അച്ഛമ്മ വീട്ടില് നിന്നും അമ്മമ്മ വീട്ടിലേക്കു അച്ഛൻ ചവിട്ടുന്ന സൈക്കിളിനു മുന്നിലിരുന്നും പിന്നെ മാമൻ വാങ്ങിതന്ന സൈക്കിളിൽ നാട്ടുവഴിയിലൂടെ പാട്ടുപാടി...
കവിത ചൊല്ലി...കഥ പറഞ്ഞു,
സ്വപ്നം കണ്ടു...എന്നോട് തന്നെ സംസാരിച്ചും ....ചിരിച്ചും .
തനിയെ സഞ്ചരിച്ചതും .....
ഒരു പക്ഷെ ജീവിതത്തിലെ ഏറ്റവും സുന്ദര കാലമായിരുന്നു.
ആഘോഷിച്ചും ആസ്വദിച്ചും നടത്തിയ യാത്രകൾ.
ചവറയിൽ നിന്നും പന്മന മനയിലേക്ക് സൈക്കിളിൽ നടത്തിയ യാത്രകൾ.
ചെമ്മണ്ണ്‍ പാതയിൽ നിന്നും കയറി,
പാറ ചീളുകൾ പാകിയ റോഡിലൂടെ ...
വളവു തിരിഞ്ഞു...വളവ് തിരിഞ്ഞു...പിന്നെയും ആ വളവു, മറ്റൊരു വളവിലേക്ക് ...
വളവുകൾ ചേർന്നൊരു വഴി .
പാമ്പ് ഇഴഞ്ഞു പോകുന്നതുപോലെ....
ഇരു വശങ്ങളിലും മരങ്ങളും കാട്ടുപൊന്തകളും നിറഞ്ഞ ഗ്രാമവീഥി.
പൊതു നിരത്തുകളിലെ ജനസഞ്ചയം ശുഷ്കം.
കാൽ നടയത്രക്കാരയോ ചില സൈക്കിൾ യാത്രികരയോ കണ്ടാലായി.
ഓട്ടോറിക്ഷായും നാല് ചക്ര വാഹനങ്ങളും അപൂർവ്വം .
വാഹനങ്ങളുടെ ശബ്ദം ഓര്മയിലെ ഇല്ല, എന്നാൽ ചെവിയോർത്താൽ കുയിലുകളുടെ കൂചനം കേള്ക്കാം.
ചില്ലകളിൽ തൂങ്ങിയാടുന്ന നരിച്ചീറുകളുടെ കലഹം കാണാം.
വീട്ടില് നിന്നും ഇറങ്ങി, ചെമ്മണ്ണ് പാകിയ ഇടറോടിലൂടെ വളവ് തിരിയുമ്പോൾ അറക്കൽ അമ്പലമായി.
അഷ്ടമുടി കായലിന്റെ കൈവഴി ഒഴുകുന്ന തീരത്തിനടുത്തായി,
വയിലിനും അരികിലായി അറക്കലമ്പലം.
കൂവളം കായ് പഴുത്തു പൊട്ടി ചിതറി കിടക്കുന്ന യക്ഷികാവ്.
ആലിന്റെ പഴുത്തിലയും കൊന്നപൂക്കളും വീണു കിടക്കുന്ന മഞ്ഞ നിറമാർന്ന നടുമുറ്റം.
ആൽമര കൊമ്പിൽ നിന്നും യേശുദാസിന്റെ ഭക്തി ഗാനസുധ.
ആൾത്തിരക്ക് ഒഴിഞ്ഞ അരയാൽ മുറ്റവും കിളിത്തട്ടും.
കുറ്റിച്ചെടികൾ പടർന്നു കിടക്കുന്ന പച്ചപായൽ പിടിച്ച പള്ളിവേട്ട കുളം!
എവിടേക്ക് പോകാനായാലും അമ്പല വഴിയിൽ എത്തുമ്പോൾ, ശ്രികോവിളിനുള്ളിലേക്ക് ഒന്ന് നോക്കാതെ...വണങ്ങാതെ പോകാറില്ല.
അമ്മുമ്മയുടെ മടിയിൽ കിടന്നുകേട്ട അറക്കലമ്മയുടെ കഥകളിലൂടെ ആയിരുന്നു ബാല്യം.
കൊന്നപൂക്കളും കാഴ്ച്ചകുലകളും കണികണ്ടു ഉണരുന്ന മേടമാസപുലരി.
ചെമ്പട്ടുടുത്ത് കൈകളിൽ തളകളും വിരലുകൾക്കിടയിൽ ഭസ്മം പൂശിയ ത്രിശൂലവും ഏന്തി,
അരുളി മാലകൾ മാറത്തണിഞ്ഞു തടിയിൽ കൊത്തിയെടുത്ത ചിത്രപണികളാൽ അലങ്കരിച്ചു ദേവി രൂപം കളഭം ചാർത്തി ആവാഹിച്ചു ഇരുത്തും. 'മുടി' എന്ന് പേര് ചൊല്ലുന്ന ആ രൂപം, കഴകം തലയിലേന്തി വെളിച്ചപാടിന്റെയും മാടഭാഗവന്റെയും അകമ്പടിയോടെ നടയിൽ നിന്നും തുള്ളിയനുഗ്രഹിച്ചു പുറത്തേക്കു ഇറങ്ങും.
