Friday, August 18, 2017

ഒരുവട്ടം കൂടി -ഹോളിഡേ ഐലൻഡ് റിസോർട്ട്

ആമുഖം 

കഴിഞ്ഞ പതിനൊന്നു വർഷത്തെ മാലിദ്വീപ് ജീവിതത്തിൽ, കാലം കഴിച്ചതും അധിവസിച്ചതും തദ്ദേശീയരും വിദേശിയരുമായിട്ടുള്ള ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മാലെ എന്ന തലസ്ഥാന നഗര ദ്വീപിലാണ്. ഏറിയാൽ പതിനഞ്ചു മിനുട്ടുകൊണ്ട്, ഒരു അറ്റം മുതൽ മറ്റേ അറ്റം വരെ നടന്നു പോകാവുന്നത്രയും മാത്രം വിസ്തീർണമുള്ള ഈ ചെറിയ ലോകത്തു നിന്നും ഇതിനേക്കാളും ചെറിയ ദ്വീപുകളിലേക്കുള്ള യാത്രകൾ അപൂർവ്വമായിരുന്നു. യാത്ര ബോട്ടിൽ (ധോണി) ഇരുപത് മിനുട്ടു കൊണ്ട് എത്തിച്ചേരാവുന്ന ഹുളുമാലയും, പത്ത് മിനുട്ട് കൊണ്ട് എത്തിച്ചേരാവുന്ന വില്ലിങ്ങിലിയുമാണ് മാലെയോട് ചേർന്ന് കിടക്കുന്ന ദ്വീപുകൾ, അതുകൊണ്ടു തന്നെ തലസ്ഥാന നഗര ദ്വീപു കൂടാതെ സന്ദർശിച്ചിട്ടുള്ള ജനവാസ ദ്വീപുകൾ രണ്ടായി ചുരുങ്ങിയിരുന്നു.

എന്നാൽ ഇത്രയും വർഷത്തെ താമസത്തിനിടയിൽ സുഖവാസ ദ്വീപുകൾ സന്ദർശിച്ചിട്ടുള്ളത് അതിലും അപൂർവമാണ്! വിരലിൽ എണ്ണാവുന്ന തവണകൾ മാത്രമെന്നു പറയാം! വ്യെക്തിപരമായ താല്പര്യങ്ങളും ഇഷ്ടങ്ങളും ലക്ഷ്യങ്ങളുമൊക്കെ യാത്രയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ആയതുകൊണ്ട്, റിസോർട്ട് യാത്രകൾ ഒഴിവാക്കിയിരുന്നുവെന്ന് പറയുന്നതാവും ശരി. അവധി അവസരങ്ങളിൽ, റിസോർട്ടിൽ പോകുന്നതിനേക്കാളും ചെലവ് കുറഞ്ഞതാണ് ഇന്ത്യയിലേക്കുള്ള യാത്രകൾ. ചിലപ്പോൾ, തലസ്ഥാന ദ്വീപിൽ നിന്നും ചില റിസോർട്ടുകളിലേക്കുള്ള യാത്രയുടെ സമയം മതിയാവും സ്വന്തം നാട്ടിൽ എത്തിച്ചേരുവാൻ. അത്തരം പലകാരണങ്ങൾ നിരത്തുവാൻ ഉണ്ടെങ്കിലും, എപ്പോഴും റിസോർട്ട് സന്ദർശനത്തിനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാവും കൂടുതൽ ശരി.

എന്റെ പല തീരുമാനങ്ങളെയും സ്വാധീനിച്ചിട്ടുള്ളത് ആശങ്കളോ സംശയങ്ങളോ ആഗ്രഹങ്ങളോ മറ്റുചിലപ്പോൾ വാശികളുടെയുമൊക്കെ ചിറകേറിയാണ്. മാലിദ്വീപിലെ തനതു സൗന്ദര്യത്തെ ആവാഹിക്കുന്ന ദ്വീപ് സുഖവാസ കേന്ദ്രങ്ങളിലേക്കൊന്നു പോകുവാൻ തീരുമാനിക്കുന്നത്, അത്തരം ഒരു ആശങ്കയുടെ സന്ധിസ്ഥാനത്തു വെച്ചാണ്. തിരികെ മടങ്ങുന്നതും കാത്ത് ജന്മഗ്രാമം കൊതിക്കാറില്ലെങ്കിലും, ചെന്നെത്തിയാൽ ഇനിയൊരു തിരിച്ചുവരവ് മാലെയിലേക്ക് സാധ്യമാകുമോ എന്നുള്ള ചോദ്യം ഉത്തരം നൽകാതെ അവശേഷിച്ചിരുന്നു.

അത്തരം ഒരു സംശയമുള്ളതുകൊണ്ടും, യാത്ര ഒറ്റക്കായിരുന്നതിന്നാലും, യാത്രയും കണ്ട കാഴ്ചകളും കേട്ടറിവുകളും പകർത്തിവെക്കാനുള്ള ശ്രമവും നടത്തി. ഇതൊരു പതിവ് യാത്രാവിവരണ കള്ളിയിൽ വരുന്നൊരു കുറിപ്പാണെന്നു ഉറപ്പില്ലാ. എങ്കിലും, വാർപ്പുമാതൃകകൾ ഒന്നുമില്ലാതെ കുറിച്ചുവെച്ച നേരമ്പോക്കുകൾ മാത്രമാണിത്. കണ്ട കാഴ്ചകൾ, മനസ്സിലൂടെ കടന്നുപോയ വികാരങ്ങൾ, നാവിൻതുമ്പത്തു നിൽക്കുന്ന രുചികൾ, ഒക്കെയും ഒരു യാത്രയുടെ ഓർമ്മക്കായി കുറിച്ചുവെക്കാൻ ശ്രമിച്ചു എന്നുമാത്രം. അതിൽ ആസ്വാദ്യകര്യമായതോ വായനാസുഖമോ തോന്നിയാൽ, സുകൃതം.


നന്ദിയോടെ,


സുനിൽ കെഎം


 ****************************************************************************

1


റിസോർട്ടിൽ പോകണം എന്ന ആഗ്രഹം കുറെ നാളായി, മനസ്സിൽ താലോചിച്ചു വീർപ്പു മുട്ടുകയായിരുന്നു. ഈ കഴിഞ്ഞ ഈദ് അവധിക്കാലത്തും അത്തരം ആലോചനകൾ വളരെ തീവ്രമായി നിലകൊണ്ടിരുന്നു എന്നുള്ളതും സത്യമാണ്. മുൻ‌കൂർ ശമ്പളം എടുത്തു റിസോർട്ടിലേക്കു പോകുന്നതിനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നുവെങ്കിലും, സന്ദർശനത്തിലേക്ക് എത്തുന്ന യാത്ര അപ്പോഴും തടസ്സപെട്ടു കിടന്നു.

ഒറ്റപെട്ടു കിടക്കുന്ന ഗ്രാമം, അതെ, അതിനയാണല്ലോ മാലെയിലെ ദ്വീപെന്നു പറയുക. ഓരോ ദ്വീപും ഓരോ ഗ്രാമം ആണ്. കുഞ്ഞു കുഞ്ഞു ഗ്രാമങ്ങൾ!.  മാലെയിലെ ഓരോ റിസോർട്ടും പൂർണമായും ഒരു ദ്വീപിൽ നിലകൊള്ളുന്നതും, ആ ദ്വീപിനെ ഉപയോഗപെടുത്തികൊണ്ടും ഉൾക്കൊള്ളിച്ചുകൊണ്ടുമാവും നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ റിസോർട്ടുകളുടെ തണ്ടപ്പേരായി ഐലൻഡ് എന്ന വാക്ക് കൂടിച്ചേർന്നു കിടക്കുന്നു.

നീല പവിഴ ജലാശയങ്ങൾ നിറഞ്ഞതാണ് ദ്വീപിലെ തീരങ്ങൾ. ലോകത്തെ ഏറ്റവും വിലയേറിയ പ്രേമ തീരങ്ങളെന്നു പേരുകേട്ടതാണ് മാലിദ്വീപിലെ കടൽത്തീരങ്ങൾ. ആ ദ്വീപു റിസോർട്ടുകളിലേക്കു എങ്ങനെയാണ് ഒറ്റയ്ക്ക് പോകുക? ഏകാന്ത ദ്വീപികളിലേക്കുള്ള ഏകാന്ത യാത്ര എത്രമാത്രമാവും ആസ്വാദ്യകരമാകുവാൻ കഴിയുക? അത്തരം ചിന്തകളൊന്നും എന്റെ മാത്രം ആശങ്കകൾ ആയിരുന്നില്ല. എന്റെ യാത്ര ആഗ്രഹം അറിഞ്ഞപ്പോൾ, ഓഫീസിലെ സുഹൃത്തുക്കളും പങ്കുവെച്ച വികാരവും മറ്റൊന്നായിരുന്നില്ല.
ഒറ്റയ്ക്കാണോ പോകുന്നത്?

കരിയർ ബ്രേക്ക് എന്ന് വിളിക്കാവുന്ന, നാട്ടിലേക്കുള്ള തിരിച്ചുപോക്കിനായി ഒരുങ്ങി നിൽക്കുന്ന ഈ വേളയിൽ, ഇനിയൊരു റിസോർട്ട് യാത്രയുടെ സാദ്ധ്യതകൾ എത്രത്തോളം ഉണ്ടാവുമെന്ന് ഉറപ്പില്ലാത്തതുകൊണ്ട്, എങ്ങനെയും ഒരു തവണകൂടി പോകണം എന്ന് തന്നെ തീരുമാനിച്ചു കഴിഞ്ഞിരുന്നു. നമ്മുടെ സാമ്പത്തിക പരിമിതികളും ആഗ്രഹങ്ങളും പലപ്പോഴും പരസ്പരം പോരാടാറു പതിവുണ്ടെങ്കിലും, അതിനൊത്ത ഒരു റിസോർട്ടായിട്ടാണ് ഹോളിഡേ ഐലൻഡ് റിസോർട്ടിന്റെ പരസ്യം കണ്ടപ്പോൾ തോന്നിയത്. 

മാലിദ്വീപിലെ സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ചു നാല് ദിവസം നീണ്ടു നിൽക്കുന്ന ദേശിയ അവധിയാണ് ഈ ജൂലൈ മാസം അവസാനത്തോട് ഉണ്ടാകുന്നത്. ഇരുപത്തിയാറാം തീയതി പോയി, രണ്ടു രാത്രികൾ തങ്ങിയതിനു ശേഷം, ഇരുപത്തിയെട്ടിന് തിരിച്ചു വരാം. ആ തീരുമാനവും ആയിട്ടാണ് റിസോർട്ടിലെ റിസർവേഷനിലേക്ക് ഈമെയിലിൽ ആഗ്രഹം അറിയിക്കുന്നത്.

ഒരു മണിക്കൂറിനു ശേഷം എത്തിയ, റിസർവേഷൻ വിഭാഗത്തിലെ നാസിഫിന്റെ ഫോൺ, എന്റെ ആഗ്രഹത്തെ സ്വീകരിച്ചുകൊണ്ടുള്ളതായിരുന്നു!

****************************************************************************


ഒരു യാത്രയെക്കുറിച്ചു വളരെ കാര്യമായി സുഹൃത്തുക്കളുമായി ചർച്ച ചെയ്യുന്നത് ഗ്രൗണ്ടിൽ ഒത്തുകൂടുന്ന വേളയിലാണ്. 

മാലെയിലെ ദേശിയ ക്രിക്കറ്റ് സ്റ്റേഡിയമായ എക്‌വേണി ഗ്രൗണ്ടിൽ സുഹൃത്തുകൊൾക്കൊപ്പമോ ഒറ്റക്കോ നടക്കാൻ പോകാറ് പതിവുണ്ട്. വെള്ളിയാഴ്ച് ഒഴികെയുള്ള ദിവസങ്ങളിലെ ആ കായിക അഭ്യാസമാണ്, മാലെ ജീവിതത്തിലെ സമയംപോക്കും സന്തോഷവും.തിരക്കേറിയതും സംഘർഷഭരിതവുമായ ഓഫീസ് ജീവിതത്തിനിടയിൽ കണ്ടെത്തുന്ന ഏറ്റവും സുന്ദര ആസ്വാദന നിമിഷങ്ങളാണ് ഗ്രൗണ്ടിലെ വൈകുന്നേരങ്ങൾ.
ആരോഗ്യ പരിപാലനത്തിൽ, പുരുഷന്മാരെക്കാൾ കൂടുതൽ, സ്ത്രീകൾ ആരോഗ്യ ബോധം പ്രകടിപ്പിക്കുന്ന സമൂഹമാണിത്. അതുകൊണ്ടു തന്നെ തിങ്ങി നിറഞ്ഞു നിൽക്കുന്ന ട്രാക്കിൽ സിംഹഭാഗവും സ്ത്രീകളാണ്. പല പ്രായത്തിലുള്ള , പല ജോലികളിൽ ഏർപ്പെടുന്ന, പല ശരീര പ്രകൃതിയുള്ള, പല ലക്ഷ്യങ്ങളോടെ എത്തുന്ന സമൂഹത്തിന്റെ പരിശ്ചേദങ്ങൾ.

അവർക്കിടയിലാണ് ഞങ്ങൾ ചില വിദേശികളായ ജോലിക്കാരും കായിക വിനോദം തേടി എത്തുന്നത്. 
കണ്ണൂരിൽ നിന്നുമുള്ള ലോഹിതാക്ഷൻ ചേട്ടൻ, ആ കൂട്ടത്തിലെ ഏറ്റവും മുതിർന്ന പ്രവാസിയാണ്. ഏതാണ്ട് ഇരുപതു വർഷത്തോളമായി മാലെയിൽ ഒരു കച്ചവട സ്ഥാപനം നടത്തുകയാണ് ലോഹിച്ചേട്ടൻ. കണ്ണൂരിൽ നിന്നും തന്നെയുള്ള മറ്റൊരു സുഹൃത്തായ സതീഷേട്ടൻ, പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ചീഫ് അകൗണ്ടന്റാണ്. സതീഷേട്ടനും പതിനെട്ടു വർഷത്തോളം ആയിരിക്കുന്നു മാലെയിൽ എത്തിയിട്ട്.
മറ്റൊരാൾ അശോകൻ സാറായിരുന്നു. ഡിഗ്രി ക്ലാസ്സുകളിൽ എപ്പോഴോ പഠിച്ചു മറന്ന എൽസിയും റ്റിറ്റിയും മറ്റും എങ്ങനെയാണ് പ്രായോഗിക അകൗണ്ടിങ്ങിൽ ഉപയോഗിക്കേണ്ടതെന്ന് പറഞ്ഞു തന്നത് അശോകൻ സാറാണ്. മാലിയിലെ ഏറ്റവും പ്രസിദ്ധമായ ഒരു പ്രിന്റിങ് കമ്പനിയിലെ ചീഫ് അകൗണ്ടന്റ് ആയിരുന്നു ആലപ്പുഴയിൽ നിന്നുമുള്ള അശോകൻ സാർ. ഏതാണ്ട് പത്തുവർഷത്തോളം ആ കമ്പനിയിൽ പ്രവർത്തിച്ചതിനു ശേഷമാണു, ഇനി നാട്ടിൽ ചെറിയൊരു ജോലിയും ഒപ്പം വിശ്രമവും ആവാമെന്ന തീരുമാനത്തിൽ കുടുംബവ്യാപൃതനായ അദ്ദേഹം പ്രവാസം ഉപേക്ഷിക്കുന്നത്. വിധിവൈപരീത്യം എന്ന് പറയട്ടെ, കൃത്യം രണ്ടു വര്ഷം തികയും മുൻപേ മാലെയിലേക്ക് തിരികെ വരേണ്ടി വന്നു. ഇപ്പോൾ അദ്ദേഹം മറ്റൊരു ട്രേഡിങ്ങ് കമ്പനിയിൽ അകൗണ്ടന്റായി തന്നെ ജോലിനോക്കുന്നു.

ഗ്രൗണ്ട് സൗഹ്രദത്തിലെ ശ്രീരാമൻ എന്നാണ് സുരേന്ദ്രനെ സ്വയം അടയാളപ്പെടുത്താറ്. നാട്ടിൽ അനുഭവിച്ച സാമ്പത്തിക പരാധീനതകളിൽ നിന്നുമുള്ള മോചനം ആയിരുന്നു സുരേന്ദ്രൻ കൃഷ്ണൻ എന്ന സുരക്ക് മാലെ ജീവിതം. ഭഗവാൻ ശ്രീരാമനെ പോലെ, പതിനാലു വർഷത്തെ വനവാസം തന്നെ ആയിരുന്നു തന്റെ ഈ മാലെജീവിതമെന്ന് ആ പുണർതം നക്ഷത്രക്കാരനു നന്നേ ബോധ്യമുണ്ട്. നാട്ടിലെ കൊടുംപരാധീനതകളിൽ വെന്തുരുകുന്ന വേളകളിൽ, അദ്ദേഹത്തിന്റെ രാത്രിസ്വപ്നങ്ങളിൽ ഒറ്റപെട്ടു കിടക്കുന്ന സ്ഥലങ്ങളും, ആളും ആരവവും ഒഴിഞ്ഞ വഴിയോരങ്ങളും ദ്വീപും കടലും തെങ്ങും ഒക്കെ നിത്യകാഴ്ചകൾ ആയിരുന്നു. സ്വദേശമായ തൃശൂരിൽ നിന്നും മാലെയിൽ എത്തിയപ്പോൾ, താൻ അന്ന് കണ്ട രാത്രിസ്വപ്നങ്ങളിലെ സ്ഥലങ്ങൾ തന്നെ അല്ലെ ഇപ്പോൾ മുന്നിലുള്ളതെന്നു ദേജാവുവായി തോന്നാറുമുണ്ട്.

തിരുവനന്തപുരത്തെ അതിർത്തി ഗ്രാമത്തിൽ നിന്നുമുള്ള മോഹനൻ ചേട്ടൻ, സൗഹ്രദ വലയത്തിലെ ഏറ്റവും പ്രായം കൂടിയതും ഒപ്പം ആദ്യകാല പ്രവാസിയുമാണ്. കടൽ വിമാന സർവീസ് നടത്തുന്ന മാലെയിലെ ഏക കമ്പനിയിലെ മെക്കാനിക് ആണ് അദ്ദേഹം. മോഹനൻ ചേട്ടന്റെ ഭാര്യ, ആദ്യ ഗർഭം ധരിക്കുമ്പോഴാണ് അദ്ദേഹം, ആദ്യമായി തിരുവനന്തപുരത്തു നിന്നും വിമാനം കയറുന്നതു. രണ്ടുവർഷം തങ്ങിയിട്ടു, നാട്ടിലേക്കു തിരിച്ചുപോകണം എന്ന് ചിന്തിക്കുന്ന, ഞാനുൾപ്പെടെയുള്ള ഏതൊരു പ്രവാസിയെയും പോലെ ഒരാളായിരുന്നു മോഹനൻചേട്ടനും. അദ്ദേഹത്തിന്റെ ആദ്യത്തെ കണ്മണി വളർന്നു, ഇപ്പോൾ ബിരുദാനന്തര ബിരുദത്തിനു ചേർന്നിരിക്കുന്നു. മോഹനൻ ചേട്ടന്റെ പ്രവാസം, ആ രണ്ടു വർഷത്തിൽ നിന്നും ഇന്നേക്ക് ഇരുപത്തിരണ്ട് വര്ഷം പിന്നിട്ടിരിക്കുന്നു.

പ്രായത്തിലും ജീവിത അനുഭവങ്ങളിലും പ്രായോഗിക കാര്യങ്ങളിലും പ്രവാസത്തിലും എന്നെക്കാളും വളരെ അധികം കാലങ്ങളുടെ കഥപറയാനുണ്ട് ഗ്രൗണ്ടിലെ ഈ സൗഹ്രദങ്ങൾക്ക്. നമ്മുടെ സ്വകാര്യ ദുഖങ്ങളും പ്രശ്നങ്ങളും സങ്കടങ്ങളും ഒക്കെ മറ്റുള്ളവരുടെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, നമ്മുടേത് തുലോം തുച്ഛമെന്നു ഈ സൗഹാര്ദങ്ങൾ വെളിപ്പെടുത്താറുമുണ്ട്. 

സന്തോഷങ്ങളും കുസൃതികളും പങ്കുവെക്കുന്ന ഒരു വേദിയായിരുന്നു ഗ്രൗണ്ടും ഗ്രൗണ്ടിൽ ചിലവഴിക്കുന്ന സമയങ്ങളും. അത്തരം ഒരു ഇടവേളയിലാണ് ഏവരും കൂടിചേർന്നുള്ള ഒരു യാത്ര പോയാലോ എന്ന ആശയം ഉയരുന്നത്. അശോകൻ സാറ് ഒഴിച്ചുള്ളവർ വളരെ ആവേശത്തോടെ മുന്നോട്ടു വന്നപ്പോൾ, മാലിയിലെ ഏതെങ്കിലും റിസോർട്ടിൽ പോകണോ അതോ സൗത്ത് ഈസ്റ്റ് ഏഷ്യയിലോട്ടു പോകണോ എന്ന രീതിയിലേക്ക് ചർച്ച പുരോഗമിച്ചു. അങ്ങനെയാണ് മലേഷ്യയിലേക്ക് പോകാമെന്നു തീരുമാനിക്കുന്നത്. എന്നാൽ ആ തീരുമാനം അങ്ങനെ വെറുമൊരു ആഗ്രഹമായി അവിടെ നിന്നതേ ഉള്ളു. മുന്നോട്ടുള്ള ചർച്ചകളുടെ ഗതി ദുർബലമായി തുടർന്നു, അവസാനം മലേഷ്യ യാത്ര എക്‌വേണി ഗ്രൗണ്ടിലെ നനഞ്ഞ പുൽത്തകിടിക്കുമേൽ ഉപേക്ഷിക്കപ്പെട്ടു.

