കാത്തിരിപ്പ് ഏറെ മുഷിപ്പ് തന്നെ ആണ്.
അത്തരത്തിലുള്ള വല്ലാത്തൊരു മുഷിപ്പിനു ശേഷമാണു ഉച്ചയോടു കൂടി ദുബായിൽ എത്താൻ കഴിഞ്ഞത്.
രാവിലെ ആറു മണിക്ക് ചെക്കിംഗ് തുടങ്ങും.
ഒൻപത് പതിനഞ്ചിനാണ് ഫ്ലൈറ്റ്.
ഇന്നലെ തുടങ്ങിയതാണ് പോകുന്നതിനു മുൻപുള്ള ഉറക്കമില്ലായ്മ.
പലപ്രാവിശ്യം ഉണർന്നു എണീറ്റു.
അവസാനം നാലരക്ക് ഉറക്കമുണർന്നതിനു ശേഷം പിന്നെ ഉറങ്ങിയില്ല.
അന്നേരം മുതൽ സഹയാത്രികനായ റസ്സാമിനെ ഫോണിൽ വിളിക്കാൻ ശ്രമിക്കുന്നു, കിട്ടുന്നില്ല.
അദ്ദേഹം ഫോൺ എടുക്കുന്നില്ല.
അവസാനം അദ്ധേഹത്തിന്റെ അച്ഛനെ ബന്ധപെട്ടാണ് റസ്സാമിനെ ഉണർത്തിയത്.
'ഓഡ് ഈവൻ റസാം' എന്നാണ് ആളിനെ വിളിക്കാറ്.
ഒരു ദിവസം ഓഫീസിൽ വന്നാൽ അടുത്ത ദിവസം വരില്ല.
അതാണ് ആളിന്റെ ശീലം.
എയർപോർടിൽ കാത്തിരുന്നു വശംകെട്ട് എട്ടു മണി അടുക്കാറായപ്പോൾ റസാം എത്തി.
ടികറ്റ് പരിശോധന, എമിഗ്രേഷൻ, സെകുരിടി ചെകിംഗ് എന്നിവിടങ്ങളിലെല്ലാം നീണ്ട നിര.
അവസാനം ഫൈനൽ കാൾ ബോർഡിംഗ്ഉം കഴിഞ്ഞപ്പോൾ ഒരുവിധം കയറാൻ പറ്റി.
എമിറേട്സ് ഫ്ലൈറ്റിലെ ആദ്യ യാത്ര.
ആദ്യമായി ദുബായിലേക്ക് പോകുകയാണ്.
ഞങ്ങളുടെ പ്രധാന സപ്ലൈർ നടത്തുന്ന ആന്നുവൽ മീറ്റിങ്ങാണ് ചടങ്ങ്.
അതിൽ പങ്കെടുക്കുവാൻ ഇത്തവണ എനിക്കും റസ്സാമിന് ആണ് നിർദ്ദേശം ഉണ്ടായതു.
ഏക പരിചയം മാലെ -തിരുവന്തപുരം സെക്ടറിലെ എയർ ഇന്ത്യ ഫ്ലൈറ്റ് ആണ്.
അതിനെ ഈ വലിയ ഫ്ലൈറ്റുമായി താരതമ്യം ചെയ്യുന്നതിൽ ഒരു അർത്ഥവുമില്ല.
മുന്നിലെ ടിവി സ്ക്രീനിൽ പല പരിപാടികളും ഉണ്ട്.
അതിൽ സിനിമകളും, പ്രത്യേകിച്ചു അഞ്ചോളം മലയാളം സിനിമകളും.
കഴിഞ്ഞ ദിവസം യുടുബിൽ തമാശകൾ മാത്രം അന്നെഷിക്കുക ആയിരുന്നു.
അപ്പോളാണ് "ലൈഫ് ഓഫ് ജോസുട്ടി" എന്ന സിനിമയുടെ ചില ക്ലിപ്പിങ്ങുകൾ കണ്ടത്.
ആ സിനിമയും ഇതിലെ മലയാള സിനിമശേഖര ശ്രേണിയിൽ ഉണ്ടായിരുന്നു.
അങ്ങനെ അത് കാണാമെന്നു വിചാരിച്ചു.
പുതിയൊരു കഥ.
അമിതാഭിനയ ഏച്ചുകെട്ടുകളില്ലാത്ത ദിലീപ് സിനിമ.
പക്ഷെ ആ സിനിമ പറഞ്ഞുവന്ന വിഷയം എന്നെ തളർത്തികളഞ്ഞു.
I am totally
destroyed!
ആ സിനിമ തീർന്നപ്പോൾ ..., വല്ലാതെ വിഷമമായതുപോലെ…
ദേഹത്ത് ആരോ ശക്തമായ നോമ്പരപെടുത്തിയതുപോലെ.
ആ യാത്രമൂഡിനെ തന്നെ നശിപ്പിക്കുന്ന തരത്തിലേക്ക്, ആ സിനിമ എന്നെ കൊണ്ട് ചെന്ന് എത്തിച്ചു.
ദിലീപിന്റെ ഭാര്യയായി അഭിനയിച്ച നടിയുടെ മുഖം....
അത് ചിലതെല്ലാം ബാക്കിവെച്ചു പോകുന്നു.
എന്റെ അറിവിന്റെയോ ഭാഷയുടെയോ കുറവ് കൊണ്ട് മാത്രം മറ്റൊരാൾക്ക് പറഞ്ഞുകൊടുക്കവാൻ ആവാതെ ഒരു നൊമ്പരം ആ സിനിമ ബാക്കിവെക്കുന്നു.
അടിസ്ഥാനപരമായി ആ സിനിമ എന്താണ് പറഞ്ഞുവെച്ചത്?
അത് എങ്ങനെ ആണ് എന്റെ മനസ്സിനെ ഇത്രമാത്രം കശക്കിയതും സ്വാധീനിച്ചതും?
ചിന്തകൾ ഭൂതകാല കുളിർതേടി ഊളിയിട്ടു.
