ആമുഖം
നമസ്കാരം!
ഒരു സുഹൃത്തിന്റെ ജീവിത അനുഭവക്കുറിപ്പുകൾ, ലഘു ഇലക്ട്രോണിക് സന്ദേശമായി കൈമാറിവന്നപ്പോൾ, വാക്കുകളെ തനിമ നഷ്ടപ്പെടാതെ വാക്യങ്ങളായി മാറ്റുവാനാണ് 'ആദ്യപുത്ര'നിലൂടെ ശ്രമിച്ചത്. കഥപറച്ചിലിൽ അതിസൂക്ഷ്മമായ ഉപമേയങ്ങളുടെയും ആലങ്കാരിക പദപ്രയോഗങ്ങളുടെയും അതിപ്രസരം, തനതു കഥയിൽ കൂട്ടിച്ചേർക്കലുകൾ സംഭവിച്ചുവെന്നും കൃത്രിമപെട്ടുമെന്നുമുള്ള തോന്നൽ ഉണ്ടാക്കിയേക്കാമെന്നുള്ള ഭീതിയിൽ, തുനിഞ്ഞിട്ടില്ലാ എന്ന് ഉറപ്പു പറയുന്നു. ഒപ്പം, സുഹൃത്ത് പങ്കുവെച്ച വികാരങ്ങൾ, അയാൾ കടന്നുപോയ ജീവിത മുഹൂർത്തങ്ങൾ, അവയൊക്കെ അതെ അർത്ഥത്തിൽ പകർത്തുവാൻ കഴിഞ്ഞിട്ടുണ്ടോ എന്നുള്ളതിൽ സംശയമുണ്ട്. എങ്കിലും, ഏതു നഷ്ടപെടലുകളുടെയും വേദന, അത് ആരുടെതെയാലും സ്വന്തം ഹൃദയത്തോട് ചേർന്ന് നിൽക്കുന്നത് ആണെങ്കിൽ ഒരുപോലെ ആയിരിക്കും എന്നുള്ളതുകൊണ്ട്, കൂട്ടുകാരിയുടെ മനോവികാരങ്ങളെ ഉൾക്കൊള്ളുവാൻ ശ്രമിച്ചിട്ടുണ്ട്, മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് തീർപ്പ്. എന്നാൽ വായനയിൽ അത്തരം വികാരനഷ്ടങ്ങൾ ഉണ്ടാകുന്നുവെങ്കിൽ, അതെന്റെമാത്രം പരാജയം എന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
നന്ദിയോടെ
സുനിൽ കെഎം
*********************************************************
ഒന്ന്
ചാഞ്ഞു പെയ്യുന്ന ഇടവ മാസ പെരുംമഴയുടെ പെരുക്കങ്ങൾക്കിടയിലൂടെയാണ് രഞ്ജിനി ചേച്ചിയും മോഹനൻ ചേട്ടനും ഗേറ്റു തുറന്നു വീട്ടിലേക്കു വന്നത്. ചേച്ചിയുടെ മകളുടെ കല്യാണമാണ്, അതിനു ക്ഷണിക്കാനായിട്ടാണ് ഇരുവരും ബാംഗ്ലൂരിൽ നിന്നും എത്തിയിരിക്കുന്നത്.
കോലായിലെ കസേരക്ക്മേൽ അലസമായി കിടന്ന കല്യാണ ക്ഷണക്കത്താണ്, ഓർമകളുടെ കൂടു തുറന്നു, കണ്ണീരുതൂകി, അവശേഷിക്കപ്പെട്ട പുഞ്ചിരിയായി നിരാലംബനായ ഒരു ബാല്യക്കാരന്റെ മുറ്റത്തെ തുളസിത്തറക്ക് അരികിൽ കളിപ്പാട്ടങ്ങൾ ഉപേക്ഷിച്ചു നിൽക്കുന്ന ചിത്രം ഓര്മപെടുത്തിയത്. കല്യാണക്കുറിമാനത്തിലെ, അവസാനം കാണുന്ന ആശംസയിൽ, മുഴുവിപ്പിക്കാനാകാതെ പോയ ജീവിതം.
മണികണ്ഠൻ!
എന്റെ വിവാഹവും കഴിഞ്ഞു, രഞ്ജിത്തിനൊപ്പം അദ്ദേഹത്തിന്റെ വീട്ടിലേക്കു ചെന്ന് കയറുമ്പോൾ, വീടിന്റെ അകത്തളങ്ങളിൽ മുട്ടിലിഴഞ്ഞും നടന്നും ഓടിയും ബഹളമുണ്ടാക്കി കളിക്കുന്ന പ്രായമായിരുന്നു മണികണ്ഠന്. രഞ്ജിത്തിന്റെ ജ്യേഷ്ഠസഹോദരി രഞ്ജിനി ചേച്ചിയുടെ രണ്ടാമത്തെ കുട്ടിയാണ് മണികണ്ഠൻ.
