ആമുഖം
നിലാവ് പൊഴിഞ്ഞു പടർന്ന ഇടവഴിയിലൂടെ നടക്കുമ്പോൾ കളഞ്ഞുകിട്ടിയതാണൊരു ഡയറി. മഞ്ഞ ജമന്തിപ്പൂവിന്റെ ചിത്രം ആലേഖനം ചെയ്ത ആ ഡയറി ഭാഗ്യവശാലാവും എന്റെ പക്കൽ തന്നെ കിട്ടിയത്. ഒന്നൊഴിയാതെ ഓരോ ദിവസവും കുറിച്ചുവെച്ചിട്ടുള്ള ഒരുവന്റെ ചേതോവികാരങ്ങൾ, അന്ത:സങ്കർഷങ്ങൾ, കുടുംബം, ദിവാസ്വപ്‌നങ്ങൾ, ആഗ്രഹങ്ങൾ, വേദനകൾ, ഔദോധിക ജീവിതത്തിലെ ആകുലതകൾ, ജീവിത ഭൂമിക ഒക്കെയും പല അവസരങ്ങളിലായി പറഞ്ഞു പോകുന്നുണ്ട് ആ ഡയറിയിൽ.
നിരഞ്ജൻ!
നിരഞ്ജൻ, എന്നാണ് അയാളുടെ പേര്!
ഇന്ത്യയുടെ അയൽ രാജ്യമായ മാലിദ്വീപിൽ പ്രവാസ ജീവിതമാണ് നിരഞ്ജന്റെത്. ഒരു കമ്പനിയിലെ കണക്കപിള്ളയുടെ ജോലിയാണ് അയാളുടേത് എന്നാണ് ആ ഡയറിയിലെ ചെറുവിവരണങ്ങളിൽ നിന്നും മനസ്സിലാക്കുവാൻ കഴിഞ്ഞത്. സുഹൃത്തിനു കത്തെഴുതുക എന്നതാണ് അയാളുടെ ഒഴിവു സമയ വിനോദം എന്ന് തോന്നുന്നു. നിരഞ്ജൻ, അയാളുടെ ആത്മസുഹൃത്ത് അശ്വതിനു അയച്ചിരിക്കുന്നതെന്ന് കരുതുന്ന കത്തുകളാണ് ഓരോ കുറിപ്പുകളും.
എല്ലാദിവസത്തേയും കുറിപ്പുകൾ പ്രസിദ്ധീകരണ യോഗ്യമാണോ എന്നതിൽ സംശയമുണ്ട്. പലതിലും വളരെ വ്യെക്തിപരമായ കാര്യങ്ങളും ചിലതിൽ മൂന്നാമത് ഒരാൾക്ക് അപ്രസക്തമെന്നു തോന്നുന്ന കാര്യങ്ങളുമാണ് എഴുതിയിട്ടുള്ളത്. പക്ഷേങ്കിലും ചില കുറിപ്പുകൾ, അത് ഒരാളുടെ സ്വകാര്യത ആണെന്നുവരികിലും, വായനയിൽ കൗതുകമുള്ളതായി തോന്നി. അതിവിടെ പങ്കുവെക്കട്ടെ!
DIARY എന്നുള്ളത് Darling I Always Remembering You, എന്നാണെങ്കിൽ, ഓർമകൾക്ക് കൂട്ടായി ചിലതൊക്കെ പങ്കുവെക്കട്ടെ.
സസ്നേഹം
സുനിൽ കെ എം
***************************
1
ഏപ്രിൽ പതിനാറ്
മാലിദ്വീപ്
സിമന്റ് കല്ലുകൾ പാകിയ, ഇടുങ്ങിയതും തിരക്കേറിയതുമായ മാലെയിലെ അമീർ അഹമ്മദ് മാഗു എന്ന വഴിയിലൂടെ നടന്നു. വരിവരിയായി തീർത്ത വീടുകളും ചെറിയ കടകളാലും നിറഞ്ഞതാണ് ഓരോ മാഗുവും. വീടുകളുടെയും കടകളുടെയും മുൻവാതിലുകൾ തുറക്കുന്നത് നേരെ മാഗുവിലെക്കാണ്. മാഗുവെന്നാൽ വഴിയെന്ന് അർത്ഥം. തിരക്കേറിയ വഴികളിലെല്ലാം ഇരുചക്ര മോട്ടോർ വാഹനങ്ങളുടെ ആരവവും പുകയും തന്നെ.
വളവു തിരിഞ്ഞു വലത്തേക്ക് നോക്കുമ്പോൾ രാഷ്ട്രപതിയുടെ കൊട്ടാരം കാണാം. കേട്ടുപരിചയമുള്ള കഥകളിലെ, കണ്ടുപരിചയമുള്ള ചിത്രങ്ങളിലെ, രാജകൊട്ടാരം പോലെയോ സുൽത്താന്റെ ഗൃഹം പോലെയോ വലിപ്പമോ വ്യാപ്തിയോ ഇല്ലെങ്കിലും നൂറ്റാണ്ടുകളിലൂടെ കൈമാറിവന്ന രാജകുടുംബങ്ങളുടെയും സുൽത്താൻമാരുടെയും കഥകളും ഗന്ധവും നിറഞ്ഞു നിൽക്കുന്ന കൽമേടകൾ. പുണ്യപുരാണ സംസ്‌കൃതികളുടെ തിരുശേഷിപ്പുകൾ ആയി നിലകൊള്ളുന്ന അത്തരം മേടകളുടെ മുന്നിലൂടെ നടപ്പു തുടർന്നു. ഇവിടെയൊക്കെ ഇപ്പോൾ വിദേശ വിനോദ സഞ്ചാരികളുടെയും, പ്രവാസി തൊഴിലാളികളുടെയും സെൽഫി സ്പോട്ടായി ശ്രദ്ധയാകർഷിക്കുന്നു.
പട്ടാളകാര്യാലയത്തിന്റെ പുറകിലാണ് ചൈനീസ് നിർമ്മിത ഉദ്ധ്യാനവും, മണ്മറഞ്ഞ കാലഘട്ടത്തിലെ സുൽത്താന്മാരുടെ അവശേഷിപ്പുകളും നിലനിർത്തിയിരിക്കുന്ന പാർക്കും ഉള്ളത്. സുൽത്താൻ പാർക്കിനു അഭിമുഖമായാണ് മാലിദ്വീപിലെ ഏറ്റവും വലിയ നിസ്‌കാര പള്ളി, ഹുക്കുറു മിസ്ക്കി എന്ന വെള്ളിയാഴ്ച്ച പ്രാർത്ഥനാലയം സ്ഥിതിചെയ്യുന്നത്. ദ്വീപിലെ ശില്പകലയിലെ ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന നിർമ്മിതിയാണത്. ആ പരിശുദ്ധാലയത്തിനു മുന്നിൽ ഒരു നിമിഷം ധ്യാന നിമഗ്നനായി നിന്നു.
അശ്വത്, നീ അന്ന് സൂചിപ്പിച്ചകാര്യത്തെക്കുറിച്ചു അന്ന്വേഷിച്ചിരുന്നു!
ചരിത്രവും ഭാഷയും വ്യാകരണവും ജൈവ വൈവിധ്യങ്ങളും പ്രകൃതിയാകെയും സാഹിത്യാ ഭൂമികയിലേക്ക് പറിച്ചുനട്ട ദൃക്ഷ്ടാന്തമായിരുന്നുവല്ലോ മഹാമുനി വിരചിതമായ രാമായണവും തുടർന്നുവന്ന പാട്ടുപ്രസ്ഥാനങ്ങളും. അത്തരം തനതു സംസ്‌കൃതികളുടെയും നാടോടി രചനകളുടെയും വിളനിലവും വ്യാപനവും നീ പറഞ്ഞതുപോലെ ഭാരതദേശം മാത്രമായി ഒതുങ്ങി നിന്നിരുന്നില്ല. ഇന്ത്യാ ഉപഭൂഖണ്ഡത്തിനപ്പുറത്തേക്ക് വളർന്നു ദക്ഷിണയേഷ്യ ആകെ പടർന്നു പന്തലിച്ച സാഹിത്യ വകഭേദങ്ങൾ പലയിടങ്ങളിലായി നിലനിന്നിരുന്നു.
രാമായണം സൃഷ്‌ടിച്ച ആ മാതൃകകൾ, കാലവും ദേശവും കടന്നു വിവിധ രൂപങ്ങളിൽ പല ദിക്കുകളിൽ കാണുവാൻ കഴിയും. അത് ബർമ്മ മുതൽ, ഫിലിപൈൻസും തായ്‌ലാൻഡും ഇന്തോനേഷ്യയും കംബോഡിയും ലാവോസും മലേഷ്യയും കടന്നു ഏഷ്യയാകെ വ്യാപിച്ചു കിടക്കുന്നു.
അശ്വത്, അതുകൊണ്ടാണോ മാലിദ്വീപിൽ, വാൽമീകി രാമായണത്തിന്, അത്തരം എന്തെങ്കിലും സ്വാധീനം ചൊലുത്തുവാൻ കഴിഞ്ഞുവോ എന്ന് നീ അന്ന്വേഷിച്ചത്?
നീ ആവിശ്യപെട്ടതുപോലെ, അത്ര വലിയൊരു സാഹിത്യസമ്പാദനം ഒന്നും കണ്ടെത്തുവാൻ എന്റെ പരിമിതികൾക്കു കഴിഞ്ഞില്ല. കേട്ടറിഞ്ഞതും പിന്നെ ഇന്റർനെറ്റും മാത്രം ആയിരുന്നു നിന്റെ ചോദ്യങ്ങളിലേക്കു എത്തുവാനുള്ള എന്റെ അവലംബങ്ങൾ. അതൊക്കെ എത്രമാത്രം ആധികാരികമാണ് എന്നത് നിന്റെ വിവേചന ബുദ്ധിക്ക് വിട്ടു തരുന്നു.
എങ്കിലും, അശ്വത്, നിന്റെ ചോദ്യവും സംശയവും വെറുതെ ആയിരുന്നില്ല എന്ന് പറയുന്നത് തെല്ല് അതിശയത്തോടെയാണ്. ഇൻറർനെറ്റിൽ അതിനെക്കുറിച്ചു കാര്യമായി പരതുമ്പോഴാണ് 'സീതാദേവിയും ശ്രീരാമനും' 'ദോൻഹെലയും അലിഫുളുവും' ആയി ദ്വീപിൽ അക്ഷരജന്മം എടുത്തിട്ടുണ്ടെന്നുള്ളത് അറിയുന്നത്. വർത്തമാനകാല ജനസഞ്ചയത്തിനു അത്രയ്ക്ക് പരിചയമൊന്നുമില്ല അവരെ ഇരുവരെയും, എങ്കിലും, പണ്ട് എപ്പോഴോ കേട്ട മുത്തശ്ശി കഥപോലെ പലർക്കും ഓർമ്മയുണ്ട് അലിഫുളുവിനെയും ദോൻഹെയ്‌ലയെയും.
അപ്പോഴും എന്റെ സംശയവും ആകാംഷയും കൂടുക മാത്രമേ ചെയ്തുള്ളു. നൂറു ശതമാനം സുന്നി മുസ്ലിം ചര്യയിൽ ജീവിക്കുന്ന സമൂഹത്തിൽ എങ്ങനെയാണ് രാമായണം കണ്ടെത്തുവാൻ കഴിയുക!
മധ്യകാലഘട്ടത്തിലെ ഇസ്ലാമിക് സാംസ്കാരിക പരിണാമത്തിലൂടെ കടന്നുപോകുന്ന രാഷ്‌ട്ര സമൂഹമാണ് 'രാജ്ജെ ജനങ്ങൾ ' എന്നു അഭിമാന പൂരിതരാകുന്ന മാൽദിവ്സ്. 1153 ഇൽ ആണ് ദോവമി കലമീഞ്ച എന്ന ബുദ്ധരാജാവ് തന്റെ രാജ്യത്തെ മുഴുവനായി ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തത്. സനാതന ജീവിതരീതിയുമായി ഏറ്റവും സ്വാധീനമുള്ള വജ്രായണ ബുദ്ധമതത് തിന്റെ അനുഭാവികളും ആരാധകരും ആയിരുന്നു പന്ത്രണ്ടാം നൂറ്റാണ്ടു വരെയുള്ള, മഹാ രാധുൻ എന്നോ റസ് കലിഗെയെന്നോ വിളിപ്പേരിൽ ഉണ്ടായിരുന്ന മാലിദ്വീപിലെ രാജഭരണം. ആയിരത്തി നാണൂറു വർഷം പഴക്കമുള്ളതും, എണ്ണൂറു വർഷങ്ങൾക്കു മുൻപുണ്ടായിരുന്നതുമായ വജ്രായണ ബുദ്ധകാലത്തിന്റെ ശേഷിപ്പുകൾ തലസ്ഥാനമായ മാലെയിലും മറ്റു ദ്വീപുകളിലും ഇപ്പോഴും കാണുവാൻ കഴിയും.
എട്ടും ഒൻപതും നൂറ്റാണ്ടുകളിലെ ശിലാഫലകങ്ങളിൽ നിന്നും ഇന്ത്യൻ ആരാധനാ മൂർത്തികളായ ശിവന്റെയും ലക്ഷ്മിയുടെയും വസിഷ്ഠ മുനിയുടെയും മറ്റും പ്രതിഷ്ഠകൾ കിട്ടിയതായി രേഖകകളും സൂചിപ്പിക്കുന്നു. ഇവിടെ നിലനിൽക്കുന്ന നാടോടി കഥകളിൽ മന്ത്രവാദിയും ആഭിചാരക്രിയകളിൽ അഗ്രഗണ്യനുമായ ഒടിതൻ കലെഗെക്കുറിച്ചും അദ്ദേഹത്തിന്റെ സുന്ദരിയും മിടുക്കിയുമായ ഭാര്യ ദോഹി ഐഹയെക്കുറിച്ചും പരാമർശങ്ങളുണ്ട്. ഭർത്താവിനെ പോലെ തന്നെ ദോഹിയും ആഭിചാരക്രീയകളിൽ സമർത്ഥയും വിവേകമതിയും ആയിരുന്നുവെന്നു പാടിപുകഴ്ത്തുന്നു. നമ്മുടെ ഭാഷയിൽ കേട്ടുപരിചയമുള്ള 'ഒടിയൻ' തന്നെയാണോ ഈ 'ഒടിതൻ' എന്നും സംശയമുണ്ട്!
എനിക്ക് തോന്നുന്നു, പ്രേതഭൂത വിശ്വാസങ്ങൾക്ക് മേലുള്ള തനതു ജനതയുടെ ആഭിമുഖ്യം, വെറും കഥകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ഓഫീസിലെ സരസ സംഭാഷണങ്ങളിലും, പൊതുസമൂഹത്തിലെ ചർച്ചകളിലും രാഷ്ട്രീയ സംഭവങ്ങളിലും ഒക്കെ ഒടിതൻ പല പേരുകളിൽ പല രൂപങ്ങളിൽ പ്രേതഭൂത ഭാവങ്ങളിൽ മന്ത്രമായും ആഭിചാരമായും അഭിരമിക്കുന്നു, രൂഢമായ വിശ്വാസമായും നിലനിൽക്കുന്നു.
മാലിദ്വീപിലെ പുരാണ കൃതികളിലും നാടോടി കഥകളിലും ഭൂതപ്രേതങ്ങളും മന്ത്രവാദ കഥകളും അന്യമല്ലെങ്കിലും 'ദോൻ ഹെയ്‌ലയുടെയും അലി ഫുളുവിന്റെയും കഥ വ്യെത്യസ്തമാകുന്നത് അവർക്കു രാമായണ കഥാഖ്യാനത്തിന്റെ സ്വാധീനം ഉണ്ടോ എന്ന സംശയത്തിലാണ്. സുന്ദരിയും സുന്ദരനുമായിരുന്ന ഈ കാമുകരുടെ പ്രണയകഥ രാമായണത്തിന്റെ വേറിട്ടൊരു ആഖ്യാനം ആണോ എന്നൊരു സംശയം, കഥാതന്തു കേൾക്കുമ്പോൾ ഉണ്ടായി. കാഴ്ച്ചയിൽ പെട്ടെന്നൊരു സാമ്യം തോന്നുക ഇല്ലെങ്കിലും, വരികൾക്കിടയിലൂടെ പരതുമ്പോൾ, ചിലതൊക്കെ കൂട്ടിവായിക്കുമ്പോൾ ചെന്നത്തുന്നത് രാമായണത്തിലേക്കാവില്ലേ?