ഓർമ്മകൾ പലപ്പോഴും ചുണ്ടിൽ പുഞ്ചിരിയുമായി എത്തിയിരുന്ന ഓണക്കാല പക്ഷികളെ പോലെയായിരുന്നു.
അരിച്ചിറങ്ങുന്ന തണുപ്പ്.
ഫ്ലൈറ്റിൽ നിന്നും കിട്ടിയ ആ ചന്ദന നിറമുള്ള പുതപ്പ് കഴുത്ത് ചുറ്റി, ദേഹം മൂടിയിട്ടിരുന്നു.
ദുബായിൽ എത്താൻ ഇനിയും കുറച്ചു സമയമുണ്ട്.
*******
എന്തെങ്കിലും സൂചന തന്നിരുന്നോ അവൾ?
എപ്പോഴെങ്കിലും?
ഇല്ല. ഒരിക്കലുമില്ല.
അങ്ങനെ ഒന്ന് ഓർത്തെടുക്കാനെ കഴിയുന്നില്ല.
മൌനത്തെ സമ്മതമായി തെറ്റിദ്ധരിച്ചിരുന്നുവോ?
നിറഞ്ഞ പുഞ്ചിരിയെ സ്നേഹമായി കരുതിയോ?
പക്ഷെ എൻറെ ഇഷ്ടങ്ങളെ അവളൊരിക്കലും നിരാശപ്പെടുത്തിയിരുന്നില്ല.
ആർക്കും പെട്ടെന്ന് പിടികൊടുക്കാതെ പാറി പറന്നു നടക്കുന്ന ചിത്രശലഭം ആയിരുന്നു അവൾ.
തെക്ക് വശത്തെ കൊച്ചുമാവിൻറെ ചുവട്ടിൽ കാറ്റിൽ അടർന്നു വീഴുന്ന മാമ്പഴത്തിനായി മത്സരിക്കുമ്പോഴും,
ഓണത്തിന് കിഴക്കേ കൊന്നമര കൊമ്പിൽ കെട്ടുന്ന ഊഞ്ഞാലിന്റെ ഇരുവശത്തായി ഇരിക്കുമ്പോഴും കണ്ണുകൾ പരസ്പരം കൂട്ടിമുട്ടിയിരുന്നു.
ആ നോട്ടത്തിനു മുന്നിൽ പതറി മാമ്പഴം അവൾക്കു കൊടുക്കുമ്പോഴും എനിക്ക് സന്തോഷം തന്നെ ആയിരുന്നു.
ഗൌരിയുടെ അമ്മ നായരായിരുന്നു.
മാമൻ പണ്ട് തെക്കുദേശത്ത് ജോലിക്ക് പോയപ്പോൾ സ്നേഹിച്ചു വിളിച്ചിറക്കി കൊണ്ടുവന്നതാണ്.
അതുകൊണ്ട് തന്നെ ഞങ്ങളുടെ തറവാട്ടിൽ, മാമനോടും കുടുംബത്തോടും എല്ലാവരും അൽപം അകൽച്ചയിലായിരുന്നു.
ഞങ്ങൾക്ക് ആര്ക്കും ഇല്ലാത്ത നിറമായിരുന്നു അവൾക്കു, ആ നിറപകർച്ച അവളുടെ അമ്മയുടെ നിറത്തിന്റെ അത്രയും വരില്ലാ എങ്കിലും.
ഒരു പക്ഷെ കുടുംബത്തിലെ മറ്റുള്ളവർക്ക് അവളോടുള്ള ഈ ഇഷ്ടകേടിനു കാരണം ഈ നിറവ്യെതിസവും ആവാം.
എന്നാൽ അവളോടുള്ള മറ്റുള്ളവരുടെ വിമ്മിഷ്ടതിനും ഇഷ്ടക്കുറവിനും പ്രധാന കാരണം അവളുടെ സംസാരരീതിയും തന്നിഷ്ട സ്വഭാവും ആയിരുന്നു.
മറ്റുള്ളവരെ നിരന്തരം വെറുപ്പിക്കാൻ ശ്രമിക്കുക ആണോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല.
************
എഴുതിയ കത്തുകളിലെ മഷിഉണങ്ങിയ വരികളിൽ പറയാതെ പ്രണയം പറഞ്ഞുവെച്ചു.
ഒട്ടിച്ചുവെച്ച മഞ്ഞ ജമന്തിപൂക്കൾ ഇതൾ കൊഴിഞ്ഞു കത്തിനോട് ചേർന്നുകിടന്നു.
പലപ്പോഴായി അവളിൽ നിന്നും ഒളിച്ചെടുത്ത പൊട്ടിയ മഞ്ഞ കുപ്പിവളകൾ കൊണ്ട് അവളുടെ ചിത്രം വരച്ചു.
അവൾ എപ്പോഴെങ്കിലും എന്റെ മനസ് തിരിച്ചറിഞ്ഞോ എന്നറിയില്ല.
ഒരിക്കൽപോലും ആ കത്തുകളെ കുറിച്ച് എന്നോട് ചോതിച്ചിരുന്നുമില്ല.
അവളുടെ സാമിപ്യത്തിനായി പലപ്പോഴും കൊതിച്ചു.
കാത്തിരുന്ന നിമിഷങ്ങളിൽ ഒരു അഥിതിയായി അവളെത്തി.
അവൾ പറഞ്ഞുമുഴുവിപ്പിക്കാത്ത വാക്കുകൾ, ചെറിയ നോട്ടങ്ങൾ
അവ എന്നിൽ പല ചിന്തകളും ഉണർത്തി.
എന്റെ മോഹങ്ങൾ കാടുകയറി തുടങ്ങി.
കണ്ണുകളിൽ കടലിരമ്പത്തിന്റെ ആവേശം.
ഉയർന്നുചായുന്ന രോമകൂപങ്ങൾ.
ഹൃദയ ധമനികളിൽ സ്വരഗംഗ.
വീണ്ടും കാണണമെന്നും കണ്ടുകൊണ്ടെ ഇരിക്കണമെന്നുള്ള മോഹാവേശം.
