Saturday, October 8, 2011

പ്രാര്‍ത്ഥന

ഓര്‍മകള്‍ക്ക് ഗ്രാമത്തിന്റെ പച്ചവര്‍ണമാണ്.
പിച്ചവെച്ച വഴികളില്‍ വിശ്വാസത്തിന്റെ ചുമപ്പു ബിംബം.
നഷ്‌ട സ്മ്രിതികളില്‍ പ്രേയസിയുടെ ചുടു ചുമ്പനതിന്റെ കറുത്ത വേദന..
കുറച്ചു ദിവങ്ങല്‍ക്കുമുന്പു,  ചര്‍ച്ച വേദിയില്‍ സംവധിക്കപെട്ട, പ്രാര്‍ത്ഥന .
ആ  ഒരു ചിന്തയില്‍ നിന്നും ആണ്, ഈ  കുറിപ്പ്, ഇവിടെ കുറിച്ചിടുന്നത് .


******************************************************************

66KV സബ്സ്ടഷന് അരികിലെ  പറമ്പില്‍ വളരെ ഉയരത്തില്‍ നില്‍ക്കുന്ന മുത്തശി ഇലഞ്ഞി മരത്തിന്റെ  ചുവട്ടില്‍,
പൊഴിഞ്ഞു വീണു കിടക്കുന്ന എലിഞ്ഞി പഴവും പറക്കി, സൊറ പറഞ്ഞു, കളിച്ചു,സ്കൂളിലേക്ക് പോയ്കൊണ്ടിരുന്ന കാലം.
നടവഴിയിലെ  പൊട്ടിപൊളിഞ്ഞ ആ പഴയ കലുങ്ങിന്റെ മുകളിലൂടെ നടന്നു പോകുംപോഴാവും അവിടെ എവിടെയെങ്കിലും ഒറ്റ മൈന ഇരിക്കുന്നത് കാണുന്നത്.
ഒറ്റമൈനയെ കാണുന്നത് ദോശമാണത്രേ.
അന്നത്തെ ദിവസം സാറിന്റെ കൈയില്‍ നിന്നും അടി കിട്ടും.
ഉടനെ തന്നെ വലതു കൈ , പകുതി അടച്ച കണ്ണിനുമേലെ  അമര്തും.
അപ്പോള്‍ ഒരു ത്രീമാന രൂപം പോലെ ആ ഒറ്റമൈനയെ രണ്ടായി കാണും.
രണ്ടു മൈനകളെ കാണുന്നത് ആയിരുന്നു  പുണ്യവും ദൈവീകവും.

നടവരമ്പ് വക്കത്തെ കൈതചെടിയുടെ ഇളം ഇലകളുടെ
തുമ്പുകള്‍ തമ്മില്‍ കെട്ടിയിടും. അല്ലെങ്കില്‍, ഒരിലയുടെ മാത്രം തുമ്പു  കെട്ടിയിട്ടു അതില്‍ തുപ്പല്‍ പരത്തും.
അങ്ങനെ ആകുമ്പോള്‍ അടി കിട്ടില്ലന്നു കുട്ടിപ്രമാണം.
കൂട്ടുകാരുമൊന്നിച്ചു നടന്നുപോകുമ്പോള്‍, കുറുകെ ചാടുന്ന പൂച്ചക്കും പഴി ഉറപ്പായിരുന്നു.
അത് പോയ വഴിയില്‍ രണ്ടോ മൂന്നോ കല്ലുകള്‍ വാരി എറിഞ്ഞതിന് ശേഷമേ
ഞങ്ങളുടെ യാത്ര തുടരുക ഉള്ളു...


കണക്കു മാഷിന്റെ ചോത്യം ചെയ്യലുകളില്‍ നിന്നും രക്ഷപെടാം...
ഹോംവര്‍ക്ക്‌  ചെയ്തോ എന്ന് ആരും ചോതിക്കില്ല.
മൈനക്കും കൈത മുള്‍ ചെടിക്കും  ദിവ്യത്വം നല്‍കിയ കുട്ടിക്കാലം .
പേടിയില്‍ നിന്നും പ്രാര്‍ത്ഥിച്ചു.
പ്രാര്‍ത്ഥനകള്‍ എല്ലാം പേടിയില്‍ നിന്നും ഉണ്ടായതാണോ?
ഞാന്‍ നിന്നെ ആശ്രയിക്കുന്നത്, നിന്നെ ഞാന്‍ ഭയക്കുന്നതുകൊണ്ടാണോ?
പ്രാര്‍ത്ഥിച്ചു....
ഒറ്റമൈനയെ കാണാതിരിക്കുവാന്‍ ...
പൂച്ച കുറുക്കു ചാടുവാതിരിക്കാന്‍  വേണ്ടി...

കീറ്റലുകള്‍ വീഴാത്ത തുളസിയില ആയിരുന്നു അന്നത്തെ ജോത്സ്യന്‍.
സാറ്  ഇന്ന് വരുമോ എന്ന് അറിയുവാനും, അടി കിട്ടുമോ എന്നറിയുവാനും
പരീക്ഷ ജയിക്കുമോ എന്നറിയുവാനും ഒക്കെ തുളസിയില്‍ ഇട്ടു നോക്കും.
എന്തിനേറെ, എനിക്ക് അവളോട്‌ തോന്നിയ ആദ്യത്തെ ഇഷ്ടം പോലും,
തുളസിയിലയോട് ചോതിച്ചിട്ടുണ്ട്.

സത്യം മാത്രം പറയുന്നവരും നമുക്ക് നന്മകള്‍ മാത്രം ചെയ്യുന്ന
ആരോ ഒരാളാണ്  ദൈവം എന്നതായിരുന്നു കുട്ടികാലത്തെ വിശ്വാസം.


ഉത്സവ എഴുന്നള്ളത്
************************************
ചമയവിളക്കു
രണ്ടാളുകള്‍ ചുമലില്‍ ഏന്തുന്ന ജീവത.
മുത്തുകള്‍ കോര്‍ത്ത ചുമന്ന പട്ടു ഉടുപിച്ചു ഭംഗിയാക്കിയിട്ടുണ്ടാവും..
പല നിറങ്ങളിലുള്ള പൂവുകള്‍ ചേര്‍ത്ത് ഉണ്ടാക്കിയ മാലകള്‍ കൊണ്ട് അത് അലങ്കരിച്ചിരിക്കും.
ക്ഷേത്രത്തിലെ സ്വയംഭൂ ആയ ദേവി വിഗ്രഹത്തില്‍ നിന്നും ആവാഹിക്കുന്ന ചൈതന്യം
ആ ജീവതയിലേക്ക് പകരും.
നിരന്നു നില്‍ക്കുന്ന ചെണ്ടക്കാരുടെ മേളവും താളവും ഉയരുമ്പോള്‍..
ജീവത ഉറഞ്ഞു തുള്ളാന്‍ തുടങ്ങും. ഒപ്പം വെളിച്ചപാടും.
ചുമന്ന പട്ടുടുത്തു, വളകളണിഞ്ഞു,വളഞ്ഞിരിക്കുന്ന ഉടവാളുമായി
വെളിച്ചപാട്, അമ്പലം ചുറ്റി ഇറങ്ങി വരുമ്പോള്‍, കൊറ്റന്‍കുളങ്ങര  ദേവി നാടുകാണാന്‍ ഇറങ്ങുന്നു എന്ന സങ്കല്പമാണ്.
പ്രാര്‍ത്ഥനകള്‍ മുഴുവന്‍ പരീക്ഷ ജയിക്കണേ എന്ന് മാത്രം ആയിരുന്നു.
അതിനു വേണ്ടി,  മീനമാസത്തിലെ ഉത്സവതിന്നാല്‍    പെണ്‍വേഷം കെട്ടി   ചമയവിളക്കു എടുക്കുമായിരുന്നു.

എന്റെ പ്രാര്‍ത്ഥനയില്‍ ഉള്ള ദൈവത്തിന്  പട്ടുടുത്ത, പൂവ് ചൂടിയ സുന്ദരിയായ ഒരുസ്ത്രീയുടെ രൂപം നല്‍കിയത്
വെട്ടികാടന്‍ മുതലാളി ആയിരുന്നു.
ടാക്സി ഡ്രൈവര്‍ ആയിരുന്ന വെട്ടികാടന്‍ മുതലാളി, ഓട്ടവും കഴിഞ്ഞു, രാത്രിയില്‍, വീട്ടിലേക്കു വരുമ്പോഴാണ്
അമ്പലത്തിനു മുന്നിലെ അരയാലിനു അപ്പുറം, ചേതോഹരമായ ഒരു സ്ത്രീ രൂപം കാണുന്നത്.
പാദത്തോളം  തൊട്ടുകിടക്കുന്ന നീണ്ടു അഴിച്ചിട്ട  മുടി....
അതില്‍  ഭംഗിയായി മുല്ല മാലകള്‍ കോര്തിരിക്കുന്നു...
ചുമന്ന പട്ടില്‍  പുതഞ്ഞ ദേഹം...
വെട്ടികാടന്‍ മുതലാളിയിലെ പുരുഷന്‍, ആ സ്ത്രീ രൂപത്തെ കടന്നു പിടിക്കാന്‍ ശ്രമിച്ചുവെന്നും,
അപ്പോള്‍ തന്നെ, ആ സ്ത്രീ,ക്ഷേത്രതിനുള്ളിലേക്ക് കയറി പോയി എന്നും അമ്മുമ്മ പറഞ്ഞു തന്ന ജീവനുള്ള കഥ.
ബോധരഹിതനായ മുതലാളിയെ ആരോ എങ്ങനെയോ വീട്ടില്‍ എത്തിച്ചു.
പക്ഷേന്കിലും, തൊട്ടടുത്ത വര്ഷം മുതല്‍, തന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം, ക്ഷേത്രത്തിലെ ആണ്ടു ഉത്സവത്തിലെ
ഒരു ദിവസത്തിനായി മാറ്റിവെച്ചു.അങ്ങനെ പതിനഞ്ചു ദിവസത്തോളം നീളുന്ന ഉത്സവത്തിന്റെ ഒമ്പതാം ഉത്സവം ഇപ്പോഴും
വെട്ടികാടന്‍ മുതലാളിയുടെ കുടുമ്പം ഗംഭീരമായി നടത്തിപോരുന്നു.