അതിനുശേഷം പല പൊതു അവധികൾ കടന്നുപോയി.
കൂട്ടുകാരിൽ ഏവരും പലപ്രാവശ്യം നാട്ടിൽപോയി തിരികെ വരുകയും ചെയ്തു. അപ്പോഴും ഒരു യാത്ര എന്നുള്ള എന്റെ ആഗ്രഹം സജീവമായിരുന്നു.

നാട്ടിലേക്കുള്ള തിരിച്ചുപോക്കിനു, യാത്ര തീയതി അടുത്തു വരുന്നു.
നാട്ടിൽ പോയി കഴിഞ്ഞാൽ, ഇനിയൊരു വരവ് എങ്ങനെയാവും എന്നുള്ളത് ഇപ്പോഴും,എപ്പോഴും ഒരു ചോദ്യമാണ്.
ഒരു ടൂറിസ്റ്റായി മാലെ റിസോർട്ടുകൾ സന്ദർശിക്കുക, ഒരുപക്ഷെ സാധ്യമാകുമോ എന്നുള്ളത് സംശയം തന്നെയാണ്.
അങ്ങനെയാണ്, നാട്ടിൽ പോകുന്നതിനു മുൻപ് റിസോർട്ടിൽ പോകണമെന്ന ആഗ്രഹം, ഒരു തീരുമാനം ആയി മാറുന്നത്.


****************************************************************************


3

ആദ്യമായി റിസോർട്ട് ബുക്ക് ചെയ്യുന്നത് ഞാൻ ആയിരുന്നു. ശേഷമാണു, ബുക്കിങ്ങിനെ കുറിച്ച് ശ്രീമാൻ സുരേന്ദ്രനോട് പറയുന്നത്. റിസോർട്ടിൽ പോകുന്നതിനും, പ്രേതെയ്കിച്ചു ആ റിസോർട്ട് നൽകുന്ന പ്രൈസ് ഡിസ്‌കൗണ്ടിനെ കുറിച്ച് കേട്ടപ്പോൾ സുരേന്ദ്രനും താല്പര്യം ഉണ്ടായെങ്കിലും, എന്റെ യാത്ര രണ്ടുദിവസത്തേക്ക് ആയതുകൊണ്ട് അദ്ദേഹത്തിന് അസൗകര്യം ആണെന്ന് പറഞ്ഞിരുന്നു.

ജൂലൈ ഇരുപത്തിയാറിനു പോയി ഇരുപത്തിയെട്ടാം തീയതി തിരികെ വരാമെന്നുള്ളതായിരുന്നു എന്റെ യാത്രാപദ്ധതി. അതിനുവേണ്ടി റിസോർട്ടുമായി നിരന്തരം ഈമെയിലു വഴി ബന്ധപെട്ടുകൊണ്ടിരുന്നു.

ഒരു രാത്രി തങ്ങുന്നതിനു 1,216 മൽദിവിയൻ റുഫിയാണ് (5,129 ഇന്ത്യൻ രൂപാ) മുറി വാടകയും മറ്റും. അതിൽ മൂന്നു നേരത്തെ ആഹാരവും ഉൾകൊള്ളുന്ന ഫുൾബോർഡ് ഓപ്ഷനാണ് ഞാൻ തിരഞ്ഞടുത്തത്. കൂടാതെ മാലെയിൽ നിന്നും റിസോർട്ടിലേക്കു പോകുവാനായി ആഭ്യന്തര വിമാന ടിക്കറ്റിനു ഒരാൾക്കുള്ള തുകയായ 800 റുഫിയായും (3,372 ഇന്ത്യൻ രൂപാ ) അടക്കേണ്ടതുണ്ട്.

നിലവിലുള്ള മറ്റു റിസോർട്ട് നിരക്കുകളുമായി നോക്കുമ്പോൾ ഹോളിഡേ ഐലൻഡ് റിസോർട്ടിലേതു ഏറ്റവും ആകർഷണീയമായി തോന്നി. എന്റെ രണ്ടു ദിവസത്തേക്കുള്ള റിസർവർവേഷൻ ഉറപ്പായത്തിനു ശേഷമാണു ഗ്രൗണ്ട് സൗഹ്രദത്തിലെ മറ്റു നാലുപേരും റിസോർട്ട് സന്ദർശനം എന്ന തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്.
സുരയും അശോകൻസാറും ലോഹിച്ചേട്ടനും സതീശേട്ടനും ചേർന്ന്, ഇരുപത്തിയേഴാം തീയതിലേക്കുള്ള ബുക്കിങ്ങിനു ആഗ്രഹം പ്രകടിപ്പിച്ചു ഇമെയിൽ അയച്ചു. സുരേന്ദ്രൻ ആയിരുന്നു റിസോർട്ടിലെ റിസർവേഷൻ വകുപ്പിലേക്ക് അവരുടെ നാലുപേരുടെയും വർക്ക് വിസ കൂട്ടിച്ചേർത്തുകൊണ്ടു, ഒരു രാത്രി തങ്ങുന്നതിനുള്ള സൗകര്യവും തുകയും തിരക്കി ഇമെയിൽ അയക്കുന്നത്. 
ഉടൻതന്നെ എത്തിയ മറുപടിയിൽ അവരുടെ യാത്രാതീരുമാനത്തെ സ്വാഗതം ചെയ്യുന്നതായിരുന്നു.

പക്ഷെ തൊട്ടടുത്ത ദിവസം, സുരേന്ദ്രന് നാട്ടിൽ നിന്നും വന്ന ഫോൺ കോളിൽ, അവരുടെ യാത്രക്കുമേലെ കരിമേഘങ്ങൾ പടർത്തുന്ന മഴകൂരാപ്പിന്റെ കരിമ്പടങ്ങൾ വാക്കുകളായി പെയ്തൊഴിയാതെ നിന്നു.

ഉറക്കമുണർന്നു, ഓഫീസിലേക്ക് ഇറങ്ങുന്നതിനുള്ള തയാറെടുപ്പുകൾ നടക്കുന്നതിനിടയിലാണ്, എന്റെ മൊബൈൽ ശബ്‌ദിച്ചത്.
മറുഭാഗത്ത് സുരേന്ദ്രൻ ആയിരുന്നു.
എല്ലാ ദിവസവും ഞങ്ങൾ ഇരുവരും ഫോണിൽ സംസാരിക്കാറുണ്ട്, മിക്ക ദിവസങ്ങളിലും കാണാറുമുണ്ട്. എങ്കിലും അതിരാവിലെ വന്ന ഫോൺകോൾ അസമയത്തുള്ളതും തികച്ചും അപ്രതീക്ഷിതവും ആയിരുന്നു.

ചെറിയൊരു ആശങ്കയോടും ഉലഞ്ഞ മനസ്സോടുമാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്.
സ്വാതന്ത്ര്യ ദിനത്തിലെ അവധി ആഘോഷം, റിസോർട്ടിൽ ആകുന്നതിനെക്കുറിച്ചു, അദ്ദേഹത്തിന്റെ വീട്ടിലോ ഭാര്യയോടോ
പങ്കുവെച്ചിരുന്നില്ല. അത് മറ്റൊന്നും കൊണ്ടായിരുന്നില്ല, ഒരു പക്ഷെ എതിരു പറഞ്ഞാലോ ?
അങ്ങനെ പറഞ്ഞ ചരിത്രം ഉണ്ട്!
ഏവരും ആലോചിച്ച മലേഷ്യൻ യാത്രയിൽ വലിയ താല്പര്യം കാണിക്കാതെ ഇരുന്നതിലും, പിന്നീട് ഉപേക്ഷിക്കാനും, നാട്ടിൽ നിന്നും വന്ന ഇത്തരം എതിർപ്പുകൾ ആയിരുന്നുവല്ലോ കാരണം.

നാട്ടിൽ, ഭാര്യയുടെ കൈവശയുമുള്ള സുരേന്ദ്രന്റെ ഫോണിൽ, അദ്ദേഹം അയക്കുന്നതും വരുന്നതുമായ ഈമെയിലുകൾ പരിശോധിക്കാൻ കഴിയുമല്ലോ.  അത്തരത്തിലുള്ള ഒരു  നോട്ടിഫിക്കേഷൻ അലെർട്ടിലാണ്, സുരേന്ദ്രൻ റിസോർട്ടിലേക്കു അയച്ച ഈമെയിൽ, അദ്ദേഹത്തിന്റെ ഭാര്യ ശ്രദ്ധിക്കാൻ ഇടയായത്.
ആ ഈമെയിലിൽ സുരേന്ദ്രന്റെ ഉൾപ്പടെ സതീഷേട്ടന്റെയും അശോകൻ സാറിന്റെയും ലോഹിച്ചേട്ടന്റെയും വർക്ക് വിസയും യാത്ര വിവരവുമൊക്കെ ഉണ്ടായിരുന്നുവല്ലോ.

റിസോർട്ടുകളെ സംബന്ധിച്ച ചില അബദ്ധ ധാരണകളോ മുൻവിധികളോ ആവാം, സുരേന്ദ്രന്റെ ഭാര്യയെ വിഷമിപ്പിക്കുന്നത്. അസാന്മാര്ഗികമായതോ സാമൂഹിക വിരുദ്ധമായതോ ആയ കാര്യങ്ങൾക്കുവേണ്ടിയല്ല, റിസോർട്ടിലേക്കു പോകുന്നത്.
ജീവിതത്തിലെ ചില സന്തോഷങ്ങൾ!
അത് എപ്പോഴും കൂട്ടുകൂടുന്ന, കഥകൾ പറയുന്ന കൂട്ടുകാരോടപ്പം ഒരു രാത്രി കഴിച്ചുകൂട്ടുക!
നല്ലതും വ്യെത്യസ്തവുമായ ആഹാരം കഴിക്കുക!
മനോഹരവും ശാന്തവുമായ കടൽത്തീരത്ത് കുറച്ചു സമയം ചിലവഴിക്കുക!
എന്നും കാണുന്ന നാലുചുമരുകൾക്കുള്ളിലെ, ഒറ്റപ്പെട്ട ജീവിതത്തിലെ മുരടിപ്പിൽ നിന്നുമൊരു വിടുതൽ!
ശരിയാണ്, മാലെയിൽ നിന്നും വ്യെത്യസ്തമായി, നിയന്ത്രണമില്ലാത്ത മദ്യപാനത്തിന് തുറന്ന അവസരങ്ങൾ റിസോട്ടുകളിൽ ഉണ്ടെങ്കിലും,സുരേന്ദ്രനെ സംബന്ധിച്ചടുത്തോളം മദ്യപാനം, യാത്രയിലെ പ്രധാന താല്പര്യമോ ലക്ഷ്യമോ ആണെന്ന് തോന്നുന്നില്ല.
പക്ഷേങ്കിലും, കുടുംബ സ്നേഹിയായ ഭർത്താവിനോട്, ഉടമസ്ഥത സംബന്ധിച്ച് ബോധ്യമുള്ള ഏതൊരു ഭാര്യയും കാണിക്കുന്ന കരുതലും അവകാശവും താല്പര്യവുമെ, ഭാര്യ എന്ന നിലയിൽ അവരും കാണിക്കുന്നുണ്ടാവുകയുള്ളു.

സത്യം പറഞ്ഞാൽ, സുരേന്ദ്രൻ ഭാഗ്യവാനാണ്!
ഇങ്ങനെ സ്നേഹിക്കാനും പിണങ്ങാനും സ്വന്തമെന്നു പറയുവാൻ ആരെങ്കിലും ഉള്ളത് ഭാഗ്യമല്ലെങ്കിൽ,പിന്നെ എന്താണ്?

അദ്ദേഹത്തിന്റെ ആശങ്ക അവിടംകൊണ്ടും തീരുന്നുണ്ടായിരുന്നില്ല, ഫോൺ വെക്കുന്നതിനു മുൻപായിട്ടു മറ്റൊരു ഉൽക്കണ്ഠയുംകൂടി സൂചിപ്പിച്ചത്. സതീഷേട്ടന്റെ അച്ഛന്റെ ശാരീരിക അവശത വളരെ കലശതായതിനാൽ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയിരിക്കുകയാണ്. പ്രായം ഏറെ പിന്നിട്ടിരിക്കുന്ന അദ്ദേഹം കൃത്രിമ ഉപകരണങ്ങളുടെ സഹായത്താലാണ് ജീവിക്കുന്നത്. ഒപ്പം മറ്റൊന്നുകൂടി പറഞ്ഞു, അശോകൻ സാറിന്റെ സഹോദരി ഭർത്താവ്, ബ്ലഡ് പ്രെഷർ കൂടിയത് കാരണം ഐസിയുവിലുമാണ്.

നിശ്ചയിരിക്കുന്ന യാത്രക്ക് ഇനിയും ഒരാഴ്ചയോളമുണ്ട്. മഴക്കോളുകൾ മാറി മാനം തെളിയുമായിരിക്കും.

ദുഃഖഭാരങ്ങൾ മൂടിയ കരിമ്പടം ഊരിമാറ്റി, ഞാൻ കുളിമുറിയിലേക്ക് കയറി.

****************************************************************************

4

കഴിഞ്ഞ ദിവസങ്ങളിൽ കാണുമ്പോഴും സംസാരിക്കുമ്പോഴും സുരേന്ദ്രൻ ക്ഷീണിതനും വിഷണ്ണനും ആയിരുന്നു. 
റിസോർട്ടിൽ പോകുവാനുള്ള തീരുമാനം എടുത്തതും അത് മറ്റു സുഹൃത്തുക്കളുമായി പങ്കുവെച്ചതും ഏവരും ഒരുപോലെ താല്പര്യത്തോടെ പോകാമെന്നു ധാരണ ആയതുമാണ്. ഇനി ആ തീരുമാനത്തിൽ നിന്നും എങ്ങനെയാണ് പിന്മാറുക? എന്ത് കാരണം പറഞ്ഞാവും അതിനെ ന്യായികരിക്കുവാൻ കഴിയുക ? 
സുരേന്ദ്രന് ഭാര്യയെയോ കുടുംബത്തെയോ വിഷമിപ്പിക്കാനോ അവഗണിക്കാനോ കഴിയുമായിരുന്നില്ല. ഒരു തീരുമാനം എടുക്കുവാൻ കഴിയാതെ അദ്ദേഹം വിഷമിച്ചു. ഭാര്യയുമായുള്ള ലസാഗു എങ്ങനെ കണ്ടെത്തുവാൻ കഴിയുമെന്നു ആലോചിച്ചു, മനസ്സ് മൗനമായി.
തികച്ചും കുടുംബവ്യാപൃതനായ സുരേന്ദ്രൻ ഭാര്യയോ കുട്ടികളെയോ അവഗണിച്ചു തീരുമാനം എടുക്കുന്ന ആളായിരുന്നില്ല. അദ്ദേഹത്തിന്റെ ലോകം അവരിലേക്ക്‌ ചുരുങ്ങിയതായിരുന്നു. അത് അറിയാമെന്നുള്ളത് കൊണ്ടാണ് സുരേന്ദ്രനോട് ഈ യാത്ര ഒഴിവാക്കാൻ  അഭിപ്രായപ്പെട്ടത്. പക്ഷേങ്കിലും, അപ്പോൾ മറ്റു മൂന്നാളുകൾ എന്ത് വിചാരിക്കും എന്നുള്ളത് അദ്ദേഹത്തിന്റെ ഉള്ളിലെ മറുചോദ്യമായി നിന്നു. 
അവരുടെ നാലുപേരുടെയും യാത്രാ, തീരുമാനം ആകാതെ മുന്നോട്ടു പോകുമ്പോഴാണ്, സതീഷേട്ടന്റെ മൊബൈൽ സന്ദേശം എത്തുന്നത്. 
"അച്ഛന്റെ സ്ഥിതി പുരോഗതി ഇല്ലാതെ നിൽക്കുകയാണ്. ബിപി കുറഞ്ഞത് കാരണം വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുന്നു."    
സ്വാതന്ത്ര്യാനന്തരം സ്വഗ്രാമത്തിൽ അക്ഷരവെളിച്ചമായി നിലകൊണ്ട ആദ്യ വായനശാലയുടെ സ്ഥാപകനായകരിൽ പ്രഥമ ഗണനിയൻ ആയിരുന്നു സതീഷേട്ടന്റെ അച്ഛൻ. തൊണ്ണൂറു വയസുകഴിഞ്ഞ അദ്ദേഹത്തിനു ഉണ്ടായേക്കാവുന്ന ഏതൊരു സാഹചര്യവും നേരിടാൻ  തയാറായി നിൽക്കുകയാണ്, സതീശേട്ടനും. ദൗർഭാഗ്യവശാൽ, അച്ഛന്റെ ആരോഗ്യം വളരെ മോശമാവുകയാണെങ്കിൽ, നാട്ടിലേക്ക് പോകേണ്ടി വരും.

സതീഷേട്ടൻ യാത്രയിൽ നിന്നും പിന്മാറുകയാണ്.

സത്യത്തിൽ സതീഷേട്ടന്റെ ആ തീരുമാനം 'അച്ഛൻ ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല്'  എന്നപോലെ,  സ്വരൂപം മറച്ചെത്തിയ വിഷമവാർത്ത ആയിരുന്നു. തുടർന്ന്, അവരുടെ നാലുപേരുടെയും യാത്ര ഉപേക്ഷിച്ചുകൊണ്ടു സുരേന്ദ്രൻ റിസോർട്ടിലേക്ക് കത്ത് അയച്ചു. ആ ഈമെയിലും, മുൻപെലുത്തേതുപോലെ അദ്ദേഹത്തിന്റെ ഭാര്യ ശ്രദ്ധിക്കുമായിരിക്കും. അപ്രതീക്ഷിതമായി ഉണ്ടായ കാറുംകോളും നാശനഷ്ടങ്ങൾ ഒന്നും വരുത്താതെ പെയ്തൊഴിയും എന്ന് വിശ്വസിക്കുന്നു.
നിറഞ്ഞ സന്തോഷത്തോടെ സുരേന്ദ്രൻ ആ രാത്രിയിൽ ഉറങ്ങിയിട്ടുണ്ടാവണം.

എന്റെ യാത്രാതീയതിലേക്കു ഇനി രണ്ടു ദിവസങ്ങൾ മാത്രമേ ഉള്ളു. റിസോർട്ടിലേക്ക് ഈമെയിൽ അയച്ചു, യാത്രയെ സംബന്ധിച്ച കൃത്യമായ സമയവും സ്ഥലവും ഉറപ്പുവരുത്തി. ഇരുപത്തിയാറാം തീയതി, ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ട് പതിനഞ്ചിനു ആണ് ചെക്കിങ്. മാലെ ആഭ്യന്തര വിമാനത്താവളത്തിൽ നിന്നും ഫ്ലൈ മിയുടെ ഫ്ലൈറ്റിൽ രണ്ടു പതിനഞ്ചിനാണ്‌ യാത്ര.


ഗ്രൗണ്ടിലെ സുഹൃത്തുക്കൾ യാത്ര റദ്ധാക്കിയത് സാധുവായിരിക്കുന്നതുപോലെ. സതീഷേട്ടന് നേരിട്ട് കാണുവാൻ  അച്ഛൻ കാത്തുനിന്നില്ല. ആശുപത്രിയിൽ നിന്നുമുള്ള ദുഃഖവാർത്ത എത്തുമ്പോൾ സതീഷേട്ടൻ, നാട്ടിലേക്കുള്ള യാത്രക്കായി മാലെ വിമാനത്താവളത്തിൽ എത്തിയിട്ടെ ഉണ്ടായിരുന്നുള്ളു.

****************************************************************************
5


മാലെ തെരുവുകൾ സ്വാതന്ത്രദിന ആഘോഷങ്ങളുടെ നിറവിലാണ്.
മാൽദീവ്‌സ്, അതിന്റെ 52 ആം സ്വാതന്ത്ര്യ ദിനം കൊണ്ടാടുന്നത് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ്. മാലെയുടെ കഴിഞ്ഞ രണ്ടു സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്കും പാകിസ്ഥാൻ പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നുവെങ്കിലും, ആ രാജ്യത്തിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണം രണ്ടു പ്രവിശ്യവും നവാസ് ഷെരീഫിന് മാൽദീവ്‌സിൽ വരുവാൻ കഴിഞ്ഞിരുന്നില്ല.