അസാധാരണ സൗന്ദര്യമുള്ള യുവതിയായ ദോൻ ഹെയ്‌ലയും, അവരുടെ സുന്ദരനായ ഭർത്താവ് അലി ഫുളൂവും! അയാളിൽ നിന്നും ക്രൂരനും വില്ലനുമായ ഒരു രാജാവ്, ദോൻ ഹെയ്‌ലയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിക്കുന്നതാണ് കഥാസാരം. കഥാവസാനം, നായകനും നായികയും ഒത്തുചേരുന്നുവെങ്കിലും വില്ലനായ രാജാവിന്റെ അനുചരന്മാരുടെ ആവർത്തിച്ചുള്ള പിന്തുടരൽ, ആവരുടെ ശിഷ്ടജീവിതത്തെ ദുർബലപ്പെടുത്തുന്നു.
വീണ്ടും ആ രാജാവിന്റെ തടവിലേക്കു പോകുവാൻ ഇഷ്ടപെടാതിരുന്ന ദോൻ ഹെയ്‌ല ആത്മഹത്യാ ചെയ്യുന്നു. അതിനെത്തുടർന്ന് അലിഫുളുവും മറുത്തൊന്നല്ല ചിന്തിച്ചത്. ദുഃഖപര്യവസായിയായ ആ പ്രണയകഥ അവസാനിക്കുന്നത് അലി ഫുളൂവിന്റേയും ദോൻ ഹെയ്‌ലയുടെയും ആത്മഹത്യകളിലാണ്.
ത്രേതായുഗത്തിലെ കോസല രാജാവ്, പുരുഷോത്തമൻ സാക്ഷാൽ ശ്രീരാമചന്ദ്ര മഹാപ്രഭു, അനന്തശേഷനെ പിന്തുടർന്ന് സരയു നദിയിൽ അനന്തദേവതകളുടെ സാന്നിദ്ധ്യത്തിൽ, മഹാചൈതന്യത്തിൽ വിലയം പ്രാപിച്ചത്, ഏതെല്ലാം കഥകൾ ബാക്കിവെച്ചിട്ടാണ്!
****************************** *
2
ഏപ്രിൽ ഇരുപത്
മാലിദ്വീപ്
മാലിദ്വീപിൽ നിന്നും ഇന്ത്യയുടെ ഏറ്റവും അടുത്ത മുനമ്പിൽ എത്തുവാൻ നാൽപ്പത് മിനുട്ട് ആകാശയാത്ര മതിയാവും. നമ്മുടെ രാജ്യവുമായി അത്രയും അടുത്ത് കിടക്കുന്ന മാലെക്ക് അയൽരാജ്യം എന്നുള്ള കാര്യത്തിൽ മാത്രമല്ല പ്രാധാന്യവും സമാനതയും അടുപ്പവും ഉള്ളത്. ഭാഷയിൽ, വേഷത്തിൽ, ഭക്ഷണത്തിൽ സംഗീതത്തിൽ എന്നിങ്ങനെ പല സമാനതകളും കാണുവാൻ കഴിയും.
ഇന്ത്യയുടെ തെക്കു പടിഞ്ഞാറായി ആയിരത്തി ഇരുനൂറോളം ദ്വീപുകൾ അറ്റോളുകളായി കോർത്തിണക്കി മാലപോ ലെ ശയിക്കുന്ന രാജ്യം. മാലിദ്വീപിനെ കുറിച്ച് വായിച്ച പുസ്തകങ്ങളിലെ ലഘു ഗ്രാമകാവ്യമാണ് അതിന്റെ ഭൂമിശാസ്ത്ര മനോഹാരിത! വെള്ളമണൽ പരവതാനി വിരിയിച്ച തീരങ്ങളും, ഹരിത നീലിമയാർന്ന കടലിലും, ഭാഗികമായി മുങ്ങികിടക്കുന്നു എന്ന് തോന്നിപ്പിക്കുന്ന പവിഴപുറ്റുകളുടെ നീണ്ടനിരയും, തീരത്ത് നിന്നു നോക്കിയാൽ കടലിന്റെ അടിത്തട്ടു കാണുന്നവിധം തെളിർമയുള്ള ജലവും,. ഏകാന്തവാസത്തിനു യോജിച്ച സന്ദർശക കേന്ദ്രങ്ങളും നിറഞ്ഞതാണ് മാലിദ്വീപിലെ ഭൂപ്രകൃതി.
മാല്‍ഡീവ്‌സ്ലെ മാതൃഭാഷ ദിവേഹി ആണ്!
അതെ, മാല്‍ഡീവ്‌സ്!
ഇവിടുത്തുകാർക്ക്, നമ്മൾ ഈ പറയുന്ന മാലിദ്വീപ് അറിയില്ല. അവരുടെ രാജ്യത്തിന്റെ പേര് മൽദീവസ് എന്നാണ്, മാതൃഭാഷയിൽ 'ദിവേഹി രാജെജ ' എന്നും വിളിക്കും. മലയാളത്തിൽ ഉപയോഗിക്കുന്ന 'രാജ്യം' എന്ന പദമല്ല, ഇവിടുത്തെ സംസാര ഭാഷയിൽ ഉപയോഗിക്കുന്ന 'രാജെജ'. അതുപോലെ മാലിയും ഇവർക്കറിയില്ല, അറിയാവുന്നതു 'മാലെ' ആണ്.
ഇന്ത്യൻ ഭാഷകളിൽ നിന്നും ഏറെ വാക്കുകൾ കടമെടുത്തിട്ടുണ്ട് ദിവേഹിയിൽ. ഹിന്ദി,തമിൾ, മലയാളം ഭാഷകളിലെ പല വാക്കുകളോടും സാമ്യമുള്ള ദിവേഹി വാക്കുകൾ കാണാൻ കഴിയും. ആര്യ ദ്രാവിഡ ഭാഷ ഗോത്രം തന്നെയാണ് ദിവേഹിയും. ദക്ഷിണ ഏഷ്യയിലെ എല്ലാ രാജ്യങ്ങളിലും നിലനിൽക്കുന്ന ഭാഷകൾക്ക് സംസ്‌കൃതം വഴികാട്ടിയായിട്ടുണ്ട് എന്നു തോന്നുന്നു. മണിപ്രവാളം തന്നെയല്ലെ ശ്രീലങ്കയിലെ സിംഹള ഭാഷ എന്നും തോന്നും.
എനിക്ക് തോന്നുന്നു നല്ലൊരു ശതമാനം മാലെ ജനതക്കും ഹിന്ദിഭാഷാ മനസ്സിലാകുമെന്ന്. സാറ്റലൈറ്റ് ടിവികളുടെ വരവോടെ വടക്കേ ഇന്ത്യ ആസ്ഥാനമായിട്ടുള്ള ചാനലുകളുടെ പരിപാടികൾക്ക്, പ്രേത്യേകിച്ചു സോപ്പ് ഓപ്പറകൾക്ക് പ്രേക്ഷകർ ഏറെയാണിവിടെ. മുൻപ് ആൾ ഇന്ത്യ റേഡിയോ പ്രേക്ഷേപണം ചെയ്തിരുന്ന പരിപാടികൾക്ക് മൽദീവസിൽ നിന്നും ശ്രോതാക്കൾ ഉണ്ടായിരുന്നു. മുഹമ്മദ് റാഫിയും മുകേഷും ലതാ മങ്കേഷ്‌കറും പങ്കജ് ഉദാസും ബർമെനുമൊക്കെ മാൽദിവസിലെ തലമുറയുടെ ആവേശമായിരുന്നു. ഈ കാലങ്ങളിൽ ഇറക്കിയിരുന്ന ദിവേഹി പാട്ടുകൾ ഹിന്ദി സിനിമ ഗാനങ്ങളോട് കടപ്പെട്ടിരിക്കുന്നു. എന്തിനേറെ പറയുന്നു ചില മലയാള സിനിമ ഗാനങ്ങളുടെ സംഗീതവും തരംപോലെ ഉപയോഗിച്ചിരിക്കുന്നു.
മാലിദ്വീപിലെ ചരിത്ര സംഹിതയുടെ ഇടവഴികളിലൂടെ നടന്നുപോകുമ്പോൾ, വാങ്‌മയയും ഭാഷാശാസ്ത്രപരവും സാംസ്‌കാരിക പ്രബുദ്ധവുമായ പാരമ്പര്യ പകർച്ചകളിൽ തെളിഞ്ഞു നിൽക്കുന്നതും കാലിൽ കുരുങ്ങുന്നതും, സംഘകാലഘട്ടത്തി ലെ തമിൾ വംശജരുടെ കുടിയേറ്റത്തിന്റെ അടയാളങ്ങളാണ്. ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ തെക്കുപടിഞ്ഞാറ് നിന്നും വന്ന വർത്തകപ്രമാണികളോ മുക്കുവ സമൂഹങ്ങളോ ആവാം അതിന്റെ പ്രയോജികർ. ദ്രാവിഡ സംസ്കാരത്തിന്റെ ശക്തമായ ശേഷിപ്പിക്കുകൾ ഭാഷയിലും വേഷത്തിലും സംസ്കാരത്തിലും കാണുവാൻ കഴിയും.
മാലിദ്വീപിലെ കുടിയേറ്റ ചരിത്രം പറയുന്നത്, ജനങ്ങൾ ആദ്യമായി, വന്നു താവളമാക്കിയത് ഗിരാവറു എന്ന ദ്വീപിലാണ്. പഴയ മലബാർ തീരത്തുനിന്നുമുള്ള മുക്കുവർ ആയിരുന്നു ആ ദ്വീപിൽ എത്തിയ മനുഷ്യവംശം. യാദുർശ്ചികം എന്ന് പറയട്ടെ, ഞാൻ മാലിദ്വീപിൽ താമസം ആക്കിയശേഷം, ആദ്യമായി മാലിക്ക് പുറത്തുപോയി തങ്ങുന്നത്, ഗിരാവറു ദ്വീപിലാണ്. അപ്പോഴേക്കും പഴയ ഗിരാവറു എന്ന മുക്കുവ ഗ്രാമം, ഗിരാവറു ഐലൻഡ് റിസോർട്ടായി രൂപാന്തരം പ്രാപിച്ചിരുന്നു. തിരിഞ്ഞു നോക്കുമ്പോൾ ആശ്ചര്യകരവും അത്ഭുതവുമായി തോന്നുന്ന പലകാര്യങ്ങളിൽ ഒന്നാണല്ലോ, മാലെയും, മാലെയിൽ കണ്ടെത്തിയ ജീവിതവും!
ചരിത്രപുസ്‌തകങ്ങൾ മടക്കിവെച്ചു അലസമായി കിടന്നു. അർദ്ധമയക്കത്തിൽ എപ്പോഴോ ആണ് ആ സ്വപ്നം കാണുന്നത്.
തനിച്ചിരിക്കുന്ന ഒരു യുവാവ്! ഒട്ടിയ കവിളുകളും, കൂർത്ത കണ്ണുകളും, അലഞ്ഞു കിടക്കുന്ന മുടിയും. യവ്വനത്തിന്റെ പ്രസരിപ്പ് അകന്നു നിൽക്കുന്നതുപോലൊരു രൂപം. ആശങ്കകൾ പടർന്ന ആ മുഖത്തു ആത്മവിശ്വാസത്തിന്റെ നേരിയ തിളക്കം കാണാം. അത് മാത്രമായിരുന്നു അയാളുടെ പക്കൽ അവകാശപ്പെടാനുള്ള സ്വത്തെന്ന് തോന്നി.
"ശ്രീഹരി ഗംഗാ വെങ്കടാചല പ്രസാദ റാവു".
ദേശത്തിലെ രാജപ്രമുഖന്റെ കണക്കപ്പിള്ള ആയിരുന്നു. അംശമധികാരി!
നാട്ടിലെ നാണ്യവിളകളിൽ നിന്നുള്ള വരുമാനം കണക്കുകൂട്ടുക, വസ്തുവകകൾ അളന്നു തിട്ടപ്പെടുത്തി റിക്കോർഡ് സൂക്ഷിക്കുക എന്നിവയൊക്കെ ആയിരുന്നു അയാളുടെ പ്രധാന ജോലി. ധർമ്മരാജാവ്, എട്ടുവീട്ടിൽ പിള്ളമാരെ കൊലചെയ്തു, ശേഷിക്കുന്നവരെ കഴുവേറ്റി, സ്ത്രീകളെയും കുട്ടികളെയും മുക്കുവ കുടിലുകൾക്ക് അടിമകളായി നൽകി ഭരണം ഉറപ്പിച്ച കാലം. അങ്ങനെ ഉള്ളൊരു മുക്കുവ തായ്വഴിയിൽ നിന്നും ജോലിക്കായി മാലെയിലേക്കു വന്നതാണത്രേ ശ്രീഹരി.
ശ്രീഹരി മാലിയിൽ എത്തിയപ്പോൾ കണ്ടുമുട്ടിയതാണ് ആ പെൺകുട്ടിയെ!. 'ദോൻഹെയ്‌ല' എന്നായിരുന്നു അവളുടെ പേര്. കോഴിക്കോട് സാമൂതിരിയുടെ മാലൈ അധിനിവേശത്തിന്റെ അംശബിന്ദുവാണ്, കൊലുന്നനെ ഉള്ള, ഹിജാബ് ധരിച്ച ദോൻഹെയ്‌ല!
ദോൻഹെയ്‌ല ഉച്ചത്തിൽ ശ്രീഹരി എന്ന് നീട്ടി വിളിച്ചു.
അവിടെ ആരും വിളികേൾക്കുന്നുണ്ടായിരുന്നില് ലാ!. ശ്രീഹരി എവിടെയാണ്?. ഇല്ലാ, അയാളെയും കാണുന്നില്ല!. അതോ തിരിച്ചറിയാൻ കഴിയാഞ്ഞതോ?
കിടക്കയുടെ വലതുവശം, ആ വലിയ നിലകണ്ണാടിക്കു സമീപം ആരോ നിൽക്കുന്നതായി തോന്നുന്നുണ്ട്.
നല്ല ഇറക്കമുള്ള കുർത്തയും പാൻസും ആയിരുന്നു വേഷം.
ഒരു ഷാളും ഉണ്ടായിരുന്നോ ?...കൃത്യമായി ഓർക്കാൻ കഴിയുന്നില്ല.
അയാളുടെ നോട്ടം എന്നിലേക്കാണ്.
ചിരിച്ചോ ? ഉവ്വ്. ചിരിക്കുന്നു.
ആ ചിരി തുടരുമ്പോഴാണ്, ഞാൻ ഉറക്കം ഉണരുന്നത്.
പക്ഷെ ഇപ്പോൾ കൃത്യമായി ഓർത്തെടുക്കാൻ കഴിയുന്നു, ശ്രീഹരിയുടെ മുഖം!
പ്രിയപ്പെട്ട അശ്വത്, ആ മുഖം എന്റേതുപോലെ തോന്നിയിരുന്നു.
ശ്രീഹരി ഞാൻ തന്നെ ആയിരുന്നുവോ?
**************************
3
ഏപ്രിൽ ഇരുപത്തിയൊന്ന്
മാലിദ്വീപ്
ഉറക്കം വിട്ടു ഉണർന്നപ്പോഴും വെള്ള കുർത്ത ധരിച്ച പ്രസാദ റാവു എന്നെ തുറിച്ചു നോക്കി നിന്നു. വായന പൂർത്തിയായ നാടോടിക്കഥയിലെ നായികയാണ് ദോൻഹെയ്‌ലാ, എന്നാൽ ആരാണീ പ്രസാദ റാവു? അയാളുടെ മുഖമെന്താണ് എന്റേത് പോലെ തോന്നിയത്? ഞാനും പ്രസാദ റാവും തമ്മിൽ ഏത് ജന്മശേഷത്തിന്റെ ബന്ധമാണുള്ളത്? സ്വപ്നങ്ങളെ പുനരാഖ്യാനം ചെയ്യാനുള്ള ആറാമിന്ദ്രയമോ കഴിവോ ഉണ്ടായിരുന്നുവെങ്കിൽ എന്നാശിച്ചു പോയി.