രഞ്ജിത്തും ചേച്ചിയും ഒക്കെ, കേരളത്തിൽ നിന്നും കുടിയേറിയ രണ്ടാം തലമുറ പ്രവാസി മലയാളികളായ ബാംഗ്ലൂർവാസികളുടെ പ്രതിനിധികൾ ആണ്. ഭാഷയും നാടും നന്നേ അന്യം നിന്നുപോകുന്ന, മിശ്രിത സാംസ്‌കാരിക രൂപകങ്ങൾ.
മണികണ്ഠന്റെ അച്ഛൻ മോഹനൻ ചേട്ടൻ, ചെന്നൈയിലാണ് ജനിച്ചതും വളർന്നതും. രഞ്ജിനി ചേച്ചിയുടെ ബന്ധത്തിലെ മാതുലൻ ആയി വരും മോഹനൻ ചേട്ടൻ. രഞ്ജിത്തിന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം രഞ്ജിനി ചേച്ചിയും അവരുടെ രണ്ടു മക്കളും ആണ് ആ വീട്ടിൽ ഉണ്ടായിരുന്നത്. മോഹനൻ ചേട്ടൻ, ജോലി സംബന്ധമായി മിക്കപ്പോഴും ചെന്നൈയിൽ തന്നെ ആവും തങ്ങുക.
ശൈശവം പിന്നിട്ടു വരുന്ന മണികണ്ഠൻ എന്റെയും പ്രിയപ്പെട്ടവനായി മാറുവാൻ മാറുവാൻ അതിക സമയമെടുത്തില്ല. ഭർത്വ ഗൃഹത്തിലെ, ഏക കൂട്ടും ആശ്വാസവും ആലംബവും ആയിരുന്നു മണികണ്ഠൻ. ചേച്ചി എന്നും മണികണ്ഠനെ എന്നെ ഏൽപ്പിച്ചിട്ടു നഗരത്തിലേക്ക് ജോലിക്കു പോയി കഴിഞ്ഞാൽ, അവന്റെ കളിക്കൂട്ടുകാരിയും പോറ്റമ്മയും തന്നെ ആയിരുന്നു ഞാൻ.
രാത്രി വൈകി, ചേച്ചി തിരിച്ചെത്തുന്നതുവരെയും അവൻ എന്റെ കൂടെ ആവും കഴിയുക.
മണികണ്ഠന്റെ ഊണിലും ഉറക്കത്തിലും കളികളിലും ഒക്കെ, കളികൂട്ടുകാരിയായും അമ്മയായും മാമിയായും ഒക്കെ ഞാൻ നിറഞ്ഞു നിന്നു. കളിക്കാനും കഥപറയാനും കുളിപ്പിക്കാനും പുത്തൻ ഉടുപ്പുകൾ അണിയാനും ഉറക്കാനും ഉമ്മറത്തിരിക്കാനും ഒക്കെ ഞാൻ തന്നെ ആയിരുന്നു അവന്റെ അമ്മ.
ചുണ്ടുകൾ വിടർത്തി മാമി എന്നുള്ള അവന്റെ നീട്ടിവിളിയിൽ അമ്മയോളം അലിഞ്ഞു ചേരുന്ന ഊഷ്മളത ആയിരുന്നു നിറഞ്ഞു നിന്നത്. കൊച്ചരിപ്പല്ലുകൾ ഞെരിച്ചുള്ള അവന്റെ വിളി പലപ്പോഴും കേൾവിക്കാരിൽ മമ്മി എന്നാണോ വിളിക്കുന്നത് എന്ന് ശങ്ക ഉണർത്തുമായിരുന്നു.
ആളുകൾക്കിടയിൽ ഉണ്ടാകുന്ന ആ തെറ്റിദ്ധാരണയിൽ ഉള്ളാലെ ഞാനും സന്തോഷിച്ചിരുന്നു.
*********************************************************
രണ്ട്
പറഞ്ഞു പഴകിയ ഗ്രാമീണ വശ്യതയുടെ കുളിരും തണുപ്പും ഉപേക്ഷിച്ചു ബാംഗ്ലൂർ നഗരത്തിലേക്ക് രഞ്ജിത്തിന്റെ വധുവായി കുടിയേറി പാർത്തപ്പോൾ, നഗരത്തിരക്കുകൾ പോലെ തന്നെ തിരക്കേറിയതായിരുന്നു വീടും. ആൾക്കൂട്ടത്തിൽ തനിച്ചയായിപോയ എനിക്ക് കൂട്ട് എപ്പോഴും ചേച്ചിയുടെ മോൻ മണികണ്ഠൻ ആയിരുന്നു, പ്രേത്യകിച്ചു രഞ്ജിത് ജോലിക്കു പോയി കഴിഞ്ഞാൽ.
