Saturday, May 20, 2017

ഓർമ്മകളുടെ മാവിൻചുവട്ടിൽ: അനുബന്ധം ഒന്ന്

ആമുഖം 

സുഹൃത്തുക്കളെ , സഹപാഠികളെ,

പൊയ്‌പ്പോയ കാലത്തെ സുന്ദര നിമിഷങ്ങളെ ഓർത്തും പ്രേത്യേകിച്ചു സ്‌കൂൾ  പഠനകാലത്തെ ഓർമ്മകളിലൂടെ നടന്നുപോകുമ്പോഴുമാണ്, 'പെട്ടിയും കുട്ടിയും മമ്മൂട്ടിയും' എന്ന കാല്പനികബിംബം സിനിമകഥകളുടെ അഭിവാജ്യ ഘടകമായിരുന്ന ആ കാലയളവിലെ , പകർത്തിയെഴുതുന്ന ഓട്ടോഗ്രാഫ്സ് ബുക്കുകളുടെ താളുകളിൽ, മഷി പടർന്നു കോറിയിട്ട വാക്കുകളായി എപ്പോഴും കാണാറുള്ള 'പൊട്ടിയ കുപ്പിവളകളും, എഴുതി തീർന്ന മഷിപ്പേനയും, ഒളിച്ചുവെച്ച മയിൽ‌പ്പീലി തുണ്ടും, മഷിത്തണ്ട് പച്ചയും,' ഒക്കെ ക്ളീഷേയായി ഓർമകളിൽ നിറയുന്നതും ഗൃഹാതുരതയോടെ മിഴിതുറന്നു കാണുന്നതും.

ആ ഒരു മാനസികപരിസരത്തെ പുൽകിയ വേളയിലാണ്, സഹപാഠിയായ പ്രിയ സുഹൃത്ത് , അയാളുടെ  ഓർമ്മകlൾ  പേറുന്ന ഭാണ്ഡ കെട്ടുകളുടെ ചരടുകൾ ഓരോന്നായി അഴിക്കുന്നതും അത് വെറുതെ എന്നോട് പങ്കുവെക്കുന്നതും. അതിനെ ഒക്കെ കൊത്തിപറക്കി, നൂലിട്ട് കെട്ടി  അടുക്കിവെക്കണമെന്ന് അയാൾക്ക് ആഗ്രഹമുണ്ടെങ്കിലും, അത് മഷിലിപ്തമായി കാണണമെന്ന് ആഗ്രഹിച്ചത് എന്നിലൂടെയായിരുന്നു. അയാളുടെ ഇഷ്ടത്താലും പ്രോത്സാഹനത്താലും ആണ് ഞാനത് വെറുതെ കുത്തിവരച്ചു തുടങ്ങിയത്. 

പോയവഴികളും, പിന്നിട്ട യാത്രകളും, കണ്ടു മുട്ടിയ ആളുകളും, പറഞ്ഞുപോയ കഥകളും, പറയാതെ മനസ്സിൽ സൂക്ഷിച്ച സ്വപ്നങ്ങളും ഒക്കെ എഴുതാൻ ശ്രമിക്കുമ്പോൾ ,പറഞ്ഞു തന്നവയിൽ പലതും അറിയാതെ വിട്ടുപോകുകയും ചിലത്  ഒഴിവാക്കപ്പെടുകയും മറ്റുചിലത് കൂട്ടിച്ചേർക്കപെടുകയും ഒക്കെ ചെയ്തിരുന്നു. അങ്ങനെ  എഴുതി വെച്ചതിൽ അക്ഷര തെറ്റുകളും വ്യാകരണ പിശകുകളും അക്ഷര ശുദ്ധിയുടെ അപര്യാപ്തതയും കാവ്യഭംഗിയുടെയും വായനാസുഖത്തിന്റെയും കുറവും ഒക്കെ ഉണ്ട് എന്നുള്ളത് നിഴലിച്ചു നിൽക്കുന്ന സത്യമാണ്. 

മറ്റൊരാളുടെ പിൻദിനങ്ങളുടെ കുത്തിവരപ്പിനെ ' ഓർമകളുടെ മാവിൻചുവട്ടിൽ ' എന്ന പേരിൽ ഓര്മക്കുറിപ്പായി എഴുതിവെക്കുമ്പോൾ പ്രിയ സുഹൃത്ത് പിന്നെയും ഓര്മിപ്പിച്ചിരുന്നു, അയാളുടെ പേര് സൂചിപ്പിക്കണ്ടാ എന്ന്. അങ്ങനെ, അയാളുടെ പേര് ഒളിപ്പിച്ച്‌ ബ്ലോഗിൽ പ്രസിദ്ധികരിച്ചപ്പോൾ, അത് വായിച്ച മറ്റൊരു സഹപാഠി , ആ ഓർമ്മകുറിപ്പുകളിൽ അയാളും ഉണ്ടെന്നു അവകാശപ്പെട്ടു. മാത്രമല്ല, ആ രണ്ടാമത്തെ സുഹൃത്തിനെയും പഴയ ഓർമകളിലേക്ക് വിളിച്ചുകൊണ്ടുപോകുവാൻ  ''ഓർമകളുടെ മാവിൻചുവട്ടിൽ ' നു കഴിഞ്ഞുവെന്നും പറഞ്ഞു. അത് നമ്മളുടെ വ്യെക്തിപരമായ സന്തോഷവും വിജയവുമായി കണ്ടോട്ടെ.

അയാളും പങ്കുവെച്ചു ഓർമ്മകൾ ,അനുഭവങ്ങൾ, പറയാതെ പോയ പ്രണയം,ഹൃദയത്തിൽ നെരിപ്പോടായി എരിയുന്ന വേദനകൾ എല്ലാം എല്ലാം.
പക്ഷെ അതൊന്നും അതെ ജീവനോടെ വികാരത്തോടെ എഴുതി ഫലിപ്പിക്കാൻ, എന്നിലെ അനുഭവക്കുറവുള്ള, അക്ഷര ശുദ്ധിയും വ്യാകരണക്കുറവും ഉള്ള, എഴുതാനുള്ള ശ്രമം നടത്തുന്ന എനിക്ക് കഴിയില്ല എന്നുള്ളത് സത്യമാണ്. ആ  കുറവുകൾ ഈ കുറിപ്പുകളിൽ ഉണ്ട് എന്ന തുറന്നുപറച്ചിലോടെ, രണ്ടാമത് പറഞ്ഞ ആളും ആഗ്രഹിക്കുന്നതുപോലെ  പേര് പറയാനോ മറ്റൊരാളോട് പങ്കുവെക്കാനോ ആഗ്രഹിക്കാത്ത ഓർമ്മകളാണീ അനുബന്ധം ആക്കിയത്.
എങ്കിലും അയാൾ സൂചിപ്പിച്ച കാര്യങ്ങളിൽ കൂട്ടിച്ചേർക്കലുകളും സത്യസന്ധമല്ലാത്ത ചിലപറച്ചിലുകളും തിരഞ്ഞെടുത്ത പേരുകളിൽ കൃത്രിമത്വവും ഉണ്ടെങ്കിലും, പരമാവധി അയാളുടെ അനുഭവങ്ങളിലൂടെ പോകാനുള്ള ഒരു ശ്രമം നടത്തിയിട്ടുണ്ട്. അതിൽ എത്രകണ്ട് വിജയിച്ചു എന്ന് അറിയില്ല, അത്  സാക്ഷ്യപ്പെടുത്തേണ്ടത് അയാൾ തന്നെയാണെങ്കിലും !

അകാലത്തിൽ വിട്ടുപോയ രണ്ടു സഹപാഠികൾ. യാദുര്ശ്ചികമാവാം, അവർ രണ്ടിന്റെയും പേരുകൾ അനുപ് എന്നായിരുന്നു.
പ്രിയ സുഹൃത്തുക്കൾ ആയിരുന്ന രണ്ടു അനൂപ്‌മാർക്കും കണ്ണീരിൽ കുതിർന്ന ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട്, ഓർമ്മകളുടെ  മാവിൻ ചുവട്ടിലേക്ക് സ്വാഗതം.

ഓർമ്മകളുടെ മാവിൻചുവട്ടിൽ: അനുബന്ധം ഒന്ന് .

 മറ്റൊരു ക്ളീഷെയുംകൂടി!
ഒരു സഹപാഠിയുടെ ഓർമ്മക്കുറിപ്പുകൾ, അയാളുടെ അനുമതി ഇല്ലാതെ എഴുതി പ്രസിദ്ധീകരിക്കുന്നതാണ്. 
പന്മന മനയിൽ ഹൈസ്‌കൂളിലെ 1996-97 ബാച്ചിലെ സുഹൃത്തുകൾക്ക് സമർപ്പണം.



സുനിൽ കെ എം 
16-05-2017 


**********************************



നിരഞ്‌ജന്റെ ഈ-മെയിൽ വായിച്ചശേഷം ഫോൾഡറിലേക്ക് തിരിച്ചിടുമ്പോൾ, മനസ്സിൽ ചിന്തകളുടെ വേലിയേറ്റം ആയിരുന്നു.
ഓർമകളുടെ പൂമരച്ചോട്ടിലേക്കാണ് നിരഞ്‌ജൻ വിളിക്കുന്നത്.

ഇരുപതുവർഷങ്ങൾ!
സ്‌കൂൾ പഠനം പൂർത്തിയായി ഇരുപത് വർഷം കഴിഞ്ഞിരിക്കുന്ന വേളയിലെ ഒത്തുചേരലിനുള്ള കോപ്പുകൂട്ടലാണ് സുഹൃത്തുക്കൾ നടത്തുന്നത്. 

ചരിത്രം ഉറങ്ങുന്ന പന്മന മനയിൽ ഹൈസ്‌കൂൾ!. 
ഇപ്പോൾ അത്, ശ്രീബാലഭട്ടാരക വിലാസം സംസ്‌കൃത ഹയർ സെക്കണ്ടറി സ്‌കൂളായി പുനർനാമം ചെയ്തിരിക്കുന്നു.
രാഷ്ര്ട്രീയ സാംസ്‌കാരിക രംഗത്തെ അഗ്രഗണ്യനും കേരള രാഷ്ട്രീയത്തിലെ ചാണക്യനും ആയിരുന്ന ശ്രി കുമ്പളത്തു ശങ്കുപ്പിള്ളയുടെ കർമ്മമണ്ഡലമാണ് പന്മനയും മനയിൽ ദേശവും. അവിടെ എത്തിച്ചേർന്ന ആത്മീയ ആചാര്യനായിരുന്നു ബ്രഹ്‌മശ്രീ ചട്ടമ്പി സ്വാമിതിരുവടികൾ. ശേഷം അദ്ദേഹം ആശ്രമത്തിലെ അന്തേവാസിയായി മാറിയതും ആധ്യാത്മിയരംഗത്തെ തിളക്കമാർന്ന താരകമായി മാറിയതും ചരിത്രം.
നെൽവയലുകൾക്കും തെങ്ങിൻതോപ്പിനും മധ്യത്തിലായി കുലീനതയോടെ പരിലസിക്കുന്ന പരിപാവനമായ പന്മന ആശ്രമത്തിൽ,1934 ഇൽ മഹാത്മാ ഗാന്ധിയുടെ സന്ദർശനത്തോടെ രാജ്യ ശ്രദ്ധയുമായി. ചട്ടമിസ്വാമികളുടെ സമാധിയാൽ പുണ്യമായി തീർന്ന കെട്ടിടം നിലനിൽക്കുന്നതും ഞങ്ങളുടെ സ്‌കൂൾ മതിലുകൾക്കു ഉള്ളിലാണ്.

ആശ്രമത്തിനു തൊട്ടരികിലാണ് ഞങ്ങളുടെ സ്‌കൂൾ.
ചെറുമഞ്ഞപ്പൂ പൊഴിയുന്ന മരങ്ങളും 'തല്ലിതേങ്ങ' എന്ന് വിളിക്കുന്ന നാടൻ ബദാം മരങ്ങളും നിറഞ്ഞ വിശാലമായ സ്ഥലത്തെ കെട്ടിടങ്ങളിൽ ആയിരുന്നു, അപ്പർ പ്രൈമറിയും ഹൈ സ്‌കൂൾ ക്ലാസ്സുകളും.
അവിടെ, ചിരിച്ച മുഖവും, കൈയ്യിൽ എപ്പോഴും കരുതുന്ന വെളുത്ത കൈലേസുമായി കാണുന്ന, പ്രിയപ്പെട്ട മമ്മൂഞ് സാർ.
മുറ്റത്തെ മരച്ചുവട്ടിൽ ഇരുത്തി പദ്യം പഠിപ്പിച്ച പാച്ചു സാർ.
ചെറിയ വിറയലോടെ, ചാമ്പിമയങ്ങിയ കണ്ണുകൾ എന്ന് തോന്നിക്കുന്ന ഭാവത്തോടെ ഇംഗ്ലീഷ് പഠിപ്പിച്ച രാജൻ സാർ.
മുറുക്കിചുമപ്പിച്ച ചുണ്ടുകളും, പൂർണ ഷൗരം ചെയ്ത മുഖവുമായി മാത്രം കാണുന്ന മലയാളം പഠിപ്പിച്ച ഗണേശൻ സാർ. 

രാജീവൻ പിള്ള സാറിന്റെ ക്ലാസുകൾ എപ്പോഴും പേടിയായിരുന്നു.
ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന സാറിന്റെ പീരിഡുകളിൽ, വിറയലോടെ ആണ് ഇരുന്നിരുന്നത്. ഏത് നിമിഷമാണ്, നമ്മളെ കുഴക്കുന്ന ചോദ്യവുമായി സാർ എത്തുക എന്ന് പറയാൻ കഴിയില്ലല്ലോ. പക്ഷേങ്കിലും, സ്‌കൂൾ പഠനം കഴിഞ്ഞു ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളതും സംസാരിച്ചിട്ടുള്ളതും രാജീവൻ പിള്ള സാറിനോടായിരുന്നു. സ്‌കൂൾ കാലത്തെ ആ കണിശക്കാരൻ അധ്യാപകൻ, സൗഹാർദ്രവും സ്നേഹദയാലുവും ആണെന്ന് അപ്പോഴാണ് മനസ്സിലാക്കിയത്.

സംഗീതാത്മകമായി, എപ്പോഴും ചിരിയോടെ ഹിന്ദി പഠിപ്പിച്ചിരുന്ന വിലാസിനി ടീച്ചർ, കുട്ടികളുടെ മുന്നിൽ കരഞ്ഞത് ഓർക്കുമ്പോൾ ഇപ്പോഴും വേദനയാണ്. ചാഹിയെ വന്നാൽ കോ വേണം, ചാഹിയെ ഇല്ലേൽ കോ വേണ്ട. ടീച്ചർ പഠിപ്പിച്ച ഹിന്ദി ഗ്രാമർ പാഠങ്ങൾ  മുദ്രാവാക്യം പോലെ ഇപ്പോഴും മനസ്സിൽ പൊന്തുന്നു.

നെറുഞാണിക്കു മുകളിൽ മുണ്ടുമുടുത്ത്, തലയിൽ നിസ്കാര തൊപ്പിയും ധരിച്ചു വന്നിരുന്ന റഹീം സാറിന്റെ മലയാളം ക്‌ളാസ്സുകൾ മനോഹരം ആയിരുന്നു.ക്ലാസ് ടീച്ചറും കൂടി ആയിരുന്ന അദ്ദേഹം, ഒരിക്കൽ ഹാജർ വിളിച്ച ശേഷം, പഠിപ്പിക്കാനായി പുസ്തകം എടുത്തു.
" ആരായിരുന്നു അച്ഛൻ ?"
കഴിഞ്ഞ ദിവസം പഠിപ്പിച്ചു നിർത്തിയ പാഠത്തിന്റെ തുടർച്ചയിലേക്കാണ് അദ്ദേഹം കടന്നത്.
കുനിഞ്ഞിരുന്നു, ബാഗിൽ നിന്നും പുസ്തകം എടുക്കുന്ന തിരക്കിൽ, ആ ചോദ്യം എന്റെ നേർക്കാണ് നീണ്ടത്.
ചാടിയെണീറ്റ ഞാൻ " മുരളീധരൻ " എന്ന് മറുപടി നൽകിയതും ക്ലാസ്സിലെ ആ നാൽപ്പതു പേരിൽ, ഞാനൊഴിച്ചു ഏവരും വായ് പൊത്തി ചിരിച്ചതും ഒരുമിച്ചായിരുന്നു. ചിലർ ഡെസ്കിൽ അടിച്ചു, എന്തെക്കയോ പുലമ്പി.സ്തബ്ധനായി നിൽക്കുന്ന എനിക്ക്, പെട്ടന്നാണ് കാര്യാ ഗൗരവം ഉണ്ടായത്. എന്റെ അച്ഛന്റെ പേരായിരുന്നില്ല സാറ് ചോദിച്ചത്, ഇന്നലെ പഠിപ്പിച്ചു നിർത്തിയ, അധ്യായത്തിലെ 'വീരപാണ്ഡ്യാ കട്ടബൊമ്മന്റെ' അച്ഛന്റെ പേരാണ് റഹീം സാർ ചോദിച്ചത്.

അന്നവിടെ നാണംകെട്ടു കുണിഞ്ഞിരുന്നത് ഇപ്പോഴും ഓർമയുണ്ട്. ഒളികണ്ണിട്ടു വലത്തേക്ക് നോക്കുമ്പോൾ, ശ്രീജയും കുനിഞ്ഞിരുന്നു ചിരിക്കുന്നു. അവളുടെ ആ ചിരിയുണ്ടാക്കിയ വേദന, മറ്റുള്ളവരുടെ കളിയാക്കലിനേക്കാൾ ഭയാനകമായിരുന്നു. അതേ ശ്രീജയുടെ കല്യാണതലേന്ന്, വരന്റെ ഒപ്പം വധുഹൃഹത്തിൽ പോയതും, വരൻ എന്നെ അവൾക്കു പരിചയപ്പെടുത്തിയതും അതിലും ഭയാനകമായിരുന്നു. ക്ലാസ്സിലെ ഏറ്റവും സുന്ദരികളും മിടുക്കികളുമായ പെൺകുട്ടികളോട് ആകർഷണം തോന്നുക, ആ പ്രായത്തിൽ സ്വാഭാവികം ആണല്ലോ.

ഞങ്ങളുടെ സ്‌കൂളിന്റെ ചരിത്രവും നടപ്പുരീതികളും മാറ്റിമറിച്ച ഫിസിക്കൽ ട്രെയിനിങ് അദ്ധ്യാപിക ആയിരുന്നു സക്കീന ടീച്ചർ. ഓർമകളിൽ തട്ടമിട്ടു കാണുന്ന ആദ്യത്തെ ടീച്ചർ. യൂണിഫോം ഇടാത്തതിനും, അസംബ്ലിയിലെ വരിതെറ്റിക്കുന്നതിനും മറ്റും കൈനിറയെ അടിമേടിച്ചിട്ടുണ്ട് ടീച്ചറിന്റെ ചൂരലിൽ നിന്നും.

സ്നേഹത്തോടെയും മൃദുവായും മാത്രം സംസാരിച്ചിരുന്ന നൂർജഹാൻ ടീച്ചറായിരുന്നു മറ്റൊരു ഓർമ. സാമൂഹ്യ ശാസ്ത്രം പഠിപ്പിച്ചിരുന്ന ടീച്ചറുടെ ക്ലാസ്സിലെ, എപ്പോഴും ഉത്തരങ്ങൾ പറയുന്ന കുട്ടി ആയിരുന്നു ഞാൻ. ആ ഞാൻ തന്നെ ഒരിക്കൽ, ഓണപ്പരീക്ഷക്കു കോപ്പി എഴുതി പിടിച്ചപ്പോൾ, "സുമേഷെ, ഇത് നിന്നിൽ നിന്നും പ്രതീക്ഷിച്ചില്ലടാ" എന്ന് പറഞ്ഞതും, തുടർന്നുള്ള ടീച്ചറിന്റെ നോട്ടവും, ഓർക്കുമ്പോൾ ഇപ്പോഴും മറ്റൊരു വേദനയാണ്.

എന്റെ ഏറ്റവും പ്രിയപ്പെട്ട ടീച്ചർമാരിൽ ഒരാളായിരുന്നു പ്രീതാ ടീച്ചർ, എപ്പോഴും, ഇപ്പോഴും പ്രീതാമ്മ എന്ന് വിളിക്കാൻ ആഗ്രഹിക്കുന്ന എന്റെ ടീച്ചർ. മൂന്ന് ക്ലാസ്സുകളിലായി പലവർഷം ടീച്ചർ ഞങ്ങളെ പഠിപ്പിച്ചിരുന്നു. സാമൂഹ്യശാസ്ത്രവും ഇംഗ്ലീഷും ടീച്ചറിന്റെ വിഷയങ്ങൾ ആയിരുന്നു. സ്‌കൂൾ കഴിഞ്ഞു വരുമ്പോൾ, ടീച്ചറുമൊത്താണ് പലപ്പോഴും വീട്ടിലേക്ക് വന്നിരുന്നത്. സഹപാഠിയായ ഷബ്‌നത്തിന്റെ വീടിനു സമീപമാണ് ടീച്ചറിന്റെ താമസം.
ഇനി ഒരിക്കൽ നാട്ടിൽ പോകുമ്പോൾ, ആ നീളംകൂരി അനൂഷയ്ക്കും ഷബ്‌നത്തിനുമൊപ്പം, ടീച്ചറെ സന്ദർശിക്കണം. ടീച്ചറിന്റെ നിറഞ്ഞ പുഞ്ചിരിയും തമാശകളും ഒന്നുംകൂടി ആസ്വദിക്കണം.

കുറ്റിത്താടി രോമങ്ങളോടെ സ്‌കൂൾകാലം നിറഞ്ഞു നിന്ന കൃഷ്ണകുമാർ സാർ. ഗണിതശാസ്ത്ര അധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ ക്ലാസ്സും ചൂരൽകഷായവും മധുര ഓർമ്മകളാണ്.

ജോഗ്രഫി പഠിപ്പിച്ച യശോദരൻ സാർ, കടുകട്ടി ഭൂമിശാസ്ത്ര വാക്കുകളെ പ്രാസമൊപ്പിച്ചു മനസ്സിലാക്കി തന്നിരുന്നു.ഭൂഖണ്ഡാന്തര ചലനങ്ങളും പ്രക്ഷോപങ്ങളും ട്രോപോസ്ഫിയറിൽ തുടങ്ങി തെർമോസ്ഫിയറിൽ എത്തുന്ന വായുമണ്ഡലങ്ങളും യശോദരൻ സാറിന്റെ ഇഷ്ടവിഷയങ്ങൾ ആയിരുന്നു.

ചുരുക്കികെട്ടിവെച്ചിരിക്കുന്ന ചുരുണ്ടമുടിയും ചുമന്ന വട്ടപ്പൊട്ടും നിറങ്ങളില്ലാത്ത സാരിയുമുടുത്തു വരുന്ന രാധാമണി ടീച്ചറെ ഓർക്കുമ്പോൾ സുഗതകുമാരി ടീച്ചറുടെ കവിതകളും പികെ ബാലകൃഷ്ണന്റെ ' ഇനി ഞാൻ ഉറങ്ങട്ടെ'യെന്ന നോവലുമാണ് ഓർമ്മവരുന്നത്. പിൽക്കാലത്തു എപ്പോഴെങ്കിലും വായനയോടു ഇഷ്ടം കൂടിയിട്ടുണ്ടെങ്കിൽ അത് രാധാമണി ടീച്ചറുടെ പാഠ്യരീതികളോടുള്ള സ്‌നേഹംകൊണ്ടുമാത്രമാണ്.

അതുപോലെ തന്നെ ഫിസിക്സ് പഠിപ്പിച്ച ഗിരിജ ടീച്ചറിനെ മറക്കാനും കഴിയില്ല. ടീച്ചറുടെ മുഖം ഓർക്കുമ്പോൾ, ആദ്യം തെളിയുന്നത് സങ്കടഭാവമാണ്.ലോകത്തിലെ സർവ്വദുഃങ്ങളും ടീച്ചറുടെ മുഖത്ത് പ്രതിഫലിക്കുന്നതായിട്ടാണ് തോന്നാറ്. ടീച്ചറെ കാണുമ്പോൾ എനിക്കെന്റെ കുഞ്ഞമ്മയെ ഓർമ്മ വരുമായിരുന്നു.
എന്നെ എടുത്തു നടത്തി കളിപ്പിച്ച എന്റെ കുഞ്ഞമ്മ, കാലം ഏൽപ്പിച്ച ക്ഷതങ്ങളുടെ ഭാരമാവാം, ആ കുഞ്ഞമ്മയുടെ മുഖത്തും ഇതേ ഭാവം തന്നെയായിരുന്നു,നിത്യദുഃഖം! നിർവികാരത!

