1
അച്ഛനു കുവൈറ്റിൽ ആയിരുന്നു ജോലി എങ്കിലും, സാമ്പത്തിക ഭദ്രത യുള്ള വീടായിരുന്നില്ലാ ഞങ്ങളുടേത്. ഞാനും രണ്ടു ചേച്ചിമാരും അമ്മയും ആയിരുന്നു, എന്റെ വീട്ടിലെ സ്ഥിരം അംഗങ്ങൾ. അച്ഛൻ സേവ്യർ, രണ്ടോ മൂന്നോ വർഷത്തിന് ശേഷം കിട്ടുന്ന അവധിയിലെ വിരുന്നുകാരൻ മാത്രം ആയിരുന്നു. മണലാരണ്യത്തിലെ കഷ്ടപാടുകളോ കുബൂസ് തിന്നു വിശപ്പടക്കുന്ന സൂര്യതാപ ദിവസങ്ങളോ ഒന്നും എന്റെ കേട്ടറിവുകളിലോ ഓര്മകളിലോ പോലും ഇല്ലായിരുന്നു, ആരും പറഞ്ഞു തന്നിട്ടും ഇല്ലായിരുന്നു.
ബന്ധുവീട്ടുകളിലും സുഹൃത്തുക്കളുടെ ഇടയിലും ഒരു ഗൾഫുകാരന്റെ മകൻ എന്ന പേരെച്ചം, അരുൺ സേവ്യർ എന്ന എന്റെ പേരിനൊപ്പം ചേർന്ന് നിന്നിരുന്നു. എല്ലാ മാസവും സ്ഥിരമായി മണി ഓർഡറുകൾ ഒന്നും അമ്മയുടെ പേരിൽ വന്നിരുന്നില്ലെങ്കിലും രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിൽ 'അമ്മ വിജയിച്ചിരുന്നു.
സ്‌കൂളിൽ ക്‌ളാസ്സുകളിലെ മിടുക്കനായ വിദ്യാർത്ഥിയും ആയിരുന്നില്ല ഞാൻ. ക്രിക്കറ്റ് കളിക്കാനും സിനിമ കാണാനും കൂട്ടുകാരുമൊത്ത് സൊറ പറഞ്ഞിരിക്കാനും ആയിരുന്നു എനിക്ക് ഏറെ ഇഷ്ടം. പത്താം ക്‌ളാസ് കഴിഞ്ഞുകൂടിയത്, ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ അത്ഭുതമായി തോന്നുന്നു. പത്താം ക്‌ളാസ് പരീക്ഷ ഫലം വന്നപ്പോൾ തന്നെ, അച്ഛന്റെ നിർദേശവും അമ്മയുടെ നിര്ബന്ധവും പാസ്സ്‌പോർട്ട് എടുക്കണം എന്നായിരുന്നു. എന്നെ എത്രയും വേഗം അച്ഛൻ ജോലി ചെയ്യുന്ന ലിഫ്റ്റ് ഓപ്പറേറ്റിംഗ് കമ്പനിയിലേക്ക് എത്തിക്കണം എന്നുള്ളതായിരുന്നു, രണ്ടുപേരുടെയും ആഗ്രഹം.
സ്‌കൂൾ കഴിഞ്ഞിട്ട് തുടർന്ന് പഠിക്കാനൊന്നും ഞാൻ പോയില്ല.
ആഴ്ച്ച വറുതിയിൽ എത്തുന്ന അച്ഛന്റെ ട്രങ്ക് ഫോൺ കോളിൽ, വിസാ ഉടനെ ശരിയാക്കാം, ശരിയാവും എന്നുള്ള പല്ലവികൾ ആവർത്തിച്ചുകൊണ്ടിരുന്നു. ആ സമയത്തൊക്കെ അമ്മയുടെ മനസ്സിലെ കത്തുന്ന തീ ഞാൻ കണ്ടില്ലെന്നു നടിച്ചു. അമ്മയുടെ ആധിയും ആശങ്കയും എന്നെകുറിച്ചായിരുന്നു.
മിക്ക ദിവസങ്ങളിലും ഞാൻ വീട്ടിലൊന്നും ഉണ്ടാവാറില്ലാ. വല്ലപ്പോഴും ഊണുകഴിക്കാൻ എത്തിയാലായി.
ഇടവഴികളിലും മൂന്നു കൂടുന്ന വഴിവക്കിലും വയലിടങ്ങളിലും മറ്റും പാടത്തെ പറവ പോലെ കറങ്ങി നടന്നു. കള്ളുഷാപ്പുകളും കടത്തിണ്ണകളും ഒന്നും എനിക്ക് അന്യമായിരുന്നില്ല.
ലക്ഷ്യമില്ലാത്ത ജീവിതമായിരുന്നു അപ്പോഴെക്കെ. ഉത്തരവാദിത്വങ്ങളോ പ്രത്യേകിച്ച് ചോദ്യങ്ങളോ ഇല്ലാത്ത ജീവിതം!
മിമിക്രിയോട് അഭിനിവേശം കൂടുന്നത് ആ കാലത്താണ്. സ്‌കൂളിലും സൗഹ്രദ സദസ്സുകളിലും ഒക്കെ സിനിമ നടന്മാരെയും പക്ഷി മൃഗാദികളെയും തീവണ്ടിയുടെയും ശബ്ദവും ലക്ഷണവും അനുകരിക്കുമായിരുന്നുവെങ്കിലും അതൊന്നും ഒരു ജീവനോപാധി ആയി കണ്ടിരുന്നില്ല. നാട്ടിലെ അമ്പലത്തിലെ ഉത്സവ പറമ്പുകളിൽ, നാടക ഇടവേളകളിലെ അഞ്ചു നിമിഷങ്ങളിൽ എന്റെ കലാപ്രകടനങ്ങളുടെ കൊടിയേറ്റം ആയിരുന്നു.
