വെളുപ്പിനെ മുതൽ ജാൻകി നായർ ആയിരുന്നു ചിന്താവിഷയം
ആ ചിന്ത മനഃപൂർവം ഉണ്ടായതോ, ഉണ്ടാക്കിയതോ അല്ലാ.
കഴിഞ്ഞയീ രാത്രിയിലെ ഉറക്കം എന്നിൽ നിന്നും മറഞ്ഞിരിക്കുന്നു, അല്ലെങ്കിൽ മുറിഞ്ഞു പോയിരിക്കുന്നു.
പലയാവർത്തി ഉണർന്നു എണീറ്റു.
ഇന്നലെ ജാൻകിയുടെ നിശ്ചയം ആയിരുന്നു.
ചുമന്ന സാരിയുടുത്ത് അവൾ മണ്ഡപത്തിലിരിക്കുന്നു.
തൊട്ടരികിൽ പ്രതിശ്രുത വരനുമുണ്ട്.
എന്നാൽ, ആളുകളുടെ ശ്രദ്ധ സദസ്സിൽ ഇരിക്കുന്ന എന്റെ മുഖത്തെക്ക് ആണെന്ന് തോന്നുന്നു.
ചടങ്ങുകൾ ആരംഭിച്ചു.
മേളം തുടങ്ങി ...
കുരവുകൾ ഉയർന്നു....
മൊബൈൽ ക്യാമറയിൽ ഞാൻ ചടങ്ങുകൾ പകർത്തികൊണ്ടിരുന്നു.
ക്യാമറാ ഫോക്കസ് ചെയ്തത് ജാനകിയിലേക്കായിരുന്നു.
മോതിരം ഇടീൽ ചടങ്ങിന്റെ പരിസമാപ്തിയിൽ ഏവരും എണീറ്റ് അനുഗ്രഹങ്ങൾ ചൊരിഞ്ഞു. ആ എണീറ്റ് നിൽക്കുന്ന ആൾക്കൂട്ടത്തിന്റെ ഇടയിലൂടെ ഞാൻ പുറത്തേക്ക് ഇറങ്ങി.
പുറത്തേക്ക് ഇറങ്ങുമ്പോൾ എന്തായിരുന്നു മനസ്സിൽ?
സന്തോഷമോ,... അതോ സങ്കടമോ ?
അറിയില്ലാ ....,എങ്കിലും ഉള്ളിലെവിടയോ ഒരു ചിത എരിയുന്നുണ്ടായിരുന്നു.
മനഃസങ്കര്ഷത്തിന്റെ പുഴ ഒഴുകാതെ കെട്ടിക്കിടന്നു.
ഉള്ളാന്തലിന്റെ നീറ്റൽ പുറത്തേക്കു വമിക്കാതെയും ഉറഞ്ഞു.
പത്തുവർഷം പഴക്കമുള്ള ചിങ്ങമാസത്തിലെ ഒരു ഞാറാഴ്ച.
ഏഴുതിരിയിട്ടു തെളിയിച്ച വിളക്കൊരുക്കിയ നിശ്ചയമണ്ഡപത്തിലെ ഇരിപ്പിടത്തിന്റെ മറുതലക്കൽ, ജാനകിക്ക് അരുകിൽ ഞാനായിരുന്നല്ലോ ഇരുന്നത് എന്ന് ഓർത്തുപോയി.
അന്ന് അവളുടെ കൈയിൽ വളയണിയിക്കുമ്പോൾ, ഒഴുകിയെത്തിയ അവളുടെ ആനന്ദക്കണ്ണീര് ഇപ്പോഴും ഓർക്കുന്നു. "ഇത് ശിവപെരുമാളുടെ അനുഗ്രഹമാണ്, ആനന്ദവല്ലീശ്വരി മാതാ പാർവതി ദേവിയുടെ ആശിർവാദമാണ്. "എന്റെ നെഞ്ചകത്തേക്ക് ചാഞ്ഞു കിടന്നു അന്ന് അങ്ങനെ ജാൻകി ഇത് പറയുമ്പോൾ, അവളുടെ കണ്ണിൽ നിന്നും പൊഴിഞ്ഞുവീണത് എന്റെ ദേഹത്തെയും നനയിപ്പിച്ചിരുന്നുവല്ലോ!
അതെ, ജാൻകി തന്നെയാണ് ഇപ്പോൾ മറ്റൊരുവന്റെ വധുവായി തലകുനിക്കുന്നതും.
ഇവിടെ ഇപ്പോൾ എന്റെ കണ്ണുകളാണല്ലോ ഈറനണിയുന്നത്!
ചടങ്ങു നടക്കുന്ന സ്ഥലത്തു നിന്നും പുറത്തേക്ക് കടന്നത് ഞാൻ ഉറക്കമുണരുന്നതിനൊപ്പം ആയിരുന്നു.