താള മേളങ്ങളുടെ മൂര്ധന്യതയില്‍ ...
ഭസ്മത്തിന്റെ ഗന്ധമുള്ള കാറ്റില്‍...
ചന്ദനത്തിരി എരിയുന്ന രാവില്‍,
ചിരാതുകള്‍ കത്തുന്ന പ്രഭയില്‍ ...
ജീവത ഉറഞ്ഞു തുള്ളും.ദേവി,നിരന്നു നില്‍ക്കുന്ന ചമയവിളക്കുകള്‍  കണ്ടു സന്തോഷിക്കും...
നീരാട്ട് കടവിലേക്ക് തുള്ളി ഇറങ്ങി  ചെന്ന്  വെളിച്ചപാട്  ആറാട്ട് നടത്തുമ്പോഴും
എന്റെ പ്രാര്‍ത്ഥന ഒന്നുമാത്രം ആയിരുന്നു, പരീക്ഷയില്‍  ജയിക്കണേ  എന്ന്...
സ്വാര്‍ത്ഥതക്കു വേണ്ടി മാത്രം ഉള്ള   പ്രാര്‍ത്ഥന.
കാര്യസാധ്യം മാത്രം ലക്‌ഷ്യം.
കാര്യം സാധിക്കുന്നില്ല എങ്കില്‍, ആ ദേവിയും ദേവനും കഴിവില്ലാത്തവര്‍.
ദൈവങ്ങള്‍ എന്താ നമ്മുടെ വാല്യക്കരാണോ?


****************************************************************

1996 ലെ കൊല്കതയിലെ എദേന്‍ ഗാര്‍ഡന്‍.
ലോക കപ്പു ക്രിക്കെടിന്റെ സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പോരാട്ടം.രാമാ രാവണയുദ്ധം.
വിനോദ് കാംപ്ളി എന്ന ശുദ്ധനും ലോലനുമായ മനുഷന്‍,
അവിടെത്തെ പുല്ചെടികളെയും മന്‍തരികളെപോലും
നനയിപിച്ചുകൊണ്ട് കരഞ്ഞു കയറിയ ദിവസം.
അന്ന്  ഞാന്‍  രാമനുവേണ്ടി  പ്രാര്‍ത്ഥിച്ചു..
രാമന്റെ ജയത്തിനു വേണ്ടി പാടി...
ഞങ്ങളുടെ കരയിലെയും അയല്‍ ദേശങ്ങളിലേയും
ദൈവങ്ങള്‍ക്ക് മുഴുവന്‍ നേര്‍ച്ചകള്‍ നേര്‍ന്നു...
പക്ഷെ ഒരു ശിവതാണ്ടവത്തോടെയുള്ള   രാവണന്റെ ജയം കാണേണ്ടി വന്നു...
എന്നെ  ആരും ശ്രവിച്ചില്ല, ശ്രദ്ധിച്ചില്ല...

ഞങ്ങള്‍ ഇങ്ങനെ പ്രാര്തിച്ചതുപോലെ, അവരുടെ നാട്ടിലും ആളുകള്‍ പ്രാര്‍ഥിചിട്ടുണ്ടാവില്ലേ?
കരഞ്ഞു കേണുട്ടുണ്ടാവില്ലേ?
അങ്ങനെയെങ്കില്‍ അവരുടെ പ്രാര്‍ത്ഥനകള്‍ മാത്രമേ ദൈവം കേട്ടിണ്ടുവ്ള്ളോ ?
അത്തരത്തില്‍ ദൈവം ആളുകളെ തരം തിരിക്കുമോ?
അല്ലെങ്കില്‍ അര്‍ത്ഥനയുടെ നിരവചനം എന്താണ്?
*******************************************************************

 കൊറ്റന്‍കുളങ്ങര ദേവിയില്‍ നിന്നും കുറച്ചും കൂടി വ്യതിസ്ഥ ആയിരുന്നു
അറക്കല്‍അമ്മ  എന്ന കണ്ടംകാളി ദേവി.
ഇവിടെ രണ്ടാളുകള്‍ എടുക്കുന്ന ജീവതക്ക് പകരം,
ഒരാളുമാത്രം തലയിലേറ്റുന്ന "മുടി" ആയിരുന്നു ഉത്സവ നാളുകളിലെ എഴുന്നള്ളിപ്.
തടിയില്‍ കൊത്തി നിറം കൊടുത്ത നാരിരൂപങ്ങള്‍.
നീണ്ട ദംഷ്ട്രകള്‍ പേടിപെടുതുമാര്‍  തെളിഞ്ഞു കാണാം
രക്തംകിനിയുന്ന കണ്ണുകള്‍...
നോട്ടത്തിലെ ആ രൌദ്രത തന്നെ നമ്മളെ പേടിപെടുത്തും......
പലനിറങ്ങള്‍ ചാര്‍ത്തിയ രൂപം...
"മുടി" തലയിലെറ്റുംപോല്‍, ആ ആളിന്റെ കൈകളിലോന്നില്‍  അല്പം നീളമുള്ള ഒരു ശൂലവും കൂടി നല്‍കും.
വെള്ള മുണ്ടിനുമേല്‍ ചുമന്ന പട്ടു ഉടുത്, ശൂലവും കൈയില്‍ ഏന്തി,
തലയില്‍ മുടിയുമായി, ആ നീണ്ട മീശയുള്ള കോമരം വലം വെയ്കുംപോള്‍...
ചെണ്ടമേളം പല കാലങ്ങള്‍ മാറും...
പാട്ടുകാര്‍  ഉറക്കെ തോറ്റം   പാടും...
മണികിലുക്കി ഉറഞ്ഞു തുള്ളുന്ന മാടസ്വമി, ദേവിക്ക് അകമ്പടി ആയി നില്‍ക്കും.
ഉടവാള്‍ കറക്കി, ചിലങ്ക കുലുക്കി വെളിച്ചപാട് എവ്വരെയും നോക്കി അനുഗ്രഹിക്കും..
കേട്ട് നില്‍ക്കുന്ന, കണ്ടു നില്‍ക്കുന്ന നമ്മുടെ ശരീരത്തെ രോമങ്ങള്‍ പോലും എഴുന്നേറ്റു  നില്‍ക്കും, ഭയ ഭക്തി ബഹുമാനത്തോടെ...
കാണിക്ക  നേര്‍ന്നത്  സമര്പിക്കാന്‍ മറന്നുപോയാല്‍, ചോതിച്ചു വാങ്ങുന്ന ദേവി.
നേദിച്ച   അമ്പറ ദ്രവ്യങ്ങളില്‍  കുറവ് വന്നാല്‍, ആവിശ്യപെടുന്ന ദേവി...
അതായിരുന്നു എന്റെ മുന്നിലെ അറക്കലമ്മാ  എന്ന ദേവി രൂപം.

ഒരു വേനലവധിയിലെ  എരിയുന്ന മേടമാസം.
കൂട്ടുകാരുമൊത് കൊയ്തുകഴിഞ്ഞ വയലില്‍, കളിച്ചുകൊണ്ടിരിക്കെ...
കൂട്ടുകാരനായ പ്രദീപ്‌, അറക്കലെ മുടിയെഴുന്നള്ളിപു പോലെ,
അടുക്കളയില്‍ നിന്നും ഒരു മുറം എടുത്തു തലയില്‍ വെച്ച്, കൈയില്‍ ഒരു ചിരട്ട തവിയുമായി,
തുള്ളാന്‍ തുടങ്ങി. കൂടെ ഉണ്ടായിരുന്നവര്‍, പോട്ടിദ്രവിച്ച പാട്ടകള്‍ ചെണ്ടയുമാക്കി.