ചോദ്യങ്ങൾ ശരം പോലെ മനസ്സിൽ നിന്നും എയ്തു കൊണ്ടിരിക്കുമ്പോഴും സംതൃത്തികരമായ ഉത്തരങ്ങൾ ഒന്നും ഇല്ലാതെ അവ ചോദ്യമായി നിലനിന്നു. കുളിമുറിയിൽ കയറി ശുചി ആവുമ്പോഴും ചിന്തകൾ ആ സ്വപ്നത്തിന്റെ പിറകെ ആയിരിന്നു. പലപ്പോഴും തോന്നാറുണ്ട് കുളിമുറിയാണ് എന്റെ പ്രിയപ്പെട്ട ആലോചന മുറിയെന്ന്. അത് വെറും തോന്നലായിരുന്നില്ലാ, സത്യം തന്നെ ആയിരുന്നു. ഞാൻ മാത്രം പങ്കെടുക്കാറുള്ള സംഗീതമേളകളുടെയും ആലോചനാ ശില്പശാലകളുടെയും വേദികൂടി ആയിരുന്നു എന്റെ കുളിമുറി. അനേകായിരം പാപജന്മങ്ങളുടെ സമാധിസ്ഥലവും. അവിടുത്തെ ഗായകനും സംഗീത വിദഗ്ദ്ധനും കേൾവിക്കാരനും ഞാൻ തന്നെ. മിക്ക പ്രശ്നങ്ങളുടെയും പരിഹാരവും പുതിയ ചിന്തകളുടെ നാമ്പുകൾ തളിർക്കുന്നതും കുളിമുറിയിൽ നിന്നും ആയിരുന്നു. പക്ഷെ ഈ പ്രഭാതം എന്നെ നിരാശപെടുത്തിയിരിക്കുന്നു.
ഓഫീസിലേക്ക് നടക്കുമ്പോഴും മറ്റൊന്നായിരുന്നില്ലാ മനസ്സിൽ. ദോൻഹെയലയെ കണ്ടെത്തുക തന്നെ. 'ദോൻ' എന്ന ദിവേഹി വാക്ക് കേട്ടേറെ പരിചയമുള്ളതാണ്. വെളുപ്പ് നിറമെന്നോ, സുന്ദരം എന്നൊക്കെയോ ആണ് വാച്യാർത്ഥം. പേര് സൂചിപ്പിക്കും പോലെ ദോൻഹെയല വെളുത്ത സുന്ദരി ആയിരുന്നിരിക്കണം!
അശ്വത്, നിനക്കീ കത്ത് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് എന്റെ ബോസ്സിന്റെ രണ്ടാമത്തെ മകൾ റൗഷം, ഓഫീസിലെ പ്രധാന വാതിൽ തുറന്നു കോറിഡോറിലൂടെ നടന്നു പോകുന്നത് കണ്ടത്. മിനുസമേറിയ ഫ്ലോർ ടൈലിങ് മേലുള്ള ചെരുപ്പിന്റെ ശബ്ദമാണ്, അത് റൗഷം ആണെന്ന് തിരിച്ചറിയാൻ കാരണം. ഡിഗ്രി പഠനം കഴിഞ്ഞു നിൽക്കുന്ന റൗഷം, ഒരു തൊഴിൽ പരിശീലനം എന്ന നിലക്കാണ് പിതാവിന്റെ ഓഫീസിൽ എത്തുന്നത്.
റൗഷം തന്ന ശുഭദിന ആശംസയ്ക്കു, നിറഞ്ഞൊരു പുഞ്ചിരി നല്കാൻ മറന്നില്ല.
****************************** **
ഏപ്രിൽ ഇരുപത്തിയഞ്ച്
മാലിദ്വീപ്
എത്ര ദിവസമായി തുടങ്ങിയതാണീ ഈ അലോസരം, ഉണർവ്വില്ലായ്മ.
എന്ത് ചെയ്യാനാ?
എന്ത് ചെയ്താൽ ഒരു പരിഹാരമാവും?
ആകെ ഒരു വശപ്പിശക് !!!
കഴിഞ്ഞ ദിവസങ്ങളായി ചിന്തകൾ ഒരു പ്രേത്യേക ബിന്ദുവിലാണ്. അത് മറ്റൊന്നുമല്ലാ, ആരെയെങ്കിലും ഒന്ന് പ്രേമിക്കണം!
ഇത് വായിക്കുന്ന നിനക്ക്, അരക്കിറുക്കന്റെ തുടക്കം എന്ന് തോന്നിയേക്കാമെങ്കിലും, എന്തുകൊണ്ട് ഇപ്പോൾ ഇങ്ങനെ ഒരു ആലോചന വന്നു?
ജീവിതം ദ്വീപിലാണ്.
ജീവിതം തന്നെ ദ്വീപായി മാറിയിരിക്കുന്നു.
വിളിക്കാനും വിളിച്ചുണർത്താനും വിരഹവേദനയുടെ വേപഥു പൂണ്ടു കാത്തിരിക്കാനും കാണുവാനും വല്ലാതെ ആശിച്ചു പോകുന്നു.
അശ്വത് അഴിച്ചുവെച്ച രാമായണ തീപ്പൊരിയിൽ ഞാനങ്ങു ദോൻഹെയ്‌ലയിലേക്ക് എത്തിയിരുന്നുവല്ലോ. തദ്ദേശീയ സഹപ്രവർത്തകർക്ക് പോലും തെളിർമയില്ലാത്ത ആ കഥ തേടിപിച്ചു നിനക്ക് ചെറുവിവരണം തരുമ്പോൾ എന്റെ മനസിലേക്ക് ഇശൽതേൻകണം പൊഴിച്ചു, കൽക്കണ്ട കനിവോടെ, കടകണ്ണു ഇറുക്കി ഹിജാബിനുള്ളിൽ ആരോ ഒരാൾ ഒളിച്ചിരിക്കുന്നതായി തോന്നൽ.
അത് ദോൻ ഹെയ്‌ല അല്ലെ എന്ന ചിന്തയിൽ അഭിരമിക്കുമ്പോഴാണ് ഏതോ ഒരു ശ്രീഹരി സ്വപ്നത്തിൽ വന്നത്. നീ കളിയാക്കാറുള്ളതുപോലെ ചിറക്കൽ ശ്രീഹരിയുടെ പ്രേതംകൂടിയ മനസ്സാണല്ലോ എനിക്ക്.
എങ്കിലും, അയാൾ ആരാണ്?
അയാളെ എന്തിനാണ് ദോൻഹെയ്‌ല തേടുന്നത് ?
ശേഷം, ആയാൾക്കു എന്തെ എന്റെ മുഖം പോലെ തോന്നിയത്?
വെളുത്ത സുന്ദരിയും, നന്നെ കനംകുറഞ്ഞ റൗഷത്തെ ദോൻ ഹെയ്‌ല എന്ന് വിളിച്ചു തുടങ്ങിയത്, ആ നാടോടിക്കഥയുടെ വായനക്ക് ശേഷമാണു. ദൗർഭാഗ്യമെന്നു പറയട്ടെ, ഓഫീസിലെ സുഹൃത്തുക്കളിൽ പലരും ദോൻ ഹെയ്‌ലയുടെയും അലി ഫുളുവിന്റെയും കഥകൾ കേട്ടിട്ടുണ്ടുവെങ്കിലും നരച്ച ഓർമകളുടെ ഓലകീറുകൾക്കു ഉള്ളിൽ നിന്നും മാത്രമേ അവർക്കു എന്തെങ്കിലും പറയുവാൻ കഴിയുന്നുള്ളു. എങ്കിലും റൗഷത്തെ ദോൻ ഹെയല എന്ന് വിളിച്ചുതുടങ്ങിയപ്പോൾ, കവിളിലെ ചുഴികളും മൂക്കിന്നു ചുവട്ടിലെ നനുത്ത രോമരാജികളും തെളിഞ്ഞു, അവളുടെ മുഖം കൂടുതൽ പ്രസന്നമാവുകയും ലിപ്സ്റ്റിക്കിന്റെ തെളിർമക്കപ്പുറം ചുണ്ടുകൾ കൂടുതൽ ചുമക്കുകയും ചെയ്തു.
ജോലിക്കായി വന്ന അന്നുമുതൽ, റൗഷം ഓഫീസിലെ ഓരോ കാര്യങ്ങളും എന്നോട് വന്നു അന്നെഷിക്കുകയും സമയാസമയം സംശയ നിവാരണം നടത്തുകയും ചെയ്തിരുന്നു. പഠിക്കാനുള്ള ആ പെൺകുട്ടിയുടെ അഭിവാഞ്ചയെ കഴിവതും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു . എന്റെ ക്യാബിനു അരികിൽ ഇരിക്കുവാനും സംസാരിക്കുവാനും കഥകൾ പറയുവാൻ ആഗ്രഹിക്കുന്നുവെന്നും, നിരഞ്‌ജൻ, നിങ്ങൾ നല്ലൊരു സുഹൃത്താണെന്നും അവൾ തുറന്നു പറഞ്ഞു. പാരിസ് ആയിരുന്നു റൗഷത്തിന്റെ പ്രിയപ്പെട്ട സ്ഥലം. അവിടേക്ക് യാത്രപോകുവാനുള്ള പണസമ്പാദനമാണ് അവളുടെ ലക്ഷ്യമെന്ന് പറഞ്ഞു. വിവാഹം സ്വപ്നം കാണുന്ന ആ പെൺകുട്ടിയുടെ മധുവിധു ആഘോഷം പാരിസിൽ ആയിരിക്കണമെന്നാണ് അവൾ പ്രാർത്ഥിക്കാറത്രെ. റൗഷത്തിനു, അവളുടെ അച്ഛനിൽ നിന്നും സാമ്പത്തിക ആവിശ്യങ്ങൾ നിവർത്തിച്ചെടുക്കാനുള്ള പാലമായിരുന്നു ഞാനെന്ന തോന്നലാണ് എനിക്കുണ്ടായിരുന്നത്.
റൗഷത്തെ ദോൻ ഹെയ്‌ലാ എന്ന് ഞാൻ നീട്ടിവിളിക്കുമ്പോൾ, പലപ്പോഴും അവളുടെ മറുപടി, അവൾ ഇപ്പോഴും ഒരു അലി ഫുളുവിനെ തേടുകയാണ് എന്നായിരുന്നു. ശാന്തതയും കുലീനത്വവും പെരുമാറ്റത്തിലും സ്വഭാവത്തിലും സൂക്ഷിക്കുന്നുണ്ട്, എന്നാണ് റൗഷത്തെക്കുറിച്ചുള്ള ആദ്യ വിലയിരുത്തൽ. അതിനെ സാധുകരിക്കുന്ന രീതിയിലായിരുന്നു അവളുടെ മറുപടിയും. അകാലത്തിൽ പൊലിഞ്ഞ പ്രണയത്തിന്റെ, ഇച്ഛാഭംഗത്തിന്റെ മാറാപ്പുകൾ ഒന്നും അവളുടെ മുഖത്തു ശേഷിക്കുന്നുണ്ടായിരുന്നില്ല.
പക്ഷെ, പിന്നീട് വളരെ പെട്ടെന്നാണ്, റൗഷത്തിന്റെ നിരാശകലർന്ന മറുപടികൾ നിലച്ചുപോയതായി തോന്നിയത്.
*************************
മെയ് പത്ത്
മാലിദ്വീപ്
ഒരു ചെറിയ സംശയം മനസ്സിൽ കടന്നുകൂടിയിട്ടു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി.
മോശമാണ്, അങ്ങനെ ചിന്തിക്കുന്നത്!
അല്ലെങ്കിൽ എന്റെ മനസ്സിന്റെ ചെറുപ്പമോ വിവേകമില്ലായ്മയോ ആവാം, അങ്ങനെ ചിന്തിക്കുന്നത്.
എന്തുകൊണ്ട് അങ്ങനെ ചിന്തിച്ചു, അല്ലെങ്കിൽ തോന്നിയൊന്നൊക്കെ, നീ തിരിച്ചു ചോദിച്ചാൽ..... 'ആ... അറിയില്ല' എന്നാണ് മറുപടി.
ഒരു നാട്ടുമ്പുറത്തുകാരന്റെ ചിന്താമണ്ഡലങ്ങൾക്ക് അത്രയുമൊക്കെയല്ലേ വളർച്ച കാണു. അല്ലെങ്കിൽ പിന്നെ എന്താ...പറയ്കാ...?
പറഞ്ഞു വരുന്നത്, ബോസ്സിന്റെ മകൾ റൗഷത്തെക്കുറിച്ച് തന്നെയാണ്. ഈ അടുത്ത സമയംവരെയും അവളുടെ പുരുഷ സുഹൃത്ത്, നമ്മുടെ കമ്പനിയുടെ ഉടമസ്ഥതയിൽ ഉള്ള ഷോപ്പിലെ ജോലിക്കാരനായിരുന്നു. എന്നാൽ എന്തോ, ഇപ്പോൾ ആ ബന്ധം ഉപേക്ഷിച്ച മട്ടാണ്.
ഇപ്പോഴത്തെ എന്റെ സംശയം, അവൾ വീണ്ടും അച്ഛന്റെ സ്ഥാപനത്തിലെ മറ്റൊരു ജോലിക്കാരനുമായി സൗഹ്രദത്തിലായോ എന്നാണ്. അതെ, നമ്മുടെ ഓഫീസിലെ മാനേജർ ഹസ്സൻ വഹീദുമായി!
ഞാൻ രാവിലെ ഓഫീസിൽ എത്തി കുറച്ചു കഴിയുമ്പോഴാണ് അവര് ഇരുവരും ഓഫീസിൽ വരുന്നത്. രണ്ടാളും ഒരുമിച്ചൊന്നുമല്ല വരവ്, എങ്കിലും...തൊട്ടടുത്ത മുറിയിൽ ഇരുന്ന്, സംസാരിക്കുന്നത് കാണാറുണ്ട്. ചില ദിവസങ്ങളിൽ ഹസ്സനാണ് ആ പെൺകുട്ടിയെ വീട്ടിൽ നിന്നും ഓഫീസിലേക്ക് കൂട്ടികൊണ്ടു വരുന്നത്. കഴിഞ്ഞ ദിവസം, ഓഫീസിലെ എല്ലാ സുഹൃത്തുകൾക്കും ഒപ്പം, പുറത്തു ആഹാരം കഴിക്കാൻ പോയപ്പോൾ ശ്രദ്ധിച്ച അവരുടെ ഇഴുകിച്ചേരലാണ്, ഈ സംശയത്തിന് തിരികൊളുത്തിയ ഹേതു. തദ്ദേശീയരായ സഹപ്രവർത്തകർ പരസ്പരം ഇടപഴകുന്നതും ഇഴുകിച്ചേരുന്നതും പുതുമയൊന്നുമല്ല, മിക്കപ്പോഴും അതിൽ ഗൂഢമായ എന്തെങ്കിലും അർത്ഥങ്ങളും ഉണ്ടാവാറില്ല. എന്നാൽ റൗഷത്തിന്റെ ചേച്ചിയുടെ സംസാരത്തിൽ നിന്നും പുറത്തുവന്ന ഒരു വാക്കാണ്, ഇപ്പോൾ ഈ സംശയം ഇത്രബലമായി തോന്നുവാൻ കാരണം.
"അളിയൻ, അളിയൻ ഇല്ലേ അവിടെ "
പ്രായം തികഞ്ഞ രണ്ടുപേർ ഇഷ്ടപ്പെടുന്നതും സ്നേഹിക്കുന്നതും വിവാഹം കഴിക്കുന്നതും പാപം ഒന്നും അല്ലാ. അത്തരം ഒരു ബന്ധം ഉണ്ടെങ്കിൽ അതൊരു ക്രിമിനൽ കുറ്റവും അല്ലാ. അവരുടെ സൗഹ്രദത്തെ ഒളിച്ചുവെച്ച കപട സദാചാര കണ്ണുകളോട് നോക്കുന്നതിൽ കുറ്റബോധം തോന്നി.
മാതാപിതാക്കൾ നിശ്ചയിക്കുന്ന മുൻകൂട്ടി ചർച്ച ചെയ്തു നടത്തുന്ന ഇന്ത്യൻ വിവാഹരീതികളുടെയും കീഴ്വഴക്കങ്ങളുടെയും മാറാപ്പും പേറിയാണ്, മാലെജനതയുടെ സ്വകാര്യതകൾ വീക്ഷിക്കുന്നത് എങ്കിൽ, അത് വലിയൊരു അബദ്ധവും അപാകതയും തന്നെ ആവും.
ഇവിടെ, ഈ ദേശത്തു പുരുഷൻ അവന്റെ വനിതാ സുഹൃത്തിനെയും ഭാര്യയെയും അവനാൽ തന്നെയാണ് കണ്ടെത്തുന്നത്! അതേപോലെ, സ്ത്രീ അവന്റെ പുരുഷനെ കണ്ടെത്തുന്നതും മറ്റാരുടെയെങ്കിലും സഹായത്താലും അല്ലാ. സ്‌കൂൾ വിദ്യാഭ്യാസ കാലത്തിലോ, അല്ലെങ്കിൽ തുടർന്നോ, ജോലിസമയത്തോ ഒക്കെ ആവും സൗഹ്രദങ്ങൾ സ്വാഭാവികമായി കടന്നുവരുന്നത്. അത്തരം സൗഹ്രദങ്ങൾക്കു വിലങ്ങു തടിയായി ഗ്രഹ ദോഷങ്ങളോ കുലമോ ജാതിയോ സ്ത്രീധന വ്യാപാര വാഗ്ദങ്ങളോ ഒന്നും മാനദണ്ഡമോ പ്രെഹേളികയായോ നിൽക്കാറില്ല. രണ്ടു വ്യെക്തികളുടെ ഇഷ്ടങ്ങൾക്കപ്പുറം, അവരുടെ മാനസിക ഐക്യത്തിനും അഭിപ്രായ സ്വരൂപണത്തിനും അപ്പുറം, ജീവിതത്തിലെ ഏറ്റവും വലുതും വിധിനിർണായകവുമായ തീരുമാനത്തിൽ ബാഹ്യ ഇടപെടലുകൾ തുലോം തുച്ഛമാണ്.
