ചവറ കൊറ്റൻകുളങ്ങര ക്ഷേത്രോത്സവം -ചമയവിളക്ക്
#foodtravelholybyaswath
എന്തിനാണ് ക്ഷേത്ര ഉത്സവങ്ങൾ ?
എന്താണ് അത് ആഘോഷിക്കുന്നതിനുള്ള സാംഗത്യം? എന്നിങ്ങനെ ഉള്ള ചോദ്യങ്ങൾ ആദ്യമായി കേട്ടത് ലോവർ പ്രൈമറി ക്ലാസ്സുകളിൽ എപ്പോഴോ പ്രിയസ്നേഹിതൻ മുഹമ്മദ് യഹിയ ചോദിച്ചപ്പോഴാണ്. ഏറെ ആലോചിട്ടുണ്ടെങ്കിലും, ആചാര മത പാരമ്പര്യ പഠനങ്ങളുടെ കുറവ് കൊണ്ടാകാം, അതിനുള്ള ഉത്തരം എന്താണെന്നുള്ളത് അന്നും അറിയില്ലായിരുന്നു.
കണ്ടു വളർന്നതും കേട്ടുവളർന്നതുമൊക്കെ ആണ്ടിലൊരിക്കൽ ആഘോഷിക്കാറുള്ള കൊറ്റൻകുളങ്ങരയിലെ ഉത്സവമായിരു ന്നു. ഓരോ ഉത്സവങ്ങൾ കഴിയുമ്പോഴും വിഷമവും അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പുമായിരുന്നു, ആ കുട്ടിക്കാലം. അതിനുമപ്പുറം, മറ്റു ചോദ്യങ്ങളും ചിന്തകളും അപ്രസക്തമായിരുന്നു.
ആരാണ് ഉത്സവം തുടങ്ങിയത് ?
എങ്ങനെയാണു അതൊരു സ്ഥിരം സംവിധാനമായി നിലനിൽക്കുന്നത്? എന്തുകൊണ്ടാണ് എല്ലാവർഷവും അത് ആഘോഷിക്കുന്നത്?
എന്നിങ്ങനെ ഉള്ള ചോദ്യങ്ങൾ ഓരോ കാലത്തും ഉയർന്നുകൊണ്ടേയിരുന്നു. ചെറിയ ചെറിയ വായനകളിലൂടെ മനസ്സിലാക്കിയതും കേട്ടറിഞ്ഞതും നിരീക്ഷിച്ചതുമായ വസ്തുകകൾ ക്രമീകരിച്ചോരു ഊഹത്തിലേക്ക് എത്തുമ്പോഴാണ്, ചരിത്ര പാരമ്പര്യ പഠനങ്ങളിൽ ശ്രദ്ധയൂന്നുന്ന ശ്രി നിള അനിൽ കുമാർ ചേട്ടനെ കണ്ടുമുട്ടുന്നത്.
എന്റെ മനസ്സിൽ ഉരുത്തിരിഞ്ഞ ഉത്തരങ്ങളിലേക്കു ള്ള വഴി തന്നെ ആയിരുന്നു അദ്ദേഹം പങ്കുവെച്ച അഭിപ്രായങ്ങളും.
ആദി ദ്രാവിഡ സംസ്കാരത്തോളം പരന്നു കിടക്കുന്ന കേരളീയ ക്ഷേത്ര സംസ്കാരവും മനുഷ്യ ജീവിതവും വയലുകളും വിളയിടങ്ങളും കേന്ദ്രികരിച്ചായിരുന്നുവല്ലോ നിലനിന്നിരുന്നതും വളർന്നതും. കാർഷികവൃത്തി തന്നെ ആയിരുന്നു അന്നത്തെ ജനങ്ങളുടെ മുഖ്യ വരുമാനമാർഗവും ജീവിതവും.
അവർ നല്ല വിത്തുകൾക്കും വിളവുകൾക്കും വേണ്ടി പ്രാർത്ഥിച്ചു.
കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥക്ക് വേണ്ടി പ്രാർത്ഥിച്ചു.
മഴക്ക് വേണ്ടി പ്രാർത്ഥിച്ചു.
വെയിലിനു വേണ്ടി പ്രാർത്ഥിച്ചു.
ഓരോ പ്രാർത്ഥനകൾക്കും കാരണങ്ങൾ ഉണ്ടായിരുന്നു. ആ ജനതയുടെ ആവിശ്യങ്ങൾ ഉണ്ടായിരുന്നു.
പ്രാർത്ഥനകള്ക്കായി ഗ്രാമദേവതയും ഉണ്ടായിരുന്നിരിക്കണം.
ജീവിതം, വയലും വയലേലകൾക്കുമായി മാറ്റിവെച്ചവരുടെ ദേവതാസങ്കേതങ്ങളും സാന്ന്യധ്യവും വയലുകളുടെ അരികു പറ്റി തന്നെയാവണമല്ലോ.
ആണ്ടറുതിയിലെ വിളവെടുപ്പുകൾക്ക് ശേഷം, വിളവിന്റെ ഒരു ഭാഗം,ദേവതക്കായി സമർപ്പിച്ചിരിന്നിരിക്കണം.
വിളവെടുപ്പ് ആഘോഷം, വയലേലകളിൽ തന്നെ കെങ്കേമത്തോടെയും ആഘോഷിച്ചിരുന് നിരിക്കണം.
കൊടിതോരണങ്ങൾ കെട്ടി,
കൊട്ടും കുരവയും,
ആർപ്പുവിളിയോടെ കൊണ്ടാടിയിരുന്നിരിക്കണം.
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ചവറ ശ്രി കൊറ്റൻകുളങ്ങര ദേവി ക്ഷേത്രം.
ക്ഷേത്ര ഐദീഹ്യ പ്രാധാന്യത്താലും ആചാര അനുഷ്ടാനങ്ങളുടെ വ്യെത്യസ്തകളാലും, സുപ്രസിദ്ധവും അനേകരുടെ അഭയസ്ഥാനവും ആണ് ഈ ക്ഷേത്രം.
ഐതീഹ്യ പെരുമയുടെ താളിയോല കെട്ടഴിക്കുമ്പോൾ ചവറ കൊറ്റൻകുളങ്ങര ക്ഷേത്രത്തിനു പറയാൻ ഒരുപാടു കഥകളുണ്ട്. പഴമയുടെ ആ പനയോലകളിൽ പുതുമയോടെ ക്ഷേത്ര ജനനം ഒളിഞ്ഞുകിടക്കുന്നതായി കാണാം. നേർച്ചയായി നടത്തപെടുന്ന ഉത്സവപൂജക്കു വരെ കൈവിട്ടുപോയ പ്രണയപാരവശ്യത്തിന്റെ പ്രായശ്ചിത്തമാർന്ന കഥ പറയാൻ ഉണ്ടാവും.
കുറ്റിക്കാടുകളും വള്ളിപ്പടർപ്പുകളും പടർന്നു കിടന്നൊരു പ്രദേശം ആയിരുന്നു ഒരു കാലത്തു ചവറ കുളങ്ങര ദേശം. പലതരം കളികളിൽ ഏർപ്പെട്ടിരുന്ന പ്രദേശത്തെ ബാലന്മാർ കുറ്റിക്കാട്ടിലെ ഒരു ശിലയിൽ സ്പർശിക്കാൻ ഇടവരുകയും, ഉടനെ ആ ശിലയിൽ നിന്നും രക്തം പൊടിയുകയും ചെയ്തു. ഭയചകിതരായി കുട്ടികൾ ദേശമുഖ്യനെ വിവരം അറിയിപ്പിച്ചു. അദ്ദേഹം ദൈവജ്ഞനെയും ഒപ്പം ദേശപ്രമാണിമാരെയും കൂട്ടിവന്നു നടത്തിയ പ്രശ്ന ചിന്തയിൽ, ആ സ്ഥലത്തു ഈശ്വര ചൈതന്യവും സാമീപ്യവും ദേവി രൂപത്തിൽ ഉണ്ടെന്നും അതൊരു സ്വയംഭൂ ശിലാ വിഗ്രഹമാണെന്നും ഗണിച്ചു രേഖപ്പെടുത്തി. അവിടെ ക്ഷേത്രമെന്ന സങ്കല്പത്തി ൽ കുട്ടികൾ നാളികേരം പൊട്ടിച്ചു കാഴ്ച്ച അർപ്പിച്ചു, വെള്ളക്ക കൊണ്ട് കളിവണ്ടികൾ ഉണ്ടാക്കുകയും ബാലന്മാരായ അവർ പെൺകുട്ടികളെപോലെ വേഷം ധരിച്ചു വിളക്ക് എടുക്കുകയും ചെയ്തു.
