"ആഹൂധു ബില്ലാഹി മിന ശ്യ്താനിറജീം
ബിസ്മില്ലാഹി രഹ്മാനിറഹീം
അല്‍ഹംധുലില്ലാഹ് "
ഈ നാടുമായിട് എനിക്ക് മുൻകാല ബന്ധം ഉണ്ടായിരുന്നതുപോലെ!
ഇസ്ലാമിക സംസ്കാരവുമായി അടുത്തിഴപഴകിയിരുന്നോ ?
ശ്രീ എം. പറയുന്ന പൂർവ്വജന്മ കഥകൾ പോലെ, കഴിഞ്ഞ ജന്മത്തിൽ ഞാനൊരു മാലൈദേശവാസി ആയിരുന്നോ?
പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ദക്ഷിണ പടിഞ്ഞാറേ ഏഷ്യയിലെ ബുദ്ധ രാജ്യമായിരുന്ന മാലിദ്വീപിനെ മോറോക്കൻ സഞ്ചാരിയായ ഇബ്ൻ ബദൂത്തയും മറ്റു അറേബ്യൻ കച്ചവടക്കാരും ചേർന്ന് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യിപ്പിക്കുന്നത്. അന്നത്തെ സോമവംശ രാജാവായിരുന്ന ധോവമി കലമിഞ്ഞ സിരി തിരിബുവന ആദിത്ത മഹാ രാദുൻ, സുൽത്താൻ മുഹമ്മദ് ബിൻ അബ്ദുള്ള എന്ന പേര് സ്വീകരിക്കുകയും ആശയപ്രചാരണത്തിനായി രാജ്യത്തെ എല്ലാ ദ്വീപുകളും സന്ദർശിച്ചു, ഏവരെയും ഇസ്ലാമിലേക്ക് മതം മാറ്റുകയും അവിടെയെല്ലാം പള്ളികൾ സ്ഥാപിക്കുകയും ചെയ്തു. ഒരു വെള്ളിയാഴ്ച്ചയിലെ ജുമാ നമസ്‌കാരവും കഴിഞ്ഞു, ഹജ്ജ് കർമ്മത്തിനായി മക്കയിലേക്ക് കപ്പലിൽ പുറപ്പെട്ട സുൽത്താന്റെ തിരോധനത്തെക്കുറിച്ചും,ശിഷ്ടജീവിതത്തെക്കുറിച്ചും ചരിത്ര രേഖകളിൽ ഒരു ശേഷിപ്പും ഇല്ല. എങ്കിലും 1150 കളിൽ തുടങ്ങിയ ഇസ്ലാമിക സാംസ്കാരം മാറ്റങ്ങൾക്കു വിധേയമാകാതെ ഇപ്പോഴും തുടർന്നുപോരുന്നു.
മിക്കപ്പോഴും ഇസ്ലാമിക ബിംബങ്ങള കൈയ്യിൽ കരുതാറുണ്ട്!
കൂടുതലും മറ്റൊരാളെ അഭിവാദ്യം ചെയ്യുന്ന സമയത്താവും ഉപയോഗിക്കാറ്.
തദ്ദേശ സുഹൃത്തുക്കളോട് ചേർന്ന് നിൽക്കുകയും അവരെ അഭിസംബോധന ചെയ്യുകയുമാവാം എന്നതുമാത്രമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.
പൊളിറ്റിക്കൽ മതത്തിന്റെ തരംതിരിവുകളിൽ അകറ്റിനിർത്തിയിരിക്കുന്ന കാഫിറുകളോ മുശ്‌രികളോ ഇസ്ലാമിനെ ആശ്ലേഷിക്കുന്നതു പ്രോത്സാഹിപ്പിക്കേണ്ടത് ആണെന്നാണല്ലോ നവനയം.
ഒന്നും എന്തെങ്കിലും ഒരു ആവേശത്തിനോ ആരുടെയെങ്കിലും സ്വാധീനത്താലോ അല്ലെങ്കിൽ എന്തെങ്കിലും പ്രതിലോമ താല്പര്യങ്ങൾക്കുവേണ്ടിയോ ആയിരുന്നില്ല.
