽകി, നവകലശങ്ങളും സാക്ഷിയാക്കി രണ്ടുമണ്ഡലക്കാലമായ തൊണ്ണൂറ്റാറു ദിവസം ബ്രാഹ്മമുഹൂർത്തത്തിൽ സമർപ്പിക്കണം. അത് ചെയ്യാൻ തുടങ്ങുന്ന സമയത്തു  മലമുകളിൽ വാഴും സുബ്രഹ്മണ്യന് മാലവാങ്ങി കൊടുത്ത് അർച്ചന കഴിപ്പിക്കണം. ഒപ്പം ദീപം തെളിയിച്ചു വണങ്ങണം. 48 തിങ്കളാഴ്ച ശിവപാർവതി ദേവാലയത്തിൽ ഒൻപത് വിളക്ക് വെച്ച് വണങ്ങണം.ബുധനാഴ്ചകളിൽ ഹനുമാൻ സ്വാമിക്ക് വഴിപാട് നടത്തണം. ഇത് മുടങ്ങാതെ ചെയ്യുക ആണെങ്കിൽ, ഇപ്പോൾ നടക്കുന്നതും ഭാവിയിൽ ഉണ്ടാകേണ്ടതുമായ തൊന്തരവുകൾക്കു അറുതിയുണ്ടാവും.

പരിഹാരനിർദേശങ്ങളോടെ നാഡീവായന പൂർത്തീകരിച്ചു.

 
*************************************
 

എന്റെ പ്രതീക്ഷകൾ ഏറെ ആയിരുന്നു.
അതുകൊണ്ടു ആവാം, പുറത്തിറങ്ങിയത് നിരാശയോടെ ആയിപോയത്.
എന്ത് കൊണ്ടാണ് നിരാശ തോന്നിയത് എന്ന് ചോദിച്ചാൽ  വ്യെക്തമായ ഉത്തരമുണ്ടോ എന്നും നിശ്ചയമില്ല. ആവർത്തിച്ചു കണ്ട സിനിമ കഥയിലെ ജ്യോതിഷി ആയിരുന്നു എന്റെ മനസ്സിലെ നാഡിവായനക്കാരൻ. സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച ഭൂതകാല വർണ്ണന തന്നെ ആയിരുന്നു എന്നെ നാഡിയിലേക്കു ആകര്ഷിച്ചതും, എന്നാൽ എന്റെ ആവർത്തിച്ചുള്ള ചോദ്യങ്ങളും ഓര്മപെടുത്തലുകളും അദ്ദേഹം അവഗണിക്കുക തന്നെ ചെയ്തു. എനിക്ക് അറിയേണ്ടത് എന്റെ ഭൂതകാലം കൂടി ആയിരുന്നുവല്ലോ. കഴിഞ്ഞ ജന്മത്തിൽ...അങ്ങനെ ഒന്നുണ്ടെങ്കിൽ, അന്ന് ഞാൻ ആരായിരുന്നു, എവിടെ ആയിരുന്നു ഞാൻ ജീവിച്ചത്?

എന്തുകൊണ്ട് അത്തരം ഒരു ചോദ്യം, അല്ലെങ്കിൽ മുൻജന്മ വിശ്വാസം കൂടെ കൂടിയെന്ന് ചോദിച്ചാൽ... ചിലപ്പോൾ , ചില കാര്യങ്ങൾ ഒന്നും വിശദീകരിക്കാൻ കഴിയില്ല എന്നുള്ള ഒഴിവുകഴിവു ഉത്തരം ആയിരിക്കും എനിക്കും പറയാനുള്ളത്. എങ്കിലും മുൻപ് എപ്പോഴോ സൂചിപ്പിച്ചിട്ടുള്ളതുപോലെ, ചില പുസ്തകങ്ങളുടെ സ്വാധീനം!. ചില സിനിമകൾ സൃഷ്‌ടിച്ച ഭ്രമാത്മക ലോകം!.
അവിടെ നിന്നും ഉയിർത്തെടുത്തതാണ് എന്റെയീ മുൻജന്മ വിശ്വാസം.
ആ വിശ്വാസത്തെ ഞാനൊരു മുസ്ലിം പശ്ചാത്തലത്തിലേക്ക് വളർത്തിയെടുക്കുകയും ചെയ്തു, അപസർപ്പക കഥകളെ പോലെ.

ചില സംഭവങ്ങൾ, യാദ്ര്ശ്ചികമായി സംഭവിച്ചതാവാം.
ബാഹ്യ ഇടപെടലുകൾ ഒന്നും കാണുവാൻ കഴിയാത്ത അത്തരം സംഭവങ്ങൾ ജീവിതത്തിലെ ചില നിമിത്തങ്ങളും വിധിനിര്ണയ തീരുമാനങ്ങളും ആയിരുന്നു.
ജീവിത ഗതിയെ സ്വാധീനിച്ച അത്തരം തീരുമാങ്ങൾക്കു പിറകിൽ ചില മുസ്ലിംമത വിശ്വാസികൾ ഉണ്ടായിരുന്നു.
സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്ന ഒരു ജോലി കണ്ടെത്തുന്നതിൽ മുതൽ എന്നെ സഹായിച്ചത്, മുത്തുറസൂലിന്റെ പ്രബോധനങ്ങളിൽ വിശ്വസിക്കുന്നവർ ആയിരുന്നു. ജോലി ചെയ്ത സ്ഥാപനവും ചുറ്റുപാടുകളും സഹപ്രവർത്തകരും ഒക്കെ അത്തരം വിശ്വാസ പ്രമാണങ്ങളുടെ പ്രയോക്താക്കളും പിന്തുടർച്ചക്കാരും ആയിരുന്നു.
എല്ലാം ഉപേക്ഷിച്ചു, സ്വഗൃഹത്തിലേക്ക് മടങ്ങിയപ്പോഴും ജീവനോപാധിയ്ക്കായി അവലംബം ആയത്,മുഗൾ സാമ്രാജ്യത്തിന്റെ സാംസ്‌കാരിക പെരുമ പേറുന്ന ഒരു പേരുള്ള സ്ഥാപനത്തിൽ ആണ്.
അപരിചിതർ പലരും ചോദിക്കുന്നുണ്ട്, താങ്കൾ മുസ്ലിം ഉമ്മയിൽ വിശ്വസിക്കുന്ന ആളാണോ? അവർ ഒരുപക്ഷെ, അത്തരം ചോദ്യം ചോദിക്കുന്ന അവസാനത്തെ ആളും ആയിരിക്കില്ല.