മൂന്നു നാലു വയസ്സുകഴിഞ്ഞിരിക്കുന്ന മണികണ്ഠനു തണലായി മാറാനും കൂടെ കളിക്കാനും കഥപറഞ്ഞു കൊടുക്കാനും എനിക്കും കഴിഞ്ഞിരുന്നു.ബാംഗ്ലൂർ നഗരത്തിന്റെ മെട്രോ പൊളിറ്റൻ സംസ്കാരത്തിനും രീതികൾക്കും മുത്തശ്ശിയും മുത്തച്ഛനും തുളസിത്തറയും കൽവിളക്കുകളും സന്ധ്യാനാമങ്ങളും അന്യമാവാം. അത്തരം അന്യതകളിൽ വളരുന്ന മെട്രോ നഗര ബാല്യത്തിന്, ഞാൻ പങ്കുവെക്കുന്ന കുട്ടികഥകൾ പലപ്പോഴും അത്ഭുതവും അതിശയവും ആയിരുന്നു.അവന്റെ വിടർന്ന കണ്ണുകളിലേക്കും ചിരിയൊതുക്കാത്ത ചുണ്ടുകളെയും ചേർത്ത് നിർത്തി,എന്റെ ഓര്മയിലുള്ള കഥകൾ പറഞ്ഞു കൊടുത്തുകൊണ്ടേയിരുന്നു
വൈകിട്ട്, പതിവായുള്ള ക്ഷേത്ര ദർശനത്തിനു, അവനും എന്റെ ഒപ്പം കൂടും. വഴിപാടു ശീട്ടാക്കാനും, ചുറ്റമ്പലങ്ങളിൽ തിരി തെളിക്കാനും പ്രസാദം വാങ്ങാനുമൊക്കെ ഞാൻ കാട്ടുന്ന ഉത്സാഹത്തിൽ, അവനും ചേർന്ന് നിന്നിരുന്നു. വലത്തെ കൈയ്യിലേക്ക് ഇറ്റിച്ചുകൊടുക്കുന്ന വഴിപാടു പ്രസാദത്തിന്റെ രുചിയും ശിഷ്ടവും ചുണ്ടിൽ പടർത്തി,' മാമി' എന്ന് എന്നെ ഉറക്കെ വിളിക്കുമ്പോൾ കേട്ട് നിൽക്കുന്നവർക്ക്, 'മമ്മി' എന്ന് വിളിക്കുന്നതാണെന്നു തോന്നും.ടെലിവിഷൻ പരസ്യത്തെ ഓർമിപ്പിക്കുന്നതുപോലെ, തിരിഞ്ഞു, നിന്നു, 'മോനെ മണികണ്ഠാ,' എന്ന് വിളിക്കുമ്പോൾ,എന്റെ ഉള്ളിലെ ഇനിയും ജനിക്കാത്ത മാതൃത്വം, അവനെ വാരിപുണരുവാൻ കൊതിക്കുമായിരുന്നു.
ഞങ്ങൾ ശരിക്കും അമ്മയും മകനും തന്നെ ആയിരുന്നു.ഗർഭിണി ആകുന്നതിനു മുൻപുതന്നെ അമ്മയായി മാറിയ പുണ്യമായിരുന്നു, എനിക്കവന്റെ സാന്നിധ്യവും സ്നേഹവും. എന്റെ കരുതലും സ്നേഹവും വാത്സല്യവും ഒരു അമ്മയുടെ തലോടൽ തന്നെ ആയിരുന്നുവെന്ന്, അവൻ എന്നോട് കാണിക്കുന്ന സീമകളില്ലാത്ത അടുപ്പത്തിൽ നിന്നും മനസ്സിലായിരുന്നു.
മണികണ്ഠൻ, എനിക്ക് പിറക്കാതെ പോയ മകനായിരുന്നു.എന്റെ ചുരിദാറിന്റെ ഉത്തരീയത്തിന് അറ്റത്തെ കെട്ടിൽ, പിണഞ്ഞു കിടക്കുന്ന അവനൊരിക്കലും എന്നിൽ നിന്നും വിട്ടു മറ്റൊരു ലോകം ഇല്ലായിരുന്നു. ആ സമയങ്ങളിലൊക്കെ ആലോചനകൾ, എന്റെ ഉദരത്തിൽ വളരുന്ന നാമ്പിനെ കുറിച്ചായിരുന്നു.
മണികണ്ഠനെ പോലെ ഒരു ആൺകുഞ്ഞായിരിക്കുമോ അതും?
ലിംഗഭേദങ്ങൾ ഇല്ലായിരുന്നുവെങ്കിലും, ജനിച്ചത് ആൺകുഞ്ഞു തന്നെ ആയിരുന്നു.
എന്റെ കുഞ്ഞിന് കളിക്കുവാൻ, അവനോളം വളരുവാൻ ഒരു ചേട്ടൻ കാത്തിരിക്കുന്നുവെന്ന സത്യം എന്നെ ഏറെ സന്തോഷിപ്പിച്ചു.
