Sunday, December 10, 2017

അഗസ്ത്യ വിധിപ്രസ്താവം

നിമിത്തങ്ങൾ പിന്തുടരുകയാണ് കഴിഞ്ഞ കുറെ ദിവസങ്ങളും നാളുകളുമായി.
 
അതിനിടയിലാണ് അപ്രതീക്ഷിതമായി ഫോൺ കോൾ എത്തിയത്. അങ്ങേത്തലക്കൽ കരഞ്ഞുകലങ്ങിയ അറുപത് പിന്നിട്ടൊരു പുരുഷ ശബ്ദം. നേർത്തു മുറിഞ്ഞു വരുന്ന ശബ്ദം ദയനീയമായിരുന്നു, വേദന തളംകെട്ടി നിൽക്കുന്ന ശബ്ദം.
" ഈ നമ്പർ കുറിച്ചുവെച്ചോളു അശ്വത്, ഇദ്ദേഹത്തെ നീ ഒന്ന് വിളിക്കണം. വിളിച്ചു സംസാരിക്കണം"

ആരുടെ നമ്പരാണിത്‌ എന്ന എന്റെ ചോദ്യത്തിന് പരുങ്ങലോടെയാണ് തെല്ലു പരുങ്ങലോടെയാണ് അദ്ദേഹം മറുപടി പറഞ്ഞത്.
"വക്കീൽ "
വക്കീൽ ? വക്കീൽ എന്ന് തന്നെ ആണോ പറഞ്ഞത്. ഒരു നിമിഷം ഞാൻ സ്തബ്ധനായിപോയി. വക്കീലിന്റെ പക്കലായിരിക്കുന്നോ എന്റെ ദാമ്പത്യം? വിശ്വസിക്കാൻ പറ്റുന്നില്ല. ഞാൻ ...ഞാൻ തന്നെ ആണോ ഇതിലെ കഥാപാത്രം. എന്റെ ജീവിതം തന്നെ ആണോ ഇങ്ങനെ ലക്‌ഷ്യം തെറ്റി പോയത്.
വിശ്വസിക്കാൻ പറ്റുന്നില്ല.
ഇങ്ങനെ ഒന്നും ആയിരുന്നില്ല സ്വപ്നം കണ്ടത്. കോടതി വ്യവഹാരങ്ങളിൽ കയറി ഇറങ്ങുവാനായിരുന്നില്ലാ വിവാഹം കഴിച്ചത്.
കുടുംബ ജീവിതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ തള്ളിയകറ്റി, പകുതിവഴിയിൽ ഉപേക്ഷിച്ചു ആലംബമറ്റു, ഗതിവിഗതികളിൽ അലഞ്ഞു നടക്കുവാൻ ആയിരുന്നില്ല, ഊട്ടിവലുതാക്കിയ, പഠിപ്പിച്ചു പതം വരുത്തിയ മാതുല പുത്രിയെ വധുവാക്കിയത്.

ഒരു തീരുമാനം എടുക്കുവാൻ കഴിയാതെ കുഴഞ്ഞു.
എന്താണ് അദ്ദേഹത്തോട് പറയേണ്ടത്.
എനിക്കും പൂർണ സമ്മതമാണെന്നോ.
അദ്ദേഹം അത് സഹിക്കുമോ.
ഒരു കാലത്തു കരപ്രമാണിയും പ്രതാപിയും ആയിരുന്ന മനഷ്യൻ, സ്വന്തം മകളുടെ തീരുമാങ്ങൾക്കു മുന്നിൽ ആടി ഉലയുന്നത് അവിശ്വസനീയമായി തോന്നി.

" ശരി, ഞാൻ വക്കീലിനെ വിളിക്കുന്നുണ്ട്"
 അങ്ങനെ പറഞ്ഞാണ് ഫോൺ വെച്ചത്. 
വക്കീലിനെ വിളിക്കണം.
എന്തിനാണ്?
ആരാണ് ആ വക്കീൽ?
ഞാൻ ആരായിട്ടാണ് സംസാരിക്കേണ്ടത്? എതിർകക്ഷിയായിട്ടോ ?
അതോ പ്രതി ആയിട്ടോ? അതോ കോടതിവ്യെവഹാരത്തിനു മുൻപുള്ള ഒത്തുതീർപ്പെന്ന ചർച്ചാമുറിയോ ?

വക്കീലിനെ വിളിച്ചാൽ, എന്താണ് ഞാൻ പറയേണ്ടത്?
എങ്ങനെ ആണ് സംസാരിക്കേണ്ടത്?
അറിയില്ല. ഒന്നും അറിയില്ല. ആകെ മൂടൽമഞ്ഞു പാകി തെളിർമയില്ലാതെ കിടക്കുന്ന ആകാശം കണക്കെ ഞാനിരുന്നു.
ആരോടാണ് ഒരു അഭിപ്രായം ചോദിക്കുക?
എന്താണ് ചെയ്യേണ്ടത്?

എല്ലാ തീരുമാനങ്ങൾക്കും മുൻപ്, ഒന്ന് പതംവരുത്തണമല്ലോ.
അൽപ നേരം ശാന്തനായി ഇരുന്നു.
മേൽക്കൂരയില്ലാതെ വസിക്കുന്ന ദേവിയോട് കേണപേക്ഷിച്ചു, അല്പം സമാധാനത്തിനു വേണ്ടി. എന്നെ ഒരു ഭ്രാന്തനാക്കരുതെ എന്ന്.

