Saturday, May 25, 2019

നീഹാരം

"അമ്മയുമായി വീടിന്റെ പുറകിലെ പറമ്പിൽ നിൽക്കുക ആയിരുന്നു.
തൊട്ടാവാടിയും വേലിപ്പരുത്തിയും വളർന്നു കിടക്കുന്ന പച്ചപ്പ് അവിടെവിടെയായി കാണാം. 
വാസ്തുവിന്റെ അതിർത്തി കാക്കുന്ന സർവ്വെരുടെ കാലിൽ നിന്നും കൃത്യം ഞാൺ വരച്ചത് പോലെ, കോണോടു കോൺ ഒരു കയർ എതിർ ദിശയിലേക്ക് നീണ്ടു കിടക്കുന്നു. ചതുരാകൃതിയിൽ ഉള്ള പറമ്പിനെ രണ്ടായി കീറിമുറിച്ചതുപോലെയാണ് ആ കയറിന്റെ കിടപ്പ്.
ഭൂമി ദേവിയുടെ നെറ്റിത്തടത്തിൽ നിന്നും നീളുന്ന സിന്ദൂര രേഖ പോലെ!.
തൊട്ടാവാടിയും വേലിപ്പരുത്തിയും ദേവിയുടെ മുടിച്ചുരുളുകളെ ഓർമ്മിപ്പിക്കുന്നു

പെട്ടെന്നാണ് ഒരു സർപ്പം, അതോ ചേരയോ ഞങ്ങളുടെ മുന്നിലൂടെ ഇഴഞ്ഞു വരുന്നത് കണ്ടത്. 'അമ്മെ ദേ ചേര' എന്ന് പറഞ്ഞു കൊണ്ട് ഞാൻ അമ്മയെ പിടിച്ചുമാറ്റി.അപ്പോൾ വീണ്ടും മറ്റൊരു ചേര ഞങ്ങൾക്ക് തൊട്ടു പുറകിലും. 
അപ്രതീക്ഷിതം!
ഒരു നിമിഷം പകച്ചും തരിച്ചും നിന്നു!
പറമ്പിലാകെ മഞ്ഞച്ചായം പൂശിയതുപോലെ പീതവർണം പടർന്നു കിടന്നു."

പെട്ടെന്ന് തന്നെ ഉറക്കം ഉണർന്നു. ഉണരുമ്പോൾ തലപെരുക്കുന്നുണ്ടായിരുന്നു. വലത്ത് നിന്നും ഇടത്തേക്ക് വേദന പടരുന്നു.
മൊബൈലിൽ സമയം നോക്കുമ്പോൾ പുലർച്ചെ രണ്ടു മണി കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു. 
ചിന്ത അമ്മയിലേക്ക് പോയി. നാട്ടിൽ അച്ഛനും അമ്മയും തനിച്ചാണ്.
പാതിരാത്രിയില് ഈ സ്വപ്നവിചാരത്തെ എങ്ങനെ ആണ് ഗണിക്കേണ്ടത്?. ഏത് മനയിലെ പടവുകളാണ് കയറേണ്ടത് ?

ഈ കഴിഞ്ഞ ദിവസങ്ങളിലായി ചിന്തയും മനസ്സും ദിവാസ്വപ്നങ്ങളും ഒക്കെ ഒരു മഞ്ഞുതുള്ളിയോടായിരുന്നു. 
വിഷാദ ക്‌ളേശിതയായ മഞ്ഞുതുള്ളി!
അറബിക്കടലിനു അക്കരെ നിന്നുമുള്ള ആ നീഹാരബിന്ദു എന്റെ ചിന്തകളോടപ്പം കൂടുകയും കൂടെ നടക്കുകയും ചെയ്തിട്ടും പത്തോ പതിനഞ്ചോ ദിവസങ്ങൾ ആയിരിക്കുന്നു.

ജീവിത ചതുരംഗ പലകയിൽ കരുക്കൾ നീക്കി മുന്നേറുമ്പോൾ അപ്രതീക്ഷിതമായി മന്ത്രിയെ നഷ്ടപ്പെട്ട് കളങ്ങൾ മാറി മാറി ചലിച്ചു പ്രാണരക്ഷ തേടുന്ന രാജാവിന്റെ കഥപോലെ. എന്റെയീ ഇടവേളകൾ എന്നിലെ നിന്നെ തേടുക ആയിരുന്നു, അഭയസ്ഥാനം തിരയുക ആയിരുന്നു 

മഞ്ഞുതുള്ളിയുടെ തിരുനെറ്റിയിൽ നിന്നും തുടങ്ങുന്ന സിന്ദൂര രേഖ, സർവ്വേയരുടെ അതിർത്തിയിലെ കയറിനെ ഓർമ്മിപ്പിക്കുന്നു. ഒരുവേള ആ അതിർത്തി ചാലിന്റെ അരികുപറ്റി നിന്ന മംഗല്യസൂചകം മാഞ്ഞുപോയിരിക്കുന്നു.
നിറം മങ്ങി, തഴമ്പായി മാറും മുൻപേ നഷ്ടപെട്ട സിന്ദൂരപ്പാട്!

സൂക്ഷിച്ചു നോക്കിയാൽ, തിരുനെറ്റിയിലെ ആ സിന്ദൂര ചാലിന്റെ മറുകരയിൽ മറ്റൊരു രക്തബിന്ദുവും കാണാം.
അകാലമായ പരിണയങ്ങൾ!
പുരുഷാന്തരങ്ങൾക്കുള്ള കാത്തിരിപ്പ്!  
പരിപക്വമാകാതെ പോകുന്ന മഞ്ഞുതുള്ളിയുടെ സ്വപ്‌നങ്ങൾ.
വിട്ടൊഴിയാതെ സർപ്പദോഷം!

ആ മഞ്ഞുതുള്ളിയുടെ തണുത്ത സ്വപ്നങ്ങളുടെ കുളിരിലേക്കാണ് ഞാൻ എന്റെ നിമ്‌നമായ മനസ്സ് നീട്ടേണ്ടത്.
ജീവിതത്തിന്റെ പറമ്പിലേക്ക് സ്വപ്നങ്ങളെ, മോഹങ്ങളേ ആനയിക്കുന്നത് എത്ര വേഗമാണ്?

ചേരയാണെന്ന് അമ്മയോട് പറഞ്ഞുവെങ്കിലും അത് സർപ്പം ആയിരുന്നു.
നാഗത്താന്മാർക്ക് കളരിയിൽ വിളക്ക് തെളിയിക്കണം.
മണ്ണാറശ്ശാലയിലും ആദിമൂലം വെട്ടിക്കോട്ടു കാവിലും നാഗത്താന്മാർക്ക് മഞ്ഞളർപ്പിക്കണം.
വിളപ്പറമ്പത്തുകാവിലെ അപ്പൂപ്പന് വെറ്റയും പാക്കും സമർപ്പിച്ചു, ബ്രാഹ്മരാക്ഷസിനു വഴിപാട് കഴിപ്പിക്കണം .
കുളത്തിന്റെകിഴക്കേൽ കാവിലെ നാഗദൈവങ്ങളെ തുണ!

ആദിമൂല പരമ്പര നാഗങ്ങളെ,
ഒൻപതുതല വാഴും ദൈവങ്ങളെ,  
ശേഷനും വാസുകിയും ദശസങ്കനും,
സംഗബാലനും കാർക്കോടകനും,
ഗുളികനും പദ്‌മനും മഹാപദ്‌മനും വരികാ,
നിങ്ങളീ കളത്തിലേക്ക് കാവുതീണ്ടി എഴുന്നെള്ളുക,
ഈ കളം കണ്ടു അനുഗ്രഹം ചൊരിയുക, 
ഈ അറിവില്ലാ പൈതലിൻ പുള്ളുവപ്പാട്ടുകേട്ടു വട്ടമിട്ടു ആടുക, നിങ്ങൾക്ക് നൂറും പാലും!

മഞ്ഞപ്പുടവകൊണ്ട്,
മഞ്ഞൾക്കുറി വരച്ചു,
സർപ്പപ്പാട്ടിൽ ആറാടി,
മഞ്ഞകളഭത്തിൽ നീരാടി,
നീയെന്റെ കുടിയിലെ ചിരാതാകുക!
ആദിമൂല നാഗത്താന്മാരെ,
നിങ്ങൾ ഞങ്ങളുടെ നവജീവിത തുടിപ്പാകുക,
കവചമാകുക, ചക്രമാകുക!
നിങ്ങൾ ഞങ്ങളുടെ മനോമന്ത്രമാകട്ടെ !!!