ചുറ്റും കൂടി നില്ക്കുന്ന ദേശവാസികളുടെ കുരവയിൽ പ്രാർത്ഥനയിൽ ചെണ്ടമേളത്തിന്റെ കൂട്ടപൊരിച്ചിൽ ചേർന്നലിയും.
അനുഗ്രഹം ചൊരിഞ്ഞു വാരി വിതറുന്ന ഭസ്മത്തിൽ ഭക്തരും നിർവൃതിയിലാകും.
മേടം ഒന്നിന് തുടങ്ങി, അഞ്ചാം ദിവസം കെട്ടുകാഴ്ചയോടെ അവസാനിക്കുന്നതാണ് അറക്കലെ ഉത്സവം.
നാടകങ്ങളും കഥാപ്രസങ്ങവും താലപൊലി യും ഒക്കെ ആയി പകലുകളും രാത്രികളും സജീവം.
പുതിയ സിനിമ പാട്ടുകൾ കേൾക്കാനുള്ള അവസരം കൂടിയായിരുന്നു ഉത്സവങ്ങൾ.
മൂന്നു ദിക്കുകളിൽ നിന്നും എത്തുന്ന ആനയും കുതിരകളും.
ചെണ്ട മേളങ്ങൾക്കൊപ്പം നുരച്ചു പൊങ്ങുന്ന ലഹരിയിൽ
ഉത്സവദിനങ്ങളുടെ ആനന്ദ നിമിഷങ്ങൾ !
അറക്കൽ അമ്പലം കഴിയുമ്പോഴാണ് തെക്കിനി കാവ്.
തെക്കിനി കാവിന്റെ മുന്നിലെ വഴി തുടങ്ങുന്നതിനു മുന്നേ ഒരു വളവാണ്.
കാടിനോട് ചേർന്ന് കാവ് .കാവും കാടും.
കാട്ടിൽ ഇടിഞ്ഞു പൊളിഞ്ഞ ക്ഷേത്രത്തിന്റെ ചുമരുകൾ.
പടവുകളിൽ പണ്ടെങ്ങോ പാകിയ വെട്ടുകല്ലിന്റെ ശേഷിപ്പ്
പായൽ പടർന്ന ചുമരിൽ, പൊളിയുന്ന മന്പാളികളെ താങ്ങിനിർത്തും പോലെ വളർന്നു നിൽക്കുന്ന ചെറു ചെടികൾ.
അകത്തു,അനാഥയായ ഒരു പ്രതിഷ്ഠ. ദേവനേതെന്ന് നിശ്ചയമില്ല. ഇപ്പോഴും!
എപോഴെങ്കിലും അവിടെ ഒരു പൂജ ഉണ്ടായിരുന്നോ എന്നുള്ളതിന് ഓര്മയുടെ ഒരു പിന്തുണയും കിട്ടുന്നുംമില്ലാ
തെങ്ങും കവുങ്ങും സുലഭം.
വള്ളിചെടികളും കാട്ടുമരങ്ങളും വളർന്നു അനാഥമായ ഒരിടം. ഇഴജന്തുക്കളുടെയും കാട്ടുപൂച്ചകളുടെയും വിഹാരം.
വേദമന്ത്രങ്ങൾ മുഴങ്ങിയിട്ട് കാലമേറെ ആയിരിക്കുന്നു.
ഇരുൾ പരക്കും മുന്നേ എത്തുന്ന കറുപ്പ് ആ പരിസരം മുഴുവൻ ഭീതി പടർത്തി .
ആ പഴയ ശ്രീകോവിലിനു മുന്നിൽ ഒരാൾക്ക് ചാടിയെത്താൻ ദുഷ്കരമായ വീതിയിലുള്ള ശുഷ്കമായ ജലസാന്നിധ്യമുള്ള തോട്.
അത് ഒഴുകി എത്തുന്നത്, കാവിനു പുറകിലെ വയലിലേക്കാണ്.
നാല് മണി കഴിഞ്ഞു സ്കൂളിൽ നിന്നും വന്നാൽ,നേരെ രാധാകൃഷ്ണൻ സാറിന്റെ വീട്ടില് ടൂഷൻ ക്ലാസ്സിനു പോകണം.
ആഗ്രഹം ഉണ്ടായിട്ടല്ല.
എല്ലാരും പോകുന്നു,അതുകൊണ്ട് ഞാനും പോകുന്നു.
ടൂഷന് പോയി വന്നതിനു ശേഷമാണു താന്നിമൂട്ടിൽ ചന്തയിൽ മീൻ വാങ്ങാൻ പോകേണ്ടത്.