ഇന്ത്യൻ മഹാസമുദ്രത്തിൽ, ഇന്ത്യയുടെ അപ്രമാദിത്യത്തെ ചോദ്യം ചെയ്യുകയാണ് ഒരർഥത്തിൽ കുറച്ചു നാളുകളായി നിലവിലെ മാൽദീവ്‌സ് സർക്കാർ. ചൈനക്കും സൗദി അറേബിയക്കും മറ്റും, ജനവാസം ഇല്ലാത്ത ദ്വീപുകൾ വിൽക്കുന്നതും, ആ രാജ്യങ്ങളിൽ നിന്നുമുള്ള വർദ്ധിച്ചുവരുന്ന മൂലധന നിക്ഷേപകങ്ങളും, ഇന്ത്യയിൽ നിന്നുള്ള സ്വകാര്യ കമ്പനിയെ എയർപോർട്ട് നടത്തിപ്പിൽ നിന്നും പുറത്താക്കിയതും, റിയൽ എസ്റ്റേറ്റ് കമ്പനിയെ ഭവന നിർമ്മാണ പദ്ധതിയിൽ നിന്നും ഒഴിവാക്കിയതുമൊക്കെ ചേർത്തു വായിക്കുമ്പോൾ, നിലവിലെ സർക്കാരിന്റെ ഇന്ത്യ വിരുദ്ധത മുഴച്ചു നിൽക്കുന്നതായി കാണാം.
അങ്ങനെ ഒന്നും ആയിരുന്നില്ല ഭാരതത്തോടു, കുറച്ചു നാളുകൾ മുൻപ് വരെയും തുടർച്ചയായി മുപ്പതു വര്ഷം നീണ്ടുനിന്ന അബ്ദുൽ ഗയൂം മൈമൂണിന്റെ സർക്കാർ. 1982 ലെ തീവ്രവാധി ആക്രമണത്തിൽ നിന്നും ഈ രാജ്യത്തെ സംരക്ഷിച്ചതും രാഷ്ട്രപതി മൈമൂണിന്റെ ജീവൻ രക്ഷിച്ചതും ക്ഷണനേരം കൊണ്ട് ഇന്ത്യയിൽ നിന്നും വന്ന സൈനികരുടെ കരുത്തും വീര്യവും കൊണ്ടാണ്. ഓപ്പറേഷൻ കോക്റ്റസ് എന്ന അറിയപ്പെട്ട ഇന്ത്യൻ  സായുധ സേന നടത്തിയ ശക്തമായ ചെറുത്തുനിൽപ്പാണ്‌ ഇന്ത്യൻ മഹാസമുദ്രത്തിൽ സമാധാനം ഉറപ്പുവരുത്തിയത്.

ആദ്യമായി ഈ രാജ്യത്തേക്ക് ഒരു വിമാനം ഇറങ്ങിയതും ഇവിടെ ബാങ്കിങ് സംവിധാനങ്ങളുടെ ബാലപാഠങ്ങൾ പഠിപ്പിച്ചതും കേന്ദ്ര ബാങ്ക് ഉണ്ടാക്കിയതും ഒക്കെ ഭാരതത്തിന്റെ നിർദേശങ്ങൾക്കും ഉപദേശങ്ങൾക്കും അനുസരിച്ചായിരുന്നു. കടൽ അപകടങ്ങളിലെ സംരക്ഷകനായും നിരീക്ഷകനായും ഇന്ത്യൻ വ്യാമസേനയുടെ വിമാനങ്ങൾ പലപ്പോഴും വന്നുപോകുകയും ഒരു വിളിപ്പാടകലെ നിൽക്കുകയും ചെയ്യുന്നു. പെട്ടെന്നൊരു വൈകുന്നേരം കുടിവെള്ള വിതരണം നിലച്ചുപോയ തലസ്ഥാന നഗരത്തിൽ, ഒരു ഫോൺ വിളിയുടെ അവസാനം, കപ്പലുകളിലും വിമാനങ്ങളിലും കുടിവെള്ളവും മറ്റുമായി ആദ്യം എത്തിയതും ഭാരതം ആയിരുന്നു.

പണത്തിനു മീതെ പരുന്തും പറക്കും എന്നുള്ളത് നാട്ടിൻപുറത്തെ ചൊല്ലാണ്. ചില ഭരണനേതാക്കളുടെ സ്വകാര്യ താല്പര്യങ്ങളാവാം, അല്ലെങ്കിൽ മതപരമായ കാരണങ്ങളാവാം. എന്ത് തന്നെ ആയാലും, ഇടത്തോട്ട് തിരിഞ്ഞു, തീവ്ര ഇടത്തോട്ട് പോകുന്ന, ജനങ്ങളെ നിശ്ശബ്ദരാക്കി അധികാര തുടർച്ചയും സ്വന്തം നിലനിൽപ്പും മാത്രം ആഗ്രഹിക്കുന്ന ചിലരിലേക്ക് ഭരണവും നിയന്ത്രണവും നീങ്ങുന്നു എന്നാണ് സമീപകാല സംഭവങ്ങളും അനുഭവങ്ങളും പഠിപ്പിക്കുന്നത്.

വീഥികളുടെ ഇരുവശത്തും ദേശിയ പതാക ചേർത്തുകെട്ടിയിരിക്കുന്ന ഇരുമ്പുകാലുകൾ കാണാം. അവിടവിടെയായി പാകിസ്ഥാൻ പതാകകളും. അത് അവരുടെ പ്രധാനമന്ത്രിയുടെ സന്ദര്ശനത്തോടുള്ള ആഭിമുഖ്യം പ്രകടിപ്പിക്കലാവാം.

ഉച്ചയാകുമ്പോൾ പ്രാദേശിക എയർപോർട്ടിലേക്കു പോയാൽ മതി. രാവിലെ ഉറക്കം എണീറ്റ് കഴിഞ്ഞാൽ, മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട്, നേരെ ഓഫീസിലേക്ക് വന്നു. കുറച്ചു നേരം ഇന്റർനെറ്റ് പത്രങ്ങളും മറ്റും വായിച്ചു, ഈമെയിലും പരിശോദിച്ചു സമയം കളഞ്ഞു. ശേഷം ഓഫീസിൽ നിന്നും ഫെറിയിലേക്ക് നടന്നു. അവിടെ നിന്നും പത്ത് മിനുട്ട് ബോട്ട് യാത്രയുണ്ട് എയർപോർട്ട് ദ്വീപായ ഹുളുലേയിലേക്ക്.

റിസോർട്ടിൽ എത്തിയിട്ട് ഭക്ഷണം ഗംഭീരമാക്കാം എന്നുള്ള പ്രതീക്ഷയിലാണല്ലോ,അതുകൊണ്ടുതന്നെ വയറിനെ പരുവപ്പെടുത്താനായി രാവിലെ ഒന്നും കഴിച്ചിരുന്നില്ല. ഹോളിഡേ റിസോർട്ടിൽ നിന്നും റിസർവേഷൻ ഓഫീസർ അറിയിച്ചതുപോലെ, എയർപോർട്ടിലെ ഫ്ലൈ മി എന്ന വിമാനകമ്പനിയുടെ കൗണ്ടറിൽ ബന്ധപെടുകയേ വേണ്ടു, യാത്ര ചെയ്യാൻ.
ഫ്ലൈ മി എന്ന വിമാനവും, ഞാൻ പോകുന്ന റിസോർട്ട് കമ്പനിയുടെ തന്നെ സഹസ്ഥാപനം ആയിരുന്നു. കടലാസ്സ് ടിക്കറ്റില്ലാതെയും യാത്രചെയ്യാമെന്നു ഈ യാത്ര കാണിച്ചുതരുന്നു.പ്രേത്യേകിച്ചു ടിക്കറ്റു ഒന്നും എടുക്കേണ്ടി വന്നില്ല യാത്രക്ക്.
പന്ത്രണ്ടു പതിനഞ്ചിനു ചെക്കിങ് തുടങ്ങുമെങ്കിലും, പന്ത്രണ്ടു മണിക്ക് തന്നെ അവിടെ എത്തിച്ചേർന്നിരുന്നു.

ബാക്ക്പാക്കിൽ അത്യാവശ്യം വേണ്ട, മൂന്നു ജോഡി വസ്ത്രങ്ങളും ടൂത്ബ്രെഷും പേസ്റ്റും മാത്രമേ എടുത്തിട്ടുള്ളു. മറ്റൊന്നും തന്നെ ലഗേജായി ഉണ്ടായിരുന്നില്ല. പ്രാദേശിക വിമാനങ്ങളിൽ അഞ്ചുകിലോ മാത്രമേ ഹാൻഡ് ലഗ്ഗേജായി അനുവദിക്കുക ഉള്ളു.

അതികം തിരക്കുകൾ ഒന്നും ഇല്ലാത്ത വിമാനത്താവളത്തിൽ നിന്നും ബോർഡിങ് പാസും വാങ്ങി കാത്തിരിന്നു.
രണ്ടു പതിനഞ്ചിനാണ്‌ വിമാനം.
ഏകദേശം അമ്പത് പേർക്കോളാം യാത്ര ചെയ്യാവുന്ന ചെറിയ വിമാനം ആയിരുന്നു ഫ്ലൈ മി. മാലെയിൽ നിന്നും ആദ്യം മാമിഗിലി എന്ന എയർപോർട്ട് ദ്വീപിലേക്കാണ് പോകേണ്ടത്. അവിടെ നിന്നും ബോട്ട് മാർഗം റിസോർട്ടിലേക്കും.

ഇനിയും ഏകദേശം രണ്ടുമണിക്കൂറോളം ഉണ്ട്, യാത്രക്ക്.
ഇത്രയും നേരത്തെ ഇറങ്ങേണ്ടതില്ല എന്ന് ഓർത്തു.
ജോലിയുടെ ഭാഗമായി വന്ന ചേർന്ന ആശങ്കളും ഉത്കണ്ഠകളും വിചാരപെടലുകളും ആണ്, ഏതൊരു യാത്രയെയും പോലെ ഈ യാത്രയെയും ഭരിക്കുന്നത്. ഓഫീസിന്റെ ആയാലും വീടിന്റെ ആയാലും പ്രധാന കതകു അടച്ചിട്ടു പലപ്പോഴും വീണ്ടും വീണ്ടും പരിശോദിക്കാറുണ്ട്. ചില സമയങ്ങളിൽ, സഹപ്രവർത്തകരെ വിട്ടു അന്നേഷിക്കാറും ഉണ്ട്.

എയർ കണ്ടീഷൻ ഓഫ് ചെയ്തിട്ടുണ്ടാരുന്നോ?
ഗ്യാസ് ഓഫാക്കിയാരുന്നോ?
കതക് അടച്ചോ....?

അത്തരം ഒരു മാനസിക അവസ്ഥയിൽ നിൽക്കുന്നതുകൊണ്ടാണ്, ഇത്രയും നേരത്തെ എയർപോർട്ടിലേക്ക് വരേണ്ടിയും വന്നത്.
സമയം ചിലവഴിക്കുവാൻ മറ്റു മാർഗങ്ങൾ ഇല്ലാതെ, മൊബൈലിൽ സോഷ്യൽ മീഡിയ പേജുകളിലേക്ക് നോക്കി.

ചില വിമാനങ്ങൾ യാത്രക്ക് പുറപ്പെടുന്നതിന്റെ പ്രഖ്യാപനങ്ങൾ കേൾക്കുന്നു. തദ്ദേശീയരായ ആൾക്കാരാണ്, വിമാനത്താവളത്തിൽ കൂടുതലും യാത്രക്കാരായി കണ്ടത്. അവധി ആഘോഷങ്ങൾക്ക് പോകുന്നവരോ, സ്വദേശമായ ദ്വീപിലേക്ക് പോകുന്നവരോ ആവും അതിൽ കൂടുതലും.
നാല് സീറ്റുള്ള ഒരു നീളൻ കസേരയിലേക്ക് ഞാൻ ചെന്നിരുന്നു. തൊട്ടുമുന്പിലായി കൗമാരം പിന്നിട്ട മൂന്ന് തദ്ദേശീയ പെൺകുട്ടികളും ഉണ്ടായിരുന്നു. അവരുടെ സൗന്ദര്യവും ആസ്വദിച്ചു, എന്നാൽ അവരെ കണ്ടില്ലാ എന്ന് നടിച്ചു അലക്ഷ്യമായി നോക്കിയിരുന്നു.

എതിർ  വശത്തു ഉറക്കെ സംസാരിച്ചു ഇരിക്കുക ആയിരുന്ന, മാലെ  യുവാക്കളിൽ ആയിരുന്നു ആ പെൺകുട്ടികളുടെ ശ്രദ്ധ. ആ യുവാക്കളുടെ സംഭാഷണങ്ങൾ, ഈ പെൺകുട്ടികൾ തമാശയായി പറഞ്ഞു ചിരിക്കുന്നുമുണ്ടായിരുന്നു. പ്രായത്തേക്കാൾ മുതിർന്ന ശരീരവയവങ്ങൾ ആണല്ലോ ഒരു ശരാശരി മാലെയുവത്വത്തിന്റെ ആകർഷണീയത. ആ കാഴ്ചപ്പാടിന്റെ സാധൂകരണം ആയിരുന്നു, ആ മൂവർസംഘത്തിലെ ഒരു പെൺകുട്ടിക്ക്.

പലവേഷവിധാനങ്ങളോടെ നിൽക്കുന്ന പലതരം ആൾക്കാരെയും കണ്ടുകൊണ്ടു വെറുതെ ഇരുന്നു. കണ്ണാടി വാതിലിനു അപ്പുറം, മഴചാറുന്നതു കാണാമായിരുന്നു. സെകുരിറ്റി ചെക്കിങ്ങും കഴിഞ്ഞു, ബോര്ഡിങ് ഭാഗത്തേക്ക് നടന്നു.

ബാക്ക്പാക്കിൽ കിടന്ന ഓഫീസ് കീയുടെ കൂട്ടം, സെക്യൂരിറ്റി ഓഫീസർക്ക് മുന്നിൽ തുറന്നു കാണിച്ചു. ഒരു കണ്ണാടി വാതിലിനപ്പുറം യാത്ര ചെയ്യുവാനുള്ള വിമാനം കാണാം. രണ്ടു മണിക്ക് തന്നെ ബോര്ഡിങ് ഗേറ്റു തുറന്നു.
പറക്കുവാൻ ഒരുങ്ങി കിടക്കുന്ന മാലെ സുന്ദരി ഫ്ലൈ മിക്ക് അരികിലേക്ക് നടക്കുമ്പോൾ, സെൽഫി എടുക്കുവാൻ മറന്നിരുന്നില്ല.

****************************************************************************

6

മാലെയിൽ നിന്നും മാമിഗ്ഗിലി എന്ന എയർപോർട്ട് ദ്വീപിലേക്കാണ് പോകേണ്ടത്. 

18 ഡി. വിമാനത്തിലെ ഏറ്റവും പുറകിലെ വിൻഡോ സീറ്റ്!
തൊട്ടരികിൽ ഇരിക്കുന്നത് മധ്യവസ്സ് കഴിഞ്ഞ മാലെ സ്ത്രീ ആയിരുന്നു. അവരും ഹോളിഡേ ഐലണ്ടിലേക്ക് പോകുകയാണോ, ആവോ അറിയില്ല. ചാറ്റൽമഴയിലൂടെ എത്തിഹാദ് വിമാനവും ശ്രീലങ്കൻ എയർലൈൻസും ലാൻഡ് ചെയ്യുന്നതും കാത്തു ഞങ്ങളുടെ വിമാനം കുറച്ചു നേരംകൂടി കിടന്നു. ശേഷം പതുക്കെ നീങ്ങി നീങ്ങി പറന്നു തുടങ്ങി.

മറ്റുള്ള വിമാനങ്ങളിലെ പോലെ ആഹാര വിതരണം ഉണ്ടായിരുന്നില്ലെങ്കിലും, ഒരു ചെറിയ പാക്കറ്റ് എരിവുള്ള കപ്പലണ്ടി ഏവർക്കും കൊടുത്തു.

ഇരുപതു മിനിട്ടാണ് യാത്ര സമയം.

കപ്പലണ്ടി കൊറിച്ചു തീർന്നപ്പോഴേക്കും, തടസ്സങ്ങളൊന്നും കൂടാതെ, ഫ്ലൈ മി മാമിഗ്ഗിലി വിമാനത്താവളത്തിൽ ഇറങ്ങി. സാധാരണ മറ്റു യാത്രകളിൽ ഉണ്ടാവാറുള്ളതുപോലെയുള്ള പരിശോധനകളോ മറ്റോ ഇല്ലാതെ തന്നെ വിമാനത്താവളത്തിൽ നിന്നും പുറത്തക്ക് ഇറങ്ങി. അവിടെ വെളിയിൽ, റിസോർട്ടിൽ നിന്നുമുള്ള വാൻ അഥിതികളെയും പ്രതീക്ഷിച്ചു കാത്തുനിൽക്കുന്നുണ്ടായിരുന്നു. എന്നെ കൂടാതെ, ആ റിസോർട്ടിലേക്കു പോകുവാൻ ഒമ്പതോളം മറ്റു യാത്രക്കാരും ഉണ്ട്. ഞാനൊഴികെ ഏവരും മാലിദ്വീപുകാരു തന്നെ. 

രണ്ടു ചെറിയ വളവുകൾ തിരിഞ്ഞു, മണൽ നിരത്തിയ വഴിയിലൂടെ, വാൻ ഒരു വലിയ കടവിൽ എത്തിച്ചേർന്നു. അവിടെ, റിസോർട്ടിൽ നിന്നുമുള്ള അഹമ്മദ് എന്ന റിസർവേഷൻ ഓഫീസർ ഞങ്ങളെ സ്വീകരിച്ചു, എന്റെ പേരും ബുക്കിങ്ങും ഉറപ്പുവരുത്തിയ ശേഷം ധോണിയിലേക്ക്  (വലിയ യാത്ര വഞ്ചി) കയറ്റി.

ആ ഫെറിയിൽ നിന്നും നോക്കിയാൽ തൊട്ടടുത്തായി തന്നെ ഹോളിഡേ ദ്വീപ് റിസോർട്ട് കാണാം. ദൂരകാഴ്ചയിൽ നീണ്ടു നിവർന്നു കിടക്കുന്നുണ്ട് ആ ദ്വീപ്. ആ കടവിൽ നിന്നും നീന്തി പോകാനുള്ള ദൂരമേ റിസോർട്ടിലേക്ക് ഉള്ളുവെന്ന് തോന്നി. നീന്തൽ അറിയാത്തതുകൊണ്ടും, യാത്രക്ക് അരയന്നത്തെ ഓർമപ്പെടുത്തുന്ന ധോണി തയാറെടുത്തു നിൽക്കുന്നതുകൊണ്ടും, നീന്താൻ മുതിർന്നില്ല.

മധ്യാഹ്ന സൂര്യന്റെ ചൂടുവെട്ടം അതിശക്തമായി ഓളപ്പരപ്പുകളിൽ നൃത്തം ചെയ്യുന്നു. ധോണിയിലെ കണ്ണാടി വാതിലിലൂടെ തെറിച്ചു വീഴുന്ന വെട്ടത്തിൽ കപ്പിത്താന്റെ ശരീര നിഴൽ ഒരു ശില്പത്തെ ഓർമ്മപ്പെടുത്തി. സൂര്യനെ അഭിമുഖീകരിക്കാൻ കണ്ണുകൾ പരാജയപെട്ടുകൊണ്ടെയിരുന്നു.

റിസോർട്ട് വളരെ അടുത്ത് കണ്ടുവെങ്കിലും, അല്പം വട്ടം ചുറ്റിയാണ് ധോണി, അവിടുത്തെ ജെട്ടിയിലേക്കു അടുപ്പിച്ചത്. ബോട്ടു ജെട്ടിയിൽ നിന്നും ഏകദേശം ഇരുനൂറു മീറ്റർ കടലിലൂടെ നീണ്ടു കിടക്കുന്ന തടിപ്പാലത്തിലൂടെ വേണം റിസോർട്ടിലേക്കു എത്തുവാൻ. പുറം കാഴ്ചയെ മനോഹരം ആക്കുന്ന, റിസോർട്ടിന്റെ ആനചന്തത്തെ പ്രശോഭിപ്പിക്കുവാൻ ജെട്ടിയുടെ ആ രൂപകല്പനക്കു കഴിഞ്ഞിട്ടുണ്ടെന്ന് വേണം മനസ്സിലാക്കുവാൻ. ധോണി അടുപ്പിച്ച ജെട്ടിയിൽ ഒരു വള്ളിക്കുടിലും, അതിനുള്ളിലായി ഒരു ആട്ടുകട്ടിലും ഉണ്ടായിരുന്നു.

ആ അരയന്ന ധോണിയിൽ നിന്നും ഇറങ്ങിയ ഉടനെ മറ്റു അതിഥികൾ ഗ്രൂപ് ഫോട്ടോ എടുക്കാനും സെൽഫി എടുക്കാനും ആട്ടുതൊട്ടിലിൽ ഊഞ്ഞാലാടുവാനും തിരക്കുകൂട്ടി.
അവിടെ നിന്നും നടന്നു വേണം റിസോർട്ടിലെ റിസപ്‌ഷനിൽ എത്താൻ.

താരതമ്യേനെ ആഴം കുറഞ്ഞ ഹരിത നീലിമയാർന്ന കടലിനെ വകഞ്ഞു മാറ്റി മീതെ നിർമ്മിച്ചിട്ടുള്ള തടികൊണ്ടുള്ള കടൽപ്പാലത്തിലൂടെ നടന്നു.
തൊട്ടരികിൽ യുവമിഥുനങ്ങൾ!
അയാൾ അവളുടെ അരയിലൂടെ കൈചേർത്തു കടൽ നീലിമയുടെ പശ്ചാത്തലത്തിൽ സെൽഫി എടുക്കുവാൻ ശ്രമിക്കുന്നു. കൂടെ ഉണ്ടായിരുന്ന മധ്യവയസ്സു കഴിഞ്ഞ മൂന്നു സ്ത്രീകളും അതിൽ ഒരാളുടെ പുരുഷനും അടങ്ങുന്ന മാലെ അഥിതികളും സെൽഫി സ്റ്റിക്കിൽ കുത്തിവെച്ച മൊബൈലിലുമായി തിരക്കിലായി.