പുരുഷനും സ്ത്രീയും പൂർണ സ്വാതന്ത്ര്യത്തോടെ അവരുടെ ഭാവിയെ തിരഞ്ഞെടുക്കുമ്പോൾ, പുറത്തുനിന്നുമുള്ള എനിക്ക് അതിൽ എന്ത് കാര്യം എന്ന നീ ചോദിച്ചേക്കാവുന്ന ചോദ്യം എന്നെ അലട്ടാതിരുന്നില്ല.
**************************
4
മെയ് പന്ത്രണ്ട്
മാലിദ്വീപ്
ഓഫീസിൽ നിന്നും എല്ലാവരും കൂടി ഇന്നൊരു യാത്രപോയി.
മാലെയിൽ നിന്നും സ്‌പീഡ് ബോട്ടിൽ പത്ത് മിനുട്ട് കൊണ്ട് എത്തിച്ചേരാവുന്ന ഫെയ്‌ദ് ഫിനോളു ദ്വീപിൽ. കമ്പനിയിലെ എല്ലാവരും ചേർന്ന് ഏതാണ്ട് ഇരുപത്തഞ്ചോളം ആളുകൾ ഉണ്ടായിരുന്നു. ഞാനൊഴിച്ചു ബാക്കി എല്ലാവരും മാലെവാസികൾ തന്നെ ആയിരുന്നു.
പോലീസിന്റെ ഉടമസ്ഥതയിൽ ഉള്ള, ദ്വീപാണത്. സ്‌കൂൾ കുട്ടികൾക്ക് എൻ.സി.സി ക്യാമ്പും മറ്റും നടത്താനായിട്ടാണ് ആ ദ്വീപ് ഇത്രയും നാളും ഉപയോഗിച്ചുകൊണ്ടിരുന്നത്. എന്നാൽ സർക്കാരിന്റെ പുതിയ നയം പ്രകാരം, ഈ ദ്വീപ് ഒരു റിസോർട്ടായി മാറ്റുന്നതിലേക്കായി താൽപര്യപത്രം ക്ഷണിച്ചുകൊണ്ട് സ്വകാര്യ വ്യെക്തികളെ സമീപിച്ചു. അങ്ങനെ അത് ലഭിച്ചിരിക്കുന്നത്, മാലെയിലെ ഒരു പ്രമുഖ മൊത്തൊവിതരണ വ്യാപാരിക്കാണ്. അവർ ഒരു ചൈനീസ് കമ്പനിയുമായി ചേർന്നാണ് റിസോർട്ട് നിർമ്മാണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ഈ സ്വകാര്യ കമ്പനിയുടെ മുതലാളിയുടെ മകനായ ശ്രി.അഹമ്മദ്, നമ്മുടെ കമ്പനിയിലെ ജോലിക്കാരനായ സുലൈമാൻ യാസിറിന്റെ ഉറ്റസുഹൃതാണ്. അങ്ങനെയാണ്, ഇപ്പോൾ ആൾതാമസമില്ലാത്ത ആ ദ്വീപിലേക്ക് പോകുവാൻ ഞങ്ങൾക്ക് അവസരം ലഭിക്കുന്നത്. ശ്രീ. അഹമ്മദും ഞങ്ങളോടപ്പമുള്ള യാത്രയിൽ ഉണ്ടായിരുന്നു.
അവിടെ എത്തി ഉടൻ പ്രഭാത ഭക്ഷണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. അതിനുവേണ്ടിയുള്ള സൗകര്യങ്ങൾ മാലിയിൽ നിന്നും തന്നെ സംഘടിപ്പിച്ചിരുന്നു. ചപ്പാത്തിപോലെ ഉണ്ടാക്കുന്ന, വളരെ കട്ടികുറഞ്ഞ റോഷിയെന്ന പലഹാരവും,കൂട്ടുകറിയായി കുളി മസും ആയിരുന്നു. ചൂര മീൻ വളരെ ചെറുതായി കഷ്ണങ്ങളാക്കി എരിവോടെ ഖരരൂപത്തിൽ തയ്യാറാക്കുന്ന വളരെ രുചിയേറിയ മീൻവിഭവമാണത്.റോഷിയും കുളിമസും കഴിച്ചു ഏവരും ഫുട്ബാൾ കളിയ്ക്കാൻ തയാറായി.
രണ്ടു ടീമായി തിരിഞ്ഞു ഫുട്ബാൾ കളിച്ചു. ഓഫീസിലെ പെൺകുട്ടികൾ കാഴ്ച്ചക്കാരായി നിന്നു കൈകൊട്ടി.
പിന്നീട്, ആ ദ്വീപിൽ കറങ്ങി നടന്നു. ചെറിയൊരു ദ്വീപാണ് ഫെയ്ഡ് ഫിനോളു. ദ്വീപ് മുഴുവൻ നടന്നു കണ്ടു.
വിദേശത്തു നിന്നും എത്തുന്ന ക്രൂയിസുകളിൽ ടൂറിസ്റ്റുകൾ ഈ ദീപും സന്ദർശിക്കുന്നുണ്ട്.
പിന്നീട് ഏവരും ഉച്ചക്കാലത്തേക്ക് വേണ്ടിയുള്ള പാചകത്തിലേക്കു തിരിഞ്ഞു. ബാബിക്യു ഫിഷും ചിക്കനും ഒക്ടോപാസ്സും ഒക്കെ ആയി, വെള്ളിയാഴ്ച്ച അവധിയെ ആഘോഷമാക്കി.
രണ്ടാം സെക്ഷൻ ഫുട്ട്ബോൾ കളിയും കഴിഞ്ഞു, കടലിൽ ഇറങ്ങി. അവരെല്ലാം നീന്തലും കളികളുമായി കൂടി. എനിക്ക് നീന്തൽ അറിയില്ലെങ്കിലും ഞാനും, ആഴം കുറഞ്ഞ ഭാഗത്തേക്ക് ഇറങ്ങി. ചില സുഹൃത്തുക്കൾ നീന്തൽ പഠിപ്പിക്കാൻ ശ്രമിച്ചു.
കടലിൽ അങ്ങനെ കുറെ നേരം കിടന്നപ്പോൾ നല്ല സുഖമായിരുന്നു. ആ വെള്ള പൂഴിമണ്ണുകൊണ്ടു പല്ലു തേച്ചു, കാലും കൈയും ഉരച്ചു കഴുകി
ചാഞ്ഞുകിടക്കുന്ന തെങ്ങുകൾക്കും പൂവരശകൾക്കും ഇടയിൽ ചിലരെ, ചില ഇണക്കുരുവികളെ കണ്ടു. ചിലരുടെ നോട്ടങ്ങൾ ശ്രദ്ധിച്ചു. പ്രണയത്തിൽ ചാലിച്ച ആവശ്യങ്ങൾ, അന്നെഷണങ്ങൾ, കുസൃതികൾ. ഇല്ലാ, ഞാനൊന്നും കണ്ടിട്ടില്ല.എനിക്കൊന്നും അറിയില്ല.
അപ്പോഴേക്കും സന്ധ്യയായി തുടങ്ങിയിരുന്നു.
നല്ലൊരു വെള്ളിയാഴ്ചയുടെ സുഖമുള്ള ഓർമകളുമായി മാലെയിലേക്ക് തിരിച്ചു.
***************************
മെയ് പതിനാല്
മാലിദ്വീപ്
ചാമ്പിമയങ്ങിയ കണ്ണുകൾ രക്തവർണമായ മുഖത്തെ പകുതിമറച്ചുകൊണ്ടു പടർന്നുവീണ ഹിജാബിന്റെ ഉള്ളിൽ നിന്നും അഴിഞ്ഞുവീണ മുടിച്ചുരുളുകൾ വിരിഞ്ഞു നിൽക്കുന്ന ചുണ്ടിലെ പുഞ്ചിരിയെ മനോഹരമാക്കുന്നുണ്ട്. ലാസ്യത, വശ്യതക്ക് കൂട്ടുകൂടുന്നു. പ്രാവുകൾ കുറുകുന്ന സന്ധ്യയിൽ ചെറുതണുപ്പിൽ അരികിൽ ആരെങ്കിലും ഉണ്ടാകണമെന്ന് വെറുതെ എങ്കിലും ആഗ്രഹിച്ചുപോകുന്നു. അതെ, ആഗ്രഹങ്ങൾ വെറുതെയാണെന്ന് അറിയാമെന്ന് പാടിയത് ദേശത്തെ കവിയാണെങ്കിലും, വെറുതെ മോഹിക്കുവാൻ, നീ അകലെയാണെങ്കിലും ഉള്ളത്, പ്രചോദനം ആണല്ലോ. ജീവിക്കുവാനുള്ള....സ്വ പ്നം കാണുവാനുള്ള....പ്രചോദനം!
അവളുടെ കണ്ണുകളിൽ ഊർന്നു ഇറങ്ങുന്ന ഗാഢ പ്രണയം ഞാൻ കണ്ടു. ചരിഞ്ഞിരുന്നു ഒളിഞ്ഞുനോക്കുമ്പോൾ, മുഖബിംബത്തിൽ വിരിയുന്ന കുസൃതിയും ഞാൻ കണ്ടു. കവിളുകളിലെ ക്ഷീരവർണം ചുവന്ന് ചെറിപ്പഴമാകുന്നതും, ചുണ്ടുകളിൽ തേനൊലിക്കുന്നതും ചുരത്തുന്നതും ഞാൻ കണ്ടുകൊണ്ടു നിന്നു.
പറഞ്ഞുവരുന്നത് ദോൻഹെയ്‌ല എന്ന റൗഷത്തെ കുറിച്ചാണ്!
രാവിലെ ഓഫീസിൽ എത്തി, അടുത്ത മുറിയിലേക്ക് കടന്നപ്പോഴാണ്, മുഖം തിരിച്ചിരിക്കുന്ന ഹസ്സൻ വഹീദിനെ ചരിഞ്ഞു നോക്കിയിരിക്കുന്ന റൗഷത്തെ കാണുന്നത്. പ്രണയാതുരമായ അവരുടെ നിമിഷങ്ങളിൽ ഒരു കട്ടുറുമ്പ് ആകാതെ ഞാൻ ആ മുറിയിൽ നിന്നും പിൻവാങ്ങി. അവരായി അവരുടെ ലോകമായി!. എങ്കിലും, അവനുമേലുള്ള അവളുടെ നോട്ടവും ചിരിയും കണ്ടുകൊണ്ടു നിൽക്കാൻ ഒരു രസം. എന്റെ ഉള്ളിൽ ചെറുതായി അസൂയപൂക്കൾ വിരിയുന്നോ എന്നൊരു സംശയം.
മേയ് പതിനഞ്ച്
മാലിദ്വീപ്
എന്റെ ചില തെറ്റിദ്ധാരണകളോ മുൻവിധികളോ ഒക്കെ ആവും. അല്ലെങ്കിൽ പ്രാദേശിക ഭാഷ മനസ്സിലാക്കുന്നതിലുള്ള പരാജയമാവും. അതുമല്ലെങ്കിൽ അനാവശ്യമായ കാര്യങ്ങളിൽ തലയിട്ടും ഒളിഞ്ഞും നോക്കുന്ന മനസ്സിന്റെ വലിപ്പക്കുറവായിരിക്കാം. ബോസ്സി ന്റെ മകളുടെ രഹസ്യത്തെക്കുറിച്ചു ആലോചിച്ചുള്ള കുറ്റബോധം എന്റെ മനസ്സിനെ കാർന്നു തിന്നുന്നു.
ഓഫീസിൽ കൂടെ ഉള്ളവരെല്ലാം തദ്ദേശീയരാണ്. അവരുഏവരുമായും വളരെ നല്ല സൗഹ്രദവും ബന്ധവും ആണ് ഉള്ളത്. എന്നാൽ, എന്തും തുറന്നു സംസാരിക്കാനും പങ്കുവെക്കാനും ഒരല്പം അടുപ്പം കൂടുതൽ ഉള്ളത് ബോസ്സിന്റെ ബന്ധുകൂടിയായ ഷീസയുമായിട്ടാണ്.
ഷീസയുടെയും മറ്റും പതിഞ്ഞ ശബ്ദത്തിലുള്ള സംസാരത്തിൽ നിന്നും രഹസ്യ ചർച്ചകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്, എന്നിൽ നിന്നും മറച്ചുവെക്കപ്പെട്ട എന്തോ ഒന്ന് ഓഫീസിൽ സംഭവിച്ചെന്നും, ആ വിഷയത്തിൽ അവർക്ക് ഏവർക്കും ആശങ്ക ഉണ്ടെന്നും ആണ്. പ്രാദേശിക ഭാഷയിലെ എനിക്ക് മനസ്സിലായ അപൂർവം വാക്കുകളിൽ നിന്നും ചികഞ്ഞെടുത്തത്, റൗഷത്തിന്റെ അമ്മക്ക് അതിൽ ഇഷ്ടക്കേട് ഉണ്ടെന്നും എന്നാൽ ആ പെൺകുട്ടിക്ക് അതിയായ താല്പര്യം ഉണ്ടെന്നും ആണ്.
നമ്മുടെ സുഹൃത്ത് ഷീസക്കും ഇഷ്ടമായിട്ടില്ല സംഭവവികാസങ്ങൾ എന്ന് അവളുടെ ശരീര ഭാഷയും പറഞ്ഞുവെക്കുന്നു.
*************************
മെയ് പതിനാറ്
മാലിദ്വീപ്
അല്ലപ്പാ എല്ലാം കൈവിട്ടു പോയോ?
ആരോടാപ്പാ ഇതൊന്ന് ചോദിക്കുന്നത്?
ആരും ഒന്നും പറയുന്നുമില്ലല്ലോ!
എല്ലാം അറിയാവുന്ന ഷീസാ, എന്നിൽ നിന്നുമാത്രം മറച്ചും വെച്ചിരിക്കുന്നു.
കഴിഞ്ഞ മൂന്നു ദിവസമായി റൗഷം ഓഫീസിൽ എത്തിയിട്ട്.
കാരണം എന്താണ്? അമ്മക്ക് സുഖമില്ലാത്തതുകൊണ്ട് എന്ന് പുറത്തു പറയപ്പെട്ട കാരണം തന്നെയാണോ?
ഈയിടെയായി ഹസ്സനെയും ഓഫീസിൽ അങ്ങനെ കാണാറില്ല. രാവിലെ എന്നും കൃത്യ സമയത്ത് വന്നുകൊണ്ടിരുന്ന ആളാണ്, ഇപ്പോൾ ഉച്ചയോടു കൂടിയാണ് വരുന്നത്.
ഇന്ന് രാവിലെ ആഴ്ചകൾക്കു ശേഷം ബോസ് ഓഫീസിൽ എത്തി.
ആദ്യം വിളിച്ചത് ഹസ്സനെ ആയിരുന്നു.
ഹസ്സനുമായി ബോസ് അദ്ദേഹത്തിന്റെ മുറിക്കുള്ളിൽ കയറിയതാണ്, മണിക്കൂറുകൾക്കു ശേഷമാണു ഹസ്സൻ പുറത്തേക്ക് ഇറങ്ങിയത്.
എന്താണ് നടക്കുന്നതെന്നൊ പറയുന്നതെന്നോ ഒരു എത്തുംപിടിയും കിട്ടുന്നില്ല.
അവര് തമ്മിൽ പ്രേമം തന്നെ ആവുമോ? തന്റെ മകളെ പ്രേമിക്കുന്നതിൽ നിന്നും ജോലിക്കാരനെ വിലക്കാൻ ആയിരിക്കുമോ ബോസ് ഹസ്സനെ വിളിച്ചിട്ടുണ്ടാവുക.
മനസ്സ് തുറക്കുന്നതിൽ നന്നേ പിശുക്കനാണ് ഹസ്സനും, അതുകൊണ്ടു അയാൾ പറഞ്ഞു എന്തെങ്കിലും കാര്യങ്ങൾ അറിയാമെന്ന വിശ്വാസമൊന്നുമില്ല.