താന്നിമൂട്ടിലേക്ക് പോകേണ്ടത് തെക്കിനികാവ് കഴിഞ്ഞിട്ടാണ്.
കാവിന്റെ ഇങ്ങേ തലയ്ക്കു പതുക്കെ പമ്മി നില്ക്കും.
കാൽ നടയാത്രക്കാരും വാഹന യാത്രക്കാരും വളരെ അപൂർവമായ ആ വഴിയിൽ
ആരെങ്കിലും വരുമെന്ന പ്രതീക്ഷ , അവരോടപ്പം പതുക്കെ നടന്നുപോകാം.
ആ കാട്ടിനുള്ളിൽ നിന്നും ആരും വരില്ലായിരിക്കാം...പക്ഷെ ആരോ വരുമെന്നും എന്നെ ഭയപെടുത്തുന്ന എന്തോ ഒന്ന് അതിനുള്ളിൽ ഉണ്ടെന്നും എങ്ങനെയോ വിശ്വസിച്ചു പോയി...
ആര് വരാൻ മറുതയോ യക്ഷസോ യമകിങ്കരന്മാരോ ?
ഒരു മനുജാതി പോലും വരാനില്ലാത്ത ഈ വഴിയിലാണോ ,കാട്ടിനുള്ളിൽ നിന്നും ആരോ വരുമെന്ന് പേടിക്കുന്നത്. എന്നൊക്കെ ആശ്വസിക്കാൻ ശ്രമിച്ചു,പരാജയപെട്ടു.
ആ കാത്തിരിപ്പ് ഇരുട്ടുവോളം നീണ്ടു പോകും.
ഒരു ദിവസം, കുറെയേറെ കാത്തിരുന്നിട്ടും ആരെയും കണ്ടില്ല.
നല്ല വിശപ്പും...അതോടപ്പം പേടിയും കൂടി...
ഓരോ നിമിഷങ്ങളും കഴിയുംതോറും അടിവയറ്റിൽ നിന്നും എന്തോ ഒന്നു മുകളിലേക്ക് കയറി കയറി വരുന്നതുപോലെ...
ആരെയും കാണുന്നില്ല.
അടുത്തെങ്ങും ആളനക്കവുമില്ല
ഇനിയും കാത്തിരിക്കുന്നത് വെറുതെയാണ് എന്ന് തോന്നി തുടങ്ങി.
കണ്ണുമടച്ചുകൊണ്ട് ഓടുകതന്നെ.
ഒരറ്റയോട്ടം .
ആ ഓട്ടത്തിനിടയിൽ എവിടെയോ തട്ടി...
മറിഞ്ഞടിച്ചു വീണു.
മുട്ടറ്റം എത്താത്ത നിക്കറിലും ഉടുപ്പിലും പൊടിയും ചെമ്മണ്ണും
മുട്ട് മുറിഞ്ഞിരിക്കുന്നു .....ചോര ഒലിക്കുന്നു .....
കമ്മ്യൂണിസ്റ്റ് പച്ച പറിച്ചു പിഴിഞ്ഞ് മുറിവിൽ പുരട്ടി വീണ്ടും നടന്നു.
അന്ന്, അത്ര വലിയൊരു ആളനക്കമുള്ള ചന്തയൊന്നുമല്ല ,താന്നിമൂട്.
പത്തോളം മത്സ്യ കച്ചവടക്കാരായ സ്ത്രീകളും പിന്നെ രണ്ടോ മൂന്നോ കടകളും
ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല...
ചെമ്മണ്ണ് നിറഞ്ഞ റോഡ് തീരുന്നത് താരതനമ്യേന വീതികൂടിയ ടാറിട്ട റോഡിലേക്കാണ് .
അവിടെ നിന്നും വീതികുറഞ്ഞ മറ്റൊരു ടാറിട്ട റോഡിലേക്ക്.
ഗ്രാമ നിശബ്ദതയും ഭംഗിയും അതിന്റെ നേരായ അർത്ഥത്തിൽ ആസ്വദിക്കാൻ കഴിയുന്നത് ഇനി മുതലാണ് എന്ന് പറയാം.
നീണ്ടു നിവര്ന്നു കിടക്കുന്ന വഴികൾ നന്നേ കുറവാണ് .
വളവുകൾ ആണ് ഏറെയും. അത് തന്നെയാണ് ആ റോഡുകളുടെ സൗന്ദര്യവും.
വയലിന്റെ നടുവിൽ മണ്ണിട്ട് ഉയർത്തിയ ടാറിട്ട റോഡ്.
ഇരു വശങ്ങളിലും കൂനകൂട്ടി തെങ്ങ് വെച്ചിരിക്കുന്നു. അവിടവിടങ്ങളിൽ മരച്ചീനിയും.