ദൂരെ കാഴ്ചയിൽ, മരങ്ങൾ തിങ്ങി നിറഞ്ഞു, നീണ്ടു നിവർന്നു കിടക്കുന്ന ഹോളിഡേ ഐലൻഡ് റിസോർട്ട് കാണാം! ആകാശത്തിന്റെ അങ്ങേത്തല ചെന്ന് ഇറങ്ങുന്നത് റിസോർട്ടിന്റെ പുറകിലാണോ എന്നൊരു വർണ്യത്തിൽ ആശങ്ക ഉണ്ടായി. മേലെ ആകാശത്തിനും, കീഴെ കടലിനും ഒരേ നിറം! വെട്ടിത്തിളങ്ങുന്ന ഹരിത നീലിമ!

റിസർവേഷൻ സ്റ്റാഫ് ഞങ്ങളെ ഏവരെയും സ്വീകരിച്ചു ഇരുത്തി.
കമനീയമായ സ്വീകരണമുറി! പലനിറങ്ങളുടെ ചാരുത പകർത്തിവെച്ച കൊളാഷ് പോലെ, വെൽവെറ്റ് പുതപ്പുകൾ അണിഞ്ഞു സുന്ദരമായിരിക്കുന്നു സോഫയും കസേരകളും. അവിടെ കാണുന്ന സ്ഥൂല സുന്ദര നിർമ്മിതികളിൽ തടികൾ കൊണ്ടുള്ള കരവിരുതുകളുടെ സമഞ്ജസത.

പ്രേത്യേക സുഗന്ധ ലായനിയിൽ ലേപനം ചെയ്ത വെള്ളത്തുണി ടൗവൽ ദേഹശുദ്ധിക്കായി തന്നു. മുഖത്തും കൈകൾക്കും മേലെ തുടച്ചപ്പോൾ ഉണർച്ച കൈവരിച്ച അനുഭവമായി. അൽപ നേരം കണ്ണുകൾക്കുമേൽ ആ ടൗവൽ അമർത്തിവെച്ചു.
മറ്റൊരാൾ വെൽകം ഡ്രിങ്കുമായി എത്തി. നാരങ്ങയോ മറ്റു പച്ചിലകളും ഒക്കെ ചേർന്ന തണുത്ത വെള്ളം അപ്പോഴത്തെ ദാഹത്തെ ശമിപ്പിക്കാൻ ഉതകുന്നത് തന്നെയായിരുന്നു.

റിസർവേഷനിൽ അത്യാവശ്യം വേണ്ട ഫോമുകൾ പൂരിപ്പിച്ചു കൊടുത്ത ശേഷം രണ്ടു ദിവസത്തേക്കുള്ള തുകയും അടച്ചു. താമസം വിനാ, റിസർവർവേഷൻ സ്റ്റാഫായ നാസിഫ്, താക്കോലുമായി എന്നെയുംകൂട്ടി മുറിയിലേക്ക് നടന്നു.

ആ റിസോർട്ടിനെക്കുറിച്ചു ഒരു ചെറുവിവരണം തരുവാൻ നാസിഫ് ശ്രമിച്ചുകൊണ്ടിരുന്നു.

ശാന്തത കളിയാടുന്ന ഈ റിസോർട്ടിൽ മൊത്തം 140 മുറികളാണ് ഉള്ളത്. ത്രീ സ്റ്റാർ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മൂന്നു നേരത്തെ ഭക്ഷണവും പ്രധാന റെസ്റ്റോറന്റിൽ നിന്നും കഴിക്കാം. ഒരേയൊരു റെസ്റ്റോറന്റാണ് ഉള്ളത്, അതിന്റെ പ്രവർത്തനം നിശ്ചിത സമയത്താണ്.

തൊട്ടടുത്തായി തന്നെ മറ്റൊരു കോഫീ ഷോപ്പും, അതിനോട് ചേർന്ന് ബാറും ഉണ്ട്. മീരാ ബാർ എന്ന് പേരുള്ള അവിടെനിന്നും ആഹാരവും പാനീയങ്ങളും ഏതു സമയവും ലഭ്യമാണ്, പക്ഷെ അതിനു നമ്മൾ പ്രേത്യേകം തുക അടക്കേണ്ടതുണ്ട്.

നിറയെ മരങ്ങൾ നിറഞ്ഞ ദീർഘ ചതുരാകൃതിയിലാണ് ദ്വീപ്. നിറയെ കുലച്ചു നിൽക്കുന്ന പച്ചയും ചുമപ്പും നിറഞ്ഞ കേരവൃക്ഷങ്ങൾ. എണ്ണം രേഖപ്പെടുത്തി വളർത്തിയിരിക്കുന്ന തെങ്ങുകൾകൊണ്ട് സമ്പുഷ്ടമാണ് ആ ദ്വീപ്. ചാഞ്ഞു പൂവിരിച്ചു കിടക്കുന്ന പൂവരശും എണ്ണത്തിൽ കുറവൊന്നുമില്ല. വളർന്നു വലുതായ വേപ്പ് മരങ്ങളും തിങ്ങിനിറഞ്ഞു നിൽപ്പുണ്ട് ഈ ദ്വീപിൽ 

മരങ്ങൾക്കിടയിലൂടെ, കോൺക്രീറ്റ് നടപ്പാതയിലൂടെ നാസീഫിന്റെ ഒപ്പം ബാഗു പുറകിൽ തൂക്കി നടന്നു. പോകുന്ന വഴിയുടെയും മറ്റും കാനന ദൃശ്യങ്ങൾ ഫോണിൽ പകർത്തുവാൻ മറന്നിരുന്നില്ല. മുന്നോട്ടു നടക്കുംതോറും നിശബ്ദതയും ഒപ്പം ശാന്തതയും കൂടുതൽ അനുഭവഭേദ്യമായി.
ഉപ്പു രുചിയുള്ള കാറ്റിലും ഉഷ്ണം അനുഭവപെട്ടു.

നിര നിരയായി നിർമ്മിച്ചിരിക്കുന്ന ഒറ്റനില, ഒറ്റമുറി വില്ലകളുടെ അരികുപറ്റി റൂം നമ്പർ 199 ലേക്ക് എത്തിച്ചേർന്നു. മുക്കുറ്റി ചെടികൾ പൂന്തോട്ടം വിരിച്ച മുറ്റത്ത് തെങ്ങുകളും ഉണ്ടായിരുന്നു. മുറിയുടെ താക്കോലിന്റെ പ്രാധാന്യവും പ്രേത്യേകതയും വിവരിച്ചശേഷം നാസീഫ് മുറിയിൽ നിന്നും ഇറങ്ങി.

മുറി തുറന്നപ്പോൾ ആദ്യം കണ്ടത് ഇടതു വശത്തെ വലിയ മൂന്നുവരി അലമാരായാണ്. ബാഗ് തോളിൽ നിന്നും ഊരി അവിടെ വെച്ചു. തൊട്ടടുത്തായി ചെറിയൊരു സേഫും ഉണ്ട്. അതിനു എതിർവശത്താണ് കുളിമുറി. ഒരു ശരാശരി കിടപ്പു മുറിയോളം വലിപ്പമുള്ളതാണ് കുളിമുറി.

ആ വിശാലമായ കുളിമുറിയിൽ ഒരു ഭിത്തിയിൽ പൂർണമായും കണ്ണാടി പതിച്ചിരിക്കുകയാണ്.
കുളിമുറിയിലെ, ചൂടും തണുപ്പും വെള്ളം ലഭ്യമായ ബാത്ത് ടബ്ബും ഒരു  ആഡംബരമായി തോന്നിയില്ല. എതിർവശത്തെ കണ്ണാടി വാതിലു തുറക്കുന്നത് അടച്ചുറപ്പുള്ള മുറ്റത്തേക്കാണ്. അവിടെയും തുറന്ന സ്ഥലത്തെ ഷവർ ഉണ്ട്.

ആദ്യം കണ്ട അലമാരയോട് ചേർന്നാണ് മിനി ബാർ ഉള്ളത്. കൈവിരലോളം വലുപ്പമുള്ള കുപ്പികളിൽ വിവിധ മദ്യങ്ങൾ, ബീയർ കാനുകൾ, ഒരു ചെറിയൊരു വൈൻ കുപ്പിയും. പുറത്തു നിരത്തിയിരുന്ന ചൂരൽവരിഞ്ഞ പാത്രങ്ങളിൽ ലഘു ഭക്ഷണ സാധനങ്ങളും വെച്ചിട്ടുണ്ട്. 

ഭംഗിയായി ഒരുക്കിയിരിക്കുന്ന കിടക്കയുടെ മുകളിലേക്ക് പടർന്നിറങ്ങുന്ന കത്തുന്ന മഞ്ഞ പ്രകാശം, മുറിയെ മുഴുവൻ ചേതോഹരമാക്കുന്നു.

നേരെ കാണുന്ന രണ്ടാമത്തെ വാതിൽ തുറക്കുന്നത് കടലിലേക്കാണ്.
വളർന്നു പന്തലിച്ചു നിൽക്കുന്ന കണ്ടൽ ച്ചെടികൾക്കിടയിലൂടെ കടല് കാണാം.
കണ്ണാടി ജാലകത്തിൽ കടലിൽ നിന്നുമുള്ള പ്രതിബിംബങ്ങൾ തിളക്കങ്ങൾ ഉണ്ടാക്കി കൊണ്ടിരുന്നു.

ഏസിയിൽ നിന്നുമുള്ള ചെറുതണുപ്പ് അരിച്ചിറങ്ങുന്നു.

ഒന്ന് സ്വതന്ത്രമാവണം!
കുളിച്ചാലോ....?
വസ്ത്രങ്ങൾ ഊരി ഉപേക്ഷിച്ചു...നേരെ കുളിമുറിയിലേക്ക് കയറി. 
ജനിച്ചദിവസത്തെ വേഷത്തിൽ നിൽക്കുമ്പോൾ ഉള്ളിൽ ആനന്ദത്തിന്റെ തിരയിളക്കങ്ങൾ ആയിരുന്നു.
ആ വലിയ കണ്ണാടിയിലേക്കു ഞാൻ എന്നെ തന്നെ നോക്കി!
കണ്ണുകളിൽ നിറയുന്ന നീരിൽ ഒറ്റപ്പെടലിന്റെ വേദന! തനിച്ചായി പോയതിന്റെ നെടുവീർപ്പുകൾ!
ഒഴുകി ഇറങ്ങി വന്ന കണ്ണുനീരിനെ തടുക്കാൻ പെട്ടെന്ന് എനിക്ക് കഴിഞ്ഞില്ല.
പരിസരബോധത്തിലേക്ക് തിരിച്ചുവരുവാൻ കുറച്ചു നിമിഷങ്ങൾ കഴിയേണ്ടി വന്നു
എനിക്ക് എന്നെ ജയിച്ചേ കഴിയു എന്നത് എന്റെ വാശി ആയിരുന്നു. ആരെയും തോൽപ്പിക്കണമെന്നുള്ളത് എന്റെ താല്പര്യവും ആയിരുന്നില്ലാ.

കണ്ണാടിയിൽ നോക്കുമ്പോൾ നഗ്ന മേനിയിൽ ആഘോഷങ്ങൾ നടത്തുന്ന കർദാഷിയാൻ കുടുംബത്തെയാണ് ഓർമ്മ വന്നത്. ഒരു പുരുഷന്റെ ശരീര സൗന്ദര്യം അവൻ സ്വയം ആസ്വദിക്കുമോ ? ഇല്ലാ എന്ന് ആര് പറഞ്ഞു?
സ്‌കൂൾ പഠനം പിന്നിടുന്ന വേളയിൽ മീശ വളരുന്നോ മുഖക്കുരു മാറുന്നോ എന്നൊക്കെ പരിശോദിച്ചു കണ്ണാടിക്കു മുന്നിൽ എത്രയോ തവണ സമയം കളഞ്ഞിരിക്കുന്നു.

രോമാവൃതമായ നെഞ്ചിനോട് ചേർന്ന് ഉന്തി നിൽക്കുന്ന വയറിന്റെ അഭംഗി ഓർത്തു എനിക്ക് തന്നെ നാണവും അപമാനവും തോന്നി. വയറു കുറക്കാനുള്ള  തീവ്രമായ ആഗ്രഹം ഉണ്ടെങ്കിലും, അതിനുള്ള ശ്രമങ്ങൾ ഏറെ നടത്തിയെങ്കിലും ആഹാരത്തിനോടുള്ള കൊതിയും ആവേശവും തുടർച്ച നഷ്ടപെടുന്ന വ്യായാമവും ശരീര ഭാരം മൊത്തമായി കുറയുന്നതിന് തടസമായി നിൽക്കുന്നു.

സെൽഫി ക്യാമറക്കുള്ളിലേക്ക് അഴക് ശോഷിച്ച ഉടലിന്റെ നഗ്നത പകർത്തപെട്ടു.

ബാത്ത് ടബ്ബിലെ വെള്ളത്തിന്റെ സുഖ ശീതളിമയിൽ നിന്നും എണീക്കാനെ തോന്നിയില്ല. 

****************************************************************************

7

നാസിഫ് പറഞ്ഞത് പ്രകാരം, ഉച്ചയൂണിനായി മൂന്നു മണിവരെയാണ് പ്രധാന റെസ്റ്റോറന്റ് തുറന്നു ഇരിക്കുക. പന്ത്രണ്ടരക്ക് ഉച്ചയൂണിനു തുറന്നാൽ, മൂന്നുമണി വരെയുള്ള സമയത്തു നമുക്ക് ആഹാരം കഴിക്കാം.
റൂമിൽ എത്തിയപ്പോഴേക്കും ഏതാണ്ട് മൂന്നര കഴിഞ്ഞിരുന്നുവല്ലോ. രാവിലെ പ്രേതെകിച്ചു ഒന്നും കഴിച്ചതുമില്ല, വിശപ്പിന്റെ വിളി ആയിരുന്നില്ല പ്രധാനം, വയറിൽ ഗ്യാസ് കയറിയതുപോലെ. തലവേദനയും ചെറുതായിട്ടുണ്ട്. രണ്ടും ഈയിടെയായി പിന്തുടരുന്ന ഭക്ഷണ ശീലത്തിന്റെ ബാക്കിപത്രങ്ങളാണ്.

നാട്ടിൻപുറത്തെ കടകളിൽ കിട്ടുന്ന മിസ്ച്ചർ പോലെയുള്ള പാക്കറ്റ് വിഭവം മേശമേലെ കുട്ടയിൽ ഉണ്ടായിരുന്നു. അതും കൊറിച്ചുകൊണ്ട് ചായ ഉണ്ടാക്കുവാൻ ശ്രമിച്ചു. സ്വന്തമായി ചായ ഉണ്ടാക്കുവാനുള്ള സൗകര്യങ്ങൾ മുറിയിൽ തന്നെ ലഭ്യമായിരുന്നു.

വേഷം മാറി, പതുക്കെ പുറത്തേക്ക് ഇറങ്ങി.
കോൺക്രീറ്റ് വഴികളിലൂടെ നടന്നു.
തണൽ വിരിച്ചു കിടക്കുന്ന ഇടവഴികളിൽ പതുങ്ങിയിരുന്ന് കാട്ടുകിളികൾ പാട്ടുപാടുന്നു.
പാടിപറന്നു അകന്നു പോകുന്ന കുയിലിനോട് എതിർപാട്ട് പാടുവാനുള്ള ശ്രമം, ഉച്ചയൂണും കഴിഞ്ഞു വിശ്രമിക്കുന്ന മറ്റു അതിഥികൾക്ക് അലോസരമായാലോ എന്നുള്ള ഭയത്താൽ മാത്രം ഉപേക്ഷിച്ചു. അല്ലാതെ കൂവാൻ അറിയാത്തതുകൊണ്ടായിരുന്നില്ല.

മനോഹരമായ ബീച്ചാണ് തൊട്ടുമുന്നിൽ. മിക്ക അതിഥികളും ജലകേളികളിൽ മുഴുകിയിരിക്കുന്നു.
അവിടെ നിന്നും ഇടവഴികളിലൂടെ നടന്നു,
ദ്വീപു മുഴുവൻ കാണണം എന്നായിരുന്നു ആഗ്രഹം. നടന്നു കാണാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളു.

മുറിയിൽ നിന്നും വലത്തോട്ട് തിരിഞ്ഞു, മുന്നോട്ടു പോയപ്പോൾ, വളരെ പഴക്കം ചെന്ന ഒരു ആൽമരം വേലികെട്ടി സംരക്ഷിച്ചിരിക്കുന്നു. ഏതെങ്കിലും യോഗിയുടെ പിന്മുറക്കാരെയും പ്രതീക്ഷിച്ചിവാം, താഴ്ത്താടിയിൽ നിന്നും ശാഖകൾ താഴേക്കു ആഴ്ന്നിറങ്ങി സ്വയം സംരക്ഷണക്കാലുകൾ തീർത്തിരിക്കുന്നു. ആ ആല്മരത്തിനു മുന്നിലെ ദിശാ സൂചികയിൽ മുന്നോട്ടു പോയാൽ ഇൻഡോർ കോർട്ടുകൾ ഉണ്ടെന്നുള്ള അറിയിപ്പ് കണ്ടു. 
അവിടെമാകെ കമനീയമായി അലങ്കരിച്ചിരിക്കുന്നു. ക്രമമായി വെട്ടിനിരത്തി വളർത്തുന്ന കുറ്റിച്ചെടികളും പൂന്തോട്ടവും ആ ഇടവഴിയെയും പരിസരത്തെയും മനോഹരമാക്കുന്നു. അവിടെയാണ് ടേബിൾ ടെന്നീസും, ജിംനേഷ്യവും, പിന്നെ ടെന്നീസ് കോർട്ടും. അതിനു മുൻപിലായി ബാഡ്മിൻ കോർട്ടും ആണുള്ളത്.

അവിടെ നിന്നും മുന്നോട്ടു പോകുമ്പോഴാണ്, സ്പാ കണ്ടത്. ആരാമു എന്ന സംസ്കൃതജന്യമായ പേരാണ് ആ സ്പായിക്കുള്ളതെന്നു, മേശമേലെ സ്വീകരണ പുസ്തകങ്ങളിൽ കുറിച്ചുവെച്ചിരിക്കുന്നു. പ്രാചീന ക്ഷേത്രശില്പാ കലയെ അനുസ്മരിക്കുന്ന കെട്ടിട നിർമ്മാണ രീതിയിലുള്ള അലങ്കാര ഗോപുരവും സ്വീകരണ മുറിയുമാണ് ആദ്യം ശ്രദ്ധിച്ചത്. ശ്രുതിമധുരമായ  ഉപകരണ സംഗീതത്തിന്റെ വികിരണങ്ങൾ ചെറുകാറ്റിന്റെ അകമ്പടിയോടെ അവിടമാകെ കേൾക്കുന്നു.
കേരളീയ ക്ഷേത്രവാതിലുകൾ ഓർമപ്പെടുത്തി സ്വീകരണ സ്ഥലം.
മനോഹരമായ പുല്തകിടികളും എപ്പോഴും ജലം പൊഴിക്കുന്ന കുഞ്ഞു തടാകങ്ങളും ചോലകളും ഒക്കെ ആയി മനോഹരമായ ഇരിടം.
ഒറ്റക്കൊന്നും അല്ല, അവിടെ വരേണ്ടത്, കാമുകിയുമൊത്തു പ്രേമകേളികൾ ആടുവാനാണ് അവിടെ വരേണ്ടതെന്ന് തൊട്ടുമുൻപ് പിണങ്ങി പറന്നുപോയ കുയിലമ്മ ഓർമപ്പെടുത്തി.

മാസ്മരിക ഊഷ്മളതയുള്ള വിവിധ തൈലങ്ങളുടെയും ലേപനങ്ങളുടെയും വിട്ടുമാറാത്ത ഗന്ധവും സാമീപ്യവും, മധുരമായ സംഗീതവും താളവും ചെറുതണുപ്പും കാറ്റും തുറസ്സായതും എന്നാൽ കെട്ടിമറിച്ചിട്ടുള്ളതുമായ ആ സ്ഥലത്തെ ആകർഷിക്കുവാൻ മതിയാവോളം ആയിരുന്നു. 

അവിടെ പ്രദർശിപ്പിച്ചിട്ടുള്ള സൗകര്യങ്ങളെക്കുറിച്ചും ചികത്സകളെക്കുറിച്ചും ഉള്ള സന്ദേശം വായിച്ചുകൊണ്ടിരുന്നു. 

റിസപ്‌ഷനിൽ ഉണ്ടായിരുന്ന സാമാന്യം ശരീര ഭാരം കൂടിയ നൈസാം, കൃത്രിമയായി ഉണ്ടാക്കിയ ചിരിയുമായി എന്റെ അരികിലേക്ക് വന്നു.
"സാർ ഏത് ട്രീറ്റ്‌മെന്റാണ്ണ് നോക്കുന്നത്?"

'സ്ട്രെസ് റിലീഫ് ആയിട്ടുള്ളത് എന്തെങ്കിലും...അതാണ് എനിക്ക് വേണ്ടത്.' ഞാൻ മൃദുവായി പറഞ്ഞു.

തദ്ദേശീയമായി ലഭ്യമായ വെളിച്ചെണ്ണ കൊണ്ടുള്ള മസാജ്, ആയുർവേദ മസ്സാജ്. പിന്നെ...സ്പാനിഷ് മസ്സാജ് ഉണ്ട്, അവസാനമായി തായ് മസ്സാജ്ജും ഉണ്ട്. പറഞ്ഞു നിർത്തുമ്പോഴും നൈസാം, അയാളുടെ ആ കൃത്രിമ ചിരിയിൽ നിന്നും മോചിതനായിരുന്നില്ല.