അവൾക്കു നൽകിയ പുഞ്ചിരികൾ, അത് എൻറെ പ്രണയവായ്പ് ആയിരുന്നു.
എൻറെ കണ്ണുകൾ അവളോട് സംവദിച്ചു.
കണ്ടുപഴകിയ, കേട്ടുപഴകിയ ഒരു കാമുകനോന്നും ആയിരുന്നില്ല ഞാൻ.
പ്രണയവും സ്നേഹവും തുറന്നു പറയാൻ മടിച്ച കാമുകൻ.
അവളെന്നെ തിരിച്ചറിയുമെന്നു വിശ്വസിച്ചു.
മനസ്സിലാക്കുമെന്ന് കരുതി.
******
ഞാനാണ് ആദ്യം ബാംഗളൂരിലേക്ക് പോകുന്നത്.
ഡിഗ്രി കഴിഞ്ഞു ഉടനെ ഒരു ജോലിയായിരുന്നു ആവിശ്യം.
അങ്ങനെ ബാംഗളൂരിൽ ചെറിയൊരു ജോലിയിൽ കയറി.
ബാംഗളൂരിൽ നിന്നും ബത്തേരിയിലേക്ക് ഗുണ്ടൽപേട്ടിൽ നിന്നും കാടിറങ്ങി വരേണ്ടിയുള്ളൂവെങ്കിലും നാട്ടിലേക്കുള്ള യാത്രകൾ കുറഞ്ഞു.
ജോലിയുടെ പ്രേത്യെകതയും മെട്രോ ജീവിതവും പകലുകളും രാത്രികളും കൂടുതൽ തിരക്കുള്ളതാക്കി.
വർഷങ്ങൽ കൊഴിയുന്നു, വളരെ വേഗത്തിൽ.
മടുപ്പും തോന്നി തുടങ്ങിയിരിക്കുന്നു.
നാട്ടിൽ ആവിശ്യങ്ങളും താല്പര്യങ്ങളും കൂടിവരുന്നു.
ഒരു ജോലി മാറ്റമോ സ്ഥലം മാറ്റാമോ ഏതാണ് ഏറ്റവും ആവിശ്യം എന്നുള്ള തർക്കത്തിൽ പിന്നെയും നാളുകൾ കടന്നുപോകുന്നു.
*********
ഗൌരിയുടെ നാട്ടിലെ പഠനം പൂർത്തിയായിവരുന്നു.
തുടര്ന്നുള്ള പഠനം ബാംഗ്ലൂരിൽ നിന്നും ആവണമെന്ന് മാമന്റെയും മാമിയുടെയും താൽപര്യം.
"ഏതെങ്കിലും നല്ലൊരു നഴ്സിംഗ് സ്ഥാപനത്തിൽ ചേർക്കണം.
തൊഴിൽ സാധ്യതകളും കരീയർ വികസനവും ഏറെ ഉണ്ട് അവിടെന്ന് കേട്ടു.
മോൻ വേണം അവളുടെ അവിടുത്തെ കാര്യങ്ങൾ നോക്കാൻ."
മാമി എന്റെ കൈകൾ മുറുകെ പിടിച്ചു പറഞ്ഞു.
"അവളിൽ മോന്റെ ഒരു കണ്ണ് എപ്പോഴും വേണം."
*************************
അതിപ്രശസ്തമായ ആ സ്വകാര്യ ഹോസ്പിടലിനോട് ചേർന്ന കോളേജിലാണ് ഗൌരിക്കു നേഴ്സിഗ് അഡ്മിഷൻ തരപ്പെടുത്തിയത്.
അവൾ ഇങ്ങു ബാംഗ്ലൂരിൽ എത്തിയതോടെ ജീവിതം മറ്റൊരു ദിശയിലേക്കു മാറി.
ജീവിതത്തിനു അടുക്കും ചിട്ടയുമൊക്കെ ആയി.എൻറെ കണ്ണുകളിൽ പുതിയൊരു പ്രതീക്ഷയും പ്രകാശവും.
അവളതു തിരിച്ചറിഞ്ഞോ എന്തോ എന്ന് അറിയില്ല.
എൻറെ ചുണ്ടുകളിൽ എപ്പോഴും പുഞ്ചിരി വിടര്ന്നു നിന്നു.എൻറെ സന്തോഷത്തിനു അതിരില്ലായിരുന്നു.
അവളുടെ സാമിപ്യം എന്നെ കൂടുതൽ സ്വപ്നം കാണുവാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.
വൈകുന്നേരങ്ങളിൽ, അവധി ദിവസങ്ങളിൽ സമയം ചിലവഴിക്കുന്നത് അവളോടപ്പമായി.
പക്ഷെ അവളൊരിക്കലും അവളുടെ മനസ്സ് തുറന്നിരുന്നില്ല.
പറയാതെ പറഞ്ഞ്, അവൾ ബാക്കിവെച്ചത് എന്തായിരുന്നു?
പുഴ തീരത്തെ ചുമ്പിച്ചു തിരിഞ്ഞു നടക്കുന്നപോലെ…
ഹൃദയത്തോട് ചേരാതെ...
കൈ അകലത്തിലൂടെ....
കാറ്റുപോലെ പോയതെന്തോ....
"സന്യാസി ആണെന്ന് അറിഞ്ഞിട്ടും ഉപഗുപ്തനെ പ്രണയിച്ചവളാണ് വാസവദത്ത."
മറ്റാരോ പറഞ്ഞുവെച്ച ഒരു വാചകം സാന്ദർഭികമായി പറയുന്നുവെന്നുമാത്രം.
അവൾ, ഗൌരി, മറ്റൊരാളെ സ്നേഹിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല.
ഇടമുറിയാതെ ഉള്ള പ്രണയസ്വപ്നങ്ങളിലെ രാധേയാമായോരൂപമായിരുന്നു അവൾ.
കൃഷ്ണൻ നടയിലെ അന്നത്തെ ആ ദീപാരാധന സന്ധ്യ ഒരിക്കലും മറക്കാൻ കഴിയില്ല.