ജീവിതം വഴിതെറ്റുന്നു എന്ന പരിഭവം ആദ്യം കേൾക്കുന്നതും അതൊരു സ്ഥിരം പഴിപറച്ചിലായി മാറുന്നതും, വല്ലപ്പോഴും ഒരു അഥിതിയെപോലെ വീട്ടിൽ എത്തുമ്പോൾ അമ്മയുടെ ശകാരങ്ങളിൽ നിന്നും ആണ്. പാസ്പോര്ട്ട് അപേക്ഷ അപ്പോഴും നടന്നുകൊണ്ടിരിക്കുന്നതെ ഉള്ളു. പതിനെട്ടു വയസ്സ് കഴിഞ്ഞാൽ വിസയുമായി എങ്ങോട്ടെങ്കിലും പറഞ്ഞുവിടാമായിരുന്നു. വല്ല അറബി നാട്ടിലും പോയി ഉപ്പുവെള്ളം കുടിച്ചു കിടക്കുമ്പോൾ അറിയുമല്ലോ ജീവിത പ്രാരാബ്ധങ്ങൾ എന്തൊക്കെ ആണെന്ന്. അമ്മയുടെ ദേഷ്യവും നിരാശയും എനിക്കുമേൽ എപ്പോഴും പെയ്തുകൊണ്ടെ ഇരുന്നു.
ആയിടക്കാണ് അച്ഛന്റെ നാട്ടിലേക്കുള്ള വരവ് ഉണ്ടായത്.
ആലോചിക്കുമ്പോൾ ദൗർഭാഗ്യമാണോ ഭാഗ്യമാണോ എന്നറിയില്ല, അപ്പോഴേക്കും എന്റെ പാസ്പോര്ട്ട് കിട്ടിയിരുന്നു.
അച്ഛനുമായി ഫോണിലൂടെ പോലും അതികം സംസാരിച്ചിരുന്നില്ല. 'അമ്മ വഴി കിട്ടുന്ന ശകാരങ്ങളിൽ ആയിരുന്നു അച്ഛന്റെ സാന്നിദ്യം അറിഞ്ഞിരുന്നത്.
അന്ന്, അച്ഛൻ എന്നെ അടുത്ത് വിളിച്ചു പറഞ്ഞു... ഉടനെ കുവൈറ്റിലേക്ക് പോകുവാനുള്ള വിസാ ശരിയാവും. യാത്രക്കുള്ള തയാറെടുപ്പുകൾ ഉണ്ടാവണം.
അച്ഛൻ, തിരികെ കുവൈറ്റിലേക്ക് പോകുമ്പോൾ, ഒപ്പം എന്നെയും കൂട്ടിയിരുന്നു.
ബ്രിട്ടീഷ് മുതലാളിമാരുടെ ഉടമസ്ഥതയിലുള്ള, ഒരു ലിഫ്റ്റ് ഓപ്പറേറ്റിംഗ് കമ്പനിയിൽ ആയിരുന്നു ജോലി.
അപരിചിതരായ ആൾക്കാർ, ലോകം, ഭാഷ!
കെട്ടിപൊക്കിയിരിക്കുന്ന മണിമാളികൾക്കുവേണ്ടിയുള്ള ഇലവേറ്റർ സംബന്ധമായ ജോലികൾ ആയിരുന്നു. നാട്ടിൽ നിന്നും വന്ന ഉടയാത്ത ശരീരം,അത്തരം ജോലികൾക്ക് ആവിശ്യം ആയിരുന്നുവെങ്കിലും, ഞാൻ വല്ലാതെ അസ്വസ്ഥനായിരുന്നു.
ആറു മാസം കഴിഞ്ഞപ്പോഴേക്കും അച്ഛൻ ജോലിയിൽ നിന്നും രാജിവെച്ചു, നാട്ടിലേക്ക് പോയി.
അച്ഛൻ തിരികെ പോകുമ്പോൾ മാത്രമാണ്, ഇത്രയും നാളും അച്ഛൻ ഈ മണലാരണ്യത്തിൽ അനുഭവിച്ച കഷ്ടപ്പാടുകളും വിഷമങ്ങളും മനസ്സിലായത്.
എന്റെ ഓർമയിൽ അവധിക്കു എത്തുന്ന അച്ഛന്, നല്ല അത്തറ് മണക്കുന്ന ഗന്ധം ആയിരുന്നു. കൈയ്യിലെ എരിയുന്ന വിലകൂടിയ ആറാമത്തെ വിരൽ എപ്പോഴും പുക വമിച്ചുകൊണ്ടിരുന്നു. പള്ളി പെരുന്നാളിനും ബന്ധുക്കളുടെ കല്യാണത്തിനും മറ്റും കൈഅയച്ചു സഹായിക്കുന്ന അച്ഛന്റെ മനസ്സിനെ ഏവരും ആദരിച്ചിരുന്നു.
നാട്ടിലേക്ക് തിരിച്ചുപോകുമ്പോൾ, ശൂന്യമായ കീശയും ചൂടുകൊണ്ട് പൊള്ളിയ നെറ്റിത്തടങ്ങളും കാലും വിറയ്ക്കുന്ന ശരീരവും മാത്രം ആയിരുന്നു അച്ഛന്റെ സമ്പാദ്യം.
അച്ഛൻ നാട്ടിലെത്തി, ഏറെ നാളും കഴിയും മുൻപേ എത്തിയ ഫോൺ കോളിന്റെ പശ്ചാത്തലം,നിർത്താതെ അലറിവിളിക്കുന്ന അമ്മയുടെയും ചേച്ചിമാരുടെയും ശബ്‌ദാരവങ്ങൾ ആയിരുന്നു. ആ ബഹളങ്ങൾക്കിടയിൽ നിന്നും ഊഹിച്ചിരുന്നു അച്ഛൻ നാട്ടിലേക്ക് പോകുമ്പോൾ കരുതിയ നിരാശയുടെയും സങ്കടത്തിന്റെയും പൂർത്തീകരണം. അന്തരീക്ഷത്തെ കലുഷിതമാക്കിയ കരച്ചിൽ, ജീവിതത്തിൽ നിന്നും ഒളിച്ചോടുകയോ രക്ഷപെട്ടോ പോയ അച്ഛനെക്കുറിച്ചുള്ള വേദന ആയിരുന്നു. കിടപ്പുമുറിയിലെ ഫാനിൽ അച്ഛൻ ജീവനൊടുക്കുമ്പോൾ, പറക്കാൻ തുടങ്ങിയ എന്റെ ചിറകുകൾ തളർന്നു പോയിരുന്നു.