തദ്ദേശീയ മസ്സാജ് ചെയ്യാൻ താല്പര്യം കാട്ടിയില്ല, കാരണം സ്പായിലുള്ള തെറാപ്പിസ്റ്റുകൾ ഈ നാട്ടുകാർ അല്ല. പുറത്തു നിന്നും വന്ന ഇവിടെ ഉള്ളവർക്ക്, മാൽഡിവ്സിൽ മസാജ് പരിശീലന സ്ഥാപനം ഒന്നും ഇല്ലാത്തതുകൊണ്ട് അറിവും കുറവായിരിക്കും.
രണ്ടാമത് പറഞ്ഞത് ആയുർവേദം! ഞാനത് ദൈവത്തിന്റെ സ്വന്ത നാട്ടിൽപോയി ചെയ്തോളാം.
തായ് മസ്സാജ് ചെയ്യണം...അല്പം വിശാലമായി, എന്നാൽ അതിപ്പോൾ... ഇവിടെ നിന്നും വേണ്ടാ!
അങ്ങനെയാണ് സ്‌പാനിഷ്‌ മസ്സാജിലേക്ക് എത്തിയത്. സ്‌പാനിഷ്‌ മസ്സാജ് ചെയ്യാമെന്ന് വിചാരിച്ചു. 
ഞാൻ ആഗ്രഹിച്ചതും ഉദ്ദേശിച്ചതും ജാക്ക്വിസിയും സ്റ്റീവു ബാത്തും തണുപ്പു കുളിമുറി ഉള്ളതുമായ പാക്കേജ് ആയിരുന്നു.
ഞരമ്പുകളെ ഉണർത്തുന്ന, സിരകളെ പ്രസരിപ്പിക്കുന്ന, രക്തയോട്ടം കൂട്ടുന്ന ചിന്തകളെ ശമിപ്പിക്കുന്ന, ഉൽകണ്ഠ കുറക്കാൻ കഴിയുന്ന, തലവേദനകളെ ഇല്ലാതാക്കാൻ കഴിയുന്ന ഒന്നര രണ്ടു മണിക്കൂർ, അതായിരുന്നു എനിക്ക് വേണ്ടത്.
അങ്ങനെ അത് മൂന്നുംകൂടി ചേർന്നുള്ള പാക്കേജ് നൈസാം ഓഫ്ഫർ ചെയ്തു, അടുത്ത ദിവസം ഉച്ചക്ക് ശേഷം ചെയ്യാനായി ബുക്ക് ചെയ്തു ഇറങ്ങി, സ്പായിൽ നിന്നും ഇറങ്ങി.

നൈസാമിന്റെ മുഖത്ത് അപ്പോഴും ആ മായംകലർന്ന ചിരി അണയാതെ നിന്നു.

****************************************************************************

8

ഇന്നലെ വളരെ വൈകിയാണ് കിടന്നത്. എഴുതിയും വായിച്ചും സമയം പോയതറിഞ്ഞില്ല. ഇടയ്ക്കു കുറച്ചു നേരം മാലെയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടികൾ ടിവിയിലൂടെ കണ്ടു. പാകിസ്ഥാൻ പ്രധാനമന്ത്രിയും പത്‌നിയും ഏവരെയുടെയും ശ്രദ്ധകേന്ദ്രമായി നിൽക്കുന്നു. 
ഓഫീസിനു തൊട്ടുമുൻപിലുള്ള ദേശിയ ഫുട്ബാൾ സ്റ്റേഡിയത്തിൽ വെച്ചാണ് പരിപാടി. നഗരത്തിലെ ആറോളം സ്കൂളുകളിൽ നിന്നുമുള്ള കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികളാണ് പ്രധാന ആകർഷണം. മാലെയിൽ പ്രധാന ചടങ്ങുകളോക്കെ നടക്കുന്നത് പ്രതെയ്കിച്ചു ആഘോഷ പരിപാടികൾ നടക്കുന്നത് രാത്രിയിലാണ്. അഞ്ചുനേരത്തെ നിര്ബന്ധ പ്രാർത്ഥനയ്ക്ക് സമയം കണ്ടെത്തേണ്ടതുകൊണ്ടാകുമോ അതോ പകൽ ആളുകൾ കുടുംബ കാര്യങ്ങൾ നോക്കുകയോ വിശ്രമിക്കുകയോ ചെയ്തോട്ടെ എന്നാവുമോ?
എന്ത് വരികിലും രാത്രിയെ പ്രണയിക്കുന്നവരാണ് മാലിദ്വീപുകാർ.
രാത്രിയെ ഇത്രയും ആഘോഷമാക്കുന്ന ഒരു ജനവിഭാഗം വേറെ എവിടെയെങ്കിലും ഉണ്ടാവുമോ എന്നറിയില്ല. എത്രയോ അവസരങ്ങളിൽ പാതിരാത്രി കഴിഞ്ഞ മുഹൂർത്തങ്ങളിൽ ബോസ്സിന്റെ ടെലഫോൺ  ഒരുമണിക്കും രണ്ടുമണിക്കും വിളിച്ചു ഉണർത്തി ചോദിച്ചിട്ടുണ്ട് "സുനിൽ ഉറങ്ങുകയാണോ?". അത്ര പ്രാധാന്യമുള്ള കാര്യങ്ങൾ ഒന്നും ആവില്ല, അല്ലെങ്കിൽ രാവിലെ ഓഫീസിൽ കാണുമ്പോൾ പറയേണ്ട പ്രാധാന്യമേ അതിനൊക്കെ ഉണ്ടാവുകയുള്ളു, എങ്കിലും ആ രാത്രി താന്നെ വിളിക്കണമെന്നുള്ളത് ഇവിടെ ഉള്ളവരുടെ സമയം തെറ്റിയുള്ള ഉറക്കം വഴി ശീലിച്ചു പോയ കാര്യങ്ങളാണ്.

കടലിരമ്പത്തിന്റെ ഓളങ്ങൾ കാതിൽ വന്നടിക്കുന്നു. കതകു തുറന്നു മുറ്റത്തേക്ക് ഇറങ്ങുന്നത് കടൽ തീരത്തേക്കാണല്ലോ. തീരത്തെ ആഴം കുറവുള്ള ഭാഗത്തിനു ഹരിത നീലിമ നിറമാണ്. ഉൽകടലിലേക്ക് പിന്നെയും കുറെ ദൂരമുണ്ട്, അവിടെ പാറ കെട്ടി തിരിച്ചിരിക്കുകയാണ്. തീരത്തെ കുഞ്ഞോളങ്ങൾക്കപ്പുറം പാറമേൽ വന്നിടിക്കുന്ന ഉൾക്കടൽ തിരകളുടെ ഘോരശബ്ദവും അത് ഉയർത്തുന്ന ശീൽക്കാരവും കാതുകളിലേക്ക് കുതിച്ചുകയറുന്നു.
ഇരുട്ടിൽ മാത്രം കേൾക്കുന്ന ചെറുപ്രാണികളുടെ കലപില രാത്രിയുടെ ഭീതിക്ക്‌ എരിവും പകരുന്നു. ഏസിയുടെ തണുപ്പിലും ശരീരത്തിൽ ഉഷ്ണ ബിന്ദുക്കൾ പൊടിയുന്നു.

ഏതെങ്കിലും കടൽ ഭൂതം എന്റെ മുറിയുടെ വാതുക്കൽ വന്നു മുട്ടുമോ ? 
ഈ വലുതും വിശാലവുമായ മുറിയിൽ ഒറ്റക്കാണ്. 
രണ്ടു വാതിലുകൾ ആണല്ലോ ഉള്ളത്. ഒന്ന് കടലഭിമുഖമായും രണ്ടാമത്തേത് കോൺക്രീറ്റ് പാകിയ നടവഴിയിലേക്കും. ഭൂതഗണങ്ങൾ ഏത് വഴി മുറിയിലേക്ക് വന്നാലും എങ്ങോട്ടാണ് ഓടി രക്ഷപ്പെടുക?
മൂന്ന് പാളികളുള്ള കട്ടിയേറിയ പുതപ്പു ആപാദം മൂടി. നെഞ്ചത്തോട്ട് ചേർത്തുവെച്ച മൃദുവായ തലയിണയിൽ ശക്തിയായി കരം അമർത്തി. 

സൗഹ്രദ സദസ്സുകളിലെ പഴയ സംഭാഷണങ്ങൾ, ഈ അസമയത് കടന്നു വരുന്നത് ആരുടേയും ക്ഷണമില്ലാതെയും അനാവശ്യമായിട്ടുമാണ്. സിവിൽ എഞ്ചിനീയറായ തമ്പാൻച്ചേട്ടൻ പറഞ്ഞ പഴയൊരു സംഭവകഥ ഓർക്കുന്നു. 

കഴിഞ്ഞ ഇരുപതു വർഷമായി മാലിദ്വീപിലെ നിർമാണ മേഖലകളിലെ അനുപമമായ അനുഭവസാന്നിധ്യമാണ് ആലപ്പുഴയിൽ നിന്നുമുള്ള ശേഖരൻ തമ്പാന്. അദ്ദേഹം ഇവിടുത്തെ ഒരു പ്രമുഖ ബിസിനെസ്സ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നപ്പോഴാണ്, പുതിയതായി നിർമാണം  തുടങ്ങിയ ദ്വീപ്‌ സന്ദർശിക്കുന്നത്. ഒരു പുതിയ റിസോർട് നിർമാണം ആയിരുന്നു സന്ദർശനോദ്ദേശ്യം. ഓരോ ദിവസത്തെയും ജോലി കഴിഞ്ഞു ജോലിക്കാർ സാധന സാമഗ്രഹികളും മറ്റു വസ്തുക്കളും ഒക്കെ അലസമായി ഉപേക്ഷിച്ചിട്ടായിരുന്നു ഉറങ്ങാൻ പോയത്. അടുത്ത ദിവസം രാവിലെ ജോലിക്കായി എത്തിയപ്പോൾ അലസമായി കിടന്നതെല്ലാം ക്രമമായി ഒതുക്കി, ചതുരാകൃതിയിൽ ഒരു നിശ്ചിത സ്ഥലം വൃത്തിയായി പരിപാലിച്ചിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടു.
അത് ഒരു ദിവസം മാത്രം ആയിരുന്നില്ല. തൊട്ടടുത്ത ദിവസവും തുടർന്നുള്ള ദിവസങ്ങളിലും ഇതേ അനുഭവം അതെ സ്ഥലത്തു നിന്നും ഉണ്ടായെന്നും അവിടെ നിഴലുപോലെ ആരുടെയോ സാന്നിധ്യം കണ്ടിരുന്നുവെന്നും തമ്പാൻ ചേട്ടൻ പറഞ്ഞു നിർത്തിയപ്പോൾ, കേട്ടിരുന്ന എന്റെ കൈകളിലെ രോമങ്ങളും ഉയർന്നു പൊങ്ങി. 
സുന്നി ഇസ്ലാമിക ഭൂമികയാണ് രാഷ്ട്രമെങ്കിലും ദ്വീപു വാസികളിൽ ചിലർ അതീന്ദ്ര ശക്തികളിലും ജിന്നുകളിലും വിശ്വസിക്കുകയും, ഗുപ്തമായി ആരാധിക്കുകയും ചെയ്യുന്നുണ്ടെന്നുള്ളത് ഒരു രഹസ്യമല്ലാ.

പ്രേതവും ഭൂതവും ഒക്കെ ദുർബലാത്മാക്കളുടെ സൃഷ്ടിയല്ലേ?
ഒരാളെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുവാൻ വേണ്ടി സൃഷ്ടിച്ചെടുത്ത ബിംബങ്ങൾ ?
അങ്ങനെയൊക്കെ സ്വയം വിശ്വസിക്കാൻ ശ്രമിച്ചുകൊണ്ട് രണ്ടാമത്തെ തലയിണയിൽ മുഖമർത്തി, തീരത്തെ പൂഴി മണ്ണിൽ കുഴി ഉണ്ടാക്കി ഊളിയിടുന്ന ചെറുപ്രാണികളെ പോലെ ഉറക്കത്തിനു വേണ്ടി കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു. 

ഉറക്കം എപ്പോൾ പിടികൂടിയെന്നറിയില്ല! ദീർഘ ഉറക്കത്തിലെപ്പോഴോ ആണ് വലിയൊരു ശബ്ദം കേട്ട് ഞെട്ടി ഉണർന്നത്. മുറിയിലെ മച്ചിൻമേൽ പാകിയ ഷീറ്റുകൾക്ക് മേൽ തേങ്ങയോ മറ്റോ വീണ ശബ്ദമായിരുന്നു അത്. പുലർച്ചയോട് അടുത്ത സമയത്തെപ്പോഴോ ആവണം അത്,  ശേഷം കൂടുതൽ ഉറങ്ങാൻ കഴിഞ്ഞില്ല.

ഉച്ചക്ക് ശേഷം ആരാമു സ്പായിൽ  അപ്പോയിമെന്റുള്ള കാര്യം ഓർത്തുകൊണ്ട്, മൃദുലമായ തലയണകളെ നെഞ്ചോട് ചേർത്തു, ഉമ്മകൊടുത്തു കിടന്നു.

****************************************************************************

9


ഏഴുമണിക്ക് പ്രഭാത ഭക്ഷണത്തിനു റെസ്റ്റോറന്റ് തുറക്കും.
ഏറ്റവും വലുതും ഏതാണ്ട് 500 പേർക്കോളം ഇരുന്നു ആഹാരം കഴിക്കാവുന്നതുമായ ഇടമാണ് റേന്തളി എന്ന പേരുള്ള പ്രധാന റെസ്റ്റോറന്റ്. അതിലെ 81 ആം നമ്പർ ടേബിളിലായിരുന്നു എനിക്കുള്ള ഇരിപ്പിടം. നമ്മൾ ആദ്യം റെസ്റ്റോറന്റിൽ എത്തുമ്പോൾ സ്വീകരിച്ചു ഇരുത്തുവാൻ ചുമതലക്കാർ ഉണ്ടാവും. കരേൻ എന്നു പേരുള്ള ഫിലിപൈൻസ് പെൺകുട്ടി ആയിരുന്നു അവിടുത്തെ ചുമതലക്കാരി. എന്റെ ഓഫീസിലെ സഹപ്രവർത്തക സ്റ്റെഫിയുടെ സുഹൃത്തും നാട്ടുകാരിയും കൂടിയായിരുന്നു കരേൻ. 

മൂന്നു മാസങ്ങൾക്കു മുൻപ് സ്റ്റെഫി അവളുടെ അനുജത്തി ലൗസിയുടെ പിറന്നാൾ ആഘോഷിക്കാനായി, ഇരുവരുംകൂടി തിരഞ്ഞെടുത്തത് ഇതേ റിസോർട് ആയിരുന്നു. അന്ന് അവർ പരിചയപ്പെട്ടതാണ് കരേനെ. ലൗസിയായുടെ പിറന്നാൾ ആഘോഷങ്ങൾക്കായി പ്രേത്യകം കേക്കും ടെക്വില എന്ന മദ്യവും, കരേൻ സൗജന്യമായി ലഭ്യമാക്കിയിരുന്നുവെന്ന് സ്റ്റെഫി പറഞ്ഞിരുന്നത് ഓർത്തു. കൈവിരലുകൾ ചുരുട്ടി,ചുഴിയുണ്ടാക്കി അതിൽ നാരങ്ങയും ഉപ്പും ചേർത്ത് രുചിച്ചാണ്, ബോധതന്ത്രികളെ വേഗം വശപ്പെടുത്തുന്ന ടെക്വില കഴിക്കുന്നത്. നാടൻ വാറ്റുചാരായ ശ്രേണിയിൽ വരുന്ന ഈ സുരപാനിയം ആ പെൺകുട്ടികളുടെ രാത്രിയെ ആഘോഷമാക്കി എന്ന വിവരണം സ്റ്റെഫി പറയുമ്പോൾ 'ഉണ്ണിക്ക് അത്ഭുതം ആഹ്ലാദം' എന്ന സന്ദർഭത്തിലെ കേൾവിക്കാരനായി ഞാൻ മാറിയിരുന്നു.

ഹോളിഡേ റിസോർട്ടിൽ ഞാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ സ്റ്റെഫി കരേന്റെ ആതിഥ്യ സഹായം വാഗ്ദാനം ചെയ്തിരുന്നു. 25 വയസ് പിന്നിട്ട കരേൻ സഹപ്രവർത്തകനായ മാലെ യുവാവുമായി പ്രണയത്തിലാണ്. അയാൾ പ്രായത്തിൽ തന്നെക്കാൾ  ഇളയതാണെന്നോ മറ്റൊരു ദേശക്കാരൻ ആണെന്നോ ഉള്ള യാഥാർഥ്യം അവരുടെ പ്രണയത്തിനു തടസ്സമായിരുന്നില്ല. കരേൻ, അവളുടെ കാമുകനും അയാളുടെ മാതാപിതാക്കൾക്കും ഒപ്പം നിൽക്കുന്ന ഫോട്ടോ കണ്ടപ്പോൾ പ്രണയത്തിന്റെ രീതിശാസ്ത്രത്തെക്കുറിച്ചു, ഒരു സ്ത്രീ പുരുഷനിൽ ആകൃഷ്ടനാകുന്ന ഘടകങ്ങളെ സംബന്ധിച്ച് വളരെ ഏറെ പഠിക്കാനുണ്ടെന്നു തോന്നിപ്പിച്ചു.

പിന്നിക്കെട്ടി, വടപോലെ മനോഹരമായി  ഒരുക്കിയ കേശം, തന്റെ പുഞ്ചിരിയും കടന്നു മുൻപല്ലുകൾ പുറത്തേക്കു പോകുമോയെന്ന് ഭയന്നിട്ടാവണം പല്ലിൽ വേഗപ്പൂട്ടുകൾ ഇട്ടിട്ടുണ്ട്. കണ്ണട ധരിച്ച കരേന്റെ മുഖത്തെ പ്രസന്നത പ്രായത്തേക്കാട്ടിലും പകത്വ തോന്നിപ്പിക്കുന്നു. സിനിമാ നടൻ മോഹൻലാലിനെ പോലെ ഒരു വശം ചരിച്ചാണ് അവൾ നടക്കുന്നത്, പുറകിൽ നിന്നും നോക്കുമ്പോൾ ആ നടപ്പിലെ അഭംഗി പൂർണമായും വെളിവാകുന്നു.

റെസ്റ്റോറന്റിന്റെ മുന്നിലേക്ക് എത്തിയപ്പോഴേക്കും 'ഗുഡ് ഈവെനിംഗ്' എന്ന ഉപചാരത്തോടെ അവൾ എന്നെ സ്വീകരിച്ചു. "സർ താങ്കളാണോ റൂം നമ്പർ 199 ഇൽ ഉള്ള മിസ്റ്റർ എസ്. കെ.  മുരളീധരൻ ?". എന്റെ വിസയിൽ രേഖപ്പെടുത്തപ്പെട്ട പേരാണ് അവൾ വിളിച്ചത്.
പ്രത്യഭിവാദം ചെയ്ത ശേഷം അതെ എന്ന് മറുപടിയും പറഞ്ഞു.
"സർ, ഞാൻ കരേൻ, എന്റെ സുഹൃത്തിന്റെ ബോസ്സാണ് താങ്കൾ എന്ന് അറിഞ്ഞിരുന്നു." അവൾ തുടർന്ന് പറഞ്ഞു.
"ഓഹ് താങ്കൾ ആണോ സ്റ്റെഫിയുടെ ഫ്രണ്ട് ?"
"അതെ സർ "
ആദ്യ സംഭാഷണത്തിൽ അവളുടെ പേര് എനിക്ക് വ്യെക്തമായിരുന്നില്ലാ. സ്റ്റെഫി സൂചിപ്പിച്ചപ്പോഴും കേൾ എന്നോ മറ്റോ ആണ് ഓർമയിൽ ഉണ്ടായിരുന്നത്. എന്റെ ഓർമ്മയില്ലായ്മയെ ശപിച്ചുകൊണ്ട്, അല്പം നിമിഷം തുടർ സംഭാഷണ വിഷയം തേടിനിന്നു. അവളുടെ യൂണിഫോമിൽ നെയിം ടാഗ് ഉണ്ടായിരുന്നു.  ഒരു പെൺകുട്ടിയുടെ നെഞ്ചിലേക്ക് കണ്ണുകൾ കൂർപ്പിക്ക്കുന്നതു മോശമല്ലേ?
എന്റെ മനോവിചാരം അവള് മനസ്സിലാക്കിയെന്ന് തോന്നുന്നു, അവളുടെ വലതു കൈ നെഞ്ചിലെ നെയിം ടാഗിലേക്ക് ചൂണ്ടി, " സർ ഞാൻ കരീന കപൂർ..." എന്ന് പറഞ്ഞുകൊണ്ട് ശബ്ദമുണ്ടാക്കി ചിരിച്ചു.