അന്ന് വൈകുംന്നേരം ആയപോഴേക്കും, പ്രദീപിന്റെ ദേഹം മുഴുവന്‍ ചൂടുകൊണ്ട് പൊങ്ങി.
പനി പിടിച്ചു കിടപ്പിലായി.
മുടിയെഴുന്നള്ളതിനെ കളിയാക്കിയതിനുള്ള ശിക്ഷ എന്ന് കൂടെ ഉള്ളവര്‍ അടക്കം  പറഞ്ഞു...
അനുഗ്രഹിക്കാനും സ്നേഹിക്കാനും ഫലസിദ്ധി തരാനും അതോടപ്പം ശിക്ഷ വിധികുകയും ചെയ്യുന്ന ദൈവങ്ങള്‍.
ഞാന്‍ കേട്ട് വളര്‍ന്ന ദൈവങ്ങള്‍...
കണ്ടു വളര്‍ന്ന ദൈവങ്ങള്‍...
***********************************************************************
പ്രഭാത സായന്തന പ്രാര്‍ത്ഥനകള്‍ നിര്‍ബന്ധം ആക്കിയ ഒരു പെണ്‍കുട്ടി.
ആലിലകളുടെ നിശബ്ധതയിലൂടെ ഒഴുകി വരുന്ന സുപ്രഭാതം കേട്ട് ഉണരുന്നവല്‍.
പിന്നിയിട്ട ഇടതൂര്‍ന്ന നീണ്ട മുടിയിഴകളില്‍ പ്രണയത്തിന്റെ തുളസികതിര്‍ ചൂടിയവല്‍.
മഞ്ഞ പട്ടു പാവാടയിലെ  ധാവണിയില്‍ അവള്‍ കൂടുതല്‍ സുന്ദരി ആയിരുന്നു.
ചിരിക്കുമ്പോള്‍ ഉള്ളിലേക്ക് കയറുന്ന കവിള്‍ചുഴി, അത് അവളെ കൂടുതല്‍ മനോഹരി ആക്കി.
എന്നും അമ്പലത്തില്‍ പോയിരുന്നവല്‍.
എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു, നേര്‍ച്ചകള്‍ നേര്‍ന്നു, വൃതം എടുത്തു കാത്തിരുന്നവള്‍.
ഏഴുവര്‍ഷത്തെ വിഷുവിന്റെ ഓര്‍മ്മകള്‍.
നന്മകള്‍ മാത്രം നേരുന്ന പുലരിയില്‍,   കണ്ണ് തുറക്കുമ്പോള്‍ ,
കണിയായി നിന്നവള്‍.
എനിക്ക് വേണ്ടി മാത്രം എന്ന് കരുതി ഉണര്ന്നവല്‍, ഉറങ്ങിയവല്‍.

ഇരുട്ടുവീണു  തുടങ്ങിയ ഒരു സായന്തനത്തിന്റെ അറുതിയില്‍,
ഞാന്‍ മറ്റൊരാളിനുവേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്‌ എന്ന് അവള്‍,
വിഷമരഹിതമായി, എന്റെ ഹൃദയത്തെ മുറിവേല്പിച്ചു പറഞ്ഞപോള്‍,
കള്ളം പറയില്ല എന്ന് വിശ്വസിച്ച കൃഷ്ണ തുളസിയും അവസാനം കള്ളം പറയുക ആയിരുന്നു....
നിര്‍വികാരതയോടെ, ഓര്‍ക്കുന്നു
ഇത്രയും നാളത്തെ പ്രാര്‍ത്ഥനകള്‍, അതെല്ലാം എന്തായിരുന്നു..?
തരം പോലെ പറയാനുള്ളതാണോ പ്രാര്‍ത്ഥനകള്‍?
ആരുടെ പ്രാര്‍ത്ഥന ആണ് ദൈവം കേള്‍ക്കുന്നത്?
സ്വാര്‍ത്ഥത തന്നെയല്ലേ  പ്രാര്‍ത്ഥന.
ലക്‌ഷ്യം നേടാത്ത പ്രാര്‍ത്ഥനകള്‍
പ്രാര്‍ത്ഥനാ ബിംബത്തെയും ചോത്യം ചെയ്യപെടുന്നു...
************************************************************************
" Atmanam rathinam vidhi
Shareeram rathameva tu
Budhim tu sarathim vidhi
Manah pragrahamevacha
Indriyani hayanyahur
Vishayansteshu gocharan
Atmendriya manoyuktam
Bhoktetyahur maneeshinah "
************************************************************

Monday, September 26, 2011

രാജാവ് നഗ്നനാണ്.

ഇന്നലെ വരെയും അഭിസാരിക എന്ന് വിളിച്ചവളെ
ഇന്ന് എന്തെ, കുലീനയെന്നും പിന്നെ ദീര്ഗ സുമങ്ങലി ഭവാ: എന്നും ആശംസിക്കുന്നു..

കുളിക്കാതെ, താടിയും മുടിയും വളര്‍ത്തി..
കട്ടന്‍ചായയും പരിപുവടയും കഴിച്ചു...
കടത്തിണ്ണയില്‍ കിടന്നാല്‍ സമത്വം വരുമോ ?

നീട്ടി വളര്‍ത്തിയ താടിയും കീറിപറിഞ്ഞ ജുബ്ബയും
പഴകി ദ്രവിച്ചൊരു ഹാര്‍മോണിയവും ആയി...
റോഡരികില്‍ ഇരുന്നാല്‍...
ഭിക്ഷാ പാത്രം  നിറഞ്ഞാല്‍ ഭാഗ്യം...

അങ്ങയോടുള്ള,അങ്ങയുടെ കഴിവിനോടുള്ള
ആരാധനയോടും ബഹുമാനത്തോടും പറയട്ടെ...
രാജാവ് നഗ്നനാണ് .....



Monday, September 12, 2011

മഴ

"എനിക്ക് മഴയെ പേടിയില്ല ...
മഴയോട് എനിക്ക് പ്രണയവും ആണ്...
മുറ്റത്തെ മഞ്ഞജമന്തിയിലെ തൂവുന്ന നീര്‍കണത്തിനോടും..

ചിന്നിച്ചിതറി വീഴുന്ന മഴത്തുള്ളികളുടെ ഇടയിലൂടെ നടക്കുവാനും...
എനിക്ക് എത്രയോ ഇഷ്ടമാണെന്നോ.....


എന്റെ പ്രണയം ഞാന്‍ നിനക്ക് തരാം...
എന്റെ കണ്ണീര്‍ക്കണങ്ങളായി..

ആരും കാണാതെ...
കണ്ണില്‍ ഒളിപിച്ച..
മുത്തുകളായി..
ഞാന്‍ നിനക്കായി കാത്തിരിക്കുന്നു...
നീ എന്നില്‍ എത്തുന്ന നിമിഷത്തിലേക്കായി.

എന്റെ മഞ്ഞമന്ദാരമേ.
നീ എന്നില്‍ അണയുക...
ഒരു പൂവായി..മഴയായി...മഞ്ഞുതുള്ളിയാ
യി..."

അമ്മുമ്മ

ചുവന്ന പെയിന്റിന്റെ  നടുവിലൂടെ വെള്ള വരയിട്ട  സര്ക്കാര് ബസ്‌ കാണുമ്പോള്‍ എന്നും മലയാളമാസം ഒന്നാം തീയതി ഓര്‍മവരും.
മഞ്ഞു പൊഴിയുന്ന വൃശ്ചിക തണുപ്പില്‍ പോലും കൃത്യം മുറ തെറ്റാതെ തെക്കന്‍ ഗുരുവായൂരപ്പനെ കാണാന്‍ പോകുന്ന അമ്മുംമയാണ് എന്റെ ഓര്മ.  വീടിനുമുന്നിലെ പഞ്ചായത്ത്‌ റോഡിലൂടെ രാവിലെ മാത്രം ട്രിപ്പ്‌ നടത്തുന്ന ബസ്‌. ആ ബസില്‍ ആയിരുന്നു അമ്മുമ്മ എല്ലാ മാസവും ഒന്നാം തീയതി കണ്ണനെ കാണാനായി  അമ്പലത്തിലേക്ക് പോയ്കൊണ്ടിരുന്നത്.
അമ്മുംമയോടപ്പം റോഡരികില്‍ കൂട്ടിനു നില്‍ക്കുന്നതും ബസിനു കൈ കാണിക്കുന്നതും എല്ലാം ഞാന്‍ ആയിരുന്നു.
രാവിലെ 6.15 നു ആയിരുന്നു ആ ബസിന്റെ സമയം.
പതിവ് പോലെ എന്നും അമ്മുമ്മ രാവിലെ 5 മണിക്ക് എണീക്കും. എന്നെയും വിളിച്ചുണര്‍ത്തും. . രാവിലെ അമ്മുമ്മ ഉണര്‍ന്നു തനിയെ പശുവിനെ കറന്നു, ചായയും ഇട്ടു മറ്റുള്ള എല്ലാവരെയും വിളിച്ചുണര്‍ത്തും. ഉറക്കം മതിയാകാതെ പുസ്തകങ്ങളിലെ കറുത്ത അക്ഷരങ്ങളെ നോക്കിയിരിക്കുമ്പോഴേക്കും അമ്മുമ്മ ഒരു കപ്പ്‌ ചായയുമായി എത്തും.