ഇന്നലത്തെ ദിവസം ചരിത്രമാണ്.
കഥയില്ലായ്മകളുടെ അവസാനം കുറിക്കുന്ന ദിവസം.
ഇന്നലെയാണ് വക്കീലിനെ കണ്ടു വിവാഹ സർട്ടിഫിക്കറ്റ് കൈമാറിയത്.
അവൾ, ജാൻകി നായർ വക്കീലിനെ നിരന്തരം പിന്തുടർന്നു, എത്രയും വേഗം പെറ്റീഷൻ ഫയൽ ചെയ്യണമെന്ന് അപേക്ഷിക്കുക ആയിരുന്നത്രേ.
വക്കീലിനെ കാണുവാൻ നിൽക്കുമ്പോൾ മറ്റൊരാളുടെ സാന്നിധ്യം.
അത് ഒരു നിമിത്തം ആയിരുന്നോ ..., എന്നുമാത്രമല്ല, അതൊരു അദ്ഭുതകരമായ സാന്നിധ്യം തന്നെ ആയിരുന്നു.
2009 ലെ ഒക്ടോബറിൽ കല്യാണ രജിസ്റ്റർ ചെയ്യാനായി പഞ്ചായത്ത് ഓഫീസിൽ സാക്ഷിയായി ഒപ്പിട്ടത്, ജാൻകിയുടെ പിതൃ സഹോദര പുത്രന്റെ അധ്യാപകനായ സുഹൃത്ത് അജയൻ സാർ ആയിരുന്നു.
എട്ടു വര്ഷങ്ങള്ക്കു ശേഷം ഇന്നേക്ക് വൈകിട്ട് അതെ കല്യാണ സർട്ടിഫിക്കറ്റ് വക്കീലിന് കൈമാറുമ്പോൾ യാദ്ര്ശ്ചികമായി എന്നോണം അതെ അജയൻ സാർ വക്കീലിനൊപ്പം ഉണ്ടായിരുന്നു.
രണ്ടു അവസരങ്ങളിലും ഞാൻ വിളിച്ചിട്ടു വന്നതായിരുന്നില്ല,അജയൻ സാർ
ഒത്തുപോകാൻ പറ്റുന്ന എല്ലാ സാധ്യതകളും പരിശോധിച്ചു.
ഒന്നിനും അവൾ തയാറായില്ല. അവൾക്കീ ജീവിതത്തോട് വാശി ആയിരുന്നോ അതോ എന്നോടുള്ള തീർത്താൽ ഒടുങ്ങാത്ത വെറുപ്പോ?
അവസാനം വക്കീൽ തന്നെ പറഞ്ഞു,"നിങ്ങൾ ഈ കാണിക്കുന്ന വിട്ടുവീഴ്ചകൾ നാളെ വലിയൊരു ബാധ്യത ആവും.പേടിയോടെ ജീവിക്കേണ്ടി വരും. ആ പെൺകുട്ടിക്ക് നല്ലൊരു ജീവിതം വേണമെങ്കിൽ പ്രായോഗികമായ ചില കടമ്പകൾ കടക്കേണ്ടതുണ്ട്.എന്നാൽ പോലും അവിടെയും ചില പ്രശ്നങ്ങൾ ബാക്കിയാകുന്നു. നിങ്ങള്ക്ക് സമാധാനത്തോടെ ജീവിക്കണമെങ്കിൽ, ഇതിൽ നിന്നും ഒഴിയുന്നതാവും നല്ലത്."
ഒറ്റപെട്ടു പോയ ഈ രാത്രിയിൽ എന്ത് ചെയ്യണം എന്നറിയില്ല.
ആരുമില്ലായ്മ എന്റെ കൂടെപ്പിറപ്പാണ് എന്ന് തോന്നുന്നു.
ശൂന്യത!
ഈ രാത്രി പുലരാതിരുന്നുവെങ്കിൽ, എന്ന് ആലോചിച്ചാണ് ഇന്നലെ കിടന്നത്.
പിന്നെയും അർദ്ധമയക്കത്തിലേക്ക് മടങ്ങിയപ്പോൾ, ഞങ്ങൾ ഇരുവരും തെരുവിലൂടെ നടക്കുക ആയിരുന്നു.
എന്തിനായിരുന്നു അവളുടെ കൂടെ തെരുവിലൂടെ നടന്നത്?
ഇല്ലാ..ഓർമ്മയില്ല, എങ്കിലും.
അവധി ദിനങ്ങളിലെ, ഒഴിവാക്കിയിട്ടില്ലാത്ത യാത്രകൾ തന്നെ ആയിരുന്നു, കൊല്ലത്തേക്കുള്ളത്.