പെട്ടെന്നാണ് രണ്ടു മാസങ്ങൾക്കു മുൻപ് പരിചയപ്പെട്ട നാഡി ജ്യോതിഷിയെ ഓർത്തത്.
അദ്ദേഹത്തെ അറിഞ്ഞതിനു ശേഷം പോയി കണ്ടിരുന്നു. ദൗർഭാഗ്യവശാൽ, അന്ന് വിധിപ്രസ്താവം അറിയുവാൻ കഴിഞ്ഞില്ല.
പിന്നീടൊരിക്കൽ ആവാം, സന്ദർശനം എന്ന് തീരുമാനിച്ചാണ്,അന്ന് അവിട നിന്നും ഇറങ്ങിയത്.
ശേഷം, പലയാവർത്തി ശ്രമിച്ചിരുന്നു എങ്കിലും, ഒരിക്കലും തരപ്പെട്ടിരുന്നില്ല.
എന്നാൽ ഇപ്പോൾ, ഈ സന്നിഗ്ദ്ധഘട്ടത്തിൽ പെട്ടെന്ന് ഓര്മ വന്നത്, അദ്ദേഹത്തെ ആണ്, ആ നാഡി ജ്യോതിഷാലയം ആണ്.
 
 
*******************************

രാവിലെ ആറു മണിക്ക് വീട്ടിൽ നിന്നും ലക്ഷ്യസ്ഥാനമായ തിരുവനതപുരം പൂജപ്പുരയിലെ അഗസ്ത്യ പെരുന്നൂൾ നാഡി ജ്യോതിഷാലയത്തിലേക്ക് ഇറങ്ങി.

തലേന്ന് പെയ്തു തുടങ്ങിയ മഴ ശമിച്ചിട്ടില്ലാ. ഓഖി കൊടുങ്കാറ്റിന്റെ ഭീകരത സമീപത്തു എവിടെയും കാണാം.
വീട്ടിൽ നിന്നും ഓട്ടോയിൽ കയറി ചവറയിൽ ഇറങ്ങി, ബസ്സിൽ കൊല്ലത്തും,അവിടെ നിന്നും  ബസ്സിൽ ബേക്കറി ജങ്ക്ഷനിലും ഇറങ്ങി.
പൂജപ്പുരയിലേക്ക് മറ്റൊരു ബസ്സിൽ  കയറി.

ഉദ്ദേശിച്ചതിനെക്കാളും നേരത്തെയാണ് പൂജപ്പുരയിൽ എത്തിയത്.
വയറു ഉരുണ്ടു കയറുന്നതുപോലെ തോന്നി.
സംശയിക്കേണ്ടാ, വിശപ്പിന്റെ അസ്കിത തന്നെ.
ജങ്ഷനിലെ തട്ടുകടയിൽ നിന്നും ദോശയും ഓംലെറ്റും കഴിച്ചു.
കഴിച്ചു കഴിഞ്ഞപ്പോഴാണ് കുറ്റബോധം തോന്നിയത്, നാഡിയെ കാണുവാൻ പോകുമ്പോൾ മുട്ട കഴിക്കേണ്ടിയിരുന്നില്ല.

കുറച്ചു നേരം ഉത്രാടം തിരുനാൾ സ്റ്റേഡിയത്തിലും, സമീപത്തെ ഭഗത് സിങ് പാർക്കിലും ചിലവഴിച്ചു.
പാർക്കിനു അരികിലാണ് സരസ്വതി ക്ഷേത്രം.
പുറത്തു നിന്നും അകത്തേക്ക് നോക്കി തൊഴുതു മടങ്ങി.
പത്തു മണി ആകാറായപ്പോഴേക്കും നാഡിയുടെ വീട്ടിലേക്ക് നടന്നു തുടങ്ങി.

മഴച്ചാറ്റലുകൾ നിലച്ചിട്ടുണ്ടായിരുന്നില്ല..
എന്റെ വിഷമങ്ങൾ...വിഷാദങ്ങൾ .....
പ്രകൃതിപോലും കണ്ണീർപൂകുന്നു.
താണ്ഡവമാടുന്ന 'കണ്ണി'ല്ലാത്ത ഓഖിയുടെ മർദ്ദനം ഏറെ സമ്മർദ്ദവുമുണ്ടാക്കുന്നു.

മുൻപ് സൂചിപ്പിച്ചതുപോലെ നിഗൂഢതകൾ ഏറെ ഉറങ്ങിക്കിടക്കുന്ന ഒരു ഭവനമാണ് നാഡി ജ്യോതിഷിയുടേത്. കോടാനുകോടി ജീവിതകഥകൾ ഒളിച്ചിരിക്കുന്നൊരു പുസ്തകം പോലെ ആ വീട് തോന്നിച്ചു.

കുറെയേറെ ജന്മങ്ങൾ ആർക്കൊക്കെയോ വേണ്ടി കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരിക്കുന്നതുപോലെ.
അഴിച്ചുവെച്ച കർമ്മബന്ധങ്ങളുടെ പൂർത്തീകരണവും, അറിഞ്ഞോ അറിയാതയോ ചെയ്തുകൂട്ടിയ പാപങ്ങളുടെ കറകൾ കളയാനോ മറ്റോ വന്നുപോകുന്നവർ. മുറിഞ്ഞുപോയ ജന്മാന്തര ബന്ധങ്ങളുടെ ഇഴകൾ തേടി വരുന്നവർ.