സദാനന്ദൻ സാറിനെക്കുറിച്ചു,നെഞ്ചുപൊട്ടുന്ന   വേദനയോടെ മാത്രമേ ഓർക്കുവാൻ കഴിയു. അദ്ദേഹം ആയിരുന്നു ഞങ്ങളുടെ അവസാന ക്ലാസ് ടീച്ചർ. എന്റെ മാമന്റെ സുഹൃത്തും പരിചയക്കാരനും കൂടി ആയിരുന്നതിനാൽ, ക്ലാസ്സിലെനിക്ക് പ്രത്യേക പരിഗണനയും ഉണ്ടായിരുന്നു. ക്ലാസ്സിൽ, സാർ ചോദ്യം ചോദിക്കുന്ന അവസരങ്ങളിൽ എന്റെ മേലിൽ നിന്നും ഒരു ചോദ്യവും ഒഴിഞ്ഞുപോകാറില്ലായിരുന്നു.
അദ്ദേഹത്തിന്റെ മകനായ അനൂപ് ഞങ്ങളുടെ സഹപാഠി ആയിരുന്നുവല്ലോ. യൗവ്വനം തുടങ്ങും മുൻപേ, ജീവിതം തിരികെ സമർപ്പിക്കേണ്ടിവന്ന നിർഭാഗ്യവാൻ. ആ അച്ഛന്റെ വേദനക്ക് മുൻപിൽ, മകനെ നഷ്ടപെട്ട എന്റെ അധ്യാപകന്റെ മുൻപിൽ, കൂപ്പുകൈ!
തന്നിൽ നിന്നും ജീവിതം തട്ടിപ്പറിക്കുന്നുവെന്നു മനസ്സിലാക്കിയ അനൂപിന്റെ അവസാന സംഭാഷണങ്ങളിൽ, കരളലിയിപ്പിക്കുന്ന തേങ്ങൽ ആയിരുന്നു.
" അളിയാ...ഞാൻ പോവുഡാ ...എനിക്കിനി കുറച്ചു ദിവസങ്ങളെ ഉള്ളു ...."
അനൂപിന് വളരെ ഗുരുതരമായ അസുഖമാണെന്ന് അറിഞ്ഞ്, ഇവിടെ നിന്നും ഫോൺ വിളിക്കുമ്പോൾ എന്തുപറയണമെന്നു അറിയാതെ കുഴയുകയായിരുന്നു ഞാൻ. നിരർത്ഥകമായ ആശ്വാസ വാക്കുകൾ! 
അനൂപിന്റെ ഓർമകൾക്ക് മുൻപിൽ ബാഷ്പാഞ്ജലി അർപ്പിക്കാതെ എനിക്കെന്റെ സ്‌കൂൾ എങ്ങനെ ഓർക്കുവാൻ കഴിയും.

അകാലത്തിൽ അപകടത്തിൽ അന്തരിച്ച അഭിവന്ത്യ ഗുരുക്കന്മാരായ ശശിമാസ്റ്റർക്കും പ്രസന്നൻ പിള്ള സാറിനും കണ്ണുനീരിൽ കുതിർന്ന ഓർമ്മപ്പൂക്കൾ.

**********************************



നിരഞ്‌ജന്റെ ഇമെയിലിനു ഇതുവരെയും മറുപടി അയച്ചില്ല.
ആ കത്തും ക്ഷണവും, എന്നെ പെട്ടന്ന് കുറെയേറെ ഓർമ്മകളിൽ കുരുക്കി. ചിന്തകളെയും മനസ്സിനെയും എങ്ങോട്ടെക്കെയോ കൂട്ടികൊണ്ടുപോയിരിക്കുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത ചില മാനസിക അനുഭവങ്ങളിൽ കൂടി കുറേനേരം സഞ്ചരിച്ചു. ഒരു വശത്തു, സമസ്യയായി നിൽക്കുന്ന അവളോടുള്ള ഇഷ്ടവും മറുവശത്തു അകാലത്തിൽ പൊലിഞ്ഞുപോയ ഹൃദയരക്തവും.സന്തോഷമാണോ വിഷമമാണോ അതോ നിരാശയാണോ എന്നൊന്നും നിശ്ചയമില്ലാത്ത ചില അനുഭവ നിമിഷങ്ങൾ!
പോയകാലത്തിന്റെ കുളിരുകൾ.
ജീവൻ വിട്ടുപോയെങ്കിലും, വേദനയോടെ നിൽക്കുന്ന മരിക്കാത്ത ഓർമ്മകൾ.
 
എന്തെങ്കിലും കളിയിലും നിർദോഷമായ തമാശയിലും തുടങ്ങി വളരെ കാര്യമാർന്ന ചർച്ചകളിലേക്ക് നീങ്ങുന്നതായിരുന്നു നിരഞ്ജന്റെ പല കത്തുകളും. ചെറിയ ഓർമ്മകളും കുസൃതികളും നിറഞ്ഞ പല എഴുത്തുകളും ബാക്കിവെക്കുന്നത് മധുരമൂറുന്ന ഒരു പൂർവ്വകാലത്തിന്റെ നഷ്ടസ്മ്രിതികൾ ആയിരുന്നു. എന്നാൽ ഈ മെയിലിനു എനിക്ക് കൃത്യമായി മറുപടി കൊടുക്കാൻ കഴിയുന്നില്ല. 
ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാവുമെന്ന് കരുതിയ ഒരുവൻ, പകുതിയിൽ ഉപേക്ഷിച്ചു പോകുക. അവന്റെ ഓർമ്മകൾ ഉറങ്ങുന്ന, അവനുമൊപ്പം പഠിച്ച കലാലയത്തിലേക്ക് തിരികെ പോകുക!
എനിക്ക് എങ്ങനെയാണ് അത് സാധ്യമാവുക?
എന്റെ കാലുകൾ കുഴയുന്നു...ശരീരമാകെ തളരുന്നതുപോലെയും.

തിരിഞ്ഞു നോക്കുമ്പോൾ രക്തം അരിച്ചിറങ്ങുന്ന ഓർമ്മകൾ ആണ്.

വേദനയോടെ മാത്രം തിരിഞ്ഞുനോക്കട്ടെ.

നാല് വയസ്സുമുതലാണ് സുരേഷ് എന്നോടപ്പം കൂടുന്നത്. അതിനേക്കാളും ഉപരി, സുമേഷ്, സുരേഷിനൊപ്പം കൂടിയെന്ന് പറയുന്നതാവും ശരി.കാരണം എല്ലാ കാര്യത്തിലും സുരേഷ് ആയിരുന്നല്ലോ മുന്നിൽ നിന്നത്. കളിയ്ക്കാനും...അടികൂടാനും.... കഥ പറയാനും... ഓടാനും... ചാടാനും എല്ലാം എല്ലാം.. 

എന്റെ ജ്യേഷ്ഠപിതാവിന്റെ മകനായിരുന്നു സുരേഷ്.
എന്നെക്കാളും  മൂന്നു മാസത്തിനു മാത്രം മൂപ്പുള്ളുവെങ്കിലും അവന്റെ ശൂരത്വസ്വഭാവം അതിലും കൂടുതൽ പ്രായം തോന്നിപ്പിക്കുമായിരുന്നു.

സുരേഷിന്റെ കൂടെ ഒരു രണ്ടാമൂഴക്കാരന്റെ സ്ഥാനമേ എനിക്ക് ഉണ്ടായിരുന്നുള്ളു. സുരേഷിന്റെ  നിഴലായി മാത്രമേ സുമേഷ് ഉണ്ടായിരുന്നുള്ളുവെന്നു സാരം. അതിൽ എനിക്ക് പരിഭവും ഇല്ലായിരുന്നു. അതിന്റെ സുഖവും ആസ്വാദനവും എന്റെ മാത്രം ദൗർബല്യം ആയിരുന്നു. അവന്റെ നിഴലിൽ നിൽക്കുമ്പോൾ ഞാൻ സുരക്ഷിതമായിരുന്നു എന്ന തോന്നലിലായിരുന്നു.

ഒന്നാംക്ളാസ്സ്‌ മുതൽ ചേർന്നതും പഠിച്ചതും എല്ലാം ഒരേസ്‌കൂളിൽ, ഇരുന്നതെപ്പോഴും ഒരേബെഞ്ചിൽ. സ്‌കൂളിലേക്ക് പോകുന്നതും വരുന്നതുമെല്ലാം ഒരുമിച്ചു.
കളിയ്ക്കാൻ പോകുന്നതും, ആഹാരം കഴിക്കുന്നതും ഒക്കെ ഒരുമിച്ചു. ഞങ്ങൾ രണ്ടും ഇരട്ടക്കുട്ടികൾ ആയിരുന്നോ എന്നായിരുന്നു അധ്യാപകരുടെയും സഹപാഠികളുടെയും സംശയം. ഉറങ്ങാൻ മാത്രമേ ഞങ്ങൾ രണ്ടുവീടുകൾ തിരഞ്ഞെടുത്തിരുന്നുള്ളു. അതും വളരെ കുറച്ചു കാലത്തേക്ക്. 
പിന്നീട് ഊണും ഉറക്കവും പഠിത്തവും ഒക്കെ ഒരുമിച്ചായിരുന്നു. ഞങ്ങൾ ഒരുമിച്ചായിരുന്നു കളിച്ചതും അടിവീണതും ദൂരദർശനിലെ രാമായണം കണ്ടെതും ചിത്രഗീതവും ചിത്രഹാറും ആസ്വദിച്ചതുമൊക്കെ. 

ഞാനും സുരേഷും ഒപ്പം നവാസുംകൂടിയാണ് ഞങ്ങളുടെ ക്ലാസ്സിലെ ആമിനത്ത് അനൂഷയുമായി അടി ഉണ്ടാക്കിയതും, അവസാനും, അവളുടെ സൈക്കിളിന്റെ കാറ്റ് ഊരിവിട്ടതും. അതിന്റെ പേരിൽ ലോയൽ അക്കാദമിയിലെ സോമൻ സാറിന്റെ കൈയ്യിൽ നിന്നും കൈ നിറയെ അടികിട്ടിയിരുന്നു.
സ്‌കൂൾ അസ്സംബ്ലിക്കായി നിന്ന  ആശയുടെയും അനിതയുടെയും ദീപയുടെയും പിന്നെ പാർവതിയുടെയും മേൽ എന്നെ തള്ളിയിട്ടതും, ലീലാവതി സാറിന്റെ പക്കൽ നിന്നും അടികിട്ടിയതും ഒക്കെ ഇന്നലെ കഴിഞ്ഞതുപോലെ ഓർക്കുന്നു.
ഒന്നാം നിലയിലെ പടിയുടെ അരികിൽ ഒളിച്ചിരുന്ന്, ക്ലാസ്സിലെ സിൽക്ക് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ശ്രീകലയെ കളിയാക്കി കമെന്റ് പറയുന്ന നവാസിനെ പുറകിലൂടെ വന്നു പേടിപ്പിച്ചതും മമ്മൂഞ് സാറിനോട് പറഞ്ഞതും ഒക്കെ ഇന്നലെ ആയിരുന്നു. 
ക്ലാസ്സിന്റെ മുൻപിൽ ക്രിക്കറ്റ് കളിച്ചു നിൽക്കുമ്പോൾ, ഞാനടിച്ച ബോൾ ക്ലാസ്സിനുള്ളിലായിരുന്ന അംബികയുടെ മുഖത്ത് കൊണ്ടതും, കണ്ണ് പൊത്തി കരഞ്ഞ അവളുടെ മുൻപിൽ നിന്നും, മതിൽ ചാടി ഓടി രക്ഷപെട്ടതുമൊക്കെ ഇന്നലെ ആയിരുന്നു.

ഇരുമ്പ് ഗേറ്റ് കടന്നു,പനമ്പായി കൊണ്ട് അരികുമറച്ച ക്ലാസ്സുകളുടെ ഇടയിലൂടെ നടക്കുന്നത്, അധ്യാപകരുടെ വിശ്രമമുറിയുടെ സമീപത്തെ പ്ലാവിന്റെ ചുവട്ടിൽ നിൽക്കുന്നതും, ഉച്ചക്കഞ്ഞി പാത്രങ്ങൾ നിരത്തിവെച്ച വരാന്തയിലൂടെ നടക്കുന്നതുമൊക്കെ അവന്റെ കൈയ്യിൽ തൂങ്ങി ആയിരുന്നു.


**********************************
3  

നിരഞ്‌ജന്റെ കത്തിൽ, കൂട്ടായ്മയിലേക്ക് ആരൊക്കെ വരുമെന്നോ, ഉണ്ടാവുകയില്ലെന്നോ സൂചിപ്പിക്കുന്ന വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ സൗദിയുള്ള ആമിനത്ത് അനൂഷയുമായുള്ള ഫോൺ സംഭാഷണത്തിൽ അവളും, ബാംഗ്ലൂരിൽ നിന്നും ഷബ്‌നവും നാട്ടിൽതന്നെ ജോലിയായ അജ്‌മൽ അഹമ്മദും ഉണ്ടാവുമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. 

ഷബ്‌നം വരുമെന്നുണ്ടെങ്കിൽ, അജ്‌മലും കാണാതിരിക്കില്ല. മനസ്സിൽ വെറുതെ പറഞ്ഞു. 
ഞങ്ങൾ എല്ലാവരുംകൂടിയാണ് പതംപറഞ്ഞു, അജ്‌മൽ ശബ്‌നം പ്രേമകഥ ഉണ്ടാക്കിയത്. അന്നത്തെ പ്രായത്തിന്റെ പക്വത കുറവോ അറിവില്ലായ്മയോ അല്ലെങ്കിൽ ഒരു ആണും പെണ്ണും കൂട്ടുകൂടിയാൽ പ്രേമമാണ് എന്ന കുലപരമായ നാടോടിക്കഥകളുടെ പ്രേതംപേറുന്ന ഗ്രാമീണ ചിന്തയോ ഒക്കെ ആവാം, അത്തരം കുടിലചിന്തക്കു പിന്നിലുള്ള കാരണം. വെറും സ്‌കൂൾ സൗഹൃദമായിരുന്ന അവരുടെ ബന്ധത്തെ സ്‌കൂള് മുഴുവൻ പ്രേമപാട്ടാക്കി പാടി നടന്നത് ഞങ്ങളാണ്. അവസാനം, ഷബ്‌നത്തെ ലീലാവതി ടീച്ചർ വിളിച്ചു ഗുണദോഷിക്കുന്ന തരത്തിലേക്ക് എത്തിച്ചതിന്റെ പിന്നിലുള്ള കറുത്ത കരങ്ങളൂം ഞങ്ങൾ തന്നെ.

ഓർക്കുമ്പോൾ ഇപ്പോൾ കുറ്റബോധം തോന്നുന്നു!
ദുഖമുണ്ട്, പ്രണയവും സൗഹൃദവും തിരിച്ചറിയാൻ കഴിയാതെപോയതിന്. 
പ്രണയിച്ചവളോട്, അത് തുറന്നു പറയാനും പരാജയപെട്ടു, മറ്റുള്ളവരുടെ ശുദ്ധ സൗഹൃദത്തെ പ്രണയമാണെന്ന് അപരാധം പറയുകയും ചെയ്തു.
രണ്ടും സംഭവിച്ചതിനു കാരണപുരുഷൻ ഞാനുംകൂടി ആണെന്നുള്ളത്, ഇപ്പോൾ വല്ലാതെ വിഷമിപ്പിക്കുന്നു.

അവളും എത്തുമായിരിക്കുമോ,എന്റെ പാർവ്വതി?

ജീവിതത്തിൽ പെയ്തൊഴിയാതെ പോയ മഴമേഘം!
നീലപ്പാവാടയും വെള്ളയുടുപ്പും, രണ്ടായി പിന്നിയിട്ട മുടിയിൽ കെട്ടിയ നീല റിബണും, തിരുകിയ മുല്ലപ്പൂവും, കൈനിറയെ കുപ്പിവളകളും, കിലുങ്ങുന്ന കാൽച്ചിലമ്പും അണിഞ്ഞു എത്തിയിരുന്ന പാർവതി. നീണ്ടമഷിവരച്ച വലിയ കണ്ണുകൾക്കുമേൽ, വിടരുന്ന പുരിക കൊടികളെ നോക്കി നടന്നിരുന്നൊരു കാലം. ദക്ഷ പുത്രീ, പുഷ്കല നന്ദേ പാർവ്വതി, ഈ ഹിമാലയസാനുക്കളിൽ, ഹിമസ്രോതസ്സുകൾ വറ്റാത്തിടത്തോളംക്കാലം, ഞാൻ നിന്നെ സ്നേഹിക്കും എന്ന് പറഞ്ഞു നടന്നിരുന്ന സമയം.

എന്നുമുതലാണ് സുമേഷ്, നീ പാർവതിയെ ശ്രദ്ധിച്ചു തുടങ്ങിയത് ?

മധ്യവേനലവധി കഴിഞ്ഞു ക്ലാസുകൾ തുടങ്ങിയ വർഷം.
അഞ്ചാം ക്ലാസ്സിൽ ആയിരുന്നോ അതോ ആറിലോ ?
മുൻനിരയിലെ ബെഞ്ചിൽ മൂന്നാം സ്ഥാനത്ത് ഇരിക്കുക ആയിരുന്നു പാർവ്വതി.

എതിർ വശത്തെ ആൺകുട്ടികളുടെ ബെഞ്ചിൽ ഞാനും സുരേഷും മുള്ളൻ ദീപേഷും തടിയൻ അനീഷും മറ്റും.അപ്പോഴാണ് പെൺകുട്ടികൾ തമ്മിൽ ചെറിയകശപിശ നടക്കുന്നത് കാണുന്നത്. അന്നാണെന്നു തോന്നുന്നു, പാർവ്വതി ഒരു പുതിയ അലുമിനിയം പെട്ടി കൊണ്ടുവന്നത്, അന്ന് അത്തരം പെട്ടി ക്ലാസ്സിൽ അവൾക്കു മാത്രമേ ഉള്ളു. ആ പെട്ടിവെക്കാനുള്ള ശ്രമമാണ് തർക്കത്തിൽ കലാശിച്ചിരിക്കുന്നത്.

എല്ലാവരും ബുക്കും ബാഗും വെയ്ക്കുന്നത് അവരവരുടെ ബെഞ്ചിനടിയിൽ ആണ്.എന്നാൽ അവളുടെ പെട്ടി ബെഞ്ചിനടിയിൽ വെയ്ക്കാൻ പാർവ്വതിഒട്ടും കൂട്ടാക്കിയില്ല.അവളതു ബഞ്ചിന്മേൽ കയറ്റിവച്ചു. മറ്റു രണ്ടു പെൺകുട്ടികൾക്ക് ഇരിക്കാനുള്ള സ്ഥലമാണ് ആ വെളുത്ത പെട്ടി കവർന്നിരിക്കുന്നതു.

ഇരിക്കാൻ സ്ഥലമില്ലാതെ നിൽക്കുന്ന പെൺകുട്ടികളും പെട്ടിഉടമ പാർവ്വതിയും തമ്മിലുള്ള തർക്കം മുറുകുന്ന വേളയിലാണ് റഹീം സാർ ക്ലാസ്സിലേക്ക് എത്തിയത്.
റഹീം സാറിന്റെ നിർദേശത്തിലും അവൾ കുലുങ്ങിയില്ല.
പെട്ടി സിമന്റ് തറയിൽ വെയ്ക്കാൻ അവൾ തയ്യാറായിരുന്നില്ല. തടസ്സവാദമായി അവൾ പലന്യായങ്ങളും നിരത്തികൊണ്ടിരുന്നു.
അവസാനം, സഹികെട്ട റഹീം സാർ ചൂരൽ എടുത്തു അവളെ പൊതിരെ തല്ലിയപ്പോഴാണ്, പെട്ടി ബെഞ്ചിന്റെ കീഴിലേക്ക് വെച്ചത്.

നീണ്ട കൈവിരലിലേക്ക് പതിച്ച ചൂരലിലിന്റെ പ്രഹരം, എന്റെ കണ്ണുകളെയും നനയിപ്പിച്ചു.
എനിക്കറിയില്ല എന്തുകൊണ്ട് അവളോട് അന്ന് അനുകമ്പ തോന്നിയെന്ന്.
സുരേഷും ദീപേഷും അവളെ നോക്കി ചിരിക്കുമ്പോൾ, ഞാൻ പാർവ്വതിയെ വേദനയോടെ നോക്കിനിന്നു.

അലിയാരുകുഞ്ഞു സാറിന്റെ ക്ലാസ്സിൽ, പകർത്തിയെഴുതുന്ന ബുക്കുകൾ പരിശോധനക്കായി മേശപ്പുറത്തു അടുക്കി വെക്കും. ആദ്യം എഴുതി തീരുന്നത് എപ്പോഴും പാർവ്വതിയായിരുന്നു. അവൾ ബുക്ക് മേശപ്പുറത്തു കൊണ്ടുവെച്ചുകഴിയുമ്പോഴാണ്, മറ്റുള്ളവർ ബുക്കുകൾ വെയ്ക്കുന്നത്.
അപ്പോഴേക്കും അവളുടെ ബുക്ക് അടിയിലാകും. പരിശോധനക്ക് മുൻപ്, ആ ബുക്കുകൾ ഒക്കെ, അവസാനം വെച്ചത് അവസാനമെന്ന ക്രമത്തിൽ, സാറ് തന്നെ തിരിച്ചുവെക്കുമ്പോൾ, എന്റെ ബുക്കും അവളുടെ കൂടെ വെക്കാൻ പാർവ്വതി ശ്രമിച്ചിരുന്നു. അതിന്റെ പേരിൽ പലപ്പോഴും അവൾക്കു അലിയാരുകുഞ്ഞു സാറിന്റെ കൈകൊണ്ടുള്ള ഞെരടും കിട്ടിയിരുന്നു.

അന്ന് മുതലാണ് അ വളിലേക്ക് എന്റെ ശ്രദ്ധ നീളുന്നത്. 
പാർവ്വതിക്കു നോവുമ്പോഴാണ് അവളുടെ കണ്മുനകൾ എന്നിലേക്ക് നീളുന്നതെന്ന് ഞാനും ശ്രദ്ധിച്ചു.ആശ്വാസവാക്കുകൾക്കു കൊതിക്കുമ്പോഴും ചുണ്ടുകളുടെ ഭാവമാറ്റത്തിനും നോട്ടത്തിനും അപ്പുറം ഞങ്ങൾ ഒന്നും സംസാരിച്ചിരുന്നില്ല എന്ന് പറയുന്നതാവും സത്യം. മലയാള സിനിമ ഗാനം പോലെ കണ്ണും കണ്ണും കൂട്ടിമുട്ടി പലപ്പോഴും പരിക്കുപറ്റി കിടന്നിരുന്നു.

അവിടെ നിന്നും ഹൈസ്‌കൂളിലേക്ക് എത്തിയപ്പോഴും ശാരീരിക വളർച്ചക്കപ്പുറം,സൗഹ്രദത്തിന് പുതിയ ദിശാമാറ്റങ്ങൾ ഒന്നും സംഭവിച്ചില്ല.


**********************************


ഓണം അവധിക്കുമുമ്പുള്ള ദിവസം, സ്‌കൂൾ വിട്ടു, വീട്ടിലേക്ക് വരുക ആയിരുന്നു.
ഞാനും സുരേഷും രഘുവും. ഞങ്ങൾ ഒരുമിച്ചായിരുന്നു എന്നും വൈകിട്ടു വീട്ടിലേക്കുള്ള യാത്ര.
മഴപെയ്തു വെള്ളം നിറഞ്ഞു കുഴിയും ചെളിമയമായി കിടക്കുന്ന പൈപ്പുറോഡിൽ നിന്നും ചെമ്മണ്ണു റോഡും കടന്നു വേണം വീട്ടിലേക്ക് പോകാൻ.
അവിടെ നിന്നും പാലോട്ട് വയലിൽ കൂടി നടന്നുപോയാൽ എളുപ്പത്തിൽ വീട്ടിലെത്താം. മാത്രവുമല്ല, മഴപെയ്ത കാലമായതിനാൽ, വയൽവരമ്പുകളിൽ നത്തക്ക മുട്ടയിടാനായി വന്നിരിക്കും. നത്തക്ക തോരൻ കറി മഴക്കാലത്തെ ഏറ്റവും സ്വാദുള്ള ദുർലഭ വിഭവമാണ്.

ചിങ്ങക്കൊയ്ത്തിനു വിളഞ്ഞുകിടക്കുന്ന വരിനെല്ല് പാടത്തെ കോട്ടവരമ്പിലൂടെ ഞങ്ങൾ മൂന്നുപേരും നടന്നു. 
നടക്കുന്നുവെങ്കിലും, ഞങ്ങളുടെ നോട്ടം, വരമ്പിന്റെ അരികിൽ നത്തക്ക പറ്റിപിടിച്ചിരിപ്പുണ്ടോ എന്നാണ്.

നത്തക്കായ്ക്കായി കുനിയുമ്പോഴാണ്, നെൽകുറ്റികൾക്ക് ഇടയിൽ നിന്നും നിലവിളി കേൾക്കുന്നത്.
വെള്ളയിൽ ചാരനിറമാർന്ന ഒരു പെൺപൂച്ച പതുങ്ങി അമർന്നിരിക്കുന്നു.
വിളഞ്ഞുകിടക്കുന്ന നെല്ലിൻ ചെടികൾക്ക് ഇടയിൽ, കുരുങ്ങി, പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്ന പൂച്ച.
ചുരത്തി നിൽക്കുന്നതുപോലെയുള്ള മുലഞെട്ടുകൾ, അത് ഗർഭിണി ആയിരുന്നുവോ, അതോ കുഞ്ഞുങ്ങൾക്ക് തീറ്റതേടി വന്നതോ.

കാഴ്ച്ചയിൽ, പുറത്തേക്ക് ഇറങ്ങാൻ കഴിയാതെ കുരിങ്ങിയിരിക്കുന്നതായിട്ടാണ് തോന്നിയത്. 

അതിനെ ഓടിക്കാനായി, ആദ്യം ചേറുവെള്ളം തെറിപ്പിച്ചു.മൂളലും ഞെരങ്ങലും അല്ലാതെ, രക്ഷപെടാനുള്ള ഒരു ശ്രമവും അത് കാണിക്കുന്നുണ്ടായിരുന്നില്ല. ഞാൻ ചെളിവാരിയെറിഞ്ഞു. പോക്കറ്റിൽ കിടന്ന ഗോലിയെടുത്ത് രഘു ആ പൂച്ചയുടെ ദേഹത്തേക്ക് എറിഞ്ഞു.
സുരേഷ്, ചെറു കല്ലുകളും കൊച്ചുവടികളും കൊണ്ട് അതിനെ തല്ലുകയും എറിയുകയും ഒക്കെ ചെയ്തു. ഞാനതിന്റെ ദേഹത്തേക്ക് ചേറുവാരി വീണ്ടും പൂശി. 