മറ്റുള്ളവരുടെ സ്വകാര്യതകളും രഹസ്യങ്ങളും അറിയാൻ കഴിയാതെ വിഷണ്ണനാവുന്ന മനുഷ്യമനസ്സ്, പുച്ഛമാണ് തോന്നുക. പുച്ഛം!
മെയ് ഇരുപത്തിയൊന്ന്
മാലിദ്വീപ്
അവളുടെ മുഖത്ത് വിരിഞ്ഞ കാമുകീ ഭാവവും പുഞ്ചിരിയും, കാണാൻ എന്ത് മനോഹരമായിരുന്നു. നീണ്ടു നിന്ന പുഞ്ചിരി! സുന്ദരിയാണവൾ! ഇത്രയും മനോഹാരി ആയിരുന്നോ എന്ന് ഇതുവരെയും തോന്നിയിരുന്നില്ല. അല്ലെങ്കിലും, പെണ്കുക്കുട്ടികൾ പ്രേമിക്കുമ്പോൾ സൗന്ദര്യം കൂടുമെന്നു പറഞ്ഞത് അശ്വത്, നീ തന്നെയാണ്.
ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷമാണു, റൗഷം ഇന്ന് ഓഫീസിൽ എത്തിയത്. റൗഷം, ഹസ്സൻ വഹീദിനെ എങ്ങനെയാവും അഭിമുഖീകരിക്കുക എന്നായിരുന്നു എന്റെ ആലോചന വിഷയം.
ആ സമയം ഹസ്സൻ എന്റെ മുറിയുടെ വാതിലിൽ ഞാനുമായി സംസാരിച്ചു നിൽക്കുക ആയിരുന്നു. അവിടെ നിന്നും അയാൾ പുറത്തേക്ക് ഇറങ്ങാനായി തുനിഞ്ഞപ്പോഴാണ്, ഹസ്സനു അഭിമുഖമായി എന്റെ ക്യാബിൻ മുറിയിലേക്ക് റൗഷം കയറിവന്നത്.
'ഹായ് ...' എന്ന ഉപചാരത്തിനപ്പുറം പരസ്പരം കൈമാറിയ പുഞ്ചിരി. നീണ്ടു നിറഞ്ഞ നിന്ന പുഞ്ചിരി!
അതൊരു സംതൃത്തയായ, സന്തോഷവതിയായ കാമുകിയുടെത് അല്ലെന്ന് ആർക്ക് പറയാൻ കഴിയും?
******************
5
ജൂൺ ഒൻപത്
മാലിദ്വീപ്
ഈ പെൺകുട്ടികളുടെ കാര്യം!
സത്യം പറഞ്ഞാൽ, എനിക്ക് മനസ്സിലാവുന്നില്ല. ഇവരെ എങ്ങനെ വിലയിരുത്തുകയും പഠിക്കുകയും ചെയ്യണമെന്ന്.
കാഴ്ചയിൽ ഏകദേശം മുപ്പത്തഞ്ച് വയസ്സുള്ള ഹസ്സൻ വഹീദ്, മാതൃദ്വീപായ മഡിഫുഷിയിലെ സ്‌കൂളിൽ അധ്യാപകനായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് അദ്ദേഹം. ദൃഢഹാത്രനും ഫൂട്ട്ബോൾ കമ്പക്കാരനുംകൂടിയാണ് അയാൾ. നന്നെ കറുപ്പ് നിറമാർന്ന ശരീരത്തിൽ, മുഖത്തെ നീണ്ട താടിരോമങ്ങൾ, അയാളിലെ ദീനിന്റെ സ്വാധീനം കാണിക്കുന്നതായിരുന്നു. തികഞ്ഞ വിശ്വാസിയും ദയാലുവും മറ്റുള്ളവരെ എളുപ്പത്തിൽ വിശ്വസിക്കുന്ന ഒരാളായിട്ടാണ്, ഹസ്സനെ വിലയിരുത്തുക. ഒരു കച്ചവട സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ, മറ്റുള്ളവരെ ഇത്ര തുറന്നു വിശ്വസിക്കുന്നത് നന്നല്ലാ എന്ന് പലപ്രാവശ്യം അയാളോട് പറഞ്ഞിട്ടുണ്ട്. എന്നാൽ പലപ്പോഴും പല ഉപഭോക്താക്കളിൽ നിന്നും ദുഖകരമായ അനുഭവങ്ങളും തട്ടിപ്പുകളും ഉണ്ടായിട്ടും, ആരെയും തുറന്ന ചെക്കിൽ വിശ്വസിക്കുന്ന സ്വഭാവം മാറ്റാൻ അയാൾ തയാറായിട്ടില്ല.
ആളൊരു അഭിമാനിയാണ്.
ഒരിക്കൽ വളരെ സാമ്പത്തിക ബുദ്ധിമുട്ടേറിയ ഒരു ഓഫീസ് ദിവസം, അത്യാവശ്യമായി കുറെയേറെ ഇടപാടുകൾ ബാങ്കിൽ നടത്തേണ്ടിയിരുന്ന സന്ദർഭത്തിലാണ്, ഒരു ഉപഭോക്താവിന്റെ പക്കൽ, ഞങ്ങളുടെ കമ്പനിക്കു തരുവാനുള്ള ചെക്ക് ശരിയായിരിക്കുന്ന വിവരം അറിയുന്നത്. അത്തരം ജോലികൾ ചെയ്യാൻ ഉത്തരവാദിത്വപ്പെട്ടവർ ആരും ആ സമയം ഓഫീസിൽ ഉണ്ടായിരുന്നില്ല, ഹസ്സൻ, അയാളുടെ ജോലികളിൽ നിന്നും വിടുതലായി ഇരിക്കുന്നത് ശ്രദ്ധയിൽപെട്ടതുകൊണ്ടാണ്, ആ ചെക്ക് വാങ്ങിവരുവാനായി ഹസ്സനെ ഏർപ്പെടുത്തിയത്.
ബാങ്കിന്റെ പ്രവർത്തന സമയവും കഴിഞ്ഞിട്ടും, ഹസ്സൻ ചെക്കുമായി ഓഫീസിൽ എത്തിയില്ലാ.
തുടർച്ചായി വിളിക്കുമ്പോഴെല്ലാം 'ഇപ്പോൾ പോകാം...ഇപ്പോൾ പോകാം...വേറെ എങ്ങോ നിൽക്കുകയാണ്...ഇപ്പോൾ പോകാം' എന്നൊക്കെയുള്ള മറുപടികളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അവസാനം അയാൾ ചെക്കുമായി വന്നത് ബാങ്കിങ് സമയവും കഴിഞ്ഞു രണ്ടു മണിക്കൂറിനു ശേഷമാണ്.
എനിക്കെന്റെ നിയന്ത്രണങ്ങൾ നഷ്ടപ്പെട്ടിരുന്നു. ഞാൻ എന്തൊക്കയോ പുലഭ്യങ്ങൾ അയാളെ പറഞ്ഞു. ഓഫീസിലെ മറ്റു വനിതാ ജോലിക്കാരുടെ സാന്നിധ്യത്തിൽ ആയിരുന്നു എന്റെ ആ പൊട്ടിത്തെറി. ഹസ്സൻ മറുപടി ഒന്നും പറയാതെ, പ്രതികരിക്കാതെ, നിശബ്ദം തലകുനിച്ചു ഇറങ്ങിപോയി.
അൽപം സമയത്തിനു ശേഷം അയാൾ, ബോസ്സിന്റെ ഭാര്യക്ക് സന്ദേശം അയച്ചു. 'ഞാൻ ഇങ്ങനെ അയാളെ പുലഭ്യം പറഞ്ഞുവെന്നും, അത് സ്ത്രീകളുടെ മുന്നിൽവെച്ചായിരുന്നുവെന്നും, അപമാനിതനായി എന്നും, അതുകൊണ്ടു നാളെ മുതൽ ഓഫീസിൽ വരുന്നില്ലാ' എന്നും ആയിരുന്നു സന്ദേശത്തിന്റെ രത്‌നച്ചുരുക്കം.
ആ വാർത്ത അറിഞ്ഞിട്ടാണ് ബോസ് എന്നെ വിളിച്ചത്. ഹസ്സൻ വളരെ വിഷമത്തിൽ ആണെന്നും, ഇനിമുതൽ ഓഫീസിലേക്ക് വരുന്നില്ല എന്ന തീരുമാനം എടുത്തു നിൽക്കുക ആണെന്നും മറ്റും ബോസാണ് എന്നോട് പറഞ്ഞത്. ചെക്ക് എടുക്കുവാനായി പോയ ഹസ്സനെ മറ്റൊരു ആവശ്യത്തിനായി വഴിതിരിച്ചു വിട്ടത് ബോസാണെന്നും, അതുകൊണ്ടാണ് നിരഞ്ജൻ ഏൽപ്പിച്ച കാര്യം സമയത്തു ചെയ്യാതെ പോയതെന്നും, ഇതവണത്തേക്ക് അവനോടു ക്ഷമിക്കണമെന്നും മറ്റും ബോസ് പറഞ്ഞു തുടങ്ങി. ഹസ്സൻ നല്ല പയ്യനാണ്, അവൻ കൊഴപ്പങ്ങൾ ഒന്നും ഉണ്ടാക്കില്ല. അതുകൊണ്ടു അവനോടു കുറച്ചുംകൂടി ഭേദമായി ഇടപെടാനും പറഞ്ഞുവെച്ചു.
'ഓക്കേ ശരി...' ആ വിഷയം അങ്ങനെ തുടർ ചർച്ചകൾക്കൊന്നും അവസരം കൊടുക്കാതെ അവസാനിപ്പിച്ചു.
അതിനു ശേഷം ഹസ്സനെ കാര്യമായിട്ട് തന്നെയാണ് കൈകാര്യം ചെയ്യാറ്. അത് ഹസ്സനെ മാത്രമല്ലാ, ഓഫീസിലെ മറ്റു എല്ലാവരോടും അങ്ങനെ തന്നെ തുടർന്നു. ഞാനായിട്ട് ഒരു അപരാധവും ചെയ്യാനായി തുനിഞ്ഞില്ലാ. അതെ, ആ തീരുമാനത്തിൽ എന്റെ നിരാശ തന്നെ ആയിരുന്നു പ്രതിഫലിച്ചത്.
ബോസ് നിർബന്ധിച്ചിട്ടാണ് ഹസ്സൻ വഹീദ്, ദ്വീപിലെ അധ്യാപക ജോലി ഉപേക്ഷിച്ചു മാലെയിലേക്ക് വന്നത്. ബോസ്സിന്റെ രാഷ്ട്രീയ സ്വാധീനത്താൽ ഒരു സർക്കാർ ജോലി തരപ്പെടുത്തി കൊടുക്കാമെന്നുള്ള പ്രലോഭനത്താലാണ് അയാൾ വരുന്നതും. എന്നാൽ ഹസ്സന്റെ ഇടപെടീലുകളിലെ സത്യസന്ധതയും പെരുമാറ്റവും കാരണം, ബോസ് ഹസ്സനെ സ്വന്തം സ്ഥാപനത്തിൽ നിയമിച്ചു. അലക്കിതേച്ചി വേഷത്തിൽ കുലീനമായി ഓഫീസിൽ വന്നിരുന്ന ഹസ്സൻ മറ്റുള്ള തദ്ദേശീയർക്ക് ഒരു അപവാദം ആയിരുന്നു.
എന്നും ഏവർക്കും മുൻപേ ഓഫീസിൽ എത്തുകയും അത്യാവശ്യം ജോലിക്കാര്യങ്ങൾ നോക്കുകയും, തികഞ്ഞ വിശ്വാസിയും, മുടങ്ങാതെ പ്രാർത്ഥനകളിൽ പങ്കുകൊള്ളുകയും ഒക്കെ ചെയ്യുന്ന ഹസ്സൻ മറ്റുള്ള മാലി സ്വദേശികൾക്കു അനുകരണീയനും ആയിരുന്നു. കൂടെ ജോലി ചെയ്യുന്നവരോടെക്കെ വളരെ മാന്യമായും സരസമായും സംസാരിക്കുന്നതും ക്ഷമയും, അയാളോടുള്ള കുടുംബത്തോടുള്ള കൂറും വാത്സല്യവും ഒക്കെ മറ്റുള്ളവർ ശ്രദ്ധിക്കുകയും അതിൽ ഹസ്സനെ ഏവരും അഭിനന്ദിക്കുയും ചെയ്യുമായിരുന്നു.
നിറത്തിലെ സൗന്ദര്യത്തേക്കാളും ഹൃദയ നൈർമ്യല്യത്തിന് ഹസ്സന് മാർക്ക് കൂടുതൽ കിട്ടിക്കൊണ്ടിരുന്ന ആ വേളയിലാണ്, കോളേജ് പഠനം കഴിഞ്ഞു ബോസിന്റെ മകൾ ഓഫീസ് കാര്യങ്ങൾ പഠിക്കാനായി എത്തിച്ചേരുന്നത്.
മാലെ ഓഫീസ് ജീവിതവും തൊഴിൽ സാഹചര്യങ്ങളും നന്നേ വിഭിന്നമാണ്. പലരും കൃത്യമായ സമയത്തൊന്നും അല്ല ഓഫീസിൽ എത്തുന്നത്, പോകുന്നതും അങ്ങനെ തന്നെ. അക്കാര്യങ്ങളിൽ എന്തെല്ലാം തീരുമാനങ്ങൾ എടുത്താലും ഒന്നോ രണ്ടോ ദിവസത്തിനപ്പുറത്തേക്ക് ആ തീരുമാനങ്ങൾ ആത്മാവ് നഷ്ടപ്പെട്ട് അലയാൻ തുടങ്ങും.
സ്വഗൃഹങ്ങളിൽ നിന്നു ആരും പതിവായോ തീർച്ചയായോ പ്രാതലോ പാലത്തേക്കോ കഴിക്കാറില്ല. പുറത്തെ ഹോട്ടലുകളിൽ നിന്നും ഓഫീസിലേക്ക് ആഹാരം വരുത്തുന്നതിലോ പുറത്തുപോയി കഴിക്കുന്നതിലോ ആണ് ആളുകളുടെ ആനന്ദം.
എന്നാൽ, പുതിയതായി വന്ന ബോസ്സിന്റെ മകൾ, മറ്റുള്ള സ്ത്രീ ഉദ്യോഗസ്ഥർക്ക് ഒരു മാതൃക ആയിരുന്നു. എന്നും കൃത്യമായ സമയത്താണ് അവർ ഓഫീസിൽ എത്തികൊണ്ടിരുന്നത്.
ആ സമയങ്ങളിൽ ഒക്കെ മറ്റു വനിതാ ജോലിക്കാരോ ഹസ്സൻ ഒഴികെയുള്ള സ്വദേശി ഉദ്യോഗസ്ഥരോ ഓഫീസിൽ ഉണ്ടാകാറില്ല അങ്ങനെ ഉള്ള ഒരു ദിവസം ആണ്, ഓഫീസിന്റെ ഇരുളടഞ്ഞ മൂലയിൽ, ഒരു പ്രേമം പൂക്കുന്നതായി തോന്നിയത്.
*****************
6
ജൂൺ പതിനഞ്ച്
മാലിദ്വീപ്
രാവിലെ തുടങ്ങിയതാണ് മഴ.
കുളിരോടെ പെയ്തിറങ്ങുന്ന മഴ
ജനലരികിൽ ചൂടുകോഫിയും ചുണ്ടോടു അമർത്തി അവളുടെ അരികിൽ നിൽക്കണമെന്ന ആഗ്രഹം മഴപോലെ തന്നെ മനസ്സിനെ കൊതിപ്പിക്കുന്നു, ഒപ്പം തണുപ്പിക്കുന്നു. ഇടുപ്പിൽ കൈപിടിച്ച്, അരികു ചേർത്തു നിർത്തി, മുടിവീണുകിടക്കുന്ന നെറ്റിത്തടം, പതുക്കെ കൈയ്യാൽ ഒതുക്കി, നെറുകയിൽ ചുംബിക്കണമെന്നും കൊതിച്ചുപോകുന്നു. എന്റെ തോളിലേക്ക് അവൾ ചായുമ്പോൾ, ചേർത്തുപിടിച്ചു മയിൽപ്പീലികൊണ്ടു അവളുടെ കവിളിടുക്കുകളെ തഴുകണമെന്നും കൊതിച്ചുപോകുന്നു.
മഴയുടെ ശൃങ്കാരതാളത്തിൽ ഞെരിഞ്ഞമർന്നു ആദ്യചുംബനത്തിൽ നിന്നും തഴുകി ഒഴുക്കി, ചുളിഞ്ഞു ഒടഞ്ഞു കിടക്കുന്ന മണിയറയിലേക്ക് വീണ്ടും ക്ഷണിക്കാനും കൊതിയാവുന്നു.