നാളെ എന്ത് എന്നുള്ള ചിന്തക്കപ്പുറം, രണ്ടു സഹോദരിമാരുടെ ജീവിതവും അമ്മയുടെ കണ്ണീരും എന്റെ മുന്നിൽ വലിയൊരു ചോദ്യമായി നിലകൊണ്ടു.
ഏത് കവലയിൽ വെച്ചാണ്, വീണ്ടും ജീവിതം തിരിഞ്ഞു പോകുന്നത് അറിയില്ലായിരുന്നു.
തോറ്റുകൊടുക്കാൻ സമ്മതമല്ലാത്ത ഒരു മനസ്സും ഉറച്ച ശരീരവും ധൈര്യവും എന്റെ മുന്നോട്ടുള്ള യാത്രക്ക് കരുത്തും കൂട്ടും ആയിരുന്നു. ഒരു പത്താംക്‌ളാസ്സുകാരന്റെ പഠനനിലവാരവും ഭാഷ നിപുണതയും എന്റെ മുന്നോട്ടുള്ള സഞ്ചാരത്തിന് തടസ്സമാകരുത് എന്ന് വാശി ഉണ്ടായിരുന്നു. ഞാൻ എന്റെ ജോലിയെ സ്നേഹിച്ചു തുടങ്ങി, എന്റെ ജീവിതം ഇനി തുടങ്ങണമെന്നും അതിനു കയറിപോകുവാനുള്ള മാർഗമാണ് എന്റെ മുന്നിൽ ഇവിടെ കാണുന്ന മണിമാളികകൾ എന്നും എനിക്ക് ബോധ്യമായി തുടങ്ങി.
ജോലിയിലെ തുടക്കം വളരെ ആശങ്കകളോടെ ആയിരുന്നുവെങ്കിലും, അതിന്റെ തുടർച്ചയുടെ വേഗതക്കു തടസ്സങ്ങളെ ഇല്ലായിരുന്നു.
പതുക്കെ കാലം മുന്നേറുമ്പോൾ, സഹോദരിമാരുടെ വിവാഹവും എന്റെ വിവാഹ ആലോചനകളും നടക്കുന്നുണ്ടായിരുന്നു.
ആയിടക്കാണ്, ജീവിതം മറ്റൊരു ലോകത്തേക്ക് പറിച്ചു നേടുവാനുള്ള ഭാഗ്യവും ഉണ്ടാകുന്നത്.
ഞങ്ങളുടെ സ്ഥാപനത്തിന്റെ പ്രധാന ഓഫീസ് സ്ഥിതിചെയ്യുന്നത് ലണ്ടനിൽ ആണ്.
അവരുമായുള്ള നിരന്തര സമ്പർക്കത്തിലാണ്, തെരേസ സ്റ്റീഫനെ പരിചയപ്പെടുന്നത്. ലണ്ടൻ ഓഫീസിലെ ഹ്യൂമൻ റിസോർട്സ് വകുപ്പിലായിരുന്നു അവരുടെ ജോലി.
തെരേസയാണ് എനിക്ക് ലണ്ടനിലേക്കുള്ള വഴി തുറന്നു തന്നത്.
അപ്പോഴേക്കും എന്റെ രണ്ടു സഹോദരിമാരുടെ വിവാഹവും എന്റെ വീടിന്റെ വെഞ്ചരിക്കൊലും കഴിഞ്ഞിരുന്നു.
**********************************************************
2
തെരേസ സ്റ്റീഫൻ തെളിച്ചുതന്ന വഴിയിലൂടെ പതുക്കെ നടന്നു തുടങ്ങി.
കാലിടറാതെ കാലൊച്ചകൾ കേൾപ്പിക്കാതെ ഞാൻ ലണ്ടനിൽ എത്തി.
ജോലിയിലോ ജോലി ചെയ്യുന്ന കമ്പനിയിലോ വ്യെതിസം ഒന്നും ഇല്ലായിരുന്നു. എങ്കിലും ഭാഷ തുടക്കത്തിൽ വളരെ ഏറെ ബുദ്ധിമുട്ടിച്ചു. അതൊന്നും എന്റെ സ്വപ്നങ്ങളിലേക്ക് എത്തിപ്പെടാനുള്ള തടസങ്ങൾ ആയിരുന്നില്ല. അത്തരം സാഹചര്യങ്ങളെ ഞാൻ പുതിയ അവസരങ്ങളാക്കി മാറ്റികൊണ്ടിരുന്നു.
പതിയെ ഭാഷ ഒരു കീറാമുട്ടി അല്ലാതെ ആയി.
അമ്പല പറമ്പുകളിൽ ഉപേക്ഷിച്ച അനുകരണ കലയും സ്റ്റേജ് പ്രകടങ്ങളും പുനരാരംഭിക്കാനുള്ള ഏറ്റവും നല്ല അവസരവും കിട്ടിയതും ലണ്ടനിൽ നിന്നുമാണ്.
മലയാളി അസ്സോസിയേഷനുകളിലെ പ്രകടനങ്ങളിലൂടെ മിമിക്രിയും നാടകവും ഗായകനും ഒക്കെ ആയി അരങ്ങു തകർത്തുകൊണ്ടിരുന്നു.
ജീവിതം തണൽ വിരിച്ചു തുടങ്ങിയെന്നു തോന്നിയ സമയം തന്നെ ആണ്, അമ്മ നാട്ടിൽ എനിക്ക് വേണ്ടി പെൺകുട്ടിയെ അന്നെഷിച്ചു തുടങ്ങിയത്.
ലണ്ടനിലേക്ക് കൊണ്ടുവരുവാൻ പറ്റിയ ഒരു പെൺകുട്ടി ആയിരുന്നുവെങ്കിൽ നന്നായേനെ...
അതിപ്പോൾ...ഏവരും തേടുന്നത് നഴ്സുമാരെ ആണല്ലോ....
എന്റെ പ്രകൃതത്തിനും വിദ്യാഭ്യാസത്തിനും അനുസരിച്ചു, ഒരു നേഴ്സ് എന്റൊപ്പം വരുമോ....
ഒരു ജോലി ഉണ്ടെങ്കിലും ഭാഷ നൈപുണ്യവും വിദ്യാഭാസവും ഒക്കെ പെൺകുട്ടികൾ പരിഗണിക്കില്ലെ...