Wednesday, April 24, 2019

ചവറ കൊറ്റൻകുളങ്ങര ക്ഷേത്രോത്സവം -ചമയവിളക്ക്

ചവറ കൊറ്റൻകുളങ്ങര ക്ഷേത്രോത്സവം -ചമയവിളക്ക് 

#foodtravelholybyaswath 

എന്തിനാണ് ക്ഷേത്ര ഉത്സവങ്ങൾ ?
എന്താണ് അത് ആഘോഷിക്കുന്നതിനുള്ള സാംഗത്യം?  എന്നിങ്ങനെ ഉള്ള ചോദ്യങ്ങൾ ആദ്യമായി കേട്ടത് ലോവർ പ്രൈമറി ക്ലാസ്സുകളിൽ എപ്പോഴോ പ്രിയസ്നേഹിതൻ മുഹമ്മദ് യഹിയ ചോദിച്ചപ്പോഴാണ്. ഏറെ ആലോചിട്ടുണ്ടെങ്കിലും, ആചാര മത പാരമ്പര്യ പഠനങ്ങളുടെ കുറവ് കൊണ്ടാകാം, അതിനുള്ള ഉത്തരം എന്താണെന്നുള്ളത് അന്നും അറിയില്ലായിരുന്നു.

കണ്ടു വളർന്നതും കേട്ടുവളർന്നതുമൊക്കെ ആണ്ടിലൊരിക്കൽ ആഘോഷിക്കാറുള്ള കൊറ്റൻകുളങ്ങരയിലെ ഉത്സവമായിരുന്നു. ഓരോ ഉത്സവങ്ങൾ കഴിയുമ്പോഴും വിഷമവും അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പുമായിരുന്നു, ആ കുട്ടിക്കാലം. അതിനുമപ്പുറം, മറ്റു ചോദ്യങ്ങളും ചിന്തകളും അപ്രസക്തമായിരുന്നു.

ആരാണ് ഉത്സവം തുടങ്ങിയത് ?
എങ്ങനെയാണു അതൊരു സ്ഥിരം സംവിധാനമായി നിലനിൽക്കുന്നത്? എന്തുകൊണ്ടാണ് എല്ലാവർഷവും അത് ആഘോഷിക്കുന്നത്?
എന്നിങ്ങനെ ഉള്ള ചോദ്യങ്ങൾ ഓരോ കാലത്തും ഉയർന്നുകൊണ്ടേയിരുന്നു. ചെറിയ ചെറിയ വായനകളിലൂടെ മനസ്സിലാക്കിയതും കേട്ടറിഞ്ഞതും നിരീക്ഷിച്ചതുമായ വസ്തുകകൾ ക്രമീകരിച്ചോരു ഊഹത്തിലേക്ക് എത്തുമ്പോഴാണ്, ചരിത്ര പാരമ്പര്യ പഠനങ്ങളിൽ ശ്രദ്ധയൂന്നുന്ന ശ്രി നിള അനിൽ കുമാർ ചേട്ടനെ കണ്ടുമുട്ടുന്നത്.

എന്റെ മനസ്സിൽ ഉരുത്തിരിഞ്ഞ ഉത്തരങ്ങളിലേക്കുള്ള വഴി തന്നെ ആയിരുന്നു അദ്ദേഹം പങ്കുവെച്ച അഭിപ്രായങ്ങളും.
ആദി ദ്രാവിഡ സംസ്കാരത്തോളം പരന്നു കിടക്കുന്ന കേരളീയ ക്ഷേത്ര സംസ്കാരവും മനുഷ്യ ജീവിതവും വയലുകളും വിളയിടങ്ങളും കേന്ദ്രികരിച്ചായിരുന്നുവല്ലോ നിലനിന്നിരുന്നതും വളർന്നതും. കാർഷികവൃത്തി തന്നെ ആയിരുന്നു അന്നത്തെ ജനങ്ങളുടെ മുഖ്യ വരുമാനമാർഗവും ജീവിതവും.
അവർ നല്ല വിത്തുകൾക്കും വിളവുകൾക്കും വേണ്ടി പ്രാർത്ഥിച്ചു.
കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥക്ക് വേണ്ടി പ്രാർത്ഥിച്ചു.
മഴക്ക് വേണ്ടി പ്രാർത്ഥിച്ചു.
വെയിലിനു വേണ്ടി പ്രാർത്ഥിച്ചു.
ഓരോ പ്രാർത്ഥനകൾക്കും കാരണങ്ങൾ ഉണ്ടായിരുന്നു. ആ ജനതയുടെ ആവിശ്യങ്ങൾ ഉണ്ടായിരുന്നു.
പ്രാർത്ഥനകള്ക്കായി ഗ്രാമദേവതയും ഉണ്ടായിരുന്നിരിക്കണം.  
ജീവിതം, വയലും വയലേലകൾക്കുമായി മാറ്റിവെച്ചവരുടെ ദേവതാസങ്കേതങ്ങളും സാന്ന്യധ്യവും വയലുകളുടെ അരികു പറ്റി തന്നെയാവണമല്ലോ.

ആണ്ടറുതിയിലെ വിളവെടുപ്പുകൾക്ക് ശേഷം, വിളവിന്റെ ഒരു ഭാഗം,ദേവതക്കായി സമർപ്പിച്ചിരിന്നിരിക്കണം.
വിളവെടുപ്പ് ആഘോഷം, വയലേലകളിൽ തന്നെ കെങ്കേമത്തോടെയും ആഘോഷിച്ചിരുന്നിരിക്കണം.
കൊടിതോരണങ്ങൾ കെട്ടി,
കൊട്ടും കുരവയും,
ആർപ്പുവിളിയോടെ കൊണ്ടാടിയിരുന്നിരിക്കണം.

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ചവറ ശ്രി കൊറ്റൻകുളങ്ങര ദേവി ക്ഷേത്രം.
ക്ഷേത്ര ഐദീഹ്യ പ്രാധാന്യത്താലും ആചാര അനുഷ്ടാനങ്ങളുടെ വ്യെത്യസ്തകളാലും, സുപ്രസിദ്ധവും അനേകരുടെ അഭയസ്ഥാനവും ആണ് ഈ ക്ഷേത്രം.
ഐതീഹ്യ പെരുമയുടെ താളിയോല കെട്ടഴിക്കുമ്പോൾ ചവറ കൊറ്റൻകുളങ്ങര ക്ഷേത്രത്തിനു പറയാൻ ഒരുപാടു കഥകളുണ്ട്. പഴമയുടെ ആ പനയോലകളിൽ പുതുമയോടെ ക്ഷേത്ര ജനനം ഒളിഞ്ഞുകിടക്കുന്നതായി കാണാം. നേർച്ചയായി നടത്തപെടുന്ന ഉത്സവപൂജക്കു വരെ കൈവിട്ടുപോയ പ്രണയപാരവശ്യത്തിന്റെ പ്രായശ്ചിത്തമാർന്ന കഥ പറയാൻ ഉണ്ടാവും.
കുറ്റിക്കാടുകളും വള്ളിപ്പടർപ്പുകളും പടർന്നു കിടന്നൊരു പ്രദേശം ആയിരുന്നു ഒരു കാലത്തു ചവറ കുളങ്ങര ദേശം. പലതരം കളികളിൽ ഏർപ്പെട്ടിരുന്ന പ്രദേശത്തെ ബാലന്മാർ കുറ്റിക്കാട്ടിലെ ഒരു ശിലയിൽ സ്പർശിക്കാൻ ഇടവരുകയും, ഉടനെ ആ ശിലയിൽ നിന്നും രക്തം പൊടിയുകയും ചെയ്തു. ഭയചകിതരായി കുട്ടികൾ ദേശമുഖ്യനെ വിവരം അറിയിപ്പിച്ചു. അദ്ദേഹം ദൈവജ്ഞനെയും ഒപ്പം ദേശപ്രമാണിമാരെയും കൂട്ടിവന്നു നടത്തിയ പ്രശ്ന ചിന്തയിൽ, ആ സ്ഥലത്തു ഈശ്വര ചൈതന്യവും സാമീപ്യവും ദേവി രൂപത്തിൽ ഉണ്ടെന്നും അതൊരു സ്വയംഭൂ ശിലാ വിഗ്രഹമാണെന്നും ഗണിച്ചു രേഖപ്പെടുത്തി. അവിടെ ക്ഷേത്രമെന്ന സങ്കല്പത്തിൽ കുട്ടികൾ നാളികേരം പൊട്ടിച്ചു കാഴ്ച്ച അർപ്പിച്ചു, വെള്ളക്ക കൊണ്ട് കളിവണ്ടികൾ ഉണ്ടാക്കുകയും ബാലന്മാരായ അവർ പെൺകുട്ടികളെപോലെ വേഷം ധരിച്ചു വിളക്ക് എടുക്കുകയും ചെയ്തു. 
ദേവി ചൈതന്യവും പ്രശസ്തിയും കൊച്ചിടിക്കാളിയിൽ നിന്നും സർവാർത്വാ സാധികയായ കൊറ്റൻകുളങ്ങര അമ്മയിലേക്ക് വളർന്നു.
നാടൊട്ടുക്കും പ്രതാപികളായ ഗജവീരന്മാരെ എഴുന്നെള്ളിച്ചും കൂറ്റൻ ഉത്സവഫ്‌ളോട്ടുകൾ ഒരുക്കി പൂരം നടത്തുമ്പോഴും കൊറ്റൻകുളങ്ങരയെ വ്യെത്യസ്തമാക്കുന്നതു വണ്ടിക്കുതിരകളും ചമയവിളക്കുമാണ്.