ഒരു സത്യമുണ്ടെന്നും, ആ സത്യത്തിലേക്ക് എത്തുവാൻ ആളുകൾ പലവഴികൾ തിരഞ്ഞെടുക്കുന്നുമെന്നുള്ള നിക്ഷ്പക്ഷ ബോധമാണ് എപ്പോഴും മനസ്സിൽ സൂക്ഷിക്കാറ്.
ആരെയും തള്ളിപറയാതെ, എന്റേതു മാത്രമാണ് വലിയത് എന്നു പറയാതെ, നല്ലതു എന്നു തോന്നുന്നതിനെ ഉൾക്കൊള്ളുകയും, ബുദ്ധിമുട്ടുള്ളതിനെ തള്ളിക്കളയുകയും ചെയ്യുക എന്നതാണ് പിന്തുടരുന്ന മാതൃക.
ആ പറയുന്നത് എന്താണെന്നു അറിയാൻവേണ്ടി കുറിച്ചിട്ടു, പിന്നെ അതു മനഃപാഠം ആയി.
ഓഫിസിൽ എത്തുന്ന ഏറ്റവും അടുത്തറിയാവുന്ന മാലെ സുഹൃത്തുക്കളോട് പലപ്പോഴും ഇസ്ലാമിക അഭിവന്ദനം അനുവർത്തിക്കാറുണ്ട്.
അവർക്കറിയാം ഞാൻ ഒരു ബേറുമിയാ (വിദേശി) ആണെന്നും അവരുടെ വിശ്വാസ സംഹിതകൾക്കു വിരുദ്ധമായ ചിന്തകളുള്ള ആളാണെന്നും. എങ്കിലും ഞാൻ അവരെ അഭിസംബോധന ചെയ്തു തുടങ്ങുമ്പോൾ ഞങ്ങൾ രണ്ടുപേർക്കിടയിലെ ദൂരം വളരെ നേർക്കുന്നുവെന്നും ബന്ധം ഊഷ്മളമാകുന്നുവെന്നും മനസിലാക്കുന്നു.
ചിന്തിക്കുമ്പോൾ മനസ്സ് ചെന്നു ഉടക്കുന്നത് ശ്രി. എമ്മിന്റെ ആത്മകതയിലേക്കാണ്.
ആ പുസ്തകത്തിന്റെ സ്വാധീനം എന്റെ ചിന്തകളിലും പ്രവർത്തികളും മാറ്റങ്ങൾ ഉണ്ടാക്കിയിരിക്കുന്നു.
തിരിഞ്ഞു നോക്കുമ്പോൾ,അത് ശരിയാണൊന്നു തോന്നിപോകും!
സുഗന്ധം വിതറുന്ന അറേബ്യൻ കഥകളുടെ സാംസ്കാരിക പരിസരം.
ഞാൻ എന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചത് മുസ്ലിം ഭൂരിപക്ഷ പ്രദേശത്തോ അല്ലെങ്കിൽ സമുദായത്തിന് മേൽക്കോയ്മ ഉള്ള സ്ഥലത്തോ ആയിരുന്നില്ല. എന്നുമാത്രമല്ല എന്റെ സ്കൂളിൽ അമുസ്ലിങ്ങൾ ആയിരുന്നു കൂടുതലും എന്ന്, ഇപ്പോൾ ഇങ്ങനെ തിരിഞ്ഞു നോക്കുമ്പോൾ മനസിലാവുന്നു. പക്ഷെ എന്നോടപ്പം ശ്യാമും ലാലു അലെക്സും ഷിബുവും ബാബുക്കുട്ടനും ഒക്കെ ഉണ്ടായിരുന്നിട്ടും ആദ്യം സുഹൃത്തായതും അടുത്തിരുന്നതും മുഹമ്മദ് യഹിയാ ആയിരുന്നു. ഈദിനും പെരുന്നാളിനും അവന്റെ വീട്ടിൽ അരിപത്തിരയും ബിരിയാണിയും കഴിക്കാൻ പോയതും ഇപ്പോഴും മധുര ഓർമ്മകളും ആണ്
തെരഞ്ഞെടുപ്പ് രാഷ്ട്രീയ വാർത്തയും വിശകലനങ്ങളും അതിലുപരി വർത്തമാനകാല രാഷ്ട്രീയ സംഭവ വികാസങ്ങളും എത്രമാത്രം ജാതീയമായി നോക്കുന്നു എന്നുള്ളത് ഒരു പുതു അറിവൊന്നുമല്ല..ബാലകൃഷ്ണ മാമന് വേണ്ടി പത്രം വായിച്ചു തുടങ്ങിയ അപ്പർ പ്രൈമറി കാലം മുതലേയുള്ള അനുഭവമാണത്.