അമ്മയുടെ അന്നെഷണത്തിനു ഒടുവിലാണ്, നഴ്സിംഗ് ഡിഗ്രി ഉള്ള രേഷ്മ മേരി വർഗീസിനെ വധുവായി സ്വീകരിക്കുന്നത്. നാട്ടുസമ്പ്രദായം തെറ്റിക്കാതെയുള്ള കല്യാണത്തിന് ഒടുവിൽ, ഞങ്ങൾ ഇരുവരും ലണ്ടനിലേക്ക് തിരിച്ചു.
അഞ്ചു വര്ഷം തുടർച്ചയായി നിന്നാലേ പൗരത്വം കിട്ടൂ.
രണ്ടു പേർക്കും ജോലി ഉണ്ടായിരുന്നുവെങ്കിൽ അല്ലലില്ലാതെ കഴിയുമായിരുന്നു. രേഷ്മക്കു ജോലി ശരിയാവാതെ ആയിരുന്നുവല്ലോ, ലണ്ടനിലേക്ക് കൊണ്ടുവന്നത്.
എന്നെ പിന്തുടരുന്ന ഭാഗ്യമാവാം, ഏറെ അന്നെഷണത്തിനും ശ്രമത്തിനും ശേഷം രേഷ്മക്കു അവൾ പഠിച്ച മേഖലയിൽ തന്നെ ജോലി ലഭിച്ചു. അതൊരു വലിയ അനുഗ്രഹമായിരുന്നു, അപ്പോഴേക്കും എന്റെ ജോലിയിലെ സമ്മർദ്ദം കൂടിവരുകയും, ആഭ്യന്തര രാഷ്ട്രിയവും മറ്റും എന്റെ ജോലിയെയും നിലനിൽപ്പിനെ തന്നെ ബാധിക്കുകയും ചെയ്തു തുടങ്ങിയ സമയമായിരുന്നു. മാത്രവുമല്ല പൗരത്വത്തിലേക്ക് എത്തുവാൻ വളരെ ഏറെ ദൂരവുമുണ്ടായിരുന്നു. ഒരാളുടെ ശമ്പളം കൊണ്ട്, ജീവിതം മുന്നോട്ടു നീങ്ങുവാൻ ബുദ്ധിമുട്ടായി തുടങ്ങിയ സമയത്തു തന്നെ രേഷ്മക്കു ജോലി ലഭിച്ചത് ആ അർത്ഥത്തിൽ വലിയൊരു അനുഗ്രഹം തന്നെ ആയിരുന്നു.
ജീവിതം പതുക്കെ പച്ചപ്പ് കണ്ടു, കരകയറി തുടങ്ങി.
പൗരത്വം ശരിയായതൊടപ്പം രണ്ടു പെൺകുട്ടികളുടെ അച്ഛനുമായി.
അതിനിടയിൽ തന്നെ മറ്റു ഇന്ത്യൻ സുഹൃത്തുക്കളുമായി ചേർന്ന്, ഒരു കലാവേദി സംഘടിപ്പിച്ചു. ജീവിതത്തിന്റെ ദർശനം മുഴുവൻ അതിൽ ഉണ്ടായിരുന്നു, അതിനാൽ അതിനെ ദർശനാ കലാവേദി എന്നും വിളിച്ചു.
രേഷ്മയുടെ ആഗ്രഹപ്രകാരം, അവളുടെ മാതാപിതാക്കളെയും ലണ്ടനിൽ കൊണ്ടുവരുവാനും കുറെ നാൾ കൂടെ താമസിപ്പിക്കാനും കഴിഞ്ഞു.
അപ്പോഴും ഞാൻ കരുതിയിരുന്നില്ല, എന്റെ ജീവിതം കൈവിടാൻ പോകുകയാണെന്ന്, എന്റെ സന്തോഷങ്ങൾ നഷ്ടപ്പെടുവാൻ തുടങ്ങുകയാണെന്ന്!
**********************************************************
3
രേഷ്മയുടെ എന്നോടുള്ള പെരുമാറ്റത്തിൽ അകൽച്ച ശ്രദ്ധിച്ചു തുടങ്ങിയത് എപ്പോഴാണ് എന്നറിയില്ല.
എന്നിൽ നിന്നും ഒഴിവായി പോകുന്നതുപോലെ.
സംസാരത്തിൽ, സമീപനത്തിൽ എല്ലാം ഒഴിവാക്കലാണോ പിശുക്കലാണോ?
എന്റെ മുഖത്ത് നോക്കുന്നത് തന്നെ അപൂർവമായി തുടങ്ങി.
എവിടേയോ എന്തോ....നഷ്ടപെടുന്നതുപോലെ.
അവൾ എന്നോട് സംസാരിക്കുന്നത് കുറഞ്ഞു. അഥവാ സംസാരം കുട്ടികളിലൂടെ ആയി.
ഭാര്യ ഭർത്വാ ബന്ധം തന്നെ അന്യമായി തുടങ്ങി.
എവിടെ ആണ് പിഴച്ചത്.
എന്താണ് കുടുംബ ജീവിതത്തിൽ സംഭവിക്കുന്നത്.
ഞങ്ങൾക്കിടയിലേക്ക് ആരാണ് കടന്നു കയറിയിരിക്കുന്നത്.
എനിക്ക് എന്നെ തന്നെ നഷ്ടപെടുന്നതുപോലെ തോന്നി.
സുരേഷ് ഗോപി ചിത്രത്തിലെ പ്രസിദ്ധമായ സംഭാഷണം പോലെ തന്നെ ചോദിക്കട്ടെ,ഓർമിക്കിന്നുണ്ടോ രേഷ്മാ മേരി, നിന്നെ ആദ്യമായി കേൾപ്പിച്ച കാസറ്റ് പാട്ട്. അതൊരു ഓണപാട്ടായിരുന്നു.
നീ മുൻപൊരിക്കലും കേട്ടിട്ടില്ലാത്ത ആ പാട്ട്, എന്റെ മൊബൈലിൽ നിന്നും കേൾപ്പിക്കുമ്പോൾ, അന്ന് കുറെയേ റെ തവണ നീ ആവർത്തിച്ച് കേട്ടിരുന്നു.
"മുടിപ്പൂക്കൾ വാടിയാലും, ഓമലെ, നിന്റെ ചിരിപ്പൂക്കൾ വാടരുതെ. " ഓർക്കുന്നുണ്ടോ നീ ?
