ഉറക്കമുണരുമ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു.
പുറത്തെ മഴയുടെ കലപില നാലുഭിത്തികൾ തുളച്ചു കാതുകളിൽ ചിലമ്പിച്ചു.
തോർന്നു തുടങ്ങുന്ന മഴയുടെ ആഴം പുറം കാഴ്ചകളിലെ വെള്ളകെട്ടുകളിൽ നിറഞ്ഞു നിന്നു.
ഓരം ചേർന്ന് ഓഫീസിലേക്ക് നടന്നു.
മഴ പെയ്തുകഴിഞ്ഞാൽ മാലി മാഗുകളിൽക്കൂടി നടക്കുക ബുദ്ധിമുട്ടേറിയതാണ്.
നടപ്പാതയുടെ മുകളിലേക്ക് ഇറക്കി കെട്ടിയിരിക്കുന്ന ചുമരിൽ നിന്നും വെള്ളം ഒലിച്ചിറങ്ങുന്നുണ്ടാവും, മഴ പെയ്തു തോർന്നാലും തോരാതെ.
ഒരു ചെറിയ മഴയ്ക്ക് പോലും മാലി മാഗുകളെ വെള്ളം നിറക്കാൻ പറ്റുന്നതരത്തിലുള്ള ദുഷ്‌കരമാണോ സെവെജ് പരിപാലനം എന്നും തോന്നിപോയി.
ചിന്താമുറിക്കുള്ളിലെ നിശ്ശബ്ദതയിലേക്ക് അരിച്ചിറങ്ങുന്ന ഇരുട്ടിൽ തനിച്ചിരിക്കുമ്പോഴാണ് രാധയെ കുറിച്ച് ഓർത്തത്.
പണ്ട് കാളിന്ദിതടത്തിലോ യമുനയിലോ വൃന്ദാവനത്തിലോ മധുരഗാനം ആലപിച്ചു കണ്ണനെ ഓർത്തു വിലപിച്ചു നടന്ന രാധയല്ലിത്.
രാധാ സലാം.
ഇരുനിറമുള്ള, കൗമാരം വിട്ട പെൺകുട്ടി. മാലിദ്വീപിലെ ദേശിയ ചാനലിലെ വാർഷിക ഗാന മത്സര പരിപാടികളിൽ സ്ഥിരമായി പങ്കെടുക്കുന്ന പെൺകുട്ടിയാണ് രാധ.
അറിയപ്പെടുന്ന പാട്ടുകാരി.
ഇപ്പോൾ അവൾ വളർന്ന്, സ്വന്തമായി സംഗീത ആൽബങ്ങളും മറ്റും ചെയ്യാവുന്ന രീതിയിലേക്ക് മുതിർന്നിരിക്കുന്നു.
രാധയോടു തോന്നിയ ഇഷ്ടം, അവളുടെ പാട്ടുകളോടുള്ള ഇഷ്ടം ആയിരുന്നില്ല.
പ്രായത്തിനുതകാത്ത അമിതവളർച്ചയെത്തിയ ശരീരത്തോട് തോന്നിയ ആകർഷണം, അങ്ങനെ പറയുന്നതാവും സത്യം.
രാധയുടെ പാട്ടുകൾ ശരാശരി മാത്രം ആയിരുന്നുവെന്നാണ്, സംഗീതബോധത്തെ തീരെ ബോധ്യമില്ലാത്ത എന്നിലെ ആസ്വാദകന്റെ അഭിപ്രായം. അവൾ പാടുക ആയിരുന്നില്ല, മറിച്ചു മുഖം കൊണ്ടുള്ള അഭിനയം ആയിരുന്നു. കാഴ്ചക്കാർക്ക് അരോചകമുണ്ടാവുന്ന തരത്തിലുള്ള ആ അമിതാഭിനയ ഭ്രമം, അവളുടെ പാട്ടുകളെ തന്നെ വധിക്കുന്ന തരത്തിലേക്ക് എത്തുമോ എന്നും ഭയന്നു.
പക്ഷേങ്കിലും, അവളുടെ ചിരിയും നോട്ടവും പ്രേക്ഷകരിൽ പ്രീതി ജനിപ്പിക്കുന്നതും ആരാധകരെ സൃഷ്ടിക്കാവുന്നതും ആയിരുന്നു.
അതായിരുന്നു, രാധയിൽ എനിക്ക് തോന്നിയ ആകർഷണവും.
ഓഫീസിലെ ഒഴിവേളകളിൽ പലരുടെയും സംഗീത ശേഖരങ്ങളിൽ മുഴങ്ങിയത് രാധ ആലപിച്ച വീഡിയോ ഗാനങ്ങൾ ആയിരുന്നു.
ആ പാട്ടുകൊളൊക്കെ ഒരു ഇടവേളക്ക് ശേഷം അവൾ അവതരിപ്പിച്ച പാട്ടുകൾ ആയിരുന്നു.
ഓഫീസിലെ എല്ലാവര്ക്കും അറിയുന്ന കാര്യമാണ്, ഞാനവളുടെ ആരാധകൻ ആണെന്നുള്ളത്. അവളുടെ ബാഹ്യ സൗന്ദര്യവും അംഗലാവണ്യ സൗകുമാര്യവും ആണതിനുപിന്നിലെ കാരണമെന്നും എന്നിൽ നിന്നും തന്നെ അറിഞ്ഞു, സുഹൃത്തുക്കൾക്കും നിശ്ചയമുണ്ട്.
കൗമാരം വിട്ടൊഴിയുന്നതിനു മുൻപ് തന്നെ അവൾക്കൊരു 'ബിട്ടു' ഉണ്ടായിരുന്നു, ആൺ സുഹൃത്ത്. കാമുകൻ എന്ന് മലയാളം.