ആൾക്കൂട്ടത്തിൽ തനിച്ചായതുപോലെ, മൂകമായ ആ വീട്ടിലെ വരാന്തയിൽ ഇരുന്നു.

ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷമാണു നാഡി റീഡർ ശ്രി രവി എത്തിയത്.
വലതു തള്ളവിരലിൽ മഷിപുരട്ടി വെള്ള പേപ്പറിൽ പതിച്ചു എടുത്തശേഷം മുറിക്കുള്ളിലേക്ക് കയറിപ്പോയി.

അകത്തെ മുറിയിൽ എന്റെ ജീവിതം തേടുകയാണ് ജികെ രവി എന്ന നാഡി റീഡർ. വല്ലാത്തൊരു ആകാംഷയുണ്ട്‌. കഴിഞ്ഞ പ്രവിശ്യത്തെപോലെ നിരാശപ്പെടേണ്ടി വരുമോ. ഇത്തവണ താളിയോല കണ്ടെത്തുവാൻ കഴിയുമോ?
സ്വയം ചോദിച്ചുകൊണ്ടിരുന്നു.

പക്ഷെ ഇതിപ്പോൾ കുറെ സമയം ആയിരിക്കുന്നു.
എന്താവും?
ആവോ അറിയില്ല.
രാവിലെ തുടങ്ങിയ വയറ്റിലെ ഉരുണ്ടുകയറ്റം, ചിത്രശലഭ നൃത്തം കണക്കെ ശരീരമാകെ പടരുന്നു.

സ്വീകരണ മുറിയിലെ ടെലിവിഷൻ ചാനലിൽ 'കൊച്ചിരാജാവ്' തകർക്കുന്നു. ദിലീപിന്റെയും കാവ്യാ മാധവന്റെയും പ്രേമ സല്ലാപങ്ങൾ കണ്ടുകൊണ്ടിരിക്കെ കാലം പത്തു പന്ത്രണ്ടു വര്ഷം പിറകിലേക്ക് പോയി. ജീവിതം ഇപ്പോഴും ആ കാലഘട്ടത്തിൽ എവിടെയെങ്കിലും ആയിരുന്നു എങ്കിലെന്ന് തീവ്രമായ ആഗ്രഹിച്ചു പോകുന്നു, എങ്കിലും  യാഥാർഥ്യം എന്നെ നോക്കി പല്ലുളിച്ചു ഗോഷ്ടികാട്ടി ചിരിച്ചു. നഷ്ടപ്രണയത്തെക്കുറിച്ചു നെടുവീർപ്പെടേണ്ട സമയമല്ലിത്.അല്ലെങ്കിൽത്തന്നെ, നഷ്ടപെട്ടതിനെക്കുറിച്ചു ഓർത്തു സങ്കടപ്പെട്ടിട്ടു എന്തുനേട്ടം. തിരിച്ചുവരാതെ, തിരികെ വരാതെ, പടിയിറങ്ങി പോയതാണ് പ്രണയവും കാമുകിയും. ഇപ്പോൾ കാവ്യാമാധവന്റെ വലിയകണ്ണുകളും പ്രണയാതുര ചുണ്ടുകളും കാണുമ്പോൾ, ഒരുപക്ഷെ ഗൃഹാതുരസ്മരണകൾ ഉയർന്നേക്കാം. അത് തന്നെയാണ് ഇവിടെ സംഭവിച്ചത് എങ്കിലും, ഇപ്പോൾ നഷ്ടപ്പെടാൻ നിൽക്കുന്നത് വെറും കാമുകി അല്ല,താലികെട്ടിയ പെൺകുട്ടിയെയാണ്.

ഒരു മണിക്കൂറോളം കാത്തിരിന്നു എന്ന് തോന്നുന്നു. രവിയുടെ സഹപ്രവർത്തകൻ ഒരു ഓലകെട്ടുമായി വന്നു. 
കുറെ നേരത്തിനു ശേഷം അവർ എന്നെ മറ്റൊരു മുറിയിലേക്ക് ക്ഷണിച്ചു. അവിടെയാണ് ഓല വായന തുടങ്ങുന്നത്.
ഒരു കെട്ടിൽ ഇരുപതിൽ കൂടുതൽ ഓലകൾ ഉണ്ട്.

അദ്ദേഹം കൊണ്ടുവന്ന കെട്ടിൽ നിന്നും താളികൾ ഓരോന്നായി എടുക്കുവാൻ തുടങ്ങി.
ചോദ്യങ്ങൾക്കു യെസ് അല്ലെങ്കിൽ നോ , അതിൽ ഏതെങ്കിലും ഒന്ന് പറഞ്ഞാൽ മതിയാവും.
ഓരോ ചോദ്യങ്ങളും ഓരോ സൂചനകൾ ആണ്.