എന്തുകൊണ്ടാണ് നിനക്ക് ഞാനൊരു അന്യനായി തോന്നുന്നത്, മാറിയത് ?
എന്താണ് എന്റെ ഭാഗത്തു നിന്നും ഉണ്ടായ തെറ്റ്?
നീ ഇങ്ങനെ നിശബ്ദമായി എന്നെ ഒഴിവാക്കി തുടങ്ങിയാൽ, എനിക്കെങ്ങനെ എന്റെ തെറ്റുകൾ മനസ്സിലാക്കുവാൻ കഴിയും.
നിനക്ക് ഇഷ്ടമില്ലാത്തത് എന്തെങ്കിലും ഞാൻ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ, പറഞ്ഞിട്ടുണ്ടെങ്കിൽ, തുറന്നു പറയ്. നീ പറയാതെ എനിക്കെങ്ങനെ അറിയുവാൻ കഴിയും?
രേഷ്മാ, നിന്റെ നിശബ്ദത എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു!
നിന്റെ ചിരി മാത്രമല്ലാ രേഷ്മാ, മനവും വാടിയിരിക്കുന്നു!
അവളുടെ ഈ കഴിഞ്ഞ കുറെ നാളുകളായുള്ള സംഭാഷണങ്ങൾ ഒക്കെ വീണ്ടും മനസ്സിലിട്ടു ആലോചിച്ചു തുടങ്ങി.
ഞാൻ അവളോട് എന്തെങ്കിലും അനാവശ്യമായി പറഞ്ഞുവോ?
എന്തെങ്കിലും തെറ്റ് ചെയ്തുവോ?
അവൾക്കു ജോലി കിട്ടിയതിനു ശേഷമാണോ, ഇത്തരം സമീപനം എന്നോട് കാണിച്ചു തുടങ്ങിയത്?
എന്നെക്കാട്ടിലും കൂടുതൽ യോഗ്യതകൾ ഉള്ള അവൾക്കു, വെറും ഒരു പത്താം ക്ലാസ്സ്കാരനെ വിവാഹം ചെയ്തു, ലണ്ടനിൽ വരേണ്ടി വന്നു, ഒരു ജോലി കിട്ടാൻ!. അങ്ങനയോ മറ്റോ അവൾ ചിന്തിക്കുന്നുവോ?
ഭാഷ ശുദ്ധിയില്ലാത്ത എന്നോടപ്പം കൂടുമ്പോൾ, മറ്റു ആളുകളെ പരിചയപ്പെടുന്ന വേളയിൽ, അവളുടെ ദേഹം ഉരുകുന്നുണ്ടോ, അവൾ ചെറുതായി പോകുന്നുണ്ടെന്നു സ്വയം തോന്നുന്നുണ്ടോ?
രേഷ്മയുടെ അച്ഛനും അമ്മയും ലണ്ടനിൽ വന്നിട്ട് പോയതിനു ശേഷമാണോ, അവൾക്കു എന്നോടൊരു വെറുപ്പ് തോന്നി തുടങ്ങിയത്?
നാട്ടിൻപുറ കാഴ്ച്ചയിൽ, വർഗ്ഗ കള്ളിയിൽ താഴെ നിൽക്കുന്ന, ഒരു ജോലിക്കാരന്റെ ഭാര്യയായി കഴിയുക!. അയാളെക്കാളും കൂടുതൽ വിദ്യാഭ്യാസം ഉണ്ടായിട്ടും, അയാളുടെ ചെലവിലും ശ്രമത്താലും ജോലി നേടുക. മാത്രമല്ലാ, അയാളുടെ ചിലവിൽ, സ്വന്തം അച്ഛനെയും അമ്മയെയും ജോലി സ്ഥലത്തേക്ക് കൊണ്ടുവരുക!
രേഷ്മ, നിനക്ക് നിന്നെ നഷ്ടപെടുന്നുണ്ടോ?
നിന്റെ ഉള്ളിൽ, നീ വളരെ ചെറുതായി ചിന്തിച്ചു തുടങ്ങുന്നുവോ?
രേഷ്മാ, നിന്നെ എനിക്ക് ഉപേക്ഷിക്കുവാൻ കഴിയുന്നില്ല.
ദിശതെറ്റി നിൽക്കുന്ന നിന്നെ എനിക്ക് തിരിച്ചുപിടിക്കണം.
അതിനുവേണ്ടി, ഡോക്ടർ സണ്ണിയെപ്പോലെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചെന്നിരിക്കും.
സാറ്റലൈറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചെന്നിരിക്കും.
ആ ചിന്ത എന്നെ കീഴടക്കി കഴിഞ്ഞ അവസരത്തിലാണ് പുതിയൊരു മാർഗത്തിലൂടെ അവളുമായി സംസാരിച്ചു തുടങ്ങിയത്.
രേഷ്മക്കു എന്നോട് നേരിട്ട് സംസാരിക്കുന്നതിലെ ഉള്ളു വൈമനസ്യം. എനിക്കവളുമായി സംസാരിക്കാൻ ബുദ്ധിമുട്ടില്ലാത്തടത്തോളം, എനിക്ക് മറ്റു മാർഗങ്ങളും അവലംബിക്കാമല്ലോ.
അപരനാമത്തിൽ ചാറ്റ് അഡ്രസ് ഉണ്ടാക്കി,ഫെയ്സ്ബൂക് മെസ്സഞ്ചർ വഴി രേഷ്മയുമായി സംസാരിച്ചു തുടങ്ങി!
വെയിൻ സ്റ്റോൺ എന്ന പാശ്ചാത്യ പേരിനുള്ളിലേക്ക് അരുൺ സേവ്യറിന്റെ അസ്തിത്വം ഒളിപ്പിച്ചുവെച്ചു.
രേഷ്മയുമായി ചങ്ങാത്തത്തിൽ ആകുവാൻ വെയിൻ സ്റ്റോണിനു കുറെയേറെ പരിശ്രമം വേണ്ടിവന്നു.
ഓരോ ദിവസവും ആവർത്തിക്കുന്ന സുപ്രഭാത ശുഭരാത്രി സന്ദേശങ്ങൾക്ക് പ്രതീക്ഷ നിർഭരമായ മറുപടികൾ ആയിരുന്നു കിട്ടികൊണ്ടിരുന്നത്.