പിന്നെ വിശാലമായി നെല്ലും വിളഞ്ഞും കിടപ്പിണ്ടും. വയലിന്റെ അക്കരയിൽ ചില വീടുകൾ കാണാം.
വയലിനെ കീറിമുറിച്ച വഴി തുടങ്ങിന്നിടത്ത്
മണ്ണിട്ട് ഉയരത്തിൽ നികത്തിയ ചതുരാകൃതിയിൽ ഉള്ള ഒരു സ്ഥലം .
പണ്ടെങ്ങോ ചെയ്തത് ആണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവും, അത്ര ഉറപ്പുണ്ട് ആ മണ്ണിന് .
അതിന്റെ ഒത്ത നടുക്ക് ഏറെ നാളായി പണിപൂർത്തിയാക്കാതെ കിടക്കുന്ന ഒരു വീടിനുള്ള അടിസ്ഥാനം കാണാം.
അവിടെ പുല്ല് വളർന്നു, കാടായി മാറിയതുപോലെ.
1998-99 കാലത്തെ ഒരു വൈകുന്നേരം.
നേരം ഇരുട്ടി തുടങ്ങുന്നു.
അമ്മുമ്മയെ കണ്ടിട്ട് പന്മനയിൽ നിന്നും വരുന്ന വഴിയാണ്.
സൈക്കിളിൽ, അത്ര വേഗതയിൽ ഒന്നും അല്ല യാത്ര.
ചുണ്ടുകളിൽ വി. മധുസുദനൻ സാറിന്റെ അഗസ്ത്യാ ഹൃദയം.
ഇരുൾ വീണു തുടങ്ങിയ ആ സന്ധ്യയിൽ മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം അവിടവിടയായി തെളിയുന്നു.
പെട്ടന്നായിരുന്നു, ആ പണി തീരാത്ത വീടിനു സമീപമുള്ള കലുങ്ങിൽ നിന്നും ഏതോ ഒരു ജീവി എനിക്ക് മുന്നിലേക്ക് എടുത്തു ചാടിയതുപോലെ.
എന്തോ ഒന്ന് ഓടിപോയതുപോലയോ...അതോ എന്നെ ആക്രമിക്കാൻ വന്നതുപോലയോ...അതോ ആരോ എന്നെ പിന്തുടരന്നതുപോലയോ എന്തോ ഒന്ന്.
എന്താണന്നു ഒരു വ്യക്തതയും ഇല്ല
നിലാവ് പരത്തുന്ന വെളിച്ചം മാത്രമാണ് മറ്റൊരു ആശ്രയം
കലുങ്ങിനോട് ചേര്ന്നുള്ള കൈതച്ചെടിക്ക് ഇടയിൽ നിന്നുമാണ് അത് വന്നത്.
ഒരു വേട്ടനായുടെ രൂപം ആയിരുന്നോ അതോ ഒരു പുലിയുടെ ആക്രോശമോ ?
ഇപ്പോഴും വ്യക്തമല്ല.
അന്ന് സൈക്കിൾ ചവുട്ടിയ വേഗതയിൽ പിന്നെ ഒരിക്കലും ചവിട്ടിയിട്ടില്ല.
ആദ്യത്തെ വളവ് എത്താറായപ്പോൾ തിരിഞ്ഞു നോക്കി, ഇല്ല, ആരുമില്ല .
വീട്ടില് വന്നു കയറിയെങ്കിലും എന്റെ ശരീരത്തിലെ വിറയിൽ വിട്ടുമാറിയിട്ടില്ലായിരുന്നു.
ഓർക്കുമ്പോൾ ഇപ്പോഴും ഒരു മേലുപെരുപ്പ്.
അതിപ്പോഴും അങ്ങനെ ഒരു സമസ്യാ ആയിതന്നെ നിലനിൽക്കുന്നു .
ഇപ്പോഴും ആ വീടിന്റെ 'അടിസ്ഥാനം', പണിതുടങ്ങുവാൻ ആരോ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു.
ആ വഴിത്താരയിൽ പൂക്കുന്ന പൂച്ചെടികൾക്ക് മഞ്ഞ നിറമായിരുന്നു.
വഴിയരികിലെ കാറ്റിനു നെല്ല് വിളയുന്ന ഗന്ധവും.
ആ വഴിയിൽ ഉണക്കാനിട്ടിരിക്കുന്ന വൈക്കോൽ കൂട്ടങ്ങളുടെ മേൽ എത്രയോ പ്രാവിശ്യം എന്റെ സൈക്കിൾ കയറി ഇറങ്ങി...
വയലിനോടും വയൽ ജീവിതത്തോടും ഉള്ള പ്രണയം എന്ന് തുടങ്ങിയെന്നതു കൃത്യമല്ല.
മാർച്ച് മാസത്തിലെ കൊയ്തുകഴിഞ്ഞു, നിലം എള്ള് നടാനായി ഒരുക്കും.