എന്നാൽ മണികണ്ഠനു അങ്ങനെ ആയിരുന്നില്ല!
കേശുമോൻ ജനിച്ചപ്പോഴേക്കും, അവനു വലിയ സങ്കടമായതുപോലെ. ഞങ്ങളുടെ ഇടയിലേക്ക് മറ്റൊരാൾ വന്നിരിക്കുന്നതിൽ മണികണ്ഠൻ അസ്വസ്ഥനായതുപോലെ.
ഞങ്ങളുടെ ലോകത്തേക്ക് ക്ഷണിക്കാതെ വന്നൊരു അഥിതിയെ പോലെ, അവനാ ആ കുഞ്ഞിനെ കണ്ടു.
എങ്കിലും, പതുക്കെ വളർന്നു, സ്‌കൂളിൽ പോയി തുടങ്ങിയപ്പോഴേക്കും, മണികണ്ഠന്റെ വിഷമങ്ങളും കുറഞ്ഞു വന്നു.
കേശു ജനിച്ചു, ഏറെ നാളുകൾ കഴിയും മുൻപേ, ഞങ്ങൾ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. അതിൽ ഏറ്റവും കൂടുതൽ വിഷമവും മണികണ്ഠനായിരുന്നു.
മണികണ്ഠനെ പരിച്ചയപെടുന്ന ആർക്കും പെട്ടെന്നൊന്നും അവനെ മറക്കാൻ കഴിയുമായിരുന്നില്ല. ബാല്യത്തിന്റെ കുസൃതികൾക്കൊപ്പം മിടുക്കനും ശ്രദ്ധേയനും ആയിരുന്നു അവൻ. കിൻഡർ ഗാർഡനിലെ അധ്യാപകരുടെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥി. സഹപാഠികളുടെ ഏറ്റവും പ്രിയപ്പെട്ട കളിക്കൂട്ടുകാരൻ
യൂകെജി കഴിഞ്ഞു ഒന്നാം ക്ലാസ്സിലേക്കുള്ള വേനലവധി സമയത്താണ്, ഏറെ നാളുകൾക്കു ശേഷം മണികണ്ഠൻ ഞങ്ങളോടപ്പം താമസിച്ചത്.
കേശുമോനോടപ്പം ഒരുപാടു നേരം കളിച്ചു. അയൽ വീടുകളിലെ സൗഹ്രദ സദസ്സുകളിൽ പാട്ടും നൃത്തവുമായി രണ്ടുപേരും കയറിയിറങ്ങി. അടുക്കള ഭരണികളിൽ പൊതിഞ്ഞു വെച്ചിരിക്കുന്ന ബിസ്ക്കറ്റും ജിലേബിയും രണ്ടുപേരും പങ്കുവെച്ചു കഴിച്ചു.
"മാമി എന്റെ പിറന്നാളാണ്...പത്താം തീയതി....നല്ല ഭംഗിയുള്ള പൂക്കളുള്ള ഉടുപ്പ് വേണം...നിറയെ പോക്കറ്റുള്ള പാന്റ്സ് വേണം...." മുട്ടായി വേണം...കേക്കും ബലൂണും വേണം..." കുഞ്ഞു പല്ലുകൾ തെളിയുന്ന മോണകാട്ടി അവൻ പറഞ്ഞുകൊണ്ടിരുന്നു.
അന്നത്തെ സന്ദർശനവും കഴിഞ്ഞു, മനസ്സില്ലാ മനസ്സോടെയാണ്, അവൻ ഞങ്ങളുടെ വീടിന്റെ പടി ഇറങ്ങിയത്. നാളെ വരാം മാമി എന്നും പറഞ്ഞു, കേശുമോന് ഉമ്മയും കൊടുത്തു മണികണ്ഠൻ ചേച്ചിയോടപ്പം നിരത്തിലേക്ക് ഇറങ്ങി.
*********************************************************
മൂന്ന്
ഏപ്രിൽ നാലാം തീയതി, ആ ദിവസം പുലരാതിരുന്നുവെങ്കിൽ എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഓർക്കുമ്പോൾ ഇപ്പോഴും ഹൃദയ താളം നിലക്കുന്ന നിമിഷങ്ങളാണ്.
അടുത്ത വീട്ടിലെ അയ്യർ സാറുടെ വാക്കുകൾ കാതുകളിൽ നിന്നും വിട്ടുപോകുന്നില്ല.
" ഹോഗ് ബിട്ടവന്നേ , പാപ്പാ "
രാവിലെ ആറരക്ക് കടയിലേക്ക് പോയതാണ് മണികണ്ഠൻ.