ദേവി ചൈതന്യവും പ്രശസ്തിയും കൊച്ചിടിക്കാളിയിൽ നിന്നും സർവാർത്വാ സാധികയായ കൊറ്റൻകുളങ്ങര അമ്മയിലേക്ക് വളർന്നു.
നാടൊട്ടുക്കും പ്രതാപികളായ ഗജവീരന്മാരെ എഴുന്നെള്ളിച്ചും കൂറ്റൻ ഉത്സവഫ്‌ളോട്ടുകൾ ഒരുക്കി പൂരം നടത്തുമ്പോഴും കൊറ്റൻകുളങ്ങരയെ വ്യെത്യസ്തമാക് കുന്നതു വണ്ടിക്കുതിരകളും ചമയവിളക്കുമാണ്.
കൊല്ലം ജില്ലയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലാ, കൊറ്റൻകുളങ്ങര ക്ഷേത്ര പ്രസിദ്ധി. അഞ്ച് പറകളിൽ കാണിക്കാ അർപ്പിച്ചു, അഞ്ച് തിരിയിട്ട വിളക്കിൽ, പുരുഷന്മാർ ( അതെ, പുരുഷന്മാർ മാത്രം) സ്ത്രീ വേഷം കെട്ടി ചമയവിളക്ക് എടുക്കുന്ന ഏക ക്ഷേത്രം.
തിരുഉത്സവത്തിനു തുടക്കം കുറിച്ചുകൊണ്ട് എല്ലാ വർഷവും മലയാളമാസം മീനം ഒന്നാം തീയതിയാണ് ദേവി ദേശത്തെ കരകളിലേക്ക് നാടുകാണാൻ ഇറങ്ങുന്നത്. ചവറ, പുതുക്കാട്, കുളങ്ങരഭാഗം, കോട്ടയ്ക്കകം എന്നിങ്ങനെ നാലുകരക്കാരാണ് ഉത്സവച്ചടങ്ങുകളുടെ നടത്തിപ്പുകാർ .
മുന്നിലും പിന്നിലുമായി രണ്ടാളുകൾ ചുമക്കുന്ന ജീവിത തണ്ടിലേക്ക് ദേവി ചൈതന്യത്തെ ആവാഹിച്ചു, ചെമ്പട്ടുടുത്ത, നാന്തകം കൈയ്യിലേന്തിയ വെളിച്ചപ്പാടിന്റെ കാവലിൽ, ഓലക്കുടയുമായാണ് ദേവി, കുത്തുവിളക്കിന്റെ പിന്നിലായി കരയിലേക്ക് എഴുന്നള്ളുന്നത്. ദേവി എഴുന്നെള്ളുന്ന വഴികളിൽ, വഴി തെളിക്കാനും വെടിയോടെയും വാദ്യവങ്ങളോടെയും മുന്നോട്ടു നയിക്കാനും കരക്കാരും പ്രമാണിമാരും ഉണ്ടാവും.
