കുത്തനെ ഉള്ള പാലത്തിന്റെ കയറ്റം കയറുമ്പോഴാണ്, സൈക്കിൾ വലത്തോട്ട് മറിയുന്നത്.
സൈക്കിളും ഒപ്പം ഞാനും മറിഞ്ഞു മലർക്കെ വീണത്, പാലത്തിന്റെ അത്രയും പൊക്കത്തിൽ നിൽക്കുന്ന മഞ്ഞപ്പൂവ് വിരിഞ്ഞു നിൽക്കുന്ന മരച്ചില്ലകളുടെ മുകളിലേക്കാണ്.
ആ വീഴ്ചയുടെ ആഘാതത്തിൽ തന്നെ ഞാൻ മരിച്ചിരുന്നു.
ഇപ്പോൾ ശരീരവും ജീവിതവും മറ്റൊരു ലോകത്താണ്.
ആശുപത്രി എന്ന് തോന്നിക്കുന്ന കെട്ടിടത്തിലെ ഒരു മുറിയിൽ എന്നെ കൂടാതെ മറ്റു മൂന്ന് പേരും കൂടിയുണ്ട്.
ഒരു കട്ടിലിൽ കിടക്കുന്നതു സതീശേട്ടൻ ആണോ ?
ഗ്രൗണ്ടിൽ നടക്കാൻ വരാറുള്ള സതീഷേട്ടൻ.
മറ്റൊരാൾ, വീടിനു കിഴക്ക് പുതുക്കാട് ഗ്രാമത്തിൽ നിന്നുമുള്ള ചെറുപ്പക്കാരനായ ചേട്ടൻ ആണ്
പേരറിയില്ല എങ്കിലും, ആളിനെ നല്ലതുപോലെ കണ്ടുപരിചയമുള്ളതാണ്.
കൂർത്ത മീശയും, അലസമായി കിടക്കുന്ന നീണ്ടമുടിയും, മുണ്ടും ഉടുത്തു സൈക്കിളിൽ സഞ്ചരിക്കുന്ന ആ ചേട്ടനെ, ഏറെ കണ്ടുപരിചയം ഉണ്ട്.
അദ്ദേഹമാണ് എന്നെ ആ ആശുപത്രി കെട്ടിടത്തിൽ നിന്നും പുറത്തേക്ക് ഇറക്കിയത്.
"ഇനി നമ്മൾ പോകുന്നത് വേറെ ഏതോ ലോകത്തേക്കാണ്.
ഇനി അവിടെ ആണ് നമ്മുടെ ജീവിതം."
ആ ചേട്ടൻ അങ്ങനെ പറയുമ്പോഴും, അയാളുടെ കാര്യം ഉറപ്പിലായിരുന്നു. പുള്ളിക്ക് ഡെങ്കി പനി ആയിരുന്നുവെങ്കിലും
മരിച്ചോ ഇല്ലിയോ എന്നുള്ളത് അയാൾക്കും നിശ്ചയമില്ല.
മരിച്ചവർക്ക് മാത്രമാണ് അടുത്തലോകം ഉള്ളത്, ആ ചേട്ടൻ പറഞ്ഞുകൊണ്ടിരുന്നു.
പക്ഷെ ഞാൻ വളരെ സന്തോഷവാനായിരുന്നു.
എന്നെ ഒരുകാര്യങ്ങളും അലട്ടിയിരുന്നില്ല. ലോകദുഃഖങ്ങളൊന്നും എനിക്കില്ലായിരുന്നു.
കാരണം പാലത്തിൽ നിന്നും വീണപ്പോൾ തന്നെ ഞാൻ മരിച്ചിരുന്നല്ലോ.
എന്റെ മുൻജന്മത്തെ നാട്ടിലെയോ വീട്ടിലയോ കാര്യങ്ങൾ ഒന്നും എന്റെ ചിന്തകളിലേക്കും ആലോചനകളിലേക്കും വന്നില്ല.
ഞാൻ പൂർണ സന്തോഷവാനായിരുന്നു.