കൊല്ലം ജില്ലയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലാ, കൊറ്റൻകുളങ്ങര ക്ഷേത്ര പ്രസിദ്ധി. അഞ്ച് പറകളിൽ കാണിക്കാ അർപ്പിച്ചു, അഞ്ച് തിരിയിട്ട വിളക്കിൽ, പുരുഷന്മാർ ( അതെ, പുരുഷന്മാർ മാത്രം) സ്ത്രീ വേഷം കെട്ടി ചമയവിളക്ക് എടുക്കുന്ന ഏക ക്ഷേത്രം.

തിരുഉത്സവത്തിനു തുടക്കം കുറിച്ചുകൊണ്ട് എല്ലാ വർഷവും മലയാളമാസം മീനം ഒന്നാം തീയതിയാണ് ദേവി ദേശത്തെ കരകളിലേക്ക് നാടുകാണാൻ ഇറങ്ങുന്നത്. ചവറ, പുതുക്കാട്, കുളങ്ങരഭാഗം, കോട്ടയ്ക്കകം എന്നിങ്ങനെ നാലുകരക്കാരാണ് ഉത്സവച്ചടങ്ങുകളുടെ നടത്തിപ്പുകാർ .
മുന്നിലും പിന്നിലുമായി രണ്ടാളുകൾ ചുമക്കുന്ന ജീവിത തണ്ടിലേക്ക് ദേവി ചൈതന്യത്തെ ആവാഹിച്ചു, ചെമ്പട്ടുടുത്ത, നാന്തകം കൈയ്യിലേന്തിയ വെളിച്ചപ്പാടിന്റെ കാവലിൽ, ഓലക്കുടയുമായാണ് ദേവി, കുത്തുവിളക്കിന്റെ പിന്നിലായി കരയിലേക്ക് എഴുന്നള്ളുന്നത്. ദേവി എഴുന്നെള്ളുന്ന വഴികളിൽ, വഴി തെളിക്കാനും വെടിയോടെയും വാദ്യവങ്ങളോടെയും മുന്നോട്ടു നയിക്കാനും കരക്കാരും പ്രമാണിമാരും  ഉണ്ടാവും.
കൊറ്റൻകുളങ്ങരയിൽ നിലനിൽക്കുന്ന പരമ്പരാഗത ആചാര സമ്പ്രദായങ്ങളെ സംബന്ധിച്ചടുത്തോളം, കീഴ്വഴക്കങ്ങളിലും അവകാശങ്ങളിലും കെട്ടുപിണഞ്ഞു കിടക്കുന്ന സംസ്‌കൃതിയാണ്. ജീവിത ചുമക്കാനും,ഓലക്കുട എടുക്കാനും വെളിച്ചപ്പാടാവാനും വഴിതെളിക്കാനും ഒക്കെ ക്ഷേത്ര പരിധിയിലെ നിർദിഷ്ട കുടുംബങ്ങളുടെ മാത്രം അവകാശവും കോയ്മയുമാണ്. 

തങ്ങളുടെ ധന ധാന്യാ ശേഖരത്തിന്റെ ഒരുപങ്ക്, അഞ്ചു പറകളിൽ ഒരുക്കി കാണിക്ക സമർപ്പിച്ചാണ്‌ കുരുത്തോലപ്രിയയായ ദേവിയെ ഓരോരുത്തരുടെയും വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും സ്വീകരിക്കുക. നാലുകാലുകളിൽ ഉയരുന്ന പന്തലിൽ, ഗണപതിക്ക് ഒരുക്കിവെച്ചതിനു അരികിലായി, അഞ്ചു പറകൾ നിരത്തുന്നു. വലത്തുനിന്നും നെല്ലിൽ തുടങ്ങി, പച്ചരി, മലർ, പഴം,പുഷ്പങ്ങൾ എന്നിങ്ങനെ ആണ് ഓരോ പറകളിലും ഭക്തിയോടെ നിറക്കുന്നത്. ചിലർ അത്, ഏഴു പറയും ഒൻപത് പറയും മറ്റുമായി നിറക്കാറുണ്ട്.
കർപ്പൂരമെരിയുന്ന പന്തലിലേക്ക് ചന്ദനത്തിരി ഗന്ധം അലയുന്ന മണ്ണിലേക്ക് അനുഗ്രഹിച്ചു എഴുന്നെള്ളുന്ന ജീവിത, കാണിക്ക കണ്ടു സ്വീകരിച്ചു, അനുഗ്രഹിച്ചു മടങ്ങുമ്പോൾ, അർച്ചിതരുടെ  പ്രാർത്ഥനകൾ പുഷ്പങ്ങളായി ജീവിതയിലേക്ക് അർപ്പിക്കും.  

നാലുകരകളിലെയും പ്രധാന വഴിത്താരകളിലൂടെ,
കൈതമുള്ളു ചെടിപടർന്നു കിടക്കുന്ന ഇടവഴികളിലൂടെ,
കോൺക്രീറ്റ് പാകിയ ഇടറോഡുകളിലൂടെ,
വിഷു എത്തുംമുമ്പേ പൂവിട്ടു, പൊഴിഞ്ഞു കിടക്കുന്ന കൊന്നപ്പൂവുകളുടെ മീതേകൂടി,
മീനവെയിൽ ചാഞ്ഞുകിടക്കുന്ന കൊയ്ത്തുകഴിഞ്ഞ പാടവരമ്പുകളിലൂടെ,
നന്ത്യാർവട്ടവും ചെമ്പരത്തിയും തണൽവിരിക്കുന്ന വേലിപടർപ്പുകളുടെ അരികിലൂടെ,
ദേശീയപാത മുറിച്ചുകടന്ന്,
ദേശീയജലപാതയുടെ അരികുപറ്റി,
അഷ്ടമുടികായലിലെ കാറ്റേറ്റ്,
വായ്ക്കുരവകളുടെ ഇടയിലൂടെ ,
വഴിതെളിക്കുന്ന വെടിയൊച്ചകളുടെ നടുവിലൂടെ,
വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ,
മഞ്ഞപ്പൊടിമുക്കിയ പുണ്യാ വെള്ളത്തിന്റെ കാൽനനവോടെ....
നാടുകണ്ടു, നാട്ടുകാരെ കണ്ടു, കാണിക്ക സ്വീകരിച്ചു, അനുഗ്രഹങ്ങൾ ചൊരിഞ്ഞു, പൊന്നുതമ്പുരാട്ടി, കൊറ്റൻകുളങ്ങരയിൽ വാഴും അമ്മ, ചമയപ്രിയ, ദേവി ഒൻപതാം നാൾ ക്ഷേത്രത്തിലേക്ക് തിരികെ എത്തും.

പത്താംനാൾ രാവിലെ ,ക്ഷേത്രത്തിനു കിഴക്കുവശമുള്ള കുഞ്ഞാലുമൂട്ടിലെ ചൈതന്യ തറയിൽ നിന്നും വാദ്യഘോഷത്തോടെ കൊച്ചുകുട്ടികളുടെ താലപ്പൊലികളോടെ ഉരുൾച്ച ആരംഭിക്കുന്നു. ഉരുൾച്ച ക്ഷേത്രത്തിൽ എത്തിച്ചേർന്നു കഴിഞ്ഞാലുടൻ, കരപ്രമാണിമാരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിനു മുന്നിലെ കളത്തട്ടിൽ ഒത്തുകൂടുന്നു. നടേവെളിയിൽ കുരുത്തോലപ്പന്തൽ കെട്ടുന്നതിലേക്കായുള്ള ആലോചനയും നടപടിക്രമങ്ങളുമാണ് ചർച്ചാവിഷയം.

