മൂക്കിനു താഴെ പൊടിമീശ വന്നു തുടങ്ങിയ കാലം മുതൽ, എന്ന് പറഞ്ഞാൽ അത് ഒരുപക്ഷെ കേട്ടുമുഷിഞ്ഞ പഴംകഥ ആവും.
പ്രണയം.
എന്നൊന്നും പറയാൻ പറ്റില്ല.
എതിർ ലിംഗത്തോട് തോന്നിയ ആകർഷണം.
ശരീര വളര്ച്ചയുടെ, അതോ മാനസിക വളര്ച്ചയുടയോ? ഏതോ ഘട്ടത്തിൽ ആവണം
ആൻഡ്രജൻ ഹോർമോണിന്റെ വളര്ച്ചയെ ശരീരം ഏറ്റടുത്തു എന്ന് തിരിച്ചറിയുന്നത്.
അനുരാഗ വിവഷതയെ കുറ്റം പറയുന്നത് ചില കാർന്നോന്മാരുടെ തമാശയാണെന്ന് വരികിലും
പറയാതിരിക്കാൻ വയ്യ, ആ ആൻഡ്രജൻ ആണ്, ഞാനല്ല പാപി.
ആ പ്രായത്തിലെ പ്രണയത്തിനു ഈസ്റ്റ്‌കോസ്റ്റ് കാസറ്റ് പ്രണയ ശീലുകളുടെ മര്മ്മരവും താളവും ഉണ്ടായിരുന്നു.
ഗദ്ഗതനാവുന്ന പനച്ചൂരാൻ കവിതകളിലൂടെയുള്ള തിരികെ പോകലുകളായിരുന്നു സായന്തനങ്ങൾ.
കേച്ചേരിയുടെയും പുത്തഞ്ചേരിയുടെയും കവിതതുളുമ്പുന്ന വരികളും രവീന്ദ്രൻ മാഷിന്റെ ഈണവും പലപ്പോഴും പ്രണയശൂന്യതയുടെ ഇടം നികത്തി പശ്ചാത്തലസംഗീതമായി നിലകൊണ്ടു.
പ്രണയ ബിംബങ്ങളിൽ എപ്പോഴും ചാരുതയോടെ തെളിഞ്ഞു നിന്നത് ഗ്രാമത്തിന്റെ വിശുദ്ധിയും വയലും അമ്പലവും ഓണവും ചെറിമരവും വസന്തവും പിന്നെ മഞ്ഞപട്ടുപാവാട അണിഞ്ഞ മുഖമില്ലാത്ത കാമിനിയും ആയിരുന്നു.
അതെല്ലാം തന്നെ പറഞ്ഞു പഴകിയ പ്രയോഗങ്ങളായി സപ്തതി ആഘോഷിക്കുക ആയിരുന്നു.
വിചിത്രമായ ഭ്രമകൽപ്പനകളിൽ കുരുങ്ങി കണ്ടുമറന്നതും കേട്ടറിവുള്ളതുമായാ ബിംബങ്ങളിൽ അഭിരമിച്ചു ആലയിലെ രത്നം പഴുപ്പിച്ചു മെരുക്കിയെടുത്ത ആഭരണം കണക്കെ എഴുതികൂട്ടിയ അക്ഷരത്തുണ്ടുകളെ കഥയെന്നും കവിതയെന്നും പേരിട്ട ഭാഷാ പീഡനം ആയിരുന്നു ആ കാലത്തെ സാഹിത്യ ലോകം.
തൊണ്ണൂറുകളും അതിന്റെ അവസാനവും, ആ ലോകമായിരുന്നു എന്റെ പ്രണയം.
ആത്മരതിയിൽ അമർന്ന് ജീവിതത്തെ സ്നേഹിച്ചു തുടങ്ങിയതു അന്നുമുതലാണെന്നു തോന്നുന്നു.
അക്കാലത്തെ എന്റെ മനോരഥ സൃഷ്ടിയിലേക്കു വന്നുചേർന്ന പെൺകുട്ടിയായിരുന്നു അനുശ്രീ.
ഏറെ ആകർഷിച്ചോരു പെൺകുട്ടി.
പീലി വിടർത്തി നിൽക്കുന്ന വലിയ കണ്ണുകളും, നീണ്ട ഇടതൂർന്നു മുടിയും പിന്നെ സമപ്രയക്കാരിൽ നിന്നും വ്യെതിസ്തമായ ശരീരഘടനയുമായി അവൾ.
ഏതൊരു കൌമാരക്കാരനിലും ചാപല്യം ഉണർത്തുന്ന നിതംബ ചലനം.
താള ലയ മർമ്മരം
അത്യാകർഷകമായ നിറമൊന്നും ആയിരുന്നില്ല അവൾക്കെങ്കിലും, കൺപോളകൾ താഴ്ത്തി,
കീഴ്ച്ചുണ്ടകൾ അൽപം മലർത്തി, ചിരിക്കുന്ന അവളുടെ ദർശനം നേടാൻ പലരും ആഗ്രഹിച്ചിരുന്നു.
സ്കൂളിൽ നിന്നും പത്താം ക്ലാസ്സും പൂർത്തിയായി വീണ്ടും സ്കൂളിലേക്ക് എത്തപെട്ട ഹയർ സെക്കണ്ടറിക്കാലം.
ഹയർ സെക്കണ്ടറിയിൽ എന്റെ സീനിയർ ആയിരുന്നു അനുശ്രീ.
ഒരേ സ്കൂളിലെ തൊട്ടടുത്ത രണ്ട് ക്ലാസ്സ്മുറികളും അതിൽ നൂറിൽ താഴെ കുട്ടികൾ മാത്രമേ
ഉണ്ടായിരുന്നിട്ടുപോലും സീനിയേർസിലെ എല്ലാവരുമായി സൗഹ്രദമോന്നുമായിരുന്നില്ല.
എന്നാൽ വീടിന്റെ അടുത്ത് നിന്നും വരുന്ന ദിലീപ് ആ കൂട്ടത്തിൽ ഉണ്ടായിരുന്നതുകൊണ്ട്
ചിലരെ ഒക്കെ പരിചയപെടാനും അവരുടെ വിശേഷങ്ങൾ അറിയുവാനും കഴിഞ്ഞിരുന്നു.
അത്തരത്തിലൊരു സൗഹ്രദ സംഭാഷണത്തിൽ ആണ് അവളുടെ സഹപാഠി പ്രസന്നൻ പിള്ളയുമായി അനുശ്രീ പ്രണയത്തിലാണെന്ന് അറിഞ്ഞത്.
പ്രസന്നൻ പിള്ള, അത്ര വലിയ പ്രസന്നതയോടെ ഒന്നു ആയിരുന്നല്ല സ്കൂളിൽ പെരുമാറിയിരുന്നത്.
ഒഴിവേളകളിൽ ബീഡി വലിച്ചും ജന്നൽ പടിക്കപ്പുറത്തൂടെ പോകുന്ന പെൺകുട്ടികളെ
കമെന്റ്റ് പറഞ്ഞും രസിക്കുന്ന കൂട്ടത്തിൽ ആയിരുന്നു അയാൾ.
എന്റെ നോട്ടത്തിൽ അതെല്ലാം അയാളുടെ കുറവുകൾ ആയിരുന്നു. അയാളൊരു നീചനും വഷളനും ആണെന്ന് വിശ്വസിച്ചു.
അവരുടെ ബന്ധം അറിഞ്ഞു, വലിയ വിഷമം തോന്നി,അവനെ ശപിച്ചുവെങ്കിലും ഒന്നും പുറമേ കാണിച്ചില്ല.
പ്രേതെകിച്ചു ഒന്നും ഉണ്ടായിട്ടല്ല, എന്നാലും !
'അനുശ്രീ എന്റെ മാമന്റെ മോളോ കൂട്ടുകാരിയോ കാമുകിയോ ഒന്നുമല്ലല്ലോ, ഇത്രമാത്രം വിഷമിക്കാൻ' ഞാനിങ്ങനെ ആശ്വസിക്കാൻ ശ്രമിച്ചു.