കാളകളെ കെട്ടിയ നുകംകൊണ്ടു ആ വയൽ ഉഴുതു മറിച്ചു കഴിയുമ്പോൾ,
നുകത്തിൽ നിന്നും കലപ്പ മാറ്റി, 'ചെരിപ്പ്' എന്ന് വിളിക്കുന്ന അല്പം വീതിയും നീളവുമുള്ള
രണ്ടറ്റവും എത്തുന്ന നിരപ്പായ തടി കെട്ടി,കാളയെ കൊണ്ടുവലിപ്പിക്കും .
നിലം കുറച്ചുംകൂടി നിരപ്പാവാൻ പൂട്ടുകാരൻ ചെരിപ്പിൻ മേൽ കയറിനിൽക്കും.
ഒരു കാഴ്ച്ചക്കാരനായി ഞാനും കൂടും.
കാക്കകളും കൊക്കും മൈനകളും ആ പാടം നിറയെ ഉണ്ടാവും.
ഉഴുതു മറിക്കുമ്പോൾ ഉയർന്നുവരുന്ന ഉച്ചിഷ്ടങ്ങളെ അവ ഉച്ചഭക്ഷണമാക്കും !
ആർത്തിയോടെ കൂടെ കൂടുന്ന അവയ്ക്ക് വിളഞ്ഞ് നിൽക്കുന്ന നെൽകതിരുകളോ
കൊയ്ത്തു കഴിഞ്ഞ പാടത്തിലെ നെൽ മണികളോ മാത്രമല്ല വിരുന്നു നൽകിയിരുന്നത്.
മഴക്കാലത്ത് പൊങ്ങുന്ന നത്തക്ക തോട്ടു വക്കിൽ നിന്നും വരമ്പിൽ നിന്നും പറക്കി തോരൻകറി വെക്കുമ്പോൾ ,എന്ത് രുചിയായിരുന്നന്നോ..
കാളപൂട്ടി മണ്ണ് മറിയുമ്പോൾ നത്തക്കായുടെ ദ്രവിച്ച കൂടുകൾ പൊങ്ങി വരും.
ചെരിപ്പിന് മുകളിൽ നിൽക്കുന്ന പൂട്ടുകാരൻ ഗോപാലൻ ക്ഷീണിക്കുമ്പോൾ ,അതിന്മേല ഇരിക്കുവാനായി പലപ്പോഴും എന്നെ ക്ഷണിക്കും,
ആ ചെരിപ്പിന് മുകളിൽ ഞാൻ കൂനിപിടിച്ചു ഇരിക്കും.
കാളകൾ അതിന്റെ കാലുകൊണ്ട് പുറകോട്ടു തൊഴിക്കുമോ എന്നുള്ള പേടിയും
അതിന്റെ വാലു വീശി അടിക്കുമ്പോൾ എന്റെ മുഖത്ത് കൊള്ളുമോ എന്നുള്ളതും അലോസരപെടുത്തുമെങ്കിലും
എന്നെ വിളിക്കുന്നതും കാത്തു എപ്പോഴും പ്രതീക്ഷയോടു നിൽക്കും .
അവളുടെ വീടും വയൽക്കരയിൽ ആയിരുന്നു.
അമ്പലത്തിലെ യക്ഷികാവിനു അരികിലെ പടവുകൾ ഇറങ്ങി താഴേക്കു ചെല്ലുന്നത് വയലിലെക്കാണ്....
അവിടെ നിന്നും കുളത്തിന് അരികിലൂടെ നടന്നു പോകുമ്പോൾ ദൂരെ അവളുടെ വീട് കാണാം.
അവളെ ആദ്യം കാണുന്നത് സ്കൂൾ പഠനകാലത്തിനു ശേഷമാണ്.
മുഖത്ത് അവിടവിടെ ആയി രോമരാജികൾ വന്നു തുടങ്ങിയ, ചോക്ലറ്റ് നിറമുള്ള പെണ്‍കുട്ടി.
ആ മുഖത്തെ മനോഹരമാക്കി ചെറു സുഷിരങ്ങളിൽ മുന്തിരിമണികൾ പ്രക്ത്യക്ഷ പെടുന്നതിന്റെ തുടക്കലക്ഷണം കാണാം.
ഒരു നിശബ്ദ സൌന്ദര്യം.കുലീനത.
കണ്ണുകൾ പലപ്പോഴും പരസ്പരം ഉടക്കി.
പറയാൻ തുടങ്ങിയ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.
സംസാരം ചുണ്ടിലെ ചലനങ്ങളിൽ മാത്രമായി.
എങ്കിലും അവളിൽ ഞാൻ എന്റെ സ്വപ്നം കണ്ടു.
എന്തെ ഞാൻ അവളോട് തുറന്നു പറഞ്ഞില്ലാ?
അതിനുള്ള മാനസിക ശക്തി ഇല്ലായിരുന്നു എന്നതു തന്നെ കാരണം.
അവളെ ഒന്ന് കാണുവാനായി എന്റെ യാത്രകൾ പുനംക്രമികരിച്ചു.