എന്തിനാണ് അതിനെ അങ്ങനെ ദ്രോഹിക്കുന്നതെന്ന് അറിയില്ലാ. അന്നേരത്തെ ആവേശമോ ആ പ്രായത്തിലെ കുസൃതിയോ അറിവില്ലായ്മയോ. പിന്നീടാണ് രഘു വലിയൊരു ഉരുളൻ കല്ലുമായി വരുന്നതും ഞങ്ങൾ മാറിയും തിരിഞ്ഞും ആ പൂച്ചയെ വേദനിപ്പിക്കുന്നതും. ആ കല്ലുകൊണ്ട് അതിന്റെ തലയിലേക്ക് അതി ശക്തമായി എറിഞ്ഞു. നീണ്ട കരച്ചിലോടെ പൂച്ചയുടെ ജീവനും നിലച്ചു.

വീട്ടിലെത്തി വേഷംമാറി, കുട്ടിയും കോലുമായി ഗ്രൗണ്ടിലേക്ക് എത്തിയപ്പോഴാണ്, സുരേഷ് അവിടെ നിന്ന് ഞങ്ങളുടെ വീരേതിഹാസ പൂച്ചക്കൊലപാതകം കൂട്ടുകാരോട് പറഞ്ഞു വിശ്വസിപ്പിക്കുന്നത്. കൂട്ടത്തിൽ ഇരുന്ന ആരോ ആണ് പറഞ്ഞത്. "പൂച്ചയെ കൊന്നൂടാ...ദോഷമാണ്...പൂച്ചയെ കൊന്നാൽ തലയറഞ്ഞു ചാവും"

തലയറഞ്ഞു ചാവും... ആ പല്ലവി ഞങ്ങളെ ഭയപെടുത്തിയതൊന്നുമില്ല. ഇതുപോലെ പല കഥകളും അമ്മുമ്മയും പറയാറുള്ളത് ഓർക്കുന്നു.
"ത്രിസന്ധ്യക്ക് നാമം ജപിക്കുന്ന നേരത്തു, തെക്കുവടക്കുള്ള പടിയിൽ ഇരുന്നു ചോറുണ്ണരുത്."
"സന്ധ്യ കഴിഞ്ഞാൽ സൂചിയിൽ നൂല് നൂൽകൊരുത്, നഖം വെട്ടരുത്."
"അരകല്ലിൽ ഇരുന്നാൽ അമ്മക്കാണ് ദോഷം"

അന്ന് അതൊക്കെ പേടിയോടെ കേട്ടിരുന്നു. പിന്നീട് പലപ്പോഴും ആലോചിക്കാറുണ്ട്. അമ്മുമ്മ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞു പേടിപ്പിച്ചതെന്ന്?.
ഭയപ്പെടുത്തി വിശ്വസിപ്പിക്കുക എന്നത് ചരിത്രാതീത കാലം മുതലേ മനുഷ്യ വംശം അവലംബിച്ചുപോന്ന നയമാണ് എന്ന് തോന്നുന്നു.
അതിപ്പോൾ പ്രാകൃത ഗോത്രവർഗ്ഗങ്ങൾക്കിടയിലും പരിഷ്‌കൃത ജനസമൂഹങ്ങളുടെ ഇടയിലും അത്യന്താധുനിക പൗരസമൂഹങ്ങളുടെ ഇടയിലും ഒരുപോലെ തന്നെ. വിശ്വാസങ്ങൾ എപ്പോഴും മനുഷ്യന്റെ പേടിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു തോന്നുന്നു. ദുർബലതകളെ വേട്ടയാടി ഭോജനം ചെയ്യുകയാണ് വിശ്വാസങ്ങൾ. നഷ്ടപ്പെടുമോ എന്നുള്ള, കിട്ടാതിരിക്കുമോ എന്നുള്ള പേടി.

അല്ലെങ്കിൽ ആ കാലത്തു ഏത് വീട്ടിലാണ്, തെക്കുവടക്ക് ദിശയിലല്ലാതെ കട്ടിള വെയ്ക്കുക?
ആ വാതിലിലൂടെ തന്നെ അല്ലെ, ഇരുട്ടത്ത്, കയറിയിറങ്ങേണ്ടത്?
നമ്മുടെ ഗ്രാമീണ ദേശങ്ങളിൽ എത്ര നാളായിട്ടുണ്ടാവും വൈദുതി എത്തി തുടങ്ങിയിട്ട്?
അന്നത്തെക്കാലത്ത്, വൈദ്യുതി വെളിച്ചമില്ലാത്ത സന്ധ്യയിലും രാത്രിയിലും, സൂചിയിൽ നൂല് കോർത്താലോ നഖം വെട്ടിയാലോ ശരീരം മുറിയും എന്നുള്ള ഭയം കലർന്ന തിരിച്ചറിവ്, വിശ്വാസവുമായി ബന്ധിച്ചു ദോഷമാണെന്നു പാടിപഠിപ്പിച്ചു. ഇരുട്ടത്ത് വാതിൽപ്പടിയിൽ ഇരിക്കുമ്പോൾ, മറ്റുള്ളവർക്ക് കയറിയിറങ്ങി പോകാനുള്ള അസൗകര്യം, വാതിൽപ്പടിയിൽ ഇരുന്നുള്ള ചോറൂണലിനെ ദോഷമുള്ളതാക്കി.

അതുപോലെതന്നെ അരകല്ലും, അത് വൃത്തിയായി സൂക്ഷിക്കാനുള്ള ഒരു മാർഗം. ഇങ്ങനെ പേടിപ്പിക്കുക എന്നുള്ളതായിരുന്നു.അല്ലെങ്കിൽ അരപ്പു ഒഴിഞ്ഞ കല്ലിലെ അവശിഷ്ടത്തിന്മേൽ ഇരുന്നാലുള്ള നീറ്റലൊഴിവാക്കാൻ.

എത്രപെട്ടന്നാണ്‌ എന്റെയുള്ളിലെ യുക്തിവാദിയും നിഷേധിയും സടകുടഞ്ഞു എണീറ്റത്. അപ്പോഴും പൂച്ചയെ കൊല്ലാതിരിക്കുന്നതിനുള്ള ന്യായീകരണം, അഹിംസയിൽ അധിഷ്ഠിതമായ രാഷ്ട്ര സംസ്കൃതിയുടെ സ്വാധീനമാവും എന്നും കരുതി. 

പക്ഷെ അത്തരം അനുമാനങ്ങളെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു, ഒരു വൈകുന്നേരം രഘുവിന്റെ വീട്ടിൽ നിന്നും, ആ വാർത്തയുമായി ആള് വരുന്നത്.



**********************************



എട്ടാം ക്‌ളാസിൽ എത്തുമ്പോഴാണ് പാർവ്വതിയുമായി ആദ്യമായി സംസാരിക്കുന്നത്, അതും ക്ലെമന്റ് സാറിന്റെ ഇംഗ്ലീഷ് ക്‌ളാസിൽ. അദ്ദേഹം ആദ്യം പദ്യം പഠിപ്പിക്കുയും, പിന്നീട് കുട്ടികളെല്ലാം അത് കാണാപാഠം പഠിച്ചു ചൊല്ലുവാനും എഴുതുവാനും നിർദേശിക്കുക പതിവായിരുന്നു. ശേഷം, നടത്തുന്ന ക്ലാസ് ടെസ്റ്റിൽ, പെൺകുട്ടികളുടെ പേപ്പർ ആൺകുട്ടികൾക്കും ആണ്കുട്ടികളുടേതു പെൺകുട്ടികൾക്കും കൈമാറുക ആയിരുന്നു ശീലം. ഉത്തരം പരിശോധിക്കേണ്ടതും കുട്ടികൾ തന്നെ.

അന്ന്, എന്റെ പേപ്പർ കിട്ടിയത് പാറുവിന്റെ കൈയിൽ ആയിരുന്നു. അവൾ തന്നെയാണ് എന്നോട്  പറഞ്ഞത്,'സുമേഷെ,നിന്റെ പേപ്പർ എന്റെ കൈയിൽ ആണെന്ന്'. സാറ് അറിയാതെ അതിലെ തെറ്റുതിരുത്താൻ അവളെന്നെ അനുവദിക്കുകയും ചെയ്തു.

ക്ലെമെന്റ് സാറിന്റെ ഇത്തരം പരീക്ഷകളും പേപ്പർ കൈമാറ്റവും ഒക്കെ തുടർന്നും ഉണ്ടായിക്കൊണ്ടിരുന്നു. ദൈവഹിതമാണോ എന്തോ അറിയില്ല, മിക്കപ്പോഴും എന്റെ പേപ്പർ കിട്ടിയിരുന്നത് പാർവ്വതിയുടെ പക്കൽ ആയിരുന്നു.

കഴിഞ്ഞ കുറെ വർഷങ്ങളായി, അവളോട് തോന്നിയ ആകർഷണം, ഇപ്പോൾ മനസ്സിൽ എന്തൊക്കയോ ആയി വളർന്നിരിക്കുന്നു.
അവളോട് കൂടുതൽ സംസാരിക്കണമെന്ന് തോന്നുന്നു.വീണ്ടും വീണ്ടും കാണണമെന്ന്,ആ കണ്ണുകളിൽ നോക്കിയിരിക്കണമെന്നു.
അത്തരം ചിന്തകളുമായി അവളുടെ പുറകിൽ തന്നെ ആയിരുന്നു ഞാൻ, മനസ്സുകൊണ്ടും ശരീരംകൊണ്ടും 

എന്റെ ഇഷ്ടം ആദ്യമായി പങ്കുവെക്കുന്നത് സുരേഷിനോടായിരുന്നു.
പിന്നീടത് പലരും അറിഞ്ഞുവെങ്കിലും, അവളോട് മാത്രം, പാറുവിനോട് മാത്രം ഞാൻ പറഞ്ഞിരുന്നില്ല.
പിന്നീട്, ക്ലാസ്സിൽ എന്തെങ്കിലും ആവിശ്യത്തിന് അവൾ എണീറ്റാൽ എന്റെ പേരും, ഞാൻ എണീറ്റാൽ അവളുടെ പേരും ആരൊക്കയോ വിളിച്ചു തുടങ്ങി.
അങ്ങനെ അവളുടെ മേലിലുള്ള എന്റെ നോട്ടം, അവളും അറിഞ്ഞിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി.
അതോടപ്പം, അന്ന് മുതൽ അവളോട് മിണ്ടാനും പേടിയായി തുടങ്ങി അവളോട് എന്നുമുതൽ ഇഷ്ടം തോന്നിയോ അന്ന് മുതൽ പരസ്പരം സംസാരിക്കാതെയും ആയി.
പത്താം ക്ലാസ് കഴിയുന്നിടം വരെ കണ്ണുകളിൽ കൂടി മാത്രം കഥപറഞ്ഞുകൊണ്ടിരുന്നു.
ഒരേദിശയിലേക്കു മാത്രം ഒഴുകുന്ന നദി.

ഞങ്ങളുടെ പൊതുസുഹൃത്തുക്കളായ ആശയും ദീപയുമൊക്കെ എന്റെ ഇഷ്ടത്തിന്റെ സാധൂകരണത്തിനായി ഏറെ ശ്രമിച്ചുവെങ്കിലും, അവരൊരുക്കുന്ന സാഹചര്യങ്ങളിൽ നിന്നെല്ലാം ഞാൻ ഓടിയൊളിച്ചുകൊണ്ടിരുന്നു.
സ്വതവേയുള്ള നാണം കുണുങ്ങി സ്വഭാവും സഭാകമ്പവും ഭയവും, എന്നെ, തുറന്നുപറച്ചിലുകളിൽ നിന്നും വിലക്കിയിരുന്നു.
ഒരുപക്ഷെ അവൾ " നോ" എന്ന് അന്ന് പറഞ്ഞിരുന്നുവെങ്കിൽ, ഞാനെന്റെ ജീവിതം ഉപേക്ഷിച്ചേക്കും എന്നും ഭയന്നിരുന്നു. അങ്ങനെ സംഭവിക്കുമോ എന്ന് കരുതി, ഞാൻ എന്റെ ഇഷ്ടം ഒളിച്ചുവെച്ചു.

ചിലസമയങ്ങളിൽ മറ്റൊരുപേടിയും ഉണ്ടായിരുന്നു.
ഇനി അവൾക്കു വേറെ ആരോടെങ്കിലും ഇഷ്ടം ഉണ്ടായിട്ടുണ്ടാവുമോ?
അജേഷും രാജേഷും അനീഷുമൊക്കെ അവളുടെ പുറകെ നടക്കുന്നത് ഞാനും ശ്രദ്ധിച്ചിട്ടുണ്ട്.
അവൾക്ക് മറ്റാരോടും ഒന്നും തോന്നിയിട്ടുണ്ടാവില്ല എന്ന് വിശ്വസിച്ചു. അഥവാ ഉണ്ടെങ്കിൽ തന്നെ, ഞാൻ എന്റെ ഇഷ്ടം റദ്ദ് ചെയ്യാനും തയാറായിരുന്നില്ല.

നഷ്ടപ്രണയങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ ചിലർക്ക് പൈങ്കിളിയായി തോന്നും!
മറ്റു ചിലർക്ക് ശരീരത്തോട് കാണിക്കുന്ന വിപരീത സംവേദമാണ്!
വേറെ ചിലർക്ക്, മുഷിപ്പും ദേഷ്യവുമാണ്!. എന്നാൽ എനിയ്ക്കത് ഓർക്കാനും കേൾക്കാനും സുഖമുള്ള ഒരു കാര്യമാണ്.
നഷ്ടപ്രണയം!!!

പക്ഷെ ഞങ്ങളുടേത് ഒരു നഷ്ടപ്രണയമല്ല 
പ്രണയം നഷ്ടമായാൽ അല്ലെ അത് നഷ്ടപ്രണയമാകു?
അവളോട് തുറന്നു പറയാത്ത ആ ഇഷ്ടം ഇപ്പോഴും അതേപോലെ ഉണ്ട്. ഇനി നൂറു ജന്മം ഹൃദയത്തിൽ സൂക്ഷ്യ്ക്കേണ്ടി വരികിലും.
അവളറിയാത്ത എന്റെ ഇഷ്ടം,  അതുകൊണ്ടു തന്നെ ഒരു നഷ്ടപ്രണയവും അല്ല.
ഞാൻ ഇപ്പോഴും ജീവിക്കുന്നത് ആ കാലത്തിലാണ്, അവളോടുള്ള എന്റെ ഇഷടങ്ങളിൽ, പറയാതെ നടന്ന പ്രണയങ്ങളിൽ.

എന്റെ ഇഷ്ടം ജീവനുള്ള പ്രണയമായിരുന്നു.
ഒരു പെൺകുട്ടി ഇഷ്ടമില്ലെന്നു പറയുമ്പോഴോ അവളുടെ കല്യാണം കഴിയുമ്പോഴോ അവസാനിക്കുന്ന ഒന്നായിരുന്നില്ല എന്റെ പ്രണയം.
സനാതനപ്രണയം എന്നൊക്കെ വിളിച്ചാൽ വ്യാകരണ പിശക് ഉണ്ടാകുമോ എന്നും അറിയില്ല.

ഞാനും മുള്ളൻ ദീപേഷും സുരേഷുംകൂടി ഓഫീസ് റൂമിനടുത്ത് നിൽക്കുമ്പോഴാണ്.
പാർവ്വതിയും ആശയും ദീപയും അനിതയും ഒക്കെ അസംബ്ലിക്കു പങ്കെടുക്കാനായി വരുന്നത്.

മുടിപിന്നിക്കെട്ടി പൂവും ചൂടി, കൈനിറയെ മഞ്ഞകുപ്പിവളകളും അണിഞ്ഞു, ഞങ്ങളുടെ അടുത്ത് വന്നു അവർ നിൽക്കുമ്പോൾ, പാർവ്വതിയെ ചൂണ്ടി, ഞാൻ സുരേഷിനോടും ദീപേഷിനോടും ചോദിച്ചു, "നിങ്ങൾക്കറിയുമോ ആരാണ് ആ പെൺകുട്ടി എന്ന്."
ക്ലാസ്സിൽ കൂടെ പഠിക്കുന്ന പെൺകുട്ടിയെ അറിയുമോ എന്നുള്ള ചോദ്യം ആയിരുന്നില്ല അത്, അവൾ എന്റെ ആരാണ് എന്നുള്ള ഒളിചോദ്യം ആയിരുന്നു അത്.
അവളാരാണ് എന്നറിയുന്നതിനു മുൻപ്, ഇന്ന് നിനക്ക് സാറിന്റെ കൈയ്യിൽ നിന്നും അടിവാങ്ങി തരാൻ പോകുന്ന പെൺകുട്ടി ആയിരിക്കും അവളെന്നു സുരേഷ് പറഞ്ഞു നിർത്തിയതും, അവൻ എന്നെ ആ പെൺകുട്ടികൾക്ക്മേൽ തള്ളിയിട്ടതും ഒരുമിച്ചായിരുന്നു.

ഞാൻ മറിഞ്ഞു വീണത്, കൃത്യം പാർവ്വതിയുടെ  ദേഹത്തേക്കാണ്.
അവളത്, നേരെ ലീലാവതി ടീച്ചറിനോട് പരാതിയായി പറയുകയും ചെയ്തു.
ക്ലാസിലെത്തി, ടീച്ചർ ചോദ്യം ചെയ്യുമ്പോൾ, അവൾ ചൂണ്ടിക്കാണിച്ചത്, സുരേഷിനെയും ദീപേഷിനേയും മാത്രം ആണ്.
"നിനക്കൊന്നും വീട്ടിൽ പെങ്ങമ്മാരില്ലിയോടാ" എന്നുള്ള ടീച്ചറിന്റെ ശകാരത്തിലും തല്ലിലും ഞാൻ തലകുനിച്ചിരുന്നു.

എന്തുകൊണ്ടാണ്, അന്നവൾ എന്നെ ഒഴിവാക്കി, സുരേഷിന്റെയും ദീപേഷിന്റേയും പേരുകൾ മാത്രം പറഞ്ഞതെന്ന് ഇന്നും എനിക്കറിയില്ല!

പാർവ്വതീ, നിനക്കു എന്നെ ഇഷ്ടമായിരുന്നുവോ ?, ഞാൻ നിന്നെ സ്നേഹിച്ചതുപോലെ ?




**********************************


6   


ജീവിതത്തിലെ മറക്കാൻ കഴിയാത്തൊരു ദിവസമാണ് 1996 സെപ്റ്റംബർ 23.
  
ഏഴിമല പൂഞ്ചോലയിൽ, തെമ്മാടി തോമയുടെ ദേഹത്തു എണ്ണതേയ്ച്ചു ഉഴിയുന്ന തിടമ്പേറ്റിയ സുന്ദരി സിൽക്ക് സ്മിത ആത്മഹത്യാ ചെയ്തു എന്നുള്ള ദുഃഖവാർത്ത പരന്നത് അന്നാണ്.
ആ പ്രായത്തിൽ ഞരമ്പുകളിലെ ചോരയോട്ടത്തെ ചൂടുപിടിപ്പിച്ചതും സൗഹൃദ ചർച്ചകളെയും സ്വപ്നങ്ങളെയും രാത്രികളെയും മാദക ചിന്തകളിലേക്ക് നയിച്ചതും സിൽക്കും അവരുടെ പാട്ടുകളും ആയിരുന്നു.

വാർത്ത കേട്ട് ഓടിക്കൂടിയ സുഹൃത്തുക്കളിൽ നവാസും നിരഞ്ജനും ഷെരീഫും ഉണ്ടായിരുന്നു.
ക്ലാസ്സിലെ പതിവ് പകലുകൾ പോലെ ഷെരീഫ് ഡെസ്‌കിന്മേൽ ചരിഞ്ഞുകിടന്നു കൈകൾ കൊണ്ട് താളമടിച്ചു പാട്ടുപാടി. ക്ലാസ്സിലെ തട്ടമിട്ട മൊഞ്ചത്തിയും മിണ്ടാപൂച്ചയുമായ മുംതാസിനുവേണ്ടി പാടുന്ന പാട്ടുകൾ ആയിരുന്നുവെങ്കിലും, അവന്റെ ഉള്ളിലെ വിഷമം സിൽക്ക് സ്മിതയുടെ മരണം ആയിരുന്നു.
കോടീലാൻ ഷിബു, സിൽക്ക് സ്‌മിതയുടെ സിനിമകഥകളുടെ വർണ്ണനയിൽ ആയിരുന്നു.
ജാഫറും സിജുവുമൊക്കെ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു.

പടികടന്നു ഒന്നാം നിലയിലെ ആദ്യക്ലാസ്സിലേക്ക് കടക്കുന്നതിനു മുൻപ്, അരികിൽ പഴകിപ്പൊളിഞ്ഞ ഒരു കറുത്ത ബോർഡ് വെച്ചിരുന്നു.
നവാസ് അതിൽ " സിൽക്ക് സ്മിതക്ക് ആദരാഞ്ജലികൾ " എന്ന് ചോക്കുകൊണ്ടു എഴുതി അവന്റെ ദുഃഖം പ്രകടിപ്പിച്ചു. നുറുക്കികൂട്ടിയ കടലാസ് കഷ്ണങ്ങൾ കൊണ്ട് കൂടിനിന്നവർ പുഷ്പാഞ്ജലിയും അർപ്പിച്ചു. പിന്നീട് വായ്പൊത്തി കരഞ്ഞു.

ദുഃഖം തളംകെട്ടി നിന്ന ആ അന്തരീക്ഷത്തിലേക്കാണ് ബയോളജി പഠിപ്പിക്കാൻ ഓമനക്കുട്ടൻ സാർ വരുന്നത്.
ബോർഡ് കണ്ട് പ്രകോപിതനായ സാർ, നവാസിനെ ക്ലാസ്സിൽ നിന്നും വിളിച്ചറക്കി ശകാരിച്ചു. കൂടെ, മുഹമ്മദ് കുഞ്ഞു സാറിനെയും വിളിച്ചുവരുത്തി.
നവാസിനെ കൊണ്ട് തന്നെ ബോർഡ് വൃത്തിയാക്കി, ശേഷം ആ ബോർഡ് തോളിൽ എടുപ്പിച്ചു താഴെ കൊണ്ടുകളയിപ്പിച്ചു.

സ്‌കൂൾ കാലത്തെ സുന്ദരതമാശ ആയിരുന്നു അതെങ്കിലും, ഇപ്പോഴും അറിയില്ല, അന്ന് നവാസ് ചെയ്ത തെറ്റെന്താണെന്ന്. 
സിൽക്ക് സ്മിതക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നത് അത്രമാത്രം അശ്ലീലകരമായിരുന്നോ? 
ആ സംഭവത്തിനു ശേഷം ഇരുപതു വർഷങ്ങൾ കഴിഞ്ഞപ്പോൾ, അതെ സിൽക്ക് സ്മിതയുടെ ജീവിതം സിനിമയാക്കി ആഘോഷിക്കുന്നതും കണ്ടു.
വർഷങ്ങൾ കഴിയുംതോറും പൊതുസമൂഹത്തിന്റെ ചിന്തകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അനിർവ്വചനീയം തന്നെ.
അല്ലെങ്കിൽ ത്രിബിൾ എക്സ് റേറ്റഡ് സിനിമകളിൽ മാത്രം അഭിനയിച്ചിരുന്ന സണ്ണി ലിയോൺ, ഇപ്പോൾ കുടുംബ സദസ്സിലേക്കും, മുൻനിര നായകന്മാരോടപ്പം മുഖ്യധാരാ സിനിമകളിൽ അഭിനയിക്കുകയും അത് ഉൾക്കൊള്ളുകയും ആവേശപുളകിതരാവുകയും ചെയ്യുന്നില്ലേ ? സണ്ണി ലിയോൺ അഭിനയിച്ചതുപോലെയോ, പുറത്തുകാട്ടിയതുപോലെയോ ഒന്നും സിൽക്ക് സ്മിത ചെയ്തിട്ടില്ല എന്നാണ് തോന്നുന്നത്.
 
നവാസിന്റെ സിൽക്ക് സ്മിതയോടുള്ള ആരാധനായാണ്, ശ്രീകലയുടെ പുറകെ നടക്കാൻ അവനെ പ്രേരിപ്പിച്ചത്.
കോഴികൂവും മുൻപേ ഉറക്കം ഉണർന്ന്, എല്ലാവരും സ്‌കൂളിൽ എത്തും മുൻപേ സ്‌കൂളിൽ എത്തി, ശ്രീകല വരുവാൻ വേണ്ടി അവൻ കാത്തുനിൽക്കുമായിരുന്നു.
തടിച്ചു മലർന്ന ചുണ്ടുകളും കത്തുന്ന ശരീരവും വലിയ കണ്ണുകളും ഉള്ള ശ്രീകല, നവാസിന്റെ ദൗബല്യവും വികാരവുമായിരുന്നു. നവാസിന്റെ സിൽക്കായിരുന്നു ശ്രീകല!

പടികയറിവരുന്ന ശ്രീകലയെ പതുങ്ങിനിന്നു കൂക്കിവിളിച്ചു പേടിപ്പിക്കുക.അറിയാത്തതുപോലെ, അവളുടെ അടുത്ത്  ചെന്ന്, ശരീരത്തോട് ചേർന്ന് നിന്ന്, " ഐ ലവ് യു " എന്ന് പറയുക. അത് കേട്ട്, അവൾ പറയുന്ന തർക്കുത്തരങ്ങളിൽ  വീണ്ടും പ്രകോപിതനാവുക, എന്നതൊക്കെയായിരുന്നു അവന്റെ വിനോദം.