കസവ് ചേലചുറ്റി, കിരീടവും നീലപ്പീലിയും ആഭരണങ്ങളും ധരിച്ച പ്രേമസ്വരൂപനായ കൃഷ്ണവിഗ്രഹം.
എത്ര നേരം ആ വിഗ്രഹം നോക്കി നിന്നന്നോ?
തൊട്ടപ്പുറത്ത് സ്ത്രീകൾ നിൽക്കുന്ന വരിയിൽ എനിക്ക് ഏറെ പ്രിയപ്പെട്ട വേഷമായ മഞ്ഞപട്ടുപാവാടയും ഉടുപ്പും ധരിച്ചു, മുല്ലപൂമാല ചൂടി, മഞ്ഞ കുപ്പിവളകൾ അണിഞ്ഞു, ചന്ദനക്കുറിചാർത്തി. തുളസിക്കതിർ ചൂടി അവൾ!
ആ കൃഷ്ണ വിഗ്രഹത്തിനു മുന്നിൽ നിന്ന് ഞാനൊരു നൂറാവർത്തി പ്രാർത്ഥിച്ചുകാണണം, അവൾ എന്റേത് ആകണെ എന്ന്.
ഞാനും വിശ്വസിച്ചു, അവളും പ്രാർത്ഥിക്കുന്നത് അത് തന്നെ ആവുമെന്നു.
അവളുടെ ഇമവെട്ടിയുള്ള നോട്ടം, ചുണ്ടോടു ചേർത്തുവെച്ച കൂപ്പിയ കൈകൾ എന്നെ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിച്ചു.
എൻറെ മോഹങ്ങൾക്ക് മഞ്ഞ പൂഞ്ചോല നിറം പകർന്നു.
ആ കണ്ണൻറെ ചുണ്ടുകളിൽ വിടർന്ന മന്ദഹാസം എന്നെ മറ്റൊരു കള്ള കണ്ണനാക്കി.
ഗോപികമാരുടെ ചേല മോഷ്ടിച്ചവൻ, അവൻ ഇവൻ തന്നെ എന്ന് ഞാനും ഉറപ്പിച്ചു.
എന്റെ മനസ്സ് പ്രാർത്ഥിക്കുന്നത്, എന്റെ ചുണ്ടുകളുടെ ചലനം, അത് അവളെ സ്വന്തമാക്കാനാണ് എന്നുള്ളത് ആ കള്ള കാർവർണൻ അറിയുന്നുണ്ടെന്ന് തോന്നി.
ഇത്ര മനോഹരമായി ഒരുക്കിയ ഒരു കൃഷ്ണവിഗ്രഹത്തെ പിന്നെ ഒരിക്കലും ഞാൻ കണ്ടിട്ടില്ല.
*****
ഓലമേഞ്ഞ റ്റൂഷൻ കേന്ദ്രത്തിലെ ക്ലാസ്സിലെ രണ്ടാം നിരയിലായിരുന്നു ഞാൻ.
പകുതി ഓല കൊണ്ട് മറച്ചു തിരിച്ച അപ്പുറത്തെ ക്ലാസ്സിൽ ആയിരുന്നു അവൾ.
നോട്ട് എഴുതികൊണ്ടിരിക്കെ എന്റെ പേന വഴിമുടക്കി.
തൊട്ടടുത്തിരുന്ന അജയന്റെ പേന അവൻ എനിക്ക് തന്നു.
പെൻസിൽ കൊണ്ട് അവനും എഴുതി.
പെൻസിൽ കൊണ്ട് വരയുള്ള ബുക്കിൽ എഴുതുന്ന കണ്ട അജയനെ സാറ് എണീപ്പിച്ചു നിർത്തി ചോദ്യം ചെയ്യാൻ തുടങ്ങി.
വളരെ നിഷ്കളങ്കനായ അവൻ, അവന്റെ പേന എനിക്ക് തന്നതാണ് എന്ന് പറഞ്ഞു.
എന്നെ ഒരു ചൂഷണക്കാരനായി ചിത്രീകരിച്ചു.
എണീപ്പിച്ചു നിർത്തി ശകാരവും തുടങ്ങി.
ആ സാറിന്റെ മുന്നിൽ തലകുനിച്ചു ലജ്ജയോടെ നിന്നു
അവൾ ഇതെല്ലം അപ്പുറത്ത് ഇരുന്നു കാണുന്നുണ്ടായിരുന്നു.
ഇന്റർവെൽ ആയപ്പോൾ കൈയിൽ പ്ലാസ്ടിക്കിൽ പൊതിഞ്ഞ മുട്ടായിയും മറ്റോരു പേനയുമായി അവൾ പുറത്തു കാത്തു നിൽക്കുക ആയിരുന്നു.
"എന്തെ എന്നോട് ചോതിക്കാഞ്ഞത്.?
ഞാൻ തരില്ലായിരുന്നോ? "
കണ്ണീരു ചെറുതായി പൊടിഞ്ഞ എൻറെ മുഖത്തേക്ക് അവൾ വ്യസനത്തോടെ നോക്കി.
"എന്തിനാണ് മറ്റുള്ളവരുടെ മുന്നില് ഇങ്ങനെ ചെറുതാവണെ?"
അവളുടെ തൊണ്ടയിടറിയോ?
**********
ജീവിത ചിലവുകൾ ഏറുന്നു.
പുതിയൊരു ജോലിയിലേക്ക് എത്രയും പെട്ടന്ന് മാറണം.
ആയിടക്കാണ് ഒരു ജോലി വിദേശത്ത് തരപ്പെടുന്നത്.
അങ്ങനെയാണ് പരിചയമില്ലാത്ത മാലിദ്വീപിലേക്ക് പോകുന്നത്.
വലിയ വികസന കുതിപ്പുകൾ ഒന്നും എത്താത്ത ചെറിയ ദ്വീപ് രാജ്യമാണ് മാലിദ്വീപ്.