കണ്ടു കഴിയുമ്പോൾ ഒരു വസന്തം വന്നണിയുന്നതുപോലെ.
അക്ഷരങ്ങൾ ചേർത്ത് വെച്ച് വാക്കുകളാക്കി, ശേഷം അതിനെ കവിത എന്ന് പേരുചൊല്ലി വിളിച്ചു.
അവളെ കുറിച്ചുള്ള സ്വപ്‌നങ്ങൾ ആയിരുന്നു ആ കവിതകൾ മുഴുവൻ.
അവളറിയാതെ ഞാനവളെ എന്റെ വധുവാക്കി, വരണമാല്യം ചാർത്തി .
കടമുറികളിലെ മഞ്ഞകുപ്പായമിട്ട കുഞ്ഞു പാവകളിൽ ഞാൻ അവളെ നോക്കികണ്ടു.
ദീപാരാധന കഴിഞ്ഞ സന്ധ്യയിൽ കൈയിൽ താലവുമയി, നട ഇറങ്ങി വരുന്ന മഞ്ഞപട്ടുപാവടയണിഞ്ഞ പെണ്‍കുട്ടി.
കൈമാറാത്തവാക്കുകളായി പ്രണയം ഉള്ളിൽതന്നെ സൂക്ഷിച്ചു..
മനസ്സിനുള്ളിട്ട് പതം വരുത്തി, പറയാതെവെച്ച വാക്കുകൾ
എന്നാൽ കൈമാറിയത്, വക്കുപൊട്ടിയതോ..മുറിഞ്ഞു, കേൾവി കുറഞ്ഞതോ ആയവ.
പ്രണയിച്ചു.
കൈതമുൾ ചെടി കൊണ്ട് വേലികെട്ടിയ ഇടവഴിയിലൂടെ അവളെ കാണുവാനായി സൈക്കിളിൽ പലപ്പോഴും ചുറ്റികറങ്ങി.
അവൾ നടന്നകന്നപ്പോൾ, ഒതുക്കിവെച്ച മുടിച്ചീളുകൾക്ക് ഇടയിൽ നിന്നും ഊർന്നുവീണ മഞ്ഞറോസാ ദളം ....
ആരും കാണാതെ കുനിഞ്ഞെടുത്തു.
കാച്ചിയ എണ്ണയുടെ ഗന്ധം ആ മഞ്ഞപൂവിന്റെ സുഗന്ധത്തെ കീഴടക്കിയോ ...?
എന്റെ കണ്ണുകളിൽ ഞാനെന്റെ പ്രണയം ഒളിപ്പിച്ചു വെച്ചു ...!
എത്രയോ പ്രാവിശ്യം കൂട്ടിമുട്ടിയ കണ്ണുകളിലൂടെ കഥകൾ പറഞ്ഞിരിക്കുന്നു.
കണ്ടില്ലെന്നു നടിക്കാതെ ...പറയാതെ പറഞ്ഞ വാക്കുകളിൽ ...ഒളിപ്പിച്ചുവെച്ച പുഞ്ചിരിയിൽ ഞാൻ നിന്നെ ആശിച്ചു തുടങ്ങുക തന്നെ ആയിരുന്നു.
നീ എന്നെ അറിഞ്ഞിരുന്നുവോ ? ആവോ ഒരു നിശ്ചയവുമില്ല.
അന്ന് അവൾ തന്നു എന്ന് ഞാൻ എന്നെ വിശ്വസിപ്പിച്ച കുഞ്ഞു മയിൽപ്പീലി പ്രണയത്തിൽ പൊതിഞ്ഞു, പുസ്തകത്താളിൽ ഒളിപ്പിച്ചു.
ഞാനത് ആര്ക്ക്കും കൊടുക്കാതെ മറച്ചുവെച്ചു.
നിറം മങ്ങാത്ത ഓർമ്മകൾകൊപ്പം,
പൊടിഞ്ഞുപോയ മഞ്ഞപൂവിന്റെ നാഡിയും, മയിൽപ്പീലി തുണ്ടുകളും പുസ്തകത്താളിൽ അനാഥരായി ....
വളവ് തിരിഞ്ഞു വീണ്ടും വട്ടത്തറ സ്ഥലത്തെത്തി. അവിടുത്തെ പ്രമാണിയുടെ കുടുംബ ക്ഷേത്രത്തിനു മുന്നില് എത്തുമ്പോൾ ആണ് വീടുകൾ തന്നെ കാണുന്നത്.
ആ നടവഴിയുടെ ഓരോ വളവിലും ഓരോ കാവും കാടുകളും ഉണ്ടായിരുന്നു.
ആ കുടുംബ ക്ഷേത്രത്തിനു മുന്നില് വീണ്ടും ഒരു കാവ് കാണാം.
നെൽപാടത്തോട് ചേർന്ന്.ചെറുതെങ്കിലും ഭംഗിയേറിയത്.
