ബസ്സിറങ്ങി പിറകിലേക്ക് നടന്നു.
മോതിരങ്ങളും വളകളും നിരത്തിവെച്ചിരിക്കുന്ന വഴിവാണിഭക്കാരുടെ തിരക്കിലൂടെ തിരിഞ്ഞു, ഏറ്റവും വലിയൊരു തോർത്തുമുണ്ടും വാങ്ങിയാണ് തിരുവല്ലം ക്ഷേത്രത്തിനുള്ളിലേക്ക് കടന്നത്.
പിതൃമോക്ഷ ദായകനായ ഭഗവാൻ പരശുരാമന്റെ ദക്ഷിണകേരളത്തിലെ സന്നിധി.
രസീത് എഴുതുമ്പോൾ, ജന്മനക്ഷത്രമല്ലാ, മരണപെട്ടനാളോ തിഥിയോ ആണെത്രേ കുറിക്കേണ്ടത്. പേരൊഴിച്ചു മറ്റൊന്നും നിശ്ചയമില്ലായിരുന്നുവല്ലോ.
'അപ്പോൾ പിന്നെ ഭഗവാന്റെ നാളു തന്നെ ആയിക്കോട്ടെ' എന്നായി കഴകക്കാരന്റെ തലയാട്ടിയുള്ള നിർദ്ദേശം.
"ആയിക്കോട്ടെ വിരോധമില്ല."
രണ്ടു അപ്പുപ്പന്മാർക്കും രണ്ടു അമ്മുമ്മാർക്കും പിന്നെ അനുജന്റെയും പേരിൽ തിരുവോണ നക്ഷത്രത്തിൽ തിലോഹോമത്തിനും ബലിക്കും രസീതെഴുതി.
നാലമ്പല കെട്ടിനുള്ളിലെ ബലിപ്പുരയിലേക്കു നടന്നു.
മണിനാദങ്ങളും മന്ത്രജപങ്ങളും മുഴങ്ങുന്നുവെങ്കിലും അന്തരീക്ഷം ദുഃഖസാന്ദ്രമാണെന്ന് തോന്നി. കൽത്തൂണുകൾ പോലും കരയുന്നതായും.
പുറത്തെ കോൺക്രീറ്റ് അർദ്ധ പീഠങ്ങൾക്കുമേൽ ബലിച്ചോറിന്റെ കൂമ്പാരം. അതിന്റെ വലിപ്പം കണ്ടാൽ, ത്രേതായുഗത്തോളം പഴക്കമുണ്ടെന്ന് തോന്നും, ശീലങ്ങൾക്കും നടപ്പിനും.
കരയുന്ന കാക്കകൾക്കു പകരം കുറുകുന്ന പ്രാവുകൾ ചുറ്റുംകൂടി, ചോറുണ്ണുന്നു.
ജീവിച്ചിരുന്നു എന്നതിന്റെ നീക്കിയിരിപ്പും വിട്ടൊഴിയിലിന്റെ വഴിപ്പൊതിയും.
ജനലഴികളിലൂടെ അകത്തേക്ക് വരുന്ന മധ്യാഹ്ന വെയിൽ, ആനക്കൊട്ടിലിൽ നിഴൽ വിരിച്ചു. ആ നിഴലിനുള്ളിൽ മങ്ങിയ ദുഃഖസ്‌മൃതിപ്പാടുകൾ.
കാവി വേഷം ധരിച്ച വയോവൃദ്ധർ ഇരുവശത്തും ചമ്രംപൂട്ടിയിരുന്നു ഭാഗവതം വായിക്കുന്നു. ചിലർ പ്രവചനവും നടത്തുന്നുണ്ട്. മറ്റു ചിലർ ധ്യാന നിമഗ്നരാണ്.
കർമ്മം ചെയ്യാനായി തയ്യാറെടുത്തു നിരന്നിരിക്കുന്നവരുടെ അരികിലായി വെള്ളം നിറച്ച കിണ്ടിയുമായി ഞാനുമിരുന്നു.
മുന്നിൽ വെച്ചിരിക്കുന്ന രണ്ടു ചെറിയ തൂശനിലകളിൽ പടച്ചോറും എള്ളും ദർഭയും പൂവും ഉണ്ടായിരുന്നു. വിരലിൽ കറുക മോതിരവും അണിഞ്ഞു ആചാര്യന്റെ നിർദേശങ്ങൾക്കായി കാതോർത്തു.