പിന്നെ രാവിലെ മുതല്‍ പശുവിന്റെ ഓരോ കാര്യങ്ങള്‍ ആയി. അതിനു കാടി കൊടുക്കുക, പുല്ലു പറിക്കുക, കുളിപ്പിക്കുക, എഴുത്തില്‍ വൃത്തിയാക്കുക എന്നിങ്ങനെ ഓരോ കാര്യങ്ങള്‍ ആയി കൂടും. സ്കൂളില്‍ പോകാന്‍ സമയം ആകുന്നിടം വരെയും ഞാനും അമ്മുമ്മയുടെ കൂടെ ആയിരിക്കും. വ്യ്കിട്ടു സ്കൂളില്‍ നിന്നും വന്നതിനു ശേഷം, പിന്നെയും പറമ്പിലേക്ക് . 
 
അക്കാലത്തു പറമ്പില്‍ നിറയെ പറങ്കിമാവുകള്‍ ഉണ്ടായിരുന്നു. സീസണ്‍ ആയി കഴിഞ്ഞാല്‍, സ്കൂളില്‍ നിന്നും വന്നു, മാവിന്റെ മുകളിലേക്ക് കയറും. എല്ലാ ശനിയാഴ്ചകളിലും പറങ്കിയണ്ടി വാങ്ങുവാനായി മുതലാളിമാര്‍ വരുമായിരുന്നു , അക്കാലത്തു 5 കിലോ വരെ ആഴ്ചയില്‍ വിറ്റിട്ടുണ്ട്.

എത്രയെത്ര പുരാണ കഥകളാണ് ഓരോ ദിവസവും അമ്മുമ്മ പറഞ്ഞു തന്നിട്ടുള്ളത്.
രാമാനന്ദ് സാഗര്‍ സഹോദരന്മാര്‍ രാമായണം കാണിച്ചു തരുന്നതിനു മുന്നേ അമ്മുമ്മ പറഞ്ഞു തന്നിട്ടുള്ള ശീലുകള്‍ ആയിരുന്നു മനസ്സില്‍.
ബന്ധനസ്ത ആയ, ചിന്താവിഷ്ടയായ സീത ദേവിയെ കുറിച്ച് പറയുമ്പോള്‍, അമ്മുമ്മയുടെ മുഖം തന്നെ ആയിരുന്നു സീതയുടെ സ്ഥാനത്. ചെറുപ്പത്തിലെ ഭര്‍ത്താവു നഷ്ടപെട്ട ജീവിതം ആയിരുന്നു അമ്മുമ്മയുടെത്‌, എട്ടുമക്കളില്‍ രണ്ടു പേര്‍ക്ക് അകാലമരണവും കൂടി ആയപ്പോള്‍, പിന്നെ സംരക്ഷണം അച്ഛനായിരുന്നു.

എപ്പോഴും  ചിരിച്ചോണ്ട് മാത്രം സംസാരിക്കുന്ന അമ്മുമ്മ. കഥകളിയുടെ കേളികൊട്ട് എവിടെ കേട്ടാലും, ഏതു രാത്രിയിലും പോകുന്ന അമ്മുമ്മ. 
അമ്മുമ്മ പറഞ്ഞു തന്ന കഥകളില്‍, തന്റെ ഒക്കത്ത് ഇരുന്ന എന്റെ കണ്ണില്‍ , ഓര്‍മ്മകള്‍ നഷ്ടമായി തനിച്ചു ദൂരെക്ക് ഇറങ്ങി പോകുന്ന അമ്മുമ്മയുടെ അച്ഛന്‍ മണ്ണ് വാരി എറിഞ്ഞത് വര്‍ഷങ്ങള്‍ക്കു ശേഷം പറഞ്ഞു ആവര്‍ത്തിക്കുമ്പോഴും അമ്മുംമക്ക് ചിരി തന്നെ ആയിരുന്നു. ഒരുപക്ഷെ കാലം കരുതിവെച്ച മറ്റൊരു ക്രൂരത. തന്റെ ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് ചിരിപോലും മറന്ന അമ്മുമ്മ ആയിരുന്നു അവസാനനാളുകളില്‍.
*******************
എന്തെ പെട്ടന്ന് അമ്മുമ്മയെ കുറിച്ച് ഓര്‍ക്കാന്‍?
" ചിട്ടി വിളിച്ചിട്ടുണ്ട്, ഒരു സാലറി സര്‍ട്ടിഫിക്കറ്റ് അറേഞ്ച് ചെയ്യുകയാണെങ്കില്‍ കാര്യങ്ങള്‍ എളുപ്പം ആകും" എന്ന് KSFE യില്‍ വര്‍ക്ക്‌ ചെയ്യുന്ന സുഹൃത്ത്‌ പ്രദീപ്‌ വിളിച്ചു പറഞ്ഞപ്പോള്‍, അത് എങ്ങനെ അറേഞ്ച് ചെയ്യാം എന്നുള്ള ചിന്തയുമായിട്ടായിരുന്നു  ഇന്നലെ ഉറങ്ങാന്‍ കിടന്നത്.അടുത്ത മാസം നാട്ടില്‍ പോകണം.പെങ്ങളുടെ കല്യാണം ആണ്. ചിന്തകള്‍ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.
സച്ചിന്‍ വളരെ പെട്ടന്ന് ഔട്ട്‌ ആയതും ശ്രീമോനെ വെറും ഒരു കോമാളി ആയിട്ടാണോ രവിശാസ്ത്രിയും പിന്നെ സെവങ്ങും വിശേഷിപ്പിച്ചത്‌ എന്നുള്ള ചിന്തകള്‍ ഒരു പക്ഷെ എന്റെ സാലറി സര്ടിഫികെടില്‍   മുങ്ങിപോയിട്ടുണ്ടാവം.

******************

വീടിനു മുന്നിലെ നാട്ടുപാതയിലൂടെ മുന്നോട്ടു നടന്നു, വലത്തോട്ട് തിരിയുമ്പോള്‍ കരുണന്‍ അമ്മാവന്റെ വീടായി. അതിന്റെ കോലായില്‍ ഇപ്പോഴും ഒരു പട്ടിയെ കെട്ടിയിട്ടുണ്ടാവും. ആര് ആ വീട്ടിലേക്കു ചെന്നാലും ആ പട്ടി കുരച്ചുകൊണ്ടു ചാടി അടുക്കും. രാത്രിയില്‍ അമ്മാവന്‍ മദ്യപിച്ചു ബഹളം ഉണ്ടാക്കുമ്പോള്‍, പട്ടിയുടെ കുരയും തമ്മില്‍ തിരിച്ചറിയാതിരിക്കാന്‍ ആണ് പട്ടിയെ വളര്‍ത്തുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നതെങ്കിലും എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.
ചാടി കുരക്കാന്‍ തുടങ്ങിയ പട്ടിയുടെ സമീപത്തു നിന്നും  അല്പം മാറി, വടക്കേ വീട്ടിലെ ബിന്ദു ചേച്ചിയുടെ വീട്ടില്‍ ചെന്ന്, ചേച്ചിയുടെ സാലറി സര്‍ട്ടിഫിക്കറ്റ് ചോതിക്കാം എന്നുള്ള ചിന്തയിലാണ് നടന്നത്. അപ്പോള്‍ അതാ, പഞ്ചായത്ത് റോഡിലൂടെ ചുമപില്‍ വെള്ള പെയിന്റടിച്ച ബസ്‌ പോകുന്നു....പെട്ടന്ന്, അമ്മുമ്മയും മനസിലേക്ക്....
പെട്ടന്ന് ആരോ എന്റെ വലതു കരം പിടിച്ചതായി ഒരു തോന്നല്‍, ഒരു തണുത്ത സ്പന്ദനം.
തിരിഞ്ഞു നോക്കി, ഇല്ല. ആരും ഇല്ല.
പെട്ടന്ന് ഞാന്‍ ചാടി എണീറ്റ്‌.
ലൈറ്റ് ഇട്ടു.
വലതു കൈക്ക് അപ്പോഴും ഒരു തണുപ്പ്.
ചുറ്റും നോക്കി, ഇല്ല. ആരുമില്ല. മുകളില്‍ ഫാന്‍ കറങ്ങുന്നുണ്ട്. വേറെ എന്തെങ്കിലും, ആരെങ്കിലും.
ഇല്ല. ഒന്നുമില്ല. വാട്ചില്‍ സമയം രാവിലെ 5 മണി ആയിരിക്കുന്നു.
ചെറിയ ദാഹം തോന്നി, അല്പം വെള്ളം കുടിച്ചു.
പിന്നെ ഉറങ്ങിയില്ല...ഉറക്കം വന്നില്ല എന്ന് പറയുന്നതാവും ശരി.
അവസാനമായി ഒന്ന് കാണുവാന്‍ പോലെ കഴിയാതെ... :'(
അന്ത്യനിമിഷത്തില്‍ ഒരു നുള്ളി വെള്ളം പോലും കൊടുക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല... :'(
വായ്ക്കരിപോലും ഇടാന്‍ കഴിയാഞ്ഞതിന്റെ  വേദനം അന്നുമുതല്‍ ഇന്ന് വരെയും ഉണ്ടായിരുന്നു.... :'( :'(
എന്റെ കയ്യിലെ തണുപ്പ് മാറതിരിക്കട്ടെ... +:pray:+
അമ്മുമ്മ എന്റെ കൂടെ ഉണ്ടാകട്ടെ... +:pray:+ +:pray:+