വാസ്തു കണക്കെന് ദക്ഷിണ കൊടുത്തു, കുരുത്തോല വാങ്ങി, അത് കെട്ടുന്നതോടുകൂടി, പന്തലിനു ഉള്ള ജോലികൾ ആരംഭിക്കുകയായി.
ഏറ്റവും പിറകിലായി ഇടയമ്പലവും അതിനു മുന്നിൽ ശ്രീകോവിലും, ഏറ്റവുംമുന്നിൽ  പതിനെട്ടുകാലിൽ തീരുന്ന നടപ്പന്തലും ആണ്, അന്നേദിവസം തന്നെ കെട്ടുന്ന കുരുത്തോലപ്പന്തൽ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഉത്സവ ദിവസങ്ങളായ മീനം പത്തും പതിനൊന്നും, ഉത്സവവും വിളക്കും കണ്ട് ദേവി എഴുന്നെള്ളി വിശ്രമിക്കുന്നത്, ഈ  കുരുത്തോല പന്തലിൽ ആണ്.

രാവിലെ തുടങ്ങുന്ന കുരുത്തോലപ്പന്തൽ ജോലികൾ, വെയിലൊഴിയുന്നതിനു മുന്നേ തീർന്നിരിക്കും. പന്തൽ, ഉയർന്നാൽ മാത്രമേ, ഉത്സവമേളത്തിനു എത്തുന്ന നാലു കരകളിൽ നിന്നുമുള്ള കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. പന്തൽ ഉയർന്നു കഴിയുമ്പോൾ, ക്ഷേത്ര മതിൽകെട്ടിനു പുറകുവശം എത്തുന്ന ചവറ കരക്കാരുടെ കെട്ടുകാഴ്ചകൾ തനതുകരയായ കുളങ്ങരഭാഗം കരക്കാർ 'കര' പറഞ്ഞു ക്ഷണിക്കുന്നതോടെ, കെട്ടുകാഴ്ചകൾ ക്ഷേത്ര മൈതാനത്തേക്ക് ഇറങ്ങുകയായി.

അപ്പോഴേക്കും ദേവി, ക്ഷേത്രത്തിൽ നിന്നും എഴുന്നെള്ളി , കുരുത്തോല പന്തലും കണ്ടു, കെട്ടുകാഴ്ചകളെയും ദർശിച്ചു, ക്ഷേത്രത്തിനു കിഴക്കു ഭാഗത്തുള്ള കടത്താട്ടു വയലിലേക്ക് പോകും.വയലിൽ ഒത്തുകൂടുന്ന എല്ലാ കെട്ടുകാഴ്ചകളും, ഒപ്പം എത്തുന്ന നാട്ടുകാരും,  കടത്താട്ടു വയലിലെ ആൽത്തറക്ക് പ്രദക്ഷിണം നടത്തി, നമസ്ക്കരിച്ചു, പൂജകൾക്ക് ശേഷം ആഘോഷത്തോടെ പിരിയുന്നു.

കടത്താട്ടു വയലിൽ നിന്നും തിരികെ എത്തുന്ന ദേവി കുരുത്തോല പന്തലിൽ വിശ്രമിക്കും.
അപ്പോഴേക്കും വഴി വക്കുകളിലും അരയാൽ മുറ്റത്തും കെട്ടുകാഴ്ച ചുവട്ടിലും കുളക്കരയിലും ഒക്കെ ചമയവിളക്കുകൾ വന്നു തുടങ്ങിയിട്ടുണ്ടാവും.
ക്ഷേത്ര മൈതാനത്ത് വിശ്രമിക്കുന്ന ദേവി, സേവയും കേട്ട്, കച്ചേരിയും ആസ്വദിച്ചു, പുലർച്ചെ നടക്കുന്ന ആറാട്ടിനുള്ള ഒരുക്കങ്ങൾക്കായി തയ്യാറെടുക്കുന്നു.

നിരന്നു നിൽക്കുന്ന ചമയവിളക്കുകൾക്ക് നടുവിലൂടെ ഒറ്റച്ചെണ്ടയുടെ മുരൾച്ചയിൽ ദേവിയെ കുഞ്ഞാലുമൂട്ടിലേക്ക് ആനയിക്കുന്നു. അവിടെ നിന്നുമാണ് ദേവി, വിളക്കുകൾ കണ്ടു,അനുഗ്രഹങ്ങൾ ചൊരിഞ്ഞു, ക്ഷേത്രകുളത്തിലേക്ക് ആറാട്ടിനായി വരുന്നത്.

അഞ്ചു തിരിയിട്ടു കത്തുന്ന വിളക്കിനു പിന്നിലെ നാരി രൂപം.
കുളിച്ചു കുറിതൊട്ട്,
പീലി കണ്ണെഴുതി,
ചായക്കൂട്ടുകൾ നിറച്ച മുഖത്ത് സ്ത്രൈണത പടർന്ന് ....
മുല്ലപ്പൂവുകൾ ചൂടി ...ചമയ വിളക്കുകളോ താലമോ കാക്കവിളക്കുകളോ പിടിച്ചുകൊണ്ടു പുരുഷാങ്കനമാർ നിൽക്കുന്നുണ്ടാവും.
അഴകാർന്ന ആ കാഴ്ചകളുടെ ഇടയിലേക്ക്,
കത്തിയെരിയുന്ന തീവെട്ടിയുടെ തീഷ്ണ ജ്വാലയിൽ,
കൊറ്റന്കുളങ്ങരക്ക് മാത്രം അവകാശപ്പെടാവുന്ന ആ പ്രേത്യേക അസുരവാദ്യത്തിന്റെ അകമ്പടിയോടെ,
വായ്ക്കുരവകളുടെ, മന്ത്രങ്ങളുടെ സ്നിഗ്ധതാളത്തിൽ,
ഭക്തിപ്രഘോഷിതമായ അന്തരീക്ഷത്തിൽ,
ഉറഞ്ഞു തുള്ളി ദേവി എഴുന്നെള്ളും
 
കുത്തുവിളക്കിലെ എണ്ണയുടെ മണം.
തൊട്ടുപുറകിൽ, ചെമ്പട്ടുടുത്ത വെളിച്ചപ്പാട്, വായുവിൽ വീശുന്ന നാന്തക മുദ്രകൾ.
അതിനു പുറകിൽ, വെള്ളമുണ്ടുത്ത ഓലക്കുട.
തൊട്ടുപുറകിലാണ്, ദേവി ചൈതന്യം കുടികൊള്ളുന്ന ജീവിത.
ചെണ്ടവാദ്യം മുറുകുമ്പോൾ, ഗണപതിക്കൊട്ടിൽ നിന്നും ഉച്ചസ്ഥായിലേക്ക് ആകുമ്പോൾ, കണ്ഠമിടറുന്ന ശബ്ദത്തോടെ പ്രാർത്ഥനകൾ കേൾക്കാം.
പുരുഷനിൽ ഒളിഞ്ഞിരിക്കുന്ന സ്ത്രൈണതയുടെ സൗന്ദര്യം, ചമയ വിളക്കിന്റെ പ്രഭയിൽ തെളിയുമ്പോൾ, ജീവിത തണ്ട് ഏന്തുന്നവരുടെ മുഖത്തെ പ്രസന്നതയും പുഞ്ചിരിയും ഐശ്യര്യവും ദേവി ചൊരിയുന്ന അനുഗ്രഹം എന്നുതന്നെ വിശ്വസിക്കുന്നു.
ഭക്തിയോടെ പുഞ്ചിരിയോടെ സന്തോഷത്തോടെ ഒപ്പം ഭയത്തോടെയും ചുണ്ടുകളിൽ മന്ത്രവും പ്രാർത്ഥനയും.