പേരിന്റെ ആദ്യത്തെ അക്ഷരം അല്ലെങ്കിൽ അവസാന അക്ഷരം, അച്ഛന്റെ പേര്, അമ്മയുടെ പേര്, ഭാര്യയുടെ പേര്.
ജോലി.
വിദ്യാഭ്യാസം.
വാഹനം.
സന്താനങ്ങൾ.
ജന്മ നക്ഷത്രം.
ഇങ്ങനെ പല സൂചനകൾ വന്നുപോയി കൊണ്ടിരുന്നു.പണ്ട് വായിച്ച ഷെർലക് ഹോംസ് കഥകൾ മനസ്സിൽ ഓടിയെത്തി.
എന്നാൽ ഒന്നിലും സംതൃപ്തികരമായ ഉത്തരങ്ങളുള്ള ഓലകൾ ഒന്നും കിട്ടിയില്ല, ശേഷം നിരാശയോടെ അദ്ദേഹം പറഞ്ഞു 'തപ്പു'.
ആ ഓലകൾ ഒന്നും എന്റേതായിരുന്നില്ല.

കൊടും തമിഴ് ഭാഷയിൽ ഉരുവിട്ട താളിയോലയിലെ രേഖകൾ,  അല്പം മിനുസപ്പെടുത്തി തമിഴിൽതന്നെയാണ് ചോദ്യക്കുന്നത്.

ആ ഓലകെട്ട് മടക്കിവെച്ചിട്ടു, എന്നോട് കാത്തിരിക്കുവാൻ പറഞ്ഞു.
കുറെ നേരത്തിനു ശേഷം മറ്റൊരു ഓലയുമായി അദ്ദേഹം വന്നു.

ചോദ്യങ്ങൾ തുടർന്നു, ഉത്തരങ്ങളും.
ഏതാണ്ട് ഒക്കെ ശരിയായി തോന്നിയ ഉത്തരങ്ങൾ.
എനിക്ക് തോന്നി തുടങ്ങി, നൂറ്റാണ്ടുകൾക്കു മുൻപ് അഗസ്ത്യ സ്പര്ശനം കിട്ടിയ എന്റെ ജീവിതം ദാ ഈ മുന്നിലിരിക്കുന്ന ഓലയിൽ എവിടെയോ ഒളിഞ്ഞിരിക്കുന്നുവെന്ന്.

ആദ്യ അക്ഷരം 'ര '!, എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം, ആശ്ചര്യത്തോടെ ഇരിക്കുന്ന എന്റെ മുഖത്തേക്ക് നോക്കി. 'ര' , രേണുകയിലേക്ക് എത്തുവാൻ ചോദ്യകർത്താവിനു അധിക സമയം വേണ്ടിവന്നില്ല.
ശ്രേഷ്ഠ ഭാഷയുടെ സൗന്ദര്യത്തിൽ നിന്നും 'ഗീത' എന്ന അമ്മയുടെ പേര് 'ഗാഥ'യിലൂടെ കടഞ്ഞെടുത്തു.
ചെറിയ ഒരു പരുങ്ങൽ അച്ഛന്റെ പേരിൽ ഉണ്ടായെങ്കിലും ശങ്ക ഒന്നും കൂടാതെ വേണുനാഥിൽ എത്തിച്ചേർന്നു.
ഒരു സഹോദരി ഉണ്ട്, അവർ കുട്ടികൾക്കും ഭർത്താവിനും ഒപ്പം, സുഖ ജീവിതം.
ഒരു സഹോദരൻ ഉണ്ടായിരുന്നു, മരണപെട്ടു.
നിങ്ങള്ക്ക് ഒരു ഡിഗ്രിയാണ് ഉള്ളത്, അത് കോമേഴ്സിൽ ആണ്!
നിങ്ങൾ ജനിച്ചത് ചിങ്ങ മാസം ആണ്!
അശ്വതി ആണ് നക്ഷത്രം!
സെപ്റ്റംബർ 16 ആണ് ജനന സമയം!
1981 ആണ് ജനന വർഷം!
നിങ്ങളിപ്പോൾ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ജീവിതം, അവർ വിശ്രമ ജീവിതം നയിക്കുന്നു.
മാത്രമല്ലാ അവർ ആരോഗ്യ സുഖം കുറഞ്ഞവരും ആണ്!

നിങ്ങളും ഭാര്യയും തമ്മിൽ കഴിഞ്ഞ ഒരു വർഷത്തിൽ കൂടുതലായി അസ്വാരസ്യത്തിലാണ്‌!
നിങ്ങളുടെ ഭാര്യക്ക് ഒരു ഡിഗ്രി ആണ് ഉള്ളത്!

ആ ചോദ്യങ്ങൾക്കെല്ലാം ഉത്തരം 'അതെ' എന്ന് മാത്രം ആയിരുന്നു.

അദ്ദേഹം ഓല മടക്കിവെച്ചു. ഇതാണ് നിങ്ങളുടെ ഓല.
ഇനി അത് ബുക്കിലേക്ക് പകർത്തണം.
ശേഷം ദ്വിഭാഷിയുടെ സഹായത്തോടെ പരിഭാഷപ്പെടുത്തിത്തരും.

ഊണ് കഴിഞ്ഞിട്ട് വരം, അരമണിക്കൂർ എടുത്തേക്കും ഓല ബുക്കിലാക്കുവാൻ.
 
 
*****************************

എനിക്ക് അറിയേണ്ടത് രണ്ട് കാര്യങ്ങൾ ആയിരുന്നുവല്ലോ.
1.എന്റെ പൂർവ്വജന്മം.
2. ദാമ്പത്യ ജീവിതത്തിന്റെ ഭാവി.