വേനലവധിയുടെ കളിയാഘോഷങ്ങളിൽ ക്ഷീണിച്ചു അലസമായി ഉറങ്ങുക ആയിരുന്ന മണികണ്ഠനെ, വിളിച്ചുണർത്തി കടയിൽ അയച്ചത് ചേച്ചി തന്നെയായിരുന്നു. ഓഫീസിൽ പോകുന്നതിനു മുൻപ് അടുക്കള ജോലികൾ തീർത്തുവെക്കണം. സമയം കുതിരയെപോലെ കുതിച്ചുകൊണ്ടിരിക്കുന്നു.
നന്നേ നീളം കുറവായതുകൊണ്ട് അതിക ചക്രങ്ങൾ ഘടിപ്പിച്ച സൈക്കിൾ ആയിരുന്നു മണികണ്ഠൻ ഉപയോഗിച്ചിരുന്നത്. അഞ്ചു മിനിട്ടു കൊണ്ട് പോയിവരാവുന്ന ദൂരമേ ആ കടയിലേക്ക് ഉള്ളുവെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞും മണികണ്ഠൻ തിരിച്ചു വന്നില്ല.
കടയിൽ അതിരാവിലെ ഇത്രവലിയ തിരക്കായിരിക്കുമോ ?
അതോ റോഡിൽ എന്തെങ്കിലും കുഴപ്പങ്ങൾ ?
വരുന്ന വഴിയിലാണ് ക്രിക്കറ്റ് ഗ്രൗണ്ട് ഉള്ളത്, അവിടെ ചെറുപ്പക്കാരുടെ കളിയും കണ്ടു നിൽക്കുക ആയിരിക്കുമോ?
ചേച്ചി അപ്പോഴേക്കും ജോലിക്കുപോകുവാൻ വേണ്ടി തയ്യാറായി കഴിഞ്ഞിരുന്നു.
മണികണ്ഠൻ ആദ്യമായിട്ടൊന്നുമല്ല സൈക്കിളിൽ കടയിൽ പോകുന്നത്. എന്തെങ്കിലും ആവിശ്യത്തിന് വിട്ടാൽ പെട്ടെന്ന് തന്നെ കൃത്യം നിർവഹിച്ചു തിരികെ വരാറാണ് പതിവ്. ഇതിപ്പോൾ എന്ത് പറ്റിയതാവോ?
ചേച്ചിയുടെ നിർത്താതെ ഉള്ള ഫോൺ വിളികൾ എന്റെയും രഞ്ജിത്തിന്റേയും മൊബൈലിൽ വരുമ്പോഴാണ്, കേശൂന് രാവിലത്തെ ആഹാരം കൊടുക്കുക ആയിരുന്ന എന്റെ ശ്രദ്ധ അതിലേക്ക് തിരിഞ്ഞത്. ജോലിക്കു പോകുവാനുള്ള ധൃതിയിൽ രഞ്ജിത് ആഹാരം കഴിച്ചോണ്ടു ഇരുന്നതിനാൽ, ഫോണെടുക്കാനും താമസിച്ചു.
രഞ്ജിത് അറ്റൻഡ് ചെയ്ത ഫോണിന്റെ അങ്ങേത്തലക്കൽ നിന്നും നേർത്തതും വിങ്ങുന്നതുമായ ശബ്ദം കേട്ടു, അദ്ദേഹം സംഭ്രമിച്ചിരിക്കുന്നു. രഞ്ജിത്തേട്ടന്റെ ആ മുഖം കണ്ടതുകൊണ്ടാണ് ഞാൻ കുഞ്ഞിനേയും ഒക്കത്തെടുത്തു അദ്ദേഹത്തിന്റെ അരികിലേക്ക് ചെന്നത്.
" മണികണ്ഠൻ സാധനം വാങ്ങാൻ പോയതാണ്. ഇതുവരെയും തിരിച്ചുചെന്നില്ലത്രേ. ഇങ്ങോട്ടു വന്നോ എന്ന് ചോദിയ്ക്കാൻ ചേച്ചി വിളിച്ചതാണ്."
കഴിച്ചുകൊണ്ടിരുന്ന ആഹാരം പകുതിയിൽ ഉപേക്ഷിച്ചു ധ്രിതിയിൽ രഞ്ജിത് പുറത്തേക്കിറങ്ങി.
മണികണ്ഠൻ പോകാവുന്ന വഴികളിലെല്ലാം സ്‌കൂട്ടറിൽ കറങ്ങി നടന്നു അന്നെഷിച്ചുകൊണ്ടിരുന്നു. പരിചയമുള്ള ആളുകളോടും സുഹൃത്തുക്കളോടും ഒക്കെ പരതി. പതിവായി ക്രിക്കറ്റ് കളി കാണുവാൻ മണികണ്ഠൻ നിൽക്കാറുള്ള ഗ്രൗണ്ടിലും പോയി നോക്കി.
കണ്ടില്ല!
എങ്ങും ആരും കണ്ടില്ലാ!
ആരെയും കണ്ടില്ലാ!
അപ്പോഴേക്കും അയലത്തുകാരും നാട്ടുകാരും ഒക്കെ അറിഞ്ഞുതുടങ്ങിയിരുന്നു.