സിൽക്കോളം മാദകസൗന്ദര്യമില്ലെങ്കിലും അവനെ വികാരപരവേഷനാക്കി കൊതിപ്പിച്ചു കിന്നാരം പറഞ്ഞു നടക്കൽ ആയിരുന്നു അവളുടെയും തമാശ.
ഉന്തുവണ്ടിയിൽ വഴിവാണിഭം നടത്തുന്ന അബ്ബാസിക്കയുടെ സുപ്രസിദ്ധ കോലുമിട്ടായിക്കുവേണ്ടിയോ, അമ്മുമ്മയുടെ കടയിലെ മാങ്ങയിട്ട വെള്ളത്തിനുവേണ്ടിയോ രവി സ്റ്റോറിലെ ചാന്തിനോ പൊട്ടിനോ ഒക്കെ വേണ്ടിയുള്ള തമാശകൾ ആയിരുന്നു എല്ലാം.

പനി എന്ന് വിളിപ്പേരുള്ള ഷിനാസ് ആയിരുന്നു ക്ലാസ്സിലെ മറ്റൊരു കാമുകൻ.
ഷിനാസ് മിക്ക ദിവസങ്ങളിലും സ്‌കൂളിൽ വരാറില്ല. വരാതിരിക്കുന്നതിന് അവനു ഒരു കാരണവും ഉണ്ടായിരുന്നു.
പനി!

പനി ആയതുകൊണ്ടാണ് വരാഞ്ഞത്. അതായിരുന്നു അവന്റെ സ്ഥിരം പല്ലവി.
അങ്ങനെ ആണ് പനി എന്നുള്ള വിളിപ്പേര് അവനു കിട്ടിയത്.
ഷിനാസിന്റെ ക്ലാസ്സിലെ ദൗർബല്യം ആയിരുന്നു, അയൽക്കാരി കൂടിയായ റെജീന.
പക്ഷെ, ആ പാവം കൊച്ചു, ഷിനാസിനെ കാണുമ്പോൾ ഓടിയൊളിക്കുമായിരുന്നു.
പക്ഷേങ്കിലും, റെജിനെയെയും ക്ലാസ്സിലെ എല്ലാവരും പനി എന്ന് വിളിച്ചുതുടങ്ങി.
എന്നെ മത്തങ്ങാ എന്ന് വിളിക്കുന്നതുപോലെ!
കാരണം,പാർവ്വതിയുടെ ചെല്ലപ്പേരായിരുന്നുവല്ലോ മത്തങ്ങാ.


**********************************
7

ഹൈസ്‌കൂൾ സമയകാലത്തെ യുവജനോൽസം.
ഓഡിറ്റോറിയത്തിന് മുന്നിൽ കെട്ടിയിരിക്കുന്ന താൽക്കാലിക പന്തലിനുള്ളിൽ കുട്ടികൾ നിറഞ്ഞു കവിഞ്ഞു പുറത്തേക്ക് നിൽക്കുന്നു. നൃത്ത പരിപാടി കഴിഞ്ഞു സ്റ്റേജിൽ നിന്നും ഇറങ്ങുന്ന അനൂഷയും ആശയും ഉൾപ്പെടെയുള്ള സംഘം.

അടുത്ത പരിപാടി മോണോ ആക്ട് ആയിരുന്നു.
പതിവ് തമാശകൾക്കപ്പുറം, പുതിയതായി ഒന്നും ഇല്ലാതിരുന്ന  പരിപാടികൾ.
ആദ്യം എത്തിയ കുറച്ചു മത്സരാർത്ഥികൾക്ക് ശേഷമാണു, ഞങ്ങളുടെ ക്‌ളാസിലെ ജയകൃഷ്ണന്റെ പേര് വിളിച്ചത്.
ആ മോണോ ആക്ടിൽ അവൻ ഉപയോഗിച്ച ചില വാക്കുകളും ഉപമാനങ്ങളും കുട്ടികൾക്കിടയിൽ കൈയ്യടികയും ബഹളവും ഉണ്ടാക്കി. 
ഭൂമിയും ഭൂഗോളവും ഒക്കെ ഉപമയായി പറഞ്ഞു കത്തിക്കയറുമ്പോൾ, പറഞ്ഞുവെക്കുന്നതുമുഴുവൻ ദ്വയാർത്ഥ അശ്ലീലങ്ങൾ ആയിരുന്നു. 
അവന്റെ ഏകാംഗ പരിപാടി പകുതിയിൽ ആയപ്പോഴാണ് ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്‌ട്രുക്ടർ ആയ ഷാഹുൽ സാർ, ജയകൃഷ്ണനെ സ്റ്റേജിൽ നിന്നും പുറത്തേക്ക് വലിച്ചിറക്കി കൊണ്ടുപോകുന്നത്.

അവൻ, സാറിനെ വെട്ടിച്ചു ഇറങ്ങിയോടി.
ആ ഒരു രസത്തിൽ, അവന്റെ പിറകെ ഞാനും സുരേഷും നവാസും കൂടെ ഓടി.
ജയകൃഷ്ണന്റെ മുഖമാകെ വിളറിവെളുത്തിരുന്നു. നന്നായി വിയർക്കുകയും ചെയ്യുന്നുണ്ട്. 

സ്റ്റേജിനു പുറകിലെ കഞ്ഞിപ്പുരയും , അതിന്റെ പുറകിലുള്ള ചെളികയറിയ വയലും കടന്നു ലോയൽ അക്കാദമയിൽ പോയിരുന്നു.

അന്നത്തെ ദിവസം അവിടെ ക്ലാസുകൾ ഒന്നും നടക്കുന്നുണ്ടായിരുന്നില്ലെങ്കിലും, ഓഫീസിൽ സോമൻസാർ ഉണ്ടായിരുന്നു.

കുറച്ചുനേരം അവിടെ ഒളിച്ചിരുന്ന ശേഷം ലോയലിൽ നിന്നും നടന്നുപോകുമ്പോഴാണ്, സോമൻ സാറിന്റെ  വിജയ് സൂപ്പർ സ്‌കൂട്ടർ വെയിലത്ത് ഇരിക്കുന്നത് കാണുന്നത്. 
കുറേനേരത്തെ ശ്രമത്തിനൊടുവിൽ, ഞങ്ങളാ സ്‌കൂട്ടർ സ്റ്റാർട്ട് ആക്കി. ശബ്ദം കേൾക്കുമെന്നും സോമൻസാർ വരുമോ എന്നും പേടിച്ചു, അവിടെ നിന്നും വീണ്ടും ഓടി.
സാറ് ഞങ്ങളെ കണ്ടിട്ടുണ്ടാവണം.
അടുത്ത ദിവസം ഞങ്ങളെ മൂന്നു പേരെയും സോമൻ സാർ ഓഫീസിലേക്ക് വിളിപ്പിച്ചു. 

ആശ്രമത്തിനു കിഴക്കുവശത്തു വള്ളിക്കാട്ടിൽ നിന്നും വെട്ടിയെടുക്കുന്ന ചൂരൽ, വിൽക്കുന്നത് സോമൻ സാറിനായിരുന്നു. 
ഞങ്ങളുടെ സ്‌കൂൾ ചിലവുകൾക്ക് പണം കണ്ടെത്തുന്നത് അങ്ങനെ ഒക്കെ ആയിരുന്നു. പ്രേതെയ്കിച്ചു, ശ്രീകലക്കു മിട്ടായി വാങ്ങികൊടുക്കാനും ചാന്തും പൊട്ടും വാങ്ങാനുമൊക്കെ നവാസിന് മറ്റു സാമ്പത്തിക മാര്ഗങ്ങള് ഇല്ലായിരുന്നു. 
എല്ലാ ചൂരലുകളുടെയും ഉൽഘാടനം ഞങ്ങളുടെ കൈവെള്ളയിൽ തന്നെ ആയിരുന്നു സോമൻ സാർ ചെയ്തിരുന്നു.
എന്നത്തേയും പോലെ അന്നും അടിക്കാൻ ഒരു കാരണം ഉണ്ടായിരുന്നു, വെറുതെയിരുന്ന സ്‌കൂട്ടർ സ്റ്റാർട്ടാക്കി എന്നുള്ളത്.

സ്‌കൂട്ടർ സ്റ്റാർട്ടാക്കിയശേഷം ഓടി ഒളിച്ചതു, വീണ്ടും സ്‌കൂളിലെ യുവജനോത്സവ പന്തലിലേക്ക് ആയിരുന്നു.
അവിടെ എത്തുമ്പോൾ, അനൂഷയും ആശയും ദീപയും അടങ്ങുന്ന സംഘം ഒപ്പനമത്സരത്തിൽ പങ്കെടുക്കാനായി സ്റ്റേജിനു പുറകിലുണ്ട്.
പുതുമണവാട്ടിയായി പാർവ്വതിയും.

അഞ്ചാം ക്‌ളാസിൽ പഠിക്കുമ്പോഴായിരുന്നു, ഞങ്ങളെല്ലാം ചേർന്ന് യുവജനോത്സവത്തിനു നാടകമത്സരത്തിന് പങ്കെടുക്കാൻ തീരുമാനിക്കുന്നത്.
ഏഴാം ക്ലാസ്സിലെ നിസാറും മിച്ചർ സനിലിന്റെ സഹോദരി സനിലയും ചേർന്നൊരുക്കിയ നാടകത്തിന്റെ റിഹേഴ്‌സൽ ഒളിഞ്ഞു നിന്ന് കണ്ട ആവേശത്തിൽ ആണ് ഞങ്ങൾ അങ്ങനെ തീരുമാനിച്ചത്.


അങ്ങനെ, പരിപാടിയുടെ ദിവസമായപ്പോൾ എനിക്കുണ്ടായ പരിഭ്രമവും ആശങ്കയുമൊക്കെ എങ്ങനെ പറയണം എന്നറിയില്ല.ഞങ്ങളുടെ കഥ എന്തായിരുന്നുവെന്നോ എങ്ങനെ ആയിരുന്നുവെന്നോ ഒന്നും ഓർമ്മയില്ല.

പരിപാടിക്ക് പേരും കൊടുത്തു അങ്ങനെ കറങ്ങി നടക്കുകയാണ് ഞങ്ങൾ.
നിസാറിന്റെയും സനിലയുടെയും നാടകം തട്ടിന്മേൽ കൊട്ടിക്കയറുന്നു.
ഞങ്ങൾ പരുങ്ങി സ്റ്റേജിന്റെ പിന്നിൽ നിന്നു.
അല്പം കഴിഞ്ഞപ്പോൾ...ഞാനൊരു ഓട്ടം ഓടി...
സ്‌കൂൾ ഗേറ്റും കടന്നു....തീപ്പെട്ടി കമ്പനിയുടെ ഭാഗത്തേക്ക് ഓടി ....
സ്‌കൂൾ പിന്നിടും മുൻപ് ഗേറ്റിനു പിറകിൽ നിന്നും ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു, പുറകിൽ ആരെങ്കിലും വരുന്നുണ്ടോയെന്ന്.
അവിടെ നിന്നും വീണ്ടും ഓടി.

പേടിയും ആശങ്കയും നാണവും ഒക്കെ ആയിരുന്നു, ആ ഓട്ടത്തിന് പിന്നിലുള്ള കാരണം.
അന്ന് തോന്നിയ അതെ പേടിയും നാണവും ഒക്കെ തന്നെയാണ്, ഇപ്പോൾ പാർവ്വതിയോട് എന്റെ മനസ്സ് തുറക്കുന്നതിനും തടസ്സമായി നിൽക്കുന്നതും.
അവളത് തിരിച്ചറിയുന്നുണ്ടാവുമോ ?


**********************************
8

കോളേജിലെ അവസാന പ്രീഡിഗ്രി ബാച്ച്.
പ്ലസ് ടുവിന് പോകണോ ഐടിഐക്കു പോകണോ അതോ പ്രീഡിഗ്രിക്കു തന്നെ മതിയോ എന്ന് ശങ്കിച്ച് നിൽക്കുമ്പോഴാണ് സുരേഷ് പറയുന്നത്, നമ്മൾക്കു കോളേജിൽ പോകാമെന്ന്. അങ്ങനെയാണ് മറ്റു ഫോമുകൾ ഒക്കെ കീറി കളയുന്നതും പ്രീഡിഗ്രിക്കുള്ളതുമാത്രം അയക്കുന്നതും.

കോളേജിൽ അഡ്മിഷൻ തുടങ്ങിയെങ്കിലും ഞങ്ങൾക്ക് രണ്ടുപേർക്കും അറിയിപ്പുകൾ ഒന്നും വന്നില്ല.
ഒരിടത്തേക്ക് മാത്രമേ അയച്ചിട്ടും ഉള്ളു.
അങ്ങനെ കാത്തിരിക്കുമ്പോഴാണ് എനിക്ക് കത്ത് വരുന്നതും, തൊട്ടു പുറകെ സുരേഷിനും അഡ്‌മിഷൻ ശരിയാവുന്നതും.

ക്ലാസ് തുടങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ്, വെളുത്തു മത്തങ്ങാപോലെയുള്ള ഒരു പെൺകുട്ടി, ആരോടോ സംസാരിച്ചു നിൽക്കുന്നത് ശ്രദ്ധിച്ചത്. അവർക്ക് നീലപ്പാവാടയും വെള്ള ഉടുപ്പും പിന്നിക്കെട്ടിയ മുടിയുമുള്ള ആ പഴയ പെൺകുട്ടിയോട് വളരെ സാമ്യം.

അമ്പരപ്പോടെ അവൾ കയറി വന്നതു ഞങ്ങളുടെ ക്ലാസ്സിലേക്ക് ആയിരുന്നു.
മനസ്സിൽ മിഥുന മഴയുടെ ഉടുക്കുകൊട്ട്!
പാർവ്വതി!!!
എഴുതിവെച്ച സിനിമാക്കഥപോലെ, നായികയുടെ തിരിച്ചുവരവ്. എല്ലാം ഒരു നിയോഗം.

അവളോട് തോന്നിയ ഇഷ്ടം മനസ്സിൽ കുരുത്ത് പ്രണയമായപ്പോഴും തുറന്നു പറയാതെ വിങ്ങിപ്പൊട്ടി നിന്നു. അവളോട് സംസാരിക്കാൻ വർഷങ്ങൾ കഴിയേണ്ടിവന്നു, എങ്കിലും ഉള്ളിലെ ഇഷ്ടം പറയാതെ മാറ്റിവെച്ചു. 

തമ്മിൽ മിഴികൾകൊണ്ടുമാത്രം കഥ പറഞ്ഞിരുന്ന സ്‌കൂൾ പഠനത്തിനു ശേഷം കാഴ്ചകൾക്ക് മിഴിവേകികൊണ്ട് വർണശബളമായ കുടമാറ്റം ആയിരുന്നു പിന്നീടുള്ള ദിവസങ്ങൾ!
സ്‌കൂളിലെ യൂണിഫോം വേഷലോകത്തു നിന്നും നിറമുള്ള ക്യാംപസിലേക്ക് എത്തിയപ്പോഴേക്കും പാർവ്വതിയുടെ വേഷങ്ങൾക്കൊപ്പം സ്വപ്നങ്ങളും നിറമുള്ളതായി.

അവളോട് ചെറുതും മുറിഞ്ഞുപോകുന്നതുമായ വാക്കുകളിൽ സംസാരിച്ചു തുടങ്ങി.
കൽത്തൂണുകളുടെ ഇടയിലും സയൻസ് ലാബിലെ പരീക്ഷണ നിമിഷങ്ങളിലെ രാസപരിണാമങ്ങളുടെ ആന്തരിക മാറ്റങ്ങൾ നടക്കുന്ന വേളകകളിൽ അമ്ലങ്ങളുടെ ജ്വലനം പോലെ ചെറു പുഞ്ചിരികളും നുറുങ്ങു തമാശകളും ഒക്കെ ആയി ഓരോ ദിവസവും കഴിഞ്ഞു കൊണ്ടിരുന്നു.
വീട്ടിലേക്കു പോയിവരാനുള്ള ദൂരമേ കോളേജുമായി ഉള്ളുവെങ്കിലും ഉച്ചയൂണിനു പിരിയുന്ന വേളയിൽ അവളുടെ പൊതിച്ചോറിൽ നിന്നും മുട്ടപൊരിച്ചതും മത്തങ്ങാ എരിശ്ശേരിയും കഴിക്കാനായി ഒപ്പംകൂടുമായിരുന്നു.

സുരേഷിന്റെ കളിയാക്കലും കുറ്റപ്പെടുത്തലും കൂടിവന്നു.ഞാനവളോട് എന്റെ ഇഷ്ടം ഇതുവരെയും തുറന്നു പറയുന്നില്ല എന്നായിരുന്നു അവന്റെ പരാതി.
അവൻ എന്നെ ദൃഢമായി വിശ്വസിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു, പാർവ്വതിക്ക് സുമേഷിനെയും ഇഷ്ടമാണെന്ന്.
അവന്റെ വാദങ്ങളെ ന്യായീകരിക്കാൻ വലിയ തെളിവുകൾ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേങ്കിലും പാർവ്വതിയുടെ എന്റെ മേലുള്ള നോട്ടവും ചിരിയും സംസാരവും അവനെയും സന്തോഷിപ്പിച്ചിരുന്നു എന്ന് പറയുമ്പോൾ ഞാനെന്തിന് അവനെ അവിശ്വസിക്കണം.

"അവളുടെ കണ്ണുകളിൽ ഊർന്നു ഇറങ്ങുന്ന ഗാഢ പ്രണയം ഞാൻ കണ്ടു.
ചരിഞ്ഞിരുന്നു, ഒളിഞ്ഞുനോക്കുമ്പോൾ, മുഖബിംബത്തിൽ വിരിയുന്ന കുസൃതിയും ഞാൻ കണ്ടു.
കവിളുകളിലെ ക്ഷീരവർണം ചുവന്ന് ചെറിപ്പഴമാകുന്നതും, ചുണ്ടുകളിൽ തേനൊലിക്കുന്നതും ചുരത്തുന്നതും ഞാൻ കണ്ടുകൊണ്ടു നിൽക്കാറുണ്ട്." അങ്ങനെ ആയിരുന്നു സുരേഷ് പലപ്പോഴും ഞങ്ങളുടെ സമാഗമങ്ങളെ വർണ്ണിച്ചിരുന്നത്.

ഒരു ദിവസം സുരേഷ് രാവിലെ എത്തിയത് സമ്മാനവുമായിട്ടായിരുന്നു. ഒരു കുഞ്ഞു റോസാപ്പൂവിനൊപ്പം പിങ്ക് റിബ്ബൺ കൊണ്ട് കെട്ടിയ കടലാസ്സ്. കാഴ്ചയിലത് ക്യാൻവാസ് പോലെ തോന്നി.
വളരെ രഹസ്യമായി അവനതു ചുരുട്ടി എന്നെ ഏൽപ്പിച്ചി ശേഷം പാർവതിക്ക് കൊടുത്തേക്കു എന്നും പറഞ്ഞു.
ആ സമ്മാനം തുറന്നു നോക്കാൻ സുരേഷ് എന്നെ അനുവദിച്ചതുമില്ല. 
മറ്റൊന്നും ആലോചിക്കാതെ ഞാനതു പാർവതിക്ക് കൊടുത്തു. ആ വലിയ കടലാസ് അവൻ വരച്ച മനോഹരമായാ ഒരു പെൻസിൽ ചിത്രം ആയിരുന്നു.

'ക്ഷേത്രനടയിൽ നിന്നും ഇറങ്ങി വരുന്ന ഒരു പെൺകുട്ടി, അവളുടെ അഴിഞ്ഞുവീണ മുടിയിഴകളിൽ നിന്നും ഊർന്നു ഇറങ്ങിയ പൂവ് കുനിഞ്ഞെടുക്കുന്ന കാമുകൻ'
അതായിരുന്നു ആ ചിത്രവരയുടെ വിഷയം.

പെട്ടന്നാണ് എന്റെ ഓർമ്മ പാർവ്വതിയുടെ കഴിഞ്ഞ പിറന്നാൾ ദിവസത്തേക്ക് പോയത്.
അന്ന് രാവിലെ കോളേജിൽ ബാഗ് വെച്ചിട്ടു പുറത്തേക്കു നടക്കുകയായിരുന്നു പാർവ്വതി.
പുറകെ ഞാനും സുരേഷും കൂടി. ചോദിയ്ക്കാൻ മടി ആയിരുന്നു, അതുകൊണ്ടാണ് അവൾ എങ്ങോട്ടു പോകുന്നു എന്നറിയാൻ അവളുടെ പുറകെ നടന്നത്. കോളേജിൽ നിന്നും വലത്തോട്ട് തിരിഞ്ഞു, അവൾ നടന്നത് അടുത്തുള്ള ശിവക്ഷേത്രത്തിലേക്ക് ആയിരുന്നു.

പാർവ്വതി, പതി മഹേശ്വരനെ കാണാനായി അമ്പലത്തിൽ പോവുകയാണ്.

"ജീവസ്വരൂപമായി, തേജസോടെ സുമേഷ് എന്ന ശംഭോ ശങ്കര മഹാദേവൻ നിൽക്കുമ്പോൾ നിന്റെ പ്രാർത്ഥനകളും ആഗ്രഹങ്ങളും എന്നോട് പറയരുതോ, ദേവി പാർവ്വതി?. നിന്റെ നേർച്ചകളും നിവേദ്യങ്ങളും കാണിക്കകളും എന്നിൽ അർപ്പിച്ചുകൂടെ?
പാർവ്വതി ദേവി, പ്രിയ പ്രാണപ്രേയസി,  ഈ സിദ്ധന്റെ കഴുത്തിൽ എന്നാണ് നീ കൂവളത്തിലമാലയും കാശിപ്പോന്നും സമർപ്പിക്കുന്നത് ?

തൊഴുതിറങ്ങിയ പാർവ്വതിയുടെ തലമുടിച്ചുരുളിൽ നിന്നും ഊർന്നിറങ്ങിയ പിച്ചിപ്പൂവും, അവളു കാണാതെ ഞാനത് കുനിഞ്ഞു എടുത്തതും ഇപ്പോഴും എനിക്ക് ഓർമയുണ്ട്.
അന്ന് ആ പൂവെടുത്തു സൂളോജി ബുക്കിലെ തുറക്കാത്ത പേജിൽ ഭദ്രമായി സൂക്ഷിച്ചിവെച്ചു. മാനം കാണിക്കാതെ വെക്കുന്ന മയിൽ‌പീലി തുണ്ടുപോലെ.
അവളിൽ നിന്നും കവർന്നെടുത്ത ആദ്യ സ്വത്ത്.

എന്റെ കൈയ്യിൽ നിന്നും, അവൾ  ആ ചിത്രം വാങ്ങി ബാഗിൽ വെച്ചു, ചിരിച്ചുകൊണ്ട് നടന്നുപോയി.



കോളേജിൽ നിന്നും ക്ലാസ് കഴിഞ്ഞു വൈകിട്ടു ഇറങ്ങിയാൽ മത്തായി നവാസിന്റെ സൈക്കിളിൽ ഞങ്ങൾ മൂവരും കൂടി പാർവ്വതിയുടെ വീടിന്റെ ഭാഗത്തേക്ക് കറങ്ങാൻ പോകും.
സൈക്കളിന്റെ മുന്നിലെ കമ്പിയിൽ ഞാനും പുറകിൽ സുരേഷും.
അമ്പലത്തിന്റെ സമീപത്തുള്ള ചെറിയ തോടിനു മുകളിലൂടെ പാലം ഇറങ്ങി വരുമ്പോൾ വിശാലമായ പറമ്പിൽ കെട്ടിയുയർത്തിയ കൊപ്രാപ്പുരയും അതിനോട് ചേർന്നു പാർവ്വതിയുടെ വീടും കാണാം.
കളത്തിലെ പുരയിൽ നിന്നും ഉതിരുന്ന കൊപ്രാ നീറുന്ന മണം ദൂരെന്നെ അറിയാൻ കഴിയും.
കളപ്പുരക്ക് മുന്നിൽ കൂട്ടിയിട്ടിരിക്കുന്ന തൊണ്ടുപൊട്ടിയ്ക്കാത്ത തേങ്ങയും തൊണ്ടുകൂനകളും.
മറുവശത്തു ഉണക്കാൻ ഇട്ടിരിക്കുന്ന കൊപ്രയും.അല്പം അകലെ കൈതോലപ്പായിൽ പുഴുങ്ങി ഉണക്കാൻ ഇട്ടിരിക്കുന്ന നെല്ലും.
വൈക്കോൽ കൂനകളും, അതിനെ ചുറ്റിപറ്റി നിൽക്കുന്ന പശുക്കളും പാർവ്വതിയുടെ വീട്ടുമുറ്റത്തെ ദൃശ്യങ്ങൾ നിത്യ ദൃശ്യങ്ങളാണ്.

നവാസ് സുരേഷും എപ്പോഴും കളിയായി പറയും, സുമേഷിന് സ്ത്രീധനമായി കിട്ടാൻപോകുന്നതു കളപ്പുരയും തെങ്ങിൻതോപ്പും ആണെന്ന്.
മൂളിപാട്ടുപാടിയും സൈക്കിൾ ശരിയാക്കുന്നു എന്ന നാട്യത്തിലും  കുറേനേരം അവിടെ അങ്ങനെ കറങ്ങി നടക്കും.
മുറ്റമടിക്കാനോ സന്ധ്യാവിളക്കു തെളിക്കാനോ മറ്റോ പാർവ്വതി പുറത്തിറങ്ങുന്നതും കാത്തു ഞങ്ങൾ അങ്ങനെ എത്രയോ ദിവസങ്ങൾ കാത്തിരിന്നിരിക്കുന്നു.
അവസാനം, സുരേഷിന്റെയും നവാസിന്റെയും പരിഹാസ വാക്കുകൾ കൂടിവരുമ്പോഴായിരുന്നു, അവിടെ നിന്നും തിരിച്ചുപോകുന്നത്.