സന്ദർഭവശാൽ, അവനും ഒരു പാട്ടുകാരൻ ആയിരുന്നു.
ഒരു പെൺകുട്ടി അവളുടെ കാമുകനെയോ പുരുഷനെയോ കണ്ടെത്തുന്നതും ഒരുമിച്ചു ജീവിതം തുടങ്ങുന്നതും ഒന്നും നമ്മുടെ നാട്ടു ആചാരങ്ങളുടെ തുലാസിൽ തുല്യം നിൽക്കുന്ന തരത്തിലൊന്നുമല്ലാ. അങ്ങനെ ഒന്നും പ്രതീക്ഷിക്കുയയും അരുത്.
സ്‌കൂൾ കാലഘട്ടത്തിലോ അത് കഴിയുമ്പോൾ തന്നെയോ ഓരോരുത്തരും അവരവരുടെ സുഹൃത്തുക്കളെ കണ്ടെത്തിക്കഴിഞ്ഞിരിക്കും. ആദ്യം ഉള്ള ആളിനെ തന്നെ ആവണമെന്നില്ല, കല്യാണം കഴിക്കുന്നതും, അവസാനം വരെ കൂടെ ജീവിക്കുന്നതും. ആൺകുട്ടിക്ക് അവന്റെ ഭാര്യയെയും പെൺകുട്ടിക്ക് അവന്റെ പുരുഷനെയും കണ്ടെത്തുവാൻ കുടുംബവും സമൂഹവും പൂർണ സ്വാതന്ത്ര്യവും സഹായവും ചെയ്യുന്നുണ്ട്.
എന്നാൽ, പിന്നീട് രാധയുടെ ആ കുടിലതയാണ് കേൾവിക്കാരനെ ആശ്ചര്യപെടുത്തിയത്.
തരളസുന്ദരമായി ഒഴുകിയ ആ പ്രേമഗാനാലാപത്തിലേക്ക് അവൾ ഒരു രഹസ്യ കാമുകനെയും ചേർത്തുവെച്ചു.
ജീവിത മേളക്കൊഴുപ്പിന്റെ താളം തെറ്റുവാൻ മറ്റൊന്നും വേണ്ടിയിരുന്നില്ല.
രാധ രഹസ്യ കാമുകനിൽ നിന്നും ഗർഭംധരിച്ചു എന്ന വാർത്ത വിശ്വസിക്കാൻ കാതുകൾക്ക് കഴിഞ്ഞില്ല.
അത്രമാത്രം അവളെ ഇഷ്ടപ്പെട്ടിരുന്നു.
അവൾ അയാളെ വഞ്ചിക്കുക ആയിരുന്നു എന്നുള്ളത് ഏതൊരു ചെറുപ്പകാരനെയും പോലെ അയാളെയും രോഷാകുലനാക്കി.
അവൻ അവളിൽ നിന്നും ഓടി ഒളിച്ചു.
നിന്നെ അവൻ ചതിച്ചാൽ, അവനെ ദൈവം ശിക്ഷിക്കും എന്നുള്ളത് മനുഷ്യകുലം ഉണ്ടായതു മുതലുള്ള സങ്കല്പം ആണെന്ന് തോന്നുന്നു.
രഹസ്യ കാമുകനും അവളെ ഉപേക്ഷിച്ചപ്പോൾ ഗർഭം അലസിപ്പിക്കുകയല്ലാതെ അവളുടെ മുന്നിൽ മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നില്ല.
ഒരു ഇടവേളയ്ക്കു ശേഷം പൊതുസദസ്സുകളിൽ പ്രേത്യക്ഷപെട്ട രാധക്ക് ശാരീരികമായ കുറെയേറെ മാറ്റങ്ങൾ ഉണ്ടായിരുന്നു.
അതൊക്കെ ഗർഭാവസ്ഥയിൽ സ്ത്രീകൾക്ക് ഉണ്ടാകുന്ന ഹോർമോൺ വ്യെതിയാനങ്ങൾ ആണെന്ന് മനസ്സിലാക്കാൻ മറ്റാരുടെയും സഹായം വേണ്ടിയിരുന്നില്ല.
പുതുവർഷത്തിലെ വാർഷിക ഗാനമത്സര പരിപാടിക്കാണ് രാധ ദേശിയ ടെലിവിഷനിൽ വീണ്ടും സന്ദർശക ആയിപോയത്.
അവിടെ വെച്ചാണ്,മത്സരാർത്ഥിയും എയർപോർട് ഉദ്യോഗസ്ഥനുമായ അലിയെ പരിചയപ്പെടുന്നത്.
മുടി നീട്ടിവളർത്തിയ, രാധയെക്കാളും പ്രായം തോന്നിക്കുന്ന, കാഴ്ച്ചയിൽ അഴക് കുറഞ്ഞ ഒരു ചെറുപ്പക്കാരൻ.
രാധ അവനുമായി പ്രണയത്തിലാണെന്നുള്ള വാർത്ത, ഒരു അശ്ലീലമായാണ് കേട്ടത്.
അവളോടുള്ള ആകർഷണവും ഇഷ്ടവും ഒക്കെ അതോടെ തീർന്നു.
എന്നാലും എന്റെ രാധയെ, എന്റെ മൊഞ്ചേ,നിനക്ക് എങ്ങനെ തോന്നി,
ആ വഷളനെ, വിവാഹിതനും അതിലൊരു കുട്ടിയുമുള്ള ഒരു മുടിയനെ പ്രേമിക്കാൻ?
No comments:
Post a Comment