ഓരോരുത്തരുടെയും താല്പര്യങ്ങൾക്കനുസരിച്ചു കഥകളും ചമച്ചു തുടങ്ങി. പിള്ളേരെ പിടിത്തക്കാർ പിടിച്ചുകൊണ്ടു പോയതാവും എന്നും അപകടത്തിലോ മറ്റോ പെട്ടതായിരിക്കുമോ എന്നും ഒക്കെ.
രഞ്ജിത് തിരികെ ചേച്ചിയുടെ വീട്ടിൽ ചെല്ലുമ്പോൾ, കൊച്ചുമോനെ അന്നേഷിക്കാൻ ഇറങ്ങാനായി അപ്പുപ്പൻ വേഷം മാറുന്ന തിരക്കിലായിരുന്നു. പക്ഷങ്കിലും അദ്ദേഹം അന്നെഷിച്ചു പോയ വഴിക്കാണ് മണികണ്ഠൻ ചവിട്ടി പോയ സൈക്കിൾ കണ്ടുകിട്ടിയത്. സൈക്കിളിനു മുന്നിലെ തൂക്കിയിട്ട കവറിൽ അവൻ സാധനം വാങ്ങുവാൻ കൈയിൽ കരുതിയ രൂപയും അതേപോലെ ഉണ്ടായിരുന്നു. കണ്ടുകിട്ടിയ സൈക്കിളും തുകയുമായി അപ്പുപ്പൻ തിരികെ വീട്ടിൽ എത്തി.
എവിടെ മണികണ്ഠൻ?
മണികണ്ഠൻ എവിടെ ?
ഉത്തരങ്ങൾ ലഭ്യമല്ലാതെ ചോദ്യങ്ങൾ പരസ്പരം അന്തരീക്ഷത്തിൽ കൂട്ടിമുട്ടി.
എന്താണ് ആ കുഞ്ഞിന് സംഭവിച്ചത് ?
എവിടെയാണവൻ ?
സൈക്കിൾ കിടന്ന ഭാഗത്തേക്ക് രഞ്ജിത് അതിവേഗം കുതിച്ചു.
കടയിലേക്ക് പോകുന്ന വഴിവക്കിലാണ്, പണി പുരോഗമിക്കുന്ന ഒരു വീട് ഉള്ളത്. അതിന്റെ മുന്നിൽ നിന്നുമാണ് രഞ്ജിത്തിന്റെ അച്ഛന് മണികണ്ഠന്റെ സൈക്കിൾ കിട്ടിയത്. അതിരാവിലെ ആയതു കാരണം, പണിക്കാരാരും അവിടെ ഉണ്ടായിരുന്നുമില്ല. ആ ഭാഗത്തൊക്കെ അവനെക്കുറിച്ചു അന്നെഷിച്ചിരുന്നുവെങ്കിലും, പെട്ടെന്നാണ് ചേച്ചിയുടെ അമ്മയുടെ കണ്ണിൽ വെള്ളം ശേഖരിച്ചു വെക്കുന്നതിനായി പണിത ആൾമറയില്ലാത്ത ജലസംഭരണി ശ്രദ്ധയിൽ പെട്ടത്.
ആ ഭാഗങ്ങളിലൊക്കെ കാർപോർച്ച് വലിപ്പത്തിൽ വലിയ കുഴി, കുഴിച്ചു, കുഴൽ കിണറിൽ നിന്നുമുള്ള വെള്ളം അതിൽ ശേഖരിച്ചു വെയ്ക്കും. ആ വെള്ളമായിരിക്കും വീടുപണിക്ക് ഉപയോഗിക്കുന്നത്. തുടർച്ചയായി പണി നടക്കുന്നതിനാൽ, ആ സംഭരണിക്കുമേൽ മൂടികൾ ഒന്നും ഇട്ടിരുന്നില്ല.
"ഇനി ഇവിടെയും കൂടി മാത്രമേ ഉള്ളു നോക്കുവാൻ" എന്ന് പറഞ്ഞുകൊണ്ടാണ് അമ്മുമ്മ ആ സംഭരണിയിലേക്ക് കുനിഞ്ഞു നോക്കിയത്.
ഓളപ്പരപ്പുകളില്ലാതെ നിശ്ചലയമായ ജലസംഭരണിയിൽ, മണികണ്ഠൻ പൂർണ നിശബ്ദനായി കിടക്കുന്നു.
ചേച്ചി അവനെ കൈനീട്ടി വാരിയെടുത്തു.
അവനെ വാരിപ്പുണർന്നു നെഞ്ചോട് ചേർത്തു വെക്കുമ്പോൾ, മണികണ്ഠന്റെ ഹൃദയതാളം നിലച്ചുപോയിരുന്നു.