പോടിമീശക്കാരി


ല നിറങ്ങളിലുള്ള മുത്തുമണികള്‍ കൊരുത്തിട്ട പ്ലാസ്റിക് സ്ലേറ്റും പെന്‍സിലും പച്ചയുമായിട്ടായിരുന്നു അവളുടെ വരവ്.
അച്ഛന്‍ വിദേശത്ത് ആണെന്ന് കാണിക്കാനാവും ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന സ്ലേറ്റും പെന്‍സിലും അവള്‍ നെഞ്ചത്തോട്  ചെര്തുവെയ്ക്കും.
 എണ്ണിതിട്ടപെടുത്തുവാന്‍ അറിയില്ലയെങ്കിലും മുത്തുമണികള്‍ വെറുതെ നീക്കി കറക്കികൊണ്ടിരിക്കും.
" എന്റെ അച്ഛന്‍ കൊണ്ട് വന്നതാ.....ഗള്‍ഫീന്ന്.."
അവള്‍ വരുമ്പോള്‍ നല്ല വാസനാസോപിന്റെ  മണം ആയിരുന്നു.
കൈയ്യില്‍ കരുതുന്ന ബ്രൌണ്‍ നിറമുള്ള ചോക്ലേറ്റു കണ്ടു നില്‍ക്കുന്നവരെയും കൊതിപിച്ചുകൊണ്ടിരിക്കും.
നമ്മുടെ വായില്‍ എത്ര വെള്ളം ഊറിയലും ഒന്ന് വേണോ എന്ന് ഒരിക്കലും ചോതിച്ചിട്ടില്ല.
ഞങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമാണോ  എന്ന് അറിയില്ല, വളരെ വേഗം തന്നെ അവളുടെ പല്ലുകള്‍ കേടു വന്നു കറുപ് നിറമായി തുടങ്ങിയിരുന്നു.
അവള്‍ക്കു നന്നേ നീളം കുറവായിരുന്നു. കൂരി കൂരി  എന്നാണ് അവളെ എല്ലാവരും വിളിച്ചിരുന്നത്‌.
പക്ഷെ ആരും അവള്‍ കേള്കെ വിളിക്കാന്‍ ധൈര്യപെട്ടതുമില്ല.

 കുറെ ഋതുകള്‍ ഞങ്ങള്‍ ആരും ശ്രദ്ധിക്കാതെ കടന്നു പോയി...
ഞങ്ങളെല്ലാവരും അന്ന്  ഹൈ സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ  അച്ഛന്‍  ഒരു  സൈക്കിള്‍ വാങ്ങി കൊടുത്തത്.
ചുമന്ന കളറുള്ള ബി എസേ ലേഡി സൈക്കിള്‍.

വഴിയില്‍ ഒരു ടെലിഫോണ്‍ പോസ്ടോ ഇലക്ട്രിക്‌ പോസ്ടോ ഇല്ലാത്ത...
ചെമ്മന്നും  മണലും നിറഞ്ഞ പൈപ്പ് റോഡ്‌ .
ശാസ്താംകോട്ട ശുധജലതടാകത്തില്‍ നിന്നും കൊല്ലം നഗരത്തിലേക്കുള്ള ജലവിതരണ പൈപ്പുകള്‍ അതിലൂടെ ആണ് കടന്നു പോകുന്നത്.
 അങ്ങിങ്ങായി നില്‍ക്കുന്ന   കമ്മുനിസ്റ്റ്‌ പച്ചയും തൊട്ടാവാടി ചെടിയുമല്ലാതെ മറ്റെന്നോം ആ റോഡില്‍ ഇല്ല...
അരികിലായി ചിങ്ങ കൊയ്ത്തിനു വേണ്ടി വിളഞ്ഞു കിടക്കുന്ന നെല്പാടം...
എതിര്‍വശത്ത് ചട്ടമ്പിസ്വാമികളുടെ സമാധി മണ്ഡപത്തില്‍ നിന്നും ഉയരുന്ന പ്രാര്തനാഗീതങ്ങള്‍....

സൈക്ലില്‍ വരുന്ന പോടിമീശക്കാരി...
മുട്ടിനു താഴെയോളം വരുന്ന മഞ്ഞപാവാടയും ഇട്ടു ...
കാലുകള്‍ സൈക്കിള്‍ പെടലില്‍ ചവിട്ടാന്‍ പാടുപെടുന്ന ഒരു പോടിമീശക്കാരി ...
റോഡരികില്‍ നില്‍ക്കുന്ന  തോട്ടാവാടിയെ പോലെ ആണ് ചിലപ്പോള്‍ അവള്‍...
എന്തെങ്കിലും ഒന്ന് പറഞ്ഞാല്‍...ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍...
അപ്പോള്‍ നിന്ന് ചിണുങ്ങും......ചിലപ്പോള്‍ ദേഷ്യത്തോടെ തെറി വിളിക്കും...
ഒരുപക്ഷെ അവളെ കൂടുതലും ആലോസരപെടുതിയത്...
ഞങ്ങളുടെ കൂരി കൂരി എന്നുള്ള വിളി ആയിരിക്കണം...

അവളുടെ സൈക്കളിലെ വരവ് കാണാന്‍ നല്ല രസമായിരുന്നു...
സൈക്കിള്‍ ചവിട്ടുന്ന രീതിയാണോ....
അതോ അവളെ കാട്ടിലും വലിപമുള്ള സൈക്കളില്‍  ഒരു കൊച്ചു രാജകുമാരിയെപോലെ അവളുടെ ഇരുപ്പാണോ....
എന്തോ...
ഞങ്ങള്‍ എല്ലാവരും ...സ്കൂളിലെ  ഗേറ്റിനു അരികിലെ ബദാം മരത്തിന്റെ മറവില്‍ ഒളിച്ചിരിക്കും...
"കൂരി കൂരി" എന്ന് വിളിക്കാന്‍...
അവള്‍ക്കു നല്ലതുപോലെ "ഭാഷ" അറിയാമായിരുന്നു...
നാകിനു നല്ല നീളം ഉള്ളതുകൊണ്ടാവും...എവിടെയും ആരെയും തോല്‍പ്പിച്ച് കളയും...
ഞങ്ങള്‍ തമാശയായി പറയാറുണ്ട്...
അവള്‍ വീട്ടില്‍ ചെന്നിട്ടു വേണം....അവളുടെ അമ്മക്ക് തുണി അലക്കാന്‍...
അവളുടെ നാക്ക് പിടിച്ചു മരത്തില്‍ കെട്ടിയാണ് ...അവളുടെ അമ്മ തുണി ഉണക്കുന്നത്...

ഒരു ദിവസം...
ഞങ്ങള്‍ മുന്നേ നടന്നു പോകുമ്പോള്‍...
എവിടെ നിന്നോ.."ഡാ...ഡാ.." എന്നുള്ള വിളി ഒരു രോധനമായി കേള്‍ക്കുന്നു...
തിരിഞ്ഞു നോക്കിയപോള്‍...കൂരി ആണ്....
പൈപ്പ് റോഡിലെ ചെളികുണ്ടില്‍ നിന്നും പതുക്കെ കയറി വരുന്നു...
"എന്താടി കൂരി, നീ എന്തിനാ കരയുന്നെ...?
അവളുടെ ഒരു കൈ അപ്പോഴും സൈക്കളിന്റെ ഹാന്റിലില്‍ തന്നെ ആയിരുന്നു...
"ഒരു തവള'
"തവളയോ"
അപ്പോഴും അവള്‍ കരച്ചില്‍ നിര്തിയിരുന്നില്ല...
"മ് മ് മ് ... ഞാന്‍ സൈക്കിളില്‍ വരുമ്പോള്‍...ഒരു തവള കുറുകെ ചാടി...അതിനെ പേടിച്ചു...സൈക്കിള്‍ തിരിച്ചതാ..."
"തവളെപോലെ അവള്‍ക്കും ഒരു നീളമുള്ള നാകുണ്ട്..പക്ഷെ അവള്‍ക്കു ഈ തവളയെ പേടിയാ.. മാനത്കണ്ണിയെയും   നിനക്ക് പേടിയാണോടി?"

ഞങ്ങള്‍ അവളുടെ സൈക്കിള്‍ പൊക്കി എടുത്തു. തൊട്ടരികിലുള്ള വയലില്‍ കൊണ്ട് പോയി കഴുകി വൃത്തിയാക്കി.
"നിനക്ക് കുളിക്കണോ?...കുറച്ചു ദിവസം ആയി കാണുമല്ലോ.... കുളിച്ചിട്ടു...
അച്ഛന്‍ വന്നപ്പോള്‍ കുളിച്ചു സെന്റ് അടിച്ചതല്ലേ...?
ഇനി കുളിച്ചാല്‍...സെന്റിനെ മണം പോകുമല്ലോ എന്ന് കരുതി കുളിക്കാതെ ഇരിക്കുകയാണ്....അല്ലെ...?
മ് മ് മ് പോയ്കോ..പോയ്കോ..."