എഴുന്നെള്ളത്ത് ഏവർക്കും ദർശനം ഏകി,ക്ഷേത്ര കുളത്തിലേക്ക് ആറാട്ടിനായി നടന്നു അടുക്കും.
അപ്പോഴേക്കും ഭക്തകണ്ഠങ്ങളിൽ നിന്നുമുള്ള വായ്ക്കുരവകളും മന്ത്രങ്ങളും ഉച്ചസ്ഥായിലേക്ക് ഉയരും.
ചന്ദനത്തിരയുടെയും ഭസ്മ കർപ്പൂരധൂളികളും അന്തരീക്ഷത്തിൽ അലിയും.
കണ്ണുകളിൽ നിന്നും പൊഴിയുന്ന പ്രാര്ഥനായാർന്ന കണ്ണീരു ദേവിയോടുള്ള നന്ദി പ്രകാശം ആവാം.
ആഗ്രഹങ്ങൾ ആവാം !
ആശകൾ ആവാം !
നൊമ്പരങ്ങൾ ആവാം!
ആശ്വാസങ്ങൾ ആവാം!
പ്രതീക്ഷകൾ ആവാം

ചമഞ്ഞു ഒരുങ്ങുന്ന വിളക്കുകൾക്കു പിന്നിൽ അമ്മയുടെ, സഹോദരിയുടെ, ഭാര്യയുടെ, മക്കളുടെ, സുഹൃത്തിന്റെ, പ്രാർത്ഥനകളുടെ, ആവശ്യങ്ങളുടെ ഭാണ്ഡക്കെട്ടുകൾ ഉണ്ടാവും. നിരാലംബരുടെ ആശ്രയവും അഭയവും ആണ് അത്തരം നേര്ച്ച വിളക്കുകൾ. 
വിളക്കെണ്ണയിൽ എരിയുന്ന അഞ്ചുതിരിനാളങ്ങൾ പൂർത്തീകരിക്കപ്പെട്ട സ്വപ്നങ്ങളുടെ നന്ദിപ്രകാശവും ആവാം.
പത്താംനാളിലെ ഉത്സവച്ചടങ്ങുകളുടെ തനിയാവർത്തനമാണ് പതിനൊന്നാം തീയതിയിലും,ഒപ്പം ഉത്സവസമാപനവും.

പറഞ്ഞു പതിഞ്ഞ സ്ഥലസൂചികകളിൽ ചവറയെ അടയാളപ്പെടുത്തുമ്പോൾ കയറും കായലും കരിമണ്ണും കശുവണ്ടിയും പോലെതന്നെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണ്, മേൽക്കൂരയില്ലാതെ വാഴുന്ന കൊറ്റൻകുളങ്ങര ക്ഷേത്രവും ചമയവിളക്കും.

#foodtravelholybyaswath   

















Monday, February 18, 2019

റഹ്മത്തിനെ തേടി ഷെങ്കോട്ടയിലേക്ക്

കൊല്ലം അഷ്ടമുടി കായലിനരികിലെ ആനവണ്ടി സ്റ്റേഷനിൽ നിന്നും കണ്ടും കേട്ടും തുടങ്ങിയതാണ് ചെങ്കോട്ട (Schenkottah) എന്ന പേരും സ്ഥലവും.
കൊല്ലത്തു നിന്നും കിഴക്കോട്ടു തമിഴ്‌നാട്ടിലേക്ക് എത്തിച്ചേരുന്ന അതിർത്തി ഗ്രാമമാണ് ചെങ്കോട്ട . 
കുറെ നാളുകളായി ആഗ്രഹിക്കുന്നു, ചെങ്കോട്ട കാണണം എന്ന്. സുഹൃത്തുക്കളോടക്കെ അത് പറയുമ്പോൾ, എന്താപ്പാ ഇതിപ്പോൾ അവിടെ ഇത്ര കാണാൻ ?
സത്യം പറഞ്ഞാൽ, ആ ചോദ്യത്തിന് എന്റെപക്കൽ മറുപടി ഇല്ലായിരുന്നു.

കൊട്ടാരക്കയിൽ ചെന്ന് മഹാഗണപതിക്ക് തേങ്ങയും ഉടച്ചു, ഉണ്ണിയപ്പവും, വാങ്ങി കിഴക്കോട്ടു പോകാം. 
ശേഷം തെന്മലയിൽ ചെന്ന് ഡാമും പരിസരവും വീക്ഷിക്കാം, അവിടെ നിന്ന് എസ് വളവുകളും പിന്നിട്ടു കിഴക്കോട്ടു പോകാം.
അപ്പോഴും എനിക്കറിയാവുന്ന സ്ഥലവും പോയിട്ടുള്ളതും, തെന്മല കഴുതുരുട്ടി വരെ ആണ്,. അവിടെ നിന്നും വീണ്ടും മുന്നോട്ടു പോകുമ്പോഴാണ് ചെങ്കോട്ട.

ചെങ്കോട്ട യാത്ര എന്നുള്ള ആശയം മനസ്സിൽ ഇങ്ങനെ കാരിരുമ്പ് പോലെ  തറച്ചു കയറി ഇരിക്കവെയാണ്,ആയിടക്ക്  ചെങ്കോട്ടക്ക് സമീപത്തെ റഹ്മത് ഹോട്ടലിനെ കുറിച്ച് വായിക്കുന്നത്.
അപ്പോൾ പിന്നെ യാത്രക്കൊരു ലക്‌ഷ്യം ഉണ്ടായി.
റഹ്മത്തിനെ കാണണം, മട്ടൻ ബിരിയാണി കഴിക്കണം.
ഒപ്പം അവിടുത്തെ സ്പെഷ്യൽ ചിക്കനും കഴിക്കണം.
അത് ഇങ്ങനെ ആലോചിക്കുമ്പോഴും,പോകുന്ന കാര്യം മാപ്പിൽ നോക്കുമ്പോഴും മറ്റും, ചിക്കൻ പൊരിച്ചതിനെക്കുറിച്ചുള്ള ചിന്തകാരണം നാക്കിൽ വെള്ളം ഊറി വരുമായിരുന്നു.

പത്തൊൻപതാം നൂറ്റാണ്ടിൽ  തിരുവിതാംകൂർ രാജഭരണത്തിൻ കീഴിലായിരുന്നു തിരുനെൽവേലിയിൽ ഉൾപ്പെട്ടിരുന്ന ചെങ്കോട്ട. സ്വാതന്ത്ര്യാനന്തരവും, ചെങ്കോട്ട തിരുകൊച്ചി സംസ്ഥാനത്തിന് കീഴിലും ആയിരുന്നു. 1956 യിൽ ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ വിഭജിച്ചപ്പോഴാണ്, കൊല്ലം ജില്ലയിലെ തമിഴ് ഭൂരിപക്ഷ താലൂക്ക് ആയ ചെങ്കോട്ട തമിഴ്‌നാട്ടിലേക്ക് പോകുന്നത്.

ചെങ്കോട്ടയിൽ കോട്ട വല്ലതും ഉണ്ടോ?
"ഇല്ലേ?" 
പിന്നെ എങ്ങനെ ആ പേര് ഈ നഗരത്തിനു കിട്ടി?
അവിടെ കോട്ടയുടെ ആകൃതിയിൽ ഒരു നിർമ്മിതി നഗര പ്രവേശന കവാടത്തിൽ ഉണ്ട്. അങ്ങനെ ആണ് ആ പേര് വന്നിരിക്കുന്നത്.
ചെങ്കോട്ടയിൽ നിന്നും വെറും എട്ടു കിലോമീറ്റർ ദൂരമെ പ്രസിദ്ധമായ കുറ്റാലം വെള്ളച്ചാട്ടത്തിലേക്ക് ഉള്ളു.
പഴയ NH 208 ആയ കൊല്ലം തിരുമംഗലം റോഡാണ് ചെങ്കോട്ടയിലേക്ക് എത്താനുള്ള മാർഗം.
കൊല്ലത്തു നിന്നും തുടങ്ങി കൊട്ടാരക്കര,പുനലൂർ, തെന്മല, ആര്യങ്കാവ്, വഴി തമിഴ്‍നാട്ടിലെ മധുരയിലെ തിരുമംഗലം വരെ നീളുന്നതാണ് ഇപ്പോൾ NH 744 ആയിമാറിയിരിക്കുന്ന പഴയ NH 208 .

ഞാറാഴ്ച രാവിലെ പുറപ്പെടുമ്പോൾ ചെങ്കോട്ട കാണണം, പിന്നെ റഹ്മത് ഹോട്ടലിൽ നിന്നും ബിരിയാണി കഴിക്കണം എന്നുള്ളതായിരുന്നു ലക്‌ഷ്യം. 
കൊല്ലം ബൈപാസ് വഴി കുണ്ടറയിൽ എത്തി അവിടെ നിന്നും കൊല്ലം തിരുമംഗലം NH 744 - ലൂടെ തെന്മലയിലേക്ക്.
നേരത്തെ ഉദ്ദേശിച്ചതുപോലെ കൊട്ടാരക്കരയിൽ കയറി ഭഗവാനെ കാണുകയോ തേങ്ങാ ഉടക്കുകയോ ഒന്നും ഉണ്ടായില്ല.