*********************************************************
നാല്
'ശബ്നം, മണികണ്ഠനൊരു അപകടം പറ്റി, നീ നമ്മുടെ കുഞ്ഞുമായി ചേച്ചിയുടെ വീട്ടിലേക്കു വേഗം വരൂ' എന്ന് രഞ്ജിത് വിളിച്ചുപറയുമ്പോൾ എന്റെ ദേഹം വിയർത്തു തുടങ്ങിയിരുന്നു.
ഇത്രയും നേരവും അവനെ കാണുന്നില്ല എന്നതിനപ്പുറം മറ്റെന്തെങ്കിലും കാര്യങ്ങൾ എന്റെ വെറും ചിന്തയിൽ പോലും വന്നിരുന്നില്ല!
തൊണ്ട വരണ്ടു കഴിഞ്ഞിരുന്നു! കൈകാലുകൾ വിറച്ചു തുടങ്ങിയിരിക്കുന്നു!
എന്റെ കരച്ചിൽ കേട്ട് വന്ന അയൽ വീട്ടിലെ സാവിത്രി ചേച്ചിയുടെ തോളിലേക്കു ഒരു ആശ്രയത്തിനായി കൈനീട്ടി. കാര്യം അറിഞ്ഞപ്പോൾ സാവിത്രിചേച്ചിയും എന്നോടൊപ്പം രഞ്ജിനി ചേച്ചിയുടെ വീട്ടിലേക്ക് വന്നു.
കേശൂനെ സാവിത്രി ചേച്ചി തോളിലിട്ടു നടന്നു, ഞാൻ മുന്നെ ഓടുക ആയിരുന്നു.
സമയത്തിനു വിളിച്ചാൽ ഒരു ഓട്ടോറിക്ഷാ പോലും കിട്ടാത്തതിനെ ശപിച്ചു. ഓടിയും നടന്നും എങ്ങനെ ചേച്ചിയുടെ വീട്ടിൽ എത്തിച്ചേർന്നുവെന്നു ഓർമയില്ല.
അവിടെ എത്തിയപ്പോഴേക്കും വീടിന്റെ മുറ്റവും കടന്നു, അയൽക്കാരുടെയും മറ്റു ആളുകളുടെയും വലിയൊരു കൂട്ടം. ആളുകളെ വകഞ്ഞുമാറ്റി വീടിനകത്തേക്ക് കയറുമ്പോഴും സാവിത്രി ചേച്ചി പറയുന്നുണ്ടായിരുന്നു, ഇത് കുട്ടിയുടെ മാമി ആണെന്ന്. എപ്പോഴത്തെയും പോലെ, അപ്പോഴും ആളുകൾ കേട്ടത് മമ്മി എന്നാണ്!
പൂമുഖ പടി കടന്നു മുറിക്കുള്ളിലേക്ക് കടക്കുമ്പോൾ വെള്ളത്തുണിയിൽ പൊതിഞ്ഞു എന്റെ കുഞ്ഞു മണികണ്ഠന്റെ മൃതശരീരം!
അവൻ പാത്തിരിപ്പ് കളിക്കുമ്പോൾ ഒളിക്കുന്ന മൂലകളിൽ നിശബ്ദയുടെ ചെങ്ങലകെട്ടുകൾ.
എന്റെ തോളിന്മേൽ ആനകയറി കളിച്ച മണികണ്ഠൻ വെറുംനിലത്തുകിടക്കുന്നു. രാവിലെ കുടിക്കാനായി ഉണ്ടാക്കിയ ഹോർലിക്‌സും പാലും ആറിത്തണുത്ത്, ഇനിയൊരിക്കലും തിരിച്ചുവരാത്ത കുഞ്ഞിനെയും കാത്തു ഇരിക്കുന്നു..
ഞാനവനെ ഒരുപാടു വിളിച്ചു, ഉണർന്നില്ല. എന്റെ വാക്കുകൾ കേൾക്കാതെ പിണങ്ങിക്കിടക്കുന്നതുപോലെ.
എന്റെ മണികണ്ഠാ ...നീ ഒന്ന് എണീക്കുമോ....?
പൊട്ടിയൊലിച്ച പുഴപോലെ കണ്ണീർ പൊഴിച്ചുകൊണ്ടു, ഞാൻ അവന്റെ കുഞ്ഞു ദേഹത്തേക്ക് മുഖം അമർത്തി.
ഇണ്ടിളയപ്പാ ഭഗവാനെ നീ എന്താണ് എന്റെ പ്രാർത്ഥന കേൾക്കാഞ്ഞത്?
പിറന്നാളിന് കാത്തു നിൽക്കാതെ, നാളെ വരാം മാമി എന്ന് വാക്കു പാലിക്കാതെ അവൻ നിശബ്ദനായി തണുത്തു കിടക്കുന്നു!
ഏപ്രിൽ പത്തിലെ പിറന്നാൾ സൂര്യോദയം കാണാൻ നിൽക്കാതെ, ഇരുളറകളിലേക്കു അവൻ മടങ്ങിപ്പോയി!