പരിചയമില്ലായ്മ എന്നത്, പണ്ട് ഒൻപതാം ക്ലാസ്സിലെ സാമുഹ്യ ശാസ്ത്രം പുസ്തകത്തിൽ സാർക്ക് രാജ്യങ്ങളെ കുറിച്ച് പഠിപ്പിച്ചപ്പോൾ സാറ് സൂചിപ്പിച്ച ഒരു രാജ്യം.
അത്രമാത്രം ആയിരുന്നു മാലിയെക്കുറിച്ചുള്ള അറിവ്.
അവിടെ ഒരു കമ്പനിയിൽ ചേർന്നു.
സന്തോഷഭരിതമായിതന്നെ ജിവിതം മുന്നോട്ട് പോകുന്നു.
ആയിടക്കാണ് മാലിയിൽ ഏറ്റവും പ്രസിദ്ധമായ ഹോസ്പിറ്റലിൽ ജോലി ഒഴിവ് ഉണ്ടെന്നു അറിയുന്നതും ഗൌരിയെ അറിയിപ്പിക്കുന്നതും.
വീട്ടിൽ അറിയിച്ചപ്പോൾ മാമനും മാമിക്കും സന്തോഷവും ആയി.
പിന്നെ എത്രയും പെട്ടന്ന് ഇങ്ങോട്ട് വരുവാനുള്ള ഒരുക്കങ്ങൾ ആയിരുന്നു.
മാമി വീണ്ടും ഓർമിപ്പിച്ചുകൊണ്ടിരുന്നു.
'മോളെ നോക്കികോണെ,ശ്രദ്ധിച്ചോണെ"
തെളിഞ്ഞ നീലക്കടലും നീല ആകാശവും തമ്മിൽ പ്രണയിക്കുന്ന സ്വർഗിയ ഭൂമിയാണ് മാലിദ്വീപ്.
ലോകത്തെ ഏറ്റവും ചിലവേറിയ ഹണിമൂൺ സുഖവാസ കേന്ദ്രം.
ഞാൻ ഗൌരിയെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ വേണ്ടി കാത്തുവെച്ചതുപോലെയുള്ള സ്ഥലം.
അവളോടുള്ള എന്റെ പ്രണയം, എത്തിപ്പിടിക്കാൻ പറ്റുമോ എന്ന് ശങ്കയുള്ള തെളിഞ്ഞ ആകാശം പോലെയായിരുന്നു.
വലിയ ബുദ്ധിമുട്ടുകളോ താമസമോ ഇല്ലാതെ ഗൌരി മാലിയിൽ എത്തി, പുതിയ ജോലിയിൽ ചേർന്നു.
ജോലിയുമായും പുതിയ സാഹചര്യങ്ങളുമായി അവൾ വളരെ പെട്ടന്ന് തന്നെ പൊരുത്തപ്പെട്ടു.
ഒരു അവധി ദിവസം ഞാൻ അവളെ ഡിന്നറിനു ക്ഷണിച്ചു.
ശാന്തമായ തിര വന്നു തീരത്തെ പുൽകുന്നു.
ചാഞ്ഞു വീണ വെയിൽ അസ്തമയ സൂര്യനോടപ്പം മറയുന്നു.
തെങ്ങോല മേഞ്ഞ റെസ്റോറന്റിലെ രണ്ടാം നിലയിലേക്ക് അവളെ കൂട്ടികൊണ്ട് പോയി.
കുഞ്ഞു റാന്തലിന്റെ മങ്ങിയ വെളിച്ചത്തിൽ ഞങ്ങൾ ഇരുന്നു.
അൽപനേരം അവളോടപ്പം ഇരിക്കണം.
മെല്ലെ, അവളുടെ കൈവിരലുകളില് തലോടണം.....
മുല്ല മൊട്ടു തിരുകിയ അഴിച്ചിട്ട മുടി വീണുകിടക്കുന്ന മടിയില് അല്പ നേരം തല ചായ്ക്കണം...
പിന്നെ പതുക്കെ നടക്കണം...
കിന്നാരം പറയണം...
നടന്ന വഴികളിലൂടെ അവളെ ചേര്ത്ത് പിടിച്ചു നടക്കണം...
മെല്ലെ, അവളുടെ കൈവിരലുകളില് തലോടണം.....
മുല്ല മൊട്ടു തിരുകിയ അഴിച്ചിട്ട മുടി വീണുകിടക്കുന്ന മടിയില് അല്പ നേരം തല ചായ്ക്കണം...
പിന്നെ പതുക്കെ നടക്കണം...
കിന്നാരം പറയണം...
നടന്ന വഴികളിലൂടെ അവളെ ചേര്ത്ത് പിടിച്ചു നടക്കണം...
കാണുന്ന കാഴ്ചകളിൽ നിറമുള്ള ദർശനം തേടണം....
പറഞ്ഞു തീരാത്ത കഥകള് പലവുരു ആവർത്തിക്കണം ...
പിന്നെ...അവളുടെ കവിളത്തെ ചെത്തിപ്പൂ പറിച്ചു എടുക്കണം…
നനുത്ത രോമമുള്ള മേല്ച്ചുണ്ടിനു താഴെ പതുക്കെ ചുണ്ടുകൾ പരതി നടക്കണം...
കമ്മലണിഞ്ഞ വലതുകാതിനു കീഴെ നനവോടെ കിന്നാരം പറയണം...
പിന്നെ...അവളുടെ കവിളത്തെ ചെത്തിപ്പൂ പറിച്ചു എടുക്കണം…
നനുത്ത രോമമുള്ള മേല്ച്ചുണ്ടിനു താഴെ പതുക്കെ ചുണ്ടുകൾ പരതി നടക്കണം...
കമ്മലണിഞ്ഞ വലതുകാതിനു കീഴെ നനവോടെ കിന്നാരം പറയണം...
"ജീവിതത്തെക്കുറിച്ച്, പുതിയ പകലുകളെക്കുറിച്ച്, നിറമുള്ള നിനവുകളെ കുറിച്ച് സ്വപ്നം കണ്ടു തുടങ്ങിയത് എന്നാണ് എന്നറിയില്ല."