പത്ത് വർഷങ്ങൾക്ക് മുൻപ് കുറെ യാത്ര ചെയ്ത വഴിയാണ്, കൊല്ലം പുനലൂർ റൂട്ട്.
ഈ വഴിയിലൂടെ ഇപ്പോൾ എപ്പോൾ പോയാലും ഗൃഹാതുരത ഉണർത്തുന്ന ഓർമകളാണ്.
പണ്ട് കഴിച്ച ഹോട്ടലുകൾ, ഉണക്കമീനിട്ട് വെച്ച  മീൻകറി. ചൂടേറ്റു വാടിയ നാരങ്ങാവെള്ളം.
കെ എസ് ആർ ടി സി പുനലൂർ കായംകുളം ഫാസ്റ്റ് പാസ്സന്ജർ  ബസ്സിലെ യാത്ര.
അതിലെല്ലാം ഉപരിയായി കേരളത്തിലെ ഏറ്റവും ചൂടേറിയ പ്രദേശവും.

ഞാനെന്റെ ബുള്ളറ്റിൽ ആയിരുന്നു യാത്ര.
ക്ലാസ്സിക് 350 റെഡിച്ച് റെഡ് !
നൊസ്റ്റാൾജിക് ഓർമ്മകൾ ഉണർത്തി, കവിതകളും ചൊല്ലി പതുക്കെ കിഴക്കോട്ട്.
കൊട്ടാരക്കര പിന്നിടുമ്പോൾ, പതിവ് ഞാറാഴ്ച പ്രാർത്ഥനയും കുർബാനയും കഴിഞ്ഞുവരുന്ന ആളുകളുടെ തിരക്കാണ് ഓരോ ജങ്ഷനിലും.
രാവിലെ കാപ്പി കുടിച്ചിട്ടാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.
എങ്കിലും, ഒരു ചായകുടി ആവിശ്യം ആണെന്ന് തോന്നി.
വലിയ ഹോട്ടലുകൾ ഒക്കെ ഒഴിവാക്കി, തട്ടുകടയിൽ നിന്നും തന്നെ ആവാം എന്ന് കരുതി വണ്ടി മുന്നോട്ട് തന്നെ ഓടിച്ചു.
ചെങ്ങമനാട് കിഴക്കേത്തെരുവ് കഴിയേണ്ടി വന്നു ഒരു തട്ടുകട കണ്ടുപിടിക്കാൻ.
അവിടെ നിന്നും വീണ്ടും പുനലൂരിലേക്ക്.

 

പുനലൂരിന്റെ മുഖച്ഛായ തന്നെ മാറുകയാണ്.
ഓർമകളിലെ ആ പഴയതും ഇടുങ്ങിയതുമായ കെ.എസ.ആർ.ടി.സി ബസ്സ് ഡിപ്പോ പുതുക്കി പണിയുകയാണ്.
പുനലൂർ എന്നാൽ തൂക്കുപാലം എന്ന കലണ്ടർ ചിത്രം ഒരുപക്ഷെ നഗരഹൃദയത്തിലെ ഈ ഡിപ്പോ കെട്ടിടം കൂടി പങ്കിട്ടേക്കാം.
തൂക്കുപാലത്തിലേക്കുള്ള വാതിലുകൾ അടച്ചിട്ടിരിക്കുക ആയിരുന്നു.
കാരണം എന്താണെന്നറിയില്ല. അതുകൊണ്ടു തന്നെ അവിടെ വണ്ടി നിർത്താതെ നേരെ മുന്നോട്ടു പോയി.

തൊട്ടുമുന്നിൽ ഒരു ആന!
സാക്ഷാൽ ആനവണ്ടി!
തെങ്കാശിയിലേക്ക് പോകുന്ന മാവേലിക്കര ഡിപ്പോയിൽ നിന്നുമുള്ള ഫാസ്റ്റ് പാസ്സന്ജർ ആണത്.
ഏതോ പുതു തലമുറ ചിത്രകാരന്റെ കൈയൊപ്പ് പതിഞ്ഞ വാഹനമാണ് അതെന്നു പുറകു വശത്തെ ചെറുതും എന്നാൽ ആകര്ഷണീയവുമായ എഴുത്തുകളിൽ നിന്നും മനസിലാക്കാം.
"മാവേലിക്കര ഡാ "
മുന്നിലുള്ള തുടരെ തുടരെ ഉള്ള വളവുകളെ വളച്ചൊടിച്ചു എടുക്കുവാൻ പാപ്പാൻ കഠിനശ്രമം തന്നെ നടത്തുന്നു.
ആ വഴികളിൽ, വലിയ വാഹനങ്ങളെ മറികടക്കുക എന്നത് വളരെ ശ്രമകരം ആണ്.
തുടരെ വളവുകൾ ആണ്.
ആ വളവുകളുടെ മറവിൽ നിന്നും ഏത് കരിംപൂച്ചയാണ് ചാടി വീഴുന്നത് എന്നറിയില്ലല്ലോ.
അതുകൊണ്ടു തന്നെ ആ തെങ്കാശി ബസ്സിന്റെ പുറകിൽ കുറെ ഓടേണ്ടിവന്നു.
അവസാനം, ഡ്രൈവറുടെ സമ്മത ചിഹ്‌നം കിട്ടിയപ്പോഴാണ് അതിനെ മറികടന്നു പോയത്.
എടമൺ പിന്നിട്ടു, ഒറ്റക്കൽ എന്ന സ്ഥലത്തു എത്തി.
ഒറ്റക്കലിൽ വഴിയാത്രക്കാർക്കും സഞ്ചാരികൾക്കും കയറി നിൽക്കുവാനും പ്രകൃതി ഭംഗി ആസ്വദിക്കുവാനും ലഘു ഭക്ഷണം കഴിക്കുവാനുമുള്ള സൗകര്യം ഉണ്ട്., ഒറ്റക്കൽ ലുക്ക് ഔട്ട്.
ഒറ്റക്കൽ സാമാന്യം ഉയരമുള്ള ഒരു പ്രദേശമാണ്. അതിനു അരികിലൂടെ,ദേശിയ പാതക്ക് സമാന്തരമായി കല്ലടയാർ ഒഴുകുന്നുണ്ട്.
കല്ലടയാർ ആകെ ശോഷിച്ചു നന്നേ ക്ഷീണിച്ചു, ദരിദ്ര ബിംബം പോലെ പുഴയിലെ കല്ലും പാറക്കെട്ടുകളും തെളിഞ്ഞു കാണുന്ന രൂപത്തിലാണ് കിടപ്പ്.
ഒറ്റക്കലിൽ ആണ് മാനിനു വേണ്ടിയുള്ള പുനരധിവാസ കേന്ദ്രം ഉള്ളത്.

അവിടെ നിന്നും തെന്മല കഴുത്തിരുട്ടി റയിൽവേ സ്റ്റേഷന്റെ അരികിലൂടെ കിഴക്കോട്ടു.
വളവു തിരിഞ്ഞു ചെല്ലുമ്പോൾ തന്നെ 13 കണ്ണറ പാലം കാണാം.
പലപ്രാവശ്യം ഈ വഴി കടന്നു പോയിട്ട് ഉണ്ടെങ്കിലും, ഒരിക്കൽ പോലും പാലത്തിൽ കയറി കാണുവാനുള്ള സൗകര്യം ഉണ്ടായിട്ടില്ല.
കൊല്ലം ചെങ്കോട്ട റെയിൽവേ പാതക്ക് വേണ്ടിയാണു കണ്ണറ പാലം നിർമ്മിച്ചിരിക്കുന്നത്.
കരിങ്കൽ പാറകൾക്ക് താഴേ ആണ് പാലം.
പാലത്തിനു താഴെ ദേശിയ പാതയും.
 