**********************************

   9 

രഘു ആത്മഹത്യാ ചെയ്തിട്ട് ഇന്നേക്ക് പത്തുവർഷം ആയിരിക്കുന്നു.
തൂങ്ങിമരിക്കുകയായിരുന്നു.

രഘുവിന്റെ തെക്കേ പറമ്പിലെ കത്തിയെരിയുന്ന മാവിൻ കഷണങ്ങളുടെ ചൂടിൽ  നിൽക്കുമ്പോൾ മനസ്സും ഒരുപോലെ വെന്തു.
ചന്ദന ഭസ്മ ധൂളികൾ മുകളിലേക്ക് ഉയരുമ്പോൾ, പറന്നകലുന്ന ധൂളികൾക്കപ്പുറം സുരേഷിന്റെ കണ്ണുകളിൽ പടരുന്ന വേദന ഞാൻ നോക്കി നിന്നു.
സ്‌കൂൾ കാലം മുതലേ ഞങ്ങളുടെ പൊതുസുഹൃത്തായിരുന്നു രഘു. അവൻ എന്തിനു ഇങ്ങനെ ചെയ്തു എന്നുള്ളത് ഇപ്പോഴും ഉത്തരം തേടുന്ന ചോദ്യമാണ്. 
രഘുവിന്റെ ശവദാഹം കഴിഞ്ഞു, വീട്ടിലേക്കു നടക്കുമ്പോൾ,സുരേഷ് വിതുമ്പലോടെ ഓർത്തെടുത്തു. 
ഞങ്ങൾ ഒരുമിച്ചു സ്‌കൂളിൽ പോകുന്നതും തോട്ടു വെള്ളത്തിൽ കളിക്കുന്നതും അമ്പലക്കുളത്തിൽ കുളിക്കുന്നതും മറ്റും.

"നിനക്ക് ഒരമ്മയുണ്ടോടാ സുനീഷെ, നമ്മൾ നത്തക്ക പറക്കാൻ ഇറങ്ങിയപ്പോൾ നെല്ലിൻചെടിക്കുള്ളിൽ പിണഞ്ഞിരിക്കുന്ന പൂച്ചയെ കണ്ടതും അതിനെ കൊന്നതും"

ഞാനൊരു മറുപടിയും പറയാതെ മിണ്ടാതെയിരുന്നു.
രഘുവിന്റെ ശവദാഹത്തിൽ നിന്നും ഉയർന്നുപൊങ്ങിയ ധൂളികൾ മാത്രം ആയിരുന്നു, ആ നിമിഷത്തിൽ എന്റെ മുന്നിലെ കാഴ്ച്ച.
പല ആകൃതിയിൽ, പല രൂപത്തിൽ ....

അന്ന് ഗ്രൗണ്ടിൽ മുഴങ്ങിയ നിർദോഷ അഭിപ്രായത്തിൽ എന്റെ ചിന്തകൾ വീണ്ടും ഉടക്കി.
"പൂച്ചയെ കൊന്നാൽ...ഭ്രാന്തുപിടിക്കും .... തലയറഞ്ഞു ചാവും."
എന്റെ ഉള്ളിലെ യുക്തിവാദിക്കു ഉത്തരം മുട്ടുന്നു.
എങ്കിലും അങ്ങനെ ഒന്നുമില്ലായെന്ന് ആശ്വസിച്ചു. സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടെയിരുന്നു.
രഘു പുളികൊമ്പിൽ തൂങ്ങി മരിച്ചത് പൂച്ചയെ കൊന്നതുകൊണ്ടാവുമോ?

തിരിച്ചുവീട്ടിലെത്തിയ ആ രാത്രിയിൽ തുടങ്ങിയതാണ് എന്റെ പേടി.
പറഞ്ഞു പഴകിയ കഥ പോലെ വീണ്ടും വീണ്ടും ആ അമ്മുമ്മ കഥ എന്റെ  മനസ്സിൽ കുടിയേറി കഴിഞ്ഞിരുന്നു.
പൂച്ചയെ കൊന്നാൽ തലയറഞ്ഞു ചാവും എന്നുള്ള നാട്ടുകഥ! അത് സത്യമോ മിഥ്യയോ എന്ന് എനിക്കറിയില്ല.
പക്ഷേങ്കിലും അതെന്നെ നിരന്തരം ശല്യപ്പെടുത്തുന്ന നിർബന്ധിതമായ രോഗലക്ഷണമായി വളർന്നിരുന്നു.
Obsessive Compulsory Disorder.

അന്ന് മുതൽ ഞാൻ ഉറങ്ങാറില്ല.
സുരേഷ്, എനിക്ക് നിന്നെ കുറിച്ചുള്ള പേടികൾ ആയിരുന്നു! 
നിനക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നുള്ളതായിരുന്നു എന്റെ പേടി.
എനിക്ക് എന്തെങ്കിലും ആപത്ത് പിണയുമോ എന്നതിനെക്കുറിച്ചു ഒട്ടും വേവലാതികൾ ഉണ്ടായിരുന്നില്ല. ഞാനങ്ങനെ ആശങ്കപ്പെടാറും ഇല്ലായിരുന്നു. 
എനിക്കെല്ലാം നീയായിരുന്നല്ലോ. 




**********************************
10

" ഡാ നീ ഫോൺ കട്ട് ചെയ്തോ...ഞാൻ പിന്നെ വിളിച്ചോളാം. ഗുഡ് നൈറ്റ് "

സുരേഷ് ആദ്യമായാണ്, ഫോണിൽ അങ്ങനെ സംസാരിക്കുന്നത്. അവൻ ഒരിക്കലും എന്നോടോ ഞാൻ അവനോടോ അത്തരത്തിലുള്ള സംഭാഷണമര്യാദകൾ സൂക്ഷിക്കാറില്ല. ഞങ്ങൾ തമ്മിൽ അത്തരത്തിലുള്ള ഒരു ബന്ധമല്ലല്ലോ ഉണ്ടായിരുന്നത്. എങ്കിലും അന്ന് ആദ്യമായി അവൻ ശുഭരാത്രികൾ നേർന്നപ്പോൾ, അത് അവസാന രാത്രിയാണെന്നു കരുതിയതുമില്ല.

കിടക്കയിൽ ആയിരുന്നുവെങ്കിലും എനിക്ക് ഉറക്കം വന്നുതുടങ്ങിയിട്ടുണ്ടായിരുന്നില്ല.
മറിഞ്ഞും തിരിഞ്ഞും കിടന്നുവെങ്കിലും, മനസ്സിൽ എന്തൊക്കയോ അലട്ടുന്നതുപോലെ.
കഴിഞ്ഞ ദിവസം കണ്ട ദു:സ്വപ്നത്തിലെ  പേടിപ്പിക്കുന്ന അന്ത്യവും ബാക്കിയും എന്നെ വല്ലാതെ പിന്തുടരുന്നു.
വെള്ളത്തുണിയിൽ പൊതിഞ്ഞു കിടക്കുന്ന ആരോ ഒരാൾ. അയാളുടെ പൊക്കിളിന്റെ ഭാഗത്തു നിവർത്തി കത്തിച്ചു വെച്ചിരിക്കുന്ന മെഴുകുതിരി. ചുറ്റിലും ആരൊക്കയോ ഇരിക്കുന്നുണ്ട്. പലരും എന്തക്കൊയോ പറയുന്നുണ്ട്. 
വാഗ്‌വാദത്തിൽ ഏർപെടുകയാണോ ?
അതോ അലറിക്കരയുകയാണോ ?
നെടുവീർപ്പെടുകയാണോ? അതോ ചിരിക്കുന്നോ ?
ഒന്നും വ്യെക്തമല്ല.
കാഴ്ചകൾക്ക് തെളിർമയുമില്ല.
മഞ്ഞുത്തുള്ളികൾ പടർന്ന കണ്ണാടിപ്രതലത്തിലൂടെ കാണുന്ന ദൃശ്യം പോലെ, വെള്ളക്കുപ്പായവും വർണ്ണ തൊപ്പിയും ധരിച്ച ആരോ ഒരാൾ, വെള്ളനിറത്തിലുള്ള കുതിരപ്പുറത്ത് കുളമ്പടി ശബ്ദത്തോടെ പോകുന്നു.
പാതി ഉറക്കത്തിലായിരുന്ന നേരത്താണ്, ഫോണിന്റെ ശബ്ദം കേട്ടുണരുന്നത്.

'സ്‌കൂളിൽ പോകാൻ ഒരുങ്ങാനായി 'അമ്മ വിളിച്ചുണർത്തുന്നതുപോലെ.
സുരേഷ് വേഷംമാറി വെളിയിൽ വന്നു നിൽക്കുന്നു...എണീക്കടാ സുമേഷേ...ഡാ എണീക്കാൻ ..."
ആ സ്വപ്നത്തെ തടസ്സപെടുത്തിയത്, നാട്ടിൽ നിന്നുമുള്ള ഫോൺ സന്ദേശം ആയിരുന്നു.

ഫോണിന്റെ അങ്ങേതലയിലൂടെ കേൾക്കുന്ന ജനക്കൂട്ടത്തിലെ ബഹളവും വാഹനങ്ങളുടെ ചിലമ്പിച്ച ആരവങ്ങളും ആ സംഭാഷണങ്ങളെ ആകെ കവർന്നിരുന്നു. ആദ്യം കേട്ടത് ഒരു തേങ്ങൽ ആയിരുന്നു.സുരേഷ്, കുറച്ചു മുൻപ് എന്നോട് പറഞ്ഞത്, അവൻ അവസാനമായി ശുഭരാത്രികൾ നേർന്നതാണെന്നു.

അയാൾ തേങ്ങലോടെ പറഞ്ഞുകൊണ്ടിരുന്നതൊന്നും ഞാൻ കേട്ടില്ല.
അങ്ങനെ ഒരു ഫോൺ വിളി എനിക്ക് വന്നിട്ടില്ല എന്ന് വിശ്വസിക്കാനും ശ്രമിച്ചു.
ഞാനൊന്നും കേട്ടില്ല...!
എന്റെ സുരേഷ് എങ്ങോട്ടും പോയിട്ടില്ല...!

പക്ഷേങ്കിലും, യാഥാർഥ്യം എന്നെ നോക്കി കരയിപ്പിച്ചുകൊണ്ടിരുന്നു.
കണ്ണീരുവറ്റുവോളം കരഞ്ഞു.
ഈ മരുഭൂമിയിൽ ഞാൻ ഒറ്റപ്പെട്ടിരിക്കുന്നു.
എന്നെ തനിച്ചാക്കി എന്റെ ഹൃദയരക്തം പോയിരിക്കുന്നു...
എനിക്കിനി ഇങ്ങനെ  ജീവിക്കണ്ടേ.....
കരഞ്ഞു ...കണ്ണീർതീർന്നു കിടക്കയിലേക്ക് മറിഞ്ഞു...പിന്നീട് ഒന്നും എനിക്ക് ഓർമയുണ്ടായിരുന്നില്ല.


തനിച്ചാവുന്ന വേളകളിൽ ഒക്കെ, സുരേഷിന്റെ അവസാന സംഭാഷണം ഓർക്കാറുണ്ട്. അവൻ പറഞ്ഞതുപോലെ, അവന്റെ വിളിയും പ്രതീക്ഷിരിക്കുകയാണ് ഞാൻ.

അന്ന് പാലോട്ടു വയലിൽ തലതല്ലി കൊല്ലപ്പെട്ട  പേരില്ലാ പൂച്ചയുടെ ആത്മാവിനു മോക്ഷം കിട്ടാൻ ഇനി എന്റെ ജീവിതം കൂടി ബാക്കി നിൽക്കുന്നുവെന്ന് ബോധത്താലായിരുന്നു പിന്നീടുള്ള ജീവിതം.
പക്ഷെ ഇപ്പോൾ എനിക്കും ശരിക്കും പേടിയായി തുടങ്ങിയോ എന്നൊരു സംശയം!. അത് മറ്റൊന്നും കൊണ്ടല്ലാ.
ഞാനിപ്പോൾ ആടുന്നത് രണ്ടു വേഷങ്ങളാണല്ലോ!
സുരേഷ് ശൂന്യമാക്കിപ്പോയിടം, എന്നിലൂടെയാണല്ലോ നികത്തുന്നത്.
അവന്റെ വീടും അമ്മയും, എന്നിലൂടെ സുരേഷിനെ കാണുന്നുവെന്നറിഞ്ഞപ്പോൾ,ഇനിയും ജീവിക്കണമെന്ന തോന്നൽ.
സ്നേഹിച്ചു കൊതിതീരാത്ത എന്റെ ചോരകുഞ്ഞിനെ ഉപേക്ഷിക്കാൻ, പൂച്ചാദോഷത്തെ വെല്ലുവിളിച്ച ആ പഴയ തന്റേടത്തിനു കഴിയിന്നുമില്ല.

ഞാൻ എങ്ങനെ ആണ് ഈ പാപത്തിൽ നിന്നും മോചനം നേടേണ്ടത്.
ഏത് ഗംഗയിലെ സ്നാനത്തിനാവും എന്നെ ശുദ്ധികരിക്കുവാൻ കഴിയുക.

വീണ്ടും ചോദിച്ചു പോകുകയാണ്, ആരാണ് അങ്ങനെ പറഞ്ഞത്?
പൂച്ചയെ കൊന്നാൽ തലയറഞ്ഞു മരിക്കുമെന്ന്?
എന്തെങ്കിലും ശാസ്ത്ര സത്യമുണ്ടെന്ന് വിശ്വാസത്തിൽ ഒന്നുമല്ല അത് മനസ്സിൽ രൂഢമൂലമായത്.
എന്തിനായിരുന്നു രഘു തൂങ്ങിമരിച്ചത്?
എന്നെയും തനിച്ചാക്കി,സുരേഷ് എങ്ങോട്ടാണ് പോയത്?

കരുനാഗപ്പള്ളി നഗരത്തിൽ നിന്നും കന്നേറ്റി പാലം ഇറങ്ങുന്ന വഴികളിലെ വൈദ്യുതതൂണുകൾ നോക്കി എണ്ണാറുണ്ട്. 
പ്രാകാറുണ്ട്, ഭ്രാന്തനെ പോലെ അലറിവിളിക്കാറുണ്ട്.

ഏത് തൂണിലായിരിക്കും സുരേഷിൻറെ ജീവൻ പുണർന്നത്? 
അവന്റെ രക്തത്തിന്റെ മണമുള്ള ആ തൂണുകൾ ഒരിക്കൽ എന്നെയും കൂട്ടുമോ?


**********************************


11 

പാർവ്വതിയുടെ സ്നേഹവും കരുതലും അവസാനമായി തിരിച്ചറിഞ്ഞത്, അവസാന വർഷ പരീക്ഷകളിൽ ആയിരുന്നു.
രണ്ടാം വർഷത്തിന്റെ പകുതി ആയപ്പോഴേക്കും സുരേഷ് കോളേജ് പഠനം ഉപേക്ഷിച്ചിരുന്നു.
അവന്റെ കൂടെ ഞാനും പോയാലോ എന്ന് ആലോചിച്ചതും, മാറി നിന്നതുമാണ്.
വീട്ടിലെ നിർബന്ധവും അടിയും ഭീഷണിയും, തിരിച്ചു കോളേജിലേക്ക് പോകാനുള്ള കാരണം ആയിരുന്നുവെങ്കിലും, പാർവ്വതിയുടെ നിത്യ സാന്നിദ്യം ഒരു നിശബ്ദ പ്രചോദനം ആയിരുന്നു.
അവസാനം, അമ്മപോലും പറഞ്ഞു, ' എടാ അമ്മാവാ, പഠിക്കാൻ പോടാ...."

'അമ്മാവൻ'. പാർവ്വതി സ്നേഹത്തോടെ വിളിച്ചിരുന്നത്!
അവളാണ് ആ പേര് വിളിച്ചുതുടങ്ങിയത്.
എന്ന് മുതൽ വിളിച്ചുതുടങ്ങിയെന്നു നിശ്ചയമില്ല.പക്ഷേങ്കിലും സ്‌കൂൾ കാലം മുതലെ, എന്നോടപ്പം ആ പേരും വളർന്നു.

വാർഷിക പരീക്ഷക്ക് സമയം ആയപ്പോൾ, അതെ നിയോഗത്തിന്റെ തുടർച്ചയാവണം, ഒരേ ഹാളിലെ തൊട്ടടുത്തുള്ള ബഞ്ചുകളിൽ തന്നെ ആയിരുന്നു ഞങ്ങളുടെ രണ്ടുപേരുടെയും സ്ഥാനം.
ചോദ്യപേപ്പറിലെ അക്ഷരങ്ങളെ തുറിച്ചുനോക്കിയും, സ്‌കൂൾ കെട്ടിട നിർമ്മിതിയുടെ ആന്തരിക  ഘടനയെക്കുറിച്ചും,കൈയ്യിൽ കെട്ടിയിരിക്കുന്ന വാച്ചിലെ സൂചികളുടെ സൂക്ഷ്മ ചലനത്തെക്കുറിച്ചും ഒക്കെയുള്ള സുദീർഘമായ നിരീക്ഷണത്തിൽ ആയിരുന്നു ഞാനൊരു പരീക്ഷയിലും. 
ഉത്തരക്കടലാസിൽ എഴുതാനായി അതിനെക്കാട്ടിലും വലിയ ലോകവിവരങ്ങൾ ഒന്നും എന്റെ പക്കൽ ഇല്ലായിരുന്നു.കൂടെ ഉള്ളവർ  പൂർണ്ണ സജ്ജരായി പരീക്ഷ എഴുതുന്നതും വെറുതെ ഇരിക്കുന്ന എന്നെ ടീച്ചർ നോക്കുന്നതും ഒന്നും എന്നെ അലട്ടുന്ന വിഷയങ്ങൾ ആയിരുന്നില്ല.

എന്റെ നിസ്സഹായതയും നിർവികാരതയും മനസ്സിലാക്കിയത്, പാർവ്വതിയാണ്.
തൊട്ടുമുന്നിൽ ഇരുന്ന അവളുടെ ഉത്തരഷീറ്റുകൾ ഓരോന്നും കാണിച്ചുതന്നു. 
പക്ഷേങ്കിലും ഞാനതിനെ പ്രോത്സാഹിപ്പിച്ചില്ല.

എന്തെങ്കിലും ഉത്തരങ്ങൾ എഴുതുവാനായി  അവളെന്നെ നിര്ബന്ധിച്ചികൊണ്ടിരുന്നു.
 എനിക്കറിയില്ല, അവളെന്തിനാണ് എന്നോട് ഇത്രയും സ്നേഹം കാണിക്കുന്നതെന്ന്.

തുറന്നു പറയാത്ത എന്റെ പ്രണയത്തെ തിരിച്ചറിഞ്ഞതാവും എന്ന് വിശ്വസിക്കാൻ ശ്രമിച്ചു.അപ്പോഴും എന്നിലെ കാമുകൻ നിശ്ശബ്ദനായിരുന്നു.

പരീക്ഷാക്കാലവും കഴിഞ്ഞു, പിന്നെയവളെ കാണുന്നത്, ബസ്സ് സ്റ്റോപ്പിൽ വെച്ചാണ്.
അവൾ ഒത്തിരി മാറിയിരിക്കുന്നു, ശാരീരികമായിട്ടും രൂപഭംഗിയിലും.
സാരിയൊക്കെ ഉടുത്തു, തോളത്ത് ബാഗും കൈ നിറയെ ബുക്കുകളുമായി.

സംസാരിക്കാൻ ശ്രമിച്ചില്ല.
ദൂരെ നിന്ന് അവൾ കാണാതെ, അവളെ നോക്കി നിന്നു.

പറയാതെ പോയ പ്രണയത്തിന്റെ ഓർമകളിൽ ഞാൻ ജീവിച്ചുകൊള്ളട്ടെ.

**********************************
12 

പാർവ്വതി കൃഷ്ണകുമാർ! ഇപ്പോൾ വായിക്കുമ്പോൾ വളരെ ക്രൂരമായ ഒരു പേരായി തോന്നുന്നു.

 നീ എന്റെ മുൻപിലോ ഞാൻ നിന്റെ മുൻപിലോ വന്നുപെടരുതെ എന്നുള്ള പ്രാർത്ഥനയിൽ  ആണ്.
എങ്ങനെയാണ് നിന്നെ അഭിമുഖീകരിക്കേണ്ടത് എന്നു എനിക്കറിയില്ല.
എങ്ങനെയാണ് നിന്നോട് പെരുമാറേണ്ടതു എന്നും എനിക്കറിയില്ല.
എന്താണ് നിന്നോട് ചോദിക്കേണ്ടതെന്നോ സംസാരിക്കേണ്ടതെന്നോ എന്നും എനിക്കറിയില്ല.

അതുകൊണ്ടു തന്നെയാണ് നമ്മൾ തമ്മിലുള്ളൊരു കണ്ടുമുട്ടൽ ഒഴിവാക്കണെ എന്ന് ഞാൻ എപ്പോഴും പ്രകൃതിയോട് പ്രാർത്ഥിച്ചിരുന്നത്.
നീ എന്റേതല്ല എന്നുള്ള സത്യം തിരിച്ചറിയുന്നുവെങ്കിലും, ആ യാഥാർഥ്യവുമായി പൊരുത്തപ്പെടുവാൻ എന്നിലെ ശിഷ്ടസ്നേഹിതന് കഴിയുന്നില്ല.


" എന്റെ പ്രിയപ്പെട്ട അമ്മാവാ ...,എല്ലാവിധ ആശംസകളും"
കോളേജ് പഠനം കഴിയുന്ന വേളയിൽ, അന്ന് പിച്ചിപ്പൂവ് ഒളിപ്പിച്ചു വെച്ച സൂളോജി ബുക്കിന്റെ എഴുതീരാനുള്ള താളിൽ, ഒരു ഓട്ടോഗ്രാഫ് കണക്കെ പാർവ്വതി അങ്ങനെ കുറിച്ചിടുമ്പോൾ ആദ്യം സന്തോഷമാണ് തോന്നിയത്. 'എന്റെ പ്രിയപ്പെട്ട ...' എന്നുള്ള അവളുടെ സംബോധന, ഓരോ  പ്രാവിശ്യം വായിക്കുമ്പോഴും എന്റെ ഞരമ്പുകളെ പിടച്ചിരുന്നു. രോമങ്ങളെ ഉണർത്തിയിരുന്നു.

പക്ഷെ, അതിനു അരികിലായി എഴുതിക്കുറിച്ച ഒരു വാചകം, എന്നെ തുടരെ ചിന്താകുഴപ്പത്തിൽ അകപെടുത്തി.

"ജീവിതം ഒരു ദുരന്തമാണ്. അത് ഓർമ്മവേണം."

ആ കറുത്തമഷി പുരണ്ട വാക്കുകളിൽ മനസ്സ് ഇപ്പോഴും ഉടക്കി കിടക്കുകയാണ്.
വായനയിലെ ആദ്യ സന്തോഷത്തിനു ശേഷം, പിന്നീടുള്ള രാത്രികളെ, ഉറക്കമില്ലായ്മയിലേക്ക് തള്ളിവിട്ടത് പാർവതി കുറിച്ചുവെച്ച  ആ വരികൾ ആയിരുന്നു.
എന്താണ് അവൾ ഉദ്ദേശിച്ചിരിക്കുന്നത്?
എന്താണ് പാർവ്വതി അർത്ഥമാക്കിയത് ?
എന്നോടുള്ള സ്നേഹംആയിരുന്നോ, അവളുടെ കരുതൽ ആയിരുന്നോ ?

പാർവ്വതി കുറിച്ചിട്ട വാക്കുകളുടെ നിരഞ്ജന്റെ വായന എന്നെ  വീണ്ടും അലോസരപ്പെടുത്തികൊണ്ടിരുന്നു.
കൂരമ്പു കൊണ്ട് പിടയുന്നതുപോലെ, നെഞ്ചിൽ കുത്തികയറുന്ന ആ കൂർത്ത അക്ഷരങ്ങളിൽ  നിരാശയും ക്ഷോഭവും വിഷമവും നിറഞ്ഞിരിക്കുന്നുവെന്നായിരുന്നു അവന്റെ വിലയിരുത്തൽ.

നിരഞ്ജൻ ചോദിച്ചതുപോലെ  " നീ നിന്റെ മനസ്സ് തുറക്കേണ്ടതായിരുന്നു, അങ്ങനെ ചെയ്യാത്തതുകൊണ്ടു, അവൾ നിന്നെ ഒരു വഞ്ചകനായി കരുതിയിട്ടുണ്ടാവുമോ? അതായത്, അവൾ ആഗ്രഹിച്ചത് കിട്ടാതെപോയി എന്നുള്ള വിഷമത്തിലും നിരാശയിലും  ആവുമോ അത് എഴുതിയത്"

ഞാൻ എന്റെ ഇഷ്ടം തുറന്നു പറയുമെന്ന് അവൾ പ്രതീക്ഷിച്ചിട്ടുണ്ടാവുമോ?
അതോ ഇനി അവൾ എന്നെ പരിഹസിച്ചതാണോ?