ഊണ് കഴിഞ്ഞു വന്നപ്പോഴേക്കും ബുക്കും എഴുതിക്കഴിഞ്ഞിരുന്നു.

മേല്പറഞ്ഞ സൂചനകൾ ഒക്കെ ചേർത്താണ് ബുക്ക് തയാറാക്കിയത്. നാഡി റീഡർ രവിയുടെ അനുയായി,അദ്ദേഹത്തിന്റെ തർജ്ജിമക്കാരനൊപ്പം ഓല വായിക്കാൻ തുടങ്ങി.
ശ്രീ പാർവ്വതി ദേവിയെയും ശിവപെരുമാളെയും സാക്ഷിനിർത്തി അദ്ദേഹം വായന തുടർന്നു. ശംഖുവരി കീട്രു രേഖ എന്ന വിഷ്ണുഭഗവാന്റെ അനുഗ്രഹമുള്ള ഓല, ഏറെ പുണ്യാത്മാക്കളുടെ അനുഗ്രഹമുള്ളതാണെന്നു സൂചിപ്പിച്ചു.
കുറെയേറെ മേന്മകൾ അവകാശപ്പെടാവുന്ന ജാതകമാണ് എന്റേതെന്നും ഈ മുപ്പത്തിയേഴാമത്തെ വയസ്സിൽ ഓല തേടി ഞാൻ എത്തുമെന്നും പ്രാചീനകാലത്തെപ്പോഴോ അഗസ്ത്യ മുനി എഴുതിവെച്ചിട്ടുണ്ടത്രെ!
അഗസ്ത്യർക്കു പ്രണാമം.
ഗുരുപരമ്പരകൾക്കു വന്ദനം.

തമിൾ പഞ്ചാംഗ വർഷം പ്രകാരം ദുർമ്മതി വർഷത്തിൽ  ആണ് ജനനം. അതായത്, സിങ്ങമാസത്തിൽ, 31, ബുധനാഴ്ച, അസ്വതി നക്ഷത്രം, മേഖ രാശിയിൽ, ഇടവ ലഗ്നത്തിൽ ആണ് ജനനം. രാശിയുടെ അധിപനായ ചൊവ്വാ, നീചസ്ഥാനത്താണ് നിൽക്കുന്നത്, മാത്രവുമല്ല, രാഹുവുമായി ചേർന്നാണ് നിൽപ്പ്. അതുകൊണ്ടു തന്നെ, ജീവിതം കൂടുതൽ കാലവും അച്ഛനമ്മയുമായി ചേർന്ന് നിൽക്കുകയും, ഭാര്യയുമായി അകന്നു നിൽക്കേണ്ടിയും വരുന്നു. ഈ കാലയളവിൽ മാനസിക പ്രയാസങ്ങളും ശരിയായ തീരുമാനങ്ങൾ എടുക്കുവാൻ വിഷമങ്ങളും ഉണ്ടാവും.

ചന്ദ്രൻ, നാലാം ഭാവത്തിൽ ചൊവ്വയും രാഹുവും ഉണ്ട്.
ചന്ദ്രന്റെ അഞ്ചാം ഭാവത്തിൽ സൂര്യനുണ്ട്.
ആറാം ഭാവത്തിൽ,ബുധൻ വ്യാഴവും ശനിയുമുണ്ട്.
ചന്ദ്രന്റെ ഏഴാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു.
ചന്ദ്രന്റെ പത്താം ഭാവത്തിൽ കേതുവും.
ഇങ്ങനെ ഒൻപത് ഗ്രഹങ്ങൾ സഞ്ചരിക്കുന്ന കാലത്താണ് ജനനം എന്നുള്ളതുകൊണ്ട്, ശാരീരിക വൈകല്യങ്ങൾ ഇല്ലാതെയാണ് പിറന്നത്. 

നിങ്ങളുടെ അച്ഛനും അമ്മയും വിശ്രമജീവിതത്തിൽ ആണ്. അവർ അനാരോഗ്യരും, മാനസികമായി ഏറെ ചിന്താവിവശരും ആണ്. അവരുടെ ചിന്തകളും വിഷമങ്ങളും ഒക്കെയും നിങ്ങളെക്കുറിച്ചുള്ളതാണ്. നിങ്ങളുടെ ഇപ്പോഴത്തെ യോഗം, മാതാപിതാക്കളോട് ഒപ്പം കഴിയുക എന്നുള്ളതാണ്.
നിങ്ങള്ക്ക് ഒരു സഹോദരി മാത്രമാണ് ഇപ്പോൾ ജീവനോടെ ഉള്ളത്.

നിങ്ങൾ വിവാഹിതനാണ്, ഭാര്യയും ബിരുദധാരി ആണ്. ഇവിടെ ഇത് അന്നെഷിക്കുവാൻ വന്ന സമയം, നിങ്ങളും നിങ്ങളുടെ ഭാര്യയുമായി പിണക്കത്തിലാണ്.
താങ്കളിൽ നിന്നും അകന്നു കഴിയുന്ന ഭാര്യ, അവർക്കു നിങ്ങളോടു ഒട്ടും വ്യുൽപ്രർത്തി ഇല്ല.
പക്ഷെ താങ്കൾ അവരിലേക്ക്‌ ചായുവാൻ ഇപ്പോഴും തയ്യാറാണ്. 