ബ്രിട്ടീഷ് ഭരണം പുനലൂരിന് സമ്മാനിച്ചതാണ് പതിമൂന്ന് കണ്ണറ പാലം. കോൺക്രീറ്റ് ജോലികൾ ലഭ്യമല്ലാതിരുന്ന കാലത്ത് സുർക്കി മിശ്രിതമാണ് പാലത്തിന്റെ നിര്മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
തിരുവിതാംകൂർ മഹാരാജാവായിരുന്ന ഉത്രം തിരുനാളിന്റെ കാലത്തു കൊല്ലത്തെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന മീറ്റർ ഗേജ് റയിൽവേ പാതയുടെ ഭാഗമായിട്ടാണ് പതിമൂന്ന് കണ്ണറ നിലവിൽ വരുന്നത്.
കുരുമുളകും കശുവണ്ടിയാലും മറ്റു സുഗന്ധദ്രവ്യങ്ങളാലും സമ്പന്നമായിരുന്ന കൊല്ലത്തിന്റെ വ്യപാര താല്പര്യങ്ങളുടെ സംരക്ഷണം ആയിരുന്നു ആ പാലത്തിന്റെ ലക്‌ഷ്യം.
വളരെ അടുത്ത കാലമേ ആയിട്ടുള്ളു, പുനലൂർ പാത മീറ്റർ ഗേജിൽ നിന്നും ബ്രോഡ് ഗേജ് ആക്കിയിട്ടു. അതിനു ശേഷമാണ് കൊല്ലത്ത് നിന്നും താംബരത്തേക്കുള്ള ട്രെയിൻ സർവീസ് തുടങ്ങിയത്. സ്വദേശി വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഒരു റൂട്ട് ആണ് കൊല്ലം താമ്പരം റെയിൽ.
പാലരുവി, കഴുതുരുട്ടി വെള്ളച്ചാട്ടങ്ങളും തെന്മല ഇക്കോ ടൂറിസവും ഒക്കെ പതിമൂന്ന് കണ്ണറ പാലം ഉൾപ്പെടുന്ന ഈ റെയിൽ റൂട്ടിന്റെ അരികുപറ്റിയാണ് സമ്പുഷ്ടമാകുന്നത്.
 
13 കണ്ണറ പാലം ആദ്യമായി കയറി കണ്ടു.
പാലത്തിൽ കയറി നിന്ന് നോക്കിയാൽ സമീപം ആകെ വലിയ പാറക്കെട്ടുകൾ.
ശീതകാലം ആയതുകൊണ്ട് തന്നെ ഒട്ടും ഉന്മേഷകരമായിരുന്നില്ല പരിസരം.
ഇല പൊഴിഞ്ഞു നിൽക്കുന്ന മരങ്ങളും, തെളിനീർ വറ്റിയ കല്ലടയാറും കറുത്തിരുണ്ട പാറക്കെട്ടുകളും കരിഞ്ഞുണങ്ങിയ ഭൂമിയും.
ധാരാളം സഞ്ചാരികൾ, വാഹനങ്ങൾ നിർത്തി പാലത്തിൽ കയറുന്നുണ്ട്.
ഫോട്ടോ എടുക്കാനും സെൽഫി എടുക്കാനുമായി ഏവരും തിരക്ക് കൂട്ടുന്നു.
ചിലർ പാലത്തിലൂടെ നടക്കുന്നുണ്ട്.
എല്ലാരിൽ നിന്നും ഒഴിഞ്ഞുമാറി, റെയിൽ പാളത്തിലൂടെ ഒരു ജോഡി യുവമിഥുനങ്ങൾ നടന്നു പോകുന്നു.കൈകൾ ചേർത്ത് പിണച്ചു തൊട്ടിയുരുമി ആണ് നടക്കുന്നത്.
ഒരു വേള റെയിൽപാളത്തിന്റെ ഇരു വശങ്ങളിലുമായി കൈകൾ കുരുക്കി പിടിച്ചു നിൽക്കുകയും ചെയ്യുന്നു.
കറുത്ത ഷാളുകൊണ്ടു മറച്ച തട്ടം,എന്തൊക്കയോ ഒളിച്ചുവെക്കാൻ ശ്രമിക്കുന്നതുപോലെ.
പതിമൂന്ന് കണ്ണറ പാലം അവസാനിക്കുന്നത് ഒരു ഗുഹാമുഹത്തേക്കാണ്. ആ ഗുഹയിലൂടെ വേണം തീവണ്ടികൾ  കടന്നു പോകാൻ.

തെങ്കാശി റോഡിലൂടെ  വീണ്ടും കിഴക്കോട്ട്.
മുന്നോട്ടു പോകുമ്പോൾ , ഇടതു വശം കിഴക്കാംതൂക്കായി ഉയർന്നു നിൽക്കുന്ന ഭൂപ്രദേശം ആണ്. അതിനു കീഴിലൂടെ ആണ് ദേശിയ പാത. ദേശിയ പാതക്ക് ചുവട്ടിൽ പുഴയും.
കിഴക്കോട്ടു പോകുംതോറും റോഡിനു സമാന്തരമായി അച്ചൻകോവിലാറ് കാണാം.
തെളിനീർ വെട്ടിയൊഴുകുന്ന പുഴ.
ഇടപ്പാളയം പിന്നിട്ട് ആര്യങ്കാവിലേക്ക്.
അവിടെ ഒരു ചെക്ക് പോസ്റ്റ് ഉണ്ടെങ്കിലും ആരും തടഞ്ഞു നിർത്തിയതൊന്നും ഇല്ല, ഇരുചക്ര യാത്രികർക്ക് ചെക്കിങ് ഉണ്ടാവില്ലായിരിക്കാം.
ആര്യങ്കാവ് കഴിഞ്ഞപ്പോൾ വലതു വശത്തു ദേശിയ പാത അതോറിറ്റിയുടെ സ്വാഗത ബോർഡ് കണ്ടു.
തിരുനെൽവേലി സെക്ടറിലേക്ക് സ്വാഗതം.
ക്ലാസ്സിക് 350 റെഡിച്ച് റെഡ് ഇപ്പോൾ തമിഴ് നാട്ടിലാണ്.
മൊബൈൽ ഫോണിലേക്ക് ഐഡിയയുടെ റോമിംഗ് മെസ്സേജും വന്നു കഴിഞ്ഞിരുന്നു.
 

ദേശിയ പാത ഇപ്പോൾ ഒരു ചെറിയ ഇറക്കത്തിലൂടെ ആണ് പോകുന്നത്.
ആ ഇറക്കം അവസാനിക്കുന്നത് ഇംഗ്ലീഷ് അക്ഷരമാലയിലെ എസ് ആകൃതിയിലുള്ള സുപ്രസിദ്ധമായ വളവുകളിലേക്കാണ്.
വളവുകൾ മൂന്നോ നാലോ പിന്നിട്ടിരിക്കുന്നു.
മുന്നോട്ട് പോകുമ്പോൾ വീണ്ടും ഒരു ചെക്ക് പോസ്റ്റ് ഉണ്ട്.
അതും കടന്നു മുന്നോട്ടു.

രണ്ടു സംസ്ഥാനങ്ങൾ മാറുമ്പോഴേക്കും പ്രകൃതിയും റോഡും ഒക്കെ മാറുന്നതുപോലെ.
രണ്ടും ഒരേ പേരിലുള്ള ദേശിയ പാത ആണെങ്കിലും, ആര്യങ്കാവ് കഴിഞ്ഞപ്പോൾ റോഡിനു വീതി കൂടിയിരിക്കുന്നു.
ഇരു വശങ്ങളിലും വിശാലമായ നെൽപ്പാടം.
കൊയ്ത്തുകഴിഞ്ഞ പാടങ്ങൾ ആണ് കൂടുതലും.
വൈക്കോൽ കൂട്ടിയിട്ടിരിക്കുന്നു.
പാടത്തെപോലെ തന്നെ റോഡും നീണ്ടു നിവർന്നു കിടക്കുകയാണ്.
മുന്നോട്ടു പോകുംതോറും പുതിയ ഒരു ലോകത്തിലേക്ക് ചെന്നെത്തിയത് പോലെ.
തെളിഞ്ഞ നീലാകാശം.
അങ്ങകലെ മേഘാവർണങ്ങൾക്ക് അഴകുവിരിയിച്ചു മൈലാഞ്ചി ഇട്ടിട്ടെന്നപോലെ വൃക്ഷങ്ങൾ ചിറകു വിടർത്തി നിൽക്കുന്നതുപോലെ.
ഒരു വശത്തു കൂറ്റൻ കാറ്റാടി യന്ത്രങ്ങൾ കാണാം.
അതിനപ്പുറം വലിയ മലകൾ നിവർന്നു നിൽക്കുന്നത് കാണാം.
വഴിനീളെ വഴിയമ്പലങ്ങൾ ,മാരിയമ്മൻ കോവിലുകൾ കാണാം.