മരണപ്പെട്ട ആളിന്റെ പേരും മരണപ്പെട്ട ദിവസത്തെ നക്ഷത്രമോ അല്ലെങ്കിൽ തിഥിയോ സ്മരിച്ചു, വെള്ളം തളിച്ച് ശുചിയാക്കിയ മുന്നിലെ തർപ്പണ തറയിലേക്ക് ആവാഹിക്കാൻ നിർദേശിച്ചു.
ശീട്ടാക്കിയ അഞ്ചുപേരോടപ്പം കുടുംബത്തിലെ കണ്ടിട്ടില്ലാത്ത, പേരറിയാത്ത പിതാമഹന്മാർക്കും മുതുമുത്തശ്ശിമാർക്കും ക്ഷണം.
രസീത് എഴുതി വിളിക്കാത്തതുകൊണ്ടു മറ്റുള്ളവർ വരുമോ എന്നും ശങ്കിച്ചു.
എന്റെ സംശയം ആചാര്യനും മനസ്സിലായോ, അദ്ദേഹം ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു കുലത്തിലെ മരണപെട്ടുപോയ എല്ലാ പിതൃക്കൾക്കും ക്ഷണം.
മോക്ഷപ്രീതിക്കായി മുന്നിലെത്തിയ പുണ്യാത്മാക്കളുടെ ഇടയിലൊരു കുഞ്ഞിക്കാൽ!
മൃദുലവും കോമളവും ഓമനത്തവും തുളുമ്പുന്ന രക്തവർണം!
മുഖം പോലും കാണാൻ കഴിയാഞ്ഞ, പേരിടാത്തൊരു മൂലം നക്ഷത്രക്കാരൻ. കണ്ണുകളിലെ നനവ്, തൊണ്ടയിലെ ഇടർച്ച,കൈവിറയലോടെ ഉദകക്രിയക്കായി മുന്നിൽ ഉരുട്ടിവെച്ച ബലിച്ചോറിലേക്ക് അലിഞ്ഞുചേർന്നിരുന്നു.
അവനും വന്നിട്ടുണ്ടാകുമോ ? എന്റെ ഉണ്ണി!
അന്നംകൊടുക്കാൻ കൊതിച്ച കൈകൾകൊണ്ട്, ഉദകക്രിയ ചെയ്യേണ്ടിവന്ന നിർഭാഗ്യവാൻ.
ബലിച്ചോറിനു മുമ്പിൽ പൂവും വെള്ളവും തളിച്ച് പ്രാർത്ഥിച്ചു.
എള്ളും പൂവും വിതറിയ നനഞ്ഞ തറയിൽ തോർത്തുമുണ്ടിൽനിന്നും ഊരിയെടുത്ത ഒറ്റനൂൽ ചോറിന്റെ മേൽ മൂടി.
ഇടനാഴിയിലെ മച്ചിന്മേൽ കൂട്ടം കൂടിയിരിക്കുന്ന പ്രാവുകൾ കുറുകുന്നത് താരാട്ടുപാട്ടല്ലന്ന സത്യം തിരിച്ചറിയാൻ ആചാര്യന്റെ മന്ത്രങ്ങളുടെ തുടർച്ച ആവേണ്ടിയിരുന്നു.
തർപ്പണത്തിനു ശേഷം പൈപ്പുവെള്ളത്തിനു ചുവട്ടിൽ കുളിപോലെയൊന്നു വരുത്തിത്തീർത്തു.
ആചാര്യ വന്ദനത്തിനു ശേഷം പ്രാർത്ഥനാ നിരതരായ ഭക്തന്മാരെ കൊത്തിവെച്ച കല്ല് പാകിയ നടപ്പാതയിലൂടെ,അവരെ ആരെയും പാദ മർദ്ദനം ചെയ്യാതെ പതുക്കെ നടന്നു.
കൂട്ടം കൂടിയിരിക്കുന്ന ദൈവങ്ങളുടെ ഒരു കുടുംബം ആണ് തിരുവല്ലം ക്ഷേത്രം.
ഭഗവാൻ പരശുരാമന്റെ മുന്നിൽ കണ്ണീരും കരച്ചിലും മാത്രമേ ഉള്ളു.