നിങ്ങൾക്ക് രണ്ടു വിവാഹ യോഗമാണ്, അതായത് നിങ്ങൾ രണ്ടു വിവാഹങ്ങൾ കഴിച്ചേക്കാം.
മുപ്പത്തിയെട്ടാമത്തെ വയസ്സുകഴിയുമ്പോഴേ നിങ്ങൾക്ക് സന്താനഭാഗ്യം ഉണ്ടാകു, സ്ത്രീസുഖം ഉണ്ടാകു.

നിങ്ങൾ ഇപ്പോൾ സ്വന്തമായി ബിസിനെസ്സ് ആണ് ചെയ്യുന്നത്. ഇപ്പോൾ ചെയ്യുന്ന ബിസിനെസ്സ്, ട്രാവെൽസുമായി ബന്ധപ്പെട്ടതാണ്. ഈ ബിസിനെസ്സ് കൂടാതെ മറ്റു പല ബിസിനെസ്സുകളിലും ഏർപെടുവാനായി നിങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. സാമ്പത്തികമായും സാമൂഹികബന്ധങ്ങളാലും നിങ്ങൾ അനുഗ്രഹീതൻ ആയിരിക്കും.
അറുപത്തിയെട്ടു വയസ്സിൽ കൂടുതൽ ശാരീരിക സുഖത്തോടെ ജീവിക്കും.

"സ്വാമി, എന്റെ വിവാഹ ബന്ധം വേർപെടുമോ?" 
അദ്ദേഹം മുന്നേ പറഞ്ഞുപോയ കാര്യങ്ങൾ വ്യെക്തമായി ശ്രവിക്കുവാൻ എനിക്ക് കഴിഞ്ഞില്ല. എന്റെ ചോദ്യം നിലവിലെ ദാമ്പത്യ ജീവിതത്തെക്കുറിച്ചു മാത്രമായിരുന്നു.
ചോദ്യക്കുമ്പോൾ സ്വരം ഇടറിയിരുന്നു. 
വാക്കുകൾ തിരഞ്ഞെടുക്കുന്നതിലും പരുങ്ങൽ അനുഭവപെട്ടു.
നെടുവീർപ്പിനൊടുവിലാണ് ആ ചോദ്യം അദ്ദേഹത്തിലേക്കു എത്തുന്നത്.

"99 ശതമാനവും വിവാഹമോചനത്തിനാണ് സാധ്യത. ഒരു ശതമാനം മാത്രം നിലനിൽക്കാനും."

അദ്ദേഹം തീർത്തുപറഞ്ഞു.
എന്റെ ചോദ്യം അവസാനിച്ചിരുന്നില്ല.
വീണ്ടും അതെ ചോദ്യത്തിന്റെ തുടർച്ച ആയിരുന്നു.

"ഈ ബന്ധം തുടരുവാൻ ഒരു സാധ്യതയും ഇല്ലേ?"

' മോചനം എന്ന് തന്നെ ആണ് പറയുന്നത്. എന്ന് മാത്രമല്ല, നിങ്ങൾക്ക് രണ്ടു വിവാഹ യോഗവും ഉണ്ട്. അതായതു നിങ്ങൾ രണ്ടു വിവാഹങ്ങൾ കഴിച്ചേക്കാം. അത് ഒരുപക്ഷെ, ഇതേ പെൺകുട്ടിയെ തന്നെയും ആവാം. അതായതു, ഇപ്പോൾ വിവാഹമോചനം നേടിയ ശേഷമോ, അല്ലെങ്കിൽ മോചനത്തിന്റെ വക്കിൽ നിന്നും പിന്മാറിയോ മറ്റോ, ഇതേ പെൺകുട്ടിയെ തന്നെ രണ്ടാമതും വിവാഹം കഴിച്ചേക്കാം, ശേഷം ഒരുമിച്ചു ജീവിച്ചേക്കാം."

നാഡി വായനയുടെ അനുബന്ധമായി, മുൻജന്മ പാപങ്ങളുടെ പരിഹാരമായി വിവിധങ്ങളായ നിവർത്തികളും സൂചിപ്പിക്കുന്നുണ്ടായിരുന്നു.
"ആദിത്യായ ച സോമായ മംഗളായ ബുധായ ച |
ഗുരു ശുക്ര ശനിഭ്യശ്ച രാഹവേ കേതവേ നമഃ ||"

ശത്രു ഷഡാക്ഷര മന്ത്രം എഴുതിയ ചെമ്പ്തകിടു അഗ്നിയിൽ ഹോമിച്ചു ജീവൻ നൽകി, നവകലശങ്ങളും സാക്ഷിയാക്കി രണ്ടുമണ്ഡലക്കാലമായ തൊണ്ണൂറ്റാറു ദിവസം ബ്രാഹ്മമുഹൂർത്തത്തിൽ സമർപ്പിക്കണം. അത് ചെയ്യാൻ തുടങ്ങുന്ന സമയത്തു  മലമുകളിൽ വാഴും സുബ്രഹ്മണ്യന് മാലവാങ്ങി കൊടുത്ത് അർച്ചന കഴിപ്പിക്കണം. ഒപ്പം ദീപം തെളിയിച്ചു വണങ്ങണം. 48 തിങ്കളാഴ്ച ശിവപാർവതി ദേവാലയത്തിൽ ഒൻപത് വിളക്ക് വെച്ച് വണങ്ങണം.ബുധനാഴ്ചകളിൽ ഹനുമാൻ സ്വാമിക്ക് വഴിപാട് നടത്തണം. ഇത് മുടങ്ങാതെ ചെയ്യുക ആണെങ്കിൽ, ഇപ്പോൾ നടക്കുന്നതും ഭാവിയിൽ ഉണ്ടാകേണ്ടതുമായ തൊന്തരവുകൾക്കു അറുതിയുണ്ടാവും.