തമ്മിൽ ഒരിക്കൽ പോലും മിണ്ടിയിട്ടില്ല. അവൾക്കു എന്നെ അറിയുക പോലും ഇല്ല എന്നാണ് വിശ്വാസം.
പിന്നെ എപ്പോഴോ അവളുടെ ആ കണ്ണുകളോടും ഇടതൂർന്ന മുടിയിഴകളോടും ഒരു ഇഷ്ടം തോന്നിപ്പോയി.
ആകർഷണം തോന്നി. അത് ഈ പ്രായത്തിലെ എല്ലാ പിള്ളാർക്കും തോന്നുന്നതൊക്കെ ആവു.
എങ്കിലും.....
അവളുടെ വരവും കാത്തു വഴിവക്കിലും അമ്പലനടയിലും ഞാൻ നിൽക്കാറുണ്ടെന്നും,
ആ നയനാനന്ദ സൌന്ദര്യം കണ്ടാസ്വധിക്കാറുണ്ടെന്നും എന്റെ സ്വപ്നത്തിലെ ക്ഷണിതാവല്ലാത്ത കാമുകിയാണ് അവളെന്നും ഒരു പതിനാറുകാരന്റെ ചിന്തകൾ ചരടഴിഞ്ഞുപോയ പട്ടം കണക്കെ ചിതറി പറക്കുന്നത് അവളെയെയുംകൂട്ടി ആണെന്നും അനുശ്രീ അറിയണമെന്ന് ആഗ്രഹിച്ചിരുന്നു.
അമ്പലത്തിനു കിഴക്കുവശം ആയിരുന്നു അവളുടെ വീട്.
ഉത്സവത്തിനു കെട്ടുകുതിരയെ വയലിലേക്കു ആനയിക്കുന്ന വാർഷിക ചടങ്ങ് കടന്നു പോകുന്നത് അവളുടെ വീടിനു പിന്നിലൂടെ ആണ്.
കരക്കാരുടെ ആവേശത്തിരകളിൽ ചെണ്ടയും ചേങ്ങിലയും സമ്മേളിക്കുമ്പോൾ
രാവണനൃത്തത്തിന്റെ രൌദ്രഭാവം ഉണരുകയായി.
കുതിരയെ വലിച്ചു വയലിലേക്കു ഇറക്കുമ്പോൾ മതിൽ കെട്ടിനുള്ളിൽ നിന്നും അവളുടെ വലിയ കണ്ണുകൾ കെട്ടുകാഴ്ചകൾ കണ്ടാസ്വദിക്കുന്നത് കാണാറുണ്ടായിരുന്നു.
സ്കൂൾ കാലഘട്ടത്തിലെ ഓർമ്മകളിലേക്ക് വസന്തം വീഴ്ത്തിയെത്തുന്ന കാറ്റായിരുന്നു ആ ദൃശ്യം.
പിന്നീടുള്ള വർഷങ്ങളിൽ എല്ലാം അവൾ അതെ സ്ഥലത്ത് ആയിരുന്നു ഉത്സവം കാണുവാൻ നിൽക്കാറു.ഞങ്ങളുടെ കരയിൽ നിന്നും കുതിരയെ പിടിച്ചു വരുമ്പോൾ എന്റെ നോട്ടം ഞാൻ അറിയാതെ ആ വശത്തേക്ക് പോകുക പതിവായിരുന്നു.
അവളെ കാണുവാനായി ഓരോ കെട്ടുകുതിരയുടെയും വരവും കാത്ത് ആ വളപ്പിൽ തന്നെ നിൽക്കുമായിരുന്നു.
ആ തിരക്കുകൾക്കിടയിൽ എവിടെയെല്ലാം അവളെ തിരഞ്ഞിരിക്കുന്നു.
അമ്പൊലി പറകൾ നിറഞ്ഞ കളത്തട്ടിൽ, ചൂര് മണക്കുന്ന ആനകൊട്ടിലിൽ
ലക്ഷാർച്ചനക്കു ശേഷം നടയ്ക്ക് ചുറ്റും എത്ര പ്രാവിശ്യം അവളെ ഒരു നോക്ക് കാണുവാനായി വലം വെച്ചിരിന്നു.
ചമയവിളക്ക് എരിയുന്ന രാവുകളിൽ സ്ത്രീ വേഷം കെട്ടി അവളെയും തേടി കാത്തിരുന്നു.
ഒരു വേള വിളക്ക് കാണുവാൻ എത്തുമെന്ന പ്രതീക്ഷ ആയിരുന്നു.
ദർശന സുകൃതം ഏറ്റുവാങ്ങി എഴുന്നെള്ളത്തിന്റെ മുൻപിൽ നിന്നും വിടവാങ്ങുമ്പോഴും
അമ്പലമുറ്റത്തെ മണൽത്തരികളോടും അരയാൽ മരത്തിനോടും ആമ്പൽപൂവിനോടും
ഞാൻ എന്റെ പ്രണയവും പരിഭവവും പങ്കുവെച്ചു.
തേടുന്നതെല്ലാം അവളെയെന്നും കാണുന്നതെല്ലാം അവളാണോ എന്നും ശങ്കിച്ച് നടന്നൊരു കാലം.
അങ്ങനെ ഇരിക്കെയാണ് അപ്രതീക്ഷിതം ആയി അവൾ മുന്നിലെത്തുന്നത്.
മുന്നിലെത്തുക മാത്രമല്ല, എന്റരികിൽ വന്ന്, എന്നോടപ്പം ഇരിക്കുന്നത്.
ഡിഗ്രിക്ക് റ്റൂഷൻ പഠിക്കാൻ ചേർന്നത് അമ്പലത്തിനു സമീപത്തെ പാരലൽ കോളേജിൽ ആയിരുന്നു.
രണ്ടാം വര്ഷ ക്ലാസിന്റെ തുടക്കമാണ്.
കൈയിൽ ചന്ദന നിറമുള്ള ബാഗും, മടക്കിപ്പിടിച്ച കുടയും, ചിത്രപണികൾ ഉള്ള വെളുത്ത കർചീപും, രണ്ടായി പിന്നികെട്ടിയ നീണ്ടമുടിയിൽ പിച്ചിപ്പൂവും ചൂടി അനുശ്രീ എത്തുന്നത്.
അനുശ്രീയെ കണ്ടിട്ട് രണ്ട് വർഷത്തെ ഇടവേളയുണ്ട്.
ഞാൻ ഹയർ സെക്കണ്ടറിയിൽ രണ്ടാം വർഷം ആയപ്പോഴേക്കും അവർ അവിടെ നിന്നും പോയിരുന്നല്ലോ.
അഡ്മിഷൻ എടുത്തതിനു ശേഷം അവൾ നേരെ വന്നത് ഞാനിരുന്ന രണ്ടാം വർഷ ക്ലാസ്സിലേക്കാണ്.
മുൻപ് എന്റെ സീനിയർ ആയി ഉണ്ടായിരുന്നപ്പോൾ പരിചയപെടാനോ സംസാരിക്കാനോ കഴിഞ്ഞില്ല.
ആ നിരാശയും വിഷമവും ഇപ്പോൾ ഇവിടെ തീരട്ടെ. കാലം കാത്തുവച്ച സമാഗമത്തിന് സമയം ആയിരിക്കുന്ന പോലെ.
കണ്ണുകൾ തുറന്നുവെച്ചു ...കാതുകൾ സാകൂതും കാത്തിരുന്നു.
ഒരു പെണ്കുട്ടിയുടെ സൌന്ദര്യത്തെക്കുറിച്ച്, ഒരു പെൺകുട്ടിയോട് നേരിട്ട് സംസാരിക്കുന്നതു തന്നെ ആദ്യമായി അനുശ്രീയോട് ആണ്.
അവളുടെ കണ്ണുകളെ കുറിച്ച്.
അവളെ ഒരുനോക്ക് കാണുന്നതിനു വേണ്ടി കാത്തിരുന്നതിനെ കുറിച്ച്...