ഉയര്ന്നു നില്ക്കുന്ന പേരറിയാത്ത മരങ്ങൾക്കിടയിൽ നാഗക്കാവ്.
ചീവിടുകളും വെടിചീറുകളും എപ്പോഴും ആലോസരപെടുത്തുന്ന ശബ്ദം ഉണ്ടാക്കികൊണ്ടിരിക്കും
പറന്നു ഉയരുന്ന പൊന്മാനും കൊക്കും.
പ്രായമായ അപ്പുപ്പൻ മരങ്ങളുടെ കൈകൾ വളർന്നു നീണ്ട് ഭൂമിയിൽ തട്ടി നിൽക്കുന്നു.
കാറ്റിലാടുന്ന മരച്ചില്ലകൾ.
അവ ഉയർത്തുന്ന ശീൽക്കാരം ..വന്യമായിരുന്നു ..ബീഭൽസമയിരുന്നു..
അവിടെ നിന്നും മുന്നോട്ടു നടക്കുമ്പോഴാണ് കാഴ്ചകളെ കൂടുതൽ മനോഹരമാക്കുന്നത്.
എപ്പോഴും വീടുകൾക്ക് മുന്നിലും വഴിവക്കിലും നടവരമ്പിലും കാണുന്ന കൊയ്ത്തു കഴിഞ്ഞതിന്റെ അടയാളങ്ങൾ.
പുഴുങ്ങിയ നെല്ലിന്റെ മണം.
വിരുന്നായി വൈക്കോൽ കൂമ്പാരങ്ങൾ.വഴിയിൽ ഉണക്കാനായി ഇട്ടിരിക്കുന്ന വൈക്കൊലുകൾ.
നെല്ല് പുഴുങ്ങി ഉണക്കാനായി കൈതോലപായയിലേക്ക് പകർത്തുന്നു.
തൊട്ടടുത്തെല്ലാം പൊടിപ്പ് മില്ലകൾ കാണാം
അതിന്റെ കലപില ശബ്ദം കേൾക്കാം.
നെല്ല് കുത്തുന്നത്തിന്റെയും എള്ള് ആട്ടുന്നതിന്റെയും മണമാണ് നാട്ടാർക്കും ആ വഴിക്കും വഴിയാത്രകാർക്കും.
ആ അന്തരീക്ഷം മുഴുവൻ കൊയ്ത്തുപാട്ടിന്റെ വായ്ത്താരിയാണ്.
എന്തൊരു ഊഷ്മളത.
ആ കാറ്റിന്റെ ഗന്ധം ഇപ്പോഴും എൻറെ നാസാരന്ദ്രങ്ങളിൽ നിന്നും പോകുന്നില്ല.
കാഴ്ച്ചകളുടെ സൌന്ദര്യം ഒരു പുണ്യം ചെയ്ത അനുഭവമായി തന്നെ മനസ്സിൽ തങ്ങുന്നു.
കൊയ്ത്തു കഴിഞ്ഞ പാടങ്ങൾ .....................
കുറ്റിയായി നിൽക്കുന്ന കറ്റയോളം ഉയർന്നു വയലിലെ വെള്ളം.
മഴ പെയ്തു തോര്ന്നു മരം പെയ്യുന്നതുപോലെ ,കൊയ്ത്തു കഴിഞ്ഞ പാടത്തുനിന്നും കൊയ്തുപാട്ടിന്റെ നിലക്കാത്ത വായ്ത്താരി മുഴങ്ങുന്നതുപോലെ.
സന്തോഷത്തിന്റെ സുദിനങ്ങൾ നഷ്ടപെട്ടിട്ടില്ല എന്ന് തോന്നുംപോലെ...
പച്ചപ്പും കാളപൂട്ടും കൊയ്ത്തും നെല്ല് ഉണക്കലും
ഓർമകൾക്ക് ആയിരം ചമയങ്ങൾ ചാർത്തുന്നു.
ചെന്ന് കയറുന്നത് അമ്മുമ്മ വീട്ടിലേക്കാണ്
ടാറിട്ട റോഡിൽ നിന്നും താഴേക്ക് ഇറങ്ങുന്നത് ഒരാൾ പൊക്കത്തിൽ താഴ്ചയുള്ള ഇടവഴിയിയായ കോട്ടവരമ്പിലേക്കാണ്.
പറങ്കിമാങ്ങ പൊഴിഞ്ഞുവീണു കിടക്കുന്ന ഇടവഴിക്ക് അപ്പുറം വൈക്കോൽ കൂനകൾ നിറഞ്ഞുനിൽക്കുന്ന തെങ്ങിൻതോപ്പ്.
അവിടെവടെയായി ആഞ്ഞലി മരങ്ങളും പറങ്കിമാവുകളും നാടൻ തമ്പോരൻ മാവും.