വ്യെക്തിപരമായ സംഭാഷണങ്ങളിലേക്ക് കടക്കുമ്പോഴൊക്കെ രേഷ്മ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. അവൾ വളരെ ഉപരിപ്ലവമായി സംസാരിക്കുന്നുവെങ്കിലും, കുടുംബ ജീവിതത്തെക്കുറിച്ചോ ഭർത്താവിനെകുറിച്ചോ ഒക്കെയുള്ള സംഭാഷണങ്ങളിൽ കൃത്യമായ അകലം പാലിച്ചിരുന്നു.
വളരെ കുറഞ്ഞ ആഴ്ചകൾക്കുളിൽ തന്നെ ശക്തമായ ഒരു സൗഹ്രദം ഫെയ്സ്ബൂക് മെസ്സഞ്ചറിലൂടെ ഉണ്ടാക്കി എടുക്കുവാൻ കഴിഞ്ഞു.
അവളുമായി സംസാരിക്കുമ്പോഴൊക്കെ, എന്റെ ഭാഷയും സംവേദനവും ചടുലവും ശക്തവുമായിരുന്നു. അവളുടെ ആ ഉയർന്ന നിലവാരത്തിൽ തന്നെ എനിക്കും മറുപടി കൊടുക്കുവാൻ കഴിഞ്ഞിരുന്നു.ഒരുവേള, ഞാൻ തന്നെ അതിശയിച്ചു, ഈ ഭാഷ എന്റേത് തന്നെ ആണോ?
നേരിട്ട് കാണണം എന്ന് പറഞ്ഞത് അവളായിരുന്നു.
'വെയിൻ,നമുക്കൊരു കോഫി കുടിക്കാൻ പോയാലോ?'
" പോകാം, രേഷ്മ തന്നെ സമയവും സ്ഥലവും കുറിച്ചുവെച്ചോളു"
" ലണ്ടൻ ബ്രിഡ്ജിനു അരികിലുള്ള സ്റ്റാർ ബക്സസിൽ പോയാലോ?, രേഷ്മയുടെ വീടും അവിടെ ആ ഭാഗത്താണല്ലോ, അല്ലെ ?"
സമയവും സ്ഥലവും രേഷ്മ തന്നെ സമ്മതിച്ചുവെങ്കിലും ജോലിത്തിരക്കുകളുടെയും യാത്രകളുടെയും പേരിൽ കണ്ടുമുട്ടൽ പരമാവധി നീട്ടിവെച്ചുകൊണ്ടിരുന്നു.
വഴിതെറ്റി പോയ ജീവിതത്തിന്റെ മൂലകാരണം തേടിയാണ്, ഞാനിങ്ങനെ അവളുമായി സംസാരിച്ചു തുടങ്ങിയത്.
വെയിനിനോട് സംസാരിക്കുമ്പോൾ ഒരിക്കലും രേഷ്മ, അവളുടെ ഭർത്താവിനെ കുറ്റം പറയുകയോ അവൾ കൊടിയ നിരാശയിലോ അസ്വസ്ഥതയിലോ ആണെന്ന് പറയുകയോ ചെയ്തില്ല.
പക്ഷേങ്കിലും ചിലതു മനസ്സിലാക്കിയിരുന്നു, അവൾക്കു ഒരു കൂട്ട് വേണമെന്നുള്ളത്, സ്വാന്തനവും സഹായവും സ്നേഹവും ആഗ്രഹിക്കുന്നുവെന്ന്.
അവളുടെ ഭർത്താവുമായുള്ള സംസാര രസതന്ത്രം നഷ്ടപെട്ടിരിക്കുന്നുവെങ്കിലും, അവൾക്കു അയാളോട് വെറുപ്പൊന്നും ഇല്ലാ.
അവൾ അയാളെ സംസാരത്തിൽ നിന്നും മാത്രമേ ഒഴിവാക്കുന്നുള്ളു, ജീവിതത്തിൽ നിന്നും ഒഴിവാക്കണം എന്നുള്ള ചിന്തകൾ ഇതുവരെ വന്നിട്ടില്ല.
എവിടേയോ എപ്പോഴോ സംഭവിച്ചൊരു സൗന്ദര്യ പിണക്കം.
ഒരുപക്ഷെ, ഒരു നീണ്ട യാത്രയുടെ അവസാനമോ, ഒരു തുറന്നു പറച്ചിലിന്റെ അന്ത്യത്തിലോ, പരസ്പരം കെട്ടിപ്പുണർന്ന്,നെറ്റിയിൽ ചുംബിച്ചു തീർക്കാവുന്ന പ്രശ്നങ്ങളെ ഉള്ളൊന്നു തോന്നുന്നു.
അതിനൊക്കെ ഞാൻ തയ്യാറാണെങ്കിലും,എവിടെയാണ് ആ തുടക്കം വേണ്ടത്? ആരായിരിക്കും അതിനു മുൻകൈ എടുക്കുക?
വെയിനിന്റെ സാന്നിധ്യവും സൗഹ്രദവും നിലനിൽക്കണമെന്ന് രേഷ്മ ആഗ്രഹിച്ചു തുടങ്ങുന്നുവെന്ന് മനസ്സിലായി.
അയാൾ അവൾക്കൊരു ആശ്വാസമായി മാറിയിരിക്കുന്നു. അവൾ ഒരു തുരുത്തായിരുന്നു. ഒറ്റപ്പെട്ടുപോയ തുരുത്ത്. അവിടേക്കു പറന്നടുത്തൊരു ദേശാടനപക്ഷിയാണ് വെയിൻ.
അടക്കി വെച്ചിരിക്കുന്ന മനസ്സിന്റെ മൂടി അവൾ തുറക്കുന്നില്ല, എങ്കിലും, അയാളുമായിട്ടുള്ള സംസാരം അവളെ ഊഷ്മളയാക്കുന്നുണ്ട്, സന്തോഷവതിയാക്കുന്നുണ്ട്.
