"പ്രദീപിന്റെ അച്ഛന്റെ നിരന്തരമായ നിര്ബന്ധമാണ് രാവിലെ പോകണം എന്നുള്ളത്. വിളപ്പറമ്പത്ത് കളരിയിൽ പൂജക്ക് പോകണം. അതിരാവിലെ തന്നെ പോകണം. അദ്ദേഹത്തിന് അവിടെ ഒരു നേർച്ച എന്തോ മുടങ്ങി കിടക്കുന്നുണ്ട്. എനിക്കാണെങ്കിൽ കളരിയിൽ പോയി പരിചയമുണ്ടല്ലോ, അതുകൊണ്ടാണ് അദ്ദേഹം എന്നെ നിർബന്ധിക്കുന്നത്"
കറുപ്പ് സൈക്കിളിലാണ് അദ്ദേഹം എന്നെ ക്ഷണിക്കാൻ വന്നത്. ഞങ്ങൾ ഇരുവരും കൂടി കളരിയിലേക്ക് പോയി. പോകുന്ന വഴിയിലും കളരിയിൽ വെച്ചും കുറെ ഏറെ വിശേഷങ്ങളും കഥകളും പറയുന്നുണ്ടായിരുന്നു അദ്ദേഹം.
കൈതമുൾ ചെടികൾ വീണുകിടക്കുന്ന ഇടവഴിയിലൂടെ ആണ് കളരിയിലേക്ക് ചെന്ന് കയറിയത്. പ്രായമേറിയ എലിഞ്ഞിമര ചുവട്ടിൽ ആളുകൾ കൂട്ടം കൂടി നില്കുന്നു.
കുരുത്തോലയും അടക്കാമരത്തിന്റെ പൂങ്കുലയും ആലിലയും കൊണ്ട് അലങ്കരിച്ച പന്തലിൽ പൂവും മറ്റും സൂക്ഷിച്ചിരിക്കുന്നു.
മഞ്ഞക്കളം വരച്ച മുറ്റത്ത് പൂജ തുടങ്ങിയിട്ടില്ല.
എന്റെ കുറ്റിത്താടി കണ്ടിട്ടാവണം, ഉടനെ ചോദിച്ചത്, എന്താ താടി വളർത്തുന്നത്. അപ്പോഴാണെന്നു തോന്നുന്നു അദ്ദേഹം എന്റെ മുഖത്തേക്ക് ശ്രദ്ധിക്കുന്നത്.
"അത് താടിരോമങ്ങൾക്കിടയിൽ ചെറിയ കുരുക്കൾ കാണുന്നു....ബ്ലേഡ് അലർജി ആണെന്ന് തോന്നുന്നു. അതുകൊണ്ടാണ്..."
അപ്പോഴേക്കും പൂജ തുടങ്ങിയിരുന്നു."
ഉറക്കം ഉണരുമ്പോൾ, ആകെ സംശയം , ഉറക്കത്തിൽ കണ്ടത് പ്രദീപിനെ ആണോ അതോ പ്രദീപിന്റെ അച്ഛനെയോ?
സംഭ്രമത്തിൽ ആയല്ലോ!
അല്ലാ, പ്രദീപിനെ അല്ലാ. പ്രദീപിന്റെ അച്ഛനെ തന്നെ ആയിരുന്നു!
കളികൂട്ടുകാരനും ഒപ്പം അയൽക്കാരനും ആണ് പ്രദീപ്. നാടുമായി സൂക്ഷിക്കുന്ന ടെലഫോൺ ബന്ധങ്ങളിലെയും സൗഹ്രദങ്ങളിലെയും ഒളിമങ്ങാത്ത കണികയും ആണ് അദ്ദേഹം. പണ്ട് പല വേളകളിലും വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതും യാത്ര ചെയ്യുന്നതും ഒക്കെ ഞങ്ങൾ ഒരുമിച്ചായിരുന്നു. തലേന്ന് പദ്ധതിയിട്ട്, ഞായറാഴ്ച പുലർച്ചെ നടത്തിയിരുന്ന പല യാത്രകളും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളാണ്. ഓരോ അവധിക്കും നാട്ടിൽ പോകുമ്പോഴും അത്തരം യാത്രകൾ പുനർസൃഷ്ടിക്കണമെന്ന് ആഗ്രഹിക്കാറുണ്ട്, പക്ഷെ സമയമോ സന്ദർഭമോ ഒന്നും അതിനു അനുയോജ്യമായിട്ടില്ല.