കൊറ്റൻകുളങ്ങരയിൽ നിലനിൽക്കുന്ന പരമ്പരാഗത ആചാര സമ്പ്രദായങ്ങളെ സംബന്ധിച്ചടുത്തോളം, കീഴ്വഴക്കങ്ങളിലും അവകാശങ്ങളിലും കെട്ടുപിണഞ്ഞു കിടക്കുന്ന സംസ്‌കൃതിയാണ്. ജീവിത ചുമക്കാനും,ഓലക്കുട എടുക്കാനും വെളിച്ചപ്പാടാവാനും വഴിതെളിക്കാനും ഒക്കെ ക്ഷേത്ര പരിധിയിലെ നിർദിഷ്ട കുടുംബങ്ങളുടെ മാത്രം അവകാശവും കോയ്മയുമാണ്.
തങ്ങളുടെ ധന ധാന്യാ ശേഖരത്തിന്റെ ഒരുപങ്ക്, അഞ്ചു പറകളിൽ ഒരുക്കി കാണിക്ക സമർപ്പിച്ചാണ് കുരുത്തോലപ്രിയയായ ദേവിയെ ഓരോരുത്തരുടെയും വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും സ്വീകരിക്കു ക. നാലുകാലുകളിൽ ഉയരുന്ന പന്തലിൽ, ഗണപതിക്ക് ഒരുക്കിവെച്ചതിനു അരികിലായി, അഞ്ചു പറകൾ നിരത്തുന്നു. വലത്തുനിന്നും നെല്ലിൽ തുടങ്ങി, പച്ചരി, മലർ, പഴം,പുഷ്പങ്ങൾ എന്നിങ്ങനെ ആണ് ഓരോ പറകളിലും ഭക്തിയോടെ നിറക്കുന്നത്. ചിലർ അത്, ഏഴു പറയും ഒൻപത് പറയും മറ്റുമായി നിറക്കാറുണ്ട്.
കർപ്പൂരമെരിയുന്ന പന്തലിലേക്ക് ചന്ദനത്തിരി ഗന്ധം അലയുന്ന മണ്ണിലേക്ക് അനുഗ്രഹിച്ചു എഴുന്നെള്ളുന്ന ജീവിത, കാണിക്ക കണ്ടു സ്വീകരിച്ചു, അനുഗ്രഹിച്ചു മടങ്ങുമ്പോൾ, അർച്ചിതരുടെ പ്രാർത്ഥനകൾ പുഷ്പങ്ങളായി ജീവിതയിലേക്ക് അർപ്പിക്കും.
നാലുകരകളിലെയും പ്രധാന വഴിത്താരകളിലൂടെ,
കൈതമുള്ളു ചെടിപടർന്നു കിടക്കുന്ന ഇടവഴികളിലൂടെ,
കോൺക്രീറ്റ് പാകിയ ഇടറോഡുകളിലൂടെ,
വിഷു എത്തുംമുമ്പേ പൂവിട്ടു, പൊഴിഞ്ഞു കിടക്കുന്ന കൊന്നപ്പൂവുകളുടെ മീതേകൂടി,
മീനവെയിൽ ചാഞ്ഞുകിടക്കുന്ന കൊയ്ത്തുകഴിഞ്ഞ പാടവരമ്പുകളിലൂടെ,
നന്ത്യാർവട്ടവും ചെമ്പരത്തിയും തണൽവിരിക്കുന്ന വേലിപടർപ്പുകളുടെ അരികിലൂടെ,
ദേശീയപാത മുറിച്ചുകടന്ന്,
ദേശീയജലപാതയുടെ അരികുപറ്റി,
അഷ്ടമുടികായലിലെ കാറ്റേറ്റ്,
വായ്ക്കുരവകളുടെ ഇടയിലൂടെ ,
വഴിതെളിക്കുന്ന വെടിയൊച്ചകളുടെ നടുവിലൂടെ,
വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ,
മഞ്ഞപ്പൊടിമുക്കിയ പുണ്യാ വെള്ളത്തിന്റെ കാൽനനവോടെ....