കൊല്ലം നഗരത്തിലൂടെ ചിന്നക്കടയിൽ ഇറങ്ങുന്നതും, ഷാർജാ ജ്യൂസും കുടിച്ചു പബ്ലിക് ലൈബ്രററിയിൽ പോകുന്നതും, വരുന്ന വഴിയിൽ മാസികകളും ബുക്കും വാങ്ങി ബീച്ചിലേക്ക് നടക്കുന്നതും പതിവായിരുന്നു. അവിടെ എത്തി തിരമാലകളെയും കണ്ടു, പട്ടം പറത്തുന്ന കൊച്ചുകൂട്ടരോട് കുശലം പറഞ്ഞു, പൂഴിമണ്ണിൽ കപ്പലണ്ടിയും കൊറിച്ചു സായന്തനം ചിലവഴിച്ചിരുന്നത്. തിരികെ വരുമ്പോൾ, നടപ്പാതകളിലൂടെ നടന്നു, സലിം ഹോട്ടലിൽ നിന്നും അരിപ്പത്തിരിയും മട്ടൻകറിയും കഴിച്ചിരുന്നതും, ചരിത്രമായി മാറിയ ദാമ്പത്യ ജീവിതത്തിന്റെ ഓർമകളാണ്.
തിരക്കേറിയ തെരുവിലെ നടപ്പാതയിലൂടെ,ഡ്രൈനേജ് കുഴികൾക്കു മുകളിലെ കോൺക്രീറ്റ് സ്ലാബുകൾക്ക് മീതെ വേഗതയിൽ നടന്നു.
മുന്നിലും പിന്നിലുമായി നടന്നുപോകുമ്പോൾ, ഞങ്ങൾ തമ്മിൽ എന്തെങ്കിലും സംസാരിക്കുന്നുണ്ടായിരുന്നോ?
നീളത്തിൽ പടികളുള്ള ഷോപ്പിംഗ് സെന്ററിലെ കോഫീ ഷോപ്പിലേക്ക് ആണെന്ന് തോന്നുന്നു, ഞങ്ങൾ പടി നടന്നു കയറിയത്.
ഞങ്ങൾ ഇരുവരും കോഫീ ഷോപ്പിൽ എത്തിയപ്പോഴേക്കും, ഞാൻ ഉറക്കം ഉണർന്നിരുന്നു.
അതിനുശേഷമുള്ള മയക്കത്തിലാണ്,സ്വപ്നം ആരുടേയോ വീട്ടുമുറ്റത്തേക്ക് നടന്നു ചെന്നത്.
മുറ്റത്തെ കസേരകളിൽ ആണ് ഏവരും ഇരിക്കുന്നത്.
കല്യാണ തിരക്കൊഴിഞ്ഞ ആ മുറ്റത്ത്, ജാൻകിയും, ജാൻകിയുടെ മാതാപിതാക്കളായ എന്റെ മാമനും മാമിയും, അവർക്കൊപ്പം ഞാനുമുണ്ടായിരുന്നു.
പത്രം വായിക്കുന്ന, വിശേഷങ്ങൾ പറയുന്ന മാമന്റെയും മാമിയുടെയും മുഖങ്ങളിൽ ഇപ്പോൾ ആശ്വാസത്തിന്റെ വർണപ്പാടുകളാണ്.
നെടുവീർപ്പുമുണ്ട്!
ശാന്തമായ കടൽ പോലെ നിശ്ചലവും ആശങ്കാരഹിതവും ആണ് ആ പൂമുഖ മുറ്റവും അവരുടെ ഏവരുടെയും മുഖങ്ങളും.
ജനക്കൂട്ട അഭിപ്രായമോ, വിഡ്ഢിത്വമെന്നു തോന്നാവുന്ന ഇമോഷണലോ സെന്റിമെന്റലോ ആയ തീരുമാനങ്ങൾ ആയിരുന്നില്ലാ വേണ്ടിയിരുന്നത്. യുക്തിഭദ്രവും യാഥാർഥ്യങ്ങളെ ഉൾകൊള്ളുന്നതുമായ ഒരു തീരുമാനം ആയിരിക്കണമായിരുന്നു എടുക്കേണ്ടിയിരുന്നത്.
നിരഞ്ജാ, നിനക്ക് വർത്തമാനകാലത്തെ ഗൗനിക്കാതെ, ഭാവിയിലേക്ക് നോക്കുവാൻ കഴിയില്ല.
യാഥാർഥ്യം കയ്‌പ്പേറിയതും ഇരുണ്ടതും ഇടുങ്ങിയതുമാണ്, ജാൻകിക്ക് നിന്നിൽ നിന്നും വിടുതൽ വേണമെന്നുള്ളത് യാഥാർഥ്യമാണ്. ആ സത്യത്തെ നീയെത്ര നിരസിച്ചാലും നിഷേധിച്ചാലും,സത്യം അല്ലാതെ ആകുന്നുമില്ല.