പ്രദീപിന്റെ അച്ഛൻ മരിച്ചിട്ട് വർഷങ്ങൾ പലത് കഴിഞ്ഞിരിക്കുന്നു. മരണം, ഒരു വൈകുന്നേരം നിശബ്ദമായി വന്നു വിളിച്ചുകൊണ്ടു പോവുക ആയിരുന്നു. ഞാൻ നാട്ടിൽ ഇല്ലാതിരുന്ന സമയത്തെ ആ വിടവാങ്ങൽ കഴിഞ്ഞിട്ട് നാളുകൾ ഏറെ ആയിരിക്കുന്ന ഈ വേളയിലെ എന്റെ പുലർകാല സ്വപ്നത്തിലെ അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ അർത്ഥനിരൂപണം എന്തായിരിക്കുമെന്നുള്ളത് ജിജ്ഞാസയുണ്ടാക്കി.
എനിക്ക് തിരിയാത്തത് വേദാന്തമെന്നു എഴുതിതള്ളിയേക്കാം.
വിളപ്പറമ്പത്ത് കളരി, അച്ഛന്റെ കുടുംബ കാവാണ്.
പഴയമുണ്ടും ഉടുത്തു ബാടിക്കുമേൽ പുതച്ച നേര്യതും അണിഞ്ഞു കഥപറയാൻ ഇരിക്കുന്ന കുഞ്ഞിപ്പിള്ള അമ്മുമ്മയുടെ ഓർമകളിൽ ഒക്കെ പലപ്പോഴായി കാവും അപ്പൂപ്പനും കടന്നുവരുമായിരുന്നു.
അപ്പുപ്പൻ, അതായത് അച്ഛന്റെ അച്ഛൻ ആയിരുന്നു കാവിലെ വെളിച്ചപ്പാട്. ബ്രഹ്മരക്ഷസ്സാണ് കാവിലെ ദേവതാ സങ്കല്പം. മരണശേഷം അപ്പുപ്പൻ രക്ഷസ്സിൽ വിലയം പ്രാപിച്ചുവെന്നാണ് അമ്മുമ്മയുടെ വിശ്വാസം.
അച്ഛന്റെ കുടുംബവീടായ കോറ്റച്ചിനെഴുത്ത് വീട്ടുപടിക്കലിൽ നടത്തിയിരുന്ന ചായക്കട ആയിരുന്നു അപ്പൂപ്പന്റെ തൊഴിലിടം.
അപ്പുപ്പന്റെ ചായക്കടയിലേക്ക് വേണ്ടി മാവ് അരക്കുന്നതും പൊടിക്കുന്നതുമൊക്കെ അമ്മുമ്മ ആയിരുന്നു. എങ്കിലും ചായക്കടയിൽ കയറുകയോ ആളുകയുമായി സംസാരിക്കാൻ പോകുകയോ ചെയ്യുന്ന പ്രകൃതം ആയിരുന്നില്ലത്രേ അമ്മുമ്മക്ക്. അപ്പുപ്പൻ ചായ തയാറാക്കി, അമ്മുമ്മ എവിടെ ഇരിക്കുന്നുവോ അവിടെ കൊണ്ട് ചെന്ന് കൊടുത്തിരുന്നതും അമ്മുമ്മയെ ഭയഭക്തി ബഹുമാനത്തോടെ കണ്ടിരുന്നതും ആയ കഥകൾ പലപ്പോഴായി കേട്ടിട്ടുണ്ട്. പണ്ടത്തെ നായർ കുടുംബങ്ങളിലെ സ്ത്രീകളുടെ സ്വാതന്ത്ര്യവും അധികാരവും ഗർവും ഒക്കെ അമ്മുമ്മയുടെ കഥകളിൽ നിന്നും, ചിലപ്പോൾ കാണിക്കുന്ന നിശബ്ദതയിൽ നിന്നും ഒക്കെ വായിച്ചെടുക്കാമായിരുന്നു.
ആണധികാരം എന്നുള്ള ഈ കാലത്തെ സ്ത്രീ സമത്വ വാദികളുടെ ആരോപണങ്ങളെ കുഞ്ഞിപ്പിള്ള അമ്മുമ്മയെ പോലെയുള്ള എന്റെ അമ്മുമ്മ തലമുറകൾ കേട്ടാൽ പുച്ഛിച്ചു തള്ളിയേക്കും.
നാല് ആൺമക്കൾ ആയിരുന്നു, അമ്മുമ്മക്ക്!