നാടുകണ്ടു, നാട്ടുകാരെ കണ്ടു, കാണിക്ക സ്വീകരിച്ചു, അനുഗ്രഹങ്ങൾ ചൊരിഞ്ഞു, പൊന്നുതമ്പുരാട്ടി, കൊറ്റൻകുളങ്ങരയിൽ വാഴും അമ്മ, ചമയപ്രിയ, ദേവി ഒൻപതാം നാൾ ക്ഷേത്രത്തിലേക്ക് തിരികെ എത്തും.
പത്താംനാൾ രാവിലെ ,ക്ഷേത്രത്തിനു കിഴക്കുവശമുള്ള കുഞ്ഞാലുമൂട്ടിലെ ചൈതന്യ തറയിൽ നിന്നും വാദ്യഘോഷത്തോടെ കൊച്ചുകുട്ടികളുടെ താലപ്പൊലികളോടെ ഉരുൾച്ച ആരംഭിക്കുന്നു. ഉരുൾച്ച ക്ഷേത്രത്തിൽ എത്തിച്ചേർന്നു കഴിഞ്ഞാലുടൻ, കരപ്രമാണിമാരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിനു മുന്നിലെ കളത്തട്ടിൽ ഒത്തുകൂടുന്നു. നടേവെളിയിൽ കുരുത്തോലപ്പന്തൽ കെട്ടുന്നതിലേക്കായുള്ള ആലോചനയും നടപടിക്രമങ്ങളുമാണ് ചർച്ചാവിഷയം.
വാസ്തു കണക്കെന് ദക്ഷിണ കൊടുത്തു, കുരുത്തോല വാങ്ങി, അത് കെട്ടുന്നതോടുകൂടി, പന്തലിനു ഉള്ള ജോലികൾ ആരംഭിക്കുകയായി.
ഏറ്റവും പിറകിലായി ഇടയമ്പലവും അതിനു മുന്നിൽ ശ്രീകോവിലും, ഏറ്റവുംമുന്നിൽ പതിനെട്ടുകാലിൽ തീരുന്ന നടപ്പന്തലും ആണ്, അന്നേദിവസം തന്നെ കെട്ടുന്ന കുരുത്തോലപ്പന്തൽ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഉത്സവ ദിവസങ്ങളായ മീനം പത്തും പതിനൊന്നും, ഉത്സവവും വിളക്കും കണ്ട് ദേവി എഴുന്നെള്ളി വിശ്രമിക്കുന്നത്, ഈ കുരുത്തോല പന്തലിൽ ആണ്.
രാവിലെ തുടങ്ങുന്ന കുരുത്തോലപ്പന്തൽ ജോലികൾ, വെയിലൊഴിയുന്നതിനു മുന്നേ തീർന്നിരിക്കും. പന്തൽ, ഉയർന്നാൽ മാത്രമേ, ഉത്സവമേളത്തിനു എത്തുന്ന നാലു കരകളിൽ നിന്നുമുള്ള കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. പന്തൽ ഉയർന്നു കഴിയുമ്പോൾ, ക്ഷേത്ര മതിൽകെട്ടിനു പുറകുവശം എത്തുന്ന ചവറ കരക്കാരുടെ കെട്ടുകാഴ്ചകൾ തനതുകരയായ കുളങ്ങരഭാഗം കരക്കാർ 'കര' പറഞ്ഞു ക്ഷണിക്കുന്നതോടെ, കെട്ടുകാഴ്ചകൾ ക്ഷേത്ര മൈതാനത്തേക്ക് ഇറങ്ങുകയായി.
അപ്പോഴേക്കും ദേവി, ക്ഷേത്രത്തിൽ നിന്നും എഴുന്നെള്ളി , കുരുത്തോല പന്തലും കണ്ടു, കെട്ടുകാഴ്ചകളെയും ദർശിച്ചു, ക്ഷേത്രത്തിനു കിഴക്കു ഭാഗത്തുള്ള കടത്താട്ടു വയലിലേക്ക് പോകും.വയലിൽ ഒത്തുകൂടുന്ന എല്ലാ കെട്ടുകാഴ്ചകളും, ഒപ്പം എത്തുന്ന നാട്ടുകാരും, കടത്താട്ടു വയലിലെ ആൽത്തറക്ക് പ്രദക്ഷിണം നടത്തി, നമസ്ക്കരിച്ചു, പൂജകൾക്ക് ശേഷം ആഘോഷത്തോടെ പിരിയുന്നു.