അവള്‍ പതുക്കെ സൈക്കിളില്‍ കയറി...ചവിട്ടി തുടങ്ങി....
അല്പം മുന്നോട്ടു നീങ്ങിയപോള്‍...
ഞങ്ങളില്‍ നിന്നും കുറച്ചു ദൂരം ആയപോള്‍, തിരിഞ്ഞു നിന്ന് ഒരു പ്രഭാഷണം...
"പോടാ മരതലയന്മാരെ...
എന്റെ അച്ഛന്‍ അടുത്ത മാസം വരുമെടാ...
നിനക്കൊന്നും ഒരു ചോക്ലാടോ പോടിമുട്ടായി പോലും തരില്ലട....പൊട്ടന്മാരെ....
കൊരങ്ങന്മാരെ...."
നാക്ക് കീഴ്ചിറിമേല്‍ താഴ്ത്തി ശംബ്ദം ഉണ്ടാക്കി ഗോഷ്ടി കാണിച്ചു അവള്‍ പോയി...

ഞങ്ങളുടെ  സ്കൂളിനു മുന്നില്‍ ഇരുവശത്തുമായി...ഉരുട്ടികൊണ്ടു നടക്കുന്ന രണ്ടു പെട്ടികടകള്‍ ഉണ്ടായിരുന്നു...
അബ്ബസിക്കയുടെ കോലുമിട്ടായി കടയും അമ്മുമ്മയുടെ നെല്ലിക്കാ വെള്ളം കടയും....
മൈദാമാവില്‍ പഞ്ചസാരയും ചേര്‍ത്ത് ഉണ്ടാക്കുന്ന കോലുമുട്ടായി കാഴ്ച്ചയില്‍ ചൂയിന്ഗം പോലെയിരിക്കും...
അത് അബ്ബാസിക്കയുടെ കടയില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു....
ഒരു രൂപയ്ക്കു പത്തെണ്ണം.
 പച്ചമുളകും ഉപ്പും കലക്കിയ വെള്ളത്തില്‍ ചെറുനെല്ലിക്ക ഇട്ടതായിരുന്നു അമ്മുമ്മയുടെ സ്പെഷ്യല്‍...
ഇന്റര്‍വെല്‍ ആകുമ്പോള്‍...പിള്ളാരെല്ലാം അബ്ബാസിക്കയുടെ കടയുടെ മുന്നില്ലും അമ്മുമ്മയുടെ കടയുടെ മുന്നിലും കൂടും.
ഒരു ദിവസം ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൊലുമിട്ടായിയും നെല്ലിക്കാ വെള്ളവും കുടിക്കാന്‍ കൊതിയായി...
എന്ത് ചെയ്യും, ആരുടെ കൈയിലും പൈസയില്ല....
അന്നത്തെ ക്ലാസ്സിലെ പണക്കാരി സായിപ്പു എന്ന് വിളിക്കുന്ന ജാസ്മിന്‍ ആണ്...
അവളോട്‌ ചോതിച്ചാല്‍, അവള് തരും...പക്ഷെ...ഇന്നലെയും അവളോട്‌ തന്നയാണ് ചോതിച്ചതും....
പിന്നെ ഉള്ളത്  പൊന്മനയില്‍ നിന്നും വരുന്ന ശ്രികലയാണ്...അവള് നല്ല  സ്നേഹം ഉള്ള കൊച്ചാണ്‌...പക്ഷെ കാശുണ്ടാവില്ല്ല...
അങ്ങനെ ചിന്തിചോണ്ട് നില്‍ക്കുമ്പോഴാണ്...കൂരിയും സബിതയും കോലുമിട്ടായി വാങ്ങി കഴിച്ചോണ്ട് വരുന്നത്....
അവളോട്‌ മാന്യമായി തന്നെ  ചോതിച്ചു...
"ഒരു അമ്പത് പൈസ തരുമോടി...
കോലുമിട്ടായി വാങ്ങനാ...
ഇനി ഞങ്ങള്‍ നിന്നെ കൂരി എന്ന് വിളിക്കതില്ല...
അബ്ബാസിക്കയാണെ സത്യം...
പ്ളീസ്....നീ പൊന്നല്ലേ....
ഞങ്ങളുടെ പൊന്നുമോളല്ലേ....
തങ്കമല്ലേ....തങ്കകുടമല്ലേ....."
അത്രയും ചോതിച്ചിട്ടും പറഞ്ഞിട്ടും അവള്‍ തന്നില്ല....
"എല്ലാ മരതലയാന്മാരും പോയി റോഡുവക്കില്‍ ഇരിക്കട" എന്ന് പഞ്ഞുകൊണ്ട്, മുഖം ഗോഷ്ടികാട്ടി  നടന്നു പോയി...

ഞങ്ങള്‍ പതുക്കെ അവളുടെ പുറകെ നടന്നു...
മൂത്രപുരക്ക് അരികിലൂടെ കഞ്ഞിവേയ്ക്കുന്ന പുരയുടെ പുറകിലെത്തി..
അപ്പോള്‍ അവള്‍ സ്റ്റാഫ്‌ റൂമിന് അടുത്തുള്ള കെട്ടിടത്തിനു  മുന്നിലിരിക്കുന്ന അവളുടെ സൈക്കളില്‍ നിന്നും എന്തോ എടുക്കുക ആയിരുന്നു...
അവള്‍ കാണാതെ ഞങ്ങള്‍ മറഞ്ഞു നിന്ന്...
അവള്‍ അവിടെ നിന്നും പോയ്കഴിഞ്ഞപോള്‍...
ഞങ്ങള്‍ പതുക്കെ അങ്ങോട്ട്‌ നീങ്ങി നിന്ന്...
ഞങ്ങള്‍ മൂന്നുപേരും കൂടി അവളുടെ സൈക്കളിന്റെ കാറ്റ് ഊരിവിട്ടു...
അവിടെ കിടന്ന ചാണകം, ആ സൈക്കിളിന്റെ ഹാന്റിലില്‍ പുരട്ടി...
പ്രതികാരം ചെയ്യാന്‍ പറ്റിയതിനെ സമാധാനം...സന്തോഷം...

ഭിത്തിയോട് ദേഹം ചേര്‍ത്ത് നിര്‍ത്തി പുറകില്‍ സദാനന്തന്‍ സാറിന്റെ  ചൂരലടി കിട്ടുമ്പോഴും...
ചന്തിയിലെ തൊലി പൊട്ടി എന്ന് നിക്കറില്‍ പറ്റിയ ചോര പറഞ്ഞപോഴും വേദന തോന്നിയില്ല...
ഹാന്റിലില്‍ പുരട്ടിയ ചാണകം അവളുടെ മുഖത്തായിരുന്നു പുരട്ടിയത്...

ഇന്ന് ഈ ചാഞ്ഞ വെയിലില്‍ ....
ടാറിട്ടു  വൃത്തിയാക്കിയ പൈപ് റോഡിലൂടെ അനുജത്തിയുടെ സൈക്കിളുമായി പോകുമ്പോള്‍...
ഒരു നിമിഷം...
അവളുടെ മുഖം വീണ്ടും ഓര്‍ത്തുപോയി...
കൂരി നീ ഇപ്പോള്‍ എവിടെ ആണ്...?

ഒരു ഓണപാട്ടിന്റെ ഓര്‍മയ്ക്ക്...

ര്‍ക്കിടക വറുതി തീര്‍ന്നു ഉണരുന്ന ചിങ്ങപുലരി.
എവിടെയും പുതുമകള്‍ ആയിരുന്നു.
പുതിയൊരു  ഊര്‍ജ്ജം കിട്ടിയതുപോലെ.
കൊയ്തുപാട്ടിന്റെ ഈണത്തിനും ഈരടികള്‍ക്കുമോപ്പം ഓണപക്ഷിയുടെ പശ്ചാത്തല സംഗീതം.കൊന്നപൂവിന്റെ നിറമുള്ള ചിത്രശലഭങ്ങള്‍ പോലെയുള്ള പക്ഷികള്‍ കണ്മുന്നിലെവിടെയും പാറിനടക്കുന്നുണ്ടാവും. മധുരമുള്ള ഓര്‍മകളുമായി ഒരു ഓണക്കാലം കൂടി......