അമ്മുമ്മയുടെ പല കഥകളിൽ നിന്നും മനസ്സിലായിട്ടുള്ളത്, ഗോപാലപിള്ള അപ്പുപ്പൻ ഒരു സാധു ആയിരുന്നു. ഈ പറയപ്പെടുന്ന ആണധികാരം പ്രയോഗിക്കാത്ത ഒരാൾ. അമ്മുമ്മ, കുടുംബ ജീവിതത്തിൽ മേധാവിത്വം പുലർത്തിയിരുന്നു എന്ന് തോന്നുന്നു. എന്ന് മാത്രമല്ല, അമ്മുമ്മക്ക് അപ്പുപ്പനോട് അത്രക്കങ്ങട് സ്നേഹമോ പ്രതിപത്തിയോ ഉണ്ടായിരുന്നതായി പറഞിട്ടും ഇല്ലാ. എന്നാൽ, അപ്പൂപ്പനെ, പേടിയുള്ള ഒരു വാല്യക്കാരനാക്കി ചില വരച്ചുകാട്ടലുകൾ അമ്മുമ്മ നടത്തിയിട്ടുമുണ്ട്.
വസൂരി വന്ന അപ്പൂപ്പന്റെ ശരീരത്തിലെ വടുക്കൾ അമ്മുമ്മയെ അലോസരപ്പെടുത്തിയിരുന്നു എന്നും, വസൂരി മാറിയത് വിളപ്പറമ്പത്ത് കളരിയിലെ പ്രാർത്ഥനയിൽ ആണെന്നും പറയാറുണ്ട്.
വിളപ്പറമ്പത്ത് കളരിയുമായി ഞങ്ങളുടെ കുടുംബത്തിന് അത്തരം ഇഴപൊഴിക്കാനാവാത്ത ഒരു ബന്ധം ഉണ്ടെന്നു അറിയുന്നത് കാവിലെ ആണ്ടുപൂജക്കാണ്. അല്പം അകലെ ഉള്ള കുളത്തിന്റെകിഴക്കെ സർപ്പക്കാവിൽ നിന്നും ദീപാരാധനക്ക് ശേഷം, കളരിയിലേക്ക് ഇറങ്ങുന്ന താലപ്പൊലിയും കുരുതി നേർച്ചയുമാണ് ആണ്ടുപൂജയിലെ പ്രധാന ചടങ്ങ്.
ഒരിക്കൽ, ഒരു ആണ്ടുപൂജക്കു, വിളപ്പറമ്പത്തെ ശ്രീകുമാറണ്ണൻ വെളിച്ചപ്പാട് കണക്കെ തുള്ളി തുടങ്ങിയത് അവിചാരിതമായിട്ടായിരുന്നു. ചെണ് ടമേളത്തിന്റെ താളത്തിൽ, കത്തിച്ചുപിടിച്ചിരിക്കുന്ന തെങ്ങോല ചൂട്ടിന്റെ വെളിച്ചത്തിൽ കുടുംബത്തിലെ കന്യകാരായ പെൺകുട്ടികൾ ഒരുക്കിയ താലപ്പൊലിയുടെ അകമ്പടിയോടെ ആണ് വെളിച്ചപ്പാട് തുള്ളിയുറഞ്ഞു പോകുന്നത്.
വഴിവക്കിലെ കത്തിച്ചുവെച്ച നിലവിളക്കുകൾക്ക് മുന്നിലെ പ്രാർത്ഥനാ നിരതരായി ആളുകൾക്കുമേൽ അനുഗ്രഹം ചൊരിഞ്ഞു, വിളപ്പറമ്പത്തെ കാവിലേക്ക് പോകുമ്പോൾ കയറിയത് നമ്മുടെ വീട്ടിലേക്ക് ആയിരുന്നു.
രണ്ടു തിരിയിട്ടു കത്തിച്ചുവെച്ച നിലവിളക്ക് തട്ടിവീഴുമോ എന്ന് തോന്നുന്ന വിധമാണ് കൈകൾ രണ്ടും കൂട്ടിപ്പിടിച്ചു ഞെരിച്ചുകൊണ്ടു വെളിച്ചപ്പാടായ ശ്രീകുമാറണ്ണൻ കയറിവന്നത്. മുറ്റത്തു വെച്ചിരുന്ന ബക്കറ്റിലെ നിറഞ്ഞ വെള്ളം അദ്ദേഹത്തിന്റെ തലവഴിയെ ഒഴിച്ചുകൊടുത്തുകൊണ്ടിരുന്നു. നനഞ്ഞ ഒട്ടിയ ശരീരവുമായി തുള്ളുമ്പോൾ കണ്ണുകൾ ചുമന്നു തുടുത്ത്, കൃഷ്ണമണികൾ മുകളിലേക്ക് കയറുന്നതായി തോന്നി. തെക്കു കിഴക്ക് കണ്ട ഇലഞ്ഞി മരത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു 'ഇനിമുതൽ ഇലഞ്ഞി മൂട്ടിൽ വിളക്ക് തെളിക്കണം"
ഈ അടുത്ത സമയം വരെയും അത് പരിപാലിച്ചിരുന്നു എന്നാണ് അറിവ്.