അതുകൊണ്ടുതന്നെ, മടുപ്പിക്കുമെങ്കിലും, ഒരു ആശയത്തെ അടുത്തറിയുന്നതിനു, അതിന്റെ കാമ്പിലേക്കു ഇറങ്ങി ചെല്ലാം എന്നു തന്നെ കരുതുന്നു.
പന്മന ഒരു മുസ്ലിം ഭൂരിപക്ഷ സ്ഥലമാണ്.
അവിടെയാണ് ഞാൻ ആറാം ക്ലാസ്സ് മുതൽ പഠിച്ച ശ്രീ ബാലഭട്ടാരക വിലാസം സ്‌കൂൾ ഉള്ളത്.
ഇസ്ലാമിക സാംസ്‌കാരിക ചുറ്റുപാടുകളും,ഒപ്പം മധ്യ പൂർവേഷ്യൻ സാമ്പത്തിക സാഹചര്യങ്ങളെ ആശ്രയിക്കുകയും ചെയ്യുന്ന കുടുംബങ്ങളിൽ നിന്നുമുള്ള പഠിതാക്കളാണ് ആ സ്‌കൂളിൽ കൂടുതലും ഉള്ളത്.
ക്‌ളാസിൽ ഉണ്ടായിരുന്ന ഒരു ജയകൃഷ്ണനെ എനിക്ക് ഓർമിക്കാൻ കഴിയും. എന്റെ ഓർമ്മക്കുറവിനെ മാപ്പു പറഞ്ഞു രക്ഷപെടുന്നില്ല എങ്കിലും, സമാനമായ മറ്റൊരു പേരുകാരേയും പെട്ടെന്ന് ഓർത്തെടുക്കാൻ പറ്റുന്നില്ല. എന്റെ സുഹൃത്തുക്കൾ മത്തായി നുജൂംമും, ഗായകൻ ഷെരീഫും, നിസാമും, വാപ്പാ സിയാദും,കൊടിലാൻ ഷിബുവും നാസിമും ജാഫറും, എന്റെ ക്ലാസ്സിൽ അല്ലാതിരുന്ന അനീഷ് അഹമ്മദും നജൂമും നാസറും ഒക്കെ ആയിരുന്നു.
അവരുടെ ഇടയിൽ സതീഷും ദിലീപും ഒക്കെ ഉണ്ടായിരുന്നുവെങ്കിലും സൗഹൃദം കൂടുതലും ആദ്യം പറഞ്ഞവരുടെ ഒപ്പം ആയിരുന്നു. സ്‌കൂളിൽ ആദ്യം പരിചയപ്പെട്ട സിമി എന്നോട് ചോദിച്ചത്, നീ മുസ്ലിം അല്ലെ എന്നാണ്, കാഴ്ചയിൽ ഞാനൊരു മുസ്ലിം വ്യെക്തിത്വം പ്രകടിപ്പിക്കുന്നുണ്ടോ ?
ആ ചോദ്യം പലപ്പോഴും ഉയർന്നിട്ടുണ്ട്, പ്രേത്യേകിച്ചു ഇങ്ങ് മാലിയിൽ എത്തിയപ്പോൾ പലരിൽ നിന്നും. ഓഫീസിലെ ആദ്യ ദിവസങ്ങളിൽ തന്നെ പിന്നീട് നല്ലൊരു സുഹൃത്തായ മാലി സ്വദേശി ഗീമ അലിയാണ് ചോദ്യച്ചതു, നിങ്ങൾ മുസ്ലിം ആണോ എന്ന്. അല്ലാ എന്ന് വിനയത്തോടെ പറയുമ്പോൾ, എന്തുകൊണ്ട് ആയിക്കൂടാ എന്നായിരുന്നു സ്നേഹത്തോടെയുള്ള മറുചോദ്യം.
അപരൻ മുസ്ലിം ആണെന്ന് അറിയുന്നത് ചോദ്യകർത്താവിനു സന്തോഷം നൽകുന്ന വാർത്തയാണ് എന്നു പലപ്പോഴും മനസ്സിലായിട്ടുണ്ട്.