പുരയിടത്തെ നടുവെ പകുത്ത കല്ലട പദ്ധതിയുടെ വെള്ളം ഒഴുകാത്ത കനാൽ ആ പുരയിടത്തിന്റെ കിടപ്പിനെയും സൌന്ദര്യത്തെയും നശിപ്പിച്ചിരിക്കുന്നു.
പുഴുങ്ങിയ നെല്ല് മണക്കുന്ന ,
വൈക്കോലും കാച്ചിയ എണ്ണയും മണക്കുന്ന വീട്.
അതായിരുന്നു അമ്മയുടെ അമ്മ വീട്.
വിശാലമായ വയൽക്കരയിൽ പ്രൌഡിയോടെ ആ പഴയ ഓടിട്ട കെട്ടിടം.
ഗൃഹാതുരതയോടെ ഓർക്കാൻ ....
നഷ്ടപെടരുതെ എന്ന് പ്രാർത്ഥിക്കാൻ എന്തുണ്ട് എന്ന് ആലോചിച്ചാൽ ...
നിറയെ വാതിലുകൾ ഉള്ള കുമ്മായം പൂഴിയ ആ പഴയ ഓടിട്ട വീട്.
നിറം മങ്ങി തുടങ്ങിയെതെങ്കിലും പ്രൌഡമായ ആ വീട് തന്നെ.
പച്ച ചായം പൂശിയ കതകിനു വിടവിലൂടെ മുറിപല്ലുകളുമായി ഒരു പെണ്‍കുട്ടി. മാമൻറെ മകളാണ്. അവളുടെ അച്ഛൻ വാങ്ങികൊടുത്ത കുടയും സ്ലേറ്റും പെൻസിലും എടുത്തു ഒതുക്കിവെക്കുന്നു.
സ്ലേറ്റിലെ എഴുത്ത് മായിക്കുന്ന പച്ച പറിക്കുവാൻ പുറത്തിറങ്ങിയ അവൾ, അച്ഛന്റെ സൈക്കിളിൽ നിന്നും ഞാൻ ഇറങ്ങിയപ്പോൾ എന്നരികിലേക്ക് ഓടിയെത്തി.
ഞങ്ങൾ കൂട്ടുകാരായി.
എന്റെ കൈകൾ പിടിച്ചവൾ മുറ്റത്തേക്കിറങ്ങി.
വിളഞ്ഞു നിൽക്കുന്ന ബ്ലാവപ്പഴ മരത്തിന്റെ ചുവട്ടിൽ , പച്ച മണ്ണ് കുഴച്ചു ചോറുണ്ടാക്കി ചെമ്പരത്തി പൂവിന്റെ മൊട്ടുകൾ പിച്ചി കറികൾ ഉണ്ടാക്കി.
വർഷങ്ങൾക്കു ശേഷം ഞാൻ അവിടെ തനിച്ചു എത്തുമ്പോൾ, മുട്ടോളം എത്തുന്ന കുഞ്ഞു പാവാടയിൽ നിന്നും ധാവണി ചുറ്റിയ പെണ്‍കുട്ടി ആയി അവൾ വളര്ന്നിരുന്നു. ആ പഴയ ഇരുപാളി വാതിലിന്റെ പകുതി തുറന്ന കതകിലൂടെ അവളന്നെ നോക്കി. ഇപ്പോൾ കരം കവര്ന്നത് ഞാനാണ്, അവളുടെ അച്ഛന്റെ സാമിപ്യത്തിൽ കൈപിടിച്ച് പുറത്തേക്കു ഇറങ്ങി.
ഓർമകളുടെ സുഗന്ധം പൊഴിക്കുന്ന ആഘോഷമാണ് ഇപോഴുള്ള ജീവിതം.
ജനിമ്രിതികളുടെ ആവർത്തനം, ഉയർത്തെഴുന്നേൽപ്പ്.
ഇന്നലകൾ നഷ്ടപെടീലുകൾ ആണ്. പക്ഷെ അവയ്ക്ക് ഇന്നിന്റെ പൂർത്തികരണത്തിനുള്ള
ഊർജവും പ്രേരണയും നൽകുവാൻ കഴിയുന്നു.
ജീവിതം ആഘോഷിക്കപെടേണ്ടതാണ്. പക്ഷെങ്കിലും അങ്ങനെ അല്ലാതെ ആവുന്ന ഈ നിമിഷങ്ങളിൽ
വെറുതെ എങ്കിലും ഓർത്തുപോകുന്നു.
ഇനിയും ആ ഇടറോഡിലൂടെ .....
ചെമ്മണ്ണ്‍ പാതയിലൂടെ ...
ആ പഴയ ഗന്ധം ശ്വസിച്ചു ...
കിളികളോടും മരങ്ങളോടും കഥ പറഞ്ഞു..
കവിത ചൊല്ലി...
തനിയെ പുലമ്പിയും ...ചിരിച്ചും...
ഉറക്കെ പറഞ്ഞും...പിന്നെ നിശബ്ധനായും
ഒരിക്കൽ കൂടി... സൈക്കിളിൽ പോകണം....