ആത്മരാഗത്തിന്റെ പ്രണയമധുര വീണയിൽ താളമീട്ടുന്ന സ്വരതംബുരുവിൽ നാദമായി അലിഞ്ഞു ഇല്ലാതാവണം. പ്രണയപ്പനി പിടിച്ചു, അവളുടെ സ്നേഹവായ്പ്പിലും ചെറുചൂടിലും ചേർന്നിരിക്കണം
പുറത്തു, മഴ അപ്പോഴും പെയ്തു ഒഴിയാതെ നിൽക്കുകയാണ്.
************
ജൂൺ ഇരുപത്തിയൊൻപത്
മാലിദ്വീപ്
അവസാനം, അങ്ങനെ ഷീസാ മനസ്സ് തുറന്നു.
ഞാൻ ചോദിക്കാതെ തന്നെ റൗഷം - ഹസ്സൻ ബന്ധത്തിന്റെ കഥ പറഞ്ഞു തുടങ്ങി. ആ ബന്ധത്തെ വിമർശിക്കാനോ റൗശത്തെ ഉപദേശിക്കാനോ ഷീസക്കു അർഹതയില്ലാ എന്ന മുഖവുരയോടെയാണ് അവൾ പറഞ്ഞു തുടങ്ങിയത്. വിവാഹ മോചിതയായ ഷീസയും ഇപ്പോൾ പ്രണയിക്കുന്നത് രണ്ടുകുട്ടികളുള്ള ഒരു സ്ത്രീയുടെ ഭർത്താവിനെ ആണല്ലോ എന്നുള്ള കുറ്റബോധമാവാം, അവളെക്കൊണ്ട് അങ്ങനെ തോന്നിപ്പിച്ചത്.
റൗഷം എങ്ങനെ ഹസ്സനിൽ ആകർഷിക്കപ്പെട്ടതെന്നോ, അവരുടെ ബന്ധത്തിന്റെ തുടക്കം എങ്ങനെ ആയിരുന്നോ എന്നോ ഒന്നും അവൾ പറഞ്ഞില്ല. എങ്കിലും റൗഷത്തിന് റെ അമ്മയും സഹോദരിയും ബോസും അറിഞ്ഞു കഴിഞ്ഞിരിക്കുന്ന ഈ ബന്ധം, ഇനി എങ്ങനെ മുന്നോട്ടു പോകും എന്നുള്ളതായിരുന്നു അവളുടെ ആശങ്ക.
റൗഷത്തിന്റെ 'അമ്മ ഷാത്തിറ മേഡവും മറ്റും എതിർക്കുന്ന ഈ ബന്ധം എങ്ങനെ ആയി തീരും? ഷീസാ സ്വയം ചോദിച്ചുകൊണ്ടിരുന്നു.
രണ്ടു കുട്ടികളുടെ പിതാവും ഭാര്യാ സമേതനും ആണല്ലോ ഹസ്സൻ! അതുകൊണ്ടു തന്നെ ഹസ്സന്റെ ഭാര്യയുടെ മാനസികചിന്തകളെക്കുറിച്ചും ആകുലതകളെക്കുറിച്ചും ഷാത്തിറ മേഡം പൂർണബോധവതിയാവും.
അല്ലെങ്കിൽ ഹസ്സന്റെ ഭാര്യ അനുഭവിച്ചേക്കാവുന്ന മാനസികവും ശാരീരികവും ആയ പ്രശ്നങ്ങളെക്കുറിച്ചു, വ്യഥകളെക്കുറിച്ചു മറ്റു ഏവരെയുംക്കാളും ഷാത്തിറ മേഡത്തി ന് ഉൾക്കൊള്ളുവാനും മനസ്സിലാകുവാനും കഴിയും.
ഒരു തവണ അല്ലാ, രണ്ട് പ്രാവിശ്യമാണ് ബോസ്, ഷാത്തിറ മേഡത്തെ തനിച്ചാക്കി മറ്റു സ്ത്രീകളുടെ പുറകെ പോയത്!
ഏതൊരാളും ആഗ്രഹിക്കുന്ന ഭർത്താവിന്റെ സ്നേഹവും കരുണയും തലോടലും സാമീപ്യവും ശ്രദ്ധയും പരിഗണയും ഇല്ലാതെ പോയത്.
അവർ സഹിച്ചത് മുഴുവൻ കുട്ടികൾക്ക് വേണ്ടിയായിരുന്നു. റൗഷം ഉൾപ്പടെ ഉള്ള നാല് കുട്ടികൾക്ക് വേണ്ടി ആയിരുന്നു.
ഷാത്തിറ മേഡത്തെ നിലനിർത്തിക്കൊണ്ടു തന്നെ, ബോസ് മറ്റു രണ്ടുപേരുടെയും കൂടി ഭർത്താവായി.
അതുപോലെ ഒരു സാഹചര്യത്തിലൂടെ മറ്റൊരു പെൺകുട്ടിയും കടന്നു പോകരുത് എന്നൊരു നിർബന്ധ ബുദ്ധി മേഡം കരുതുന്നുവെങ്കിൽ, അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്.
തന്റെ മകൾ, അത്തരം ഒരു വിഷമത്തിനു കാരണഹേതു ആകുന്നുവെന്നത്, അതെ സാഹചര്യങ്ങളിൽക്കൂടി കടന്നുപോയ ഏതു അമ്മയെയാണ് വിഷമിപ്പിക്കാതെ ഇരിക്കുക.
ഒരു മകൾ എന്ന നിലയിൽ, റൗഷത്തിനു തന്റെ അമ്മക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സ്നേഹവും, മേഡത്തിന്റെ തീരുമാനത്തെ മനസ്സിലാക്കുകയും ആദരിക്കുകയും ചെയ്യുക എന്നതാവും.
ഇരുപത്തിരണ്ടു വയസ്സോളമുള്ള റൗഷം സുന്ദരിയാണ്, മിടുക്കിയും.
ആ പെൺകുട്ടി എന്തുകൊണ്ടാണ്, ഇത്തരം ഒരു ബന്ധത്തിൽ അനുരക്തയായി എന്ന് എനിക്കൊട്ടും മനസ്സിലാവുന്നില്ല.
ഹസ്സൻ, ആളൊരു ശുദ്ധനും സത്യസന്ധനും കച്ചവട മനസ്സില്ലാത്ത ആളും ആണ്.
സൗഹൃദയൻ ആണ്, സ്നേഹമുള്ള ആളാണ്, ഒപ്പം തികഞ്ഞ വിശ്വാസിയും. പക്ഷെ അതൊന്നും റൗഷത്തിന്റെ ചാപല്യത്തെ ന്യായികരിക്കുന്ന കാര്യങ്ങൾ ആണോ എന്നറിയില്ല.
റൗഷത്തിനു ഇതിലും നല്ലൊരു ബന്ധവും ഭാവിയും ഉണ്ടാവുകയില്ലേ?
ഓഫീസിനു ഉള്ളിലെ സീരിസ് പ്രണയം കാണുന്നത് ആദ്യമായല്ല!
എന്റെ സഹപ്രവർത്തക റൂണയും, മുൻപ് ഓഫീസിൽ ജോലി ചെയ്തിരുന്ന മുഹമ്മദും തമ്മിലുള്ള ബന്ധവും കണ്ടിട്ടുള്ളതാണ്.
എന്നാൽ അവരുടേത് ഒരു പ്രണയബന്ധം ആയിരുന്നില്ല എന്നാണ് എന്റെ ബോദ്യം. നൈരാശ്യം പൂണ്ട കുടുംബ ബന്ധത്തിൽ നിന്നുമുള്ള മോചനത്തിന് മുഹമ്മദ് കണ്ടെത്തിയ ശാരീരിക ആശ്രയം മാത്രം ആയിരുന്നു റൂണ. അവരുടെ പല ശാരീരിക ചേഷ്ടകൾക്കും അബദ്ധവശാൽ നമ്മൾ ദൃക്‌സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്.
എന്നാൽ ഓഫീസിനുള്ളിലെ കാര്യാ ഗൗരവമുള്ള ആദ്യ പ്രണയകഥയിലെ നായിക റീഷം ആയിരുന്നു. അതും ബോസ്സിന്റെ മകൾ തന്നെ ആയിരുന്നു എന്നുള്ളത് എടുത്തുപറയേണ്ട കാര്യം ആണ്. ബോസ്സിന്റെ മൂത്ത മകളായ, റീഷം ഓഫീസിലെ ഇസ്‌മെയിൽ ഹാമിയുമായി രൂപപ്പെട്ട പ്രണയം,ബോസ്സിന്റെ വീടും അംഗീകരിച്ചത് ആയിരുന്നുവെങ്കിലും, വിവാഹത്തിലേക്ക് നയിക്കാതെ പരാജയപ്പെടുക ആയിരുന്നു.
അതിനു ശേഷം, വെളിപ്പെട്ട ഈ പ്രണയകഥയിലും ബോസ്സിന്റെ തന്നെ മകൾ ആയിരുന്നുവെന്നത്, വല്ലത്തൊരു നിരാശക്കു വകതരുന്നു.ഈ സൂചിപ്പിച്ച മൂന്നു പുരുഷൻമാരുടെയും ജോലിസ്ഥാനവും ജോലിസ്വഭാവും ഒന്ന് തന്നെ ആയിരുന്നുവെന്നത് മറ്റൊരു യാദുർശ്ചികത ആവാം. മുഹമ്മദിന് പകരം വന്നതാണ്, ഹാമി. ഹാമിക്ക് പകരം വന്നതാണ് ഹസ്സൻ.
രണ്ടോ മൂന്നോ മാസത്തിലേറെ ആയി നടക്കുന്ന അടക്കിപറച്ചിലുകളും മൗനങ്ങളും കാൽചുവട്ടിലേക്കു നീളുന്ന നോട്ടവും ഒക്കെയാണ്, ഷീസാ പങ്കുവെച്ചത്.
എന്റെ വിശ്വാസം, ഷീസാ ഈ ബന്ധം അറിയുന്നതിന് മുൻപ് തന്നെ എനിക്ക് അതിന്റെ സംശയങ്ങൾ തോന്നിത്തുടങ്ങിയിരുന്നു.
ലിപ്സ്റ്റിക് പടർന്ന ചുണ്ടിനു മുകളിലെ ചെമ്പിച്ച നനുത്ത രോമരാജികളിൽ പടർന്നിരിക്കുന്ന വിയർപ്പുകണങ്ങൾ. അവളുടെ കണ്ണിലൂടെ ഒഴുകിയെത്തുന്ന പ്രകാശം, അവന്റെ മുഖത്തേക്ക് പടർത്തുന്ന ഊർജ്ജകണികകളിൽ പ്രണയം മാത്രം ആയിരുന്നുവെന്ന്, വെറുതെ ഊഹിച്ചതാണ്.
ഒന്നോ രണ്ടോ പ്രാവിശ്യം പുറത്തെ റെസ്റ്റോറന്റുകളിൽ ആഹാരം കഴിക്കാനായി പോയപ്പോഴാണ്, പിന്നെയും ശ്രദ്ധിച്ചത്. അവന്റെ കൈകളിലേക്ക് പടർന്നു കയറുന്ന സ്വർണ്ണ വളയിട്ട തണുത്ത കോലുമ്പിച്ച കൈകൾ ചേർന്ന് ഇഴുകി ഒഴുകുന്ന പുഴപോലെ, ദേഹങ്ങൾ ഒന്നാകുന്നത് കാണാതെ കണ്ടിരിക്കുന്നു.
കടലു തേടുന്ന പുഴപോലെ, സ്നേഹം തേടുന്ന ഹൃദയമാണ് റൗഷത്തിന്റേതു എന്ന് നേരത്തെ തന്നെ മനസ്സിലാക്കിയിട്ടുള്ളതാണ്. അവളുടെ കൊഞ്ചലിലും സാമിപ്യത്തിലും നോട്ടത്തിലും ഒക്കെ അപൂണ്ണമായി പോയ പ്രേമത്തിന്റെ, പ്രണയ നഷ്ടത്തിന്റെ ബാക്കിപത്രങ്ങൾ നിഴലിച്ചു കാണാമായിരുന്നു.
ഇത് ആദ്യമായി ഒന്നുമല്ല, റൗഷം റിയാസ്, അവളുടെ അച്ഛന്റെ ജോലിക്കാരെ സ്നേഹിക്കുന്നത്.
അച്ഛന്റെ മറ്റൊരു സ്ഥാപനത്തിലെ സെയിൽസ്മാൻ ആയിരുന്നു, എന്റെ അറിവിൽ അവളുടെ ആദ്യ കാമുകൻ, പഠനകാല ആൺസൗഹ്രദം. അതിന്റെ പരാജയത്തിന് ശേഷവുംകൂടിയാണ് അവൾ ഓഫീസിൽ ജോലിക്കായി എത്തുന്നത്.
എന്തുകൊണ്ടാണ് എന്ന് എനിക്കും അറിയില്ല, ഒരിക്കൽ അവൾ എന്നോടും പറഞ്ഞിരുന്നു, എനിക്ക് നിങ്ങളെ ഇഷ്ടമാണെന്ന്. വളരെ തമാശയായിട്ടു അവളതു പറയുമ്പോൾ, ഒരു പ്രണയ വാഗ്‌ദാനമായിട്ടൊന്നുമല്ല കേട്ടതും ഉൾക്കൊണ്ടതും.
പക്ഷെ, അവളുടെ ഉള്ളിൽ അടിഞ്ഞുകൂടുന്ന നൈര്യാശ്യവും എന്നാൽ നിഷ്‌കളങ്കതയും അന്നെ എന്നെ ആശങ്കപ്പെടുത്തിയി രുന്നു.
ഒരു പക്ഷെ, മറ്റൊരു പുരുഷനോടാണ് അവളതു, അന്ന് പറഞ്ഞിരുന്നതെങ്കിൽ, ഹസ്സൻ അവളുടെ ജീവിതത്തിലേക്ക് വരുക ഇല്ലായിരുന്നു.
അങ്ങനെ കാണുന്ന ഏവരെയും പ്രേമിക്കാൻ വെമ്പിനിൽക്കുന്ന ഒരു പെൺകുട്ടിയാണ് റൗഷം എന്നൊന്നും ഞാൻ പറയില്ല, എങ്കിലും അവളും തീവ്ര ആഗ്രഹത്തിൽ തന്നെ ആയിരുന്നു എന്നുള്ളത് എന്റെ പൂർണബോധ്യം തന്നെയാണ്.
ഓഫീസിനു ഉള്ളിലും പിന്നീട് പുറത്തുപോകുമ്പോഴും ഒക്കെ ഹസ്സനോപ്പം റൗഷം എടുക്കുന്ന ഫോട്ടോഷൂട്ടുകളിലേക് ക് എത്തിനോക്കിയതും വലിഞ്ഞുകയറിയതും എന്റെ സംശയം തീർക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ആയിരുന്നു. ശേഷം എപ്പോഴും, അവരെ ഇരുവരെയും ശ്രദ്ധിക്കാൻ തുടങ്ങി. മോശമാണ്, അത്ര മഹത്തരമൊന്നും അല്ല എന്നറിയാമെങ്കിലും, ഉള്ളിലെ അന്ന്വേഷണകുതകിയായ മനസ്സ്, അവരുടെ പുറകെ പിന്തുടർന്നുകൊണ്ടിരുന്നു.
പറയാതെ പറഞ്ഞു പോകുന്ന വാക്യങ്ങളിൽ...
ഒളികണ്ണിട്ടു നോക്കുന്ന വേളകളിൽ...
ഓരോ ഇമയനക്കങ്ങളിൽ ഒക്കെയും പ്രേമ വല്ലരികൾ പൂക്കുകയും ഇണപ്രാവുകൾ കുറുകയും അരയന്നങ്ങൾ നീന്തുകയും പ്രണയതന്തുണികൾ മീട്ടുകയും ആണെന്ന്, അന്തരീക്ഷത്തിലെ ഗതികോർജ്ജത്തിനെ ഗതിവിഗതികൾ പറഞ്ഞു തന്നിരുന്നു, പാടി നടന്നിരുന്നു.
അത്തരം വികിരണങ്ങൾ മനസ്സിലാക്കുവാൻ, കടുന്തുടി താളത്തിലെ പ്രേമസല്ലാപങ്ങൾ കേൾക്കുവാൻ, പ്രേമാഗ്നി ഊഷ്മാവിൽ പടർന്ന് ഹൃദയത്തെ കീഴടക്കുന്നത് കാണുവാൻ, ഷെർലക് ഹോംസ് സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസം പോലും വേണ്ടിയിരുന്നില്ല.