അവളുടെ പുറകെ സൈക്കിൾ ചവിട്ടി നടന്ന ദിവസങ്ങളെക്കുറിച്ച്...
അവൾ ആഘോഷിക്കുന്ന സത്യമാണ് അവളുടെ കണ്ണുകൾ മറ്റുള്ളവരെക്കാളും വലുതും മനോഹരവും ആണെന്ന്.
അത് മറ്റൊരാളിൽ നിന്നും കേട്ടപ്പോൾ പുരികം ഉയരത്തി, കൺപീലികൾ വിടര്ത്തി സന്തോഷത്തോടെ ചുണ്ടുകളിൽ ചെറു നനവോടെ നിന്നു.
അവളുടെ കണ്ണുകളിൽ ഈ ഭൂഗോളം മുഴുവൻ നിറഞ്ഞു നിൽക്കുന്നതായി തോന്നി.
വീണ്ടും വീണ്ടും പറയു എന്നായിരുന്നോ അവളുടെ മനസ്സ്മിടിച്ചത് ?
അവളുടെ മനസ്സ് കീഴടക്കാനുള്ള യാഗത്തിലായിരുന്നു ഞാൻ.
എന്നാൽ അക്ഷൌഹിണി ഒന്നും ഇല്ലാതെ നിന്ന ഞാൻ അവളുടെ മുന്നിൽ നിരായുധൻ ആയിരുന്നു.
ഇനി സംഭാഷണം എങ്ങനെ കൊണ്ടുപോകണം എങ്ങോട്ട് കൊണ്ടുപോകണം എന്നറിയാതെ പലപ്പോഴും കുഴഞ്ഞു.
ഒരു പെണ്കുട്ടിയെ ഇനി എന്തുപറഞ്ഞാണ് സന്തോഷിപ്പിക്കേണ്ടത്, എങ്ങനെ ആണ് അവളോട് സ്നേഹം കൂടേണ്ടത് എന്നതിന് ഒരു സൂചനയോ ധാരണയോ ഇല്ലായിരുന്നു.
ഇനി എന്താണ് പറയേണ്ടത് എന്നറിയാതെ, ഒന്നും പറയാൻ ഇല്ലാതെ അവളുടെ കണ്ണുകളിൽ മിന്നിമായുന്ന മഴവില്ല് നിറങ്ങളെയും ചിത്രശലഭങ്ങളെയും നോക്കി നിന്നു.
സ്നേഹത്താൽ മാത്രം വിടരുന്ന കണ്ണുകൾ!
സാന്യധ്യത്താൽ ധന്യമാകുന്ന നിമിഷങ്ങൾ!
ശനിയാഴ്ച്ചകളിലും ഞായറാഴ്ചകളിലും മാത്രമെത്തുന്ന ഓരോ ടുഷൻ ക്ലാസുകളും കഴിയവേ അനുവുമയി കൂടുതൽ അടുത്ത് കഴിഞ്ഞിരുന്നു.
ഞാൻ നിന്നെ പ്രേമിച്ചോട്ടെന്നു ചോതിക്കാതെ, എന്റെ കണ്ണുകളാൽ നിരന്തരം അവളോട് ചോതിച്ചുകൊണ്ടിരുന്നു.
പലപ്പോഴും ഞങ്ങളുടെ കണ്ണുകൾ പരസ്പരം സന്ധിച്ചു.
കഴിഞ്ഞ മൂന്നുവർഷമായി തികച്ചും സമാന്ദരമായി പൊയ്കൊണ്ടിരുന്ന രേഖകൾ.
അവളെക്കുറിച്ചുള്ള ചിന്തകൾ,
ആ നീണ്ട പുരികക്കൊടികളുടെ തണലിലെ വലിയ കണ്ണുകളോടുള്ള ഇഷ്ടം ഒരുതരം ലഹരി തന്നെ ആയിരുന്നു.
അവളുമൊപ്പമുള്ള സംസാരവും നടപ്പും ആ ലഹരിയെ കത്തിജ്വലിപ്പിച്ചുകൊണ്ടിരുന്നു.
ഓരോ ദിവസവും കഴിയുംതോറും ആ ലഹരി, വർദ്ധിത വീര്യത്തോടെ സിരകളെ ചൂഴ്ന്നു കൊണ്ടിരുന്നു.
വെറുമൊരു പുഞ്ചിരിയിൽ, നോട്ടത്തിൽ ഞാൻ എന്റെ മനസ്സ് പങ്കിട്ടു.
ഞങ്ങളുടെ പൊതു സുഹൃത്ത് മഞ്ജുഷ പറഞ്ഞാണ് അറിഞ്ഞത്, അനുശ്രീ എന്നെക്കുറിച്ച് അവളോട് സംസരിക്കാറുണ്ടത്രെ.
" അശ്വത് ന് എന്നോട് എന്തോ താല്പര്യം ഉണ്ടെന്നു തോന്നുന്നു
അവൻ എന്ന്നോട് എന്തൊക്കയോ പറയുന്നുണ്ട്, മറ്റു ചിലര് പറയാതെ, പറയാതെ പറയുകയും ചെയ്യുന്നു.
പക്ഷെ അവൻ എന്നെകാട്ടിലും ഇളയതാണല്ലോ. എന്താ ചെയ്കാ"
മഞ്ജുഷ എന്നോട് ഇങ്ങനെ പറയുമ്പോൾ, സത്യം പറഞ്ഞാൽ എനിക്ക് വളരെ സന്തോഷം ആണ് തോന്നിയത്. കാരണം, എന്റെ മനസ്സ് അവൾ വായിച്ചു എടുത്തല്ലോ.
പിന്നീട് പതിവ് സ്നേഹ ഭാഷണങ്ങൾക്കും നോട്ടത്തിനും ഇപ്പുറം
നേർ രേഖകൾ ഉടക്കി നിന്നു.
രണ്ടാം വർഷ വാർഷിക പരീക്ഷക്ക് ശേഷം അവൾ ടുഷന് വരാതെയായി.
വളർച്ചയെത്താതെ ആ ഭലം പതുക്കെ അടർന്നുപോയി.
***************************************************************************************************************
കരിക്കോട് റെയിൽവേ മേൽപ്പാലത്തിന്റെ ഇറക്കം ഇറങ്ങി വലത്തോട്ട് തിരിയുമ്പോൾ ആദ്യം കാണുന്നത്,
വന്ദ്യ ദീർഘദ്രഷ്ടി ജനാബ് തങ്ങൾ കുഞ്ഞു മുസലിയാർ സ്ഥാപിച്ച എഞ്ചിനീയറിംഗ് കോളേജ് ആണ്.
പ്രോഡോജ്ജല ശോഭയോടെ മുഗൾ ശിൽപചാരുതയുടെ മാതൃകയിൽ സർവ്വപ്രതാപത്തോടെ നിൽക്കുന്ന
ആ കോളേജ് വളവിൽ നിന്നും മുന്നോട്ട് പോകുമ്പോഴാണ് അദ്ധേഹത്തിന്റെ നാമധേയത്തിൽ തന്നെയുള്ള ആര്ട്സ് കോളേജ്.
സിമന്റ് കല്ലുകൾ പാകിയ നടവഴിയിലൂടെ
മഞ്ഞപ്പൂവും പുളിയിലയും പൊഴിഞ്ഞു കിടക്കുന്ന പടവുകൾ കടന്നു മുന്നോട്ട് നടന്നു.
ആദ്യം കാണുന്ന കാന്റീനും കോ-ഓപരെറ്റിവ് സൊസൈറ്റിയുടെ സ്റ്റോറും കടന്നു പിന്നെയും വലത്തോട്ട് തിരിയണം.
ശേഷം പടികൾ കയറി ഒന്നാമത്തെ നിലയിൽ എത്തുമ്പോൾ ആദ്യം കാണുന്നതാണ് ഒന്നാം വര്ഷ ബിരുദ ക്ലാസ്സ്.