മയില്‍പീലിതുണ്ട്‌ കണക്കു പുസ്തകത്തിനുള്ളില്‍ ഒളിപിച്ചു വെച്ച ആ കുട്ടികാലം.
മുക്കിറ്റിയും തുമ്പയും തുളസിയിലയും തോട്ടാവാടിപൂക്കളും ചില മഞ്ഞപൂവുകളും ചേര്‍ത്തുള്ള മുറ്റത്തെ ഓണപൂക്കളം. അത്തം നാള്‍ മുതല്‍ തുടങ്ങുന്ന ഈ പൂക്കള ഒരുക്കങ്ങളാണ് മനസ്സിലേക്ക് ഓടിയെത്തുന്ന ആദ്യത്തെ ഓണസ്മരണ.ഒരുപക്ഷെ  ഓര്‍മയിലെ ആദ്യത്തെ ഓണക്കാലവും.
പിന്നെ കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ജന്ഷനിലെ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിലുള്ള ആഘോഷങ്ങള്‍, കായികമല്‍സരങ്ങള്‍,കലാമത്സരങ്ങള്‍, സാംസ്കാരിക സമ്മേളനങ്ങള്‍...
സുന്ദരിക്ക് പൊട്ടുതൊടല്‍,സൂചിയില്‍ നൂലുകൊരുപ്പു, തീറ്റി മത്സരം ,കസേരകളി, ഉറിയടി, വടംവലി,ചെസ്സ്‌,ക്യാരംസ് എന്നിങ്ങനെ തുടരും.
പിന്നെ സൌജന്യ നേത്ര ചികല്‍സ ക്യാമ്പുകള്‍, രക്തപരിശോധന. സംഗാടനങ്ങളും ഭാരവാഹിത്വവും ,അതിന്റെ ഭാഗമായുള്ള തിരക്കും. അതൊരു സുഖമുള്ള കാലമായിരുന്നു. പൊട്ടിയ പട്ടം പോലെ മനസ്സ് ഓടിനടക്കുന്ന കാലം.

തിരുവോണത്തിന്റെ അന്ന് ഊണും കഴിഞ്ഞുള്ള യാത്ര. അച്ഛനും അമ്മയ്ക്കും അനിയനും അനുജത്തിക്കും ഒപ്പം പന്മനയിലെ അമ്മുമ്മയുടെ വീട്ടിലേക്കു. അപ്പോള്‍ അവിടെ ഞങ്ങളെ എല്ലാവരും കാത്തിരിക്കുകയാവും.
മാമന്മാരും അവരുടെ കുടുംബവും വലിയമ്മയും കുഞ്ഞമ്മമാരും പിന്നെ അവരുടെ എല്ലാ കുട്ടികളും അവിടെ ഉണ്ടാകും.
ആരുമുറികട ജങ്ഷനില്‍ ബസ്സിറങ്ങി നടന്നു മാമന്റെ വീടിലേക്ക്‌ പോകുമ്പോള്‍ അവിടെ വീശുന്ന കാറ്റിനു പോലും ഓണഗന്ധമാണ്.
റോഡുവക്കിലെ കൊട്ടപുരതുമുതലാളിയുടെ റേഷന്‍ കടക്കു അരികിലുള്ള വീട്ടില്‍ പുഴുങ്ങി ഉണക്കുന്ന നെല്ലിന്റെ മണം നാസ്വരെന്ധ്രങ്ങളെ കീഴടക്കുമ്പോള്‍, ആ വഴി ഒരു ഗ്രിഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ ഉണര്തുന്നതാണ്. റോഡരികിലെ നെല്പാടങ്ങള്‍ മിക്കതും കൊയ്ത്തു കഴിഞ്ഞിട്ടുണ്ടാവും . നെല്ലിന്റെ കുറ്റിയോളം വെള്ളം നിറഞ്ഞുനില്‍ക്കുന്ന പാടത്ത് കൊക്കുകളും കുളകോഴികളും കായല്‍ കാക്കകളും ഇര തേടി ഊളിയിട്ടു പറക്കുന്നതുകാണം.
ചെറിയ വെള്ളത്തില്‍ ചാടിനടക്കുന്ന പൊടിമീനുകള്‍ പോലെയുള്ളവ, തവള കുഞ്ഞുങ്ങള്‍, വയലിലെ വരമ്പിന്‍ ചാലില്‍ മുട്ടയിട്ടിരിക്കുന്ന നത്തക്ക.
അതിനെ പുഴുങ്ങി കട്ടിയുള്ള തോട് പൊട്ടിച്ചു അതിനുള്ളിലെ മാംസം എടുത്തു തേങ്ങാപീരയും ചേര്‍ത്ത് തോരന്‍ വെയ്ക്കും.
എന്ത് രുചിയാണന്നോ ? കക്കയിറച്ചി മാറി നില്‍ക്കും.
ചാഞ്ഞ വെയിലത്ത്‌ അതികം തിരക്കുകള്‍ ഇല്ലാത്ത ആ റോഡിലൂടെ നടന്നു പോകുമ്പോള്‍, വയലിനക്കരയില്‍ നിന്നും കലാസംഗടനകളുടെ പാട്ടുകേള്‍ക്കാം.

അമ്മുമ്മയുടെ വീട്ടില്‍ എത്തുമ്പോള്‍ അവിടെ എല്ലാ കുടുംബാങ്ങങ്ങളും ഉണ്ടാകും. എല്ലാവരും പുതിയ വേഷങ്ങളില്‍ ആയിരിക്കും. അമ്മ കയ്യില്‍ കരുതുന്ന ഓണപുടവ അമ്മുമ്മക്ക്‌ നല്‍കും. അച്ഛന്‍ ഏല്‍പിച്ച വെറ്റിലയും പുകയിലകെട്ടും വലിയച്ചന്മാര്‍ക്ക് ദക്ഷിണയായി കൊടുക്കും . അച്ഛന്‍ എന്തെങ്കിലും ചെറിയ മിട്ടായികള്‍ കരുതിയിട്ടുണ്ടാവും അത് ഞങ്ങള്‍ കുട്ടികള്‍ വീതിച്ചെടുക്കും.
അപ്പോഴേക്കും കാപ്പിക്കാലമായിട്ടുണ്ടാവും.
അമ്മുമ്മ തന്നെ കറക്കുന്ന പശുവിന്റെ വെള്ളം ചേര്‍ക്കാത്ത പാലുകൊണ്ടുള്ള ചായ.
ഞങ്ങളുടെ വീട്ടില്‍ കിട്ടുന്ന വെള്ളം നിറഞ്ഞ പാലിനേക്കാള്‍ എത്ര  മധുരമായിരുന്നു.
കുഞ്ഞമ്മയും മാമിമാരും ചേര്‍ന്നു ഉണ്ടാക്കുന്ന പലഹാരങ്ങള്‍, ഉരുണ്ടു കട്ടികൂടിയ കളിയോടക്ക, അച്ചപ്പം, വയലില്‍ നിന്നും വിളവ് എടുത്ത വാഴപഴം കൊണ്ടുള്ള വറ്റല്‍,പിന്നെ ചീനിവട്ടല്‍, അരിമുറുക്ക് , എള്ളുണ്ട, കടയില്‍ നിന്നും വാങ്ങുന്നതുകൊണ്ട് ഉണ്ടാക്കുന്ന വ്യ്തിസ്തങ്ങളായ പൊരികള്‍ .
അതെല്ലാം എടുത്തു തെക്കേ പറമ്പിലെ പഞ്ചാരമാവിന്റെ ചാഞ്ഞു നില്‍ക്കുന്ന വടക്കേ കൊമ്പില്‍ മാമന്‍ തന്നെ കെട്ടിയിട്ടിരിക്കുന്ന ഉലക്ക ഊഞ്ഞാലില്‍ ചുവട്ടില്‍ കൊണ്ട് ചെല്ലും. ഞങ്ങള്‍ പതിനാലു കൊച്ചുമക്കളും അവിടെ കൂടും. "മോട്ടയിടീലും" " തന്ടുപെരിപ്പിക്കളും" കളിയും ചിരിയും പരിഭവങ്ങളുമായി വൈകുംന്ന്നെരങ്ങള്‍ ...രാത്രികള്‍...പിന്നെ ...പകലുകള്‍...

സന്ധ്യ ആകുക്പോള്‍, അടുത്തുള്ള ചെറുപ്പകാര്‍ കരടികളിയും പാട്ടുകളുമായി വരും.
കൊച്ചിതോട്ടത് കുംമിയടിക്കാന്‍ പോയപോള്‍ കൊച്ചിക്കാരിക്ക് കുഞ്ഞമ്മ കുപ്പിവള കൊടുത്ത കഥയും മഞ്ഞക്കിളിയെ പിടിക്കാന്‍ മഞ്ഞകാട്ടില്‍  പോകുന്ന കഥയും പാട്ടായി അവര്‍ അവതരിപ്പിക്കും.
അവസാനം പട്ടാനിമാരുടെ പാവം മക്കളായ അവര്‍ മനോഹരനായ വടക്കന്‍ കരടിയെ വെടിവെച്ചു വീഴ്തുന്നതോടെ ആ വീട്ടിലെ കരടികളിയും അവസനിപിച്ചു അടുത്തവീട്ടിലേക്ക്.
അവരുടെ തായിന്ന തായിന്ന താളം കേട്ട് ഞങ്ങളും കൈയ്യടിക്കുമായിരുന്നു
അങ്ങനെ രാത്രിയോളം നീളുന്ന പരിപാടികള്‍.
 അവിട്ടം നാളും പിന്നെ ചതയദിനവും   കഴിഞ്ഞു ഓരോര്തരും അവരവരുടെ വീട്ടിലേക്കു തിരികെ പോകുന്നത് വളരെ വേധനജനകമാണ്.
ഓണത്തിന് പുതിയ വേഷങ്ങള്‍ കിട്ടുന്നതിനെകാട്ടിലും എല്ലാവരും ഒരുമിച്ചു ഒത്തു കൂടുന്നതായിരുന്നു  ഏറ്റവും വലിയ സന്തോഷം.