ഓരോ ഉപദേവാലയങ്ങളുടെ മുന്നിൽ കൈകൂപ്പി നിൽക്കുമ്പോഴും, ഉള്ളിൽ പ്രാർത്ഥന ഉണ്ടായിരുന്നുവോ, പ്രാർത്ഥനക്കു വിഷയമില്ലാതെ നിർന്നിമേഷനായി കണ്ണുകൾ കൂമ്പി, ചുണ്ടുകൾ നിശ്ചലമായി നിന്നു.
ചുറ്റിലും നിൽക്കുന്നവരുടെ മുഖങ്ങൾ പരതി.
കണ്ണീരു വറ്റാത്ത പ്രസരിപ്പു നഷ്ടപെട്ട ദേഹങ്ങൾ!
ലോകത്തെ മുഴുവൻ സംസാര ദുഖങ്ങളും ആ മുറ്റത്തു പെരുകി നിൽക്കുന്നതായി തോന്നി.
അമ്പലത്തിനു പ്രദക്ഷിണവും വെച്ചു, വാക്കുകൾ നഷ്ടപെട്ട്, പ്രാർത്ഥനകളില്ലാതെ പരശുരാമ സന്നിധിയിൽ നിന്നും പുറത്തേക്കു ഇറങ്ങി.
എന്നോടപ്പം ഉണ്ടായിരുന്ന എന്തോ ഒന്ന് നഷ്ടപെട്ടതുപോലെ.
****************************
ശരീരം മാത്രമായിരുന്നില്ല യാത്ര ചെയ്തിരുന്നത് , അതിലും വേഗതയിൽ മനസ് എവിടെയൊക്കയോ പോയിരുന്നു.
കുറെ വർഷങ്ങളായി, സ്വപ്നങ്ങൾ കണ്ടുണരാത്ത പ്രഭാതങ്ങളില്ല.
പലഭാവങ്ങളും നിറഞ്ഞ സ്വപ്‌നങ്ങൾ.
ചിലത്, കരയിപ്പിക്കന്നതും മറ്റുചിലത് സന്തോഷം നിറഞ്ഞതും.
ചിലത് ആശങ്കപ്പെടുത്തുന്നതും വേറെ ചിലത് പകലുകളോളം പിന്തുടരുന്നതും.
മിക്ക സ്വപ്നങ്ങളിലെയും കഥാപാത്രങ്ങളിൽ പരേതരായ അമ്മുമ്മാരും അനുജനും മറ്റും ആയിരുന്നു.
ചിലതിൽ പ്രിയപ്പെട്ട ബന്ധുജനങ്ങളും.
ഇന്നലെയും എന്തൊക്കെയോ സ്വപ്‌നങ്ങൾ കണ്ടിരുന്നു.
എന്നാൽ, ഇപ്പോൾ ഒന്നും ഓർമ്മ നിൽക്കുന്നില്ല.
സത്യം പറഞ്ഞാൽ, ഓര്മയില്ലായ്മ ഒരു അനുഗ്രഹമാണ്.
അമ്മയുടെ അമ്മക്കും, അപ്പൂപ്പനും ഇതെ പ്രശ്നം ഉണ്ടായിരുന്നു, ഓർമ്മയില്ലായ്മ.
ചിരിച്ചുകൊണ്ട് കഥ പറയുന്ന എന്റെ മാധവികുട്ടി അമ്മുമ്മ, അമ്മയുടെ അമ്മ!
അമ്മുമ്മ എന്ത് പറഞ്ഞു വരുമ്പോഴും ചെന്നെത്തുന്നത് അമ്മുമ്മയുടെ അച്ഛന്റെ ഓർമകളിലായിരുന്നു.
ഓര്മ നഷ്ടപ്പെട്ട അപ്പുപ്പൻ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നത് നിത്യ സംഭവം ആയിരുന്നസമയം.
ഒരിക്കൽ, ഞാൻ കൈക്കുഞ്ഞായിരിക്കുന്ന പ്രായത്തിൽ, അമ്മുമ്മയുടെ ഒക്കത്തു ഇരിക്കുകയായിരുന്ന
എന്റെ കണ്ണിൽ മണ്ണ് വാരിയിട്ടിട്ടാണ് അപ്പുപ്പൻ ഇറങ്ങി ഓടിയത്.
പുറത്തേക്ക് പോകുന്നതിനെ തടഞ്ഞതിനുള്ള പ്രതികാരമായിരുന്നു അത്.
എന്റെ ഓർമകൾക്ക് പിടിതരാത്ത അപ്പുപ്പന്റെ മുഖം, ആ അപ്പൂപ്പന്റെ ഓര്മ നഷ്ടപെടലുകൾ, അമ്മുമ്മയിലേക്കും പകർന്നിരുന്നു.