ഹോളിഡേ ഐലൻഡ് റിസോർട്ടിൽ ജോലി ചെയ്യുന്നവരിൽ ഫിലിപൈനിൽ നിന്നുമുള്ള ഏക സ്റ്റാഫാണ് കരേൻ! റിസോർട്ടിലെ ജോലിക്കാരിൽ ഏറ്റവും കൂടുതലും തദ്ദേശീയർ തന്നെയാണ്. രാജ്യപ്രസിദ്ധനും പരോപകാരതല്പരനും മുൻനിര രാഷ്ട്രിയക്കാരനുമായ ശ്രി. ഗാസിം ഇബ്രാഹിമിന്റെ ഉടമസ്ഥയിലുള്ള ഹോട്ടൽ ശൃങ്കലയിലെ ഒന്നാണ് ഹോളിഡേയും. ഒരു രാഷ്ട്രീയക്കാരന്റെ മുഖമുള്ളതുകൊണ്ട്  വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പ്രായോഗികതയാവാം, മറ്റുള്ള റിസോർട്ടുകളിൽ നിന്നും വ്യെത്യസ്തമായി പ്രാദേശിക ജനങ്ങൾക്ക് ജോലിയിൽ നൽകുന്ന മുൻഗണന. സ്വദേശികൾ കഴിഞ്ഞാൽ പിന്നീടുള്ളത് ബംഗ്ലാദേശികളാണ്. ഇന്ത്യക്കാരും ഒപ്പം ശ്രീലങ്കക്കാരും അവിടെ ജോലിക്കാരായി ഉണ്ട്. ഇവർക്കേവർക്കും പരിചതമായ പേരാണല്ലോ കരീന കപൂർ. അതുകൊണ്ടാവാം, കരേനെ, കരീന കപൂർ എന്ന് സഹപ്രവർത്തകർ വിളിക്കുന്നതും അവളതു അഭിമാനത്തോടെ പറയുന്നതും.

റേന്തളി റെസ്റ്റോറന്റിലെ 81 നമ്പർ ടേബിളിൽ മാത്രമേ ഉള്ളു ഒറ്റ കസേരയുള്ളത്. അതിഥികൾ എല്ലാവരും വളരെ വ്യെത്യസ്തമായ വേഷവിധാനത്തോടെ എത്തിച്ചേർന്നിട്ടുള്ള കാമുകി കാമുകൻമാരോ, ഭാര്യ ഭർത്താക്കന്മാരോ, വളരെ ചുരുക്കംപേർ കുട്ടികൾ ഉൾപ്പടെയുള്ള കുടുംബമോ ഒക്കെയായാണ് എത്തിയിരിക്കുന്നത്.
പലരുടെയും വേഷ വിധാനം അമ്പരമ്പിക്കുന്നതും ഒളികണ്ണിട്ടു നോക്കുവാൻ പ്രലോഭിപ്പിക്കുന്നതുമാണ്. നിറഞ്ഞു തുളുമ്പുന്ന മാറിടം പുറമെ കാണിച്ചുകൊണ്ടു അണിഞ്ഞൊരുങ്ങി ഇരിക്കുന്ന സുന്ദരികളാണ് ഏറെയും. ശ്രദ്ധ തന്നിലേക്ക് ആകർഷിക്കുന്നതിലേക്കായി പലരും ആഹാരവുമായി ഓടി നടക്കുന്നതും കണ്ടു. കണ്ണുകൾക്ക് ഒരു വിശ്രമവും കൊടുക്കാതെ പരതി നടന്നു. ശരീരം  മുഴുവൻ മറക്കുന്ന വസ്ത്രങ്ങളാണ് മാലിക്കാർ ധരിക്കുന്നതെങ്കിലും റിസോർട്ടിൽ കണ്ട പല മാലെക്കാരും വളരെ ഇറക്കം കുറഞ്ഞ വസ്ത്രങ്ങളിലേക്കു പോകുവാനുള്ള പ്രേരണയും ആഗ്രഹവും പ്രകടിപ്പിക്കുന്നതും കണ്ടു. അടിവസ്ത്രങ്ങളോളം വലിപ്പം കുറയുന്ന അതിഥികളുടെ വേഷം വസ്ത്ര ദാരിദ്ര്യത്തിന്റെ ആഘോഷം മാത്രമല്ല, സ്വതന്ത്രമായ ഒരു ലോകത്തിന്റെ സമ്മേളനം കൂടിയാണ്.

ഒരു ശരാശരി ദക്ഷിണ ഇന്ത്യക്കാരെക്കാട്ടിലും നീളം കുറഞ്ഞവരാണ് പകുതിൽ കൂടുതൽ മാലെക്കാരും. ഒഴിവുകഴിവുകൾ പറയുവാൻ ഉണ്ടാവുമെങ്കിലും ദക്ഷിണ ഇന്ത്യൻ ജനതയുടെ നിറവുമായി വലിയ വ്യെതിസം ഒന്നും മാലിക്കാർക്കില്ല എന്നാണ് സാമാന്യവൽക്കരിച്ച അഭിപ്രായം. അത്തരത്തിൽ നീളം കുറഞ്ഞ ഒരു മനുഷ്യൻ ആയിരുന്നു നമ്മുടെ വെയ്റ്റർ വഹീദ്.
'വഡെ' എന്ന് മറ്റുള്ള ആളുകൾ വിളിക്കുന്നതു കേട്ടപ്പോൾ തോന്നി അയാളുടെ പേര് വഹീദ് എന്നാവുമെന്ന്. മാലെദ്വീപുകാർ, അവർക്ക് ഏറ്റവും അടുപ്പമുള്ളവർ അത് സുഹൃത്തുക്കളോ സഹപാഠികളോ സഹജോലിക്കാരോ ആവട്ടെ, അവരാരും തന്നെ പൂർണമായ പേരോ, ആദ്യ പേരോ, ചൊല്ലി വിളിക്കുന്നത് അപൂർവമാണ്. ഓരോരുത്തർക്കും ചുരുക്കപ്പേരുകൾ ഉണ്ടാവും. വാഹീദ് വഡെയും, റമീസ് റാമിയും, ഷീസാ ഷീഷിയും, അഹമ്മദ് അമ്മഡെയും, നാഫീസ് നാപ്പയും ആയിങ്ങനെ വിളിപ്പേരുകൾ പോകും.
രക്ത ബന്ധമില്ലാത്തവരെ 'അണ്ണാ' 'അക്കാ' 'ചേച്ചി' 'ചേട്ടൻ' എന്നിങ്ങനെയുള്ള ബഹുമാന വാക്കുകൾക്ക് സമാനമായവ കൊണ്ട് സംബോധന ചെയ്യുന്നത് ശ്രദ്ധയിൽപെട്ടിട്ടില്ല. അങ്ങനെ ഉള്ള സാഹചര്യങ്ങളിൽ പ്രായഭേദമന്യേ വിളിക്കുന്നത് ഇത്തരം ചുരുക്ക പേരുകൾ ആണ്.

വലിയൊരു കൂടാര ആകൃതിയിലാണ് റെസ്റ്റോറന്റ്. 
മൂന്ന് മുഖങ്ങളായി തിരിച്ചു വിഭവങ്ങൾ ഒരുക്കി ബുഫെ രീതിയിലാണ് അലങ്കരിച്ചിരിക്കുന്നത്.
ഒരു വശത്തു സ്റ്റാർട്ടർ വിഭവങ്ങൾ, അതിൽ പത്തോളം സാലഡുകൾ. 
അതിനെ ബന്ധിച്ചു, അതിഥികളുടെ ആവിശ്യ പ്രകാരം തയാറാക്കി നൽകുന്ന ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ. അവിടെ ഭംഗിയായി ആടയലങ്കാരങ്ങളോടെ രണ്ടു അടുക്കള ജോലിക്കാർ നമ്മുടെ ആവിശ്യങ്ങൾ നിവർത്തിച്ചു തരുവാനായി നിൽപ്പുണ്ട്. നൂഡിൽസും സ്പാഗെറ്റിയും പാസ്റ്റയും ഒക്കെ തയ്യാറാക്കുന്നതാണ് അവരുടെ ചുമതല. അവർക്കരികിൽ നിന്ന കുക്ക്, താറാവ് റോസ്റ്റ് തയ്യാർ ചെയ്യുന്നത് കണ്ടു. മാലെയിൽ എപ്പോഴും കഴിക്കുന്ന വിഭവമല്ലാ താറാവ്. രണ്ടു കഷ്ണം താറാവ് എന്റെ പാത്രത്തിലേക്ക് പകർന്നു. അതെ വിഭാഗത്തിൽ തന്നെയാണ് പ്രഭാത ഭക്ഷണ സമയത്തു ഓംലെറ്റ് ഉണ്ടാക്കി തരുന്നതും. മുളകും സവാളയും തക്കാളിയും നെയ്യും ചീസും എന്നിങ്ങനെ എന്തെല്ലാം ചേർക്കണമോ അതെല്ലാം നമ്മുടെ ആവിശ്യ പ്രകാരം ആവും ചെയ്തു തരുക. 
ആ വരിയോട് ചേർന്നുള്ള മൂന്നാമത്തെ മുഖത്താണ്  ഭക്ഷണാവസാനം വിളമ്പുന്ന (ഡെസെർട്ടുകൾ) വിഭവങ്ങളുടെ ചെറുതും എന്നാൽ സാമാന്യം ഭേതപെട്ടതുമായ നിരയുള്ളത്.

ഈ മൂന്നു വരിയിൽ നിന്നും മാറി സ്വതന്ത്രമായാണ് പ്രധാന വിഭവങ്ങൾ വെച്ചിരിക്കുന്നത്. ഓരോ നേരവും വിവിധവും വിഭിന്നവുമായ ഏഴുമുതൽ ഒൻപതുവരെയുള്ള ഭക്ഷണങ്ങൾ ഇടംപിടിക്കാറുണ്ട്. അരികൊണ്ടുള്ള രണ്ടു തരം വിഭവങ്ങൾ, കോഴിയും ബീഫും മത്സ്യവും കൊണ്ടുള്ള വിവിധ വിഭവങ്ങൽ, പച്ചക്കറികൾ കൊണ്ടുള്ള ഒന്നോ രണ്ടോ വിഭവങ്ങൾ എന്നിവ പതിവായി ഉണ്ടാവും. എല്ലാ ദിവസവും എല്ലാ വിഭവങ്ങൾക്കും ഒപ്പം ഉരുള കിഴങ്ങു കൊണ്ടുള്ള ഒരു വിഭവം സ്ഥാനം പിടിച്ചിരുന്നു. 

ആദ്യം സൂപ്പും അല്പം സലാഡും കഴിക്കും. കോൺ കൊണ്ടുള്ള സലാഡും ജപ്പാൻ വെജിറ്റബിൾ സാലഡും എടുത്തു പറയേണ്ട രണ്ടു വിഭവങ്ങൾ ആയിരുന്നു. ആദ്യ ദിവസം കഴിച്ച മഷ്‌റൂം സൂപ്പ് രുചിയിൽ പുതിയൊരു അനുഭവം ആയിരുന്നു. പ്രധാന ഭക്ഷണ (മെയിൻ കോഴ്സ്) മെനുവിൽ നിന്നും അരികൊണ്ടുള്ള വിഭവങ്ങൾ തിരഞ്ഞെടുക്കുന്നത് മനഃപൂർവം ഞാൻ ഒഴിവാക്കിയിരുന്നു. ഒരു തുണ്ട് കോഴികഷ്ണവും ഒരു തുണ്ടു ബീഫും ഉരുളക്കിഴങ്ങും എന്റെ ഊണുമേശയിൽ സ്ഥിരമായി ഉണ്ടായിരുന്നു. സൂപ്പും മെയിൻ കോഴ്സും കഴിച്ചു കഴിയുമ്പോൾ തന്നെ വയറിലെ നല്ലൊരു ഭാഗവും നിറഞ്ഞിട്ടുണ്ടാവും.  നാലോ അഞ്ചോ തരത്തിലുള്ള ഐസ് ക്രീമുകളും പപ്പായ, പാഷൻ ഫ്രൂട്ട്, കടച്ചക്ക, തണ്ണിമത്തൻ തുടങ്ങിയ സ്ഥിരം സാധനങ്ങളായിരുന്നു ഡെസ്സേർട്ടിനെ  അലങ്കരിച്ചിരുന്നു. അതിലെ ഏറ്റവും രുചികരമായി തോന്നിയതു ഐസ് ക്രീമിൽ ഫ്രഷ് പാഷൻ ഫ്രൂട്ട്  ചേർത്ത തയാർചെയ്ത ഫ്ലേവർ  ആയിരുന്നു.

പ്രഭാത ഭക്ഷണത്തോടപ്പം നാല് തരം ജ്യൂസ് ലഭ്യമായിരുന്നു. മറ്റു സോഫ്‌റ്റു പാനീയങ്ങളും മദ്യവും റെസ്റ്റോറന്റിലെ  മൂലയിലെ കമനീയമായ ബാറിൽ ലഭ്യമാണ്. 
ആദ്യ ഡിന്നറിനു എത്തിയപ്പോൾ വെയ്റ്റർ വഹീദ് വളരെ ഭവ്യതയോടെ ചോദിച്ചു, "സർ, താങ്കൾക്ക് കുടിക്കാൻ  എന്തെങ്കിലും?"

ചോദ്യത്തിന്റെ അർത്ഥം, " ഹോട്ട്"  എന്തെങ്കിലും വേണോ എന്നായിരുന്നു, എന്ന് മനസിലായെങ്കിലും "ഒരു നാരങ്ങാ വെള്ളം, ഉപ്പും മധുരവും ഇടാതെ ....." 

അയാൾ എന്നെ അവജ്ഞയോടെ നോക്കുന്നതായി തോന്നി....

****************************************************************************
10 

ഇന്നലെ  ബുക്കിംഗ് എടുത്ത ആരാമു സ്പായിലെ റിസപ്‌ഷനിസ്റ് നൈസാം എന്നെ സ്വീകരിക്കാനായി റിസപ്ഷനിൽ തന്നെ ഉണ്ടായിരുന്നു. ഉപചാരകവാക്കുകൾക്കു ശേഷം വിശ്രമിക്കാൻ നിർദേശിച്ചു.
അപ്പോഴേക്കും ഇന്റർകോമിലൂടെ അയാൾ ബാക്കോഫീസിലേക്ക് നിർദേശം കൊടുത്തിരുന്നു എന്ന് തോന്നുന്നു. അതുകൊണ്ടാവും ഒരു കൃത്രിമ പുഞ്ചിരിയുമായി ഭംഗിയായി മുടിചീകി, ഒതുക്കി വട്ടത്തിൽ കെട്ടിവെച്ചു അതിൽ ചെമ്പരത്തി പൂവും തിരുകി, ചാര നിറമുള്ള പാന്റും ഉടുപ്പും യൂണിഫോം ധരിച്ചൊരു പെൺകുട്ടി റിസപ്ഷനിലേക്കു കടന്നു വന്നത്.
ആ പെൺകുട്ടിയിൽ അത്ര  ഭംഗിയൊന്നും തോന്നിയില്ല, അങ്ങനെ പറയുന്നത് മോശമാണെന്നു വരികിലും.

മാലിദ്വീപിലെ സ്പാകളിൽ കൂടുതലും ഇന്തോനേഷ്യയിൽ നിന്നുമുള്ള യുവതികളാണ് ജോലി ചെയ്യുന്നത്. 
ആ പെൺകുട്ടി ആയിരിക്കണം എന്റെ ദേഹത്തെ എണ്ണ തേയ്പ്പിച്ചു മയപ്പെടുത്തുവാൻ പോകുന്നത്!
ആ പെൺകുട്ടി ആയിരിക്കണം പിണഞ്ഞു കിടക്കുന്ന ഇടത്തെ കാലിലെ ഞരമ്പുകളെ പിടച്ചു എണീപ്പിക്കുവാൻ പോകുന്നത്! മനസ്സിൽ അങ്ങനെ പറഞ്ഞുകൊണ്ടിരുന്നു.

അവൾ എന്നെ മറ്റൊരു മുറിയിലേക്ക് ആനയിച്ചു.
എല്ലാ മുറികളിലും വിഭൂതി പുകയുന്നതുപോലെ സംഗീതവും ഗന്ധവും നിറഞ്ഞു നിൽക്കുന്നു. എത്തിച്ചേർന്ന മുറി, ക്ലോക്ക് റൂം ആയിരുന്നു, അവിടെവെച്ചു ഞാൻ ധരിച്ചുവന്ന വേഷം മാറി, സ്പായിലെ മുഴുനീള കോട്ട് അണിഞ്ഞു. ധരിച്ചു വന്ന വസ്ത്രങ്ങൾ പൂർണമായും അവിടെ ഉപേക്ഷിച്ചു. അവർ തന്ന ഒറ്റവേഷ്ടിയായുള്ള സമ്പൂർണ കോട്ടും ധരിച്ചു, മെതിയടിപോലുള്ള ചെരുപ്പിൽ കാലുകളും സുരക്ഷിതമാക്കി പുറത്തേക്ക് ഇറങ്ങി. വെളിയിൽ കാത്തുനിന്ന ആ പെൺകുട്ടി, എന്നെ കൂടാരം പോലുള്ള മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. രണ്ടു പാളികളുള്ള ആ കൂടാരത്തിന്റെ വാതിൽ തുറന്നതും, ഉയർത്തുവെച്ചിരിക്കുന്ന കിടപ്പിടം കാണാറായി. 
റിസപ്‌ഷനിൽ കേട്ട അതെ ഉപകരണ സംഗീതവും, കൃത്രിമ അരുവികളിൽ നിന്നും ഒലിച്ചിറങ്ങുന്ന ജലഗണങ്ങളുടെ പ്രകമ്പനങ്ങളും ചെറുതായി കാതുകളിൽ എത്തുന്നുണ്ടെങ്കിലും, പൊതുവെ  ശാന്തത തന്നെ ആയിരുന്നു അവിടുത്തെ ആകർഷണവും അന്തരീക്ഷവും. ചാഞ്ഞു വീഴുന്ന ഉച്ചവെയിലിൽ കടവാവലുകളുടെ സാന്നിധ്യവും അറിയാം.

സമീപത്തുണ്ടായിരുന്ന വലിയ പീഠത്തിൽ ഇരിക്കാൻ ആ പെൺകുട്ടി നിർദേശിച്ചു. ശേഷം കുനിഞ്ഞിരുന്നവൾ എന്റെ ചെരുപ്പുകൾ ഊരി, തുണികൊണ്ടു കാലുകൾ തുടച്ചു വൃത്തിയാക്കി. കാൽവിരലുകൾ കണ്ടപ്പോൾ അവളുടെ മുഖത്ത് അത്ഭുതമാണോ അതിശയമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു ഭാവം ആയിരുന്നു. അവൾ എന്തായിരിക്കും ആ നേരം ആലോചിച്ചിരുന്നത് എന്ന് പിന്നീട് ചിന്തിക്കാതെ ഇരുന്നില്ല.
ഇൻഡോനേഷ്യയിലെ ബാലിക്ക് ഒത്തിരിയൊരുപാട് ഇന്ത്യൻ കഥകൾ പറയാനുണ്ട്. പുര എന്നറിയപ്പെടുന്ന ക്ഷേത്രങ്ങൾ കൊണ്ടും കമനീയമായ കാലാവസ്ഥ കൊണ്ടും ഒപ്പം കത്തിയെരിയുന്ന അഗ്നിപർവ്വതങ്ങളാലും പ്രസിദ്ധമാണത്.
വിളഞ്ഞു കിടക്കുന്ന നെൽപ്പാടങ്ങളും തെങ്ങും പനകളും ഒക്കെ, ഇന്ത്യൻ കഥകൾക്കൊപ്പം മലയാളത്തിന്റെ ഭൗമ പ്രത്യേകതകളും അവകാശപെടാനുണ്ട്.
കഴിഞ്ഞ ജന്മത്തിൽ, ഞാൻ നിന്റെ ദാസനായിരുന്നിരിക്കണം, അല്ലെങ്കിൽ നീയിപ്പോൾ ഇവിടെ ഈ ദ്വീപിൽ എന്തിനു എന്റെ കാലുകൾ തുടക്കണം? കർമ്മദോഷം! മുൻജൻമ പാപം! കുട്ടീ, നീയിതിലൊക്കെ വിശ്വസിക്കുന്നുണ്ടോ?

"കാഡെക്"!
അങ്ങനെ ആയിരുന്നു ആ പെൺകുട്ടിയുടെ പേര്. അവൾ സ്വയം പരിചയപ്പെടുത്തുമ്പോൾ വലതു നെഞ്ചിനു മുകളിലെ നെയിം ടാഗിലേക്കു വിരൽ ചൂണ്ടിയിരുന്നു. മുറിഞ്ഞു പോകുന്ന ലഘു വാക്കുകൾ ഉപയോഗിച്ചായിരുന്നു കാഡെക്കിന്റെ തുടർ സംഭാഷണങ്ങൾ.
അവളെന്റെ പേരും ദേശവും ഒരു ചടങ്ങു എന്നപോലെ ചോദിച്ചറിഞ്ഞു. 
പിന്നീട്, കഠിനമേറിയതോ മൃദലമായതോ ആണോ താങ്കൾക്ക് വേണ്ട തിരുമ്മൽ രീതി എന്ന് ചോദിച്ചു. 
കാഴ്ചയിൽ കനം തോന്നാത്ത, ഭാരമില്ലാത്ത കൈകളാൽ  അവൾക്കു എത്രമാത്രം കഠിനമാകുവാൻ കഴിയും? ആ സംശയം മനസ്സിൽ സൂക്ഷിച്ചുകൊണ്ടാണ്, 'എങ്കിൽ അല്പം കഠിനം തന്നെ ആയിക്കോട്ടെ" എന്ന് നിർദേശിച്ചത്. ശേഷമവൾ ജോലിയിൽ വ്യാപൃതയായി.