നിന്റെ മുന്നിൽ പല്ലിളിച്ചു വികൃതമായി നിൽക്കുന്ന ജീവിത സമസ്യയിലെ ഒരു അധ്യായമാണ് വിവാഹ മോചനം. മുന്ജന്മ കർമ്മദോഷമെന്നോ, വാഗ്ദാനമെന്നോ പറഞ്ഞു യാഥാർഥ്യത്തെ പഴിക്കുന്പോഴും, അനിവാര്യമായതിനെ ഒഴിവാക്കുവാൻ കഴിയുകയില്ല. ജാൻകിക്കു നിന്നെ വേണ്ടാ എന്നാണെങ്കിൽ, നീ പിന്നെയും ഈ ബന്ധത്തിൽ കടിച്ചുതൂങ്ങുന്നതിൽ എന്തർത്ഥം?
ജാൻകി ഏൽപ്പിച്ച രണ്ടാമത്തെ വക്കീലും, വിവാഹമോചനം എന്നിൽ നിന്നും പിടിച്ചുവാങ്ങുന്നതായി തോന്നി.
അനിവാര്യമായതിനെ തടുക്കുവാൻ, ഇനി ഞാനും ശ്രമിക്കേണ്ടതില്ലാ, എന്നൊരു തോന്നൽ എന്നിലും ഉൾത്തിരിഞ്ഞു വന്നിരുന്നു.
നിരഞ്ജൻ പരാജയപ്പെടുന്നത് ആദ്യമായിട്ടല്ല. ഒരു അനുഭവവും കൂടി ജീവിതത്തിലായി എന്നുമാത്രം ആശ്വസിക്കുക.
മാമൻ എന്നെ വിശ്വസിച്ചു അവളെ ഏൽപ്പിക്കുമ്പോൾ, അദ്ദേഹത്തിന് ഒത്തിരി പ്രതീക്ഷകൾ ഉണ്ടായിരുന്നിരിക്കണം.
എന്നാൽ അതിപ്പോൾ, അവസാനം ഏറ്റവും വലിയൊരു കുടുംബദുഖമായി മാറിക്കഴിഞ്ഞിരിക്കുന്നു.
ക്ഷമിക്കണം എന്നോട്.
മാപ്പ് തരണം.
അറിഞ്ഞുകൊണ്ട്, ബോധപൂർവം മാമന്റെ മകളെ വിഷമിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല.
തള്ളിക്കളയാനോ...
തള്ളിപറയാനോ...
ഉപേക്ഷിക്കാനോ ശ്രമിച്ചിട്ടില്ലാ, മുതിർന്നിട്ടില്ലാ...
കഴിഞ്ഞ പത്തുവർഷങ്ങൾക്കിടയിൽ അഭിപ്രായ വ്യെതിസങ്ങൾ.... സൗന്ദര്യപിണക്കങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്. ശരിയാണ്. പക്ഷെ അതൊന്നും ഇങ്ങനെ കുടുംബം ഉപേക്ഷിക്കുന്നതിലേക്കോ ബന്ധം വേർപെടുത്തുന്നതിലേക്കോ നയിക്കേണ്ട കാര്യങ്ങൾ ആണെന്ന് വിശ്വസിക്കുന്നില്ല. അല്ലെങ്കിൽ അത്രയും രൂക്ഷമായ പ്രശ്നങ്ങൾ ആണെന്ന് കരുതുന്നുമില്ല.
ഒരു നീണ്ട ആലിംഗനത്തിനൊടുവിലോ....
പുറത്തേക്കുള്ള യാത്രക്കുശേഷമോ .....
അമ്പല ദർശനങ്ങൾക്കകമോ....
ബീച്ചിലും പോയി സലിം ഹോട്ടലിൽ കയറി അരിപ്പത്തിരിയും മട്ടനും കഴിച്ചു കഴിയുമ്പോഴോ ....
ഒരുമിച്ചുള്ള ഒരു കുളിയിലോ....
മടിയിൽ തല ചായ്ച്ചു കഥ പറഞ്ഞുള്ള കിടത്തത്തിൻ ഒടുവിലോ....
നല്ലോണം ആസ്വദിച്ചുള്ള ഒരു ബന്ധപെടലിന്റെ അവസാനമോ തീർന്നു അലിഞ്ഞു ഇല്ലാതാവേണ്ട പ്രശ്നങ്ങളെ ഉള്ളു, ഉണ്ടായിരുന്നുള്ളു.
ദൗർഭാഗ്യവശാൽ .....ഞാൻ അവിടെ പരാജയപെടുക ആയിരുന്നു.
ലോകത്തിലെ സർവ്വപാപങ്ങളും നിരഞ്ജനിൽ ഏൽപിച്ചിട്ടു, ജാൻകി നീ എങ്ങോട്ടാണ് ഓടിമറയുന്നത്?