"അമ്മയുമായി വീടിന്റെ പുറകിലെ പറമ്പിൽ നിൽക്കുക ആയിരുന്നു.
തൊട്ടാവാടിയും വേലിപ്പരുത്തിയും വളർന്നു കിടക്കുന്ന പച്ചപ്പ് അവിടെവിടെയായി കാണാം.
വാസ്തുവിന്റെ അതിർത്തി കാക്കുന്ന സർവ്വെരുടെ കാലിൽ നിന്നും കൃത്യം ഞാൺ വരച്ചത് പോലെ, കോണോടു കോൺ ഒരു കയർ എതിർ ദിശയിലേക്ക് നീണ്ടു കിടക്കുന്നു. ചതുരാകൃതിയിൽ ഉള്ള പറമ്പിനെ രണ്ടായി കീറിമുറിച്ചതുപോലെയാണ് ആ കയറിന്റെ കിടപ്പ്.
ഭൂമി ദേവിയുടെ നെറ്റിത്തടത്തിൽ നിന്നും നീളുന്ന സിന്ദൂര രേഖ പോലെ!.
തൊട്ടാവാടിയും വേലിപ്പരുത്തിയും ദേവിയുടെ മുടിച്ചുരുളുകളെ ഓർമ്മിപ്പിക്കുന്നു
പെട്ടെന്നാണ് ഒരു സർപ്പം, അതോ ചേരയോ ഞങ്ങളുടെ മുന്നിലൂടെ ഇഴഞ്ഞു വരുന്നത് കണ്ടത്. 'അമ്മെ ദേ ചേര' എന്ന് പറഞ്ഞു കൊണ്ട് ഞാൻ അമ്മയെ പിടിച്ചുമാറ്റി.അപ്പോൾ വീണ്ടും മറ്റൊരു ചേര ഞങ്ങൾക്ക് തൊട്ടു പുറകിലും.
അപ്രതീക്ഷിതം!
ഒരു നിമിഷം പകച്ചും തരിച്ചും നിന്നു!
പറമ്പിലാകെ മഞ്ഞച്ചായം പൂശിയതുപോലെ പീതവർണം പടർന്നു കിടന്നു."
പെട്ടെന്ന് തന്നെ ഉറക്കം ഉണർന്നു. ഉണരുമ്പോൾ തലപെരുക്കുന്നുണ്ടായിരുന്നു. വലത്ത് നിന്നും ഇടത്തേക്ക് വേദന പടരുന്നു.
മൊബൈലിൽ സമയം നോക്കുമ്പോൾ പുലർച്ചെ രണ്ടു മണി കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു.
ചിന്ത അമ്മയിലേക്ക് പോയി. നാട്ടിൽ അച്ഛനും അമ്മയും തനിച്ചാണ്.
പാതിരാത്രിയില് ഈ സ്വപ്നവിചാരത്തെ എങ്ങനെ ആണ് ഗണിക്കേണ്ടത്?. ഏത് മനയിലെ പടവുകളാണ് കയറേണ്ടത് ?
ഈ കഴിഞ്ഞ ദിവസങ്ങളിലായി ചിന്തയും മനസ്സും ദിവാസ്വപ്നങ്ങളും ഒക്കെ ഒരു മഞ്ഞുതുള്ളിയോടായിരുന്നു.
വിഷാദ ക്‌ളേശിതയായ മഞ്ഞുതുള്ളി!
അറബിക്കടലിനു അക്കരെ നിന്നുമുള്ള ആ നീഹാരബിന്ദു എന്റെ ചിന്തകളോടപ്പം കൂടുകയും കൂടെ നടക്കുകയും ചെയ്തിട്ടും പത്തോ പതിനഞ്ചോ ദിവസങ്ങൾ ആയിരിക്കുന്നു.