ഇപ്പോൾ ആലോചിക്കുമ്പോൾ, ഒരു പ്രവാചക ശബ്ദം പോലെ ആ ഓട്ടോഗ്രാഫ് എന്നെ കീഴ്പ്പെടുത്തുന്നു.
സുരേഷിന്റെ മരണം...!
മരിക്കാതെ ജീവിക്കുന്ന എന്റെ പ്രണയം...!
അങ്ങനെ ആലോചിച്ചപ്പോൾ എന്റെയീ ജീവിതം ഒരു ദുരന്തമായിരുന്നു!
പാർവ്വതി, നീയില്ലാത്ത എന്റെയീ  ജീവിതം, ഒരു ദുരന്തമല്ലെങ്കിൽ, പിന്നെ എന്താണ്?



നിരഞ്ജന്റെ കത്തിന് മറുപടികൊടുക്കുവാൻ വാക്കുകൾക്കുവേണ്ടി പരതി.
സഹപാഠികൾ എല്ലാം ഒത്തുകൂടുന്ന സ്‌കൂൾ അങ്കണത്തിൽ സുരേഷിന്റെ അസാന്നിദ്യം എന്നെ ഒറ്റപെടുത്തും. അതിനെ അതിജീവിക്കാൻ എന്നെക്കൊണ്ടാവില്ല.തീർച്ചാ!
അവിടേക്ക് പാർവ്വതിയും എത്താതിരിക്കില്ല. അവളുടെ സീമന്തരേഖയിലെ ചുമന്ന കുറിപ്പാടും കൃഷ്ണകുമാർ ചാർത്തിയ താലിയും അവരെ അഭിമുഖീകരിക്കുവാനും എനിക്കാവുമെന്നും തോന്നുന്നില്ല.
ഉള്ളിലാകെ നിരാശ പടരുന്നു.

ശൂന്യത ചിലന്തിവലപോലെ കെട്ടിപുണരും.
ആൾകൂട്ടത്തിൽ നടുവിൽ ഒറ്റപ്പെട്ടുപോയൊരു അവസ്ഥയാവും.
ഇല്ലാ, എനിക്കാവില്ല, അവിടെ എത്തിച്ചേരാൻ എനിക്ക് കഴിയില്ല.

" അളിയാ.. ഡാ ...ജോലിത്തിരക്കാണ്,എന്റെ ഒമാനി ബോസ്സ് ഹജ്ജിനുംപോകുകയാണ്. അതുകൊണ്ടു എനിക്ക് ഇവിടെ, ഓഫീസിൽ നിന്നും വിട്ടുനിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. നമ്മൾക്ക് പിന്നീട് ഒരിക്കൽ കാണാം. സുഹൃത് കൂട്ടായ്മക്ക് എല്ലാവിധ ആശംസകളും. എല്ലാ സുഹൃത്തുക്കൾക്കും സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ. അന്വേഷണങ്ങൾ. ചുംബനങ്ങൾ"

നിരഞ്ജന് മറുപടികൊടുത്തശേഷം, കിടക്കയിലേക്ക് മറിഞ്ഞു.
ഞാൻ തനിച്ചാണെന്നുള്ള സത്യം ഉൾകൊണ്ടുതന്നെ.

വായിച്ചു പകുതി നിർത്തിയ ശിവാജി സാവന്തിന്റെ കർണൻ, തുടർ വായനക്കായി എടുത്തു.
" സൂതൻ അതിരഥന്റെ, രാധേയനായ കർണ്ണൻ പരാജയപെട്ടു എന്ന് വിശ്വസിക്കാൻ ചെമ്പാപുരിവാസികളായ പാവം ജനങ്ങൾക്കു കഴിയില്ല.
ആദ്യപാണ്ഡവൻ കർണ്ണൻ ആര്യാവർത്തം കണ്ട ഏറ്റവും ശക്തനും വീരനും ആയി ലോകം പാടിപുകഴ്ത്തട്ടെ. നിരായുധനായ കർണ്ണനെ ലോകം പൂജിക്കട്ടെ.
ഈ ലോകം പരാജിതരുടെയുംകൂടി ലോകം ആണ്."

Sunday, May 7, 2017

ഓർമകളുടെ മാവിൻചുവട്ടിൽ

  1 

..... ബിസ്മി-ല്ലാഹി-ർ -റഹ്മാനി-ർ-റഹീം
ബിസ്മി ചൊല്ലി ഉണർന്ന്, ജനൽ തുറന്നു!

നിഷാദേട്ടൻ ജോലിക്കും കുട്ടികൾ പഠിക്കാനും പോയിക്കഴിഞ്ഞാൽ തനിച്ചാകുന്ന വീട്ടിൽ മുഷിപ്പ് ഒരു വിരുന്നുകാരൻ ആല്ലാണ്ടായിരിക്കുന്നു. ഈ അറേബ്യയൻ മരുഭൂമിയുടെ ഇങ്ങേ തലയ്ക്കൽ മുഷിപ്പിനൊക്കെ എന്ത് അർത്ഥമാണുള്ളത്. മുഷിപ്പെന്ന വാക്കു തന്നെ അഭംഗിയും, മറ്റൊരു മുഷിപ്പായും മാറിയിരിക്കുന്നു.

ഇനി എങ്ങനെ സമയംപോക്കണം എന്ന നിശ്ശബ്ദചിന്തയെ അലോസരപ്പെടുത്തിയത് ഉറക്കക്ഷീണത്തിന്റെ കോട്ടുവാ മാത്രം ആയിരുന്നില്ല, ആരോ വിളിക്കുന്നുവെന്നുള്ള മൊബൈൽ ഫോണിലെ അറിയിപ്പുകൂടി ആയിരുന്നു.

പത്താം ക്ലാസ് വരെ കൂടെ പഠിച്ച നിരഞ്ജന്റെ ഫോൺവിളി ആയിരുന്നു അത്.
1997 ബാച്ചിലെ പന്മന മനയിൽ ഹൈസ്‌കൂളിലെ സുഹൃത്തുക്കൾ, ഇരുപത് വാർഷത്തിനുശേഷം ഒത്തുകൂടുന്നുവെന്നു പറയാൻ വേണ്ടിയാണ് അവൻ വിളിച്ചത്.

പകുതി തുറന്നിട്ട ജാലകവാതിലിലൂടെ പൊടിക്കാറ്റും ഒപ്പം ചൂടും മനസ്സിനെയും പൊള്ളിച്ചു ഇരമ്പിക്കയറുന്നു.
പൂർവ്വവിദ്യാർത്ഥി സംഗമത്തെക്കുറിച്ചു നിരഞ്ജൻ പറയുമ്പോൾ, ആദ്യം ഓടിയെത്തിയ ചിന്തകൾ ആരൊക്കെ എത്തിച്ചേരും എന്നാണ്. 
കൂടെ പഠിച്ചവർ എല്ലാവരും വരുമോ? 

ആരെക്കെ വരും?
ഓർമകളോടപ്പം ചിന്തകളും കാട് കയറി.

നിരഞ്ജൻ പങ്കുവെച്ച മറ്റൊരു വാർത്ത ആയിരുന്നു ഒരു സ്മരണിക പ്രസിദ്ധികരിക്കുന്നു എന്നുള്ളത്. " ഓർമ്മകളുടെ മാവിൻചുവട്ടിൽ" എന്നാണ് അതിന്റെ പേര്.

"നിനക്ക് എന്തെങ്കിലും എഴുതി അയക്കാൻ പറ്റുമോ?
കുറെയേറെ ഓർമ്മകൾ ഉണ്ടാവുമല്ലോ...എഴുതാനും പറയാനുമായി.
പറഞ്ഞു ഒഴിയാത്ത ഓർമകളുടെ കൂമ്പാരങ്ങൾ ഓരോന്നായി എഴുതൂ, അയച്ചുതരൂ, നിങ്ങൾ എല്ലാവരും വരുമെങ്കിൽ ഞാനും എത്താം. അങ്ങനെ എങ്കിൽ നമ്മുക്ക് കൂട്ടായ്മയിൽ കാണാം..." അങ്ങനെ പറഞ്ഞു നിരഞ്ജൻ ഫോൺ വെച്ചു.

ഓർമകൾക്ക് എപ്പോഴും സുഗന്ധമാണെന്നു പറഞ്ഞത് ആരാണ്?
പണ്ട് ജുനൈദ് ഇറക്കിയ കൈയെഴുത്തു മാസിക ഓർമ്മ വരുന്നു.
ഒന്നോ രണ്ടോ തവണ അത് പ്രസിദ്ധീകരിച്ചിരുന്നു എന്നാണ് ഓർമ്മ.
ജുനൈദും നിരഞ്ജനും എഴുതിയ കഥകളും ശാസ്ത്രവാർത്തകളുമൊക്കെ ആയിരുന്നു അതിലെ പ്രതിപാദ്യം.

ഓർമ്മകൾ!
പൊട്ടിയഴിഞ്ഞു തറയിൽ വീണ മുത്തുമണികളാണ് ഓർമ്മകൾ. ഇപ്പോൾ അത് തിരികെ ചേർത്തുവെക്കുമ്പോൾ സ്ഥാനം തെറ്റി,സമയം തെറ്റി, അളവ് തെറ്റി കുഴയുന്നു. ഓർമകൾക്ക് ക്ലാവ് പിടിച്ചുവെങ്കിലും, അവയ്ക്കിന്നും സ്വർണത്തേക്കാൾ തിളക്കവും മൂല്യവുമാണ്. സ്‌മൃതിവനങ്ങൾ മന്ദസ്മിതമായി, തണുത്തു പെയ്തൊഴിയാതെ നിൽക്കുന്ന മേഘക്കൂട്ടമായി, മഴവില്ലു പോലെതോന്നിക്കുന്ന ആ വർണ്ണപുഷ്പം സ്‌കൂളാണ്.
പോയവഴികളും, കണ്ട കാഴ്ചകളും, പറയാതെ ഉള്ളിൽ ഒളിപ്പിച്ച കിനാവുകളും സ്വപ്നങ്ങളും, പങ്കുവെച്ച തമാശകളും കുസൃതികളും, പിന്നെ എരിയുന്ന നെരിപ്പോടിനടുത്തേക്ക് ഓടിയെത്തുന്ന ചെറുപ്രാണികളെ പോലെ, ആരോടും പറയാതെ അസ്തമനസൂര്യനിലേക്ക് ആഴ്ന്ന് അടുക്കുന്ന തിരമാല കൂട്ടങ്ങളെപ്പോലെ തേജോമയമാർന്ന ബിംബങ്ങൾ ആ പഠനകാല ഓർമ്മയറകൾ മാത്രമാണ്!
ഒരു ചെറുമന്ദസ്മിതത്തോടെ, ഒപ്പം കണ്ണുനീർ പൊഴിച്ചുകൊണ്ടു ഓർമകൾക്ക് മുത്തം കൊടുത്തു, ജനലിനു അപ്പുറത്തെ വിദൂരതയിലേക്ക് നീളുന്ന നീലമേഘങ്ങളിലേക്ക് ഞാൻ നോക്കിനിന്നു.

മോന്റെ, എഴുതിതീരാത്ത ബുക്കിലെ കടംകൊണ്ട അവസാനപുറങ്ങളിൽ മനസ്സിലെ ചൂട് പകർന്നുവെക്കാൻ ശ്രമിച്ചു. ഓർമകൾക്ക് മഷിപടരുന്നില്ല. വിറച്ചു, വിറങ്ങോലിച്ചു നിൽക്കുന്ന ഓർമകളെ,നിങ്ങൾക്ക് എവിടെയാണ് ഞാൻ സ്ഥാനം കാണേണ്ടത്, ഏതു കരിമ്പാലയിലാണ് ബന്ധിക്കേണ്ടത്?

****************************************

  2 

പറമ്പിൽ പൊഴിഞ്ഞു വീണു കിടക്കുന്ന കശുമാങ്ങ പറക്കുമ്പോഴാണ്, മുറ്റത്ത് സൈക്കിളിൻറെ ബെല്ലടി ശബ്ധം കേട്ടത്.
മടക്കിവെച്ച പാവാടയുടെ അറ്റത്തിൽ പെറുക്കികൂട്ടിയ മാങ്ങകളുമായി തിരിഞ്ഞു നോക്കി.
അഹമ്മദ് ഖലീൽ മാമന്റെ മോൻ ഷംസുദീൻ ഖലീൽ ആയിരുന്നു അത്.
എന്നെക്കാളും അഞ്ചുവയസ്സോളം മൂത്തതാണ് ഷംസു. വീട്ടിലെ എന്ത് സഹായത്തിനും അമ്മ വിളിക്കുന്നത് ഷംസുനെ ആണ്. പുറത്തു എവിടെയെങ്കിലും പോയി വീട്ടുകാര്യങ്ങൾ സാധിക്കുന്നതിനോ എന്തെങ്കിലും സാധനങ്ങൾ വാങ്ങുന്നതിനോ ഒക്കെ ഒരു സഹായമായി ഷംസു എപ്പോഴും ഒരു വിളിപ്പാടകലെ ഉണ്ടാകും.

ഷംസുനെ ഞാൻ കണ്ടെങ്കിലും മുഖംകൊടുക്കാനോ വിളിക്കാനോ ശ്രമിച്ചില്ല.

വാതിൽക്കൽ ആരെയും കാണാഞ്ഞപ്പോൾ, സൈക്കിൾ സ്റ്റാൻഡിൽ വെച്ചിട്ടു, അവൻ ഉറക്കെ വിളിച്ചു, " ആമി ...ആമി..."

ഷംസു മാത്രമാണ് എന്നെ ആമി എന്ന് വിളിക്കുന്നത്, ബാക്കി എല്ലാവരും അനു എന്നാണ് ചുരുക്കി വിളിക്കുന്നത്. സ്‌കൂൾ രേഖകളിലെ പേരായ 'ആമിനത്ത് അനൂഷ' പലരും പലപേരിലാണ് സംബോധന ചെയ്യുന്നത്.
അവൻ മാത്രം വിളിക്കുന്നതുകൊണ്ടാവാം, ആമിയോട് എനിക്കും ഇഷ്ടമാണ്. എക്കാലവും അവൻ അങ്ങനെതന്നെ വിളിക്കണെയെന്ന് കൊതിക്കാറുമുണ്ട്. പക്ഷേങ്കിലും എന്റെ ഇഷ്ടങ്ങൾ അവനറിയില്ലെന്ന് മറ്റാരേക്കാളും എനിക്കുറപ്പാണല്ലോ.

ഞാനൊരിക്കലും ഷംസുന്റെ മുന്നിൽ എന്റെ മനസ്സ് വെളിപ്പെടിത്തിയിട്ടില്ല. ഒരു നോട്ടം കൊണ്ടുപോലും അവനിൽ സംശയത്തിന് ഇട നൽകിയിട്ടുമില്ല. അച്ഛനും അമ്മയും സമ്മതിക്കുന്ന, ആഗ്രഹിക്കുന്ന ഒരു ബന്ധമാണ്, എന്റെയും സന്തോഷം. അതിനുവേണ്ടി എന്റെ ആഗ്രഹങ്ങൾ ത്യജിക്കാൻ ഞാൻ തയ്യാറായിരുന്നു.

ആമി എന്നുള്ള അവന്റെ നീട്ടിവിളിയിൽ, പ്രതികരിക്കാതെ നിൽക്കാൻ കഴിഞ്ഞില്ല.
ഞാൻ അടുത്തേക്ക് നടന്നു ചെന്നു.

കറന്റ് ബില്ലടച്ചതിന്റെ ബാക്കി ക്യാഷുമായി വന്നതാണവൻ.
ക്യാഷ് തിരികെ തരുമ്പോൾ, അവൻ ചോദിയ്ക്കാൻ മറന്നില്ല....

" പിന്നെ...ഈ മാങ്ങാ മുഴുവൻ ഒറ്റയ്ക്ക് തിന്നു തീർക്കാൻ പോകുവാണോ? വയറു കേടാവുംട്ടോ!"
"എന്താ തനിക്ക് വേണോ ? " ഞാൻ തിരിച്ചു ചോദിച്ചു.
" എനിക്ക് ഇങ്ങനെ വേണ്ടാ ...ഞാൻ പറഞ്ഞപ്പോൾ അല്ലെ, വേണോ എന്ന് ചോദിച്ചത് ? ആമിക്ക് സ്നേഹത്തോടെ തരാൻ തോന്നിയില്ലല്ലോ "

അങ്ങനെ പറഞ്ഞു, സൈക്കിളും തിരിച്ചു ഷംസു പോകുകയും ചെയ്തു.
ഈയിടെ ആയി, അവൻ അതും ഇതും ഒക്കെ പറയുന്നുണ്ട്. ഞാൻ അവന്റെ സംസാരത്തിൽ കയറി പിടിക്കാത്തതുകൊണ്ടു മാത്രമാണ് സംഭാഷണം മുന്നോട്ടു പോകാത്തത്.

എന്താണ് അവൻ പറഞ്ഞു വരുന്നത് ?

                                                 ****************************************

 3 

ചീറി പാഞ്ഞു വരുന്ന സ്വകാര്യ ബസ്സിന്‌ വഴി ഒഴിഞ്ഞു സൈക്കിൾ നിർത്തി.
ആ ബസ്സിന്റെ വേഗത കണ്ടപ്പോൾ നെഞ്ചിലൊരു തീക്കുണ്ഡം വീണതുപോലെ. ബസ്സ് എന്നെയും കടന്നു മുന്നോട്ടു പോയ ശേഷമാണു, കൈതമുൾച്ചെടികളുടെ അരികിലൂടെ ഞാനെന്റെ സൈക്കിൾ ചവിട്ടി തുടങ്ങിയത്.
സൈക്കിൾ വാങ്ങിയതിന് ശേഷം ഇതുവരെയും, തനിച്ചു ചവിട്ടി സ്‌കൂളിൽ പോയിട്ടില്ല.

കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായ കനാൽ ഇറങ്ങി വളവു തിരിയുന്ന കോണിലാണ് എന്നെയേക്കാളും പഴക്കമുള്ള  ഇടിഞ്ഞു പൊളിഞ്ഞ ഒരു ഓടിട്ട വീട് ഉള്ളത്. ഇളകി വീണു തുടങ്ങിയ കുമ്മായ  അവശിഷ്ടങ്ങളിൽ കത്തിക്കരിഞ്ഞ വിറകുകട്ടകൾ  കൊണ്ട് വരച്ച ചിത്രങ്ങൾ കാണാം. എഴുതി മുഴിപ്പിക്കാത്ത കഥകളും, മുദ്രാവാക്യങ്ങളും കാണാം. ദ്രവിച്ചു തൂങ്ങിയ കഴുക്കോലുകൾക്കുമേൽ മേച്ചിലോടുകൾ അവശേഷിക്കുന്നു. അവിടെ മുഴുവൻ നരിച്ചീറുകളുടെ ശബ്ദവും ഗന്ധവുമാണ്!

പൊഴിഞ്ഞു വീണ പ്ലാവിലകൾ മൂടിയ മുറ്റത്തേക്ക്, വീടിന്റെ ഇറയത്തു നിന്നും ആ വീടിനോളം പഴക്കം ചെന്ന ഒരു ഭ്രാതുഹന്താവ് ഇറങ്ങി വരുന്നു.
നീണ്ടതും ജഡപിടിച്ചു നരച്ചതുമായ മുടിയെ, കരിപുരണ്ട കൈകളാൽ തലോടിയാണ് നടപ്പ്.
പിത്തംതൂങ്ങിയ കവിൾത്തടങ്ങളിലെ നീണ്ടു നരച്ച താടിരോമങ്ങളിൽ വെറ്റിലകൂട്ടിന്റെ അവശിഷ്ടങ്ങൾ.
നീര് പൊന്തിയ കാലുകൾ പതുക്കെ നിലത്ത് നിരക്കിയാണ് നടക്കുന്നത്.
നിറം മങ്ങി നരച്ച അഴുക്കു പുരണ്ട കുപ്പായത്തിലെ ക്രമമല്ലാത്ത ബട്ടൻസുകളും കീറിതൂങ്ങിയ പോക്കറ്റും. തുഞ്ചം മാറി ചുറ്റിയിരിക്കുന്ന കൈലിമുണ്ടിൽ ഒരു ദശാബ്ദത്തിൻറെ ഭാണ്ഡവും അഴുക്കും പേറുന്നതായി തോന്നി.

പ്രഭാകരൻ!

ഗതി തെറ്റി അലയുന്ന ഒരു പ്രേതം!
മറ്റുള്ളവരുടെ കാരുണ്യത്തിൽ വല്ലപ്പോഴും എന്തെങ്കിലും കഴിച്ചെന്നായി.
ചന്തയിൽ പോകുമ്പോഴും സ്‌കൂളിൽ പോകുമ്പോഴും ഒക്കെ കാണുന്നതാണ് പ്രഭാകരനെ. അലഞ്ഞു തിരിഞ്ഞു ആ ഭാഗത്തു എവിടെയെങ്കിലും
കാണും. പ്രജ്ഞയും ബോധവും നഷ്ടപെട്ടുവെന്ന് തോന്നുന്ന മധ്യവയസ്‌കൻ.

പ്രഭാകരൻ ആരെയും ഉപദ്രവിക്കാറില്ല, എങ്കിലും ആ ആളിനെ കാണുമ്പോൾ എനിക്ക് പേടിയാണ്.
ആ പേടി പറഞ്ഞു കരഞ്ഞാണ് വാപ്പിച്ചിയെക്കൊണ്ട്  സൈക്കിൾ വാങ്ങിപ്പിച്ചത്.
ചുമന്ന നിറമുള്ള ഹീറോ സൈക്കിൾ. 

മാമന്റെ മോനായ റിയാസിക്കാ ആയിരുന്നു എന്നെ സൈക്കിൾ  പഠിപ്പിച്ചത്.
സൈക്കിൾ ചവിട്ടാനും സ്‌കൂളിൽ പോകാനുമൊക്കെ ഒത്തിരി കൊതിച്ചിരുന്നുവെങ്കിലും, അത് സ്വന്തമാക്കുക എന്നത് തീവ്രപ്രയത്‌നം തന്നെ ആയിരുന്നു.
സ്വതവെ നീളംകുറഞ്ഞ എന്റെ പ്രകൃതത്തിനു സൈക്കിൾ ചവിട്ടുന്നത് ബുദ്ധിമുട്ടാവും എന്ന് പറഞ്ഞാണ് വാപ്പിച്ചി എന്റെ ആഗ്രഹത്തെ നിഹ്രഹിച്ചിരുന്നത്. പക്ഷേങ്കിലും ഏറെ നിർബന്ധത്തിനൊടുവിൽ റിയാസിക്കയെ സൈക്കിൾ പഠിപ്പിക്കാൻ ഏല്പിച്ചു.

അഞ്ചാം ക്ലാസ് കഴിഞ്ഞ സ്‌കൂൾ അവധിക്കാലത്തായിരുന്നു സൈക്കിൾ പഠനം.
തെക്കേ മുക്കിലെ വാടകക്കടയിൽ പോയി ചെറിയ സൈക്കിൾ ഉരുട്ടിക്കൊണ്ടുവരും.

വീട്ടു മുറ്റത്തും ഇടവഴിയിലും ഉരുട്ടി നടന്നും ഉന്തിനടന്നും പതുക്കെ സൈക്കിളിൽ കയറിപറ്റി. പിന്നീട് റിയാസിക്ക പുറകെ നടന്നു പഠിപ്പിച്ചു തന്നു.

മൺതറയിലും ചെമ്മണ്ണ് വഴികളിലും മറിഞ്ഞു വീണും, വീണ്ടും എഴുന്നേറ്റും  കൈതക്കാട്ടിലും തെങ്ങിന്റെ കുറ്റിയിലും പലവട്ടം കയറിയിറങ്ങിയും, പതുക്കെ...പതുക്കെ....സ്വതന്ത്രമായി സൈക്കിൾ ചവിട്ടാൻ തുടങ്ങി.


************************************
   

ശബ്‌നവുമായി സ്‌കൂൾ ഗേറ്റു കടന്നപ്പോഴേക്കും ഇരച്ചുവന്ന മഴ, ഞങ്ങളെ നനയിപ്പിച്ചു കഴിഞ്ഞിരുന്നു.
അവിടെ നിന്നും സൈക്കിൾ ഉരുട്ടി ലക്ഷ്മികുട്ടിസാറിന്റെ വീട്ടിലേക്ക് പോയി.ലക്ഷ്മികുട്ടിസാറിന്റെ മകൾ ദീപയും ഞങ്ങളുടെ ക്ലാസ്സിൽ ആയിരുന്നുവല്ലോ പഠിച്ചിരുന്നത്. സാറ് ഉണ്ടാക്കി തന്ന ചുടുകാപ്പി ഊതി ഊതി കുടിച്ചു തീർന്നിട്ടും മഴ തോർന്നിരുന്നില്ല.

പ്ലാസ്റ്റിക്ക് കവറിൽ ഞാനെന്റെ ബാഗു പൊതിഞ്ഞു, ശബ്‌നം, മറ്റൊരു കവറെടുത്തു തൊപ്പിയായും വെച്ചു.
മഴപെയ്തു തളംകെട്ടി നിൽക്കുന്ന വഴികളിലൂടെ പതുക്കെ സൈക്കിൾ ചവിട്ടി. കൈകൾ  ഉയർത്തി, നൃത്തം ചെയ്യണമെന്ന് തോന്നി.പാമ്പ് ഇഴഞ്ഞുപോകുന്നപോലെ സൈക്കിൾ വളഞ്ഞും പുളഞ്ഞും മുന്നോട്ടു പോയി. അപ്പോഴും മഴത്തുള്ളികൾ തലയിൽ പതിച്ചു കണ്ണിലേക്ക് ഇറങ്ങികൊണ്ടെയിരുന്നു.