പരിഹാരനിർദേശങ്ങളോടെ നാഡീവായന പൂർത്തീകരിച്ചു.

 
*************************************
 

എന്റെ പ്രതീക്ഷകൾ ഏറെ ആയിരുന്നു.
അതുകൊണ്ടു ആവാം, പുറത്തിറങ്ങിയത് നിരാശയോടെ ആയിപോയത്.
എന്ത് കൊണ്ടാണ് നിരാശ തോന്നിയത് എന്ന് ചോദിച്ചാൽ  വ്യെക്തമായ ഉത്തരമുണ്ടോ എന്നും നിശ്ചയമില്ല. ആവർത്തിച്ചു കണ്ട സിനിമ കഥയിലെ ജ്യോതിഷി ആയിരുന്നു എന്റെ മനസ്സിലെ നാഡിവായനക്കാരൻ. സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച ഭൂതകാല വർണ്ണന തന്നെ ആയിരുന്നു എന്നെ നാഡിയിലേക്കു ആകര്ഷിച്ചതും, എന്നാൽ എന്റെ ആവർത്തിച്ചുള്ള ചോദ്യങ്ങളും ഓര്മപെടുത്തലുകളും അദ്ദേഹം അവഗണിക്കുക തന്നെ ചെയ്തു. എനിക്ക് അറിയേണ്ടത് എന്റെ ഭൂതകാലം കൂടി ആയിരുന്നുവല്ലോ. കഴിഞ്ഞ ജന്മത്തിൽ...അങ്ങനെ ഒന്നുണ്ടെങ്കിൽ, അന്ന് ഞാൻ ആരായിരുന്നു, എവിടെ ആയിരുന്നു ഞാൻ ജീവിച്ചത്?

എന്തുകൊണ്ട് അത്തരം ഒരു ചോദ്യം, അല്ലെങ്കിൽ മുൻജന്മ വിശ്വാസം കൂടെ കൂടിയെന്ന് ചോദിച്ചാൽ... ചിലപ്പോൾ , ചില കാര്യങ്ങൾ ഒന്നും വിശദീകരിക്കാൻ കഴിയില്ല എന്നുള്ള ഒഴിവുകഴിവു ഉത്തരം ആയിരിക്കും എനിക്കും പറയാനുള്ളത്. എങ്കിലും മുൻപ് എപ്പോഴോ സൂചിപ്പിച്ചിട്ടുള്ളതുപോലെ, ചില പുസ്തകങ്ങളുടെ സ്വാധീനം!. ചില സിനിമകൾ സൃഷ്‌ടിച്ച ഭ്രമാത്മക ലോകം!.
അവിടെ നിന്നും ഉയിർത്തെടുത്തതാണ് എന്റെയീ മുൻജന്മ വിശ്വാസം.
ആ വിശ്വാസത്തെ ഞാനൊരു മുസ്ലിം പശ്ചാത്തലത്തിലേക്ക് വളർത്തിയെടുക്കുകയും ചെയ്തു, അപസർപ്പക കഥകളെ പോലെ.

ചില സംഭവങ്ങൾ, യാദ്ര്ശ്ചികമായി സംഭവിച്ചതാവാം.
ബാഹ്യ ഇടപെടലുകൾ ഒന്നും കാണുവാൻ കഴിയാത്ത അത്തരം സംഭവങ്ങൾ ജീവിതത്തിലെ ചില നിമിത്തങ്ങളും വിധിനിര്ണയ തീരുമാനങ്ങളും ആയിരുന്നു.
ജീവിത ഗതിയെ സ്വാധീനിച്ച അത്തരം തീരുമാങ്ങൾക്കു പിറകിൽ ചില മുസ്ലിംമത വിശ്വാസികൾ ഉണ്ടായിരുന്നു.
സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്ന ഒരു ജോലി കണ്ടെത്തുന്നതിൽ മുതൽ എന്നെ സഹായിച്ചത്, മുത്തുറസൂലിന്റെ പ്രബോധനങ്ങളിൽ വിശ്വസിക്കുന്നവർ ആയിരുന്നു. ജോലി ചെയ്ത സ്ഥാപനവും ചുറ്റുപാടുകളും സഹപ്രവർത്തകരും ഒക്കെ അത്തരം വിശ്വാസ പ്രമാണങ്ങളുടെ പ്രയോക്താക്കളും പിന്തുടർച്ചക്കാരും ആയിരുന്നു.
എല്ലാം ഉപേക്ഷിച്ചു, സ്വഗൃഹത്തിലേക്ക് മടങ്ങിയപ്പോഴും ജീവനോപാധിയ്ക്കായി അവലംബം ആയത്,മുഗൾ സാമ്രാജ്യത്തിന്റെ സാംസ്‌കാരിക പെരുമ പേറുന്ന ഒരു പേരുള്ള സ്ഥാപനത്തിൽ ആണ്.
അപരിചിതർ പലരും ചോദിക്കുന്നുണ്ട്, താങ്കൾ മുസ്ലിം ഉമ്മയിൽ വിശ്വസിക്കുന്ന ആളാണോ? അവർ ഒരുപക്ഷെ, അത്തരം ചോദ്യം ചോദിക്കുന്ന അവസാനത്തെ ആളും ആയിരിക്കില്ല.

