ഓർമകളിൽ ഉറങ്ങുന്ന ക്രിസ്മസ് ഒരു കാത്തിരിപ്പാണ് , കൈ നിറയെ കേക്കും മധുരവുമായി, ജോലി കഴിഞ്ഞു രാത്രിയിൽ എത്തുന്ന അച്ഛനെയും കാത്തുള്ള ഇരിപ്പ് !
വലിയ ഒരു പോതിയുണ്ടാവും ,കേക്കും മറ്റു മധുരങ്ങളുമെല്ലാമായി. അച്ഛന്റെ മുതലാളി കൊടുക്കുന്നതും ,പിന്നെ അച്ഛൻ തനിയെ വാങ്ങി വരുന്നതും. കാത്തിരിപ്പിനൊടുവിൽ കിട്ടുന്നത് രാത്രിയിൽ തന്നെ വീതംവെച്ചു ,തിന്നു തീര്ത്തിരിക്കും, എന്നാലും അതിൽ നിന്നും കുറച്ചെങ്കിലും എടുത്തു അമ്മ,അടുത്ത രാവിലെത്തെക്ക്മാറ്റിവെച്ചേക്കും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അതിരാവിലെ എണീറ്റ് അടുക്കള മുഴുവൻ അരിച്ചുപറക്കും . വിശ്വാസം രക്ഷിക്കാറായിരുന്നു പതിവ് !!ക്രിസ്മസ് അവധി കാലത്തെ ഒരു വിനോദം ആയിരുന്നു നക്ഷത്രം ഉണ്ടാക്കുന്നത്.
ശിവദാസൻ മൂപ്പരുടെ മകൻ ബാബുകുട്ടനാണ്,മടൽ പോളിമ്പുകൾ കൂട്ടികെട്ടി നക്ഷത്രം ഉണ്ടാക്കുവാൻ പഠിപ്പിച്ചത്. അയലത്തെ വീടുകളിൽ ,കടകളിൽ നിന്നും വാങ്ങുന്ന ചുമന്ന നിറമുള്ള നക്ഷത്രങ്ങൾ രാത്രിയിൽ തിളങ്ങി നില്ക്കും. പക്ഷെ ഞങ്ങൾ ചെയ്തിരുന്നത് തെങ്ങിന്റെ മടൽ കനം കുറച്ചു വെട്ടിക്കീറി ,നക്ഷ്ത്രമുണ്ടാക്കും, നിറമുള്ള കടലാസുകൾ കൊണ്ട് അലങ്കരിക്കും. കാര്ത്തിക വിളക്കിനു കത്തിച്ചതിനു ശേഷം ബാക്കി വന്ന മരോട്ടിക്ക കൊണ്ടുള്ള ചിരാതിൽ തിരിയിട്ടു നക്ഷത്രം തെളിയിക്കും.ചിലപ്പോൾ കളരി അമ്പലത്തിൽ മണ്ഡല ചിറപ്പിനു, ചുറ്റുമതിലിൽ തെളിയിക്കുന്ന മെഴുകുതിരി ഊതിയണച്ചു, ചിരട്ടക്കുള്ളിൽ ആക്കി ,നക്ഷത്രത്തിന്റെ പള്ളയിലേക്ക് വെയ്ക്കും. എനിക്ക് കയറാൻ പറ്റുന്ന,മുറ്റത്തെ ചെറിയ മാവിന്റെ കൊമ്പിൽ തൂക്കുന്ന നക്ഷത്രം, എത്രയോ പ്രാവിശ്യം ,ചിരാതു ചരിഞ്ഞു, അത് നിന്ന് കത്തിയിരിക്കുന്നു.
അച്ഛൻ കൊണ്ട് വന്നിരുന്ന സമ്മാന പൊതികൾക്ക് ശേഷം , എത്രയോ പ്രാവിശ്യം പല ഭാഗത്ത് നിന്നും കേക്കുകൾ വാങ്ങിയിരിക്കുന്നു.ഞാൻ വാങ്ങിയ ഒരു ക്രിസ്മസ് കേക്കിലും അന്ന് അനുഭവിച്ച ആ രുചിയും സന്തോഷവും കിട്ടിയിട്ടില്ല.
ഇന്ന് വാങ്ങിയ കേക്കിലും അരുചിയുടെ താളകൂട്ടായിരുന്നു.
ഓർമകൾക്ക് എന്ത് സുഗന്ധം !
പൊയ്പോയ വസന്തങ്ങൾക്ക്,,നിറമുള്ള ഓർമകൾക്ക് ....മാനം കാണാതെ ഒളിപ്പിച്ചു വെച്ച മയിൽപീലി തുണ്ടുകളോടുള്ള സ്നേഹമാണ്!!
No comments:
Post a Comment