 ഈ പ്രവിശ്യവും എല്ലാവരും പുതുവേശങ്ങള്‍ അണിഞ്ഞു അമ്മുമ്മയുടെ വീട്ടില്‍  ഒത്തുകൂടിയിട്ടുണ്ടാവും.ദര്‍ശന കലാവേധിയുടെ നാടകം കാണാന്‍ എല്ലാവരും പോയിട്ടുണ്ടാവും. പല തരത്തിലുള്ള പലഹാരങ്ങള്‍  ഉണ്ടാക്കിയിട്ടുണ്ടാവും.
കളിയുടക്കയുടെ കഠിനതയും എള്ളുണ്ടയുടെ മണവും അടപ്രഥമന്റെ രുചിയും എന്റെ മുന്നില്‍ ജീവസ്സോടെ നില്‍ക്കുന്നു.
ഊഞ്ഞാല് കെട്ടിയിരുന്ന പഞ്ചാരമാവ് അമ്മുംമയോടപ്പം ഓര്മ ആയിരിക്കുന്നു.
ഓര്‍മ്മകള്‍ സുഗന്ധം മാത്രമല്ല, വേദനകളും കൂടിയാണ്.

ഇന്ന് ഇവിടെ പതിവ്പോലെ ഉള്ള ഒരു വെള്ളിയാഴ്ച...അതിനപ്പുറം എന്ത് പ്രസക്തി.
മറ്റാരും വിളിച്ചു ഉണര്താനില്ലാത്ത ഈ നാല് ചുമരുകള്‍ക്കുള്ളില്‍,
എനിക്ക് വേണ്ടി മാത്രം ഉണര്‍ന്നിരിക്കുന്ന ഈ ഉഷാ ഫാന് കീഴെ ഉച്ചവരെ നല്ല ഉറക്കമായിരുന്നു.
കഴിഞ്ഞ മൂന്നാഴ്ചയോളം നീണ്ടു നിന്ന വാര്‍ഷിക ആടിട്ടിംഗ്. അതിനെ തുടര്‍ന്ന് നടത്തിയ ഡിന്നര്‍.
റൂമില്‍ വന്നു കിടന്നപോഴേക്കും ഉറങ്ങിപോയി.
എപ്പോള്‍ ഉറങ്ങി എന്ന് പോലും ഓര്‍മയില്ല.
അത്രയ്ക്ക് ക്ഷീണമായിരുന്നു.

ഒരു ഫോണ്‍ കാള്‍ ആണ് വിളിച്ചു ഉണര്‍ത്തിയത്.
കടലിനക്കരെ നാട്ടില്‍ നിന്നും ഉള്ള വിളി.
"ഇന്ന് തിരുവോണമാണ്, ഇവിടെ എല്ലാവരും ഊണ് കഴിഞ്ഞു"
"ഇത്ര നേരത്തയോ ?"
ഇവിടെ ഇപ്പോള്‍ 12 .30 ആകുവാന്‍ പോകുന്നതെ ഉള്ളു.അരമണിക്കൂറിന്റെ  വ്യതിസാം  ഉണ്ടല്ലോ അവിടെയും ഇവിടെയും തമ്മില്‍.
"അതെ 12 മണിക്ക് കഴിഞ്ഞു, ഇനി വീട്ടിലേക്കു പോകാന്‍ തയ്യാറെടുക്കുകയാണ്. "
"ശരി"
"എന്തെങ്കിലും കഴിച്ചോ "
"ഇല്ല..കഴിക്കണം"
"മ് മ് . ശരി. ഹാപി ഓണം"
"മ് മ് , ഹാപി ഓണം"
ഉറക്കം പോയ നിരാശയോടെ പതുക്കെ എണീറ്റ്‌.

എന്നും ഉറങ്ങാന്‍ വലിയ പാടാണ്.
തിരിഞ്ഞും മറിഞ്ഞും കിടക്കും.
ചിലപ്പോള്‍...
സിനിമ കാണും...
വായിക്കാനായി... ഒന്നുമില്ല....
പിന്നെ ചിലപ്പോള്‍ പാട്ടുകേള്‍ക്കും...
ചിലപ്പോള്‍ 100 , 99 ,98 ,97 , ....... എന്നിങ്ങനെ എന്നും
ഉറക്കം വരില്ലാന്ന വാശിയിലാണ് മിക്ക രാത്രികളും...
അങ്ങനെ ചിന്തിച്ചു സ്വപ്നം കണ്ടു...
തലയണയും  കെട്ടിപിടിച്ചു കിടക്കുമ്പോള്‍ ...
എപോഴോ ഉറക്കം വരും....
അത് എന്തായാലും ഒരു 12 മണി കഴിയണം....
രാവിലെയും ഇതിലേറെ ബുദ്ധിമുട്ടാണ്...
ഉറക്കം ഉണരാന്‍..
ഉണര്‍ന്നു കഴിഞ്ഞാല്‍...
അതിലേറെ വിഷമമാണ് ഒന്ന് എനീക്കുവാന്‍....

രാവിലെ എണീറ്റ്‌ തുളസിയില ഇട്ടു കാച്ചിയ വെളിച്ചെണ്ണ തേച്ചുള്ള കുളി.
വിത്ത് തെങ്ങിനായി മാറ്റി നിര്‍ത്തിയിരിക്കുന്ന പറമ്പിലെ തെങ്ങില്‍ നിന്നും കിട്ടുന്ന വലിയ തേങ്ങ ആട്ടിയ വെളിച്ചെണ്ണ ഓണത്തിന് മുന്നേ അമ്മുമ്മ ഞങ്ങളുടെ വീട്ടില്‍ എത്തിക്കും.
അത് ഉപയോഗിച്ചാണ്‌ അമ്മ പിന്നെ കുറെ കാലത്തേക്ക് പാചകം ചെയ്യുന്നത്.
അതില്‍ കുറച്ചു എടുത്തു തുളസിയില ഇട്ടു കാച്ചി വെക്കും.
തിരുവോണത്തിന്റെ അന്ന് രാവിലെ എണീറ്റ്‌ ശരീരം മുഴുവന്‍ ഈ കാച്ചിയ എണ്ണ തേച്ചു കുളിക്കും.
പിന്നെ കൃഷ്ണന്‍ നടയിലേക്കു പോകും.
അന്ന് അവിടെ പ്രതീകം പൂജകള്‍ ഉണ്ട്.
പാല്‍പായസ വഴിപാടും ഉണ്ടാകും.

കണ്ണില്‍ തങ്ങിയ കണ്ണീര്‍ കവിള്‍തടത്തിലേക്കു ഇറങ്ങിയില്ല.
ഷവറില്‍ നിന്നും വീണ ക്ലോറിന്റെ വിട്ടുമാറാത്ത മണമുള്ള വെള്ളത്തില്‍ അത് മുങ്ങിപോയി.
കുളിച്ചെന്നു വരുത്തി, പുതു വസ്ത്രങ്ങളില്‍ അല്ലാതെ പതുക്കെ പുറത്തേക്കു ഇറങ്ങി.
റോഡരികിലെ പള്ളിയില്‍ നിന്നും പതിവ് ജുമാ നമസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു.
അവിടെ കൂടി നില്‍ക്കുന്നവരുടെ പിന്നിലൂടെ ഹോടലിലേക്ക് നടന്നു .
തമിഴ് ഹോട്ടല്‍ ആണ്.
എല്ലാ വെള്ളിയഴ്ച്ചതെയും പോലെ ഇന്നും ബിരിയാണിയും ചിക്കന്‍ ഫ്രൈ യും.
നാലുതടങ്ങള്‍ ഉള്ള പാത്രത്തില്‍ പപ്പടവും സാലഡും വെച്ചിട്ടുണ്ട്.
ആധ്യമയിട്ടാണ് ഒരു തിരുവോണ ദിവസം ബിരിയാണിയും മാംസവും.

മധ്യാന്ന സൂര്യന്റെ സംഹാര രൂപം എരിഞ്ഞു തീരുന്നു....
ശരീരം മുഴുവന്‍ വിയര്‍ക്കുക ആയിരുന്നു....
കോണ്ക്രീറ്റ് കട്ടകള്‍ പാകിയ വഴിയിലൂടെ വെറുതെ നടന്നു...
വെറുതെ....

നീഹാരം

"അമ്മയുമായി വീടിന്റെ പുറകിലെ പറമ്പിൽ നിൽക്കുക ആയിരുന്നു. തൊട്ടാവാടിയും വേലിപ്പരുത്തിയും വളർന്നു കിടക്കുന്ന പച്ചപ്പ് അവിടെവിടെയായി ക...