ബുള്ളെറ്റ് ഒരു വശത്തേക്ക് ഒതുക്കിവെച്ചു.
വീടുകൾ വളരെ കുറവാണെന്നു തോന്നുന്നു.
വഴിയാത്രക്കാരും കുറവാണു.
ചെങ്കോട്ട എന്നുള്ള ബോർഡ് പലയിടത്തും കണ്ടെങ്കിലും, ഞാൻ പോകാൻ ഉദ്ദേശിച്ച റഹ്മത് എവിടെയാണെന്ന് കണ്ടുപിടിക്കണമല്ലോ.
മോട്ടോർ സൈക്കിളിൽ വലിയൊരു കുട്ട പുറകിൽ വെച്ചുകെട്ടി ഒരാൾ പതുക്കെ വരുന്നത് കണ്ടത്.
വഴികച്ചവടക്കാരൻ ആണ്, അയാളോട് തന്നെ ചോദിക്കാമെന്ന് വെച്ചു.
ഇനിയും 10 കിലോമീറ്റർ സഞ്ചരിക്കേണ്ടതുണ്ട്.
ചെങ്കോട്ട ബോര്ഡറില് ആണ്, ടൗണിൽ നിന്നും വീണ്ടും ഇടത്തോട്ട് തിരിഞ്ഞു പിറണൂർ എന്ന സ്ഥലത്തേക്ക് പോകേണ്ടതുണ്ട്. അവിടെയാണ് റഹ്മത്.
പൂതനാഥൻ എന്നായിരുന്നു അയാളുടെ പേര്.
തോടുള്ള പച്ചക്കപ്പലണ്ടി വിൽപ്പനയാണ് ജോലി.
ഒരു പക്ക കപ്പലണ്ടിക്ക് അൻപത് രൂപയാണ് വില.

പൂതനാഥനുമായി സംസാരിച്ചു നിൽക്കുമ്പോൾ, പതിമൂന്ന് കണ്ണറ പാലത്തിൽ കണ്ട തട്ടമിട്ട പെൺകുട്ടിയും യുവാവും ഞങ്ങളെ പിന്നിട്ടു മുന്നോട്ടു പോകുന്നുണ്ടായിരുന്നു.
 

തൊട്ടുമുന്നിൽ ഒരു വളവു ആയിരുന്നു.
അവിടെ വഴിയരികിൽ കരിക്കും മോരും പിന്നെ പല പച്ചക്കറി വില്പനക്കാരുണ്ട്.
കാഴ്ചയിൽ ഏറ്റവും മനോഹരമായ ഒരു സ്ഥലം.
അങ്ങേതലക്കലേക്ക് നീണ്ടു നിവർന്നു കിടക്കുന്ന വഴി.
ഇരു വശത്തും വിശാലമായ പാടങ്ങൾ 
ആ പാടങ്ങളുടെ അറ്റത്ത്,ആകാശം മുട്ടുമാറു പാറക്കൂട്ടങ്ങളും വലിയ വൃക്ഷങ്ങളും 

വഴിയമ്പലങ്ങളെയും പിന്നിട്ടു ബുള്ളറ്റ് നേരെ ചെങ്കോട്ടയിലേക്ക്.
വലത്തേക്ക് തിരിഞ്ഞു, വീണ്ടും ഇടത്തേക്ക് പോകേണ്ടതുണ്ട്, റഹ്മത്തിനെ കാണാൻ.
ടൗണിലേക്ക് പ്രവേശിച്ചപ്പോൾ, പലകടകളുടെയും പേരുകൾ ശ്രദ്ധിച്ചു.
ഹോട്ടലുകൾ ഒന്നും കാണുവാൻ കഴിഞ്ഞില്ല, പകരം പൊറോട്ടാ സ്റ്റാളുകൾ ആണ്.

വീതിയേറിയ മറ്റൊരു റോഡിലേക്ക് കയറിയപ്പോൾ, പിറണൂർ എന്നൊരു സ്ഥലസൂചിക കണ്ടു.
അവിടെ നിന്നും തീപ്പച്ചി അമ്മൻ കോവിലിനു മുന്നിൽ എത്തി വലത്തേക്ക് തിരിഞ്ഞു.
വരിവരിയായുള്ള ഫുഡ് സ്റ്റാളുകളുടെ അരികുപറ്റി, അതാ റഹ്മത്!
റഹ്മത് പൊറോട്ട സ്റ്റാൾ.
ഹോട്ടലിനുള്ളിൽ സാമാന്യം തിരക്കുണ്ട്.
എങ്കിലും, ഒഴിഞ്ഞ ഒരു കസേരയിൽ ഇരുന്നു.
കഴിക്കാൻ വന്നവരെകാട്ടിലും പാർസൽ വാങ്ങാൻ വന്നവരാണ് കൂടുതൽ.
ഇവിടെ ഏത് ഭാഷയാണ് സംസാരിക്കേണ്ടത്? ഗദ്ഗദം.
മലയാളമോ തമിഴോ ? എനിക്കറിയാവുന്നത് തമിഴാളം ആണ്.
കൈലി ധരിച്ചൊരു പയ്യൻ തൂശനിലയിൽ വെള്ളം തൂകി, ഗ്ലാസ്സുമായി മേശപ്പുറത്തേക്ക് വെച്ചു.
പുറകെ മറ്റൊരാൾ വന്നു, ഓർഡർ എടുത്തു.
 

മറ്റുള്ളവരുടെ ഇലയിലേക്ക് ഒന്ന് ഒളികണ്ണിട്ടു നോക്കിയിരുന്നു.
ചിക്കൻ ബിരിയാണി '
മട്ടൻ ബിരിയാണി '
പൊറോട്ട '
അവിടെ എതിര്വശത്തു, അതാ റെയിൽപാളത്തിൽ കണ്ട യുവമിഥുനങ്ങളും ബിരിയാണി കഴിക്കുന്നു.

മട്ടൻ ബിരിയാണി ആണ്  ഓർഡർ ചെയ്തത്.
ഒരു പ്ലേറ്റ് നിറയെ ബിരിയാണി,തൂശനിലയിലേക്ക് പകർന്നു.
ചോറിൽ നിന്നും ആവി പരക്കുന്നുണ്ട്.
അറിയാത്ത ഭാവത്തിൽ,മസാലക്കു വേണ്ടി  പരതി. ഉണ്ട്. ഉണ്ട്.
നല്ല രസികൻ സാലഡ്.
ഓംലറ്റ്,അതിനെ പുറകെ വന്നു. അതൊരു അപ്രതീക്ഷത കോമ്പിനേഷൻ ആയിരുന്നു
പക്ഷെ റഹ്മത്തിന്റെ സ്പെഷ്യൽ മറ്റൊന്ന് കൂടി ഉണ്ടല്ലോ, ചിക്കൻ.
കുരുമുളകിന്റെ ഗന്ധവും രുചിയും മുന്നിൽ നിൽക്കുന്ന, നെയ്മണം പരക്കുന്ന കാടക്കോഴി.
അത് ഫ്രൈ ചെയ്തത് ആയിരുന്നോ ബ്രോസ്റ്റഡ് ആയിരുന്നോ എന്ന് ഇപ്പോഴും ഉറപ്പില്ല.
കൊല്ലപ്പെട്ടിട്ടും വടിവൊത്തു കരുത്തരായ നിൽക്കുന്ന കോഴി.
രുചികരം.
ഗംഭീരം.
വീണ്ടും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ഥലവും രുചിയും ആയി തീർന്നിരിക്കുന്നു റഹ്മത്.

തിരികെ നഗരപ്രാന്തത്തിലൂടെ ചെങ്കോട്ടയിൽ എത്തി.

 

ഇനി അടുത്ത മാർഗഴി മാസത്തിലോ തൈ മാസത്തിലോ വീണ്ടും എത്തണം.
ചെങ്കോട്ടയിലെ രഥവീഥികളിലൂടെ കുലശേഖരനാഥരെയും ധർമസവിധിനിയെയും ഗണേശനെയും മുരുകനെയും എഴുന്നെള്ളിക്കുന്നതു കാണണം.ഭജനഘോഷയാത്രയിൽ പങ്കുചേരണം.

റഹ്‍മത്തുമായി നിക്കാഹ് കൂടുവാൻ തന്നെ തീരുമാനിച്ചു.
 

നീഹാരം

"അമ്മയുമായി വീടിന്റെ പുറകിലെ പറമ്പിൽ നിൽക്കുക ആയിരുന്നു. തൊട്ടാവാടിയും വേലിപ്പരുത്തിയും വളർന്നു കിടക്കുന്ന പച്ചപ്പ് അവിടെവിടെയായി ക...