ശ്രീ എമ്മിന്റെ പുസ്തക സ്വാധീനത്തിൽ ഉയിർകൊണ്ട എന്റെ പൂർവ്വജന്മം എന്ന പ്രഹേളികയായിമാറിയ ചോദ്യം ഉത്തരം തരാതെ താളിയോലയിൽ ഉറങ്ങി.

അറിയാൻ ആഗ്രഹിച്ച രണ്ടാമത്തെ വിഷയമായ ദാമ്പത്യം, ആ ചോദ്യോത്തരങ്ങളും മറ്റും, സുഹൃത്തും ജ്യോത്സരുമായ രാജേന്ദ്രൻ പറഞ്ഞു നിർത്തിയടത്തു നിന്നും തുടങ്ങി, അദ്ദേഹം അവസാനിപ്പിച്ചടത്തു തന്നെ നിർത്തുകയും ആയിരുന്നു. ഏറ്റവും ആശ്ചര്യകരമായി തോന്നിയത് രാജേന്ദ്രൻ ജ്യോത്സരുടെ വാക്കുകളുടെ തനിയാവർത്തനം ആയിരുന്നു.
വിവാഹ ബന്ധത്തിൽ 99 ശതമാനം സാധ്യതയും വേർപെടുത്തലിനു ആണെന്നും, മറ്റൊരു സാധ്യത നിലവിലെ ഭാര്യയെ തന്നെ പുനർവിവാഹം ചെയ്യേണ്ടി വന്നേക്കാമെന്നും ആദ്യമായി കേൾക്കുന്ന കാര്യം ആയിരുന്നില്ലാ. ആ രണ്ടു സാധ്യതകളും നമ്മുടെ ജ്യോത്സരും പറഞ്ഞിരുന്നു.

രാജേന്ദ്രൻ ജ്യോത്സർ പറഞ്ഞ സാധ്യതകൾക്ക് അപ്പുറം മറ്റൊന്നും ദാമ്പത്യ വിഷയത്തിൽ ചേർത്തുവെക്കാൻ നാഡി വായനക്ക് കഴിഞ്ഞില്ല എന്നുള്ളത് എന്റെ സന്തോഷത്തെ കെടുത്തിയ കാര്യം ആയിരുന്നു. നാളത്തെ സാധ്യതകൾ തേടി ആയിരുന്നില്ല ഞാൻ പോയത്. അതിനു രജേന്ദ്രൻ ജ്യോത്സർ മതിയാവോളം ഉണ്ടായിരുന്നു. നാഡിയെ സംബന്ധിച്ച് എന്റെ പ്രതീക്ഷകൾ സാധ്യതകളുടേത് ആയിരുന്നില്ല. അതിനും അപ്പുറം ഉറപ്പായിരുന്നു വേണ്ടത്. ദൗർഭാഗ്യമെന്നു പറയട്ടെ, അവിടെ എന്റെ വർത്തമാനകാല സ്വപ്നത്തിന്റെ നിറവും മങ്ങി.
നിരാശ ഉരുണ്ടു കൂടി.
ഉത്തരങ്ങൾ പൂർണമാകാതെ ചില ചോദ്യങ്ങൾ, ആ ഭവനത്തിൽ ഉറങ്ങി.
നിർവികാരതയോടെ ആ നാഡി ഗൃഹത്തിൽ നിന്നും ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടന്നു.

തിരികെ വരുന്നവഴിക്ക്, ബസ്സിൽ ഇരിക്കുമ്പോഴാണ്,സേവ് ചെയ്യാത്ത നമ്പരിൽ നിന്നും ഒരു ഫോൺകോൾ.
ആരാണത്? ട്രൂകോളറിൽ നമ്പർ പരിശോധിക്കുമ്പോൾ,പത്തു പതിനൊന്നു വര്ഷം മുൻപ് ഉപേക്ഷിക്കപ്പെട്ട ഒരു പേര്.
രാവിലെ കണ്ട 'കൊച്ചിരാജാവ്' സിനിമ ഉണർത്തിയ ഓർമകൾക്ക് ശബ്ദരൂപം.
അവൾ എന്തിനായിരിക്കും, ഈ നീണ്ട ഇടവേളയ്ക്കു ശേഷം എന്നെ വിളിക്കുന്നത്. 
എന്തിനാവും അവളെന്നെ ഈ നിമിഷം തേടി വന്നത്.
തിരിച്ചു വിളിക്കണോ? വേണ്ടാ!

നിമിത്തങ്ങൾ എന്നെ വിടാതെ പിന്തുടരുക ആണല്ലോ!

നീഹാരം

"അമ്മയുമായി വീടിന്റെ പുറകിലെ പറമ്പിൽ നിൽക്കുക ആയിരുന്നു. തൊട്ടാവാടിയും വേലിപ്പരുത്തിയും വളർന്നു കിടക്കുന്ന പച്ചപ്പ് അവിടെവിടെയായി ക...