തലയിൽ കൈവെച്ചു, അയലത്തെവീട്ടിലെ അയ്യര് സാറു വിലപിച്ചു കൊണ്ടിരുന്നു, " ഹോഗ് ബിട്ടവന്നേ , പാപ്പാ "
വെള്ളത്തുണിയിൽ പൊതിഞ്ഞു കിടക്കുന്ന അവന്റെ മൂക്കിൽ നിന്നും വായിൽ നിന്നും അപ്പോഴും പതപോലെ വെള്ളം വരുന്നുണ്ടായിരുന്നു. വെള്ളത്തിൽ മുങ്ങിയുള്ള മരണമെന്നു പോസ്റ്റ്മാർട്ടം റിപ്പോർട്ട്! പ്രേത്യേകിച്ചു അന്നേഷണ താല്പര്യങ്ങൾ ഒന്നുമില്ലാതെ പോലീസും ആ ഫയൽ അടച്ചു.
മണികണ്ഠന്റെ വിടവാങ്ങൽ വല്ലാത്തൊരു ശൂന്യതയാണ് സൃഷ്ടിച്ചത്. അത് എന്നിൽ മാത്രമല്ല, സ്വാഭാവികമായും ചേച്ചിയുടെ കുടുംബത്തിലും ഓളങ്ങൾ ഉണ്ടാക്കി. ചരടഴിഞ്ഞ പുസ്തകം പോലെ, ജീവിത സന്തോഷങ്ങൾ നഷ്ടപ്പെട്ടും വിലപിച്ചും പോയ്കൊണ്ടേയിരിക്കുന്നു ഓരോ ദിവസങ്ങളും. പണത്തിനും ആസ്തികൾക്കും മാത്രമായി ജീവിതം അഭിനയിച്ചു തീർക്കുന്നവർക്കു മുന്നിൽ രക്തബന്ധങ്ങളും മാനുഷിക മൂല്യങ്ങളും വെറും തമാശകളാണ്. സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി പലതും ചെയ്തപ്പോ ചേച്ചിക്ക് നഷ്ടപെട്ടത് ലോകത്തിലെ എന്ത് കൊടുത്താലും തിരിച്ചു കിട്ടാത്ത സന്തോഷമായിരുന്നു.
ഒരിക്കൽ അവർ അവന്റെ ജനനം നിഷേധിക്കാൻ ശ്രമിച്ചതാണ്. വിധിവൈപരീത്യം എന്ന് പറയട്ടെ, അതിനെ വെല്ലുവിളിച്ചുകൊണ്ടാണ് മണികണ്ഠൻ ജനിച്ചതും വളർന്നതും. പക്ഷെ അതെ വിധി തന്നെ, അവനെ തട്ടിപ്പറിച്ചിരിക്കുന്നു.
പിന്നീട് പലപ്പോഴും എന്റെ സ്വപ്നങ്ങളിൽ, ഞാനെന്റെ മണികണ്ഠനെ കാണാറുണ്ടായിരുന്നു.
ഒരുപക്ഷെ ദിവസവും അവനെപ്രതി ചിന്തിച്ചു ഉറങ്ങുന്നതുകൊണ്ടാവാം. എന്തെക്കെയോ പറഞ്ഞു ചിരിച്ചു, കുറുമ്പ് കാട്ടി നിൽക്കുന്ന മണികണ്ഠൻ. ഉണരുമ്പോൾ, രാത്രിയിൽ കണ്ട സ്വപ്‌നങ്ങൾ ഒന്നും ഓര്മയിലും ഉണ്ടായിരുന്നില്ല.
കളിപറയാനും കഥപറയാനും ശണ്ഠകൂടാനും ഒന്നും ഇനി മണികണ്ഠൻ ഉണ്ടാവില്ല. ആ നീറുന്ന സത്യത്തിൽ ഞാൻ വെന്തുരുകി. ആദ്യാക്ഷരങ്ങൾ പറഞ്ഞുകൊടുത്തും ആഹാരം വാരിക്കൊടുത്തും കുളിപ്പിച്ച് പാട്ടുപാടി ഉറക്കാനും, അമ്മയാവാതെ, അവന്റെ അമ്മയാകുവാൻ എനിക്ക് കഴിഞ്ഞിരുന്നു.
അവൻ എന്റെ മകനായിരുന്നു!
ശവകുടീരത്തിനു മേലുള്ള മാർദ്ദവമൊത്ത മാർബിൾ ഫലകത്തിനു കീഴിൽ മമ്മിയെന്നു എന്നെ അക്ഷരം തെറ്റിവിളികേട്ട, എനിക്ക് അവകാശപെടാനാവാതെ പോയ കുഞ്ഞു ഹൃദയത്തിനു മേൽ അക്ഷര തെറ്റില്ലാതെ കുറിച്ചുവെച്ചു, " You Are My First Son n Will Be....".
*********************************************************