ജീവിത ചതുരംഗ പലകയിൽ കരുക്കൾ നീക്കി മുന്നേറുമ്പോൾ അപ്രതീക്ഷിതമായി മന്ത്രിയെ നഷ്ടപ്പെട്ട് കളങ്ങൾ മാറി മാറി ചലിച്ചു പ്രാണരക്ഷ തേടുന്ന രാജാവിന്റെ കഥപോലെ. എന്റെയീ ഇടവേളകൾ എന്നിലെ നിന്നെ തേടുക ആയിരുന്നു, അഭയസ്ഥാനം തിരയുക ആയിരുന്നു
മഞ്ഞുതുള്ളിയുടെ തിരുനെറ്റിയിൽ നിന്നും തുടങ്ങുന്ന സിന്ദൂര രേഖ, സർവ്വേയരുടെ അതിർത്തിയിലെ കയറി നെ ഓർമ്മിപ്പിക്കുന്നു. ഒരുവേള ആ അതിർത്തി ചാലിന്റെ അരികുപറ്റി നിന്ന മംഗല്യസൂചകം മാഞ്ഞുപോയിരിക്കുന്നു.
നിറം മങ്ങി, തഴമ്പായി മാറും മുൻപേ നഷ്ടപെട്ട സിന്ദൂരപ്പാട്!
സൂക്ഷിച്ചു നോക്കിയാൽ, തിരുനെറ്റിയിലെ ആ സിന്ദൂര ചാലിന്റെ മറുകരയിൽ മറ്റൊരു രക്തബിന്ദുവും കാണാം.
അകാലമായ പരിണയങ്ങൾ!
പുരുഷാന്തരങ്ങൾക്കുള്ള കാത്തിരിപ്പ്!
പരിപക്വമാകാതെ പോകുന്ന മഞ്ഞുതുള്ളിയുടെ സ്വപ്‌നങ്ങൾ.
വിട്ടൊഴിയാതെ സർപ്പദോഷം!
ആ മഞ്ഞുതുള്ളിയുടെ തണുത്ത സ്വപ്നങ്ങളുടെ കുളിരിലേക്കാണ് ഞാൻ എന്റെ നിമ്‌നമായ മനസ്സ് നീട്ടേണ്ടത്.
ജീവിതത്തിന്റെ പറമ്പിലേക്ക് സ്വപ്നങ്ങളെ, മോഹങ്ങളേ ആനയിക്കുന്നത് എത്ര വേഗമാണ്?
ചേരയാണെന്ന് അമ്മയോട് പറഞ്ഞുവെങ്കിലും അത് സർപ്പം ആയിരുന്നു.
നാഗത്താന്മാർക്ക് കളരിയിൽ വിളക്ക് തെളിയിക്കണം.
മണ്ണാറശ്ശാലയിലും ആദിമൂലം വെട്ടിക്കോട്ടു കാവിലും നാഗത്താന്മാർക്ക് മഞ്ഞളർപ്പിക്കണം.
വിളപ്പറമ്പത്തുകാവിലെ അപ്പൂപ്പന് വെറ്റയും പാക്കും സമർപ്പിച്ചു, ബ്രാഹ്മരാക്ഷസിനു വഴിപാട് കഴിപ്പിക്കണം .
കുളത്തിന്റെകിഴക്കേൽ കാവിലെ നാഗദൈവങ്ങളെ തുണ!
ആദിമൂല പരമ്പര നാഗങ്ങളെ,
ഒൻപതുതല വാഴും ദൈവങ്ങളെ,
ശേഷനും വാസുകിയും ദശസങ്കനും,
സംഗബാലനും കാർക്കോടകനും,
ഗുളികനും പദ്‌മനും മഹാപദ്‌മനും വരികാ,
നിങ്ങളീ കളത്തിലേക്ക് കാവുതീണ്ടി എഴുന്നെള്ളുക,
ഈ കളം കണ്ടു അനുഗ്രഹം ചൊരിയുക,
ഈ അറിവില്ലാ പൈതലിൻ പുള്ളുവപ്പാട്ടുകേട്ടു വട്ടമിട്ടു ആടുക, നിങ്ങൾക്ക് നൂറും പാലും!
മഞ്ഞപ്പുടവകൊണ്ട്,
മഞ്ഞൾക്കുറി വരച്ചു,
സർപ്പപ്പാട്ടിൽ ആറാടി,
മഞ്ഞകളഭത്തിൽ നീരാടി,
നീയെന്റെ കുടിയിലെ ചിരാതാകുക!
ആദിമൂല നാഗത്താന്മാരെ,
നിങ്ങൾ ഞങ്ങളുടെ നവജീവിത തുടിപ്പാകുക,
കവചമാകുക, ചക്രമാകുക!
നിങ്ങൾ ഞങ്ങളുടെ മനോമന്ത്രമാകട്ടെ !!!
No comments:
Post a Comment