പഴയ ലോകത്തു നടക്കുന്ന കാര്യങ്ങൾ ഒന്നും എന്നെ ബാധിക്കുന്നതെ ഉണ്ടായിരുന്നില്ല.
ഞാൻ വളരെ സ്വതന്ത്രൻ ആയിരുന്നു
ആ ചേട്ടനോടാപ്പം, കെട്ടിടത്തിൽ നിന്നും പുറത്തേക്കിറങ്ങി, റോഡുവക്കിലേക്ക് വന്നു.
അടുത്ത ലോകത്തേക്ക് പോകാനുള്ള ബസ് അതുവഴിയാണ് കടന്നുപോകുന്നത്.
റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് ഓർത്തത്, ഇത് എനിക്ക് പരിചയമുള്ള സ്ഥലമാണല്ലോ.
ഇത് മാലിയല്ലേ ? മാലിദ്വീപല്ലേ?
പ്രെസിഡെന്റിന്റെ ഓഫീസിൽ നിന്നും പഴയ കൊട്ടാരത്തിലേക്ക് പോകുന്ന വഴിയുടെ മൂലയിൽ ആണ് ഞങ്ങൾ നിൽക്കുന്നത്.
അവിടെ അങ്ങനെ നിൽക്കുമ്പോഴാണ്, മൂത്രശങ്ക ഉണ്ടാകുന്നത്.
ബസ് വരാൻ ഇനിയും ഇരുപത് മിനിട്ടു ഉണ്ട്.
ഞാൻ മൂത്രമൊഴിക്കാൻ പോയാൽ, ബസ്സ് കിട്ടാണ്ടുപോകുമോ ?
ഞങ്ങൾ പരസ്പരം ചോദിച്ചുവെങ്കിലും, മൂത്രമൊഴിക്കാനായി പോയി.
ഈ കാണുന്നതൊന്നുമല്ല ജീവിതം എന്നത് സെമിറ്റിക് മത സങ്കല്പവും വിശ്വാസവും ആണ്.
പരലോകത്തെ സുഖശീതള പുണ്യ ജീവിതം സ്വപ്നം കണ്ടുകൊണ്ടാണ് ഓരോ വിശ്വാസിയും ജീവിക്കുന്നത്.
ഇഹലോക ജീവിതചര്യകൾ തന്നെ ആ പരലോക, മരണാന്തര ജീവിതത്തിലേക്കുള്ള ടിക്കറ്റുകൾ ആണ്.
മൃത്യനന്തരം വിധിപറയുമെന്നും അവിടെ ഏവരും സമന്മാരായിരിക്കുമെന്നും അന്ന്, ആ വിധിമുഹൂർത്തത്തിൽ ഇഹലോകത്തു ചെയ്തുകൂട്ടിയ ദൈവവിരുദ്ധ പ്രവർത്തികൾക്ക്, പ്രവാചകചര്യകളിൽ നിന്നുമുള്ള വ്യെതിചലനങ്ങൾക്കു, പിതാവിനോ പുത്രനോ വിരുദ്ധമായി ചിന്തിക്കുന്നതിനൊക്കെ ഉത്തരം പറയണമെന്നും, അവിടെ ആ വിധി അനുസരിക്കാൻ ഓരോരുത്തരും ബാധ്യസ്തർ ആണെന്നും ആണ് സെമിറ്റിക് മത സങ്കൽപ്പങ്ങൾ.
ഈ മാലി ജീവിതം, എന്റെ ആദ്യ ജന്മമോ അതോ അത്തരം ഒരു വിധി പറഞ്ഞതിന് ശേഷമുള്ള രണ്ടാം ജന്മമോ ?
കലശലായ മൂത്രശങ്ക കാരണം ചിന്തകളെ പിടിച്ചുനിർത്തേണ്ടി വന്നു.
ഉറക്കം ഉണർന്ന്, മൂത്രപ്പുരയിലേക്ക് പോയി.
No comments:
Post a Comment