ഞാൻ പറഞ്ഞു തുടങ്ങി.
"നാട് ഉപേക്ഷിച്ചു ഒരു വാസമൊ ജോലിയോ ആഗ്രഹിച്ചതല്ല.
നാട്ടിൽ തന്നെ കൂടണം, ഒരു സർക്കാർ ഗുമസ്തൻ ആവണം എന്നൊക്കെ ആയിരുന്നു ജീവിത സ്വപ്നങ്ങൾ.
അപ്രതീക്ഷിതമായ ഒരു കേന്ദ്രത്തിൽ നിന്നും കിട്ടിയ വാഗ്ദാനമായിരുന്നു മാലിയിലെക്കുള്ള വിസ.
ഇവിടെ ഈ കടലിന്റെ നടുവിൽ നിർജീവമായ സായന്തനങ്ങൾ.
മെഴുകുതിരി പോലെ സ്വയം ഉരുകി, ഹോമിക്കുന്നു എന്ന് വിശ്വസിക്കുന്ന പകലുകൾ
മറ്റാർക്കോ വേണ്ടി ജീവിക്കുന്നു എന്ന് തോന്നുതുപോലെ...
ഞാൻ ഒറ്റപെടുന്നു എന്നൊരു തോന്നൽ."
"സത്യം പറഞ്ഞാൽ ഞാനും ഇതുപോലെ ഒരു അന്തരീക്ഷം പ്രതീക്ഷിച്ചിരിക്കുക ആയിരുന്നു.
സാഗരം സാക്ഷിയായി ചിലത് തുറന്നു പറയണം എന്നുണ്ടായിരുന്നു.
അതും മനുവേട്ടനോട്.
അത് പങ്കുവെക്കാൻ മനുവേട്ടനല്ലാതെ വേറെ ആരെങ്കിലും അനുയോജ്യരാണ്
എന്നും തോന്നിയില്ല."
അങ്ങകലെ കാണുന്നതു മറ്റൊരു ദ്വീപാണ്, അത് ഒരു റിസോർട്ടും കൂടിയാണ്.
അവൾ അങ്ങോട്ട് നോക്കിയിരിക്കുകയായിരുന്നു.
ശേഷം തിരിഞ്ഞു, അവൾ മേശമേൽ നീട്ടി വളർത്തിയ നഖം കൊണ്ട് ചിത്രം വരച്ചു പറഞ്ഞു തുടങ്ങി.
"ഹിം പറയ് ...കേൾക്കട്ടെ ..." ഞാൻ തലയാട്ടികൊണ്ട് പറഞ്ഞു.
"ഒരു വീർപ്പുമുട്ടൽ.
'വയറ്റിനുള്ളിൽ ചിത്രശലഭങ്ങൾ' എന്നല്ലെ അതിന്റെ ആംഗലേയം.
നിശബ്ധവും സുന്ദരവും ആയ ഈ സാഗരവും ഈ തരിവെളിച്ചവും സാക്ഷി."
ഞാനൊന്നു പറയാം."
അവൾ ഒന്ന് നിർത്തിയതിനു ശേഷം പറഞ്ഞു.
"ആട്ടെ മനുവേട്ടൻ എന്താണ് പറയുനുണ്ട് എന്ന് പറഞ്ഞത്, കേൾക്കട്ടെ."
വളരെ യാദൃശ്ചികമായിരുന്നു ഇങ്ങോട്ടുള്ള യാത്ര.
വന്നകാലം മുതലേ സൂക്ഷിക്കുന്ന പ്രസരിപ്പും ഊർജ്ജവും നഷ്ടപെടുമോ എന്നുള്ള സന്ദേഹം ഈ അടുത്തകാലത്തായി ഉണ്ടായി തുടങ്ങിയിരിക്കുന്നു.
ഞാൻ എന്നിലേക്ക് തന്നെ നോക്കുമ്പോൾ എനിക്ക് അതികം സൌഹ്രദങ്ങൾ ഒന്നുമില്ല.
ഉള്ള സൌഹ്രദങ്ങൾ സൂക്ഷിച്ചു കൊണ്ടുപോകുന്നതിലും അമ്പേ പരാജയമാണ്.
''ഒരു വെക്തി എന്ന നിലയിൽ, യുവാവ് എന്ന നിലയിൽ, മകൻ എന്ന നിലയിൽ, അക്കൌണ്ടന്റ് എന്ന നിലയിൽ എനിക്ക് എന്റെ പരിമിധികൾ ഉണ്ട്, കുറ്റങ്ങൾ ഉണ്ട്, കുറവുകൾ ഉണ്ട്. പരാജയങ്ങൽ ഉണ്ട്.
എന്നാൽ സ്വകാര്യ ജീവിതത്തിൽ അരാചകവാധിയോന്നുമല്ല ഞാൻ.
എന്റെതായ വാശികളോടും നിഷ്ടകളോടും ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാ മനുഷ്യൻ ആണ്.
സാമുഹിക ജീവിതത്തിൽ വെക്ത്മായ രാഷ്ട്രിയവും, പ്രശ്നങ്ങളിൽ സ്വന്തം നിലപാടുകളും പുലർത്തുന്നു. എങ്കിലും ആരോടും അത്രയ്ക്ക് വെറുപ്പോ വിധ്വോഷമോ വച്ച് പുലർത്താറില്ല.
പ്രണയം മനസ്സ് നിറയെ താലോലിക്കുകയും ദിവാസ്വപ്നങ്ങളിൽ അഭിരമിക്കുകയും ചെയ്യുക എന്നത് ഒരു വിനോദമാണ്.
ചിലപ്പോൾ ചിന്തിക്കാറുണ്ട് ഞാനൊരു നാസ്സിസിസ്റ്റ് ആണോ എന്ന്.