ക്രമപ്പെടുത്തി, വെട്ടിയൊതുക്കിയ താടിരോമങ്ങൾ നിറഞ്ഞ എന്റെ മുഖത്തു നിന്നും ഒരു ഇസ്ലാമിക ഛായാചിത്രം വായിച്ചെടുത്തത് ബോസ്സിന്റെ രണ്ടാമത്തെ ഭാര്യയാണ്. മേഡം ആണ് പറഞ്ഞത്, ഇപ്പോൾ കണ്ടാൽ ഒരു മുസ്ലിം മുഖമാണ് അശ്വതിന്റേത് എന്ന്! ഇതുവരെയും, താടിരോമങ്ങൾ വളർത്തുന്നത്, തലമുടി വളർത്തുന്നത് ഇഷ്ടമല്ലാത്തതുപോലെയുള്ള ഒരു അസഹിഷ്ണുത ആയിരുന്നു. അതുകൊണ്ടു തന്നെ താടിരോമങ്ങൾ വളർത്തുന്നത് ശീലവും ആയിരുന്നില്ല.
അത് എന്റെ പുതിയ താടി രീതികൊണ്ടാണോ മേഡം എന്ന ചോദ്യത്തിന്, അല്ലാ എന്നായിരുന്നു മറുപടി.
കൃത്യമായ ഉത്തരം പറയാതെ മേഡം ഒഴിഞ്ഞുമാറിയത് മറ്റൊരു ചോദ്യവും ചോദിച്ചുകൊണ്ടായിരുന്നു, "അശ്വത്, എന്തുകൊണ്ട് ദീനിനെ ആശ്ലേഷിച്ചുകൂടാ ?"
ഓഫീസിലെ പലരും അങ്ങനെ ചോദിച്ചിട്ടുണ്ടെങ്കിലും, വളരെ ആത്മാർഥമായി ചോദിച്ചത് ഷീസാ ഷൗഗീ ആണ്.അവളുടെ അവിവാഹിതയായ ചേച്ചി, ശസ്‌ന ഷൗഗിയെ കല്യാണം കഴിക്കാമോ എന്നും, അതിനായി സുന്ന സ്വീകരിക്കാമോ എന്നും ആയിരുന്നു അവളുടെ ചോദ്യം.
അവിടെയും എന്റെ ഉത്തരം പുഞ്ചിരിയിൽ ഒതുക്കി ഒളിച്ചുനിന്നു.
നിസ്സഹായതയും നിർവികാരതയും ആത്മ മിത്രങ്ങൾ ആയിരുന്ന ഒരുകാലത്ത്, ആവിശ്യപെടാതെ പോലും, ജീവിതത്തിന്റെ പുതിയ വാതായനം തുറന്നു തന്നത് മുസ്ലിമായ നിയാസ് അബ്ദുൽ ഖരീം ആണ്. മാലിയിലേക്കുള്ള മാർഗ ദീപം അദ്ദേഹമായിരുന്നു. ശേഷം, ഇപ്പോഴത്തെ ഈ ഓഫീസിലേക്ക് വഴികാട്ടിയായതും മറ്റൊരു മുസ്ലിം വിശ്വാസിയായ ഷിനാജ് റഹ്‌മാൻ ആണ്.
അവരാരും ഞാനൊരു അമുസ്ലിം ആയതുകൊണ്ട് സഹായിച്ചതല്ലാ.അവരുടെ സ്നേഹവായ്പ്പ് എനിക്ക് കിട്ടുന്നതിൽ മതം ആയിരുന്നില്ല ഘടകം, പക്ഷേങ്കിലും എന്റെ മാർഗം തെളിച്ചുതന്നവരിൽ മുത്തുറസൂലിന്റെ പാദപിന്തുടരുന്നവരായിരുന്നു കൂടുതലും.
അതു യാദൃശ്ചികമായി സംഭവിച്ചതാണോ ?
അല്ലാ ...അല്ലാ ...എന്നു തന്നെ മനസ്സ് പറയുന്നു.
കടൽ വെള്ളത്തിനും കണ്ണീരിനും ഉപ്പുരസം നൽകിയ ഹിക്ക്മതിനെ പരമ കാരുണ്യവാന്റെ സ്നേഹം എന്നു തന്നെ ആണ് വിളിക്കുന്നത്.