കടത്താട്ടു വയലിൽ നിന്നും തിരികെ എത്തുന്ന ദേവി കുരുത്തോല പന്തലിൽ വിശ്രമിക്കും.
അപ്പോഴേക്കും വഴി വക്കുകളിലും അരയാൽ മുറ്റത്തും കെട്ടുകാഴ്ച ചുവട്ടിലും കുളക്കരയിലും ഒക്കെ ചമയവിളക്കുകൾ വന്നു തുടങ്ങിയിട്ടുണ്ടാവും.
ക്ഷേത്ര മൈതാനത്ത് വിശ്രമിക്കുന്ന ദേവി, സേവയും കേട്ട്, കച്ചേരിയും ആസ്വദിച്ചു, പുലർച്ചെ നടക്കുന്ന ആറാട്ടിനുള്ള ഒരുക്കങ്ങൾക്കായി തയ്യാറെടുക്കുന്നു.
നിരന്നു നിൽക്കുന്ന ചമയവിളക്കുകൾക്ക് നടുവിലൂടെ ഒറ്റച്ചെണ്ടയുടെ മുരൾച്ചയിൽ ദേവിയെ കുഞ്ഞാലുമൂട്ടിലേക്ക് ആനയിക്കുന്നു. അവിടെ നിന്നുമാണ് ദേവി, വിളക്കുകൾ കണ്ടു,അനുഗ്രഹങ്ങൾ ചൊരിഞ്ഞു, ക്ഷേത്രകുളത്തിലേക്ക് ആറാട്ടിനായി വരുന്നത്.
അഞ്ചു തിരിയിട്ടു കത്തുന്ന വിളക്കിനു പിന്നിലെ നാരി രൂപം.
കുളിച്ചു കുറിതൊട്ട്,
പീലി കണ്ണെഴുതി,
ചായക്കൂട്ടുകൾ നിറച്ച മുഖത്ത് സ്ത്രൈണത പടർന്ന് ....
മുല്ലപ്പൂവുകൾ ചൂടി ...ചമയ വിളക്കുകളോ താലമോ കാക്കവിളക്കുകളോ പിടിച്ചുകൊണ്ടു പുരുഷാങ്കനമാർ നിൽക്കുന്നുണ്ടാ വും.
അഴകാർന്ന ആ കാഴ്ചകളുടെ ഇടയിലേക്ക്,
കത്തിയെരിയുന്ന തീവെട്ടിയുടെ തീഷ്ണ ജ്വാലയിൽ,
കൊറ്റന്കുളങ്ങരക്ക് മാത്രം അവകാശപ്പെടാവുന്ന ആ പ്രേത്യേക അസുരവാദ്യത്തിന്റെ അകമ്പടിയോടെ,
വായ്ക്കുരവകളുടെ, മന്ത്രങ്ങളുടെ സ്നിഗ്ധതാളത്തിൽ,
ഭക്തിപ്രഘോഷിതമായ അന്തരീക്ഷത്തിൽ,
ഉറഞ്ഞു തുള്ളി ദേവി എഴുന്നെള്ളും
കുത്തുവിളക്കിലെ എണ്ണയുടെ മണം.
തൊട്ടുപുറകിൽ, ചെമ്പട്ടുടുത്ത വെളിച്ചപ്പാട്, വായുവിൽ വീശുന്ന നാന്തക മുദ്രകൾ.
അതിനു പുറകിൽ, വെള്ളമുണ്ടുത്ത ഓലക്കുട.
തൊട്ടുപുറകിലാണ്, ദേവി ചൈതന്യം കുടികൊള്ളുന്ന ജീവിത.