പലപ്പോഴും മൗനം ആയിരുന്നു സംഭാഷണം. അവളുടെ നിർദേശങ്ങൾക്ക് വഴങ്ങി കമഴ്ന്നു കിടന്നു. 
"താങ്കൾക്ക് എന്തെങ്കിലും പ്രേത്യേക നിർദേശങ്ങൾ  ഉണ്ടോ...? ഏതെങ്കിലും ഭാഗത്തു, പ്രേത്യേകിച്ചു പ്രാധാന്യം കൊടുക്കണമെന്നോ മറ്റോ?"  കാഡെക്കിന്റെ രണ്ടാമത്തെ ചോദ്യം അതായിരുന്നു.
"ഇടതു കാലിൽ പലപ്പോഴും തോന്നാറുള്ള, വേദന!, മുകളിൽ നിന്നും താഴോട്ടു നൂല് വണ്ണത്തിലെ വേദന! അതിനൊരു പരിഹാരം ഉണ്ടാവണം വൈദ്യരെ ...." ഞാൻ മറുപടിയായി പറഞ്ഞു.
അവളതു ശ്രദ്ധിച്ചുവോ? അവൾക്ക് ഞാൻ പറഞ്ഞത് മനസ്സിലായി എന്നുപോലും തോന്നിയില്ല, തുടർച്ചായി അവളുടെ 'സോറികൾ' കേട്ടപ്പോൾ!

ഒരാൾക്ക് കൃത്യമായി കിടക്കുവാൻ മാത്രം വീതിയും നീളവുമുള്ള പീഠത്തിനു മുകളിലേക്കാണ് അവൾ ക്ഷണിച്ചത്.
ആ പീഠത്തിനു മുകളിലേക്ക് കയറി കമഴ്ന്നു കിടന്നു. ക്ളോക്ക് റൂമിൽ    നിന്നും ധരിച്ച കോട്ടു മാറ്റിയതിനു ശേഷം, അവിടെ നിന്നുമുള്ള മറ്റൊരു കട്ടിയേറിയ ടൗവൽ നഗ്നതയെ മറക്കുവാനായി ഉപയോഗിച്ചു. പീഠത്തിനു മുകളിൽ ശരീരവും, അതിന്റെ അറ്റത്തെ വൃത്താകാരമായ ദ്വാരത്തിലേക്ക്‌ മുഖവും പൂഴ്ത്തിവെച്ചു കിടന്നു.

കാഡെക് എന്റെ അർദ്ധ നഗ്നമേനിയിലേക്ക് എണ്ണ പകരുന്നത് അറിയുന്നുണ്ടായിരുന്നു. ആടുതോമയുടെ ദേഹത്ത് ലൈല നൃത്തം ചെയ്യുന്നത്, മുന്നിൽ തെളിഞ്ഞുവന്നു. പശ്ചാത്തല സംഗീതമായി അപ്പോഴും ഉപകാരണസംഗീതം തുടർന്നുകൊണ്ടിരുന്നു.
ആ ഇൻഡോനേഷ്യൻ പെൺകുട്ടിയുടെ കരപരിലാളനകൾ കൊണ്ടെന്റെ പുറം പുളഞ്ഞു. ശരീരത്തെ ഇക്കിളി ആക്കുന്നതിൽ കാഡെക്ക് അത്ര പിശുക്കി ഒന്നും അല്ല എന്ന് തോന്നുന്നു.
മേനിയിലേക്കു അവൾ ലേപനങ്ങൾ  പുരട്ടുന്നതും ഉഴിയുന്നതും അമർത്തുന്നതുമായ കാര്യങ്ങൾ പടിപടിയായി നടന്നുകൊണ്ടിരുന്നു. ശരീര മർദ്ദന മുറകൾ പലതും പിന്നിടുമ്പോഴും എപ്പോഴോ ഞാൻ മയക്കത്തിലേക്ക് തെന്നി മറിഞ്ഞു വീണിരുന്നു. അല്പം കഴിഞ്ഞപ്പോഴേക്കും മലർന്നു കിടക്കാൻ നിർദേശിച്ചു 
ശേഷം, എന്നെ ഒരു തുറന്നു മുറിയിൽ തനിച്ചാക്കി കാഡെക് കതകടച്ചു പോയി. പോകുന്നതിനു മുൻപായി  " ചായയോ കോഫിയോ മറ്റോ വേണോ" എന്ന് ചോദിക്കാനും മറന്നില്ല.
ആ മുറിയിൽ രണ്ടു വാതിലുകൾ ഉണ്ടായിരുന്നു. രണ്ടും ഭദ്രമായി അകത്തു നിന്നും അടച്ചു. അവിടെയാണ് വെള്ളം മൂന്നു വശത്തു നിന്നും കുതിച്ചുപൊന്തുന്ന ജാക്ക്വിസി ഉള്ളത്. ചെറുതും ചതുരാകൃതിയിൽ ഉള്ളതുമായ സ്വിമ്മിങ് പൂളായിരുന്നു ജാക്ക്വിസി. കുതിച്ചു പൊന്തി വരുന്ന നീലനിറമുള്ള വെള്ളത്തിൽ കുറെ നേരം കിടന്നു.
ജാക്ക്വിസിയിൽ നിന്നും കയറി, അടുത്ത മുറിയിലേക്ക് നടന്നു. അവിടെയായിരുന്നു ആവിയിൽ കുളിക്കിന്നിടം! സഹിക്കാൻ പറ്റുന്ന ചെറുചൂടാണ്‌ ആ മുറിയിൽ ഉള്ളത്. കുറെ നേരം അവിടെയും ചിലവിട്ടു. എന്റെ ശരീരത്തിലെ രോമരാജികൾ ഒരു യുദ്ധത്തിനെന്നപോലെ എഴുന്നേറ്റു നിൽക്കുന്നുണ്ടായിരുന്നു. ശരീരം ചെറുതായി വിയർത്തു തുടങ്ങി. ആവി അസഹ്യമായെന്നു തോന്നിയപ്പോൾ അവിടെ നിന്നും ഇറങ്ങി വീണ്ടും ജാക്ക്വിസിയിൽ മുങ്ങിയിരുന്നു.

ജാക്ക്വിസിയിൽ നിന്നും കയറിയതിനു ശേഷം തണുപ്പ് മാത്രം നിറഞ്ഞ മുറിയിലേക്ക് കടന്നു. ശരീരം പെട്ടെന്ന് തന്നെ വിറച്ചു തുടങ്ങി. മഞ്ഞുപാളികൾ പോലെ പുക നിറഞ്ഞ മുറിയിൽ നിന്നും പെട്ടെന്നിറങ്ങി.
അവസാനമായി വീണ്ടും ജാക്ക്വിസിയിൽ, അൽപനേരം കൂടി.

അവിടെ നിന്നും കയറി ദേഹ ശുദ്ധി വരുത്തിയ ശേഷം,  വേഷം മാറി ആരാമു സ്‌പായ്‌യുടെ വാതിലിലേക്ക് നടന്നു. സംസാരത്തിൽ പിശുക്കിയായ കാഡെക്കിനോട് നന്ദിവാക്കു ഓതുവാൻ നിന്നില്ല.
തിരിച്ചിറങ്ങുമ്പോൾ റിസപ്‌ഷനിൽ ഉണ്ടായിരുന്ന നൈസാമിന്റെ കുശലചോദ്യത്തിനു, വളരെ നല്ലൊരു അനുഭവം ആയിരുന്നുവെന്ന ഭംഗി വാക്ക് പറഞ്ഞു.

അയാളുടെ മുഖത്തെ ചിരിയെന്ന് തോന്നിപ്പിക്കുന്ന ചുണ്ടനക്കത്തിലെ നിഗൂഢത വായിച്ചെടുക്കുവാൻ പരാജയപെട്ടു, ആരാമുവിൽ നിന്നും പുറത്തേക്ക് ഇറങ്ങി.

****************************************************************************
11

ദീർഘ ചതുരാകൃതിയിൽ ആണ് ഈ ദ്വീപു.
ദ്വീപ് റിസോർട്ടിന്റെ നാല് വശങ്ങളിലും ബീച്ച് ഉണ്ട്. ദ്വീപിന്റെ മാപ്പിലെ സൂചന പ്രകാരം ധോണി വന്നിറങ്ങുന്ന സ്വീകരണ മുഖത്തെ തീരം മാത്രമേ ബീച്ച് ആയി രേഖപെടുത്തിയിട്ടുള്ളുവെങ്കിലും നീണ്ടു നിവർന്നുകിടക്കുന്ന പഞ്ചാര പൂഴിമണലുകൾ നിറഞ്ഞതാണ്  റിസോർട്ടിന്റെ നാല് കരയും. അതു നാലും തികച്ചും ചേതോഹരം തന്നെ.

പ്രാതലും കഴിച്ചു നടക്കാൻ ഇറങ്ങി.
പ്രേത്യേകിച്ചു ലക്ഷ്യങ്ങൾ ഒന്നും ഇല്ലാതെ തീരത്തുകൂടി മുന്നോട്ടു നടന്നു. 
ചാര മേഘങ്ങൾ നിറഞ്ഞുകിടക്കുകയാണ് ആകാശം. മഴകൂരാപ്പു തന്നെ. ജലകണങ്ങൾ അന്തരീക്ഷത്തിൽ തങ്ങിനിൽപ്പുണ്ട്. ബീച്ചിലേക്ക് ഇറക്കിയിട്ട ചാരുബഞ്ച് കസേരകൾ അനാഥമായി കിടക്കുന്നു. അതിഥികൾ പലരും ആഹാരം കഴിക്കുകയോ മറ്റു ചിലർ  റെസ്റ്റോറന്റിൽ നിന്നും തിരിച്ചെത്തി മുറിക്കുള്ളിൽ വിശ്രമിക്കുകയോ ചെയ്യുകയാണ്. മഴ പെയ്‌തേക്കാമെന്ന അനിശ്ചിതാവസ്ഥാ പലരുടെയും ജലകേളികൾക്കു തടസമായി നിൽക്കുന്നു. മഴയത്തു ആരും ബീച്ചിൽ ഇറങ്ങാറില്ലെന്ന് തോന്നുന്നു.

പ്രധാന ബീച്ചിന്റെ എതിർവശത്തുകൂടെ മുന്നോട്ടു നടക്കുമ്പോൾ 'ഹോളിഡേ ഐലൻഡ്' എന്ന് എഴുതിയ കൽത്തൂണുകൾ കടലിലേക്ക്‌ ഇറക്കി നാട്ടിയിരിക്കുന്നത് കാണാം. അന്ന് സ്റ്റെഫി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ ആ കൽത്തൂണുകൾക്കു മേലിരുന്ന് നൃത്തം ചെയ്യുന്നത് കണ്ടത് ഓർക്കുന്നു. 

ബീച്ചിന്റെ ആ ഭാഗം ഒരു മുനമ്പ് പോലെയാണ്. താമസ യോഗ്യമായ അഥിതി മുറികൾ ഒന്നും അവിടെ ഉണ്ടായിരുന്നില്ല.
മണ്ണിനുള്ളിലേക്കു പൂന്തിപോകുന്ന കാലുകൾ വലിച്ചൂരി മുന്നോട്ടു നടന്നു. 

ഉൾവലിഞ്ഞു കിടക്കുന്ന കടൽ, തിരകളെ തീരത്തേക്ക് എത്തിക്കുന്നതെ ഉണ്ടായിരുന്നില്ല.
തീരത്തെ മണലിൽ വലിയ അക്ഷരങ്ങളിൽ പേരും നാളും ജന്മദേശവും എഴുതി, അർച്ചന കഴിപ്പിച്ചു. പ്രസാദം പോലെ ഒഴുകിയെത്തിയ ജീവനുള്ള ഒരു കുഞ്ഞൻ ഞണ്ടിനെ കൈയ്യിലെടുത്തു ഓമനിച്ചു.
'കടലമ്മ കള്ളി' എന്ന ക്ലീശ്ശെ ആരോപണം മനഃപൂർവം മണലിൽ എഴുതാതിരുന്നതാണ്. കടൽത്തീരത്ത് എത്തിയാൽ, 'കടലമ്മ കള്ളി' എന്ന് എഴുതുക ചില ആളുകളുടെ ശീലമാണ്. കടലും കടലമ്മയും എനിക്ക് എന്ത് ദ്രോഹം ചെയ്തിട്ടുണ്ട് ? വെറുതെ എന്തിനാണ് പരിപാവനമായ കടലമ്മയെ ഞാൻ കള്ളി എന്ന് വിളിക്കുന്നത്?

നടന്നു മുന്നോട്ടു പോകുന്നത് ദ്വീപിന്റെ ത്രിഭുജ സംഗമത്തിലേക്കാണ്. ചുറ്റിലും നോക്കി, കറുത്തിരുണ്ട് കിടക്കുന്ന ആകാശത്തിനു കീഴിൽ, ഉൾകടലിലെ മണൽത്തിട്ട പോലൊരു സ്ഥലം. തൊട്ടുമുന്നിലും ഇരുവശങ്ങളിലും കടലാണ്. ആഴക്കടൽ! കണ്ണെത്തുന്ന ദൂരത്തു മറ്റു രണ്ടു റിസോർട്ടുകൾ ചെറുതായി കാണാം.
ആ കടൽക്കരയുടെ പുറകിൽ പൊക്കം കുറഞ്ഞ തെങ്ങുകളാണ്. കടലിലെ കായിക വിനോദങ്ങൾക്കുള്ള ഇരിപ്പിടവും ജംഗമ വസ്തുക്കൾ സൂക്ഷിക്കാനുള്ള ശാലകളുമാണവിടെ. ബീച്ചിനരികിലൂടെ  മാലെ ചെറുപ്പക്കാർ, എനിക്കഭിമുഖമായി നടന്നു വരുന്നുണ്ട്. കടലിൽ നീന്തി കളിക്കുവാനുള്ള വരവാണ് അവരുടേതെന്ന്, ധരിച്ചിരിക്കുന്ന ലുബ്‌ധമായ വസ്ത്രങ്ങൾ എടുത്തു പറയുന്നു. മാലെയിലെ യുവജനത കടൽ വിനോദങ്ങളിൽ അടിമപ്പെട്ടവരാണ്. 
തണുത്ത കാറ്റോടെ കറുത്ത മേഘങ്ങൾ ഉരുണ്ടു കൂടുന്നു. കരയിൽ വിശ്രമിക്കുക ആയിരുന്ന ചുവന്ന ബിക്കിനിയിട്ട ചെറുപ്പക്കാരിയും  ഭർത്താവും തീരം ഉപേക്ഷിച്ചു മുറിക്കുള്ളിലേക്കു കയറിപോകുന്നു. ഞാനെന്റെ സെൽഫി എടുക്കുമ്പോൾ കയറി കൂടിയ അവരുടെ നിതംബം ഫോട്ടോയ്ക്ക് അലങ്കാരവും ആഡംബരമായി തോന്നി.

ചതുര സംഗമത്തിൽ നിന്നും പ്രധാന ബീച്ചിനരികിലൂടെ നടന്നു.
കാർമേഘങ്ങൾ കൂട്ടംകൂടി തുടങ്ങിയിരിക്കുന്നു. ഏത് നിമിഷവും മഴപെയ്‌തേക്കാം.
ബീച്ചിൽ നിന്നും തിരികെ നടന്നു. 
മഴയെത്തും മുൻപേ മുറിയിലെത്തണം. അതിഥികൾക്കായുള്ള മൂന്നു അപ്പുപ്പൻ കുടകൾ മുറിയിൽ ഉണ്ടായിരുന്നെങ്കിലും എടുത്തിരുന്നില്ല. മഴ പെയ്തുതുടങ്ങിയിരിക്കുന്നു. മഞ്ഞപ്പൂവിരിഞ്ഞ പൂവരശ് മരങ്ങൾക്കിടയിലൂടെ മുറിയിലെത്തി. 
വരാന്തയിലെ മഞ്ഞവിരിയിട്ട കസേരയിൽ കാലു നിവർത്തി വെച്ച് ചാഞ്ഞു പെയ്യുന്ന മഴയിലൂടെ കടലും നോക്കി ഇരുന്നു. കടലിൽ പെയ്യുന്ന മഴ!  പുതിയ കാഴ്ചയാണല്ലോ!. കാട്ടു മരങ്ങൾക്കുമേൽ മഴത്തുള്ളികൾ വീഴുന്ന ശബ്ദം. കടൽ തിരകൾ ശാന്തതയോടെ മത്സരിച്ചു ജയിക്കുന്നു. 

മഴ പതുക്കെ ശക്തി പ്രാപിച്ചുകൊണ്ടിരുന്നു.
തീരത്തു കളിക്കുക ആയിരുന്ന ഒരു മാലി കുടുംബവും മുറിക്കുള്ളിലേക്കു കയറിപോയിരിക്കുന്നു.എന്റെ മുറിയുടെ തൊട്ടടുത്തുള്ള കൂടാരങ്ങൾക്കു വെളിയിലും ആരെയും കാണുന്നില്ല. ഇന്നലെ മുഴുവൻ വായനയെ ശല്യം ചെയ്ത അയൽക്കാരും അവരുടെ ചിലമ്പൊലും വീടൊഴിഞ്ഞിരിക്കുന്നു. 

തിമിർത്തു പെയ്യുന്ന മഴയിൽ കടലിൽ നിന്നുമുള്ള ഗന്ധം കടൽമഴയുടെ ആസ്വാദനത്തിനു കളങ്കമായതുപോലെ തോന്നിച്ചു. മരിച്ചുപോയ ചെടികളുടെ ചെളി ഇളകിയ ഗന്ധം നാസ്വരന്ദ്രങ്ങളിലേക്ക് വലിഞ്ഞു കയറുന്നു.
കടലും തീരവും മഴയും ഞാനും മാത്രം!
ഏത് അഭൗമ സുന്ദര നിമിഷത്തിന്റെ ബാക്കിപത്രമാണിത്! ഏതു പൂർവ്വജന്മത്തിലെ വാഗ്ദാനമായിരിക്കണം.
കൂട്ടിനു ഒരു പുതപ്പുകൂടി ഉണ്ടായിരുന്നുവെങ്കിൽ!
അരിച്ചിറങ്ങുന്ന തണുപ്പിൽ ചൂട് കാപ്പിയും നുകർന്ന് ഇരിപ്പു തുടർന്നു.
'അരികിൽ നീ ഉണ്ടായിരുന്നുവെങ്കിൽ' എന്ന് പാടിയത് ആദരണീയനായ നാട്ടുകാരനാണ്. ഒരു വേള വെറുതെ നിനച്ചുവെങ്കിലും, മോഹങ്ങൾ വെറും മോഹങ്ങൾ മാത്രമാണെന്ന് തിരിച്ചറിയുന്നു. ആശകൾക്കും മോഹങ്ങൾക്കും ജീവിതത്തിൽ അനാഥത്വം കൽപ്പിക്കപ്പെട്ടിരിക്കുന്നു.
പുതുതായി ഒന്നും സൃഷ്ടിക്കാത്ത ഇടപെടീലുകൾ.
വെറുതെ കടന്നു പോകുന്ന ദിനരാത്രങ്ങൾ.
ഒന്നും ബാക്കിവെക്കാതെ നിമിഷങ്ങൾ ദിവസങ്ങളായും ആഴ്ചകളായും മാസങ്ങളായും കടന്നു പോകുന്നു.
ഒരു കെട്ടുപാടുകളും ഇല്ലാതെ ജീവിക്കണമെന്നുണ്ട്. ആരോടും ഒരു പ്രതിബദ്ധതയും ഇല്ലാതെ! നമ്മൾ ഇങ്ങനെ ഒരു ദ്വീപായി ജീവിക്കണം. മാലെക്കാരെ പോലെ. എത്ര സ്വതന്ത്രരാണവർ!
നാളെകളെ കുറിച്ച് ഒട്ടും വേവലാതി ഇല്ലാതെ ഇന്നേക്കുമാത്രം ജീവിക്കുന്നവർ. സ്വന്തമായി വീട് ഉണ്ടാവണമെന്നുള്ളതോ പെണ്മക്കളുടെയോ സഹോദരിമാരുടെയോ വിവാഹമോ, വാഹനങ്ങൾ സ്വന്തമാക്കണമെന്നുള്ളതുപോലെയുള്ള ആഗ്രഹങ്ങളോ വലിയ സമ്പാദ്യമോ ഒന്നും ഒരു ശരാശരി മാലിദ്വീപുകാരന്റെ പ്രധാന ജീവിത ലക്ഷ്യമോ അജണ്ടയോ അല്ലെങ്കിൽ അത്തരം ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയുള്ള പ്രയത്‌നങ്ങളോ അല്ല അവരുടെ ഓരോ ദിനചര്യകൾ.