പന്മന ആശ്രമത്തിനു സമീപത്തെ പൈപ്പ്റോഡിലൂടെ ആണ് വീട്ടിലേക്കു പോകുന്നത്. അവിടെ ഏറുമാടക്കടയുടെ മൂലയിൽ രണ്ടുകണ്ണുകൾ, എന്നെ ശ്രദ്ധിക്കുന്നതായി തോന്നി. 
ഷംസുക്കായും മഴ തോരാനായി കാത്തുനിൽക്കുകയാണോ?
അയാൾ, എന്നോടപ്പം ഈ ചുമന്ന സൈക്കിളിൽ വന്നുവെങ്കിലെന്ന് ഒരു നിമിഷം ആഗ്രഹിച്ചുവോ? കൂടെ ഉണ്ടാവണമെന്നും എപ്പോഴും കാണണമെന്നും ആഗ്രഹിക്കുന്ന ആളുകൾ, ഈ മഴക്കീറു തണുപ്പിലും കൈയ്യകലത്തിൽ നിൽക്കുന്നു. യാദുര്ശ്ചികമല്ലാത്ത കണ്ടുമുട്ടലുകൾ.!

ചാഞ്ഞു പെയ്യുന്ന മഴയെ പ്രണയിച്ചുകൊണ്ടു വീണ്ടും ശബ്‌നത്തോടപ്പം സൈക്കിളിൽ മുന്നോട്ട് പോയി.
നനഞ്ഞൊട്ടിയ യൂണിഫോമോടുകൂടിയാണ് വീട്ടിൽ ചെന്ന്  കയറിയത്.
അന്ന് പെയ്ത മഴ പോലെ, പിന്നെ ഒരിക്കലും മഴ പെയ്തിട്ടില്ലെന്നു തോന്നി.
അന്ന് നനഞ്ഞ മഴപോലെ പിന്നീടൊരിക്കലും മഴ നനഞ്ഞിട്ടുമില്ല, ആസ്വദിച്ചിട്ടുമില്ല.


************************************


ഗണിത ശാസ്ത്രത്തിൽ അഗ്രഗണ്യനായ സോമൻ സാർ നടത്തുന്ന ലോയൽ അക്കാഡമിയിൽ ആയിരുന്നു ട്യൂഷൻ. 
ഓരോ ദിവസവും ട്യൂഷന് പോകുന്നത് മടി ആയി തുടങ്ങി, പേടിയെന്നു പറയുന്നതാവും ശരി. 
അടിവാങ്ങാത്ത ദിവസങ്ങൾ കുറവായിരുന്നു. ഇംഗ്ലീഷ് പഠിപ്പിക്കുന്ന സുനിൽ സാറിന്റെ ചോദ്യം ചോദിക്കലും മുറിയുത്തരങ്ങൾക്കുള്ള ചൂരൽ പ്രഹരവും ആയിരുന്നു ഏറ്റവും ഭയാനകം.
സുഹേഷിനി സാറിന്റെ കണക്കു ക്ലാസ്സുകളും സുകന്യ സാറിന്റെ ഹിന്ദിയും സമയം കൊല്ലാതെ കഴിച്ചുകൂട്ടി. 
മലയാളം സെക്കൻഡ് പഠിപ്പിക്കാൻ സ്‌കൂട്ടറിൽ എത്തിയിരുന്ന സുന്ദരനും സുമുഖനുമായ ശ്രീ പ്രകാശ് സാറായിരുന്നു ചന്ദുമേനോന്റെ ഇന്ദുലേഖയും, സിവി രാമൻപിള്ളയുടെ ധർമ്മരാജയും പഠിപ്പിച്ചത്.  മാധവന് ഇന്ദുഖയോടുള്ള പ്രണയം വർണ്ണിക്കുമ്പോൾ സൂര്യനമ്പൂതിരിപ്പാടിന്റെ തമാശകൾ പറയുമ്പോഴുമൊക്കെ ശ്രീപ്രകാശ് സാർ, പലപ്പോഴും ചന്ദുമേനോൻ തന്നെ ആയിപോകുകയാണോ എന്നും സംശയിച്ചിരുന്നു. 

ലോയലിൽ ആദ്യം എത്തുമ്പോൾ, പരിചയപെടുന്നതാണ് സന്ധ്യാ കൃഷ്ണനെയും ദീപേഷിനേയും. 
മുട്ടോളം എത്തുന്ന മഞ്ഞപ്പാവാടയും ഉടുപ്പും ധരിച്ചു, മനോഹരമായ വാച്ചും അണിഞ്ഞു, രണ്ടായി പിന്നിയിട്ട നീണ്ട മുടിയിഴകളിൽ മുല്ലപ്പൂവും  ചൂടി നിൽക്കുന്ന സന്ധ്യാ കൃഷ്ണനെ ആദ്യം കാണുമ്പോൾ ഒരു രാജകുമാരിയെ പോലെ തോന്നി. വലിയ വീട്ടിലെ കുട്ടി ആയിരിക്കുമെന്നും, അവരൊന്നും നമ്മളോട് സംസാരിക്കാൻ കൂട്ടാക്കില്ല എന്നും കരുതി. പകുതി വിടർന്ന അവളുടെ കണ്ണുകൾകൊണ്ടുള്ള ആദ്യ നോട്ടത്തിൽ തന്നെ കാരുണ്യ സ്പർശമായിരുന്നു. സ്നേഹത്തിന്റെ നിറകുടമായിരുന്നു സന്ധ്യാ. 

നഗരത്തിലെ കശുവണ്ടി ഫാക്ടറി മുതലാളിയുടെ മകനായിരുന്നു, നീണ്ട മൂക്കുള്ള ദീപേഷ്.  കശുവണ്ടി ദീപേഷ് എന്നായിരുന്നു അവനെ വിളിച്ചിരുന്നത്. സുമുഖനും എന്നാൽ സംഭാഷണത്തിൽ പിശുക്കനും ആയിരുന്നു അവൻ. ഞങ്ങളോടപ്പം മറ്റൊരു ദിപേഷും ഉണ്ടായിരുന്നു. മുള്ളൻ തലമുടിയുള്ള എപ്പോഴും ചിരിച്ചും കളിയും പറഞ്ഞു നടക്കുന്ന അവന്റെ വിളിപ്പേര് മുള്ളൻ ദീപേഷ് എന്നായിരുന്നു.

സന്ധ്യാ കൃഷ്ണനോടു സംസാരിച്ചു തുടങ്ങിയപ്പോൾ ജന്മാന്തര പരിചയമുള്ളതുപോലെ തോന്നി.സ്‌കൂളിലെയും ട്യൂഷൻ സെന്ററിലെയും ആദ്യത്തെ സൗഹ്രദമായിരുന്നു സന്ധ്യാ.
ഒഴിവേളകളിൽ, സന്ധ്യയുടെ വീട്ടിൽ പോയി കളിക്കുകയും കഥ പറയുകയും ചെയ്യുന്നതായിരുന്നു ഏറ്റവും വലിയ സന്തോഷം. അവളുടെ അമ്മ ഉണ്ടാക്കിത്തന്നിരുന്ന കൂട്ടുകറികളെക്കുറിച്ചു ഓർക്കുമ്പോൾ ഇപ്പോഴും വായിൽ വെള്ളമൂറും.
ധാരാളം കഥകൾ പറയുമായിരുന്ന ഒരു കളികുടുക്കയായിരുന്നു അവൾ. സ്വിച്ചിട്ടാൽ സംസാരിച്ചു തുടങ്ങുന്ന പാവക്കുട്ടി. കണ്ട സിനിമകളുടെ കഥകൾ പറയുന്നതായിരുന്നു ഞങ്ങളുടെ നേരംപോക്ക്. സന്ധ്യാ കൃഷ്ണൻ  കഥപറഞ്ഞു തുടങ്ങുമ്പോൾ സിനിമ, നമ്മുടെ മുമ്പിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നു തോന്നുമായിരുന്നു.

പഴയ നോട്ടുബുക്കുകളിൽ ചലച്ചിത്ര താരങ്ങളുടെ പടം വെട്ടിയെടുത്തു സൂക്ഷിക്കുന്നതായിരുന്നു അക്കാലത്തെ മറ്റൊരു വിനോദം. സ്‌കൂളിലെ പല മുഷിപ്പൻ ക്‌ളാസുകളിലും സമയംതള്ളി നീക്കുന്നത്, ഇങ്ങനെ വെട്ടിയൊട്ടിച്ച പേജുകളുടെ സൗന്ദര്യം ആസ്വദിച്ചായിരുന്നു.

ഒരു ദിവസം എന്റെ മുറിക്കുള്ളിൽ ഇരുന്നു, വെള്ളിയാഴ്ച പത്രത്തിൽ വന്ന മണിച്ചിത്രത്താഴ് സിനിമയുടെ പരസ്യം വെട്ടിയെടുക്കുമ്പോഴാണ്, അപ്രതീക്ഷിതമായി ഷംസുക്കാ വീട്ടിലേക്ക് വന്നത്.
ഉമ്മയുമായി സംസാരിച്ചു നിൽക്കുമ്പോഴാണ്, ഇക്കയോട് ഉമ്മ പറയുന്നത്, അവൾക്കു ഇപ്പോൾ പഠിത്തത്തിലൊന്നും ശ്രദ്ധയില്ല. സിനിമാതാരങ്ങളുടെ ഫോട്ടോകളുടെ പുറകെ ആണ്. ഷംസു റൂമിലേക്ക് കയറിവന്നു, ഒന്നും ചോദിക്കാതെ എന്റെ കൈയിൽ നിന്നും ആ പ്രിയപ്പെട്ട ആൽബം തട്ടിപറിച്ചുകൊണ്ടു പോയി.

                                                       *************************************



ജയകുമാർ സാറിന്റെ അതിഗഗനമായ കെമിസ്ട്രി പീരിഡിലെ കെമിക്കൽ ഫോർമുല പഠിപ്പിച്ചോണ്ടിരിക്കുമ്പോഴാണ് ക്‌ളാസ്സിനു പുറത്തു എന്തോ ഒരു ശബ്ദം കേൾക്കുന്നത്. 
ആ സമയത്തു ജയകുമാർ സാറ് പറഞ്ഞ ശ്ലീലമല്ലാത്ത നിർദോഷ തമാശയിൽ ക്ലാസ്സിലെ ആൺകുട്ടികൾ ആകെ വാ തുറന്നു ചിരിക്കുമ്പോൾ, പെൺകുട്ടികൾ മുഖം പൊത്തി കമഴ്ന്നിരുന്നു. എന്നാൽ ആ അശ്‌ളീല തമാശയോടുള്ള സന്ധ്യാ കൃഷ്ണന്റെ പ്രതിഷേധം സാറ് ശ്രദ്ധിക്കുകയും വിഷയം മാറ്റാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിനിടയിലുമായിരുന്നു, സൈക്കിൾ ടൂബിൽ നിന്നും കാറ്റ് പോകുന്നതുപോലുള്ള ആ ശബ്ദം കേട്ടത്. 
അല്പസമയം കഴിഞ്ഞപ്പോൾ, ഞങ്ങളുടെ ക്ലാസ്സിലെ സുമേഷും സുരേഷും നവാസും ക്ലാസ്സിൽ കയറാനായി എത്തി. വളരെ താമസിച്ചാണ് അവരുടെ വരവ്.
മനസ്സിൽ എന്തോ ഒരു സംശയം നിഴലിച്ചു.
എന്റെ സൈക്കിളിന്റെ കാറ്റു ഇവന്മാര് ഊരിവിട്ടതാണോ. അതാണോ ആ കേട്ട ശബ്ദം?
ക്ലാസ്സിലെ വില്ലന്മാരായിരുന്നു ആ മൂവർ സംഘം. ഞാൻ എപ്പോഴും അവരുമായി സംഘർഷത്തിലും ആയിരുന്നു. 

കഴിഞ്ഞ ദിവസം നവാസ് എന്റെ സൈക്കിൾ ഓടിക്കാൻ ചോദിച്ചപ്പോൾ, ഞാൻ കൊടുക്കാൻ നിന്നില്ല. അതിന്റെ പേരിൽ അവരുമായി ശണ്ഠകൂടിയാണ് സ്‌കൂളിൽ നിന്നും പിരിഞ്ഞത്. അവന്മാർ ഇന്ന് താമസിച്ചു വരുകയും, ഇപ്പോൾ ശബ്ദം കേൾക്കുകയും ചെയ്തപ്പോൾ, എന്റെ നെഞ്ചിടിപ്പ് കൂടി.
ഇന്റർവെൽ ആയപ്പോൾ, ഷെഡിൽ ചെന്ന് നോക്കി, എന്റെ സൈക്കിളിന്റെ ഇരു ടയറുകളിലെയും കാറ്റു നഷ്ടപെട്ടിരിക്കുന്നു. അത് ചെയ്തത് അവന്മാർ തന്നെ എന്ന് ഉറപ്പിച്ചു, സോമൻ സാറിനോട് ഞാൻ പരാതി പറഞ്ഞു. സോമൻ സാർ മൂവരെയും വിളിച്ചു ശകാരിക്കുകയും അടിക്കുകയും ചെയ്തു. ശേഷം അവരെ കൊണ്ട് തന്നെ എന്റെ സൈക്കിളിൽ കാറ്റു നിറപ്പിച്ചു തന്നു.

ട്യൂഷൻ ക്ലാസ് വിട്ടപ്പോൾ, എനിക്ക് പിന്നെയും പേടിയായി.
അവര് മൂന്നു പേരും വീണ്ടും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാലോ ? 
ഷെഡിൽ ചെന്ന് സൈക്കിളും എടുത്തു, വേഗത്തിൽ ചവിട്ടി പോകാൻ ശ്രമിച്ചു.
കൂടെ ഉണ്ടായിരുന്ന സന്ധ്യയോടു ഒന്നും പറയാതെ, ഒരുമിച്ചു പോകുന്ന അജ്മൽ അഹമ്മദിനോടും ഒന്നും മിണ്ടാതെ അതിവേഗം സൈക്കിൾ ചവിട്ടാൻ ശ്രമിച്ചു.

സാധാരണ, വൈകിട്ട് ലോയലിൽ നിന്നും ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു പോകുന്നത് പൈപ്പ് റോഡ്‌ വഴിയാണ്.
ജുനൈദും സതീഷും നാസറും നിരഞ്ജനും അജ്മൽ അഹമ്മദും പിന്നെ ഞാനും.
എന്റെ മാമന്റെ മോനും, സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ച ഗുരു റിയാസിക്കായുടെ അനുജനുംകൂടിയാണ്, കൂടെ പഠിക്കുന്ന ജുനൈദ്.

സുഹേഷിനി സാറിന്റെ വീടിന്റെ മുന്നിലെ ചെമ്മണ്ണ് റോഡിൽ നിന്നും പൈപ്പ് റോഡിലെ വിശാലമായ പൂഴിമൺ റോഡിലൂടെ ആണ് എന്നുമുള്ള യാത്ര.
ഇരുവശത്തും മരങ്ങൾ നിറഞ്ഞ, വീടുകൾ കുറവുള്ള, വീതിയുള്ള വീഥിയാണ് പൈപ്പ്റോഡ്. ശാസ്താംകോട്ടയിൽ നിന്നും കൊല്ലം നഗരത്തിലേക്കുള്ള ജലവിതരണ പാത.
കുറ്റിക്കാട്ടിലെ കുയിലുകളോട് എതിർപാട്ട് പാടിയും വഴിവക്കിലെ കമ്മ്യൂണിസ്റ്റു ചെടികളെ പിച്ചിനോവിച്ചും തൊട്ടാവാടി ചെടികളെ തൊട്ടുതലോടിയും പരസ്പരം കഥകൾ പറഞ്ഞും ഇണങ്ങിയും പിണങ്ങിയും അജ്മൽ അഹമ്മദിനെ കളിയാക്കിയും കളിപറഞ്ഞും അലറിവിളിച്ചുകൊണ്ടു ഓടിയെത്തുന്ന ജുനൈദിനെ കല്ലെറിഞ്ഞു പ്രകോപിപ്പിച്ചും, സാറുമ്മാരുടെ കൈയ്യിൽ നിന്നും എന്നും അടിവാങ്ങുന്ന സതീഷിനോട് അനുതാപം പൂണ്ടും, വളരെ പതുക്കെ സൈക്കിൾ ഉരുട്ടി വീട്ടിലേക്കുള്ള തിരിച്ചുപോക്ക്.

ആശ്രമത്തിനു കിഴക്കു വശത്തെ ഇലഞ്ഞിമര ചോട്ടിൽ പൊഴിഞ്ഞു വീഴുന്ന ഇലഞ്ഞിക്കായ് പറക്കാൻ ഞങ്ങൾ ആറുപേറും മത്സരമായിരുന്നു.
അവിടെ നിന്നും പിന്നെയും മുന്നോട്ടു പോകുമ്പോൾ, കുറപ്പമ്മാവന്റെ മാടക്കടക്ക് മുന്നിലെ കാർത്തിയാനികാവിലെ പൊഴിഞ്ഞുകിടക്കുന്ന മഞ്ഞപ്പഴവും കുളമാങ്ങയും ഇപ്പോഴും നാവിൻതുമ്പത്തു നിൽക്കുന്ന രുചിയും ഓർമയുമാണ്. ഇപ്പോൾ ആലോചിക്കുമ്പോൾ, റോഡുവക്കിൽ നിന്നും പെറുക്കി എടുത്തു കഴുകുക പോലും ചെയ്യാതെ നുണഞ്ഞിരുന്ന തേൻവരിക്ക പഴങ്ങൾ.

അന്നത്തെ ദിവസം, സതീഷിനോടും നാസറിനോടും പുറംതിരിഞ്ഞു സംസാരിച്ചു വരുന്ന ജുനൈദിനെ ഞാൻ കണ്ടതെ ഇല്ല! കണ്ണുകളിൽ പേടിയും ആശങ്കയും ആയിരുന്നു. വളരെ ധൃതിയിൽ ചവിട്ടിയ സൈക്കിൾ ചെന്ന് കയറിയത്, ജുനൈദിന്റെ ഇടത്തെ കാലിലേക്കാണ്. അവൻ മറിഞ്ഞു പൈപ്റോഡിലെ കൈതത്തോട്ടിലേക്ക് വീഴുന്നത് മാത്രം കണ്ടു. 
എന്റെ പുറകിൽ ആ മൂവർ സംഘം ഉണ്ടാവും എന്ന പേടിയിൽ ജുനൈദിന് എന്താണ് സംഭവിച്ചത് എന്നുപോലും നോക്കാതെ അതിവേഗം സൈക്കിൾ ചവിട്ടി വീട്ടിലെത്തി, വാതിലടച്ചു ഇരുന്നു.

സ്‌കൂൾ അധ്യാപകനായ ജുനൈദിന്റെ അച്ഛൻ, ചൂരലുമായി വരുമോ എന്ന പേടിയിൽ പുറത്തിറങ്ങിയില്ല. 
കുറച്ചു കഴിഞ്ഞപ്പോൾ മുറ്റത്തൊരു ശബ്ദം. ഉമ്മയെ കാണാനായി ജുനൈദിന്റെ ചേച്ചി വന്നതാണ്. 
ഞാൻ പുറത്തിറങ്ങാതെ പതുക്കെ ചെവിയോർത്തു, അകത്തു തന്നെ ഇരുന്നു.
ഇല്ലാ, അവരാരും എന്നെക്കുറിച്ചോ ജുനൈദ് മറിഞ്ഞു വീണതിനെക്കുറിച്ചോ ഒന്നും സംസാരിക്കുന്നില്ല.
ഞാൻ മിണ്ടാതെ ഇരുന്നു. അപ്പോൾ, പേടിച്ചതുപോലെ ഒന്നുമില്ല എന്ന ആശ്വാസമായിരുന്നു എനിക്ക്.
ആ വിശ്വാസത്തിലാണ് കുറച്ചു കഴിഞ്ഞപ്പോൾ, മുറിക്ക് പുറത്തേക്ക് ഇറങ്ങിയത്.
അപ്പോഴാണ്, റിയാസിക്കാ അതിവേഗത്തിൽ വീട്ടിലേക്ക് കയറിവന്നതും എന്നെ തിരക്കുന്നതും. 
റിയാസിക്കാ എല്ലാം അറിഞ്ഞിട്ടാണ് വന്നത്, " ഗുരുദക്ഷിണ തന്നതാണ്, അല്ലിയോടി".
ഞാൻ ഒന്നും മിണ്ടാതെ, അറിയാത്തതുപോലെ നിന്നു.
"തോട്ടിൽ മറിഞ്ഞു വീണ അവനെ നിനക്കൊന്നു പിടിച്ചു എണീപ്പിക്കാമായിരുന്നില്ലേ ? ഇങ്ങനെ ആണോ സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചത്. ഇങ്ങനെ ആണോ ചെയ്യേണ്ടത്?."
റിയാസിക്കാ നിർത്താതെ ശകാരിക്കുന്നതിന്റെ കാരണം തിരക്കിയപ്പോഴാണ്, വീട്ടിൽ എല്ലാരും സംഭവപരമ്പരകൾ അറിയുന്നത്.

***************************** 



സാധാരണ, വീട്ടിൽ നിന്നും ഇറങ്ങി, പറമ്പിമുക്കുവഴി പൈപ്പ് റോഡിലൂടെ സ്‌കൂളിലേക്ക് പോകാറാണ് പതിവ്.
അന്ന് എന്തോ ആ പതിവ് തെറ്റിച്ചു, പന്മന ആശ്രമത്തിന്റെ പടിഞ്ഞാറു വശത്ത് കൂടിയുള്ള വിജനമായ റോഡിലൂടെയാണ് പോയത്.
അതികം യാത്രികരില്ലാത്ത, സമീപത്തു വീടുകൾ കുറവായ, കുറ്റിക്കാടുകൾ പടർന്ന ആ താറിട്ട റോഡിലൂടെ പാട്ടും പാടി സൈക്കിൾ ചവിട്ടി.
കുറച്ചു മുന്നോട്ടു പോയപ്പോഴാണ്, വഴിവക്കിലെ തീപ്പട്ടികമ്പനിക്കു സമീപത്തെ ഇടവഴിയിൽ നിന്നും മറ്റൊരു സൈക്കിളിന്റെ ശബ്ദം കേട്ടത്.
എന്റെ പുറകിലേക്ക് വന്നു അടുക്കുകയാണ് ആ സൈക്കിൾ.

" ഡാ, ആമി, നിൽക്കടാ ...നിന്നേ അവിടെ"

സൈക്കിളിന്റെ ബെല്ലടി ഞാൻ കേട്ടുവെങ്കിലും തിരിഞ്ഞു നോക്കിയിരുന്നില്ല.
മറ്റാരും വിളിക്കാത്ത ആമി എന്ന് വിളിച്ച ശബ്ദം, ഷംസുവിന്റേതായിരുന്നു!
വഴിയരികിലേക്ക് സൈക്കിൾ മാറ്റിവെച്ചു.
പുറകിൽ മറച്ചുവെച്ച ഒരു പൊതി അവൻ എനിക്ക് നീട്ടി.

" എന്താ ഇത് ...എന്താണെന്നു ..." ചെറു പതർച്ചയോടെയും ആകാംഷയോടെയും ഞാൻ ചോദിച്ചു.
' പ്രേതെയ്കിച്ചു ഒന്നുമില്ല....ആമി ഇപ്പോൾ അത് തുറക്കണ്ടാ.....സ്‌കൂൾ ചെന്നിട്ടോ വീട്ടിൽ ചെന്നിട്ടോ നോക്കിക്കോളൂ."

എനിക്ക് ആകെ ആധിയായി.
എന്തായിരിക്കും അത്.?
എന്തിനാണ് അവൻ അത് ഇങ്ങനെ ഇവിടെ വെച്ച് തന്നത്...?
ആരെങ്കിലും കണ്ടാൽ...എന്തുപറയും.?
എന്താ ഈ ഷംസു കാണിക്കുന്നത്.?
ഉളിൽ രോഷവും ഒപ്പം പേടിയും.
അവൻ എന്റെ മറുപടികൾക്കൊന്നും കാത്തുനിൽക്കാതെ, സൈക്കിൾ തിരിച്ചു തിരികെപ്പോയി.

സ്‌കൂളിൽ എത്തിയപ്പോൾ, സന്ധ്യയോ ഷബ്‌നമോ ദീപയോ നവനീതയോ അസീനയോ ആശയോ ആരും എത്തിയിട്ടില്ല.
ആരോടാണ് ഇതൊന്നു ഇപ്പോൾ പറയുക.
സന്ധ്യയോ ശബ്‌നമോ ഉണ്ടായിരുന്നുവെങ്കിൽ, ഒരല്പം ആശ്വാസമായേനെ.
ആദ്യ പീരീഡ്‌ കൃഷ്ണകുമാർ സാറിന്റെ കണക്കു ക്ലാസ്സാണ്.
ആ പീരിഡിൽ  ഇരുന്നു ഒന്നും നോക്കാൻ പറ്റില്ല.

സൈക്കിൾ, ഷെഡിൽ വെച്ചിട്ടു, ബാഗുമായി ഓഡിറ്റോറിയത്തിന്റെ പുറകിലേക്കായി പോയി.
ഷംസു തന്ന പൊതി, പെട്ടന്ന് അഴിച്ചു തുറന്നുനോക്കി.
ഒരു ബുക്ക്, അതിലെ ഓരോ താളിലും സിനിമാ താരങ്ങളുടെ വെട്ടിയൊട്ടിച്ചുവെച്ച പടങ്ങൾ !
സുരേഷ് ഗോപിയും ശോഭനയും ആനിയും നിറഞ്ഞു നിൽക്കുന്ന വർണ ചിത്രങ്ങൾ. ബഹുവർണ,ബഹുതര ചിത്രങ്ങളുടെ ഒരു വലിയ ആൽബം.
മനസ്സിൽ കുളിരു കോരിയിട്ടതുപോലെ.
ആ ആൽബം നെഞ്ചോട് ചേർത്തുവെച്ചു...ആരും കാണാതെ ചുംബിച്ചു ബാഗിലേക്ക് തിരികെ വെച്ചു.