ചെണ്ടവാദ്യം മുറുകുമ്പോൾ, ഗണപതിക്കൊട്ടിൽ നിന്നും ഉച്ചസ്ഥായിലേക്ക് ആകുമ്പോൾ, കണ്ഠമിടറുന്ന ശബ്ദത്തോടെ പ്രാർത്ഥനകൾ കേൾക്കാം.
പുരുഷനിൽ ഒളിഞ്ഞിരിക്കുന്ന സ്ത്രൈണതയുടെ സൗന്ദര്യം, ചമയ വിളക്കിന്റെ പ്രഭയിൽ തെളിയുമ്പോൾ, ജീവിത തണ്ട് ഏന്തുന്നവരുടെ മുഖത്തെ പ്രസന്നതയും പുഞ്ചിരിയും ഐശ്യര്യവും ദേവി ചൊരിയുന്ന അനുഗ്രഹം എന്നുതന്നെ വിശ്വസിക്കുന്നു.
ഭക്തിയോടെ പുഞ്ചിരിയോടെ സന്തോഷത്തോടെ ഒപ്പം ഭയത്തോടെയും ചുണ്ടുകളിൽ മന്ത്രവും പ്രാർത്ഥനയും.
എഴുന്നെള്ളത്ത് ഏവർക്കും ദർശനം ഏകി,ക്ഷേത്ര കുളത്തിലേക്ക് ആറാട്ടിനായി നടന്നു അടുക്കും.
അപ്പോഴേക്കും ഭക്തകണ്ഠങ്ങളിൽ നിന്നുമുള്ള വായ്ക്കുരവകളും മന്ത്രങ്ങളും ഉച്ചസ്ഥായിലേക്ക് ഉയരും.
ചന്ദനത്തിരയുടെയും ഭസ്മ കർപ്പൂരധൂളികളും അന്തരീക്ഷത്തിൽ അലിയും.
കണ്ണുകളിൽ നിന്നും പൊഴിയുന്ന പ്രാര്ഥനായാർന്ന കണ്ണീരു ദേവിയോടുള്ള നന്ദി പ്രകാശം ആവാം.
ആഗ്രഹങ്ങൾ ആവാം !
ആശകൾ ആവാം !
നൊമ്പരങ്ങൾ ആവാം!
ആശ്വാസങ്ങൾ ആവാം!
പ്രതീക്ഷകൾ ആവാം
ചമഞ്ഞു ഒരുങ്ങുന്ന വിളക്കുകൾക്കു പിന്നിൽ അമ്മയുടെ, സഹോദരിയുടെ, ഭാര്യയുടെ, മക്കളുടെ, സുഹൃത്തിന്റെ, പ്രാർത്ഥനകളുടെ, ആവശ്യങ്ങളുടെ ഭാണ്ഡക്കെട്ടുകൾ ഉണ്ടാവും. നിരാലംബരുടെ ആശ്രയവും അഭയവും ആണ് അത്തരം നേര്ച്ച വിളക്കുകൾ.
വിളക്കെണ്ണയിൽ എരിയുന്ന അഞ്ചുതിരിനാളങ്ങൾ പൂർത്തീകരിക്കപ്പെട്ട സ്വപ്നങ്ങളുടെ നന്ദിപ്രകാശവും ആവാം.
പത്താംനാളിലെ ഉത്സവച്ചടങ്ങുകളുടെ തനിയാവർത്തനമാണ് പതിനൊന്നാം തീയതിയിലും,ഒപ്പം ഉത്സവസമാപനവും .
പറഞ്ഞു പതിഞ്ഞ സ്ഥലസൂചികകളിൽ ചവറയെ അടയാളപ്പെടുത്തുമ്പോൾ കയറും കായലും കരിമണ്ണും കശുവണ്ടിയും പോലെതന്നെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണ്, മേൽക്കൂരയില്ലാതെ വാഴുന്ന കൊറ്റൻകുളങ്ങര ക്ഷേത്രവും ചമയവിളക്കും.
#foodtravelholybyaswath