പത്താം ക്ലാസ്സ് കഴിഞ്ഞു കോളേജിൽ പോകാം എന്ന് ആഗ്രഹിച്ചു നില്ക്കുമ്പോഴാണ്
സര്ക്കാരിന്റെ പുതുക്കിയ പ്രീഡിഗ്രി നയത്തിന്റെ ഭാഗമായി കോളേജുകളിൽ നിന്നും സീറ്റുകൾ കുറച്ചു തുടങ്ങിയത്.
അങ്ങനെ തൊണ്ണൂറ്റി ഏഴിൽ കൊറ്റംകുളങ്ങരയിൽ സ്കൂൾ അന്തരീക്ഷത്തിൽ തന്നെ ഹയർ സെക്കണ്ടറിക്ക് ചേർന്നു.
ഇപ്പോൾ കോളെജിലേക്ക് വന്നുവെങ്കിലും ആ സ്കൂൾ മനസും പേടിയും ചുറ്റുപാടും വിടാതെ പിന്തുടരുന്നു.
മിഥുന മാസത്തിലെ പെരുംമഴ.
അടച്ചുറപ്പില്ലാത്ത ജനലിലെ തുരുമ്പ് പിടിച്ച കമ്പികൾക്കിടയിലൂടെ മഴ കാണാം.
കുത്തിതെറിച്ചു മണ്ണ് ഇളക്കി പെയ്യുന്ന മഴ.
ഗ്രൗണ്ടിൽ ക്രികറ്റ് കളിയുമായി നിന്ന പിള്ളാർ കളം വിടുന്നു.
എക്കണോമിക്ക്സ് ക്ലാസ്സായിരുന്നു.
മഴയുടെ ഇരമ്പലിലും മൂളലിലും സാറിന്റെ ശബ്ദം പതുങ്ങിപോയതുപോലെ.
അശ്രദ്ധയോടെ ഇരുന്ന ആ ക്ലാസ്സിൽ കണ്ണുകൾ പതിയെ ഡെസ്കിലെ ചുരണ്ടിമാറ്റിയ പ്രതലത്തിലേക്ക് പോയി.
നീല പേനകൊണ്ട് കൊണ്ട് 'ദേവരഞ്ചിനി' എന്ന് എഴുതിയിരിക്കുന്നു.
മനോഹരമായ കൈയ്യക്ഷരത്തിൽ കട്ടിയോടെയുള്ള ആ എഴുത്ത് ആകര്ഷിക്കുന്നതായിരുന്നു.
രാവിലെത്തെ ഡിഗ്രി സെക്ഷൻ കഴിഞ്ഞാൽ ഉച്ചക്ക് പ്രീഡിഗ്രി ബാച്ച് ആണ്.
കേരള വിദ്യാഭാസ ചരിത്രത്തിലെക്ക് മണ്മറയുന്ന, ടികെമ്മിലെയും അവസാന പ്രീഡിഗ്രി ബാറ്റ്ചിൽ ഒന്ന്.
ഒരുപക്ഷെ ഞങ്ങളുടെ ഈ ക്ലാസ് കഴിയുമ്പോൾ ഉച്ചക്ക് ശേഷം ആ പ്രീഡിഗ്രീ കുട്ടികൾ ആവും.
അവരുടെ കലാവാസന ആവുമിത്.
അങ്ങനെ എങ്കിൽ ഇവിടെ ഉച്ചക്ക് ശേഷം ഇരിക്കുന്നത് പെൺകുട്ടികൾ ആണോ? അവരുടെ ആരെങ്കിലും പേരായിരിക്കുമോ ഇത്?
ആരായിരിക്കും ആ പെണ്കുട്ടി
എങ്ങനെ ആയിരിക്കും അവൾ?
സുന്ദരി ആയിരിക്കുമോ?
ചിന്തകൾക്ക് പുറത്തെ മഴയുടെ കുളിരും തണുപ്പും.
അതോ ഏതോ വിരുതൻമാരുടെ ചിത്രകലാ പഠനമാണോ?
മനസ്സ് ഇങ്ങനെ കാടുകയറാൻ തുടങ്ങി!
എന്തായാലും ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞിരുന്നു,ഉച്ചക്ക് ശേഷം ഇവിടെ ഇരിക്കുന്നത് ആരാണ് എന്നറിയണം.
അതിനായി എന്റെ തൊട്ടടുത്ത് ഇരുന്ന സുഹൃത്ത് ഹാഷിം സഹായിക്കാമെന്ന് ഏറ്റു.
ഹാഷിം കോളേജിനു സമീപമുള്ള ഹോസ്റ്റലിൽ താമസിച്ചാണ് പഠിക്കുന്നത്.
ദൈവഭയമുള്ള പയ്യനാണ്.
അവൻ എന്തായാലും പറ്റിക്കില്ല.അത് ഉറപ്പ്.
അടുത്ത ദിവസം ഹാഷിം ആ വിവരവുമായിട്ടാണ് വന്നത്.
ഉച്ചക്ക് ശേഷം ഇത് പ്രീഡിഗ്രി തേർഡ് ഗ്രൂപ്പ്കാരുടെ ക്ലാസ്സാണ്.
രണ്ടാം വർഷക്കാർ! അതും പെൺകുട്ടികൾ മാത്രമുള്ള ക്ലാസ്!
അതെ ഇവിടെ ഇരിക്കുന്നത് പെൺകുട്ടികൾ തന്നെയാണ്.
പകുതിമുറിഞ്ഞ ബ്ലേഡ് കൊണ്ട് 'ദേവരഞ്ചിനി'യുടെ വലതു വശത്തേക്ക് മാറി പതുക്കെ തടിയിലെ പുറം പാളി ചുരണ്ടിത്തുടങ്ങി.
വെളുത്ത് മിനിസമായ അവിടം ഒരു കോമയിട്ട് പൂരിപ്പിച്ചു,
'''ദേവരഞ്ചിനി'ഐ ലൂവ് യു ''
ഞാനവിടെ ഇരുന്നു ഇങ്ങനെ കുത്തികുറിക്കുന്നത് സാറ് ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നി.
പെട്ടന്ന് അവിടം ബുക്ക് കൊണ്ട് മറച്ചു.
പണ്ട് സ്കൂൾ കാലത്തെ വികൃതിത്തരം ആയിരുന്നു, മൂത്രപ്പുരയിലും മതിലിലും ഒക്കെ സുന്ദരികളും
പഠിക്കാൻ മിടുക്കികളും ആയ പെണ്കുകുട്ടികളുടെ പേരോടപ്പം സ്വന്തം പേരഴുതിവെക്കുക എന്നത്.
എന്റെ കാര്യമല്ല പറഞ്ഞത്, എന്റെ പ്രായത്തിലുള്ള പലരുടെയും.
അത്തരം വികൃതിത്തരങ്ങളുടെ തനിപകർപ്പായിരുന്നു ഇതും.
നാളത്തെ പ്രഭാതത്തിനായി കാത്തിരുന്നു.
ക്ലാസ്സിൽ എത്തി ആദ്യം നോക്കിയത് ഡെസ്കിലെ സന്ദേശത്തിലേക്ക് ആയിരുന്നു.
അഞ്ചലാപ്പീസ് പ്രതീക്ഷ നിര്ഭരം തന്നെ !
'ദേവരഞ്ചിനി' എന്ന് എഴുതിയിരിക്കുന്നിടം ഒരു ചിത്രകൂടം കണക്കെ കുറച്ചു കൂടി വിപുലമാക്കിയിരിക്കുന്നു.
ചാരം മൂടിയ ഡെസ്കിലെപാളി ചുരണ്ടി.. പേന കൊണ്ട് ഒരു ഹൃദയചിഹ്നം കൂടി വരച്ചിരിക്കുന്നു.
ദേവരഞ്ചിനി' ഹൃദയ രഞ്ജിനി ആയി മാറിയിരിക്കുന്നു
എന്റെ ഹൃദയമിടിപ്പും കൂടിവന്നു.
ബുക്കിൽ നിന്നും വെള്ള പെപ്പർ കീറി പതുക്കെ കോറിയിട്ടു...
" 'ദേവരഞ്ചിനി' നിനക്ക് എന്റെ ഹൃദയകമലത്തിലേക്ക് സ്വാഗതം...