ജഡപിടിച്ച ഓർമകളിൽ ബാല്യവും കൗമാരവും മാതൃബന്ധങ്ങളുടെ ഹസ്തചെങ്ങലകളിൽ ഭദ്രമായിരുന്നുവല്ലോ.
ആ വേളകളിലൊക്കെ അമ്മയുടെ അമ്മയോടപ്പം, എല്ലാ മലയാളമാസം ഒന്നാം തീയതിയും തെക്കൻഗുരുവായൂരപ്പനെ കാണാനും,
മണ്ണൂർക്കാവിൽ കഥകളി കാണാൻ കൂട്ടുപോകാനും ഒക്കെ ഞാനായിരുന്നു മുന്നിൽ.
സ്‌കൂള് വിട്ടു വീട്ടിൽ വരുമ്പോൾ കാണുന്ന നിറമുള്ള ചായയും കൂട്ടുപലഹാരങ്ങളും അമ്മുമ്മ വിരുന്നു വന്നിരുന്നു എന്നതിന്റെ ശേഷിപ്പുകൾ ആയിരുന്നു.
അന്ത്യചുംബനമോ വായ്ക്കരിയോ നൽകാനുള്ള അവസരം നഷ്ടപ്പെട്ട്, തെക്കേമുറ്റത്തെ മാവിൻകഷ്ണങ്ങളിൽ എരിഞ്ഞടങ്ങുമ്പോൾ,
മുൻ ഓണത്തിന്, ഞാൻ വാങ്ങി നൽകിയ പട്ടും മുണ്ടും പുതച്ചാണ് അമ്മുമ്മ വിടവാങ്ങിയതെന്നു അറിയുമ്പോൾ, ഓര്മയിലുള്ളത് ഓര്മനഷ്ടപെടാത്ത അമ്മുമ്മയാണ്.
**************************
പൊട്ടിയ മൺകലത്തിൽ നീറിപ്പുകയുന്ന ഉമിയുടെ മേലെ എരിയുന്ന മരക്കഷ്ണങ്ങൾക്കു മുന്നിൽ,
മടിയിൽ കിടത്തി, അത്താഴ ശൂന്യതയുടെ ക്ഷീണത്തിൽ കഥകൾ പറഞ്ഞു, പാട്ടുപാടി, കുന്നായ്മകൾ പറഞ്ഞു ഉറക്കിയിരുന്ന എന്റെ കുഞ്ഞിപ്പിള്ള അമ്മുമ്മ. അച്ഛന്റെ അമ്മ!
നരമ്പുടച്ച തുണ്ടു കൊടിയിൽ നേർത്ത ചുണ്ണാമ്പ് പുരട്ടി, വക്കുപൊട്ടിയ കലത്തിലിട്ട നീറിയ അടയ്കാ അരിഞ്ഞു,
വെറ്റില മുറുക്കാൻ പഠിപ്പിച്ച അമ്മുമ്മ.
അതികാല സ്വപ്നങ്ങളിലെ സ്ഥിരം കഥാപാത്രം ആയിരുന്നു കുഞ്ഞിപ്പിള്ള അമ്മുമ്മയും.
പൊഴിഞ്ഞും മുറിഞ്ഞും പോയ കറുപ്പുമങ്ങിയ മുടിക്കുമേൽ തിരുപ്പൻതിരുകി, മുല്ലപ്പൂ ചൂടി, മുലക്കച്ചയില്ലാത്ത മാറിന് മേൽ തോർത്തുമുണ്ട് വീശി, ചുമന്ന കരയുള്ള മുണ്ടുടുത്തു,കഥ പറയാൻ ഇരിക്കുന്ന അമ്മുമ്മ.
അമ്മുമ്മയുടെ കഥകളിലൂടെയാണ് നാട്ടു ഭഗവതിമാരുടെ അപദാനങ്ങൾ പരിചയപ്പെടുന്നത്.
ആ സ്വപ്നങ്ങളിൽ എപ്പോഴും അമ്മുമ്മക്കരികിൽ ചിരിച്ചുകൊണ്ട് ഒരു ഇരുപതു വയസ്സുകാരനും മിണ്ടാതെ ഇരുന്നിരുന്നു.
എന്റെ അനുജൻ!