ശ്രീ എമ്മിന്റെ പുസ്തക സ്വാധീനത്തിൽ ഉയിർകൊണ്ട എന്റെ പൂർവ്വജന്മം എന്ന പ്രഹേളികയായിമാറിയ ചോദ്യം ഉത്തരം തരാതെ താളിയോലയിൽ ഉറങ്ങി.

അറിയാൻ ആഗ്രഹിച്ച രണ്ടാമത്തെ വിഷയമായ ദാമ്പത്യം, ആ ചോദ്യോത്തരങ്ങളും മറ്റും, സുഹൃത്തും ജ്യോത്സരുമായ രാജേന്ദ്രൻ പറഞ്ഞു നിർത്തിയടത്തു നിന്നും തുടങ്ങി, അദ്ദേഹം അവസാനിപ്പിച്ചടത്തു തന്നെ നിർത്തുകയും ആയിരുന്നു. ഏറ്റവും ആശ്ചര്യകരമായി തോന്നിയത് രാജേന്ദ്രൻ ജ്യോത്സരുടെ വാക്കുകളുടെ തനിയാവർത്തനം ആയിരുന്നു.
വിവാഹ ബന്ധത്തിൽ 99 ശതമാനം സാധ്യതയും വേർപെടുത്തലിനു ആണെന്നും, മറ്റൊരു സാധ്യത നിലവിലെ ഭാര്യയെ തന്നെ പുനർവിവാഹം ചെയ്യേണ്ടി വന്നേക്കാമെന്നും ആദ്യമായി കേൾക്കുന്ന കാര്യം ആയിരുന്നില്ലാ. ആ രണ്ടു സാധ്യതകളും നമ്മുടെ ജ്യോത്സരും പറഞ്ഞിരുന്നു.

രാജേന്ദ്രൻ ജ്യോത്സർ പറഞ്ഞ സാധ്യതകൾക്ക് അപ്പുറം മറ്റൊന്നും ദാമ്പത്യ വിഷയത്തിൽ ചേർത്തുവെക്കാൻ നാഡി വായനക്ക് കഴിഞ്ഞില്ല എന്നുള്ളത് എന്റെ സന്തോഷത്തെ കെടുത്തിയ കാര്യം ആയിരുന്നു. നാളത്തെ സാധ്യതകൾ തേടി ആയിരുന്നില്ല ഞാൻ പോയത്. അതിനു രജേന്ദ്രൻ ജ്യോത്സർ മതിയാവോളം ഉണ്ടായിരുന്നു. നാഡിയെ സംബന്ധിച്ച് എന്റെ പ്രതീക്ഷകൾ സാധ്യതകളുടേത് ആയിരുന്നില്ല. അതിനും അപ്പുറം ഉറപ്പായിരുന്നു വേണ്ടത്. ദൗർഭാഗ്യമെന്നു പറയട്ടെ, അവിടെ എന്റെ വർത്തമാനകാല സ്വപ്നത്തിന്റെ നിറവും മങ്ങി.
നിരാശ ഉരുണ്ടു കൂടി.
ഉത്തരങ്ങൾ പൂർണമാകാതെ ചില ചോദ്യങ്ങൾ, ആ ഭവനത്തിൽ ഉറങ്ങി.
നിർവികാരതയോടെ ആ നാഡി ഗൃഹത്തിൽ നിന്നും ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടന്നു.

തിരികെ വരുന്നവഴിക്ക്, ബസ്സിൽ ഇരിക്കുമ്പോഴാണ്,സേവ് ചെയ്യാത്ത നമ്പരിൽ നിന്നും ഒരു ഫോൺകോൾ.
ആരാണത്? ട്രൂകോളറിൽ നമ്പർ പരിശോധിക്കുമ്പോൾ,പത്തു പതിനൊന്നു വര്ഷം മുൻപ് ഉപേക്ഷിക്കപ്പെട്ട ഒരു പേര്.
രാവിലെ കണ്ട 'കൊച്ചിരാജാവ്' സിനിമ ഉണർത്തിയ ഓർമകൾക്ക് ശബ്ദരൂപം.
അവൾ എന്തിനായിരിക്കും, ഈ നീണ്ട ഇടവേളയ്ക്കു ശേഷം എന്നെ വിളിക്കുന്നത്. 
എന്തിനാവും അവളെന്നെ ഈ നിമിഷം തേടി വന്നത്.
തിരിച്ചു വിളിക്കണോ? വേണ്ടാ!

നിമിത്തങ്ങൾ എന്നെ വിടാതെ പിന്തുടരുക ആണല്ലോ!

നീഹാരം

"അമ്മയുമായി വീടിന്റെ പുറകിലെ പറമ്പിൽ നിൽക്കുക ആയിരുന്നു. തൊട്ടാവാടിയും വേലിപ്പരുത്തിയും വളർന്നു കിടക്കുന്ന പച്ചപ്പ് അവിടെവിടെയായി ക...