വൈക്കത്തിന്റെ നാരായണിയെ പോലെ ...ഇവിടെ നമുക്ക് സംവദിക്കാം.
ഇരുമ്പിയാർക്കുന്ന ഈ മിഥുന മഴയിൽ മരവിച്ച ഓർമ്മകൾ ഉറങ്ങുന്ന, യുദ്ധങ്ങളുടെ അസ്തിപഞ്ചരം പേറുന്ന പൊളിഞ്ഞ കുതിരലായങ്ങളും, വേർപാടുകൾ വരുത്തിയ ദുഖങ്ങൾ കുടികൊള്ളുന്ന ശ്മശാനങ്ങളിലെ അറുമുശിപ്പൻ ചരിത്ര സമസ്യകളുടെ, കടുകട്ടി വ്യാകരണ ഘോഷണങ്ങളുടെ, ശ്ലതകാകളിയിൽ കവിത പൂക്കുന്ന മലയാണ്മയുടെ, കഥാസരിത് സാഗരങ്ങളുടെ ആഴങ്ങളിൽ നിന്നും, ഉറക്കംതൂങ്ങുന്ന സാമ്പത്തിക ശാസ്ത്ര കൌശലങ്ങളെയും,
ദുരന്തം പേറുന്ന ഷേക്സ്പിയർ കഥാപത്രങ്ങളെയും വഴിയിൽ ഉപേക്ഷിച്ചു നമുക്കൊരു കുടക്കീഴിൽ നടക്കാം.
ഹൃദയ രക്തം പേറി ഇടറിവീഴാൻ വെമ്പുന്ന ഗുൽമോഹർ മരച്ചുവട്ടിൽ തണൽ പാർക്കാം.
ഈ പാന്ഥാവിലെ പാഥേയമായ ചെറുചൂടു ചായയും ഏത്തക്ക പഴപ്പോരിയും,
എഴുതി മുഴുവിപ്പിക്കാത്ത കവിതയിലെ പ്രണയ ബിംബങ്ങളും പങ്കുവെക്കാം.
അൽപ നേരം സമയം കഴിക്കാം...
നിനക്കായി ഞാൻ എന്നെ സമർപ്പിക്കട്ടെ...
പിന്നെ ഉറക്കെ പറയാം നമ്മൾ പ്രണയിക്കുക ആണെന്ന്...
ഈ കറുത്ത കുട ഉപേക്ഷിച്ചു മഴത്തുള്ളികൾ ഏറ്റുവാങ്ങാം
മണ്ണിൽ കുതിച്ചു ചാടുന്ന തുള്ളികൊളോടപ്പം ഇനിയും നടക്കാം, ചേറു മണക്കാം.
ഗുൽമോഹർ ഇലകൾ കോർത്ത് ഹാരം ചൂടാം.
രക്ത തിലകം ചാർത്തി, നിന്നെ ആനയിക്കട്ടെ, എന്റെ ഓമലെ, ദേവരഞ്ചിനി"
കടലാസ്സ് കഷ്ണം മടക്കി ഡസ്കിന്റെ കീഴ് അറയിലേക്ക് തിരുകാൻ ശ്രമിക്കുമ്പോഴാണ് പശ തീർന്ന ഒരു ഒട്ടിപ്പ് പൊട്ടും പൊട്ടിയ ചെറുതുണ്ട് കുപ്പിവളയും കണ്ടത്.
കൈയ്യിലിരുന്ന മഷി തീരാറായ റെയനോൾഡു പേന, മഷി തീർത്തു ആ കടലാസിനോട് ചേർത്തുവെച്ചു.
ഒപ്പം മറ്റൊരു കുറിപ്പും.
"പ്രിയെ ദേവരഞ്ചിനി,
നിന്നോട് എന്റെ ഹൃദയം തുറന്നു കാട്ടാൻ ശ്രമിക്കുകയായിരുന്നു.
നീ ആരാണ് എന്നോ എങ്ങനെ ആണന്നോ അറിയില്ല.
ഞാനത് മനസ്സിലാക്കാൻ ശ്രമിക്കുന്നതിനു മുന്നേ നീ എനിക്ക് സ്വന്തമായിട്ടുള്ള ആരോ ആണന്നൊരു തോന്നൽ.
ഇങ്ങനെ എപ്പോഴോ പണ്ടൊരിക്കൽ നിന്നെ കണ്ടുമുട്ടിയോന്നൊരു ഉൾവിളി.
നിന്നോട് സംസാരിച്ചു തുടങ്ങിയപ്പോൾ എന്റെ തൊണ്ട ഇടറുന്നതുപോലെ.
അതെ, ഈ പേനയുടെ മഷിയും തീര്ന്നിരിക്കുന്നു.
പ്രണയപനിയുടെ പകൽ മഴ നനഞ്ഞു ഇനി ഞാൻ നടക്കട്ടെ.
ഇതിനോടപ്പമുള്ള പൊട്ടും കുപ്പിവളയും നിന്റെതാണ് എന്ന് വിശ്വസിക്കുന്നു.
അതിൽ നിന്റെ ആത്മാവും നിശ്വാസവും വിയർപ്പുകണവും സുഗന്ധവും ഉണ്ടാവുമെന്ന് കരുതട്ടെ.
മറുപടി പ്രതീക്ഷിക്കുന്നു."
അവയെല്ലാം കടലാസും ചേർത്ത് മടക്കി ഡസ്കിനടിയിൽ വച്ചു.
മായുന്ന സായന്തനവും നോക്കി, അടുത്ത പ്രഭാതവും കാത്തു ഞാനിരുന്നു.
അടുത്ത ദിവസം ക്ലാസ്സിലെത്തി പതിവ് പോലെ ഡസ്കിനുള്ളിൽ പരതി.
മഷിതീർന്ന പേന അവിടെ ഉണ്ടായിരുന്നില്ല.
എന്നാൽ , മറ്റൊരു ചെറിയ പേപ്പറിൽ ഒരു കുറിപ്പ്
"അഭിനവ വൈക്കമെ,
മതിലുകൾ മാത്രമല്ല എന്ട്രുപ്പുപ്പാക്കൊരു ആനയും കൂടി ഉണ്ടായിരുന്നു സാക്ഷാൽ വൈക്കത്തിനു.
താങ്കൾ ഒരുപക്ഷെ മതിലുകൾക്കുള്ളിൽ നിന്നും നാരായണിയുടെ കൊഞ്ചലും കിന്നാരവും പ്രതീക്ഷിക്കുകയാവും.
ക്ഷമിക്കണം!
ഇവിടെ ഇപ്പോൾ മഴ പെയ്യുന്നില്ല. മാത്രവുമല്ല ഞങ്ങൾ അത്രത്തോളം കാല്പനികരുമല്ല.
അതെ, ഞങ്ങൾ !
താങ്കളുടെ ഈ മുൻവിധിയുടെ രസച്ചരട് പൊട്ടിക്കാൻ താൽപര്യമുണ്ട്, പക്ഷെങ്കിലും ഒന്ന് പറയട്ടെ ഈ കുറിമാനം തുടരുക .
നിങ്ങൾ തിരയുന്ന ദേവരഞ്ചിനിയെ നിങ്ങളുടെ മുന്നില് എത്തിക്കാം
പക്ഷെ ഈ ഡസ്കിലെ ഹൃദയ ചിഹ്നത്തിൽ ഏതെങ്കിലും മാറ്റമോ എഴുത്തുകുത്തുകളോ നടത്തരുത്.
ദേവരഞ്ചിനി. പേര് മനോഹരം ആയിരിക്കുന്നു അല്ലെ.
വൈക്കത്തിനു ടിവി കാണുന്ന ശീലം കുറവാണെന്ന് തോന്നുന്നു.
മലയാളം ദൂരദർശൻ ഉച്ചക്ക് ശേഷം സംപ്രഷണം ചെയ്യുന്ന ഒരു സീരിയലിന്റെ പേരാണിത്. "ദേവരഞ്ചിനി."