വീടിനു പുറത്തുവെച്ചും, ഓഫീസിൽ നിന്നുകൊണ്ടും വെയിനായി രേഷ്മയായി സംസാരിച്ചു, വീട്ടിൽ എത്തുമ്പോൾ, ഒരു കട്ടിലിന്റെ രണ്ടറ്റത്തേക്ക് അപരിചിതരായി ഉറങ്ങേണ്ടിവരുന്ന
വിധിവൈപരീത്യം എന്നെ ഏറെ വിഷമിപ്പിക്കാതെയും ഇരുന്നില്ല.
കിടക്കയിലും വീട്ടിലും ഞങ്ങൾ അപരിചതരായി തുടർന്നു.
വെയിന്റെ സംഭാഷണ ഓർമ്മകൾ പോലും അവളെ പുഞ്ചിരിപ്പിക്കുന്നു എന്ന് തോന്നി.
ജീവിതം പ്രതീക്ഷയാണല്ലോ രേഷ്മ.
നാളെ എപ്പോഴെങ്കിലും നമുക്ക് കണ്ടുമുട്ടേണ്ടിവരും.
ഞാനാ പ്രതീക്ഷയിലാണ് ജീവിക്കുന്നത്.
വെറും ചില ഭ്രമങ്ങളിൽ ആയിരുന്നു ഞാനെന്റെ ജീവിതം തുടങ്ങിയത്.
പക്ഷെ, അത് മുന്നോട്ടു പോകുംതോറും മനസ്സിലായി, ആ ഭ്രമത്തിനപ്പുറം ചില യാഥാർഥ്യങ്ങൾ ഉണ്ടെന്നു.
ഞാൻ എന്റെ ഭാര്യയെ സ്നേഹിക്കുന്നതിനേക്കാളും, രേഷ്മ, നീ നിന്റെ ഭർത്താവിനെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നു.
അയാളെന്തോ കടപ്പാടുകൾ ചെയ്തു എന്നുള്ള ചെറിയ ചിന്തകളാണ് നിന്നിലുള്ള നിരാശ.
അയാൾ ചെയ്തത് അയാളുടെ ഉത്തരവാദിത്വങ്ങൾ ആയിരുന്നു. അത് നിന്നോടുള്ള കടപ്പാടായിരുന്നില്ല, നിന്നോടുള്ള സ്നേഹം ആയിരുന്നു. നീ തന്നെ ആയിരുന്നു, അയാൾക്ക് ജീവിതം സ്വപ്നവും ഭാവിയും.
നിന്നിലേക്ക് അയാൾ നീട്ടിയ സ്നേഹം മുൻവിധികളോടെ ആയിരുന്നില്ല.
നിന്നിലാണ് അയാളുടെ അഭയം.
അയാൾ ജീവിക്കുന്നത് .നിനക്ക് വേണ്ടിയാണ്.
രേഷ്മ, നീ ആ സ്നേഹത്തെ റദ്ദ് ചെയ്യരുത്.
രേഷ്മ, നമ്മൾ പറഞ്ഞുറപ്പിച്ചതുപോലെ, എനിക്ക് നിന്നെ കാണുവാൻ കഴിയുമോ എന്നറിയില്ല.
ഞാൻ വെയിനെന്ന വെയിൽ(veil) നീക്കുകയാണ് എന്ന് പറഞ്ഞുകൊണ്ട് സംഭാഷണം അവസാനിപ്പിക്കാൻ ശ്രമിച്ചു.
എന്റെ മെസ്സേജുകൾക്കൊന്നും മറുപടി ഇല്ലാതെ നിന്നു.
സംസാര മദ്ധ്യേ അവൾ എവിടെ പോയിട്ടുണ്ടാവും?
രേഷ്മാക്കിന്നു രാത്രി ഡ്യൂട്ടിയാണ്. കുട്ടികൾ സ്‌കൂളിൽ നിന്നും വന്നിട്ടും ഉണ്ടാവില്ല.
വീട്ടു ജോലികൾ എല്ലാം കഴിഞ്ഞു എന്നാണ് കുറച്ചു മുൻപേ പറഞ്ഞത്.
അപ്പോൾ അവൾ എന്തെടുക്കുക ആവും?
തുടർന്നുള്ള സന്ദേശങ്ങളും ഉത്തരം ഇല്ലാതെ ചാറ്റ്ബോക്സിൽ അനാഥമായി കിടന്നു.
ഉള്ളിൽ ഉണ്ടായ,ആകാംഷയാണ്, എത്രയും പെട്ടെന്നു വീട്ടിലേക്ക് പോകണമെന്ന് തീരുമാനിച്ചത്.
വാഹനം പാർക്ക് ചെയ്തു, പ്രധാന കതകിനു അടുത്തേക്ക് എത്തുമ്പോഴും അകത്തു ആളനക്കത്തിന്റെ ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല.
അടുക്കള ഭാഗത്തെ പുകക്കുഴലിൽ നിന്നും ഘനരൂപത്തിൽ പുക മുകളിലേക്ക് പോയ്കൊണ്ടിരുന്നു.
പുറത്തുവെച്ചിരിക്കുന്ന അക്വറിയത്തിൽ, ഇന്നലെ കൊടുത്ത ആഹാരത്തിന്റെ അവശിഷ്ടങ്ങൾ കിടക്കുന്നു.
കോളിങ് ബെൽ അടിക്കാതെ തന്നെ കതകു തുറന്നു അകത്തേക്ക് കയറി.
രേഷ്മയുടെ സാന്നിദ്യം അവിടെങ്ങും കണ്ടില്ല.
പുറത്തുപോയി വരുമ്പോൾ, കതകു തുറന്നു, രേഷ്മാ എന്ന് വിളിച്ചു കയറുന്ന പതിവ് നഷ്ടപെട്ടിട്ടു മാസങ്ങളാവുന്നു.
എങ്കിലും ഉത്കണ്ഠാ കാരണം, ഉറക്കെ വിളിക്കാതിരിക്കാൻ കഴിഞ്ഞില്ല.
അവൾ പതിവായി ഇരിക്കാറുള്ള കുട്ടികളുടെ ലൈബ്രറിയിൽ നോക്കി, വായിച്ചു മടക്കിവെച്ചിരിക്കുന്ന ലൂക്കോയുടെ സുവിശേഷം ആറാം അധ്യായം!
ഒഴിഞ്ഞു കിടക്കുന്ന കസേര!
പുകഞ്ഞുകൊണ്ടിരുന്ന അടുക്കളയിലേക്ക് നോക്കി.