അതെ, എന്നെ മാത്രം സ്നേഹിക്കുകയും എന്റെ ശരീരത്തെ മാത്രം ഇഷ്ടപെടുകയും, ഞാൻ മാത്രം എന്നും എന്ന് ചിന്തിക്കുകയും ചെയ്യുന്ന ഒരു പൊങ്ങച്ചക്കാരൻ.
വല്ലാത്തൊരു മാനസിക പാകതയില്ലായ്മ പ്രകടമാകുന്നതല്ലേ അത്തരം ചിന്തകൾ എന്ന് തിരിച്ചറിയാറുണ്ട്"
എപ്പോഴും ഇഷ്ടമുള്ള വിഷയമാണ് പ്രണയം.
എന്റെ പ്രണയം, മഷിപുരണ്ട ഭാവനകൾ പേർത്തുവെച്ച പഴകിയ പുസ്തകങ്ങളിലെ വെറും സങ്കേതങ്ങൾ അല്ല.
ആകാര സൌകുമാര്യങ്ങൾക്കപുറത്തു, ശാരിരിക തലോടലുകൾ ഇല്ലാത്ത സ്നേഹം എന്നൊക്കെ പറയുന്നിടത്തെക്ക്, ക്ഷമിക്കണം, ഞാനില്ല.
എന്റെ പ്രണയ സൌന്ദര്യ സങ്കൽപങ്ങളിൽ ശരീരവും മനസ്സും പ്രവർത്തിയും തലോടലും ചിന്തകളും സംഗീതവും വായനയും എഴുത്തും സമജ്ജസമായി സമ്മേളിക്കുന്ന വർണ്ണ വൈവിധ്യങ്ങൾ ഉള്ള ഒരു കൊളാഷ് പോലെ, ന്രിത്യവും സംഗീതവും ഇഴുകി ചേരുന്ന രാഗ താള ലയങ്ങളുടെ ജുഗൽബന്ദി ആണ്.
അവിടെ ഒരു പക്ഷെ നഷ്ടപ്പെട്ട്പോയ പ്രണയത്തിന്റെ ശേഷിപ്പുകൾ നിഴലിക്കുന്നുണ്ടോ എന്ന് സംശയിച്ചാൽ,വിമർശിച്ചാൽ, ഉത്തരം പറയാൻ ഞാൻ അപ്രാപ്തനാണ്.
എനിക്ക് തോന്നുന്നത്, വിശ്വസിക്കുന്നത്,
പല ഓർമ്മകൾ ഇത്തരം പ്രണയ ചിന്തകളുടെ രൂപികരണത്തിന്,
രൂപപെടുത്തലുകൾക്ക് കാരണഭൂതമായിട്ടുണ്ട് എന്നാണ്."
എന്റെ മുഖത്തും കൈകളിലും വിയർപ്പ് തുള്ളികൾ പടർന്നു.
അവളുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് ശങ്കയാണോ അതോ നാണമോ?
സംഭരിച്ച ധൈര്യം അവളുടെ മുന്നിൽ അവശതയോടെ നിന്നു
നനുത്ത രോമരാജികൾ പടർന്ന അവളുടെ കൈകളിലേക്ക് ഞാൻ എന്റെ കരമമർത്തി.
"ഞാനൊരു കേട്ടുപഴകിയ കാമുകൻ ഒന്നുമല്ല, പക്ഷെ, എന്റെ ജീവിതത്തിലേക്ക് ഗൌരിയെ ക്ഷണിച്ചാൽ, വരാതിരിക്കില്ല, എന്ന് മനസ്സ് പറയുന്നു.
നമുക്ക് ഒരുമിച്ചുകൂടെ?"
മുഖവുരകൾ ഇല്ലാതെ ഞാൻ പറഞ്ഞു നിർത്തി.
അവൾ മറുപടി ഒന്നും പറഞ്ഞില്ല.
ചുണ്ടുകളിൽ ഒരു ചിരി പടർത്താൻ ശ്രമിക്കുന്നുവോ? അതോ എന്റെ തോന്നലോ?
കണ്ടു പരിചയമില്ലാത്ത ആ പുഞ്ചിരിയിൽ ഞാൻ ശങ്കിച്ച് നിന്നു
അവിടെ നിന്നും ഇറങ്ങി.
അവളെ അവളുടെ റൂമിലാക്കി.
ഇറങ്ങുന്നതിനു മുൻപ്, ഞാൻ അവളുടെ സമീപത്തേക്ക് നടന്നു.
അവളുടെ കൈകളെ ബലമായി പിടിച്ചു.
മുടി പടർന്നു കിടന്ന നെറ്റിയിലേക്ക് ചുമ്പനം കൊടുക്കുവാനുള്ള എന്റെ ശ്രമം, അവളുടെ കൈകൾ എന്റെ നെഞ്ചിലേക്ക് ബലമായി തള്ളി പ്രധിരോധിച്ചു. .
'മനുവേട്ടൻ ഇനി എന്നെ കാണരുത്. ഇവിടെ ഇനി വരരുത്."
കാലുകളിൽ തളർച്ചയും തരിപ്പും.
ഞാൻ കേട്ടത്...
അതെ ...ഗൌരിയാണോ പറഞ്ഞത്.
എന്നോടാണോ പറഞ്ഞത്.
'എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്.എനിക്ക് ഒരു കുടുംബ ജീവിതം ഉണ്ടെങ്കിൽ അത് അലക്ക്സിനോടപ്പം മാത്രം ആയിരിക്കും.
അവനെ എനിക്ക് അത്രക്ക് ഇഷ്ടമായി പോയി.
ഞങ്ങൾ ഒരുമിച്ച് ബംഗാളൂരിർ നഴ്സിംഗ് കോളേജിൽ ഉണ്ടായിരുന്നു.
അന്നുമുതൽ തീരുമാനിച്ചു ഉറപ്പിച്ചതാണ്.
മനുവേട്ടൻ എന്നോട് ക്ഷമിക്കണം.
മനുവേട്ടനു ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്നു എനിക്കറിയില്ലായിരുന്നു.
അവൾ കരഞ്ഞു തുടങ്ങി.