കൂടെ ഉള്ളവർും എന്നിൽനിന്നും മറച്ചുവെച്ചുവെങ്കിലും, എന്റെ ഊഹങ്ങൾ ശരിയെന്നു അറിഞ്ഞപ്പോൾ ഉള്ളിൽ സന്തോഷം തോന്നി.
അവരുടെ ബന്ധത്തിലെ ശരി തെറ്റുകൾ എന്റെ വിഷയം ആയിരുന്നില്ല.
അവരുടെ തീരുമാനങ്ങളും ഭാവിയും എന്നെ ബാധിക്കുന്ന കാര്യവും ആയിരുന്നില്ല.
അത് റൗഷത്തിന്റെയും ഹസ്സന്റെയും വ്യെക്തിപരമായ തിരഞ്ഞെടുപ്പുകൾ എന്നതിലപ്പുറം, ഞാൻ എന്തിനു അവരുടെ കാര്യങ്ങളിൽ ഇടപെടണം.
ഷീസാ, അവളുടെ വിഷമവും നിരാശയും അല്പം വേദനയോടെ നനഞ്ഞ ശബ്ദത്തിൽ പറയുമ്പോൾ, ഷാത്തിറാ മേഡത്തിന്റെ അഭിപ്രായത്തോട് പൂർണ യോജിപ്പും, ആ അമ്മയുടെ ആശങ്കയിൽ അനുതാപവും ഉണ്ടെങ്കിലും ഞാൻ ഒരു കേള്വിക്കാരനായി നിന്നു.
ഒരു സ്ത്രീ പുരുഷനെ തിരഞ്ഞെടുക്കുന്നതും, പുരുഷൻ അവന്റെ സ്ത്രീയെ തിരഞ്ഞെടുക്കുന്നതും വളരെ വിചിത്രവും വിഭിന്നവുമായ രീതികളിൽ ആണെന്ന്, ഒരു റൗഷം മാത്രം അല്ല പറഞ്ഞുതരുന്നത്. കൺമുന്നിൽ, ജീവിക്കുന്ന തെളിവുകൾ ധാരാളമാണ്.
പ്രണയത്തിന്റെ പടർച്ചയുടെ അതിലോല ഭാവങ്ങൾ, കാരണങ്ങൾ, നിമിത്തങ്ങൾ അത്രമാത്രം സങ്കീർണവും വിവേചന രഹിതവും ആണെന്ന് പിന്നെയും പിന്നെയും പറഞ്ഞു തരുന്നു.
******************************
7
ജൂലൈ പന്ത്രണ്ട്
മാലിദ്വീപ്
അഹമ്മദ് ലത്തീഫ്!
ആ പേര് അത്ര പരിചയമൊന്നും ഉള്ളതായിരുന്നില്ല, അടുത്ത സമയം വരെയും.
ഓഫീസിലെ സുലൈമാൻ യാസിർ എന്ന യാസിർ ഭായിയുടെ ഏറ്റവും അടുത്ത സുഹൃത്തെന്ന നിലയിൽ കേട്ടറിവുണ്ട് എന്നതാണ്, ആ പേരുമായുള്ള ഏറ്റവും വലിയ പരിചയം. അപൂർവമായി അദ്ദേഹത്തെ ഓഫീസിലെ ചില ടീപാർട്ടികളിലും മറ്റും കണ്ടിട്ടുമുണ്ട്. കാഴ്ച്ചയിലും, പെരുമാറ്റത്തിലും വളരെ അഹന്തയും ശാട്യവും അകലവും പ്രകടിപ്പിക്കുന്നുവെന്നു തോന്നുന്ന, പുഞ്ചിരി നഷ്ടപെട്ട മുഖവും കണിശക്കാരനും ആർക്കും മെരുങ്ങാത്തവൻ എന്ന ശരീര ഭാഷയും ആയാണ് അഹമ്മദിനെ വിലയിരിത്തിയിട്ടുള്ളത്.
എന്നെയും പരിചയം ഉണ്ടെങ്കിലും, തെരുവോരങ്ങളിൽ യാദ്ര്ശ്ചികമായി കണ്ടുമുട്ടിയേക്കാവുന്ന വേളകളിൽ ഒരിക്കൽപോലും മുഖത്തേക്ക് നോക്കുകയോ ഒരു പുഞ്ചിരിപോലും കൈമാറാറു പതിവില്ല. നാട്ടുഭാഷയിൽ ചോദിക്കുന്നതുപോലെ ഇത്രയും വലിയൊരു ജാഡക്കാരൻ ആണോ അഹമ്മദ്, എന്നായിരുന്നു മനസ്സിലെപ്പോഴും ഉയർന്ന സംശയം.
സുലൈന്മാൻ യാസിർ പങ്കുവെക്കുന്ന ആഡംബര ആർഭാട കഥകളിൽ ഒക്കെയും, ഭയഭക്തി ബഹുമാനത്തോടെയും ആദരവോടെയും ആണ് അഹമ്മദ് ലത്തീഫിനെ പരിചയപ്പെടുത്തി തരാറ്. മാൽദിവസിലെ ഏറ്റവും പഴക്കം ചെന്ന വർത്തക പ്രമാണിമാരിൽ ഒരാളാണ് അഹമ്മദ് ലത്തീഫിന്റെ പിതാവ്. പിതാവ് നേതൃത്വം നൽകുന്ന വലിയൊരു കച്ചവട സ്ഥാപനത്തിലെ ഡയറക്ടർമാരിൽ ഒരാളാണ് അഹമ്മദ്. രാജ്യത്തെ മറ്റൊരു ദ്വീപിൽ നിന്നും തലസ്ഥാന ദ്വീപിൽ എത്തി, തന്റേതായ വ്യെക്തിമുദ്രയും അതുവഴി സാമ്പത്തിക സുസ്ഥിരതയും സൃഷ്‌ടിച്ച വ്യെക്തിയാണ് ശ്രീ.അഹമ്മദിന്റെ പിതാവ്. ആ പ്രമാണിത്വം പിന്തുടരുകയും ഇളക്കം തട്ടാതെ പരിപാലിക്കുകയും ചെയ്യേണ്ടത് മാത്രമായിരുന്നു അഹ്മദ് ഉൾപ്പടെയുള്ള മക്കളുടെ കടമയും ഉത്തരവാദിത്വവും.
സുലൈന്മാൻ യാസിറിന്റെ വിദേശയാത്രകളിൽ ഒക്കെ അഹമ്മദിന്റെ പേര് പൊന്തിവരുമായിരുന്നു. ബാങ്കോക്കും ബാലിയും ദുബായിയും ഒക്കെ അവർക്ക് ഭാര്യവീടുപോലെ എപ്പോഴും ചെന്ന് കയറാവുന്ന ഏതു കാര്യത്തിനും ആശ്രയിക്കാവുന്ന സ്ഥലങ്ങൾ ആണെന്ന് പറയാറുണ്ട്. ആ യാത്രകളുടെ വിശേഷങ്ങളും മറ്റും പറയുമ്പോൾ എല്ലാത്തിനും ചിലവാക്കുന്നതും ആഘോഷിക്കുന്നതും അഹമ്മദ് തന്നെ മുന്നിട്ടായിരുന്നു. മദ്ധ്യാഹ് ന ജീവിതത്തെ ഇത്രയും ആഘോഷമാക്കുന്നതിൽ അഹമ്മദിനോട് എനിക്ക് അസൂയ തോന്നിയിരുന്നു.
കേട്ടറിഞ്ഞടുത്തോളം, വിവാഹബന്ധം വേർപെടുത്തി ഒട്ടപെട്ടാണ് അഹമ്മദ് ജീവിക്കുന്നത്.
ഏകദേശം നാല്പത്തഞ്ചു വയസ്സ് കഴിഞ്ഞിട്ടുണ്ടാവണം അഹമ്മദിന്.
മീശയും താടിരോമങ്ങളും പൂർണമായും വൃത്തിയാക്കി, തേച്ചുമിനുക്കിയ വേഷത്തിലാണ് അഹമ്മദിനെ എപ്പോഴും കാണാറ്.
അഹമ്മദ് ലത്തീഫുമായി സംസാരിക്കുന്നതും കൂടുതൽ പരിചയപ്പെടുന്നതും, അദ്ദേഹം പുതിയതായി പാട്ടത്തിനെടുത്ത ഫിനോളു ദ്വീപിൽ ഓഫീസിൽ നിന്നും എല്ലാവരുമൊത്തു പോയ പിക്‌നിക് ദിവസമാണ്.
നിനക്ക് അറിയാവുന്നതുപോലെ ഞങ്ങളുടെ ഓഫീസ് സ്ത്രീകൾ ഭൂരിപക്ഷമുള്ള ജോലി സ്ഥലം ആണല്ലോ. ഞങ്ങളെ എല്ലാവരെയും സ്പീഡ് ബോട്ടിൽ എല്ലാവിധ ചിലവും വഹിച്ചു അദ്ദേഹവും യാസിർ ഭായിയും ചേർന്നാണ് കൊണ്ടുപോയത്. എന്ന് മാത്രമല്ല, വിദേശ യാത്രകൾ കഴിഞ്ഞു വരുന്ന അഹമ്മദും യാസിർഭായിയും ഞങ്ങളുടെ ഓഫീസിലേക്ക് ചോക്ലറ്റും മറ്റും സമ്മാനമായി തരുവാൻ മത്സരമായിരുന്നു.
അപ്പോഴും ഞാൻ ആലോചിക്കുമായിരുന്നു അദ്ദേഹം ഞങ്ങളോട് കാണിക്കുന്ന ഈ സ്നേഹത്തിനു പിന്നിലുള്ള കാരണം എന്തായിരിക്കും, സ്വാധീനം എന്തായിരിക്കും.
ഫിനോളു ദ്വീപിലേക്കുള്ള സന്ദർശനങ്ങൾ ഒരു യാത്രകൊണ്ട് അവസാനിച്ചില്ല.
വീണ്ടും പോയി.
പിന്നെയും പോയി...
ആദ്യ യാത്രയിലാണ്, അദ്ദേഹത്തിന്റെ പുതിയ റിസോർട്ട് പദ്ധതിയെ കുറിച്ച് വിശദീകരിക്കുന്നത്. ആ പദ്ധതിയെക്കുറിച്ചു എന്നോട് പങ്കുവെക്കേണ്ടതായ ബന്ധം ഒന്നും ഞങ്ങൾ തമ്മിൽ ഇല്ലായിരുന്നുവെങ്കിലും വളരെ ആവേശത്തോടെ അഹമ്മദ് എന്നോട് സംസാരിച്ചപ്പോൾ ശ്രദ്ധാപൂർവവും ആദരവോടെയും അദ്ദേഹത്തെ ശ്രവിച്ചിരുന്നു. ഒരു വിദേശ കമ്പനിയുമായി ചേർന്ന് ഈ ദ്വീപിൽ ഒരു വൻകിട റിസോർട്ടാണ് നിർമ്മിക്കുവാൻ പോകുന്നതെന്നും പണികൾ വളരെ പെട്ടെന്ന് തന്നെ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
അഹമ്മദ് അദ്ദേഹത്തിന്റെ നിർത്താതെയുള്ള സംഭാഷണത്തിൽ സ്വജീവിത കഥകൾക്ക് ഒപ്പം ഭാവി പരിപാടികൾ പറഞ്ഞു, ഒപ്പം എനിക്കൊരു ജോലിയും വാഗ്ദാനം ചെയ്തിരുന്നു.
സംഭാഷണത്തിൽ, ഇത്രയും നിഷ്കളങ്കനും വിനീതനുമായ ഒരാളിനെ ആണോ ഞാൻ തെറ്റിദ്ധരിച്ചതെന്ന് ഓർത്തു കുണ്ഠിതപ്പെട്ടു. അന്ന് ഫിനോളുവിൽ നിന്നും പിരിയുമ്പോൾ അഹമ്മദ് ലത്തീഫ് കാണിച്ച സ്നേഹത്തിനും പരിചരണത്തിനും വളരെ അധികം നന്ദിയും പറഞ്ഞാണ് പിരിഞ്ഞത്.
ശ്രി. അഹമ്മദിന്റെ സ്നേഹം പിന്നീട് അറിയുന്നത്, റംസാൻ മാസത്തിലെ നോമ്പുതുറ വേളയിലാണ്. ഞങ്ങളെ ഏവരെയും അദ്ദേഹം നോമ്പ് തുറക്കുന്നതിനായി ക്ഷണിച്ചത് ഒരു റിസോർട്ടിലേക്കായിരുന്നു.ബിയാദു ഐലൻഡ് റിസോർട്ടിലെ നോമ്പുതുറയും യാത്രാച്ചിലവുകളും പൂർണമായും വഹിച്ചത് അഹമ്മദ് തന്നെ ആയിരുന്നു ഓഫീസിലെ പെൺകുട്ടികൾ ഉൾപ്പടെ ഉള്ളവർ ചേർന്ന് പോയ ആ യാത്ര ഏറ്റവും മനോഹരവും സന്തോഷകരവും ആയ ഒരു അനുഭവം ആയിരുന്നു.
ആ സായന്തനത്തിലാണ് ഒരാൾ ആദ്യമായി എന്നോട് ദോൻഹെയ്‌ല അലിഫുളൂ പ്രണയത്തെക്കുറിച്ചു ചോദിക്കുന്നത്!
നോമ്പുതുറക്കു ശേഷം കത്തിച്ചുവെച്ച മെഴുകുതിരിയുടെ ഇത്തിരിവെട്ടത്തിൽ സംസാരിച്ചിരിക്കുമ്പോഴാണ്, അഹമ്മദ് ചോദിക്കുന്നത്, ഹസ്സനും റൗഷവും തമ്മിൽ സ്നേഹത്തിൽ ആണോ?
അത് അറിഞ്ഞു ബോസ് ഹസ്സനോട് തർക്കിക്കുയും എതിർക്കുകയും ചെയ്തോ ?
എന്താണ് ഇപ്പോൾ ഓഫീസിൽ നടക്കുന്നത്?
എങ്ങനെയാണ് ഹസ്സന്റെ സ്വഭാവം?
എന്താണ് ഹസ്സന്റെ സ്വഭാവത്തെക്കുറിച്ചുള്ള അഭിപ്രായം?
എന്നിങ്ങനെ പോയി അദ്ദേഹത്തിന്റ പതം പറച്ചിലും അന്നെഷണവും.
സത്യം പറഞ്ഞാൽ എനിക്ക് അദ്ഭുതമായിരുന്നു, അവിശ്വസനീയമായിരുന്നു.
അഹമ്മദ് എങ്ങനെ അറിഞ്ഞു, ഈ പ്രേമബന്ധം ? അവർ തമ്മിൽ സ്നേഹത്തിൽ ആണോയെന്ന് എത്ര ആധികാരികമായിട്ടാണ് അഹമ്മദ് ചോദിക്കുന്നത്?
എന്റെ ചോദ്യങ്ങൾ ഉള്ളിൽകിടന്നു തികട്ടുമ്പോഴും, ഉത്തരങ്ങൾ ഒന്നും കിട്ടിയിരുന്നില്ല.
എങ്കിലും ഒരു കാര്യം പൂർണമായും ബോധ്യപ്പെട്ടിരുന്നു, റൗഷം -ഹസ്സൻ ബന്ധത്തിൽ, ബോസ്സിനെക്കാളോ ഷാത്തിറ മേഡത്തെക്കാളോ ആശങ്കയും വിഷമവും ഉള്ളത് അഹമ്മദിനാണ്.
ഫെയ്‌ദ് ഫിനോളു ദ്വീപിൽ നിന്നും വെള്ളിയാഴ്ച അവധി ആഘോഷങ്ങൾ കഴിഞ്ഞു വരുമ്പോഴെക്കെ, അഹമ്മദ് റൗഷത്തിനു മൊബൈൽ ഫോണിൽ സന്ദേശങ്ങൾ അയക്കാറുണ്ടെന്നു പറഞ്ഞത്, റൗഷം തന്നെയാണ്.
"അയാളൊരു ശല്യമായല്ലോ, എങ്ങനെയാണ് അയാളെ കൈകാര്യം ചെയ്യേണ്ടത്. എനിക്ക് ഒരു ഉപായം പറഞ്ഞു തരാമോ നിരഞ്ജൻ?"
റൗഷത്തിന്റെ പരാതികൾ ഇങ്ങനെ നിരന്തരം കേൾക്കുമ്പോൾ 'എന്തെ അയാൾക്ക് ആ കൊച്ചു പെൺകുട്ടിയിൽ ഗൂഢ താല്പര്യങ്ങൾ വല്ലതുമുണ്ടോ'? അതാണോ ഈ യാത്രകൾവേണ്ടി മുടക്കുന്ന സമയത്തിനും ധനത്തിനും പിന്നിലുള്ള പ്രചോദനം?