ഇത് ഇപ്പോൾ എഴുതുന്നത് ഞങ്ങൾ അല്ല ഞാനാണ്.
എന്റെ പേര് ചിത്രലേഖ എന്നാണ്.
വൈക്കത്തിനെ ഒന്ന് കാണണമെന്നുണ്ട്.
ഒരുപക്ഷെ, കോളേജ് ഡേയ്ക്ക് വേണ്ടി ഞങ്ങൾ രൂപപെടുത്തുന്ന കലാപരിപാടിക്ക് സഹായമേകുവാൻ താങ്കൾക്ക് കഴിഞ്ഞേക്കും.
അതു മാത്രമല്ല, ഒന്ന് കാണണമല്ലോ!
നാളെ കോളേജ് കഴിയുന്ന സമയം സൊസൈറ്റി കെട്ടിടത്തിനു മുന്നിലെ മഞ്ഞപ്പൂ പൊഴിയുന്ന ആ പേരറിയാത്ത മരത്തിനു സമീപം കാത്തു നില്ക്കണം.
ഞങ്ങളുടെ ഷിഫ്റ്റ് തുടങ്ങന്നതിനു മുന്നേ നമുക്ക് കാണാം."
ചിത്രലേഖയുടെ എഴുത്ത് രണ്ടാവർത്തിയിൽ കൂടുതൽ വായിച്ചു.
ചുണ്ടിലെ ചമ്മിയ ചിരിയോടെ....
അപ്പോൾ കഥ അങ്ങനെ ആണ്.
മലയാളം ടിവി സീരിയലുകളുടെ പിതാവും ആത്മാവും ആയ മധു മോഹൻ അവർകളോട് മാപ്പ് പറഞ്ഞു.
മുട്ടുകുത്തി പ്രാർത്ഥിച്ചു.പഞ്ചാക്ഷരം ആയിരത്തിയൊന്നു വട്ടം ഒരുക്കഴിച്ചു.
സർവപാപങ്ങൾക്കും കാലദോശങ്ങൾക്കും നാഗതമ്പുരാന്മാർക്ക് മഞ്ഞളഭിഷേകം.
ആ മറുപടി കത്ത് പലയാവർത്തി ചർച്ച ചെയ്തു.
ചമ്മിയോ അതോ പരിഹാസ്യനായോ. എന്താണ് വികാരം എന്ന് തീര്ച്ചപെടുത്തുവാൻ വയ്യാ.
എങ്കിലും കാണണം എന്ന് പറഞ്ഞുവല്ലോ. അത് തന്നെ സന്തോഷം.
വ്യാഴാഴ്ചക്ക് ഇനിയും രണ്ട് ദിവസം കൂടി ഉണ്ട്.
എന്താണ് അവൾ ആ ദിവസം നിശ്ചയിച്ചത് ?
അടുത്ത ദിവസം അപ്രതീക്ഷിതമായി വിപ്ലവ വിദ്യാർത്ഥി യുണിയന്റെ സമരം ആയിരുന്നു.
സമരത്തിന്റെ ഭാഗമായി പ്രകടനം നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ പോലിസ് അതിക്രമം.
അതിനെ പ്രതി തുടർ സമരങ്ങൾ.
ഓ ദൈവമേ ദേവരഞ്ചിനി എന്നെ പരീക്ഷിക്കുകയാണോ ?
പ്രതീക്ഷ നഷ്ടപെട്ടുതുടങ്ങുന്നു.
ഒരാഴ്ചത്തെ സമര കോലാഹലങ്ങൾക്ക് ശേഷം തിങ്കളാഴ്ച കോളേജു തുറന്നു.
അടുത്ത ദിവസം എന്തെങ്കിലും കത്തുണ്ടാവുമോ എന്ന് പരതി.
ഇല്ലാ.
ഓരോ ദിവസം അഞ്ചല് അപ്പിസ് നിശ്ചലം ആയിരുന്നു.
മൂകമായിരുന്നു.
ഇനി എന്താണ് ചെയ്യേണ്ടത്.
നിർവ്വികാരതയും നിസ്സഹായതയും.
എന്തായാലും ഒന്ന് അന്നെഷിക്കം, പക്ഷെ എവിടെ ? എങ്ങനെ ആണ് ?
ഉത്തരങ്ങൾ ഒന്നും കിട്ടാതെ വിഷമിച്ചിരിക്കുമ്പോൾ, വീണ്ടും ഹാഷിം മറുപടിയുമായി എത്തി.
പ്രീക്ലാസുകൾ പുനര്ക്രമീകരിച്ചിരിക്കുന്നു.
ഉച്ചക്ക് ശേഷം ഞങ്ങളുടെ ക്ലാസ്സിൽ ഇപ്പോൾ മറ്റു ക്ലാസുകൾ നടത്തുന്നില്ല.
ചിത്രലേഖയുടെ രണ്ടാം വർഷ ക്ലാസ്സ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരിക്കുന്നു.
മായിക്കാതെ ഡസ്കിൽ അപ്പോഴും ദേവരഞ്ചിനി മായാതെ കിടന്നു.
ചിത്രലേഖ പിന്നിൽ എവിടെയോ നിന്ന് ചിരിക്കുന്നു.
ഉള്ളിൽ ഒളിപ്പിച്ച നിരാശ പുറത്തുകാട്ടാതെ ഡസ്ക് പ്രണയം മരവിച്ചു നിന്നു.
പാടി മുഴുവിക്കാതെപോയ, ഗാനം.
ആരായിരുന്നു ആ പെണ്കുട്ടി?
ദേവരഞ്ചിനി ആയി വന്നു ചിത്രലേഖയായി മാറി വിചിത്രമായി നഷ്ടപ്പെട്ട ആ സൗഹ്രദം.
---------------------------------------------------------------------------------------------------------------------------------------------
ആയ് രാജാക്കന്മാരുടെ ഓർമ്മകൾ ഉറങ്ങുന്ന നാടാണ് വേണാട് പട്ടണം.
നീരാളി പോലെ വേണാടിനെ തഴുകി തലോടുന്ന അഷ്ടമുടി കായൽ.
കശുവണ്ടിക്കറയിൽ ഉറങ്ങി ഉണർന്ന് നഗരത്തിന്റെ സർവ പാപവും പേറി അവൾ ഒഴുകുന്നു.
പണ്ട് ചീനക്കാർ ഭരണിയുമായി വന്നതും ലെവന്റെയിലേക്ക് കുരുമുളക് വ്യപാരം അഭിവൃദ്ധിപെട്ടതും ഒക്കെ ഈ കായൽ കരയിൽ ആവണം.
ചെമ്മണ്ണ് പാകിയ ആശ്രാമം മൈതാനത്ത് നിന്നും വളവ് തിരിഞ്ഞു നടന്നു.
ആൽത്തറ കവലയിൽ നിന്നും നേരെ ചെന്ന് ഇറങ്ങുന്നത് പാർക്കിലേക്കാണ്.
സർക്കാർ ഗസ്റ്റ് ഹൗസിൽ നിന്നും ബസ് സ്റേഷനിൽ നിന്നും തെല്ലു മാറിയാണ് മനോഹരമായ അഡ്വെഞ്ചർ പാർക്ക്.
ഏതാണ്ട് അമ്പതോളം ഏക്കറിൽ വളഞ്ഞു കിടക്കുന്ന പിക്നിക് വില്ലേജ്.
അപ്പുപ്പൻ മരങ്ങളും പുൽത്തകിടിയും ആ പാർക്കിനെ സമ്പന്നമാക്കിയിരിക്കുന്നു.
കണ്ടൽച്ചെടികളുടെ നല്ലൊരു സംരക്ഷണ മാതൃക തന്നെ അവിടെ ഉണ്ട്.
പടികെട്ടുകൾ ചവിട്ടി അനൂപ് ചന്ദ്രനും അജയനുമോപ്പം പാർക്കിലേക്ക് ഇറങ്ങി.
അപ്രതീക്ഷിതമായി കിട്ടിയ അവധി ആണ്, വിദ്ധ്യാർത്തി സമരം തന്നെ കാരണം.