ഇല്ലാ, അവിടെയും ഇല്ലാ.
രേഷ്‌മ ....രേഷ്‌മാ .....എന്റെ അലർച്ച ഉയർന്നുകൊണ്ടിരുന്നു.....
വെള്ളം ഇറ്റിറ്റു വീഴുന്ന ശബ്ദം കേൾക്കാം...
കുളിമുറിയിൽ നിന്നും ആണോ....?
ബെഡ്‌റൂമിൽ കുളിമുറിയിൽ നിന്നും ആണല്ലോ....!
കരഞ്ഞു കലങ്ങിയ കണ്ണുകളിൽ നിന്നും കണ്ണുനീര് അപ്പോഴും ഒഴുകുന്നുണ്ടായിരുന്നു.
പടർന്നു കിടക്കുന്ന മുടികൾ മുഖത്തേക്ക് വീഴുന്നു...
രേഷ്മാ എന്ന എന്റെ അലർച്ചയിൽ, അവളെന്നെ കെട്ടിപിടിച്ചു.
എന്റെ നെഞ്ചിലേക്ക് അവൾ തലകൊണ്ട് ഇടിച്ചു....കരഞ്ഞു.
ഞാനവളുടെ നനഞ്ഞ കവിളുകൾ കവർന്നെടുത്തു.
മുടിയൊതുക്കി, നെറ്റിയിൽ ചുംബിച്ചു...
ചുണ്ടുകളിൽ കഴിഞ്ഞ കുറെ നാളത്തെ നിരാശയും സങ്കടവും ആശങ്കകളും പിണച്ചുവെച്ചു....
അവളെന്നെ, അവളുടെ ശരീരത്തിലേക്ക് അമർത്തിവെച്ചുകൊണ്ടിരുന്നു....
" ക്ഷമിക്കണം...ഞാൻ നിന്നെ വിഷമിപ്പിച്ചിട്ടുണ്ടോ...ഞാൻ നിന്നോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ....പറയ് രേഷ്മേ...പറയ്...എല്ലാത്തിനും മാപ്പ്! എനിക്കെന്റെ പഴയ രേഷ്മേ വേണം. മുടിച്ചുരുളുകളിൽ തലോടി കഥകൾ പറയുന്ന...കുശുമ്പി....പിശുക്കി രേഷ്മേയെ.....ഞാൻ നിന്നോട് അറിഞ്ഞോ അറിയാതയോ എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ...പറഞ്ഞിട് ടുണ്ടെങ്കിൽ പൊറുക്കണം! മറക്കണം! "
" നീ എന്നെ സ്നേഹിക്കില്ലേ....നീ എന്റേതായി തന്നെ തുടരില്ലേ "
എന്റെ ശരീരത്തെ വീണ്ടും അവളിലേക്ക് അമർത്തിക്കൊണ്ടായിരുന്നു അവളുടെ മറുപടിയും. " ഞാനല്ലേ അരുണിനോട് മാപ്പ് പറയേണ്ടത്. ഞാൻ എന്തോ....എനിക്കറിയില്ല....എനിക് കെന്താണ് സംഭവിച്ചത് എന്ന്....ഞാൻ വളരെ അങ്ങ് നിരാശയിലാണ്ടു....എങ്ങോട്ടെങ്കി ലും ഒന്ന് ഓടിപോയാലോ എന്നാലോചിച്ചു....അപ്പോൾ ...അരുൺ ........തടസം....കുട്ടികൾ....കു ട്ടികളുടെ മുഖം എന്നെ പിന്തിരിപ്പിച്ചു....എനിക്കറിയി ല്ല അരുൺ, എനിക്ക് എന്ത് പറ്റിയെന്നുള്ളത്. നിന്നിൽ നിന്നും ഞാൻ അകലാൻ ശ്രമിച്ചത് എന്തുകൊണ്ടാണ്...എനിക്കറിയില്ല. നിന്നെ ഞാൻ വെറുക്കാൻ ശ്രമിച്ചിട്ടും...അകലാൻ ശ്രമിച്ചിട്ടും ...നീ എന്നോട് കാണിച്ച സഹനതയാണ് പിന്നെയും എന്നെ അതിശയിപ്പിച്ചത്....നീ ആരാണെന്നും ...നീ എനിക്ക് ആരാണെന്നും പറഞ്ഞു തരുവാൻ വെയിനായി നീ വരേണ്ടി വന്നുവല്ലോ...."
" എന്റെ വാശി ആയിരുന്നു രേഷ്മ, നിന്നെ ഞാൻ ഉപേക്ഷിക്കില്ല എന്നുള്ളത്. നിന്നെ എനിക്ക് ഉപേക്ഷിക്കാൻ കഴിയില്ലായിരുന്നു എന്ന് പറയുന്നതാവും ശരി. കുരുങ്ങിക്കിടക്കുന്ന ജന്മാന്തര ബന്ധങ്ങളോ വിധിയോ ആവും. ഒരു നിഷേധത്തിനും നിരാസത്തിനും വിട്ടുകൊടുക്കുവാൻ കഴിയുന്നതായിരുന്നില്ല എനിക്ക് നിന്നോടുള്ള സ്നേഹം. അത് നിനക്ക് പറഞ്ഞു തരുവാൻ, എനിക്ക് വെയിൻ സ്റ്റോൺ ആകേണ്ടി വന്നു."
" മാപ്പ് ...എല്ലാത്തിനും മാപ്പ്...! വീണ്ടും ഞാൻ പറയുന്നു, നിന്നെ എപ്പോഴെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ്."
രേഷ്മ വലതു കരം കൊണ്ട് അരുണിന്റെ ചുണ്ടുകളിൽ അമർത്തി അരുതെന്നു വിലക്കി, അപ്പോഴും മരം പെയ്യുന്നതുപോലെ അവളുടെ കണ്ണുകൾ നിറഞ്ഞു കിടന്നു.
ക്ഷണനേരംകൊണ്ടു അവന്റെ ചുണ്ടുകൾ, അവളുടെ ചുണ്ടുകളെ പിണച്ചുകഴിഞ്ഞിരുന്നു.
രേഷ്മ, അരുണിനെ കിടക്കയിലേക്ക് തള്ളിയിട്ടു.
**********************************************************