"എനിക്ക് അലക്ക്സിനൊടുള്ള ഇഷ്ടം ഞാൻ മനുവേട്ടനോട് പറയാൻ തുടങ്ങുക ആയിരുന്നു.
അപ്പോഴാണ് മനുവേട്ടൻ...
എനിക്ക് മനുവേട്ടന്റെ സഹായം വേണമെന്ന് പറയാൻ ഒരുങ്ങുക ആയിരുന്നു.
മനുവേട്ടൻ വേണമായിരുന്നു ഇത് വീട്ടിൽ അവതരിപ്പിക്കാൻ."
അവൾ കരയുകയാണോ...
കണ്ണുകൾ കലങ്ങിയിരിക്കുന്നു...
കിതക്കുകയാണോ…
വാക്കുകൾ തൊണ്ടയിൽ കുരുങ്ങുന്നു...
ശരീരം വിയർത്ത് ...വിയർപ്പ് തുള്ളികൾ ഉടുപ്പിലേക്ക് പടരുന്നു...
അഴിഞ്ഞു വീണ മുടി ഫാനിന്റെ കീഴിൽ പറക്കുന്നു....
എന്ത് ചെയ്യണമെന്നു അറിയാതെ ഞാൻ പതറി.
കാലുകളിലെ തരിപ്പ് ദേഹമാസകലം പടരുന്നു.
ഭിത്തിയിൽ കൈകൾ ചാരി...പതുക്കെ ഇറങ്ങി നടന്നു.
കാതുകളിൽ അവളുടെ കരച്ചിൽ പ്രതിധ്വനിക്കുന്നു.
"എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്."
ആ ഇഷ്ടം ഞാനല്ല എന്ന സത്യം, അത് എന്നെ കീറിമുറിക്കുന്ന വേദനയോടെ കാർന്നുതിന്നുന്നു.
നട്ടുവളർത്തിയ മഞ്ഞജമന്തി.
മറ്റൊരാളാൽ മോഷ്ടിക്കപെട്ടിരിക്കുന്നു.
ഉൾകൊള്ളാനാവാത്ത സത്യം.അവൾ, ഞാൻ ഏറെ കൊതിച്ചവൾ, അവൾ എന്റെതു ആവില്ല എന്ന യാഥാർത്ഥ്യം പിന്നെയും പിന്നെയും മനസിനെ
നൊമ്പരപെടുത്തുന്നു.
***********
മാസങ്ങൾക്ക് ശേഷം, സേവ് ചെയ്യാത്ത നമ്പറിൽ നിന്നും ഒരു മെസ്സേജ് വന്നു.
അത് തുറന്നു നോക്കിയപ്പോൾ...
"ഞാൻ ഗൌരിയാണ്. ഞാനും അലെക്സും പോകുകയാണ്,
പുതിയൊരു ജോലി ശരിയായിട്ടുണ്ട്.
സിഡ്നിയിൽ ആണ്."
*******
മഷിതൊടാതെ എഴുതിയ കവിതയായിരുന്നു എന്റെ ബാല്യം.
പറയാതെ പറഞ്ഞ വാക്കുകാളാണെന്റെ കൌമാരം.
അടർന്നു വീഴുമോ എന്ന് ശങ്കിച്ച പഴുത്ത ഞാവൽ പഴമാണെന്റെ യവ്വനം.
വിടരുവാൻ കൊതിച്ച മഞ്ഞ ജമന്തിപൂക്കളിൽ ഞാൻ എന്റെ ബാല്യവും കൌമാരവും ഒതുക്കിപിടിച്ചു.
പകൽ സ്വപ്നങ്ങളിൽ കണ്ട കുസൃതികളിൽ ആമ്പൽ പൂവിന്റെ സൌകുമാര്യത്തോടെ വർണ്ണശബളമായ അവളുടെ ദീപ്തമുഖം തെളിഞ്ഞു നിന്നു.
ഗതകാല സ്വപ്നങ്ങൾക്ക് കടലിരമ്പങ്ങളുടെ വന്യത.
അവളെന്റെ സ്വപ്നം ആയിരുന്നു.
കളികൂട്ടുകാരിയായിരുന്നു.
സ്വപ്നങ്ങളിലെ സുന്ദര നിമിഷങ്ങൾക്ക് മിഴിവേകിയിരുന്ന സഖിയും.
ഇല്ലായ്മ ഒരു ശീലമാകുന്നു, നീ എന്നോടപ്പം ഇല്ലാ എന്നുള്ള ഇല്ലായ്മ തന്നെ.
ആദ്യം അതൊരു വിരസതയായിരുന്നു,
പിന്നെ കനം പിടിച്ച മനസ്സിന്റെ മരവിപ്പും.
ഇപ്പോൾ അതൊരു ശീലമായിരിക്കുന്നു.
പ്രണയം പോലെ തന്നെ സ്നേഹവും ഒരു അന്ധവിശ്വാസം ആണ്.
നമ്മളെ ആരൊക്കയൊ എവിടെയൊക്കയോ ഇരുന്നു പ്രേമിക്കുന്നുണ്ട്, സ്നേഹിക്കുന്നുണ്ട് എന്നുള്ള അന്ധവിശ്വാസം.
നഷ്ടപ്രണയം, അതൊരു വർത്തമാനകാല യഥാര്ത്യമാണ്.
അത് പുഞ്ചിരി തൂകി തിരിച്ചുവരും എന്നുള്ളത് ഒരു മിഥ്യാ ധാരണ ആണ്.
അത്തരം ധാരണകൾ ചരിത്രവുമായി എപ്പോഴും യോജിച്ചു പോകണമെന്നും ഇല്ല.
മരവും പെയ്തൊഴിയുന്നു.
കമ്പളം മാറ്റി, സീറ്റ് ബെൽറ്റ് മുറിക്കിയിട്ടു.
പരിശോധനക്കായി കീരിടം ചൂടി നടക്കുന്ന എമിറേറ്റ്സ് എയർ ഹോസ്റെസ്സ്മാർ എല്ലാരുടെയും അടുത്ത് വന്നു നോക്കുന്നു.