ഇത് അവസാന വർഷമാണ്, ഡിഗ്രീക്കാലത്തെ ഈ മൂന്നു വർഷങ്ങൾക്കുള്ളിൽ എത്ര സമരങ്ങൾ.
കായലിലേക്ക് ചാഞ്ഞു കാറ്റാടിമരങ്ങൾ ഇല പൊഴിച്ചു നില്ക്കുന്നു
ചിലര് അതിൽ ചാരി കാറ്റുകൊള്ളുന്നു.
വീതിയേറിയ മരത്തിനു അരികൾ കാമുകി കാമുകൻമാരുടെ സല്ലാപം.
അവിടെ ഉണ്ടായിരുന്ന മിക്കവാറും സന്ദർശകർ കോളേജു വിദ്യാർഥികൾ ആണെന്ന് തോന്നുന്നു.
ഒറ്റക്കായി നിൽക്കുന്നവർ കുറവാണു എവിടെയും കൂട്ടായ്മകൾ മാത്രം
കുട്ടികള്ക്കുള്ള കളികോപ്പുകളിൽ അവരുടെ ആരവും ആഘോഷവും
പടി ഇറങ്ങി ഞങ്ങൾ ഒരു സിമന്റ് ബെഞ്ചിൽ ഇരുന്നു.
അഷ്ടമുടിയുടെ ഓളങ്ങളെ കീറിമുറിച്ചുകൊണ്ട് ടൂറിസ്റ്റ് ബോട്ടുകൾ.
ചെവിയോർത്താൽ മരങ്ങൾക്കിടയിൽ നിന്നും കുയിൽ നാദം കേൾക്കാം.
വിവിധങ്ങളായ പത്തുശിൽപങ്ങളാൽ മനോഹരമാണ് ഈ പാർക്ക്.
ആ ശില്പങ്ങൾക്ക് ചുറ്റും നിന്നു പലരും കിന്നാരും പറയുന്നുണ്ട്, ചിലർ ഫോട്ടോകൾ എടുക്കുന്നു.
'അവൾ '
'ഹൃദയവും തലച്ചോറും ഇല്ലാത്ത സ്നേഹം'
'ബുദ്ധ'
'കഥ പറയുന്നവർ'
'മുദ്രാവാക്യങ്ങളുടെ ഭാണ്ഡം' എന്നിങ്ങനെ ആയിരുന്നു ആ മൺസൂൺ ശിൽപ്പങ്ങൾ.
അവർക്കിടയിലൂടെ നടന്നു.
പുറത്തു നിന്നും വാങ്ങിയ ഐസ്ക്രീം തിന്നു തുടങ്ങിയിട്ടെ ഉണ്ടായിരുന്നുള്ളു.
ഇല പൊഴിഞ്ഞു നിൽക്കുന്ന ഒരു മരത്തിനു ചുവട്ടിൽ ഞങ്ങൾ നിന്നു.
അപ്പോഴാണ് ഞങ്ങളുടെ ക്ലാസ്സിലെ അനിത മറ്റു രണ്ടുപേരോടപ്പം അവിടേക്ക് നടന്നു വരുന്നത് കണ്ടത്.
അനിതയുടെ കൂടെ ഉള്ള പയ്യനെ കോളേജിൽ വെച്ച് കണ്ടു പരിചയമുണ്ട്,
കൂടെ ഉള്ള പെൺകുട്ടി അവന്റെ കൈവിരലുകൾള്ളിൽ അവളുടെ കൈകൾ അമർത്തിപിടിച്ചിരുന്നു.
ആ പെൺകുട്ടിയെ കോളേജിൽ കണ്ടതായിട്ട് ഓർക്കുന്നില്ല.
എങ്കിലും എവിടെയോ വെച്ച് കണ്ടതുപോലെ.
എനിക്കറിയാമെന്നതുപൊലെ.
വളരെ അടുത്ത് പരിചയമുള്ളതുപോലെ.
ഈ 'ദെജാ വ്യു' എന്ന് പറയുന്നതു ഇതിനെയാണോ ?
ഈ ഒരു നിമിഷം മുൻപ് എപ്പോഴോ നടന്നിട്ടുള്ളതുപോലെ.
ഞങ്ങളെ കണ്ടതും അനിത, അവളുടെ കൂട്ടുകാരെ ഞങ്ങൾക്ക് പരിചയപെടുത്തി തന്നു.
ആ പയ്യനാണ് ആദ്യം പറഞ്ഞു തുടങ്ങിയത്.
'ഞാൻ സാദിഖ്, ഫസ്റ്റ് ഇയർ ബിയെക്ക്"
'എനെ പേര് ചിത്രലേഖ, ഞാനും ഫസ്റ്റ് ഇയർ ബിയെ ആണ്."
ഞങ്ങൾ, ഞങ്ങളുടെ പേര് പറഞ്ഞു, സംസാരം തുടർന്നു.
അജയൻ , അനിതയോട് ചോദിച്ചു, "നിനക്ക് എങ്ങനെ ഈ ഫസ്റ്റ് ഇയറുകാരുമായി പരിചയം?"
"ചിത്രയെ എനിക്ക് പണ്ടേ അറിയാം. ഞങ്ങൾ ഒരേ നാട്ടുകാരാണ്. നിനക്ക് അറിയാമല്ലോ ഞാൻ പിഡിസി തൊട്ടെ ടിക്കെഎമ്മിൽ ഉണ്ട്.
അവളും ഇവിടെ തന്നെ ആണ് പഠിച്ചത്. പണ്ട് നമ്മൾക്ക് ഷിഫ്റ്റ് ആയിരുന്നല്ലോ.
അതുകൊണ്ടാണ് നേരിൽ കാണാൻ പറ്റാഞ്ഞത്."
അപ്പോൾ ഞാൻ ചോതിച്ചു, ചിത്രലേഖ പിഡിസി തേർഡ് ഗ്രുപ്പ് ആയിരുന്നോ ?
അവൾ അതെ എന്ന് തലയാട്ടി.
' വളരെ കഷ്ടമായിപ്പോയി എന്നെ പറയേണ്ടു" ഞാൻ സ്വയം പറഞ്ഞു.
വളരെ ആശ്ചര്യത്തോടെ അനിത ചോതിച്ചു, "അത് എന്തെ നീ അങ്ങനെ പറഞ്ഞത്"
കഥകളുടെ ആഴം പറഞ്ഞു അവരുടെ ഇടയിലെ വളരുന്ന പ്രേമപുഷ്പത്തിലെ ചോണോനുറുമ്പ് ആകേണ്ടതില്ലല്ലോ.
എന്ന് ചിന്തിച്ചെങ്കിലും ഞാൻ പറഞ്ഞു.
"ഇവരെ നേരത്തെ പരിചയപെട്ടിരുന്നുവെങ്കിൽ എനിക്കൊരു സഹായം ആയിരുന്നേനെ.
ഇഷ്ടപെട്ടുതുടങ്ങിയതും എന്നാൽ നഷ്ടപെട്ടതുമായാ ഒരു സൗഹൃദം അവിടെ ഉണ്ടായിരുന്നു, അയാളെ ഒന്ന് കണ്ടുപിടിക്കാമായിരുന്നു.
ഇനി പറഞ്ഞിട്ട് കാര്യമില്ല."
"പശുവും ചത്തു, മോരിലെ പുളിയും പോയിരിക്കുന്നു."
'എന്നാലും നിനക്ക് ഇത്രയും ബന്ധങ്ങൾ ഉണ്ടെന്ന് അറിഞ്ഞിരുന്നില്ലല്ലോ."
"എന്തായാലും നിങ്ങളെ കാണാനും പരിചയപെടാനും കഴിഞ്ഞതിലും സന്തോഷമുണ്ട്."
ഞാൻ പറഞ്ഞു.
അവർ ചെറുചിരിയോടെ നിന്നു.
ഞാൻ തൊട്ടടുത്ത നിന്ന മരത്തിലെക്കും അതിനു മുകളിലേക്കും നോക്കിയിട്ട് പറഞ്ഞു.