വേറിട്ട് കിടക്കുന്ന വിഭിന്നവും വ്യത്യസ്തവുമായ 1200 ദ്വീപുകളിൽ ജനവാസം ഉള്ളത് മൂന്നിൽ ഒന്ന്  മാത്രമാണ്. അവിടെ നിന്നും ഏറിയ ആളുകളും തലസ്ഥാന നഗരമായ മാലെയിലും തൊട്ടടുത്തുള്ള മറ്റു രണ്ടു ദ്വീപുകളിലേക്കും കുടിയേറി പാർത്തവരാണ്. അതുകൊണ്ടു തന്നെ ജനസംഖ്യയുടെ നല്ലൊരു ശതമാനവും വാടക മുറികളിൽ ജീവിച്ചു കാലംകഴിക്കുകയാണ്. കുട്ടികളുടെ വിദ്യാഭാസം എന്ന ഏറ്റവും പ്രധാന കാര്യം ഒഴിച്ചാൽ മറ്റു കുടുംബ താല്പര്യങ്ങളോ വ്യെക്തി താല്പര്യങ്ങളോ കുറവാണു എന്ന് തന്നെ സാമാന്യവൽക്കരിക്കാം.
ജീവിച്ചു പോകണം, വിശപ്പടക്കി!
ജീവിച്ചു പോകണം, ഏറ്റവും പുതിയ ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ പരിചയപെട്ടുകൊണ്ട്! 
ജീവിച്ചുപോകണം, ഏറ്റവും അനുയോജ്യമായ പങ്കാളിക്കൊപ്പം രമിച്ചുകൊണ്ടു!, ഇവയ്‌ക്കൊന്നും അപ്പുറം ചാന്ദ്ര ഗവേഷണത്തെക്കുറിച്ചൊന്നും ആരും  ഇവിടെ ചർച്ച ചെയ്യാറില്ലെന്നു തോന്നുന്നു.

മഴ പെയ്തൊഴിഞ്ഞു, മരങ്ങൾ പെയ്തു തുടങ്ങുന്നു.
കുടിച്ചു തീർത്ത, കാപ്പിപ്പാത്രത്തിലേക്ക് ഉറുമ്പുകളുടെ നിര വന്നടുക്കുന്നു.

ചില സമയങ്ങളിൽ തോന്നാറുള്ള സത്യമാണ്  ഒരു മാലിക്കാരി പെൺകുട്ടിയെ പങ്കാളിയാക്കിയാലോ. പലപ്പോഴുമുള്ള എന്റെ ഇത്തരം സംഭാഷണങ്ങൾ കേട്ടിട്ടാവണം, സുഹൃത്തായ സബിത പറഞ്ഞത്, നീയൊരു മുസ്ലിം പെൺകുട്ടിയെ കെട്ടുമെന്ന്. ഓഫീസിലെ സഹപ്രവർത്തക, ഷീസാ, അവളുടെ ചേച്ചിയെ കല്യാണം കഴിക്കാമോയെന്നു ചോദിച്ചപ്പോഴാണ്, സബിത ആ പറഞ്ഞത് ഓർത്തത്.

ഒരു  വൈകുന്നേരം അപ്രതീക്ഷിതമായെത്തിയ സന്ദേശം ആയിരുന്നു, ഷീസായുടെ ചേച്ചിയുടേത്.
ഞാൻ അവളോട് പറഞ്ഞു  എനിക്കെന്റെ ഇരുപതാം വയസ്സിലേക്കു തിരിച്ചു പോകണമെന്ന്. ഒരു പതിനഞ്ചു വർഷം പുറകിലേക്ക് പോകുവാൻ വരം കിട്ടണമെന്ന് പ്രാർത്ഥിക്കാറുണ്ടെന്നു. എന്റെ കുറെ തീരുമാനങ്ങൾ തെറ്റായിരുന്നു, തിരുത്തുവാൻ ഒരു അവസരം കിട്ടിയാൽ...

"എല്ലാരും പ്രാർത്ഥിക്കുന്നതാണ് അങ്ങനെ ....അങ്ങനെ ആയാൽ  നീ ആരെ തിരഞ്ഞെടുക്കും" അവളുടെ ചോദ്യം വളരെ നിഷ്കളങ്കമായിരുന്നു.

"അങ്ങനെ എങ്കിൽ നമുക്ക് രണ്ടാൾക്കും ഒന്നാകാമായിരുന്നു. സുന്നത്ത് ചെയ്യണമെന്നല്ലേ ഉള്ളു ...അല്പം സുനാപ്പി പോകുന്നെങ്കിൽ പോകട്ടെ...ആരെ കാണിക്കാനാണ് അത്..." എന്റെ മറുപടിയിൽ നിരാശയും വിഷമവും കലർന്നിരുന്നു.  " എനിക്കിതുവരെ, ഒഴിവാക്കലിന്റെയും ഒറ്റപ്പെടലിന്റെയും നിരാശയും വിഷമവും കലർന്ന അനുഭവങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ" 

"വിഷമിക്കണ്ടാ ....നിന്നെ ആരൊക്കെ ഒഴിവാക്കിയാലും ഞാൻ ഉണ്ടാവും നിന്നോടപ്പം " അവളുടെ എഴുത്തിൽ എന്നോടുള്ള സ്‌നേഹമായിരുന്നോ, അതോ അനുകമ്പയോ ? ഒന്നും തിരിച്ചറിയാൻ കഴിയാതെ ആ അക്ഷരങ്ങൾ എന്നെ നോക്കി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.

ചേർത്തു പിടിക്കുമ്പോൾ, വേണമായിരുന്നോ എന്നൊരു ശങ്ക കലർന്ന ചോദ്യം വരും.
വലിച്ചെറിയുമ്പോൾ, നിരാശയും കുറ്റബോധം. ആകെ ഒരു വല്ലാത്ത അവസ്ഥ തന്നെ. ഒറ്റപെടീലിന്റെയും ഒറ്റക്കാവുന്നതിന്റെയും  ദുരനുഭവങ്ങൾ.

"പ്രേമിക്കാന്‍ ആളെത്തേടി കിട്ടാത്തത് കൊണ്ട്,
കുറച്ചു തീവ്ര പ്രേമ കവിതകള്‍ എഴുതിയാലോ?
അല്ലെങ്കിൽ വേണ്ടാ,എന്തിനാ മറ്റുള്ളവരെ മുഷിപ്പിക്കുന്നത്!

ഒരുപക്ഷെ പറഞ്ഞുവരുമ്പോൾ, തികട്ടിവരുന്നത്, 
നിരാസങ്ങളായേക്കാം ഉപേക്ഷകളായേക്കാം 
എങ്കിലും അതും പ്രണയം ആയിരുന്നുവല്ലോ...

മഞ്ഞപ്പൂവിനോട്...ജമന്തിയോട്...മഞ്ഞപ്പാവാടയോടു,
തുളസിക്കതിരിനോട്, ഫെയർ ആൻഡ് ലവ്‌ലിയോട്...
ദേ പിന്നെയും ഹിജാബിനോടു... സുറുമയോട്....

തോന്നിയതൊക്കെയും പ്രണയമായിരുന്നുവോ?
കവിതയായതുകൊണ്ടു, പ്രണയമാണെന്ന് തന്നെ വച്ചോളൂ,കാരണം, 
പ്രണയവും കവിതയും എന്റെ രക്തം തന്നെയായിരുന്നുവല്ലോ."


പൂർത്തിയാക്കണമെന്നുള്ള താല്പര്യം തോന്നാതെ പകുതി ഒഴിഞ്ഞ ലോങ്‌ചാംപ്സ് വിൻ ഡെ ഫ്രാൻസ്, ഉപേക്ഷിക്കപ്പെട്ടു മിനി ബാറിൽ കിടന്നു.

****************************************************************************
12

ഉച്ചക്ക് 1:45 നാണു റിസോർട്ട് ജെട്ടിയിൽ നിന്നും ഡിപ്പാർച്ചർ!
ഒരുമണിക്ക് ചെകൗട്ടും.
തിരികെപോകുന്ന ദിവസത്തെ ഉച്ചഭക്ഷണവും ബുക്കിംഗ് പാക്കേജിന്റെ ഭാഗമായിരുന്നുവല്ലോ. 12:30 ആണ് റെസ്റ്റോറന്റ് തുറക്കുക. ആഹാരവും കഴിച്ചു ഇറങ്ങാനുള്ള അവസരം റിസപ്‌ഷനിൽ നിന്നും തന്നിട്ടുണ്ട്. 

മുറിയിലെ ബാത്ത് ടബ്ബിൽ വീണ്ടും കയറി കിടന്നു. തണുപ്പും ചെറുചൂടുമുള്ള വെള്ളത്തിൽ മാറി മാറി കുളിച്ചു. ചെറു ചൂടോടെയുള്ള വെള്ളം ദേഹത്തേക്ക് വീണപ്പോൾ ടബ്ബിൽ നിന്നും എണീക്കാനെ തോന്നിയില്ല. 
വസ്ത്രങ്ങൾ ഒക്കെയും തിരികെ പാക്ക് ചെയ്തു മുറിയും പൂട്ടി ഇറങ്ങി. റിസപ്ഷനിലേക്ക് നടന്നു. മിനിബാറിൽ നിന്നും കഴിച്ച മിക്സഡ് സനാക്‌സിനും വൈനും ക്യാഷ് അടക്കണമായിരുന്നു.

ഒപ്പം പോകാനുള്ള പല കുടുംബങ്ങളും ചെക്ക് ഔട്ടിനായി എത്തിത്തുടങ്ങിയിരിക്കുന്നു.
റിസപ്ഷനിൽ കമനീയമായി അലങ്കരിച്ചിരുന്ന വെൽവെറ്റ്  കസേരകൾക്കും സോഫാക്കും മേൽ ഏവരും ഇരുപ്പു ഉറപ്പിച്ചു. ചിലർ ഗ്രുപ് ഫോട്ടോ എടുക്കുന്ന തിരക്കിൽ ആയിരുന്നു മറ്റു ചിലർ സെൽഫിയും. വേറെ ചിലർ മൊബൈലിൽ സോഷ്യൽ മീഡിയ പേജുകളിലേക്കു ഊളിയിട്ടു.

റിസപ്ഷനോട് ചേർന്നാണ് സുവനീർ ഷോപ്പ്.
മാൽദിവസിലെ തനതു കരകൗശല വിഭവങ്ങൾ ഒക്കെ മനോഹരമായി അലങ്കരിച്ചു വെച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഭൂപടം രേഖപ്പെടുത്തിയ ടീഷർട്ടിന്റെയും മറ്റു വിഭവങ്ങളുടെയും ഒക്കെ വലിയൊരു ശേഖരം തന്നെ അവിടെ ഉണ്ട്. സെയിൽസ് കൗണ്ടറിലെ ചില്ലുകണ്ണാടി വിരിച്ച മേശയിൽ ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും കറൻസി നോട്ടുകൾ നിരത്തിവെച്ചിട്ടുണ്ട്.
എല്ലാ സാധനങ്ങളുടെയും വില പ്രദർശിപ്പിച്ചിരിക്കുന്നത്‌ അമേരിക്കൻ ഡോളറിലാണ്. ഇന്ത്യൻ രൂപയിലേക്ക് എക്സ്ചേഞ്ച് ചെയ്യുമ്പോൾ ആ സാധനങ്ങളുടെ മേൽ നോക്കിയത് പോലും തെറ്റായിരുന്നു എന്ന് തോന്നും. 
തൊണ്ടോടെ ഇരിക്കുന്ന ഒരു തേങ്ങയിലാണ് ശ്രദ്ധ നീണ്ടത്. ഒരു വശത്തു നീല വർണമാർന്ന ദ്വീപിലെ  തനതു പവിഴ പുഴയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു. മറ്റു പ്രേത്യേകതകൾ ഒന്നും അതിൽ കാണുവാൻ കഴിഞ്ഞില്ല. 14 ഡോളർ ആണ് ആ തേങ്ങയുടെ വില, അതായത് ഏകദേശം 900 ഇന്ത്യൻ രൂപ. ഇത് 'എന്ത് തേങ്ങയാണ്' എന്ന് മനസ്സിലെ ചോദിച്ചുള്ളൂ. 

തൊട്ടടുത്ത് മറ്റൊരു ഷോപ്പുംകൂടി കൂടി ഉണ്ടായിരുന്നു. നവര്തന കല്ലുവെച്ച ആഭരങ്ങളുടെ ചെറിയൊരു ശേഖരം ആണവിടെ ഉള്ളത്. മാലിയിൽ, പൊതുവെ റിസോർട്ടുകളിൽ എത്തുന്നത് അടുത്ത സമയത്തു കല്യാണം കഴിഞ്ഞവരോ കല്യാണം കഴിക്കാൻ പോകുന്നവരോ അല്ലെങ്കിൽ പല പ്രായത്തിലുള്ള ഇണകളോ ആയിരിക്കും.
പരസ്യ വാചകങ്ങളിൽ പറയാറുള്ളതുപോലെ ലോകത്തെ ഏറ്റവും വലിയ ഐഡിയൽ ഹണിമൂൺ കേന്ദ്രവും ആണ് മാൽദിവസ്. ചില കല്യാണങ്ങൾ പോലും മാലെ റിസോർട്ടുകളിൽ നടത്താറുണ്ട്. ഒരുപക്ഷെ  അവരെ ഉദ്ദേശിച്ചാവും ഇത്തരം വിലകൂടിയ ആഭരങ്ങളുടെ ശേഖരം സൂക്ഷിക്കുന്നത്. തിരക്കില്ലാത്ത ആ ഷോപ്പിനു മുന്നിൽ വെറുതെ നിന്നു. ആ സാധനങ്ങളോട് പ്രേത്യേകിച്ചു മമത ഒന്നും തോന്നാത്തതുകൊണ്ടു കണ്ണാടികൂട്ടിലൂടെ നോക്കി കണ്ടു.

റേന്തളിയിൽ നിന്നും ഉച്ചഭക്ഷണം വളരെ ലഘുവായി കഴിച്ചിറങ്ങി. കഴിക്കാതെ ഇരുന്നാൽ വിശക്കുമല്ലോ എന്ന് ചിന്തയിൽ മാത്രമാണ് റെസ്റ്റോറന്റിലേക്ക് പോയത്.
സലാഡിലും സൂപ്പിലും തുടങ്ങി മെയിൻ കോഴ്സിലൂടെ ഡെസർട്ടിൽ എത്തുന്ന ആ സ്റ്റാർ ആഹാരം, ഉപേക്ഷിച്ചു വരാതെ നിവർത്തിയില്ലായിരുന്നു. മാമിഗിലി എയർപോർട്ട് ദ്വീപിലേക്ക് പോകുവാനുള്ള ധോണി ഉടൻ പുറപ്പെടും എന്നുള്ള ബോധം ഉച്ചയൂണിന്റെ ആസ്വാദനത്തെ തികച്ചും ബാധിച്ചു.

കടലിലേക്ക് നിവർന്നു കിടക്കുന്ന മരപാലത്തിലൂടെ നടന്നു ധോണിയിൽ എത്തി.
രണ്ടു ധോണികളിൽ പോകുവാനുള്ള അതിഥികൾ അവിടെ അപ്പോൾ ഡിപ്പാർച്ചർ സമയത്തു ഉണ്ടായിരുന്നു.
എങ്കിലും തിരക്കുകൾ ഇല്ലാതെ ഏവരും ധോണികളിൽ കയറി, ചിലർ ധോണിയുടെ മുകൾ തട്ടിലേക്കും കയറി.

നീല ഓളപ്പരപ്പുകളിലൂടെ ധോണി നീങ്ങി തുടങ്ങിയപ്പോൾ, ഹോളീഡേ റിസോർട്ട് സ്ഥിതി ചെയ്യുന്ന ദിഫുഷി ദ്വീപ് വളരെ ചെറുതായി കണ്ടു.

ധോണിയിലേക്ക് കയറുമ്പോൾ മുതൽ എന്നെ നൈരാശ്യം പിടികൂടി കഴിഞ്ഞിരുന്നു.
ഞാൻ പോകുകയാണ്!
യാത്ര പറച്ചിൽ, വേദന തന്നെയാണ്.
കൃത്യം ഒന്നര മാസം കഴിയുമ്പോൾ മറ്റൊരു യാത്ര പറച്ചിലിന് ഈ  മാലെ മണ്ണിൽ നിന്നും തയ്യാറെടുക്കണം.
കണ്ണുനീർ അണപൊട്ടി ഒഴുകുമോ എന്ന് ഭയന്നു.
ഉള്ളിൽ ഓളം തള്ളുന്ന വിതുമ്പൽ ഞാൻ കേൾക്കുന്നുണ്ടായിരുന്നു.
വല്ലാത്തൊരു നിരാശയും സങ്കടവും എന്നെ കശക്കി എറിയുന്നു.
ഞാൻ ആകെ കലങ്ങി മറിഞ്ഞിരിക്കുന്നു.
എന്റെ മുഖം ഒട്ടും പ്രസന്നമായിരുന്നില്ല, മുഖമാണല്ലോ മനസിന്റെ കണ്ണാടി.

അഞ്ചു മിനിട്ടു പോലും എടുത്തില്ല, ധോണി മാമിഗിലി ഫെറിയിൽ എത്തുവാൻ.
തയ്യാറായി കിടന്ന വാനിൽ കയറി മാമിഗിലി എയർപോട്ടിൽ എത്തി.
ബോട്ട് ജെട്ടിയിൽ നിന്നും മണൽ വിരിച്ച വഴിയിലൂടെ രണ്ടു വളവു തിരിയുന്നതാണ് എയർപോർട്ട്.

തിരക്കോ ബഹളങ്ങളോ ഇല്ലാത്ത പ്രാദേശിക എയർപോട്ടിൽ ചെക്കിങ്ങും ലഗേജ് പരിശോധനയും വെറും ചടങ്ങുകൾ മാത്രമെന്ന് തോന്നിച്ചു.
ഇനി ഒരുമണിക്കൂർ ഉണ്ട് വിമാനം പറന്നു ഉയരുവാൻ.

ജയശ്രീ മിശ്രയുടെ 'ജന്മാന്തര വാഗ്ദാനങ്ങൾ' ആയിരുന്നു കഴിഞ്ഞ രണ്ടു ദിവസമായി കൂട്ടിനു, അതിനെ വീണ്ടും വായനക്ക് എടുത്തു.
ജാനകിയുടെ കഥപറച്ചിലിലെ വായന സുഖത്തിൽ അപ്പോഴേക്കും അലിഞ്ഞു ചേർന്നിരുന്നു.
അൽപ നേരം അവരുടെ കഥയുമായിരുന്നു.

മൂന്ന് മുപ്പതിന് വിമാനം മാലിയിലേക്ക് പറന്നു.
അപ്പോഴും എന്റെ മനസ്സ് റിസോർട്ടിൽ നിന്നും ഇറങ്ങിയ അതെ മാനസിക അവസ്ഥയിൽ ആയിരുന്നു.
കടലും ആകാശവും ഒരേ നിറമാർന്നു, ഇരുവരും എവിടെയാണ് കൂട്ടിമുട്ടന്നത് എന്നറിയാതെ കുഴഞ്ഞു. ആ ആകാശ കടൽ നീലിമയുടെ സൗന്ദര്യവും സംഗമവും എനിക്കും നഷ്ടപ്പെടുവാൻ പോകുവാണു.

മാമിഗിലി ദ്വീപിന്റെ മുകളിൽ ഫ്ലൈ മി പറന്നു വലം വെച്ചു. കഴിഞ്ഞ രണ്ടു ദിവസം താമസിച്ചു ദ്വീപും വന്നിറങ്ങിയ എയർപോർട്ടും ഒരു പൊട്ടായി മുകളിൽ നിന്നും കാണാം.
മാലെയുടെ ആകാശ സൗന്ദര്യം!!!  ഹമ്പോ അതി ഗംഭീരവും മനോഹരവും തന്നെ! കടലിൽ ഇത്രയും വലിയ അത്ഭുതങ്ങൾ!!! ആലോചിക്കുംതോറും അത്ഭുതം കൂടിക്കൂടി വരുന്നു.

ഇരുപതു മിനുട്ടാതെ ആകാശ യാത്രക്ക് ശേഷം സുരക്ഷിതമായി ഹുലൂലെ ആഭ്യന്തര വിമാനത്താവളത്തിൽ ഇറങ്ങി.
മഴ പെയ്തു തോർന്ന എയർപോർട്ടിൽ നിന്നും മാലെ സിറ്റിയിലേക്കു പോകാനായി ഫെറിയിയിലേക്ക് കയറി. പത്ത് റുഫിയ ടിക്കറ്റിൽ പത്തുമിനിട്ട് കൊണ്ട് സിറ്റിയിൽ എത്താം.

മഴ പെയ്തു തോർന്നുവെങ്കിലും മനസ്സ് ആകെ കലുഷിതമായിരുന്നു.
ഏതു ജന്മാന്തര വാഗ്ദാനത്തിന്റെ പിൻപറ്റി ആയിരുന്നു എന്റെ യാത്ര ?
അത്തരം വാഗ്ദാനങ്ങൾ നിറവേറ്റാതെ തിരിച്ചുപോരുക ആയിരുന്നോ?


അസ്വസ്ഥതയും ആശങ്കയും നിറഞ്ഞു കലുഷിതമായ അവസ്ഥയിലായിരുന്നു മനസ്സും ആകാശവും.

****************************************************************************

1 comment:

  1. A travelog which picturize the internal beauty, life style of people, geographical conditions, resorts etc of Republic of Maldives.... To write is a bless from the almighty... Those who don't see maldives yet will get a brief about the Maldives, a wonder in the world... While going through this travelog I feel I be there in the holiday in resort and felt the same mental agony which has been suffered by the author as ones I left Maldives once and for all and I believe, I'm alone always in my long journey in life as well....

    ReplyDelete

നീഹാരം

"അമ്മയുമായി വീടിന്റെ പുറകിലെ പറമ്പിൽ നിൽക്കുക ആയിരുന്നു. തൊട്ടാവാടിയും വേലിപ്പരുത്തിയും വളർന്നു കിടക്കുന്ന പച്ചപ്പ് അവിടെവിടെയായി ക...