ഒരു ദശകം കഴിയുന്ന മാലൈയിലെ പ്രവാസ ജീവിതത്തിനിടയിൽ ഒരിക്കൽ പോലും, നമ്മുടെ നാട്ടിലേതുപോലുള്ള പരമ്പരാഗത വിവാഹരീതികളോ നടപ്പു രീതികളോ ചടങ്ങുകളോ കാണുകയോ അറിയുകയോ ഉണ്ടായിട്ടില്ല. ഇവിടെ മാലിദ്വീപിൽ ആരും അത്തരത്തിലുള്ള ഒരു വിവാഹത്തെ പ്രോത്സാഹിപ്പിക്കുകയോ ഏർപെടുകയോ ചെയ്യുന്നില്ല എന്ന് പറയുന്നതാവും കൂടുതൽ ശരി. ഇന്നലെ വരെയും അന്യമായിരുന്ന ഒരു പെൺകുട്ടിയുടെ കൂടെ അല്ലെങ്കിൽ പുരുഷന്റെ കൂടെ കിടക്കുക, ജീവിതം തുടങ്ങുക. അത്തരം ഒരു വിവാഹബന്ധവും ബലാത്സംഗവും തമ്മിൽ എന്ത് വ്യെത്യസ്തമാണ് ഉള്ളതെന്നാണ് പലരുടെയും കാഴ്ചപ്പാടും അഭിപ്രായവും.
ഇന്നലെ സുഹൃത്ത് ഷീസയാണ്, അത്ഭുതകരമായ ആ വാർത്ത എന്നോട് പങ്കുവെക്കുന്നത് അഹമ്മദ് ലത്തീഫ് ബോസ്സിന്റെ വീട്ടിലേക്ക് മൂന്നാമനെ അയച്ചിരിക്കുന്നു, റൗഷത്തെ വിവാഹമാലോചിക്കാൻ!
ഞാൻ സ്തബ്ധനായി കേട്ടുകൊണ്ടിരുന്നു.
ഒരു നിമിഷം, ചിരിക്കണോ കരയണോ എന്നറിയാതെ നിശബ്ദനായിപ്പോയി.
അലി ഫുളുവിൽ നിന്നും ദോൻ ഹെയ്‌ലയെ തട്ടിക്കൊണ്ടുപോകുവാൻ ആ പഴയ രാജാവ് വന്നുവോ?
*************************
8
ജൂലൈ പതിമൂന്ന്
മാലിദ്വീപ്
അഹമ്മദ് മുന്നോട്ടു വെച്ച കല്യാണ ആലോചന, ബോസ്സിന്റെ വീട്ടിലും ഓഫീസിലും കോളിളക്കം തന്നെയാണ് സൃഷ്ടിച്ചത്.
എന്നാലും ...
അത് വളരെ മോശമായി പോയില്ലേ...
അഹമ്മദിന്റെ മകളുടെ പ്രായമല്ലേ ഉള്ളു, റൗഷത്തിനു?
പുരുഷന്റെ വർഗ്ഗലക്ഷണമായ മനസ്സാണോ ആ ആലോചനയിൽ നിന്നും വെളിവാക്കുന്നത്.
കൊതിതീരാത്ത, നിർജ്ജീവമാകാത്ത കാമാവശ്യമാണ് അയാളുടെ ഉള്ളിൽ ഉള്ളത്.
ഇതുവരെയും കല്യാണം കഴിച്ചിട്ടില്ലാത്ത, 22 വയസ്സുകാരിയാണ് റൗഷം.
നടപ്പു ശീലങ്ങൾ വെച്ച്, മുൻപ് പുരുഷ സുഹൃത്ത് ഉണ്ടായിരുന്ന ഒരാളായിരുന്നു ആ പെൺകുട്ടി എങ്കിലും, അവളുടെ കന്യകാത്വം നഷ്ടപെട്ടിട്ടുണ്ടാവില്ല എന്ന വിശ്വാസത്തിൽ തന്നെയാവും അയാൾ അവളെ പ്രാപിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചത്.
കാമാവേശവും കാമപരവേശവും ആണ് അഹമ്മദിനെയും യാസിർഭായിയെയും പോലുള്ളവരെ നയിക്കുന്നത്. അവരുടെ ദുബായി ബാലി കഥകളിലെ രക്തവർണ്ണമായ ചിത്രങ്ങളൊക്കയും മസാലകൾ നിറഞ്ഞതായിരുന്നു. ആഭാസത്തിന്റെ വർണ്ണമേഘങ്ങൾ നിറഞ്ഞു മധ്യവയസ്സിന്റെ ഇനിയും ശമിക്കാത്ത വികാരങ്ങളുടെ പൂർത്തീകരണം ആയിരുന്നു ഓരോ കഥകളും.
ഇരുവരും എന്നും വൈകിട്ട് എക്‌വേണി ഗ്രൗണ്ടിലെ ട്രാക്കിൽ നടക്കാനായി പോകാറുണ്ട്.
വളരെ ആത്മാർഥമായി വ്യായാമം ചെയ്യുന്നത് കാണുമ്പോൾ, അവരുടെ ആവിശ്യം വെറും ആരോഗ്യ സംരക്ഷണം മാത്രമല്ലാ, കട്ടിലിലെ പ്രകടനത്തിന് ശരീരത്തെ പുഷ്ടിപ്പെടുത്തുകയാണ് എന്ന് സംശയിച്ചു പോകും.
ഒരിക്കൽ, റൗഷത്തെക്കാളും പ്രായം കുറഞ്ഞ ഒരു പെൺകുട്ടി ഓഫീസിൽ എന്തോ ആവിശ്യത്തിനായി വന്നവേളയിൽ, യാദ്ര്ശ്ചികമായി ആ സമയം യാസിർഭായിയും ഓഫീസിൽ ഉണ്ടായിരുന്നു. അന്ന് അയാളുടെ നോട്ടവും ഭാവ പ്രകടനങ്ങളും, കണ്ടു നിന്ന എന്റെ തൊലിയുരിപ്പിക്കുന്നത് ആയിരുന്നു. അന്ന് മുതൽ ശ്രദ്ധിച്ചു തുടങ്ങിയതാണ്, ഇവരുടെ ചാപല്യങ്ങൾ.
മധ്യവസ്കരായ...
ഈ മുതുക്കന്മാരുടെ...
കാമ ആവിശ്യങ്ങൾക്കു ഒരു നിയന്ത്രണമോ പരിധിയോ ഇല്ലെന്ന് ,അന്നേ കണക്കു കൂട്ടിയിരുന്നു.
ഇവർക്ക് വേണ്ടത് കൊച്ചുപിള്ളാരെ ആണ്...
സുഹൃത്തുക്കൾ പറയാറുള്ളത് പോലെ.. കന്യകാത്വം നഷ്ടപ്പെടാത്ത പെൺകുട്ടികൾ. തനതാകൃതി നഷ്ടപെട്ട സ്ത്രീകൾ, ഇത്തരക്കാർക്കൊരു അശ്‌ളീല വസ്തുവാണ്.
ഈ കല്യാണ ആലോച വിവരം ഷീസാ പങ്കിട്ടത് മുതൽ, വല്ലാത്തൊരു വിഷമവും കുറ്റബോധവും തോന്നുന്നു.
അത് മറ്റൊന്നും കൊണ്ടല്ലാ...
അഹമ്മദിന്റെ പാട്ടത്തിനെടുത്ത ദ്വീപായ ഫിനോളുവിൽ ആദ്യമായിട്ട് പോയി വന്നതുമുതൽ, ഷീസാക്കും, പിന്നീട് റൗഷത്തിനും അഹ്മദ് വൈബർ സന്ദേശങ്ങൾ അയക്കാറുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നുവല്ലോ. ഇരുവരും അഹമ്മദിനെ കുറിച്ച് എന്നോട് ചോദിക്കാറും ഉണ്ടായിരുന്നു.
എനിക്ക് അഹമ്മദിനെ കുറിച്ച് ഒന്നും അറിയില്ല എങ്കിലും, ആ യാത്രയിൽ വളരെയേറെ നേരം ഗഹനമായി ആദ്യമായി അഹമ്മദ് വിശേഷങ്ങൾ പറയുന്നത് ഈ പെൺകുട്ടികൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നുവല് ലോ.
ഭവ്യതയാർന്ന സ്വഭാവമായി തോന്നിയ അഹമ്മദിന്റെ സമീപനങ്ങളെക്കുറിച്ചു എനിക്ക് നല്ലതു മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളു. അങ്ങനെ പറയുമ്പോഴും അന്നും അയാളുടെ സ്ത്രീ താല്പര്യങ്ങളെ കുറിച്ച് സൂചിപ്പിക്കാനും മറന്നിരുന്നില്ല.
അന്ന് മുതൽ ഇന്നേക്ക് മിക്ക അവസരങ്ങളിലും റൗഷത്തെ അഹമ്മദിന്റെ പേര് പറഞ്ഞു കളിയാക്കാറുണ്ടായിരുന്നു.
റൗഷത്തിനു അഹ്മദിനെ കെട്ടിക്കൂടെ...
അയാള് പണക്കാരനല്ലേ...
റൗഷത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായ പാരിസ് സന്ദർശിക്കണം എന്നുള്ളത് അഹമ്മദ് സാധിച്ചു തരില്ലേ...
സുന്ദരനല്ലേ...
സ്നേഹമയനല്ലേ ...
കാരുണ്യവാനല്ലേ...
സഹായി അല്ലെ...
എന്നിങ്ങനെ പോകുമായിരുന്നു എന്റെ ചോദ്യങ്ങൾ...
ഒരിക്കൽ പോലും മുഖം തിരിച്ചല്ലാതെ റൗഷം, അഹമ്മദിനെ പ്രതിചേർത്തുള്ള എന്റെ ചോദ്യങ്ങളെ അഭിമുഖീകരിച്ചിട്ടില്ല.
സത്യത്തിൽ, എന്റെ ചോദ്യങ്ങളൊക്കെ വെറുതെ ആ ദോൻ ഹെയ്‌ലയെ ശുണ്ഠി പിടിപ്പിക്കാൻ പറഞ്ഞു വെയ്ക്കുന്ന കാര്യങ്ങൾ മാത്രം ആയിരുന്നു.
ഞാനൊരിക്കലും അവർ ഒരുമിച്ചു ജീവിക്കുന്നതിനെ കുറിച്ച് ആലോചിട്ടില്ല.
പക്ഷെ, അപ്രതീക്ഷിതമായി, കാര്യം കല്യാണ ആലോചനയിലേക്ക് എത്തിയപ്പോൾ എനിക്ക് കുറ്റബോധം തോന്നുന്നുണ്ട്.
പ്രേത്യേകിച്ചു ഇപ്പോൾ, ഹസ്സൻ ഫുളൂ ദോൻ ഹെയ്‌ല പ്രണയം അതിന്റെ പ്രാരംഭ ഘട്ടം കടന്നു, മൂർച്ഛിക്കുമ്പോൾ...
*******************
9
ജൂലൈ പതിനാറു
മാലിദ്വീപ്
ഹേയ് അശ്വത്, ഞാൻ പറഞ്ഞത് ശരിയായിരുന്നു, എന്റെ കണ്ടെത്തലുകൾ ശരിയായിരുന്നുവെന്നും ദോൻഹെയലാ, നമ്മുടെ മുൻപിൽ തന്നെ അലിഫുളുവിനെ കണ്ടെത്തിയിരിക്കുന്നുവെന്നും നിന്നോട് ഉറക്കെ വിളിച്ചുപറയണമെന്നുണ്ടായിരുന്നു . എന്നാൽ അപ്രതീക്ഷിതമായി വന്ന ഈ കല്യാണ ആലോചന, അവരുടെ പ്രണയപർവ്വത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല എങ്കിലും, പറയാനുള്ള ആ പഴയ ആവേശം നഷ്ടപ്പെട്ടിരിക്കുന്നു.
അഹമ്മദ് മുന്നോട്ടു വെച്ച കല്യാണ ആലോചന, അവിടംകൊണ്ടും തീർന്നില്ല.
അദ്ദേഹത്തിന്റെ ഈ കഴിഞ്ഞ പല വിദേശ യാത്രകളുടെയും വിശേഷങ്ങളുമായി സമ്മാനങ്ങൾ റൗഷത്തെ ലക്ഷ്യമാക്കി ഓഫീസിലേക്ക് എത്തിക്കൊണ്ടിരുന്നു.
റൗഷത്തിന്റെ ഹസ്സനുമായുള്ള പ്രണയത്തിന്റെ ആഘാതത്തിൽ നിന്നും ബോസ് മോചിതനായിട്ടില്ല എന്നും തോന്നുന്നു. എനിക്ക് തോന്നുന്നു അത് ഏറ്റവും കൂടുതൽ മനസ്സിലാക്കിയത് റൗഷം തന്നെ ആണ്. അവൾക്കു ബോസ്സിന്റെ കൺവെട്ടത്തു നിന്നും ഓടിയൊളിക്കണമെന്നുണ്ട്. സ്വതന്ത്രമായി ജോലി ചെയ്യണമെന്നും പുതിയൊരു ജോലി കണ്ടെത്തണമെന്നും തീവ്ര ആഗ്രഹമുണ്ട്. അവളുടെ ആ ആഗ്രഹത്തോടും ബോസിന് എതിർപ്പുണ്ടെങ്കിലും, റൗഷം പുതിയ ജോലിക്കായുള്ള അന്നെഷണം ആരംഭിച്ചു കഴിഞ്ഞു.
ഹസ്സന് ബോസ്സുമായുള്ള രസതന്ത്രം നഷ്ടപ്പെട്ടിരിക്കുന്നു.
പുതിയ സാമ്പത്തിക സംരംഭത്തിലേക്ക് ആയാളും ഇറങ്ങിയിരിക്കുന്നു.
കമ്പനിയിൽ നിന്നും ബോസ്സിൽ നിന്നുമുള്ള വിടുതലാണ് ഹസ്സന്റെയും താല്പര്യം.
ബോസ്സിന്റെ വെറുമൊരു ജോലിക്കാരനായ ഹസ്സനുമായി താരതമ്യം ചെയ്യുമ്പോൾ, ലങ്കേശ്വരനായ രാവണനെപ്പോലെ ദോൻഹെയ്‌ലയെ തട്ടികൊണ്ടുപോയ പുരാതന രാജാവിനെപ്പോലെ, വർത്തക പ്രമാണി അഹമ്മദിന് പഠിപ്പും വിവരവും കൂടും. സാമ്പത്തികവും അഹമ്മദിന് തന്നെ കൂടുതൽ. അഹമ്മദിനെ പരാജയപെടുത്തണമെന്നുള്ളത് രാവണൻകോട്ട തകർക്കുന്നതുപോലെ പ്രയാസമേറിയതാണ്.
ദോൻ ഹെയ്‌ലയെ പിന്തുടർന്ന ആ പഴയ രാജാവിനെപ്പോലെ, അഹമ്മദും റൗഷത്തെ പിന്തുടരും എന്നുറപ്പാണ്. അതിനെ ജയിക്കണമെങ്കിൽ സാമ്പത്തികമായി സുരക്ഷിതനാവണം. അത് ഹസ്സൻ മാത്രം വിചാരിച്ചാൽ ഉടനെ എത്തിപ്പിടിക്കാൻ പറ്റുന്ന ലക്ഷ്യമല്ല. അതുകൊണ്ടാവും റൗഷവും ഇതുവരെ പ്രകടിപ്പിച്ചിട്ടില്ലാത്ത ഇച്ഛാശക്തിയോടെ പുതിയ ജോലിക്കായും വീടിനെയും മുന്നിട്ടു ഇറങ്ങിയിരിക്കുന്നത്.
ഒരുകാര്യം ഉറപ്പാണ്, ഭൂമി പിളർന്ന് അമ്മയുടെ മാർതട്ടിലേക്ക് അഭയം തേടിയ ദേവിയെ പോലെ രക്ഷാസ്ഥാനം തേടി സ്വമാതാവിന്റെ അടുക്കലേക്കു പോകുന്നവളല്ല റൗഷം.
സരയു നദിയിലേക്ക് അനന്തശേഷനെ പിന്തുടർന്ന മര്യാദാപുരുഷോത്തമനെ പോലെ, നാലുവശവും കടലാൽ ചുറ്റപ്പെട്ട മാലെയിൽ നിന്നും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ഒളിക്കുവാൻ ഹസ്സനും തയാറാവില്ലാ തന്നെ.
*******************