നാട്ടിൽ ഉള്ള വേളകകളിലൊക്കെ പൂജാദ്രവ്യങ്ങൾ വിളപ്രമ്പത്ത് കാവിൽ കൊടുക്കാൻ മറക്കാറില്ലായിരുന്നു.
പ്രേതെയ്കിച്ചു മാലിയിലേക്ക് വന്നതിനു ശേഷമുള്ള അവധി സന്ദർശനങ്ങളിൽ. ഒരു തവണ എങ്കിലും അവിടെ പോകാറുമുണ്ടായിരുന്നു. പല അവസരങ്ങളിൽ ജ്യോത്സരെ കാണുമ്പോഴും അവരും നിർദേശിച്ചിരുന്നു ഒരു കാര്യം ആയിരുന്നു, കാവിന്റെ പുനരുദ്ധാരണവും സന്ദർശനവും, നമ്മുടെയും ശ്രദ്ധ അവിടെ ഉണ്ടാവണം എന്നുള്ളതും.
ഈ അടുത്ത സമയത്താണ്, അച്ഛൻ പറഞ്ഞത്, കാവ് പുനർനിമ്മിക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ട്. നമ്മൾക്കും ഒരു പിരിവ് ഉണ്ടാവും. കാവുമായി ബന്ധപ്പെട്ട പലരും അതിനായി സമീപിച്ചിരുന്നു എന്നും മറ്റും.
പക്ഷെ ഞാൻ അതിനായി ഒന്നും ചെയ്തിരുന്നില്ല എന്നാണ് എന്റെ ഓർമ്മ.
ഉച്ചാര എന്ന ആണ്ടു പൂജക്ക് ചെറിയ സംഭാവന നൽകിയെന്ന് ഒഴിച്ചാൽ, മറ്റൊന്നും ചെയ്തിരുന്നില്ല.
ഒരു പക്ഷെ, ഈ സ്വപ്നത്തിലൂടെ അതാവുമോ കാണിച്ചു തന്നത്?
നാട്ടിൻപുറത്തെ ആളുകളെയും വീടുകളെയും കാവുകളെയും, പ്രദീപിന്റെ അച്ഛന് ഞാൻ പരിചയപ്പെടുത്തി കൊടുക്കേണ്ടതില്ല.
അത്തരം വാക്യം തന്നെ അലക്ഷണമാണ്. എന്നെക്കാളും എത്രയോ അനുഭവജ്ഞാനമുള്ളവരായിരുന്നു അവരൊക്കെ.
എന്നാൽ, ആ സ്വപ്നത്തിൽ ഞാൻ ആ കാവിൽ പോകാറുണ്ടെന്നും, എനിക്ക് ആ കാവ് അറിയാമെന്നും, അദ്ദേഹത്തിന് അറിയില്ലാ എന്നും പറഞ്ഞുകൊണ്ടാണ് എന്നെ പ്രദീപിന്റെ അച്ഛൻ നിർബന്ധിപ്പിക്കുന്നത്.
വിളപ്പറമ്പത്ത് കളരി, ആരും എനിക്ക് പരിചയപ്പെടുത്തേണ്ടതില്ല എന്നും, ആ സ്ഥലവും ആളുകളെയും എനിക്കറിയാമെന്നും എന്നാൽ ഇപ്പോൾ ഞാനതൊക്കെ മറന്ന മട്ടാണെന്നും, ഈ ഓണ പുലരിയിൽ വെറ്റിലയിൽ പാക്കും നാണയവും പുടവയും പിന്നെ വിളക്കിത്തിരിയും വിളക്കെണ്ണയും ചന്ദനത്തിരിയും ഒപ്പം സമരിപ്പിക്കണം എന്നുള്ള ഓർമപ്പെടുത്തൽ ആയിരുന്നുവോ?
അപ്പുപ്പൻ ആയിരുന്നുവോ, പ്രദീപിന്റെ അച്ഛനായി വേഷപ്രച്ഛന്നനായി വന്നത് ?
രാവിലെതന്നെ അമ്മയെ വിളിച്ചു.
വെളുപ്പിനെ കണ്ട സ്വപ്ന വിവരം പങ്കുവെച്ചു, വഴിപാടും കാണിക്കയും സമർപ്പിക്കാമെന്ന് അമ്മയും പറഞ്ഞു.
No comments:
Post a Comment