"ഈ മരമൊന്നു അടയാളപ്പെടുത്തിയേക്കാം.
മഞ്ഞപ്പൂ പോയിട്ട് ഒരു പൂപോലും പൊഴിയാത്ത മരമാണ് എന്ന് തോന്നുന്നു.
നമ്മൾ ഇനി വരുമ്പോൾ ഈ മരം ഇവിടെ ഉണ്ടാവുമോ എന്നും അറിയില്ല.
എങ്കിലും."
ഞാനൊന്നു നിർത്തി, ശേഷം ചിത്രലേഖയുടെ മുഖത്തേക്ക് ഒളികണ്ണിട്ട് നോക്കി.
അവൾക്കു മനസ്സിലായിട്ടുണ്ടാവുമോ ? എന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാവുമോ?
കാൽവിരലുകൾ നോക്കി നിന്ന അവളുടെ ദ്രിഷ്ടി പെട്ടന്ന് ലക്ഷ്യമില്ലാതെ കായലിലേക്കായി.
കൈവിരലുകൾ കൊണ്ട് ചുരിദാർ ഷാളിന്റെ തുമ്പ് വെറുതെ കെട്ടികൊണ്ട് നിന്നു.
കാഴ്ച്ചയുടെ ആദ്യ മാത്രയിൽ കണ്ട പ്രസന്നത നഷ്ടപെട്ടിരിക്കുന്നതുപോലെ തോന്നി.
ഒന്നും മിണ്ടാതെ അവൾ നിന്നു.
ശേഷം അനിതയോടായി പറഞ്ഞു, "നമ്മൾ ഇനിയും എത്രനാളുകൾ ഉണ്ട്, ഒരുമിച്ച് ?
എക്സാം തീയതി അടുക്കുന്നു ഇനി എത്ര നാൾ ഉണ്ട് ? അല്ലെ ?
അനിതയുടെ മുഖത്തും നിരാശ പടർന്നു.
'കഴിഞ്ഞ രണ്ടു വര്ഷമായി ഇവിടെ ഉണ്ടായിട്ടും പരിചയപെടാനും മിണ്ടാനും കഴിഞ്ഞില്ല എന്നുള്ളത് ഒരുകുറവും നൊമ്പരവും ആയി തന്നെ നില്ക്കട്ടെ. അല്ലെ ?
എങ്കിലും വളരെ മുൻപേ പരിചയപെടെണ്ടവർ ആയിരുന്നു. ഓകെ, നന്ദി,സാദിഖ്, ചിത്രലേഖ. വീണ്ടും കാണാം"
അജയൻ എന്തുകൊണ്ടാണ് അവരോടു അങ്ങനെ പറഞ്ഞത് എന്ന് മനസ്സിലായില്ല.
അവർ മൂവരും മുന്നോട്ട് നടന്നു.
പ്രതീക്ഷിച്ചതുപോലെ തന്നെ അല്പം മുന്നോട്ട് പോയിട്ട് അവൾ തിരിഞ്ഞു നോക്കി.
അവൾ തിരിച്ചറിഞ്ഞിരിക്കുന്നു, ആ അഭിനവ വൈക്കത്തെ!
കഥകൾ ഒന്നും അറിയാത്ത സുഹൃത്തുകളോടപ്പം പിന്നെയും അല്പം നടന്നു.
ലാസ്യമാനോഹരിയായി താളം കെട്ടി നില്ക്കുന്ന അഷ്ടമുടിയുടെ തീരത്തേക്ക് എത്തി.
ചാഞ്ഞു വീഴുന്ന വെയിൽ ഓളപരപ്പുകളിൽ നൃത്തം ചവിട്ടുന്നു.
മരങ്ങൽക്കിടയിലൂടെ മൂളിയെത്തുന്ന കാറ്റ് ഉഷ്ണത്തിന് വലിയ ആശ്വാസം ആകുന്നുണ്ട്.
അവിടെ അല്പം അകലെയായി കാറ്റാടി മരങ്ങൾക്കിടയിൽ ഫോട്ടോ ഷൂട്ട് നടക്കുന്നു.
നവ വധുവരൻമാര് ആണെന്ന് ദൂര കാഴ്ച്ചയിൽ മനസിലായി.
പുറം തിരിഞ്ഞു നിന്ന് ആ കല്യാണപെണ്ണിന്റെ ഫോട്ടോ എടുക്കുന്നത് നോക്കി അഭിപ്രായം പറയുന്നത് ഭര്ത്താവും ആവും.
ഭംഗിയായി വസ്ത്രം ധരിച്ചു നിൽക്കുന്ന അയാൾ വലത്തേ കൈയ്യിൽ അണിഞ്ഞിരിക്കുന്ന സ്വർണചെയിൻ മേൽപോട്ട് കയറ്റി ഇടാൻ ശ്രമിക്കുന്നു.
സെറ്റ് സാരി ഉടുത്ത് മുല്ലപ്പൂ ചൂടിയ ആ പെൺകുട്ടി കായലിനു അഭിമുഖം ആയാണ് നിൽക്കുന്നത്.
ഫോട്ടോഗ്രാഫർ അവര്ക്ക് നിര്ദേശം നൽകുന്നു.
അവളുടെ നീണ്ട കേശഭാരം ഒതുക്കി വെക്കുംപോഴാണ് ഞാനവളുടെ മുഖം ശ്രദ്ധിച്ചത്.
ഫോട്ടോഗ്രാഫറുടെ നിര്ദേശം അനുസരിച്ച് അവൾ പതുക്കെ വശം തിരിഞ്ഞു.
മരങ്ങൾക്കിടയിലൂടെ എത്തുന്ന സുര്യകിരണം ,ചായം പൂശിയ കവിളുകളിൽ പ്രതിഭലിക്കുന്നു.
കടകണ്ണിലൂടെ കണ്ടത് പാതിമുഖം ആണ്.
ആ വലിയ കണ്ണ്.
മുല്ലപ്പൂ ചൂടിയ നീളമേറിയ മുടി.
അത് അവൾ തന്നെ എന്ന് ഉറപ്പു വരുത്തുവാൻ എനിക്ക് രണ്ടാമതൊന്നു കൂടി നോക്കെണ്ടിയിരുന്നില്ല
എങ്കിലും എന്റെ ഹൃദയമിടിപ്പ് വീണ്ടും കൂടി നോക്കാനായി ആവിശ്യപെടുംപോലെ.
ഇത്തവണ അവളെ ഞാൻ കണ്ടു.
അവൾ എന്നെയും.
ചിരി വരുത്തുവാൻ ശ്രമിക്കുന്നതുപോലെ എന്നെ നോക്കി അവൾ അൽപ നേരം നിന്നു. വീണ്ടും ഫോട്ടോഗ്രാഫരുടെ നിർദേശത്തിനു ചെവിയോർത്തു.
അനുശ്രീയുടെ ആ വലിയ കണ്ണുകൾക്ക് മറ്റൊരാൾകൂടി ഉടമസ്ത്വം സ്ഥാപിച്ചിരിക്കുന്നു.
ശേഷം അവിടെ നിൽക്കാൻ തോന്നിയില്ല
പകുതി കഴിച്ച ഐസ്ക്രീം കൈയിൽ നിന്നും ചോർന്ന് പോകുന്നത് അറിയാതെ സുഹൃത്തുക്കളോടപ്പം പാർക്കിൽ നിന്നും പുറത്തേക്ക് നടന്നു.
മഞ്ഞുമാസ പക്ഷികളുടെ കൂട് കാറ്റത്ത് താഴെവീണ് തകർന്നു
പോക്കുവെയിലിൽ പ്രണയ നഷ്ടങ്ങളുടെ കബന്ധങ്ങൾ അഷ്ടമുടിയിലൂടെ ഒഴുകി നടന്നു..
ഈ ആയ് രാജാ രണഭൂമിയിൽ ചെറുവിലാപത്തോടെ എന്റെ നഷ്ടങ്ങളെ ശ്വസിച്ചു ഇനിയൊന്നു ഉറങ്ങട്ടെ.