ചുമന്നു തുടുത്ത റോസാപുഷ്പം പോലെ, പുഞ്ചിരിതൂകി നിന്ന ചന്ദ്രപ്രഭ.
ആ സ്വപ്നങ്ങളിൽ ഒന്നിൽപോലും അവൻ എന്നോട് മിണ്ടിയിരുന്നില്ല.
എന്താണ് മിണ്ടാത്തതെന്നു പലപ്പോഴും ചോദിച്ചിട്ടും മറുപടിയും തന്നിരുന്നില്ല.
അന്ന് അവൻ അവസാനമായി ആവശ്യപ്പെട്ട ഗുരുവായൂരപ്പൻ ഭക്തിഗാന കാസറ്റും കഥാപുസ്തകവും കൊണ്ടുവന്നിരുന്നല്ലോ.
എന്താണ് പിന്നെയും എന്നോട് ഇത്രയും പരിഭവം.
പാട്ടു കേൾക്കാൻ ചെവിയോർക്കാതെ, വായിക്കാൻ പുസ്തകം പരതാതെ എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത്, രാജേഷ് ?
ചില ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലെന്നു ആരോ പറയുന്നു.
*********************
ആറു വർഷത്തെ കാത്തിരിപ്പിയിരുന്നു ജന്മസാഫല്യം പോലെ ഗൃഹണിയുടെ ഗർഭകോശത്തിൽ തുടുത്തു തുടങ്ങിയ മൂന്ന് അണ്ഡങ്ങൾ!
അംബികയിൽ നിന്നും ത്രിപുര സുന്ദരിയിലേക്കുള്ള പരകായം ആഘോഷിച്ച നിമിഷങ്ങൾ.
അത് പിന്നീട് രണ്ടെ ഉള്ളുവെന്നും, ശേഷം വളർച്ചയുള്ളത് ഒന്നിന് മാത്രമാണെന്നും അറിഞ്ഞപ്പോഴും, നിരാശയല്ല, ഒന്നെങ്കിലും ഉണ്ടല്ലോ എന്നുള്ള പ്രതീക്ഷ ആയിരുന്നു.
ആ പ്രതീക്ഷകൾക്കും പ്രാർത്ഥനകൾക്കും കീഴ്‌പെടാതെ, ഒന്നുപോലും ബാക്കി വെക്കാതെ നാലാം മാസം, ജീവനറ്റ ആദ്യ പുണ്യബീജം.
പുരുഷ പൂർണതയുടെ നേർസാക്ഷ്യം ജീവനറ്റു കിടന്നു.
നിലവിളികൾക്കു പോലും ആശ്വാസം തരാൻ കഴിയാതെ മനസ്സ് വിഭ്രാന്തി ചുഴികളിൽ ആടിയുലഞ്ഞു.
ഒരു വേള, ശ്വാസഗതികൾ നിശ്ചലമാവുന്നോ എന്ന് ശങ്കിച്ച് പിടച്ചു നിന്ന നിമിഷങ്ങൾ.
ഒന്ന് കാണുവാൻപോലും അവസരമില്ലാതെപോയ,
അന്ത്യ ചുംബനം പോലും നൽകാൻ അവകാശമില്ലാതെപോയ ആറു വർഷത്തെ കുടുംബ ജീവിതത്തിന്റെ നീക്കിയിരുപ്പ് രക്തം പുരണ്ട വെള്ളത്തുണിയിൽ പൊതിഞ്ഞു, അനാഥമാക്കിയത്,
ജീവിതവും തന്നെയാണ്.
ഭഗവതിക്കാവുകളിൽ പാർവതി ദേവി കാളിരൂപമാകുന്നതും, പതി ദാരികനാക്കപ്പെട്ടതും വിധിവിലാപമാവാം.
പിറന്നു നഷ്ടപ്പെട്ട മകനെ, നീയും ഉണ്ടുകാണുമോ, നിസ്സഹായനും നിരാലംബനുമായിപ്പോയ
ഈ നിർഭാഗ്യ പിതാവിന്റെ കണ്ണീരുപുരണ്ട ബലി.
ഓർമകൾക്ക് സുഗന്ധം മാത്രമല്ല, കണ്ണീരിന്റെ കഥകളും പറയാനുണ്ടാവും.
മറക്കാൻ ശ്രമിക്കുന്നതും അത്തരം കഥകളാവും.
പക്ഷേങ്കിലും മറവിയെന്നെ പുണരുന്നില്ലല്ലോ.