       *****************************************



അലീനയും മഞ്ജിമയും നവനീതയും ആശയുമൊക്കെ ക്ലാസ്സിൽ എന്റെ തൊട്ടടുത്തായിരുന്നു ഇരുന്നത്.
എങ്കിലും കൂടുതൽ അടുപ്പവും കൂട്ടും ശബ്‌നത്തോടായിരുന്നു.
ഞങ്ങൾ ഒരുമിച്ചായിരുന്നുവല്ലോ സ്‌കൂളിലേക്ക് വരുന്നതും പോകുന്നതും ഒക്കെ.
അവൾക്കും ഒരു നീല ബിഎസ്ഏ സൈക്കിൾ ഉണ്ടായിരുന്നു.
അവളുടെ ഇഷ്ടങ്ങളും മറ്റും എന്നോട് പങ്കുവെച്ചു, ഞാനതെല്ലാം കേട്ടിരുന്നു.

ക്ലാസിലെ ഏറ്റവും വലിയ തമാശ ആയിരുന്നു.
വെറുതെ, ഏതെങ്കിലും ആൺപിള്ളാരുടെ പേര് ചേർത്ത്, ഇരട്ടപ്പേര് വിളിക്കുക എന്നത്.
അങ്ങനെ അവള്, എന്നെ വിളിച്ചുതുടങ്ങിയതാണ് ഷിനാജ് റഹ്‌മാന്റെ പേര്.
അവന്റെ അച്ഛൻ ഗൾഫിൽ ആയിരുന്നു. എന്നും പുതുവസ്ത്രങ്ങളും വലിയ വാച്ചും വലിയ ബാഗും ഒക്കെ ആയി എത്തുന്ന അവനായിരുന്നു, ഞങ്ങളുടെ ക്ലാസ്സിലെ ലീഡർ. 
ഷബ്‌നത്തിന്റെ മുൻപിൽ ആളാവാൻ വേണ്ടിയാണ്, ഷിനാജിന്റെ പേര് ഞാൻ പറഞ്ഞത്.
പിന്നെ പിന്നെ അവൾ, എന്നെ അങ്ങനെ വിളിച്ചു, എനിക്കും അവനോടു ഒരു ഇഷ്ടം തോന്നിതുടങ്ങി.
ഒരു ബെഞ്ചിന്റെ തൊട്ടകലത്ത് ഇരിക്കുമ്പോഴും, പരസ്പരം വഴക്കിടലായിരുന്നു,അവനുമായി.

ആ വർഷത്തെ ക്ലാസ് കഴിഞ്ഞു, പുതുവർഷം ആയപ്പോഴേക്കും, അവനും ഞങ്ങളുടെ ക്ലാസ്സിൽ നിന്നും അപ്രത്യക്ഷനായിരുന്നു.
എവിടെയാണ്, എങ്ങോട്ടാണ് അവൻ പോയത് ?
അറിയില്ല, ആരോടാണ് ചോദിക്കുക ?

ഹൈ സ്‌കൂൾ ക്ലാസ്സുകളുടെ തുടക്കം ആയപ്പോഴേക്കും പെൺകുട്ടികൾക്ക് പ്രേത്യേകം ക്ലാസ്സായി മാറ്റിയിരുന്നു.
ക്ലാസ്സിലെ ബഹളം കേട്ടാണ് വരാന്തയിലൂടെ പോകുന്ന സരോജിനിയമ്മ ടീച്ചർ, ഞങ്ങളുടെ ക്ലാസ്സിലേക്ക് കയറിയത്.
പിച്ചിപ്പൂ തിരുകിയ, നെറ്റിയിലെ ചന്ദനകുറിമേൽ വീണ മുടി തിരുകി വെച്ച്, ടീച്ചർ പ്രസന്നതയോടെ നിന്നു. 
എല്ലാരോടും മിണ്ടാതിരിക്കാൻ ആവിശ്യപെട്ടതിനു ശേഷം ടീച്ചർ ചോദിച്ചു " ആരാണ് ക്ലാസ് ലീഡർ ?"
ആദ്യ ബഞ്ചിൽ, ഒന്നാമതായി ഇരുന്ന ഞാൻ, ചാടി എഴുനേറ്റു.
" സംസാരിക്കുന്നവരുടെ പേരുഴുതി വയ്ക്കു, കുട്ടി . ഇപ്പോൾ ആരുടെ ക്ലാസ്സാണ്, എന്താണ് ഈ പീരിഡിലെ വിഷയം"
ടീച്ചർ സംസാരം തുടർന്നു.

" മലയാളം ആണ് ടീച്ചർ ഇപ്പോൾ", ഞാൻ തുടർന്ന് പറഞ്ഞു.
മലയാളം ടീച്ചർ ഇന്ന് വന്നിട്ടില്ലേ എന്ന സരോജിനി ടീച്ചറിന്റെ ചോദ്യത്തിന്, എന്റെ മറുപടി ക്ലാസ്സിൽ കൂട്ടച്ചിരിയാണ് ഉണ്ടാക്കിയത്.

" മലയാളം ടീച്ചർ റിട്ടയേർഡ് ആയി പോയി"
യഥാർത്ഥത്തിൽ, ട്രാൻസ്ഫർ ആയി പോയി എന്നാണ് ഉദ്ദേശിച്ചത്, ചമ്മലോടെ, കുനിഞ്ഞു ഞാൻ ബഞ്ചിൽ ഇരുന്നു.
സ്‌കൂളിൽ നിന്നും വിട്ടു പോകുംവരെയും ടീച്ചർ എപ്പോഴും ആ ചമ്മൽ കഥ പറയുമായിരുന്നു.

ഒൻപതാം ക്ലാസ്സായപ്പോഴേക്കും വീണ്ടും ആൺകുട്ടികളും പെൺകുട്ടികളെയും ഒരുമിച്ചുള്ള ക്ലാസ്സിൽ ആക്കി.
പക്ഷേങ്കിലും, എന്റെ പല പഴയ സുഹൃത്തുക്കളും മറ്റു പല ക്ലാസ്സുകളായി മാറിയിരുന്നു.
എനിക്കും അവരോടപ്പം പോകണമെന്ന് ക്ലാസ് ടീച്ചറായ ജോസ് സാറിനോട് കരഞ്ഞു കെഞ്ചിയെങ്കിലും അദ്ദേഹം അത് അനുവദിച്ചു തന്നില്ല.

പുതിയ ക്ലാസ്സിലെ ആൺകുട്ടികളെ കണ്ടതും എന്റെ സർവ്വ ധൈര്യവും ചോർന്നുപോയി.
തടിച്ച മീശയും മുറ്റ് ശരീരവുമുള്ള ഭീമന്മാരും ഹിഡുംബൻമാരും.
ശ്രീഹരിയും അവിനാഷും മഞ്ചേഷും സുലൈമാനും ഷാ ജഹാനും നാസിമ്മും മറ്റും മറ്റും.
കണ്ടപ്പോൾ തന്നെ പേടിയായി.
ഇറങ്ങി ഓടിയാലോ എന്ന് ആലോചിച്ചു. 
അതിൽ ഏറ്റവും ചെറിയവരായി തോന്നിയത് നിലേഷും അസറുദീനും മറ്റും ആയിരുന്നു.
കുറച്ചു സമയം എടുത്തുവെങ്കിലും, പുതിയ ക്ലാസ്സുമായി പതുക്കെ പൊരുത്തപ്പെട്ടു.
ഞാൻ കേട്ടതുപോലെ ഒന്നും ആയിരുന്നില്ല. പൊണ്ണത്തടി ഉണ്ടെങ്കിലും ശുദ്ധഹൃദയരായ പാവം സഹപാഠികൾ ആയിരുന്നു അവരെല്ലാം.

സ്‌കൂളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ബഹളത്തിന് ഇടയിൽ ആണ്, സജിത എന്റെ കൈവിരൽ ഒടിക്കുന്നത്.
പക്ഷെ, അതിന്റെ കുറ്റം മുഴുവൻ കിട്ടിയത് സന്ധ്യക്കും ആയിരുന്നു.
ലോയലിൽ ട്യൂഷൻ ക്ലാസ്സിൽ ഇരിക്കുമ്പോൾ, ബഞ്ചിൽ ഊന്നിയിരുന്ന എന്റെ ഒടിഞ്ഞ വിരലിലേക്ക് സന്ധ്യാ അറിയാതെ ഇരുന്നു.
ശ്രീപ്രകാശ് സാറിന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞിട്ട് ഇരിക്കാൻ ശ്രമിക്കുക ആയിരുന്നു അവൾ.
എന്റെ നിലവിളികേട്ടുകൊണ്ടു, ശ്രീപ്രകാശ് സാർ അവളെ കുറെ വഴക്കു പറഞ്ഞു, അവസാനം സോമൻ സാർ എന്നെ എന്റെ വീട്ടിലും കൊണ്ടുവന്നാക്കി.

ക്ലാസ് ലീഡറാകുവാൻ വേണ്ടി ഷാ ജഹാനും ശ്രീഹരിയും നിലേഷും തമ്മിൽ ആയിരുന്നു പ്രധാന മത്സരം.
ഷാ ജഹാന് അറിയാം, ഞാനവന് വോട്ടു കൊടുക്കില്ല എന്ന്.
അവനു വോട്ടു കിട്ടാൻ വേണ്ടി, അവനെന്റെ വീട്ടിലും ട്യൂഷൻ സെന്ററിലും ഒക്കെ കയറിയിറങ്ങി.

എന്റെ തൊട്ടുപുറകിലെ ബെഞ്ചിലാണ് ഷാ ജഹാൻ ഇരിക്കുന്നത്.
അവനുമായി എപ്പോഴും എന്തെങ്കിലും പറഞ്ഞു മുഷിയേണ്ടിവരും.
അവൻ എന്നെ കാണുമ്പോഴെല്ലാം ക്ലാസ്സിലെ ഏതെങ്കിലും പിള്ളേരുടെ പേര് വിളിച്ചു കളിയാക്കുകയെന്നത് പതിവായിരുന്നു.
ഒരു ദിവസം സഹികെട്ടാണ്, ഗിരിജ സാറിനോട് അവനെക്കുറിച്ചുള്ള പരാതി പറഞ്ഞത്.
അതിനു ശേഷം അവന്റെ അത്തരം ശല്യങ്ങൾ ഇല്ലാതെയായി.

പിന്നീടാണ് അറിഞ്ഞത്, ഞാൻ ക്ലാസ്സിൽ എണീക്കുമ്പോഴെല്ലാം ഒരു പയ്യന്റെ പേരിട്ടു, ഷാ ജഹാൻ വിളിച്ചത് വെറുതെ ആയിരുന്നില്ല,  വേതനത്തിനായിരുന്നുവെന്ന്.
സ്‌കൗട്ടിൽ ഞങ്ങളോടപ്പം ഉണ്ടായിരുന്ന ഒരാൾ എന്നെ നോക്കുമായിരുന്നുവത്രെ. ഞാൻ അങ്ങനെ ആരെയും ഒരിക്കലും ശ്രദ്ധിച്ചിട്ടുമില്ല, അറിയുകയുമില്ല.
അയാളുടെ പറ്റിൽ ദിവസവും അബ്ബാസിക്കയുടെ കടയിൽ നിന്നും ബോണ്ടയും ചായകുടിയും കഴിക്കലായിരുന്നു ഷാ ജഹാന്റെ ജോലി.
അവനെഴുതുന്ന കത്തുകളൊക്കെ, ഷാ ജഹാൻ വാങ്ങി, എനിക്ക് കൈമാറാമെന്നു വിശ്വസിപ്പിക്കും. എനിക്ക് വേണ്ടി, ഞാനറിയാതെ, മറുപടി കത്തുകൾ ഷാ ജഹാനും തയ്യാറാക്കുമായിരുന്നു. എന്റെ പേരിൽ ഷാ ജഹാൻ നിരന്തരം ബോണ്ടകൾ തിന്നുകയായിരുന്നു എന്ന് അറിഞ്ഞപ്പോൾ, ആദ്യം അമ്പരപ്പായിരുന്നു പിന്നീട് ചിരിതോന്നി. 

 ആ കത്തെഴുത്തിന്റെ അവസാനം എങ്ങനെ ആയി തീർന്നോ, ആവോ?



********************************* 

  9 

സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ കെട്ടിഘോഷിപ്പ് കഴിഞ്ഞ ദിവസമാണ് ഞങ്ങൾ എല്ലാവരും കൂടി പൊന്മനയിൽ കടലുകാണാനായി പോയത്.
ലീഡറെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ ഷാജഹാൻ ആയിരുന്നുവല്ലോ ഞങ്ങളുടെ ക്ലാസ്സിലെ എസ്.എഫ്. ഐ സ്ഥാനാർത്ഥി.
ഒരേയൊരു വോട്ടിനാണ്, എതിർ സ്ഥാനാർഥിയായ ശ്രീഹരിയോട് ഷാജഹാൻ തോൽക്കുന്നത്.
ഷാ ജഹാന്റെ കരച്ചിലും കണ്ണുനീരും കണ്ടു നിൽക്കുവാൻ കഴിഞ്ഞില്ല.
എന്റെ പിറകെ അവൻ കെഞ്ചി നടന്നതാണ്, ഒരു വോട്ടിനു വേണ്ടി.
എന്റെ വീട്ടിൽ വരുകയും, അമ്മയോടും അച്ഛനോടും നിർബന്ധിക്കുകയും ചെയ്തതാണ്.
അവനു അറിയാമായിരുന്നു, ഞാനവനു വോട്ട് കൊടുക്കില്ല എന്ന്.

എന്നെ എപ്പോഴും കളിയാക്കുന്നതിനോടുള്ള ദേഷ്യം, വോട്ടെടുപ്പിലും കാണിച്ചു.
അവൻ തോറ്റു.

തിരഞ്ഞെടുപ്പ് ആയതുകൊണ്ട് ട്യൂഷനും ഉണ്ടായിരുന്നില്ല.
അങ്ങനെയാണ് കൂട്ടുകാർ എല്ലാവരും കൂടി ഹരീഷിന്റെ വീട്ടിൽ ചെന്ന് കടത്തു കയറി പൊന്മനയിൽ ഇറങ്ങി, കടല് കാണാനായി പുറപ്പെട്ടത്.
സജിതയും സന്ധ്യയും നവനീതയും ഷാ ജഹാനും അവിനാഷും നാസീമ്മും ബൈജുവും പിന്നെ ഞാനും. 

മൈലാഞ്ചി പടർന്ന അവളുടെ കൈകളിൽ പടരുന്ന വിയർപ്പ്, സ്നേഹിതന്റെ സാമിപ്യം ആണെന്ന് ഞാൻ കളി പറഞ്ഞു.
മഷി പടർന്ന കണ്ണുകളിൽ പ്രണയത്തിന്റെ നീലിമ പടരുന്നതും അവളുടെയും അവന്റെയും ചുണ്ടുകൾ കഥപറയുന്നതും നോക്കി നിന്നു.
ആ യാത്രയിൽ ഏറെ സന്തോഷിച്ചതും സന്ധ്യയും അവിനാഷും ആവും.
പ്രണയം കൂടുകൂട്ടുന്ന നിമിഷങ്ങളിൽ ഇത്രയും നല്ലൊരു യാത്ര, അവർക്കിനി സാധ്യമാകുമോ എന്ന് ഉറപ്പില്ലല്ലോ.

വെയിലു പിൻവാങ്ങുന്ന വേളയിൽ...
തിരകളോട്, കടലമ്മയോടു യാത്ര പറഞ്ഞു.
തിരികെ നോക്കുമ്പോൾ, തീരത്ത് എഴുതി മുഴുപ്പിക്കാത്ത കുറെ പേരുകൾ അവശേഷിക്കുന്നു.
പതഞ്ഞു പൊങ്ങി ചീറിയടിക്കുന്ന തിരമാലകൾ, ആർത്തട്ടഹസിച്ചു തീരം പുൽകുമ്പോൾ, പൂഴിമണ്ണിൽ കൈവിരൽകൊണ്ട് എഴുതിയ  'ആമിനത്ത് അനൂഷ', എന്ന പേര് പൂരിപ്പിക്കാത്ത സമസ്യയായി നിന്നു.
കടലമ്മ കള്ളിയാണ് എന്ന് ഹരീഷ് എഴുതിയ പേരുമാത്രം തിരമാലകൾ മായ്ച്ചു കളഞ്ഞു.


പ്രണയം നിറമുള്ള കുടമാറ്റവും പൂരമായി പെയ്തിറങ്ങിയത് ഉള്ളിൽ പൊതിഞ്ഞുവെച്ച കടുംനിറമുള്ള നിനവുകൾ ആയിട്ടായിരുന്നു.
വിരഹത്തിന്റെയും വേദനയുടെയും സകലഭാവങ്ങളോടെയും മാറിമറിഞ്ഞ ആ വൈകുന്നേരം, ഇനിയും ആവർത്തിക്കണെ എന്ന പ്രാർത്ഥനയിൽ നിൽക്കെ, നാളത്തെ പുലരികൾ ആർക്കുവേണ്ടിയാവും പുനർജനിക്കുന്നത് എന്ന ചിന്ത ആശങ്കപ്പെടുത്തി.

സൂര്യബിംബം കടലിലേക്ക് ഇറങ്ങാൻ വെമ്പവേ, ഞങ്ങൾ കടവ് കടക്കാൻ, വള്ളത്തിൽ കയറി.

*************************************

  10 


കൂട്ടുകാരിയായ ശൈലജയെയും കൂട്ടി സ്‌കൂളിലേക്ക് പോകാമെന്നു കരുതിയാണ്, ആശ്രമത്തിനു പുറകിലുള്ള റോഡിലൂടെ പോയത്.
എന്തോ അവൾ അന്നത്തെ ദിവസം സ്‌കൂളിൽ വന്നില്ല.
സൈക്കിൾ മുന്നോട്ടു പോകുംതോറും ആ ഭാഗത്തെ വിജനത കൂടിവന്നു. പ്രേത്യേകിച്ചു തീപ്പട്ടി കമ്പനി പിന്നിടുന്ന റോഡിൽ.
ആ ഭാഗത്തെങ്ങും മാനോ മാൻജാതിയോ ഇല്ല.

പുറകിൽ നിന്നും ആമി എന്നുള്ള വിളി കേട്ടപ്പോൾ, അത് ഷംസു തന്നെ ആണെന്ന് തോന്നി.
തിരിഞ്ഞു നോക്കാതെ സൈക്കിൾ മുന്നോട്ടു ചവിട്ടി.
പിന്നാലെ വന്ന ഷംസു, എന്റെ സൈക്കിളിന്റെ പുറകിൽ പിടിച്ചു നിർത്തി.

അവൻ എന്ത് ചെയ്യാൻ പോകുകയാണ്, എന്താണ് അവന്റെ പടപുറപ്പാട്.
എന്റെ കൈകാലുകൾ വിറച്ചു.
പൗഡർ പൂശിയ മുഖത്ത് വിയർപ്പു തുള്ളികൾ പടർന്നു.

അവന്റെ കൈയ്യിൽ ഇരുന്ന ഒരു കടലാസ്സ് കഷ്ണം എന്റെ ബുക്കിനുള്ളിലേക്ക് തിരുകി വെച്ചു.
ശേഷം ഒന്നും മിണ്ടാതെ, തിരിഞ്ഞു പോലും നോക്കാതെ, അവൻ സൈക്കിൾ ചവിട്ടി പോയി.

സ്‌കൂളിലെ ആളൊഴിഞ്ഞ മൂലയിൽ വെച്ച്, ബുക്ക് തുറന്നു, അത് വായിച്ചു.

" എന്റെ ആമിക്കുട്ടിക്ക്, മോൾ നന്നായി പഠിക്കണം. ജോലിനേടാൻ വേണ്ടി പഠിക്കണം. മോളുടെ ഭർത്താവിന് വേണ്ടി പഠിക്കണം"

ആദ്യമായി കിട്ടിയ ആ പ്രേമലേഖനം രണ്ടാവർത്തി വായിച്ചു.
വരയിട്ട കടലാസിലെ വടിവൊത്ത അക്ഷരങ്ങൾ, ജീവവായുവിനായി പിടയുന്നു.
ആ അക്ഷരങ്ങൾ എന്താണ് പറയുന്നത് ?

പെട്ടന്ന് തന്നെ ആ കത്ത് ഞാൻ കീറിക്കളഞ്ഞു.
വൈകിട്ട് വീട്ടിലെത്തി, അമ്മയോട് കാര്യം പറഞ്ഞു.
അമ്മയുടെ പുന്നാര ഷംസുവിന്റെ മനസ്സിലിരിപ്പ് എന്താണെന്നു മനസ്സിലായല്ലോ?

വൈകിട്ട്, ഒന്നും  അറിയാത്തപോലെ, ഷംസു വീട്ടിലേക്ക് വന്നു.
അമ്മയുടെ കൂട്ടിവെച്ച ചോദ്യങ്ങൾക്കു, ഷംസു ഉത്തരം ഒന്നും പറയാതെ നിന്നു.
" ആരാടോ എന്റെ ഭർത്താവ്? താൻ കുറെനാളായല്ലോ തുടങ്ങിയിട്ട്, അതും ഇതും ഒക്കെ പറയാൻ. നിർത്തിക്കോണം ഇതിപ്പോൾ ഇവിടെ."
ആത്മാർത്ഥമില്ലാത്ത എന്റെ ശകാരങ്ങൾ, അയാളെ വീണ്ടും വിഷമിപ്പിച്ചിരുന്നിരിക്കണം.
ഒന്നും പറയാതെ, സൈക്കിൾ തിരിച്ചു അയാൾ പോയി.
അതിനു ശേഷം ഒരിക്കലും ഷംസു ഞങ്ങളുടെ വീട്ടിൽ വന്നിട്ടില്ല.
പ്രണയനിരാസവും അവഗണനയും മാത്രം ആയിരുന്നു ഞാനയാൾക്ക് നൽകിയത്.
പലകുറി, എന്നോടുള്ള അയാളുടെ ഇഷ്ടം വെളിപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്, ഞാനപ്പോഴല്ലാം ഒഴിഞ്ഞു മാറിയിട്ടെ ഉള്ളു.


*************************
11 


പരീക്ഷഭാരം ഒഴിഞ്ഞ ആ വൈകുന്നേരം ഞങ്ങളെല്ലാം വീട്ടിൽ ഒത്തുകൂടി.
സജിതയും സന്ധ്യയും അനിതയും ഷാ ജഹാനും നാസീമ്മും ശ്രീഹരിയും ബൈജുവും.
അതായിരുന്നു എന്റെ കല്യാണത്തിന് മുൻപുള്ള ഞങ്ങളുടെ ഏവരുടെയും കണ്ടുമുട്ടൽ.

അന്ന്, കല്യാണത്തിന് വിളിച്ചപ്പോൾ, വരാതിരുന്ന, എന്റെ പ്രിയപ്പെട്ട സന്ധ്യയെ ഇപ്പോൾ കാണാൻ പറ്റുമോ? 
ശബ്‌നം കൊണ്ടുവരാറുള്ള ആ വൈലറ്റ് നിറമുള്ള പഴങ്ങൾ കഴിക്കാൻ, വർഷങ്ങൾക്കു ശേഷം സാധിക്കുമോ, അവളെ കാണുവാൻ കഴിയുമോ ?
എന്റെ പേര് വിറ്റു ഭക്ഷിച്ച ഷാ ജഹാൻ, ഇനിയെങ്കിലും ആ സ്‌കൗട്ട്കാരനെ വിമോചിപ്പിക്കുമോ?

ഓർമ്മകളുടെ മാവിൻ ചുവട്ടിൻ കുറച്ചു നേരം ഇരിക്കണം!
പൈപ്പ് റോഡിലൂടെ ജുനൈദിനും നിരഞ്ജനും അജ്മൽ അഹമ്മദിനും നാസറിനും സതീഷിനും ഒപ്പം നടക്കണം!
ആശ്രമത്തിനു കിഴക്കു വശത്തെ ഇലഞ്ഞിപ്പഴം പറക്കണം, കാർത്തിയാനി കാവിലെ മഞ്ഞനിറമുള്ള കാട്ടുപഴവും പറക്കണം!
കളി പറഞ്ഞു, കഥ പറഞ്ഞു വീണ്ടും നടക്കണം!
ഏവരുമൊപ്പം വീണ്ടും കടത്തിറങ്ങി കടലുകാണാൻ പോകണം!

നിരഞ്ജനെ ഫോണിൽ വിളിച്ചു, 'ഓർമ്മകളുടെ മാവിൻചുവട്ടിലേക്ക്' പോകുന്ന കാര്യം ഉറപ്പിച്ചു.
മാലിയിൽ നിന്നും അവനും വരാതിരിക്കില്ല. ചിറക്കൽ ശ്രീഹരിയുടെ ആരാധകനായ നിരഞ്ജന് എങ്ങനെ ഈ ചാന്ദ്രമാസത്തിലെ തിരുവാതിര ഉത്സവം ഒഴിവാക്കാൻ കഴിയും.

നീഹാരം

"അമ്മയുമായി വീടിന്റെ പുറകിലെ പറമ്പിൽ നിൽക്കുക ആയിരുന്നു. തൊട്ടാവാടിയും വേലിപ്പരുത്തിയും വളർന്നു കിടക്കുന്ന പച്ചപ്പ് അവിടെവിടെയായി ക...